നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===ആട് ഒരു പാവം ജീവിയാണ്===


===ആട് ഒരു പാവം ജീവിയാണ്===
കുട്ടികാലത്ത് എന്റെ ഒരേ ഒരു ശത്രുവായിരുന്നു ആട്..വയലിനോട് ചേർന്നായിരുന്നു ഞങ്ങൾടെ വീട്. ഞാനും ഏട്ടനുമൊക്കെ സ്കൂൾ വിട്ട് വരുബോൾ തന്നെ കാണാം കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ ഞങ്ങളേയും കാത്ത് കുറച്ച് സ്കൂൾ കള്ളൻമാർ കാത്തിരിക്കുന്നുണ്ടാകും..
കാൽപന്തുകളിയുടെ ലഹരി മൂത്തബാല്യം.
സ്കൂളിലെ നാലുമണിക്കുള്ള അവസാന ബെല്ലടിച്ച് തീരുബോളേക്കും ഞാനും ഏട്ടനും ഒക്കെ വീട്ടിലെത്തിയിട്ടുണ്ടാകും..അത്രയ്ക്കും വേഗതയിലാണ് ഓട്ടം വീട്ടിലേക്ക്.
വീടിന്റെ മുറ്റത്തേക്ക് എത്തുന്നതിന് മുൻപേ തോളിലുള്ള ബാഗ് വീടിനകത്തേക്ക് ഒരേറാണ്...ബാഗിനുള്ളിലെ ചോറ്റുപാത്രം ഞെളുങ്ങി ഒരു പരുവമായിട്ടുണ്ട്..അതിന്റെ ഒച്ചകേട്ടിട്ടാവും അടുക്കളയിൽ നിന്നും അമ്മയുടെ വരവും അടുക്കളയിലെ ചൂടുള്ള നാലുമണിചായ കുടിക്കുബോൾ ഇടയ്ക്കിടയ്ക്ക് നോക്കും പാടത്തേക്ക്...
ബാഗും പുസ്തകങ്ങളും ഒക്ക പെറുക്കി അമ്മ വരുബോളേക്കും ഞങ്ങൾ പാടത്തെത്തിയിട്ടുണ്ടാകും. ഞങ്ങളെത്തുബോക്കുംകളിതുടങ്ങി കാണും...അന്നൊക്കെ കളിയിൽ ഗോളി നിൽക്കാൻ എല്ലാവർക്കുംമടിയാണ്..കണ്ടം നിറയേ കളികാർ മിക്ക ദിവസങ്ങളിലും കളിയുടെ ആദ്യ പകുതി കഴിഞ്ഞാൽ എന്റെ പോസ്റ്റിലേക്ക് തന്നെയാവും എന്റെ ഗോളടിയും...കളിയുടെ ഹരത്തിൽ സ്വന്തം ടീമിനെയും പോസ്റ്റും മറക്കും.
സന്ധ്യയായ് ഇരുട്ടു പരന്ന് പന്ത് കാണാതെയാവണം അപ്പോഴേ കളി നിറുത്തി കയറിപോരു..
വീട്ടിലെത്തുബോൾ വടിയുംപിടിച്ച് അടിക്കാനൊരുങ്ങി അമ്മ..പിന്നെ ഒരു നാല് റൗണ്ട് വീടിനുചുറ്റുമൊരോട്ടം..ഒന്നോ രണ്ടോ അടിയൊക്കെ കിട്ടല് പതിവും...
പിന്നെ കണറ്റിൻ കരയിൽ നിന്ന് ഒരു കാക്ക കുളിയും..
പഠിക്കുക എന്ന പേരിന് പുസ്തങ്ങൾ ഒന്നു മറിച്ചുനോക്കും...അച്ഛൻ വരുബോളേക്കും ഉറങ്ങണം..
അച്ഛൻ വന്നാൽ പിന്നെ എണീക്കണം പിന്നെ കുറച്ച് നേരം അമ്മയുെട പരാതികൾ അച്ഛനെന്ന കോടതിക്കുമുൻപിൽ അവതരിപ്പിക്കും എല്ലാ ദിവസവും വിധി വരുന്നത് ഇങ്ങനെ..കളികുറച്ച് കുറയ്ക്കണം ഇരുട്ടുന്നതിന് മുൻപേ വീട്ടിലെത്തണം നല്ലപോലെ പഠിക്കണം..തമ്മിൽ തല്ല് കൂടരുത് എല്ലാം മിണ്ടാതെ കേട്ട് നിന്ന് തലയാട്ടും..പിന്നെ അച്ഛന്റെ കൂടെ കുറച്ച് നേരം ചിരിച്ചും കളിച്ചും..
നേരം വെളുത്താൽ രാത്രി അച്ഛൻ പറഞ്ഞതെല്ലാം കാറ്റിൽ പറത്തും..വീണ്ടും കളി നേരം വൈകൽ..
ഒരു ദിവസം അച്ഛൻ നേരത്തെ ജോലിം കഴിഞ്ഞ് വന്നു. അന്ന് ഞങ്ങളെ വിളിച്ച് അച്ഛൻ പറഞ്ഞു നമ്മുക്കൊരു ആടിനെ വാങ്ങാം എന്ന്...... വളരെ സന്തോഷത്തോടെ ഞങ്ങളന്ന് കിടന്നുറങ്ങി...
അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് ഒരു ആടിനേയും കൊണ്ട് അച്ഛൻ വന്നു..പിന്നെ ആടിന് കൂടുണ്ടാക്കി ഞങ്ങൾ പുല്ലുകൾ കൊണ്ടുവരുന്നു പ്ളാവില കൊണ്ടുവരുന്നു..ആടിന്റെ കഴുത്തിൽ ഞാനൊരു മണിയും കെട്ടി. മത്സരമായിരുന്നു ആടിനെ നോക്കൻ...അതൊക്കെ കുറച്ച് ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു.
അന്നൊക്കൊ ആട് വയറ് നിറച്ച് തിന്നുമായിരുന്നു.
പിന്നെ ആടിന്റെ സ്വഭാവം മാറാൻ തുടങ്ങി..ആടിന് എത്ര തീറ്റകൊടുത്താലും ഒന്നും തിന്നില്ല..
സ്കൂൾ വിട്ട് വന്നാൽ ആടിനേംകൊണ്ട് പോകണം..ഞങ്ങൾടെ രണ്ട്പേരുടേം പന്ത് കളി പലദിവസങ്ങളിലും മുടങ്ങും.ഏട്ടൻ പലപ്പോഴും ആടിനെ എന്നെ ഏല്പിച്ചിട്ട് കളിക്കാൻപോകും.
ആടിന് എന്നെ കണ്ടാൽ ഒരു ദയനീയമായ കരച്ചിലാണ്.. എന്റെ ശബ്ദംകേട്ടാൽ അപ്പോൾ കരയും ആട്.. പുല്ല് കണ്ടാൽ മാനംനോക്കി നിൽക്കേം ചെയ്യും.. ഏട്ടൻ കളിക്കുന്നത് കാണുബോൾ ആടിനോട് കലിയിളകി പാടവരംബത്ത് നിന്നിട്ടുണ്ട് മിക്കദിവസങ്ങളിലും. പിന്നെ അതിനെ ചൊല്ലി ഏട്ടനും ഞാനും അടിയും. ഞങ്ങളുടെ അടിപിരിക്കാനെ അമ്മയ്ക്ക് നേരം ഉണ്ടായിരുന്നൊള്ളു..ഞങ്ങളുടെ യുദ്ധഭൂമി അടക്കളയാണ് അവിടെയാണല്ലോ ആയുധങ്ങളുള്ളത്..പുട്ടുംപാത്രവുംഇഡ്ഡലിപാത്രവുമൊക്കയാണ് ആയുധങ്ങൾ ഗ്ളാസുകൊണ്ടുള്ള ഏറ് ഉന്നം പിഴച്ച് ചെല്ലുന്നത് അപ്പുറത്തെ ചേച്ചിയുടെ വീടിന്റെ മുറ്റത്തേക്കും... ഉടനെയെത്തും അവിട്ന്ന് ചോദ്യം...അമ്മയോട്..ചേച്ചി അങ്കം തുടങ്ങിയോ...?
അമ്മ പറയുന്നതിങ്ങനെ... ആ എന്ത് ചെയ്യാനാ ഈ വീട്ടിലേക്കൊരു ആട് വന്നമുതൽ തുടങ്ങിയതാ ഈ യുദ്ധം.
രാത്രി കിടക്കുബോൾ നാളെ നീ നോക്കണംആടിനെ എന്ന് ഏട്ടനോട് പറയുബോൾ ശരി എന്നൊക്കെ പറയുന്ന ഏട്ടൻ ആടിനെ തീറ്റാൻ കൊണ്ടുപോകാൻ നേരം നിറം മാറും..പിന്നെ പൊരിഞ്ഞടിയാകും..അവസാനം അമ്മ പപ്പടകോലുകൊണ്ട് ഓരോന്നു തരുബോൾ നിറുത്തും. അമ്മ എന്നോട് പറയും..ഡാ ആടിന് നിന്നോടാണ് കൂടുതലിഷ്ടം എന്ന്...അപ്പോ ഒരു നോട്ടമുണ്ട് ആടിനെ എനിക്ക്.... ആട് ഭയങ്കര അഭിനയമായിരുന്നു..എത്ര തിന്നാലും അമ്മയുടെയും അച്ഛന്റേയും അടുത്തെത്തിയാൽ ശ്വാസംപിടിച്ച് വയറ് ഒട്ടിച്ച് പിടിക്കും..
ഞാൻ പിന്നെ വീട്ടിലേക്ക് ഒച്ചയൊന്നും ഉണ്ടാക്കാതെയാ ചെല്ലാറ്...എന്നാലും എന്റെ മണം പിടിച്ച് ആട് കരയും ഒരു നാദസ്വരകുഴലിന്റെ ഈണത്തിൽ..
സ്കൂളിൽ നിന്നും ഞാൻ പിന്നീട് സാവധാനമെ വരുകയുള്ളു കാരണം കളിക്കാൻ പറ്റില്ല.
ആടിന്റെ വയറ് നിറയണം അപ്പോൾ കളിക്കാനും പോകാം..ആ ചിന്തയോടെ ഞങ്ങൾ നടക്കുബോളൊണു കളികൂട്ടുകാരിൽ ഒരാൾ പറഞ്ഞത്.
മരച്ചീനിയുടെ ഇല കൊടുത്താൽ വയറ് നല്ലോം വീർത്ത് വരും കരയുകയും ഇല്ല..
അങ്ങനെ ഞങ്ങൾ അതും ചെയ്തു..രണ്ട് ദിവസം വയറും വീർത്ത് ആട് ഒന്നും തിന്നാതെ കരയാതെ കിടന്നു..അച്ഛനെന്തൊക്കയോ മരുന്നു കൊടുത്ത് സുഖപെടുത്തി... ആ രണ്ട് ദിവസം ഞങ്ങൾ നല്ല കളിയും കളിച്ചു. പിന്നെ കൂട്ടത്തിലെ ഒരു പഹയൻ മരച്ചീനിയുടെ ഇല കൊടുത്ത കാര്യം അമ്മയോട് പറഞ്ഞു..
അന്ന് അമ്മയുടെ വക വയറ്നിറയേ കിട്ടി..
പിറ്റേ ദിവസം അമ്മയോട് പറഞ്ഞവന് പലിശ ചേർത്ത് കൊടുത്തു ഞങ്ങൾ..
ഇത്രയൊക്കെ ആയിട്ടും ആടിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും കണ്ടില്ല. എന്റെ ഒച്ചകേട്ടാൽ ആട് കരയും..ആ കരച്ചിൽ കേട്ടാൽ എനിക്ക് കലിയിളകും..
പെരുന്നാൾ അടുത്തു വരുന്നു..സ്കൂളിന് കുറച്ച് ദിവസം അവധിയാകും...പക്ഷേ ഈ ആട് കാരണം കളി നടക്കില്ല.
അതോർത്തിരിക്കുബോളാ ആടിനെ വിൽക്കാൻ പറയാം എന്ന ചിന്ത ഞങ്ങളിൽ വന്നത്.
ആദ്യം അമ്മയോട് പറഞ്ഞു.. രാത്രി അച്ഛൻ വന്നപ്പോൾ അമ്മ ആടിനെ വിൽക്കണകാര്യം പറഞ്ഞു.
അങ്ങനെ ആടിനെ വിൽക്കാനുള്ള തീരുമാനമായി..
സന്തോഷംകൊണ്ട് തുള്ളിചാടിയ നിമിഷങ്ങൾ...
അപ്പോഴും ആട് കരയുന്നുണ്ടായിരുന്നു..
രാവിലെ ഞാൻ ആടിനെ നോക്കി പറഞ്ഞു...നിന്നെ ഞങ്ങൾ വില്ക്കാൻ പോകാ...പാവം അപ്പോളും അത് എന്നെ നോക്കി കരഞ്ഞു..
പിന്നെ ഒരു ഞായറാഴ്ച ദിവസം ഒരാൾ വന്നു ആടിനെ കൊണ്ടുപോകാൻ..
അച്ഛന്റെ കൈയ്യിൽ അയാൽ കുറച്ച് നൂറിന്റെ നോട്ടുകൾ കൊടുത്തു..
പിന്നെ ആടിന്റെ അടുത്തേക്ക് ചെന്നു....ആട് അയാളെയും ഞങ്ങളെയും നോക്കി കുറെ കരഞ്ഞു.. കഴുത്തിൽ കെട്ടിയ മണി അഴിച്ച് അയാൾ എന്റെ കയ്യിൽ തന്നു..പോകാൻ കൂട്ടാക്കാതെ ആട് ഞങ്ങളെ നോക്കി കരഞ്ഞു..
വീട്ടിൽ നിന്നും ഒരംഗത്തെ കൊണ്ടുപോകുംപോലെ തോന്നി എനിക്ക് കണ്ണുകൾ നിറഞ്ഞു..അച്ഛാ ആടിനെ കൊടുക്കണ്ട എന്ന് പറയണം എന്നുണ്ട് ശബ്ദം തൊണ്ടയിൽ സങ്കടങ്ങളിൽ മുങ്ങി പുറത്തേക്ക് വന്നില്ല....ആടിനെയും വലിച്ചുകൊണ്ടയാൾ നടന്നുപോയ്...
ആട് വാവിട്ട് കരയുന്നുണ്ട് ഒരു കുട്ടിയേ പോലെ..ആ കരച്ചിൽ ദൂരേ നിന്നും കേൾക്കാമായിരുന്നു...ഏട്ടനും എന്റടുത്ത് കണ്ണു നിറച്ചു നിൽക്കുന്നുണ്ട്...ഒന്നുംമിണ്ടാതെ...
അച്ഛൻ ആ പണം കൊണ്ട് പുറത്ത് പോയ്. സന്ധ്യയ്ക്ക് തിരിച്ച് വന്നപ്പോൾ..ഞങ്ങൾക്കുള്ള ഓരോ ജോഡി വസ്ത്രങ്ങളും ഉണ്ടായിരുന്നു കൈയ്യിൽ.
പിന്നെ അമ്മയോട് പറയുന്നതും ഞങ്ങൾ കേട്ടു...ആടിനെ പെരുന്നാളിനു വെട്ടാനാത്രെ...കൊടുക്കേണ്ടതില്ലായിരുന്നു...പാവം. നമ്മ്ടെ മക്കൾക്ക് സങ്കടായിട്ടുണ്ടാകും ല്ലേ...
അമ്മ ഒന്നു മൂളുക മാത്രം ചെയ്തു...
ഇതൊക്കെ കേട്ടു നിന്ന ഞങ്ങൾ കരയാൻ തുടങ്ങി..അമ്മയും അച്ഛനും ഞങ്ങളെ പലതും പറഞ്ഞാശ്വാസിപ്പിച്ചു... ആടിനെ ഞങ്ങൾ എന്തൊക്കെ ദ്രോഹം ചെയ്തു അതൊക്കെ ഓർത്ത് കൂറെ കരഞ്ഞു...
പാവം മിണ്ടാപ്രാണി....അതിനെ വലിച്ചിഴച്ച് കൊണ്ടുപോയപ്പോൾ ആ കരച്ചിൽ...ഞങ്ങളെ ഒരുപാടിഷ്ടായിട്ടല്ലേ...അങ്ങനെ കരഞ്ഞത്......
അച്ഛൻ ആടിനെ വിറ്റ പണംകൊണ്ട് വാങ്ങിയ വസ്ത്രങ്ങൾ ഞങ്ങൾ ഇട്ടില്ല...മാസങ്ങൾ കഴിഞ്ഞപ്പോൾ ആ വസ്ത്രങ്ങൾ അമ്മ ആർക്കോ കൊടുത്തു...ആടിന്റെ കഴുത്തിൽ കെട്ടിയ ആ മണി..ഞങ്ങൾ സൂക്ഷിച്ചു വച്ചു...പിന്നെ ഞങ്ങൾ വഴക്കു കൂടിയിട്ടില്ല..
നേരത്തേ കളി നിറുത്തി വരും അമ്മയുടെ കൈയ്യിൽ നിന്നുംഅടിയുംവാങ്ങിയിട്ടില്ല..
മൃഗങ്ങൾക്ക് മനുഷ്യനേക്കാളും സ്നേഹിക്കാനറിയാം.........
===മുരളിലാസിക===

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot