നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാന്യതയുടെ മുഖം മൂടി


എന്റെ കൈകളിൽ വിലങ്ങണിയിച്ച് പോലീസുകാരെന്നെ പുറത്തേക്കിറക്കുമ്പോൾ ഞാൻ കണ്ടു എന്നെ പരിഹാസത്തോടെയും വെറുപ്പോടെയും നോക്കുന്ന ജനക്കൂട്ടത്തെ...
ഫ്ളാഷ് ന്യൂസ് ആയി എന്റെ ഫോട്ടോയടക്കം ചാനലുകളിൽ അപ്പോഴും എന്നെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..
സിറ്റിയിലെ ചെന്താമര എന്ന പ്രമുഖ ജ്വല്ലറിയിൽ നിന്നും
ലക്ഷങ്ങൾ വിലപിടിപ്പുള്ള വജ്രാഭരണം കവർന്ന ജീവനക്കാരി അറസ്റ്റിൽ എന്ന തലക്കെട്ടോടെ
ചാനലുകൾ എന്നെ കുറിച്ചുള്ള വാർത്ത ഒരു ആഘോഷമാക്കുകയാണ് ...
അറിഞ്ഞു കൊണ്ടിന്നോളം അന്യന്റെതായ ഒരു മൊട്ടുസൂചി പോലും ഞാൻ മോഷ്ടിച്ചിട്ടില്ല..
എന്നിട്ടും ഞാനിന്നൊരു പെരും കള്ളിയെന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു...ഈ ഭൂമി രണ്ടായി
പിളർന്ന് ഞാൻ അതിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയിരുന്നെങ്കിൽ എന്നൊരു നിമിഷം വേദനയോടെ ആശിച്ചു പോയി..
അപമാനഭാരത്താൽ തല കുമ്പിട്ട് നിൽക്കുന്ന എന്റെ മുഖമൊന്നു കാണാനും ക്യാമറയിൽ അത് പകർത്താനും ആൾക്കാരുടെ തിക്കും തിരക്കും അതിനൊപ്പം കളിയാക്കിയുള്ള പലതരം വാക്കുകളും..
മാതൃക അദ്ധ്യാപകനായി ആദരിക്കപ്പെട്ട മാധവൻ മാഷിന്റെ മകൾ ഇന്നൊരു കള്ളിയായി
ഈ സമൂഹത്തിന്റെ മുന്നിൽ മാറിയതറിഞ്ഞാൽ......
വയ്യ ..ഓർക്കാൻ കൂടി ആവുന്നില്ല എന്റെ അച്ഛനത് എങ്ങനെ താങ്ങാനാകുമെന്ന്...
അമ്മയുടെ മരണത്താലുള്ള വേർപാട് താങ്ങാനാകാതെ അച്ഛനൊരു ഹൃദ്രോഗിയായതാണ്...പിന്നീട് ... സ്വന്തം കിടപ്പാടം.. പണയപ്പെടുത്തി ഏട്ടനെ മെഡിസിന് പഠിപ്പിക്കാനയച്ച് ക്യാംപസ് രാഷ്ട്രീയത്തിൽ
ഏട്ടൻ ബലിയാടായപ്പോഴും അച്ഛനത് ഉൾക്കൊള്ളാനാവാതെ ശരീരം തളർന്ന് കിടപ്പിലായതാണ്...
ഇനി ഈ മകൾ കാരണം എന്റെ അച്ഛന്റെ ജീവൻ കൂടി....ദൈവമേ.. മിഴികൾ നിറഞ്ഞൊഴുകി എന്റെ
കാഴ്ചകൾ മൂടപ്പെടുന്നു..
അച്ഛൻ തളർന്ന് കിടപ്പിലായപ്പോഴാണ് ദാരിദ്ര്യം
എന്തെന്ന് ഞാനറിയുന്നത്.അച്ഛന് കിട്ടുന്ന തുച്ഛമായ പെൻഷൻ കൊണ്ട് വീട്ടു ചിലവും ,അച്ഛന്റെ ചികിത്സയും ,വീടിന്റെ ലോണും അടയ്ക്കാൻ
തികയില്ലെന്ന് മനസ്സിലായപ്പോഴാണ് ഈ ജ്വല്ലറിയിൽ ജോലിക്കായി വന്നത്..പ്രീഡിഗ്രിയോടെ പഠനം നിർത്തിയ എനിക്ക് ഇതിലും മികച്ചൊരു ജോലി കിട്ടാൻ വേറെ വഴിയും ഇല്ലല്ലോ...
അച്ഛന്റെ ചികിത്സയുടെ ആവശ്യത്തിനായി
മുതലാളിയോട് ഒരു മാസത്തെ ശമ്പളം അഡ്വാൻസായി ചോദിച്ചപ്പോൾ പകരം അയാളെന്റെ ശരീരമാണ് ആവശ്യപ്പെട്ടത്..
മാനം വിറ്റുള്ള പണം എനിക്ക് വേണ്ടെന്ന് തുറന്നു
പറഞ്ഞത് അയാൾക്ക് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല...
മാനസികമായി ജോലി കാര്യങ്ങളിൽ അയാൾ പീഡനം തുടർന്നു..
ഒരു ദിവസം അവിചാരിതമായി മുതലാളിയുടെ റൂമിൽ വെച്ച് എനിക്കൊപ്പം ജോലി ചെയ്യുന്ന അനുവിനെ അരുതാത്ത രീതിയിൽ കണ്ടതും
അവർക്ക് രണ്ടാൾക്കും എന്നോടുള്ള വൈരാഗ്യം
കൂടാൻ ഇടയായി...ഇവിടെ ഇതൊക്കെ പതിവാണെന്നും അതനുസരിച്ച് നിന്നാൽ മുതലാളി ശമ്പളം കൂട്ടിത്തരുമെന്നും അനു എന്നോട് പറഞ്ഞപ്പോൾ അറപ്പും വെറുപ്പുമാണ് അവളോട് തോന്നിയത്..
മാനസികമായുള്ള പീഡനങ്ങൾ സഹിക്കാൻ വയ്യാതെ വന്നപ്പോൾ നിവൃത്തി കേടുകൊണ്ട്
പറഞ്ഞു പോയതാണ്........
"ഇനിയെന്നെ ഇങ്ങനെ ഉപദ്രവിച്ചാൽ മുതലാളി
ഈ സ്ഥാപനത്തിലെ ജീവനക്കാരോട് കാണിക്കുന്ന വൃത്തികേടുകൾ ഞാൻ ഈ സമൂഹത്തോട് വിളിച്ചു പറയുമെന്ന്.".
അതിനുള്ള പ്രതികാരം എന്നോടയാൾ തീർക്കുന്നത് എന്നെ ഒരു കള്ളിയായി മാറ്റിയിട്ടാകുമെന്ന് ഞാനറിഞ്ഞിരുന്നില്ല...
കുറച്ച് മുൻപാണ് ജ്വല്ലറിയിൽ വൈദ്യുതി
ഇല്ലാതായത്..ഇല്ലാതായതല്ല അയാൾ
മനപൂർവ്വം മെയിൻ സ്വിച്ച് ഓഫ് ചെയ്തതാണ്
ആ സമയത്ത് സി.സി ടി വി ക്യാമറ വർക്ക്
ചെയ്യില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെ അയാൾ
ആ വജ്രാഭരണങ്ങളെടുത്ത് അനുവിനെ കൊണ്ട്
ഞങ്ങൾ സ്റ്റാഫിന്റെ റൂമിലിരിക്കുന്ന എന്റെ
ബാഗിനുള്ളിൽ അത് വെപ്പിച്ചതാണ്.....
അതിനാലാണ് കറണ്ട് വന്ന സമയത്ത് അനുവിനെ അവിടെയെങ്ങും കാണാതിരുന്നത്
അവൾ സ്റ്റാഫ് റൂമിൽ നിന്നും ഇറങ്ങി വരുന്നത്
കണ്ടപ്പോൾ എനിക്കു വേണ്ടി ചതിയൊരുക്കിയിട്ടാണ് വരുന്നതെന്ന് ഞാനറിഞ്ഞില്ലല്ലോ ഈശ്വരാ...
ഡ്യൂട്ടി കഴിഞ്ഞ് പോകാനായി ഞാൻ ബാഗുമെടുത്ത് ഇറങ്ങിയപ്പോഴാണ് മുതലാളി
പറയുന്നത് "ആരും ഇപ്പോൾ പോകണ്ട ഇവിടെ
ഒരു മോഷണം നടന്നിട്ടുണ്ട്..അതിനാൽ പോലീസെത്തി പരിശോധന.കഴിഞ്ഞിട്ട് പോയാൽ
മതി"യെന്ന്...
അപ്പോൾ ഞാനറിഞ്ഞിരുന്നില്ല എനിക്കുള്ള
ചതി ഒരുക്കിയിട്ടാണ് അയാളത് പറഞ്ഞതെന്ന്..
നിമിഷങ്ങൾക്കകം പോലീസെത്തി.. അതിനോടൊപ്പം തന്നെ ചാനലുകാരും..എല്ലാം അയാളുടെ പണത്തിന്റെ പുറകിലുള്ള സ്വാധീനമായിരുന്നു ...പോലീസ് പരിശോധന തുടങ്ങി .കൂട്ടത്തിൽ എന്റെ ബാഗും അവർ പരിശോധിക്കാനായി ചോദിച്ചു...
സന്തോഷത്തോടെ എന്റെ ബാഗ് അവരുടെ കയ്യിലേക്ക് കൊടുത്തപ്പോൾ ഞാനറിഞ്ഞിരുന്നില്ല
എന്റെ അഭിമാനമാണ് എനിക്ക് നഷ്ടപ്പെടാൻ പോകുന്നതെന്ന്...
ബാഗിന്റെ സൈഡിലുള്ള ചെറിയ അറയിൽ നിന്നും ആഭരണം കണ്ടെടുത്തതും പോലീസെന്റെ
മുഖമടച്ച് ഒരടി അടിച്ചതും ഒരുമിച്ചായിരുന്നു
അടിയേക്കാളെന്നെ വേദനിപ്പിച്ചത് കള്ളീ എന്നുള്ള
അവരുടെ വിളി ആയിരുന്നു....അടി കൊണ്ട്
പിന്നിലേക്ക് വേച്ച് വീഴാൻ പോയ എന്നെ
വീണ്ടും അവർക്കു മുന്നിലേക്ക് അയാൾ പിടിച്ചു നിർത്തി..
കൈയ്യാമം വെച്ചെന്നെ പോലീസുകാർ ജ്വല്ലറിയിൽ നിന്നും.പുറത്തേക്കിറക്കുമ്പോൾ
ഞാൻ കണ്ടു ഒരു വിജയിയെ പോലെ നിൽക്കുന്ന
അയാളുടെ മുഖം....എന്നെയൊരു കള്ളിയായി
ചിത്രീകരിക്കപ്പെട്ടതിലൂടെ അയാളുടെ മാന്യതയുടെ മുഖം മൂടി ഭദ്രമാക്കപ്പെടുകയാണല്ലോ...മാന്യതയുടെ മുഖം മൂടിയണിഞ്ഞ ആ മനുഷ്യ ചെന്നായയ്ക്ക്
പണം കൊണ്ട് അമ്മാനമാടാനുള്ളതാണ്
നിയമം പോലും..പെണ്ണിന്റെ മാനത്തിന് ഒരു
വിലയും കല്പിക്കാത്ത ഇത് പോലുള്ള സമ്പന്നതയുടെ രാജാക്കൻമാർക്ക് നീതിപീഠം
വിധിയെഴുതിയില്ലെങ്കിലും ഈശ്വരൻ ഒരിക്കൽ
നിനക്കുള്ള വിധി തീർപ്പാക്കും എന്ന് ഉച്ചത്തിൽ
വിളിച്ചു പറയണമെന്നെനിക്കുണ്ടായിരുന്നു...
ന്യായാന്യായങ്ങൾ നിരത്തി എനിക്ക് വേണ്ടി വാദിക്കാൻ ലക്ഷങ്ങളുടെ പിൻബലമില്ലാതെ
ഒരു വക്കീലും ഉണ്ടാകില്ല..പണമുള്ളവന് വേണ്ടി
മാത്രമായി എഴുതപ്പെട്ട നിയമത്തിൽ എനിക്ക്
വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു..നീതി കിട്ടാതെ
അലയുന്ന സൗമ്യയുടെ ആത്മാവിനെ പോലെ തന്നെ നീതികിട്ടാത്ത ഒരുവളായി ഞാനും മാറുമെന്നെനിക്കറിയാം...
ജയിലഴികളിലേക്കാണെന്റെ മടക്കം എന്നറിയാമെങ്കിലും തനിച്ചായി പോകുന്ന എന്റെ
അച്ഛൻ.....ആ ഒരു വേദന മാത്രമാണെന്റെ നെഞ്ചിനുള്ളിൽ..
(പണത്തിനും സ്വാധീനത്തിനും പിന്നിൽ നമ്മളറിയാതെ പോകുന്ന ചതിക്കപ്പെട്ട പെൺകുട്ടികൾക്കായി )
By....RemyaRajesh....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot