Slider

#മകൻ

0

'' അല്ലാ .. എന്താ മാലതിയേടത്തി എന്താപ്പോ നല്ല സന്തോഷത്തിലാണല്ലോ ....എന്താ വിശേഷിച്ചു .? ''
പുതു വസ്ത്രവുമണിഞ്ഞു അണിഞ്ഞൊരുങ്ങി നിൽക്കുന്ന മാലതിയെ കണ്ടു അഗഥി മന്ദിരത്തിലെ മറ്റൊരു അന്തേവാസിയായ ശാന്തമ്മക്ക് അത്ഭുതം . മുൻപെങ്ങും അവരെ ഇങ്ങനെ കണ്ടിട്ടില്ല .
'' എന്റെ ശാന്തേ .. വിശേഷമുണ്ട് .. ഇന്നെന്റെ മോൻ എന്നെ കാണാൻ വരുന്നുണ്ട് .. എന്നെ കൂട്ടി കൊണ്ട് പോവാനായിരിക്കും ... അമ്മയില്ലാണ്ടെ അവനു പറ്റില്ല .. അങ്ങനെ ഞാൻ വളർത്തിയതാ എന്റെ മോനെ .. അവൻ ഇന്ന് വിളിച്ചപ്പോ ഒരു പാട് നാളിനു ന്റെ കുട്ടിന്റെ ശബ്ദം കേട്ടപ്പോ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു .. നിക്കൊന്നും തിരിച്ചു പറയാനും കഴിഞ്ഞില്ല്യ .. ''
ശാന്തമ്മ മാലതിയുടെ കൈകൾ ചേർത്ത് പിടിച്ചു അവരുടെ സന്തോഷത്തിൽ പങ്കു ചേർന്നു.
'' മാലതിയേടത്തി ഭാഗ്യം ചെയ്തൊരാ .... ഒന്നുല്ലേലും ഇടക്ക് മകൻ കാണാൻ വരോലോ ... എനിക്കുണ്ട് മക്കള് .. ഞാൻ കൂലി പണി ചെയ്തു വളർത്തിയവരാ ... വലുതായപ്പോൾ അവർക്ക് പൈസ ഒക്കെ ആയി .. കുടുംബമായി .. പിന്നെ അവർക്ക് കുറച്ചിലായി ആൾക്കാർക്ക് മുന്നിൽ എന്നെ പ്രദർശിപ്പിക്കാൻ .. ഞാൻ അവർക്ക് ഭംഗിയില്ലാത്ത ഒരു വസ്തുവായി മാറി . ഇപ്പൊ ഇവിടെയാണ് എനിക്ക് സ്നേഹവും സന്തോഷവും കിട്ടുന്നത് ... മകന്റെ ഒപ്പം പോയാലും ഇടക്ക് ഇത് വഴി വരണേ . ''
'' തീർച്ചയായും വരും .. എനിക്കങ്ങനെ മറക്കാൻ പറ്റോ ..... നിങ്ങളല്ലാതെ വേറെ ആരാ എനിക്കുള്ളേ .. ഇടക്കല്ല .. സമയം കിട്ടുമ്പഴൊക്കെ വരും .... ''
മാലതി മകന്റെ വരവും കാത്ത് പ്രധാന കവാടത്തിലേക്ക് കണ്ണും നട്ടിരുന്നു .
അൽപ സമയത്തിന് ശേഷം അവർ ആഗ്രഹിച്ചത് പോലെ അവൻ വന്നു . മാലതിക്ക്‌ സന്തോഷം അടക്കാനായില്ല .. അവർ അവരുടെ കൂട്ടുകാർക്കൊരോന്നായി മകനെ പരിചയപ്പെടുത്തി .. മാലതിയിൽ നിന്നും മകനെ കുറിച്ചുള്ള കഥകൾ എല്ലാം കേട്ടിട്ടുള്ള അവിടുത്തെ അംഗങ്ങൾക്ക് അവൻ അപരിചിതനായിരുന്നില്ല ..
കുറച്ചു സമയം അമ്മയോടൊപ്പം ചിലവഴിച്ച ശേഷം അവൻ യാത്ര പറഞ്ഞിറങ്ങാൻ തുനിഞ്ഞതും മാലതിയുടെ ഹൃദയം നുറുങ്ങി . തന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാനാണ് മകൻ വന്നതെന്ന് ധരിച്ചിരുന്ന അവരുടെ മാതൃ ഹൃദയത്തിനേറ്റ ഒരു പ്രഹരമായിരുന്നു അത് . അവർ അവരുടെ കൂട്ടുക്കാർക്കിടയിൽ ഉരുകിയൊലിച്ചു . അവരോടെല്ലാം യാത്ര പറഞ്ഞു പുറപ്പെടാനിരുന്നതാണ് . പക്ഷെ മകൻ ........... അവന്റെ മനസ്സ് വായിക്കാൻ അവർക്ക് കഴിയാതെ പോയി .
ഇറങ്ങാൻ നേരം അവൻ അമ്മയെ അരുകിൽ വിളിച്ചു ചേർത്ത് പിടിച്ചു . ആ അമ്മയുടെ കണ്ണിൽ ഒരു ചെറിയ വെളിച്ചം . കൂട്ടി കൊണ്ട് പോയിട്ടില്ലെങ്കിലും അമ്മയെ ഒന്ന് ചേർത്ത് പിടിച്ചല്ലോ എന്റെ പൊന്നു മോൻ . അത്രയെങ്കിലും ചെയ്തല്ലോ എന്റെ മോൻ ...... അവരേക്കാൾ ഉയരമുള്ള ആ മകന്റെ നെറ്റിയിൽ ഒരുമ്മ നൽകാൻ അവർ ആഗ്രഹിച്ചെങ്കിലും അവന്റെ നെഞ്ചിൽ മുഖമമർത്തി അവർ അവരുടെ സ്‌നേഹ വാത്സല്യം പ്രകടിപ്പിച്ചു .
മകന്റെ മുഖത്ത് പക്ഷെ ഇത്തരം ഭാവങ്ങൾ ഒന്നും തന്നെയില്ല . അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ കയ്യിൽ കരുതിയ ഫോണിൽ നിന്നും ഒരു സെൽഫി എടുത്തു . ക്യാമെറയിൽ ചിത്രം പകർത്തുന്ന നേരം അവൻ അമ്മയുടെ നെറുകയിൽ ചുംബിച്ചു . ആ ക്ഷണ നേരത്തേക്ക് മാത്രം അവന്റെ മുഖത്തു സ്‌നേഹ ഭാവങ്ങൾ വിരിഞ്ഞു ഫോട്ടോ പരിശോദിച്ചു നന്നായെന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ അവരോടു യാത്ര പറഞ്ഞു മടങ്ങി .
****************
'' ചേച്ചീ ........ ദാ ഇത് കണ്ടോ ?... ''
മകനെ കണ്ട സന്തോഷത്തിലും അവനെ പിരിഞ്ഞ വേദനയിലുമായിരുന്നു മാലതി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കി . അഗഥി മന്ദിരത്തിൽ എല്ലാ സഹായവും ചെയ്യുന്ന ബാബുവാണ് .. അവരുടെയെല്ലാം പ്രിയപ്പെട്ടവൻ ... അവർക്കെല്ലാം ബാബു മകനെ പോലെയാണ് ..
'' ചേച്ചി ഇത് കണ്ടോ ?.. ചേച്ചി ഇപ്പൊ വൈറൽ ആയിരിക്കയാണ് ... സോഷ്യൽ മീഡിയയിൽ ചേച്ചിയുടെ പടം എത്ര ലൈകും ഷെയറും ആണ് വാരി കൂട്ടുന്നത് എന്നറിയോ ....... ദേ നോക്കിക്കേ ..... ''
കാഴ്ചക്ക് മങ്ങലുള്ള മാലതി കണ്ണടയണിഞ്ഞു അവന്റെ ഫോണിലേക്ക് കണ്ണുകൾ പായിച്ചു .
'' മാതൃ സ്‌നേഹത്തിന് പകരം വെക്കാനെന്തുണ്ട് ... ഈ ചുംബനത്തിനു വില നിശ്ചയിക്കാനാകുമോ ...ഐ ലവ് യു മോം... ഹാപ്പി മദേഴ്‌സ് ഡേ ? ''
ആ അടിക്കുറിപ്പ് വായിച്ചു താഴെ നോക്കുമ്പോൾ അവർ ഒരു നിമിഷം സ്തംബ്ധയായി .... കാലത് തന്നെ കാണാൻ വന്ന മകനെടുത്ത ഫോട്ടോ .. അതേ അത് തന്നെ .. അമ്മയോടുള്ള സ്‌നേഹം സമൂഹത്തോട് വിളിച്ചു പറഞ്ഞു അവൻ അത് സമൂഹത്തിനു സമർപ്പിച്ചിരിക്കുന്നു.. അവനെ പോലെ അമ്മയെ സ്‌നേഹിക്കാൻ ... അതിനു താഴെ വന്ന ഒരുപാടു അനുമോദനങ്ങൾക്ക് ലജ്ജയില്ലാതെ അവൻ നന്ദി പറയുന്നുമുണ്ട്.
സസ്നേഹം ഹഫി ഹഫ്സൽ
Hafi Hafsal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo