നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കനാൽ വെള്ളം (മിനിക്കഥ):


കനാൽ വെള്ളം (മിനിക്കഥ):
^^^^^^^^^^^^^^^^^^^^^^^^^^^^^^
"ബാപ്പാ... ബാപ്പാ.. കനാലിൽ വെള്ളം വന്നു... കനാലിൽ വെള്ളം വന്നു.... "
പച്ചക്കറി വിത്തുകൾ നടാനായി കൊത്തി തയ്യാറാക്കിയ പറമ്പിലെ ചാലുകളിൽ ഉണങ്ങിയ കളകളും ചവേലകളും പെറുക്കി കൂട്ടി കത്തിക്കുകയായിരുന്ന എന്റെ അരികിലേക്ക്, മദ്രസ വിട്ട് തിരിച്ചു വരുന്ന പത്തുവയസ്സുകാരൻ മകൻ സന്തോഷത്തോടെ ഓടിക്കിതച്ചെത്തി.
"ഓയ്... ഓയ്... ആബിദാ... കനാലിൽ വെള്ളം വന്നു.... കനാലിൽ വെള്ളം വന്നു.."
എന്റെ നാവിലെയാ കുളിരുള്ള വാക്കുകൾ എന്താഹ്ലാദത്തോടെയാണ് അവളുടെ കാതുകളിലേക്ക് പാഞ്ഞത്.അടുക്കളയിലെ പണി അവിടെയിട്ട് ഞങ്ങൾക്കരികിലേക്കോടിയെത്തുമ്പോൾ അവളുടെ മുഖത്ത്, അപ്പോൾ കിഴക്ക് നിന്നുദിച്ചുവരുന്ന സൂര്യനേക്കാൾ പ്രകാശമുണ്ടായിരുന്നു.
പത്ത് ദിവസത്തിലധികമായല്ലോ ഞങ്ങൾ വറ്റിയ കിണറുമായി കനാൽവെള്ളത്തെ കാത്തിരിക്കുന്നു. വെള്ളമില്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വെള്ളം ചുമന്ന് തളർന്ന അവളാണല്ലോ. പ്രകൃതിയുടേതായാലും മനുഷ്യന്റേതായാലും എല്ലാ കോപങ്ങളും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണല്ലോ.
കനാലിനോരത്താണ് വീട്.മുൻവർഷങ്ങളിലൊന്നും കിണറിലെ വെള്ളം ഇങ്ങനെ പാടേ വറ്റിപ്പോവാറില്ലായിരുന്നു. വറ്റി വറ്റി എന്നാവുമ്പോഴേക്കും കനാലിൽ വെള്ളമെത്തും.പിന്നെ രണ്ട് പടവോളം വെള്ളമാവും.ഈ കനാലില്ലായിരുവെങ്കിൽ.. അള്ളാ... ആലോചിക്കാനേ വയ്യ.
ഈ വർഷം തുലാമഴ തീരെ ലഭിക്കാതിരുന്നതാണ് കിണറിലെ വെള്ളം പാടേ വറ്റിപ്പോയത്.തുലാമഴ മാത്രമല്ലല്ലോ ഈ വർഷം മഴ തന്നെ വളരെ കുറവായിരുന്നല്ലോ. എങ്ങിനെ പെയ്യുമല്ലേ മഴ. നമ്മുടെ ചെയ്തികൾ അത്തരത്തിലല്ലേ.മരങ്ങളെല്ലാം മുറിച്ചുവിറ്റു കാശാക്കി. മലകളെല്ലാം ടിപ്പറിൽ കയറ്റി വയലുകളിൽ തള്ളി. പുഴകളെല്ലാം കോരിയെടുത്ത് കോൺക്രീറ്റ് സൗധങ്ങൾ തീർത്തു.
അവളും ഞാനും മകനും കനാലിനടുത്തേക്ക് നടന്നു.കാടുപടലങ്ങളുമായി കലങ്ങിയെത്തിയ വെള്ളം ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് തെളിനീരായി ഒഴുകി.വലിയ ദാഹവുമായി കാത്തിരിക്കുകയായിരുന്ന കനാലിലെ മണ്ണ് വെളളം കുടിച്ച നിർവൃതിയാൽ പുറപ്പെടുവിപ്പിച്ച ആ മാസ്മര ഗന്ധം ജീവശ്വാസത്തോടൊപ്പം ഞങ്ങൾ ആവോളം വലിച്ചെടുത്തു.
വെള്ളക്കാഴ്ചയിൽ നിന്നും തലയുയർത്തി ചുറ്റുമെന്ന് വീക്ഷിച്ചു.
കനാലിനോരത്തെ തെങ്ങുകളും കവുങ്ങുകളും മറ്റു മരങ്ങളും വെള്ളത്തിന്റെ വരവറിഞ്ഞിരിക്കുന്നു. അത്രക്കുണ്ട് അവരുടെ തടിമനസ്സിലെ പ്രകാശവും ഇല മുഖങ്ങളിലെ പുഞ്ചിരിയും.
തിരിച്ചെത്തി,നടാനായി കൊണ്ടു വച്ച പച്ചക്കറിവിത്തുകൾ എടുത്ത് നോക്കി. അവ കവറുകളിൽ നിന്നും തിടുക്കം കൂട്ടുന്നതായി തോന്നി. മണ്ണിലിറങ്ങാനും തണുപ്പറിഞ്ഞ് മുളച്ച് പൊന്താനും. ഞാനവയെ കവറുകൾ പൊട്ടിച്ച് കൈയ്യിലെടുത്തു.
പത്രത്തിലൂടെ അറിയാൻ കഴിഞ്ഞു ഡാമിൽ വളരെ വെള്ളം കുറവാണ്. സാധാരണ ഈ സമയങ്ങളിൽ ഉണ്ടാവാറുള്ളതിന്റെ പകുതി മാത്രമേ ഉള്ളുവത്രെ. മാസത്തിൽ പതിനഞ്ച് ദിവസം വെച്ചേ വെള്ളം വിടുള്ളൂ എന്നും.
വരും വർഷങ്ങളിലും മഴ ലഭിക്കാതിരുന്നാൽ... മനസ്സിലൊരു പേടി രൂപം കൊള്ളുന്നുണ്ട്.കൂടുതൽ പേടി മകനെ ഓർത്താണ്.അങ്ങിനെ സംഭവിക്കില്ലെന്ന് ആശ്വാസം കണ്ടെത്താം, മനസ്സുരുകി പ്രാർത്ഥിക്കാം, പ്രകൃതിസംരക്ഷണത്തിനായി ആവുംപോലെ പ്രവർത്തിക്കാം, എഴുതിയും പറഞ്ഞും ബോധവൽക്കരിക്കാം.
ഞാനും അവളും രാവിലെ, കണ്ണും നുള്ളിപ്പൊളിച്ച് ചെന്നത് കിണറ്റുംകരയിലേക്കാണ്. ആൾമറയിൽ കൈയ്യൂന്നി കുനിഞ്ഞപ്പോൾ കാഴ്ച പന്ത്രണ്ട് കോൽ താഴ്ചയിലെത്തി.സൈഡുകളിൽ നിന്നും അരിച്ചിറങ്ങുന്നുണ്ട്, സന്തോഷ കണ്ണീരു പോലെ ഉറവകൾ. കിണർ, വല്ലാത്തൊരാകർഷണത്താൽ ഞങ്ങളെയവിടെ പിടിച്ചു നിർത്തി വളരെ നേരം.
കിണറിനകത്തെ മോട്ടോർ വെളുക്കെ ചിരിച്ച്, "നാളെ തരാ ട്ടോ... വെള്ളം " എന്ന് സ്നേഹത്തോടെ പറയുന്നതായി തോന്നി ഞങ്ങൾക്ക്.
വൈകുന്നേരം വീണ്ടും കിണറ്റുംകരയിലെത്തി .തല കുനിച്ച് കണ്ണുകളെ കിണറ്റിലേക്കാഴ്ത്തിയപ്പോൾ, പ്രതിബിംബങ്ങൾ മുമ്പെപ്പോഴത്തേക്കാളും മനോഹരമായി ഞങ്ങളോട് ചിരിക്കുന്നുണ്ടായിരുന്നു.
""""""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
[ പ്രിയ വായനക്കാരേ..
കനാലുകളുടെ ഓരങ്ങളിൽ താമസിക്കുനവർക്കേ ഈ കഥ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയുകയുളളൂ എന്ന് തോനുന്നു.]

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot