നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മക്കളും 🐾 മാമ്പൂവും


മക്കളും 🐾 മാമ്പൂവും
==================
"ഡോക്ടറെ ആ 211-ആം നമ്പർ പേഷ്യന്റ് വളരെ വയലെന്റ് ആണ് , അറ്റൻഡർ സുഗുണന്റെ തല തല്ലി പൊട്ടിച്ചു ."
"അയാൾക്ക് ഈയിടെ ഇതൊരു സ്ഥിരം പരുപാടി ആയിരിക്കുവാണല്ലോ , പിടിച്ചോണ്ട് ഷോക്ക് റൂമിലേക്ക് വാ ".
ഷോക്കടിപ്പിച്ചു തിരികെ വീൽചെയറിൽ സെല്ലിലേക്ക് കൊണ്ട് വരുമ്പോൾ അയാളുടെ വായിലൂടെ നുരയും പതയും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു . ശരീരം തളർന്ന്‌ തല ഒരു വശത്തേക്ക് ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിൽ ആയിരുന്നു . സുഗുണൻ വീൽചെയർ നിർത്തി കയ്യിലിരുന്ന തുണി കൊണ്ട് അയാളുടെ മുഖം തുടച്ചു വൃത്തിയാക്കി . സുഗുണന്റെ തലയിലെ മുറിവ് മരുന്ന് വച്ച് വലിയൊരു തുണി കൊണ്ട് വട്ടം കെട്ടിയിട്ടുണ്ട് .
മറ്റൊരു അറ്റെൻഡറായ ബാബുവിന് ഇത് കണ്ടപ്പോൾ ശരിക്കും കലി ആണ് വന്നത് . " നിന്റെ തല തല്ലി പൊട്ടിച്ചിട്ടും പിന്നേം ഇവനെയൊക്കെ സ്നേഹിക്കാൻ നിക്കുവാ ? കൊണ്ട് പോയി സെല്ലിൽ വലിച്ചെറിയെടോ .... , അല്ലേലും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് , നിനക്ക് ഇയാളോട് ഒരു പ്രേത്യേക സഹതാപം കാട്ടൽ ."
" താൻ പറഞ്ഞത് നേരാണ് , ഇയാളുടെ കഥ അറിയാവുന്നവർക്ക് ഇയാളോട് സഹതാപമേ തോന്നു . മക്കളെ സ്നേഹിക്കുന്ന ഒരു മാതാ പിതാക്കൾക്കും ഇയാളോട് ദേഷ്യം കാട്ടാനാവില്ല ."
"അതെന്താ ഇത്ര വല്യ കഥ , താനൊന്നു പറഞ്ഞെ ഞാനുമൊന്നു കേൾക്കട്ടെ ."
ഇതാണ് വിശ്വംഭരൻ , ഞങ്ങളുടെ വിശ്വേട്ടൻ . പലചരക്കു കച്ചവടം നടത്തുവാണ് , ആർക്കും ഒരു ഉപദ്രവം ചെയ്യാത്ത സാധു മനുഷ്യൻ . ഭാര്യ സുധ ; വീട്ടമ്മയാണ് . വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് അവർ നയിച്ചിരുന്നതെങ്കിലും അവരെ അലട്ടിയിരുന്ന ഒരു പ്രശ്നം ഉണ്ടായിരുന്നു .
കല്യാണം കഴിഞ്ഞു പത്തു പതിനേഴു കൊല്ലമായെങ്കിലും അവർക്കു ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യമുണ്ടായില്ല .
ചികിൽസിച്ചു മടുത്ത ഡോക്ടറുമാരുടെയോ , വിളി കേട്ട് തളർന്ന ദൈവങ്ങളുടെയോ കാരുണ്യത്താൽ ഒടുവിൽ അവർക്ക് ഒരു പൊന്നോമനയെ മകളായി കിട്ടി . അവർക്കീ പ്രായത്തിൽ കിട്ടിയ ഒരു അമൂല്യ നിധി ആയതു കൊണ്ടായിരിക്കണം അവർ അവൾക്ക് നിധി എന്ന് തന്നെ പേരിട്ടു .
അവൾ ശരിക്കുമൊരു നിധി തന്നെ ആയിരുന്നു .പഠനത്തിൽ എന്നും അവൾ മുൻപന്തിയിൽ ആയിരുന്നു . കലാ കായിക രംഗങ്ങളിൽ അവൾ സമ്മാനങ്ങൾ വാരിക്കൂട്ടി . അവളുടെ അദ്ധ്യാപകർക്ക് അവളെ പുകഴ്ത്തി പറയാനേ നേരമുണ്ടായിരുന്നുള്ളു .
പക്ഷെ അവൾക്കോരോ വയസ്സ് കൂടുംതോറും വിശ്വേട്ടന്റെ സ്വഭാവത്തിൽ വ്യക്തമായ മാറ്റങ്ങൾ കണ്ട്‌ തുടങ്ങിയിരുന്നു .ദിവസവും മകൾ സ്കൂളിൽ പോയി കഴിഞ്ഞാൽ വിശ്വേട്ടന് ആകെ ഒരു ആധി ആയിരുന്നു , ഒന്നിലും ഒരു ശ്രദ്ധയില്ലായിരുന്നു .
അവളെ എന്നും രാവിലെ സ്കൂളിൽ കൊണ്ട് വിടുന്നത് വിശ്വേട്ടൻ ആയിരുന്നു , അവളെ വിളിച്ചു കൊണ്ട് വരാനായി മൂന്നു മണിക്കേ സ്കൂളിന്റെ ഗേറ്റിനു മുന്നിൽ പോയി നിൽക്കും . വീട്ടിലെത്തി ചായകുടി കഴിഞ്ഞ ഉടൻ മകളെയും കൊണ്ട് വീണ്ടും ട്യൂഷൻ ക്‌ളാസ്സിലേക്കു പോകും , ക്ലാസ്സു തീരുന്നവരെ അവിടെ വാതിൽക്കൽ കാത്തു നിൽക്കും .
" ഓഹോ ! ഇങ്ങേർക്ക് മകളോട് സ്നേഹം കൂടി വട്ടായതാണല്ലേ? " , ബാബുവിന് മുഴുവൻ കേൾക്കാനുള്ള ക്ഷമ ഇല്ലായിരുന്നു .
" നീ തോക്കിൽ കയറി വെടി വെയ്ക്കാതെ , ഞാൻ മുഴുവൻ പറഞ്ഞു തീരട്ടെ " , സുഗുണൻ ക്ലൈമാക്സ് ആയില്ലെന്ന സൂചന നൽകി .
"ശരി പറഞ്ഞോളൂ , ഞാൻ ഇടയ്ക്കു കയറുന്നില്ല ", ബാബു വിശ്വേട്ടനെ കിടത്തിയ കട്ടിലിനു സമീപത്തായി ഇരുന്നു .
" വിശ്വേട്ടാ , ഇതല്പം കൂടുതലാണ് കേട്ടോ , അവളിപ്പം ചെറിയ കുഞ്ഞൊന്നുമല്ല , പ്ലസ്ടൂവിനാ പഠിക്കുന്നെ .ഇന്നലെയും അവൾ എന്നോട് പരാതി പറഞ്ഞു , ചേട്ടനിങ്ങനെ എല്ലാ കാര്യത്തിനും അവളുടെ പിന്നാലെ കാവല് നടക്കുന്നത് കാരണം അവളുടെ കൂട്ടുകാരെല്ലാം അവളെ കളിയാക്കുവാണെന്ന് ."
സുധ ഭർത്താവിനോട് മകൾ നൽകിയ പരാതി ബോധിപ്പിച്ചു .
" കളിയാക്കലല്ലേ ഉള്ളൂ , സാരമില്ല , അവൾ ഒരു കുട്ടി അല്ലാത്തതുകൊണ്ടാ എനിക്കും ഈ ആധി . നീ പത്രം ഒന്നും വായിക്കാറില്ലേ ? പീഡനം , തട്ടിക്കൊണ്ടു പോകൽ , ഒളിച്ചോട്ടം ....ഇതേ ഉള്ളൂ ഇപ്പോഴത്തെ വാർത്തകൾ ."
" ചേട്ടന് വന്നു വന്ന് നമ്മുടെ മോളെയും വിശ്വാസമില്ലാണ്ടായോ.... ? അവൾക്കറിയാം അവളെ സൂക്ഷിക്കാൻ . എന്റെ കുട്ടി മനസ്സിൽ യാതൊരു കളങ്കവും ഇല്ലാത്തവളാ . ഞങ്ങൾ നല്ല കൂട്ടുകാരെ പോലെ ആയതു കൊണ്ട് അവൾ എല്ലാ കാര്യവും എന്നോട് തുറന്നു പറയും . പട്ടാള ചിട്ട മക്കളോട് കാട്ടുമ്പോളാണ് അവർ വഴി തെറ്റി പോകുന്നത് .
" ലോകം എന്തെന്നറിയാത്ത കൊണ്ട് നിനക്കെല്ലാം വീട്ടിലിരുന്നു പ്രസംഗിച്ചാൽ മതി , തന്തമാർക്ക് അറിയാം മക്കൾ വളർന്നു വരുമ്പോൾ മനസ്സിനുള്ളിലെ നീറ്റൽ ."
" ചേട്ടൻ ഇങ്ങനെ ന്യായവും പറഞ്ഞു മകൾക്കു കാവലായി നടന്നോ , കടയും കച്ചവടവും ഒന്നും നോക്കേണ്ടാ ..... ആ രവി മിക്കവാറും കട കട്ട് മുടിക്കും ."
വിശ്വേട്ടൻ മകൾക്കു കാവലായി പോകുമ്പോളെല്ലാം കടയിൽ സഹായി ആയി നിൽക്കുന്ന ഒരു പയ്യനുണ്ട് , രവി , അവനെ ഏല്പിച്ചാണ് പോകാറുള്ളത് . വിശ്വേട്ടന് അവനെ നല്ല വിശ്വാസവും ആയിരുന്നു .
"ഓഹോ ! അവൻ കാശ് വെട്ടിച്ചു കാണും , അങ്ങനെ ഇങ്ങേർക്ക് വട്ടായതാണല്ലേ ? " , ബാബു വീണ്ടും കഥയിൽ ഇടപെട്ടു .
"എന്റെ പൊന്നു ബാബു ഞാനൊന്ന് പറഞ്ഞു തീർത്തോട്ടെ ", ഈ പ്രാവിശ്യം സുഗുണന് അല്പം ദേഷ്യം വന്നു .
" ശരി , ശരി പറഞ്ഞോളൂ ..." , ബാബു കഥ കേൾക്കാനായി വീണ്ടും അടങ്ങി ഇരുന്നു .
ഒരു ദിവസം പതിവ് പോലെ വിശ്വേട്ടൻ മകളേ വിളിക്കാനായി സ്കൂളിന് മുന്നിൽ കാത്തു നിന്നു . എല്ലാ കുട്ടികളും പോയിട്ടും അവളെ കാണാതായപ്പോൾ ലേശം പരിഭ്രമത്തോടെ വിശ്വേട്ടൻ ഓഫീസിൽ ചെന്നു തിരക്കി . ഇന്നവൾ ക്ലാസ്സിൽ വന്നില്ലല്ലോ എന്ന ഉത്തരമാണ് ക്ലാസ് ടീച്ചറിന്റെ കയ്യിൽ നിന്നും കിട്ടിയത് . താൻ രാവിലെ സ്കൂളിന് മുന്നിൽ കൊണ്ട് വിട്ടിട്ടു പോയ മകൾ പിന്നെവിടെ പോകാൻ , മകളുടെ പേരും വിളിച്ചു ഒരു പ്രാന്തനെ കണക്കെ വിശ്വേട്ടൻ സ്കൂളിന് ചുറ്റും ഓടി നടന്നു .
ഒടുവിൽ സ്കൂളുകാർ അറിയിച്ചതനുസരിച്ചു പോലീസുകാർ അന്വേഷണം തുടങ്ങി . രണ്ടു ദിവസം കഴിഞ്ഞു കുമളിയിൽ നിന്നും നിധിയെ പോലീസ് കണ്ടെത്തി , കൂടെ വിശ്വേട്ടന്റെ കടയിലെ സഹായി രവിയേയും .
വിശ്വേട്ടൻ ശരിക്കും തകർന്നു പോയിരുന്നു . നാട്ടുകാർ എല്ലാം അറിഞ്ഞു നാണക്കേടായതു കൊണ്ട് അവരെ അമ്പലത്തിൽ കൊണ്ട് പോയി മാലയിടീച്ചു , പ്രായപൂർത്തി ആയതിനു ശേഷമേ വിവാഹം നിയമപരമായി നടത്താനാവൂ .
അവരെ വീട്ടിൽ കൂടെ നിർത്താൻ വിശ്വേട്ടൻ ശ്രമിച്ചെങ്കിലും രവി തയ്യാറല്ലായിരുന്നു , അവളെയും കൊണ്ട് അവന്റെ വീട്ടിലേക്കു പോയി . എല്ലാ ദിവസവും മകളേ കാണാൻ വിശ്വേട്ടൻ രവിയുടെ വീട്ടിൽ പോയിരുന്നെങ്കിലും കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ അത് വിലക്കി .
പതിവില്ലാതെ ഒരു ദിവസം മകൾ വീട്ടിലോട്ടു വന്നപ്പോൾ അവർക്ക് സന്തോഷം അടക്കാനായില്ല . പക്ഷെ അവളുടെ ആ ദയനീയ രൂപം അവരുടെ ഹൃദയം തകർക്കുക തന്നെ ചെയ്തു .
കട രവിയുടെ പേരിൽ ആക്കുവാനായി അച്ഛനോട് പറയണമെന്ന് ആവിശ്യപ്പെട്ട് അവളെ നിരന്തരം ദേഹോപദ്രവം ആണെന്ന് അറിഞ്ഞപ്പോൾ അവർ ശരിക്കും തളർന്ന്‌ പോയി .
മകളുടെ നല്ല ഭാവിയെ കുറിച്ച് ഓർത്തു വിശ്വേട്ടൻ തന്റെ വിയർപ്പിന്റെ വില കൊണ്ട് പടുത്തുയർത്തിയ തന്റെ കട രവിയുടെ പേരിൽ എഴുതി കൊടുത്തു .
തങ്ങളുടെ മകൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ , വിലക്കുണ്ടായിട്ടും പലതരം പലഹാരങ്ങളുമായി അവർ മകളേ കാണാൻ ചെന്നു .പക്ഷെ വീട്ടിലേക്കു കടക്കാൻ രവി അവരെ സമ്മതിച്ചില്ല .
വീടും സ്ഥലവും കൂടി അവന്റെ പേരിൽ എഴുതി വെയ്ക്കണം എന്നായിരുന്നു അവന്റെ പുതിയ നിബന്ധന .തങ്ങളുടെ കാലശേഷം അതെല്ലാം അവർക്കുള്ളതാണെന്നു പറഞ്ഞിട്ടും അവൻ കേൾക്കാൻ കൂട്ടാക്കിയില്ല .
അവന്റെ ദുസ്വഭാവം മൂലം കട നശിപ്പിച്ചത് പോലെ തന്റെ വീടും വിറ്റു അവൻ ധൂർത്തടിക്കും എന്നോർത്തപ്പോൾ വിശ്വേട്ടൻ അവന്റെ ആവിശ്യത്തിന് വഴങ്ങിയില്ല .
പിറ്റേ ദിവസം കേട്ട വാർത്ത നിധി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്‌തെന്നായിരുന്നു . കൊന്നിട്ടതാണെന്നും ഒരു കൂട്ടർ പറയുന്നുണ്ടായിരുന്നു .
മകളുടെ ജീവനറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ചു വിശ്വേട്ടന്റെ കരച്ചിൽ ഇന്നും ചെവികളിൽ പ്രകമ്പനം കൊള്ളിക്കുന്നുണ്ട് .അത് പിന്നീട് ആർത്തട്ടഹാസമായി മാറി , അങ്ങനെ വിശ്വേട്ടൻ ഇവിടെ എത്തി .
" അപ്പോൾ വിശ്വേട്ടന്റെ ഭാര്യയോ ...? , ബാബു തന്റെ സംശയം പ്രകടിപ്പിച്ചു .
മകൾ നഷ്ടപ്പെടുകയും , ഭർത്താവ് ഈ അവസ്ഥയിലും ആയപ്പോൾ ഒറ്റയ്ക്ക് ദുഃഖങ്ങൾ മുഴുവൻ താങ്ങാനാവാതെ രണ്ടു മാസം മുന്നേ അവർ കെട്ടി തൂങ്ങി മരിച്ചു .
തല ചരിഞ്ഞു നിശ്ചലാവസ്ഥയിൽ കിടന്നിരുന്ന വിശ്വേട്ടന്റെ കവിലൂടെ കണ്ണുനീർ ഒഴുകുന്നത് കണ്ട്‌ സുഗുണൻ അത് തുടച്ചു കളഞ്ഞതിനു ശേഷം ബാബുവിന്റെ മുഖത്തിലോട്ടു നോക്കിയപ്പോഴാണ് അത് അവന്റെ കണ്ണുകളിൽ നിന്നും അടർന്നു വീണ നീർ തുള്ളികളാണ് വിശ്വേട്ടന്റെ കവിളുകളിലൂടെ ഒഴുകി ഇറങ്ങിയതെന്നു മനസ്സിലായത് .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot