Slider

ഒരു താഡ് വായ് പ്രണയഗാഥ.

0

ഒരു താഡ് വായ് പ്രണയഗാഥ.
താഡ് വായ് മഞ്ഞില്‍ മുങ്ങികിടന്ന ഒരു ഡിസംബര്‍ പുലരിയിലാണ് ഞാനാദ്യമായി അവനെ കാണുന്നത്, ഇറിഗേഷന്‍ പ്രോജക്ടിന്‍റെ ഭാഗമായാണ് താഡ് വായിൽ എത്തിയത്. വന്നിട്ട് രണ്ടാം ദിവസമേ ആയുള്ളൂ, ഇത്രയും തണുപ്പ് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല, തണുപ്പ് വകവെയ്ക്കാതെ ഓടാന്‍ ഇറങ്ങിയത് വിഡ്ഢിത്തമായി തോന്നി.
കൈ കാലുകള്‍ മരവിച്ചിരുന്നു, ചെവിയിലേക്ക് തണുത്ത കാറ്റ് ഇരച്ചു കയറുന്നു, മൂക്കില്‍ നിശ്വാസവായു കട്ടി കൂടി നിന്നു, മഞ്ഞിന്‍റെ നനവില്‍ ആകെ നനഞ്ഞിരുന്നു. മരവിച്ച ശരീരവുമായി മുന്നില്‍, റോഡരുകില്‍ കണ്ട പെട്ടികടയിലേക്ക് ഞാന്‍ കയറി. റോഡരുകില്‍ ചേര്‍ത്ത് വച്ച നാലു ചക്രങ്ങള്‍ ഉള്ള ഒരു പെട്ടികട, മൂന്നു വശങ്ങളിലേക്ക് ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ചു കെട്ടിയൊരു ചെറിയ കട. കടയ്ക്കുള്ളില്‍ ഒഴിഞ്ഞ ബഞ്ചും കസേരകളും നനവ്‌ വീണ് കിടന്നിരുന്നു. ആവി പറക്കുന്ന ചായ പാത്രങ്ങള്‍ക്ക് പിന്നില്‍ ചെവിയും തലയും മറച്ച് തൊപ്പി വച്ച് അവന്‍ നില്‍ക്കുകയായിരുന്നു. കാഴ്ചയില്‍ ഒരു ഇരുപത് ഇരുപത്തിനാലിനിടയില്‍ പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍.
“ഒരു ചായ, പൈസ ഇപ്പോള്‍ ഇല്ല, പേഴ്സ് റൂമിലാണ്, പിന്നീട് തരാം“ അറിയാവുന്ന തെലുങ്കില്‍ പറഞ്ഞു.
അവന്‍ ഒന്നു ചിരിച്ചു, സാരമില്ലെന്നു തലയാട്ടി. തീരെ മെലിഞ്ഞൊരു സ്റ്റീല്‍ ഗ്ലാസില്‍ നിറയെ ചായ പകര്‍ന്നു തന്നു.
ചൂട് ചായ രണ്ട് കൈ കൊണ്ടും ചേര്‍ത്ത് പിടിച്ച് ഊതി കുടിച്ചു, പുറത്ത് റോഡിനപ്പുറത്തെ കരിമ്പിന്‍ തോട്ടങ്ങളിലേക്ക് നോക്കി ഞാനിരുന്നു.
കടയില്‍ ഞാനും അവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
“എന്താ പേര് ?” ഞാന്‍ ചോദിച്ചു
“ശ്രീശൈലം” അവന്‍ പറഞ്ഞു.
എങ്ങു നിന്നോ സാധനങ്ങള്‍ കയറ്റി പോകുന്ന ഒരു ട്രാക്ടര്‍ വന്നു കടയ്ക്കു മുന്നില്‍ നിന്നു. അടിമുടി കമ്പിളി പുതപ്പില്‍ മൂടി പൊതിഞ്ഞു കുറെ രൂപങ്ങള്‍ കടയ്ക്കുള്ളിലേക്ക് കയറി വന്നു. ഒഴിഞ്ഞ് കിടന്ന കസേരകളിലും ബഞ്ചിലും അവര്‍ ഇരിപ്പുറപ്പിച്ചു.
ശ്രീശൈലം ചായ എടുക്കുന്ന തിരക്കിലാണ്.
ഒഴിഞ്ഞ സ്റ്റീല്‍ ഗ്ലാസ് തട്ടിന്മേല്‍ വച്ചു ഞാന്‍ പുറത്തേക്ക് ഇറങ്ങി.
പുറത്ത് മഞ്ഞിന്‍റെ കട്ടി കുറഞ്ഞിട്ടില്ല. വശങ്ങളില്‍ പൂത്തു നില്‍ക്കുന്ന കരിമ്പില്‍ പാടങ്ങള്‍ക്കു മുകളിലൂടെ തണുത്ത കാറ്റ് വീശുന്നു. നീളുന്ന പാടങ്ങല്‍ക്കപ്പുറം ആകാശം ചുവപ്പിന്‍റെ നേര്‍ത്ത വരകള്‍ തെളിഞ്ഞു വരുന്നു. ഇരു കൈകളും കൊണ്ട് സ്വയം പുണര്‍ന്നു ഞാന്‍ നടന്നു. മഞ്ഞ് വീണു നനഞ്ഞ റോഡ്‌ നീളത്തില്‍ കിടന്നു. റോഡിനിരുവശവും കരിമ്പിന്‍ പാടങ്ങള്‍ പൂത്തു നിന്നു. റോഡരുകില്‍ ഇടവിട്ട് വളര്‍ന്നു നില്‍ക്കുന്ന മാവുകള്‍. റൂമിനരുകിലേക്ക് നടന്നെത്തിയപ്പോള്‍ ദൂരെ ചക്രവാളത്തില്‍ സൂര്യന്‍ ചുവന്ന മുഖ൦ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു.
പിന്നീടുള്ള മോണിംഗ് സവാരികളില്‍ ശൈലത്തിന്‍റെ കടയില്‍ നിന്നൊരു ഗ്ലാസ് ചായ, അതൊരു പതിവായി. നഗരത്തിന്‍റെ തിരക്കില്‍ നിന്ന്‍, വീര്‍പ്പുമുട്ടലില്‍ നിന്ന്‍ ഗ്രാമത്തിന്‍റെ ശാന്തതയിലേക്ക് ഇറങ്ങി വന്നതിന്‍റെ ആഘോഷമായിരുന്നു പിന്നീടുള്ള ഓരോ പുലരിയും. തുഷാര ബിന്ദുക്കള്‍ വീണുടഞ്ഞ വഴികളില്‍ ഞാനൊരു സ്ഥിര സഞ്ചാരിയായി.
ഡ്രൈവര്‍ ഒരു മാസം ലീവ് ചോദിച്ച് പോയപ്പോഴാണ് ശൈലത്തോട് ചോദിച്ചത്; ’ഡ്രൈവിംഗ് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ പറയണേ’ എന്ന്‍.
പക്ഷേ പിറ്റേന്നു പുലരിയില്‍ കുളിച്ചു റെഡിയായി വന്നത് ശൈലം തന്നെയാണ്.
“സാര്‍ ഞാന്‍ ഡ്രൈവറാണ്, കടനോക്കുന്നത് അമ്മയാണ്. ഓട്ടം ഇല്ലാത്തത് കൊണ്ട് മാത്രം കടയില്‍ നിന്നതാണ്”. കൂടുതല്‍ സന്തോഷം തോന്നി, കൂടുതല്‍ ഫ്ലെക്സിബിളായ ഒരാളെ കിട്ടിയതില്‍.
താഡ്-വായുടെ കുന്നും മലയും തടാകവും പാടങ്ങളിലും നാട്ടുവഴികളിലും അവന്‍ വഴികാട്ടിയായി മുന്നേ നടന്നു. ചോളം, പരുത്തി, കരിമ്പ്, പയര്‍, മുളക്, സൂര്യകാന്തി അങ്ങനെ നീളുന്ന വിഭവങ്ങളുടെ വിളനിലം. ദേമിക്കലാമിലെ മലമുകളിലെ മുപ്പതടി നീളമുള്ള ആഞ്ജനേയ പ്രതിമ. പിന്നിലെ നീല തടാകം, അതിനപ്പുറത്തെ കാട്. സായാഹ്നങ്ങളില്‍ മലകയറി ഹനുമാന്‍ കുന്നിന്‍റെ നെറുകയില്‍ എത്തി താഴേക്ക് നോക്കി നിന്നാല്‍ നീല തടാകത്തില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടു മൃഗങ്ങളെ കാണാം. കൂട്ടമായെത്തുന്ന മാനുകള്‍, മയിലുകള്‍, ആനകള്‍, കാട്ടു പോത്തുകള്‍ അങ്ങനെ നീളുന്ന കാട്ടു മൃഗങ്ങള്‍. വിടവാങ്ങുന്ന സൂര്യനെ നോക്കി ദേമികലാമിലെ മലമുകളില്‍ നിന്നപ്പോള്‍ തോന്നി പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു കൊച്ചു സുന്ദരിയാണ് താഡ്- വായ് എന്നു , എത്ര സുന്ദരം ഈ ഭൂമിക.
അന്നൊരു ഞായറാഴ്ച ആയിരുന്നു, അലസമായൊരു പകലറുതിയില്‍ ശൈലത്തെ കൂട്ടി ഹനുമാന്‍ കുന്നിന്‍റെ പിന്നിലെ തടാകത്തില്‍ മീന്‍ പിടിക്കുവാന്‍ പോയത്. ഗോതമ്പ് കുഴച്ചെടുത്ത തീറ്റി ചൂണ്ടയില്‍ കോര്‍ത്ത് ആഴങ്ങളിലേക്ക് എറിഞ്ഞു, പൊങ്ങിന്‍റെ ഇളക്കം നോക്കിയിരുന്നപ്പോള്‍ പിന്നില്‍ മരങ്ങള്‍ക്ക് പിന്നിലൊരു കാല്‍പ്പെരുമാറ്റം കേട്ടത്. കാട്ടു മൃഗങ്ങള്‍ കാണാറുള്ള സ്ഥലമായതിനാല്‍ ഞാന്‍ സംശയത്തോടെ ശൈലത്തെ നോക്കി. കൈയ്യിലിരുന്ന ചൂണ്ട കമ്പ് തീരത്തെ മണലില്‍ കുത്തി നിര്‍ത്തി അവന്‍ കാല്‍പ്പെരുമാറ്റം കേട്ടിടത്തേക്ക് നടന്നു പോയി. തിരികെ വന്നത് കൈയ്യില്‍ രണ്ട് പൊതിയുമായാണ്. തടാകത്തിലേക്ക് ചരിഞ്ഞു കിടക്കുന്ന മണല്‍ തിട്ടയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കല്ലിലിരുന്നു അവന്‍ എന്നെ വിളിച്ചു.
ചൂണ്ട നിലത്ത് വച്ച് ഞാന്‍ പാറമേല്‍ വന്നിരുന്നു. ഒരിലയില്‍ ദോശയും മറ്റൊന്നില്‍ കപ്പലണ്ടി ചേര്‍ത്തരച്ച ചമ്മന്തിയും. അവന്‍ പോയ മരങ്ങള്‍ക്കിടയിലേക്ക് ഞാന്‍ നോക്കി, അവടെ ഒരു ദാവണിക്കാരി. മുന്നിലേക്ക് മാറി നില്‍ക്കാന്‍ പറയാന്‍ ഞാനവനോട് പറഞ്ഞു.
“അനിതാ” അവന്‍ വിളിച്ചൂ
മരങ്ങളുടെ മറവില്‍ നിന്നവള്‍ മുന്നിലേക്ക് വന്നു.
നാണം ചുവപ്പിച്ച അവളുടെ മുഖ൦ പറഞ്ഞു അവര്‍ തമ്മിലെ ബന്ധമെന്തെന്ന്‍.
തെലുങ്കില്‍ എന്തോ പറഞ്ഞ് മരക്കാടുകളിലേക്ക് അവള്‍ ഓടി പോയി.
ഞാന്‍ ശൈലത്തെ നോക്കി, അവന്‍ നിര്‍വ്വികാരനായി ദോശ രണ്ടായി വിളമ്പുകയായിരുന്നു.
“എത്ര നാളായി “ ഞാന്‍ ചോദിച്ചു
“എനിക്ക് പേടിയാണ് സാര്‍, എന്ത് ചെയ്യണമെന്നറിയില്ല” അവന്‍ പറഞ്ഞു.
ചൂടു മാറിയിട്ടില്ലാത്ത ദോശ കപ്പലണ്ടി ചേര്‍ത്തരച്ച ചമ്മന്തിയില്‍ മുക്കി രുചിച്ചു നോക്കി, നല്ല സ്വാദ്.
“എന്താ കാര്യം “ ഞാന്‍ ചോദിച്ചു.
“ജാതി, പണം, അവര്‍ ഉയര്‍ന്ന ജാതിയാണ് സാര്‍. അവരുടെ വീട്ടിലെ വണ്ടിയാണ് ഞാന്‍ ഓടിച്ചിരുന്നത്. അവളെ കാണാതിരിക്കാന്‍ ഇപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോകാറില്ല, ആ ജോലി വേണ്ടാന്നു വച്ചു. മാലിക്ക് അറിഞ്ഞാല്‍ എന്നെ കൊന്നു കളയും. എന്‍റെ അമ്മയ്ക്ക് ഞാന്‍ മാത്രമേ ഉള്ളൂ സാര്‍” അവന്‍ പറഞ്ഞു.
“നിനക്കവളെ ഇഷ്ടമാണോ ?” ഞാന്‍ ചോദിച്ചു.
അവന്‍ മറുപടിയൊന്നും പറഞ്ഞില്ല, മുന്‍പ് അവളില്‍ കണ്ട നാണത്തിന്‍റെ അതേ ചുവപ്പ് അവനിലും തെളിഞ്ഞു വന്നു.
ദിനങ്ങള്‍ ദളങ്ങലായ് കൊഴിഞ്ഞു വീണു, മഞ്ഞു കാലം വിടപറയും മുന്‍പ് അവര്‍ പ്രണയത്തിലായിരുന്നു.
“സാര്‍ ആണെന്‍റെ ധൈര്യം, അടുത്ത സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ആകുമ്പോള്‍ എന്നെയും കൂടെ കൊണ്ട് പോകില്ലേ!. ഞാന്‍ വരും കൂടെ അമ്മയും അനിതയും” അവന്‍ പറയും.
ഞാന്‍ ചിരിച്ചു കേട്ടിരിക്കും.
അവനത് കഴിയുമെന്ന്‍ എന്നെനിക്ക് തോന്നിയിരുന്നില്ല. താഡ് വായ് അത്ര പ്രിയപ്പെട്ടത്താണ് അവന്, കൈ വെള്ളയിലെ രേഖകള്‍ പോലെ പരിചിതമാണ് അവനിവിടുത്തെ നാട്ടുവഴികള്‍, പരിചിതമായ നാട്ടുകാര്‍, സുഹൃത്തുക്കള്‍. എല്ലാം പിന്നിലുപേക്ഷിച്ച് വരാന്‍ അവനാകില്ല.
പിന്നീട് എല്ലാ ഞായാറാഴ്ചകളിലെ സായാഹ്നങ്ങളിലും ഞങ്ങള്‍ ദേമിക്കലാമിലെ തടാകത്തില്‍ മീന്‍ പിടിക്കാന്‍ പോയി. പൊതി നിറയെ ഭക്ഷണ സാധനങ്ങളുമായി അനിത അവിടെ കാത്തു നിന്നിരുന്നു. തീരത്തെ കല്ലിന്മേലിരുന്നു അവര്‍ സംസാരിച്ചു. നഗരത്തിന്‍റെ കൌമാര ചാപല്ല്യങ്ങള്‍പ്പുറ൦ ആഴമുള്ള ബന്ധമാണ് അവര്‍ക്കുള്ളതെന്നു എനിക്ക് മനസ്സിലായി. അവന്‍റെ ജാതിയോ സമ്പത്തോ അവള്‍ക്ക് പ്രശ്നമല്ലായിരുന്നു. അവന്‍റെ ഇല്ലായ്മക്കൊപ്പം ജീവിക്കാന്‍ അവള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അവനൊപ്പം മണ്ണിലിറഞ്ഞി അധ്വാനിക്കാനും തുച്ഛമായ വരുമാനത്തില്‍ ജീവിക്കാനും അവള്‍ തയ്യാറായിരുന്നു. അവന്‍റെ പ്രണയത്തില്‍ എനിക്ക് സന്തോഷം തോന്നി.
------------------
ഉണരുവാന്‍ വൈകിയൊരു പുലരിയില്‍ വാതിലില്‍ ശക്തമായ് ഇടിക്കുന്നത് കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ അനിതയായിരുന്നു. ശക്തമായൊരു കാറ്റ് പോലവള്‍ ഉള്ളിലേക്ക് കടന്നു വന്നു. അവള്‍ ആകെ ഭയചകിതയായി തോന്നി, ഉറക്കം കനം തൂങ്ങിയ കണ്ണുകള്‍ കരഞ്ഞു കലങ്ങിയ പോലെ.
വിറയ്ക്കുന്ന ചുണ്ടുകളോടെ അവള്‍ പറഞ്ഞു - “രക്ഷിക്കണം സാര്‍, ശൈലത്തെ കാണ്മാനില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കുന്നില്ല.“
“നീ ഭയപ്പെടാതെ ഒന്നും സംഭവിക്കില്ല, ഞാന്‍ ഒന്നു പോയി നോക്കട്ടെ“ ഞാന്‍ പറഞ്ഞു
അവളുടെ അച്ചന്‍റെ ആളുകള്‍ അവനെ അപായപ്പെടുത്തിയോ എന്നവള്‍ ഭയപ്പെടുന്നതായി അവളുടെ സംസാരത്തില്‍ നിന്നു തോന്നി.
ഒരു വിധത്തില്‍ അവളെ ആശ്വസിപ്പിച്ചു പറഞ്ഞു വിട്ട്, വണ്ടിയെടുത്ത് ശൈലത്തിന്‍റെ വീട്ടിലേക്ക് പുറപ്പെട്ടു.
ഇരുള്‍ വീണ മുറിയുടെ മൂലയില്‍ കിടന്ന ശൈലത്തിന്‍റെ അമ്മ,
അവര്‍ എണ്ണീറ്റിരുന്നു.
“അവനു ഒന്നും സംഭവിക്കില്ല ഞാന്‍ കൊണ്ട് വരും “ അങ്ങനെ പറയാനാണ് തോന്നിയത്.
ഒരു പകലും രാത്രിയും താഡ്വായുടെ നാട്ടുവഴികളില്‍ ഞാനവനെ തിരഞ്ഞു നടന്നു.
പിറ്റേന്ന് പുലര്‍ച്ചെ കേള്‍ക്കരുത് എന്നു കരുതിയ വാര്‍ത്ത എന്നെ തേടി വന്നു.
ദേമിക്കലാമിലെ ഹനുമാന്‍ കുന്നിന്‍റെ പിന്നിലെ നീല തടാകത്തിന്‍റെ കരയില്‍....
വണ്ടി പായിച്ചു പോകുമ്പോള്‍ മനസ്സില്‍ തുടര്‍ന്ന പ്രാര്‍ത്ഥന ഒന്നു മാത്രമായിരുന്നു അത് അവനായിരിക്കല്ലേ!
തടാക കരയില്‍ തീരത്തെ കല്ലില്‍ മൂടി കെട്ടിയൊരു രക്തം ചുവപ്പിച്ച ഒരു ചണചാക്ക്, ഇഴകളിലൂടെ തീരങ്ങലേക്ക് ഒലിച്ചിറങ്ങിയ രക്തം നേരത്ത ചുവന്ന വരകള്‍ തീര്‍ത്തിരുന്നു.
തടിച്ചു കൂടി നിന്ന ജനം കൂട്ടം, വൃത്തത്തില്‍ അകലം പാലിച്ചു നിന്നു.
കാഴ്ചക്കാരുടെ അതിര്‍ കടന്ന്‍ കടവിലെ കല്ലിനരുകിലേക്ക് ഞാന്‍ നടന്നു. ചാക്ക് കെട്ടഴിക്കരുതെന്ന്‍ പിന്നില്‍ നിന്നാരോ വിലക്കി. എങ്കിലും ഞാന്‍ തുടര്‍ന്നു, ഉള്ളില്‍ ഒരു പ്രാര്‍ത്ഥന മാത്രമായിരുന്നു ഇതവന്‍ ആവരുതെ എന്ന്. കെട്ടഴിച്ച ചാക്കില്‍ നിന്നും ഛേദിക്കപ്പെട്ട അവന്‍റെ ശിരസ്സ് മണ്ണിലേക്ക് ഊര്‍ന്നു വീണു.
കാഴ്ചക്കാര്‍ ഭയന്നു പിന്നോട്ട് മാറി.
കൂടെ പിറപ്പിനെ പോലെ കൂടെ നടന്നവന്‍റെ നീലച്ച മുഖ൦, ഒരു പന്ത് പോലെ വെറും മണലില്‍ ...
താണ ജാതിക്കാര്‍ക്ക് മാത്രം ഉള്ള ഒരു പൊതു ശ്മശാനത്തില്‍ ഛേദിക്കപ്പെട്ട അവന്‍റെ ശരീര ഭാഗങ്ങള്‍ ചേര്‍ത്ത് വച്ച് ചിതയൊരുക്കി. കരഞ്ഞു തളര്‍ന്ന അവന്‍റെ അമ്മ ഒരു കോണില്‍ മണ്ണില്‍ കുത്തിയിരുന്നു. അവന് പ്രിയപ്പെട്ട സുഹൃത്തുക്കളില്‍ ഒരാള്‍ അന്ത്യ കര്‍മ്മം നടത്തി, ചിത കൊളുത്തി. പൊലീസ് നോക്കുക്കുത്തിയായി ദൂരെ നിന്നു. വളരെ സാസാധാരണമായൊരു സംഭവമെന്ന പോലെ പെരുമാറുന്ന നാട്ടുകാര്‍. പ്രതികരണശേഷി നഷ്ടപ്പെട്ട ഒരു ജനതയെ ഞാനവിടെ കണ്ടു.
അവന്‍റെ ചിത കത്തി തുടങ്ങിയപ്പോള്‍ കാഴ്ചക്കാര്‍ പിരിഞ്ഞു തുടങ്ങി. ഒടുവില്‍ ഞാനും അവന്‍റെ അമ്മയും മാത്രമായി. അവന്‍റെ ചിതയിലേക്ക് നോക്കിയിരുന്ന അവരുടെ മിഴികളില്‍ കണ്ണീരിന്‍റെ നനവില്ലായിരുന്നു, അഗ്നിയുടെ രണ്ട് ഗോളങ്ങള്‍ മാത്രം.
സമയം കടന്നു പോയി
ചിത കത്തി തീരും മുന്‍പേ പ്രതീക്ഷിച്ചിരുന്ന ആ വാര്‍ത്തയും വന്നു.
“അനിത ആത്മഹത്യ ചെയ്തു“
ഇനിയവള്‍ക്കും ഒരു ചിതയൊരുങ്ങും, ഉയര്‍ന്ന ജാതിക്കാര്‍ക്കായ് പ്രത്യേകം തിരിച്ച ശ്മശാനത്തില്‍. അഗ്നിയില്‍ ശുദ്ധി വരുത്തി ഉയര്‍ന്നു പൊങ്ങുന്ന പുകയ്ക്കു ഭുമിക്കു മുകളില്‍ വേലി തീര്‍ക്കാന്‍ ആര്‍ക്കുമാകില്ലല്ലോ. നീലാകാശത്തില്‍ അവ പരസ്പരം പുണരും.
തിരികെ മടങ്ങുമ്പോള്‍ ഇതുവരെ തോന്നതൊരു ശൂന്യത തോന്നി, ആന്നാദ്യമായി ഞാന്‍ താഡ് വായ് വെറുത്തു. പിന്നിലെവിടയോ ഒരു ചിത കൂടി ഒരുങ്ങുന്നുണ്ടാവും, ജാതിയില്‍ ഉയര്‍ന്നവള്‍ക്കായി മതില്‍ കെട്ടി തിരിച്ച പ്രത്യേക ശ്മശാനത്തില്‍. വെറുതെ തോന്നി, മതിലുകള്‍ ഇല്ലാത്ത ലോകത്ത് അവന്‍ കാത്തിരിപ്പുണ്ടാകും അവള്‍ വരുന്നതും കാത്ത്.
കിഷോര്‍ ഹരിപ്പാട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo