നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

===നിഷ്ക്കുവിന്റെ ലീലകൾ===


===നിഷ്ക്കുവിന്റെ ലീലകൾ===
-------------------------------------------------------
ഒരിടത്തു ഒരു നിഷ്കു ഉണ്ടായിരുന്നു.. നിഷ്കു എന്ന് പറഞ്ഞാൽ ബ്രഹ്‌മാണ്ഡ നിഷ്കു.
നിഷ്ക്കുവിന് കള്ളം ഇല്ല, പൊളി ഇല്ല, തള്ളൽ ഇല്ല, ട്രോളൽ ഇല്ല.. എള്ളോളം ഇല്ല പൊളി വചനം.
എന്തിനു പറയുന്നു, കള്ളനും പോലീസും കളിക്കുമ്പോൾ പോലും നിഷ്കു കള്ളനാവാൻ സമ്മതിക്കില്ല..
കള്ളുകുടി ബീഡിവലി വായ്നോട്ടം എന്നൊക്കെ കേട്ടാലേ നിഷ്ക്കുവിന് ബോധം പോവും.
നിഷ്കു പരമ ഭക്തനായിരുന്നു; നിഷ്കു നാമം ജപിക്കുന്നത് കേട്ടിട്ടാണ് ആ നാട്ടിലെ ക്ലോക്കുകൾ ആറുമണിയായി എന്ന് തീരുമാനിച്ചിരുന്നത്..
നിഷ്കു പഠിപ്പിസ്റ്റായിരുന്നു.. നിഷ്ക്കുവിന്റെ ഉത്തര കടലാസ് നോക്കിയാണ് ടീച്ചർമാർ ചോദ്യപേപ്പർ കറക്റ്റ് ചെയ്തിരുന്നത്..
'ആ നിഷ്കൂനെ കണ്ടു പടിക്ക്' എന്ന് നാട്ടിലെ ഓരോ അമ്മമാരും ആൺ പെൺ വ്യത്യാസമില്ലാതെ അവരവരുടെ മക്കളോട് പറഞ്ഞു.
നിഷ്കു പക്ഷെ ഒരു ലോല ഹൃദയാണ് ആയിരുന്നു.. എന്ന് വച്ചാൽ ആരെങ്കിലും ഉറക്കെ ഒന്ന് തുമ്മിയാൽ നിഷ്ക്കുവിന്റെ ബോധം പോവും..
ഉദാഹരണത്തിന് നിഷ്ക്കുവിന്റെ ക്രിക്കറ്റ്..
ഭയങ്കര ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു. അടുത്ത വീട്ടിലെ ചേച്ചീടെ മൂന്നു വയസുള്ള മോൻ ഇട്ടു കൊടുക്കുന്ന ബോൾ നിഷ്കു നിഷ്കരുണം സിക്സ് അടിച്ചു പറത്തിയിരുന്നു. കളിയുടെ മികവ് കാരണം വേറെ ആരും നിഷ്കുവിനെ കളിക്കാൻ എടുത്തിരുന്നില്ല. എന്ന് മാത്രമല്ല വെള്ളം എടുത്തു കൊടുക്കാൻ പോലും കളിസ്ഥലത്തു ചെന്ന് പോവരുത് എന്ന് നിഷ്ക്കുവിന് വിലക്ക് നിലവിലുണ്ട്.. ഒരു തവണ മുകളിലേക്ക് ഉയർന്ന ബോൾ പിടിക്കാനുള്ള ശ്രമത്തിടയിൽ ബോൾ നിഷ്ക്കുവിന്റെ മൂക്കിൽ കൊള്ളുകയും നിഷ്കു ബോധം കെട്ടു വീഴുകയും ചെയ്തിരുന്നു.. അതിനു ശേഷം എപ്പോ പന്ത് മുകളിലേക്ക് ഉയർന്നാലും നിഷ്ക്കുവിന്റെ ബോധം പോവും.. ചെയ്തതിന്റെ പരിണാമ ഫലമായിരുന്നു ആ നിഷ്ക്കുവിന് മേലെ ഉണ്ടായിരുന്ന വിലക്ക്.
നിഷ്കു സ്ത്രീവിരോധി ആയിരുന്നു.. വിരോധിക്കാൻ ഉള്ള ചങ്കൂറ്റം ഒന്നും ഇല്ല എങ്കിലും നേരെ നോക്കാൻ ഉള്ള ഭയം അദ്ദേഹത്തെ വിരോധി ആക്കിയതാണ്..
നിഷ്കു കണ്ട സിനിമകൾ ഭക്തകുചേല, കുമാരസംഭവം, സ്വാമി അയ്യപ്പൻ, കൃഷ്ണ ഗുരുവായൂരപ്പ ഇത്യാദികൾ ആയിരുന്നു.. ഗുരുവായൂർ കേശവൻ കാണുവാൻ ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അതിൽ സോമനും ജയഭാരതിയും പാറ്റയിട്ടു. ജയഭാരതിയുടെ ചിരി നിഷ്ക്കുവിന് സഹിക്കാവുന്നതിലും ഏറെ ആയിരുന്നു.
ഭരതന്റെ വൈശാലി പുരാണകഥ എന്ന് കരുതി കണ്ട നിഷ്കു മൂന്നു ദിവസം ആശുപത്രിയിൽ കിടന്നു.. അതും വിത്ത് ഗ്ലൂക്കോസ്..
സ്കൂളിൽ ഒരു പെൺകുട്ടി കണക്കു സംശയം ചോദിച്ചപ്പോഴും നിഷ്ക്കുവിന് ബോധക്ഷയം ഉണ്ടായിട്ടുണ്ട്..
അങ്ങനെയുള്ള നിഷ്കുവിനെയും കൊണ്ടാണ് ചേട്ടന്മാർ രണ്ടുപേരും സിനിമക്ക് പോയത്. സിനിമ പാലാട്ട് കോമൻ, വീട്ടിൽ നിന്ന് ഫസ്റ്റ് ക്‌ളാസ്സിന് ഇരിക്കാൻ ഒരാൾക്ക് മൂന്നര രൂപ വീതമായിരുന്നു കൊടുത്തത്.. എന്നാൽ കുരുട്ടുബുദ്ധികളായ ചേട്ടന്മാർ ആയിരുന്ന ടിക്കറ്റ് രണ്ടു രൂപയുടെ മൂന്നാം ക്ലാസ്സ് ടിക്കറ്റ് എടുക്കുകയും ബാക്കി പൈസക്ക് ജ്യൂസ് കുടിക്കാൻ തീരുമാനിക്കുകയും ആയിരുന്നു.. വിശ്വാസവഞ്ചന .. കുറ്റകൃത്യം.. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ന്റെ പൈസ മറിച്ചു മൂന്നാം ക്ലാസ് ടിക്കറ്റ് ഇൽ സിനിമ കാണുക.. അതും വീട്ടുകാർ അറിയാതെ.. ചേട്ടന്മാരോട് കയർക്കാൻ കപ്പാസിറ്റി ഇല്ലാതിരുന്ന നിഷ്കു കുറ്റബോധം നീറിപ്പുകയുന്ന മനസുമായി അവരുടെ കൂടെ മൂന്നാം ക്ലാസ്സ് ടിക്കറ്റ് ഇൽ ഇരുന്നു സിനിമ കണ്ടു.. ശേഷം അവർ വാങ്ങിക്കൊടുത്ത കൈതച്ചക്ക ജ്യൂസ് ഉം കുടിച്ചു.. മുന്തിരി വേണ്ട എന്ന് പറഞ്ഞു കൈതച്ചക്ക വാങ്ങിയത് നിഷ്കു തന്നെയാണ്.. ഒരു ജ്യൂസിന് രണ്ടു രൂപയാണ് വില.. ടിക്കറ്റിൽ നിന്നും ലാഭിച്ചത് നാലര രൂപ.. മൂന്നു ജ്യൂസിന് ആറ് രൂപ .. ബാക്കി ഒന്നര രൂപ എവിടന്നു കിട്ടി.. നിഷ്കിവിന്റെ ടെൻഷൻ ഇരട്ടിയായി..
കുറ്റബോധം ഖനം തൂങ്ങുന്ന മനസുമായി നിഷ്കു വീട്ടിലെത്തി.. 'അമ്മ എത്ര നിർബന്ധിച്ചിട്ടും നിഷ്ക്കുവിന് കഞ്ഞി ഇറങ്ങിയില്ല.. പഠിക്കാൻ കഴിയുന്നില്ല.. അവസാനം ഉറക്കവും നഷ്ടമായപ്പോൾ നിഷ്കു എല്ലാം ഏറ്റുപറഞ്ഞു മാപ്പു സാക്ഷിയാവാൻ തീരുമാനിച്ചു. വിറയ്ക്കുന്ന കാലുകളോടെ, നീറുന്ന നെഞ്ചോടെ നിഷ്കു നമ്മുടെ മുന്നിലെത്തി പൊട്ടിക്കരഞ്ഞു..
"അമ്മെ.. ഞങ്ങൾ തെറ്റ് ചെയ്തമ്മേ.. തെറ്റ് ചെയ്തു!!"
'അമ്മ ഞെട്ടി.. "എന്ത് തെറ്റ് മോനെ." 'അമ്മ ചോദിച്ചു..
"ഞങ്ങൾ ജ്യൂസ് കുടിച്ചമ്മേ.. അമ്മയോട് പറയാതെ ജ്യൂസ് കുടിച്ചമ്മേ"
പാലാട്ടുകോമൻ കണ്ടതിന്റെ ആണോ എന്തോ ഡയലോഗ്കൾക്ക് ഒരു വള്ളുവനാടൻ ശൈലി ആയിരുന്നു..
ഉടനെ തന്നെ 'അമ്മ യുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണസംഘം ചേട്ടന്മാരുടെ രണ്ടു അഴിമതികൾ തെളിയിച്ചു..
സിനിമ തിരിമറിയും
കാശ് കുടുക്ക കുലുക്കിമറിയും..
ശിക്ഷയായി അത്താഴം നിഷേധിക്കപ്പെട്ട ചേട്ടന്മാർ അന്ന് ഉറക്കമില്ലാതെ തിരിഞ്ഞു മറിഞ്ഞു കിടന്നപ്പോൾ നിഷ്കു ബാക്കിയായ കഞ്ഞി കുടിച്ചു മനസമാധാനത്തോടെ കിടന്നുറങ്ങി. അപ്പോഴെല്ലാം ചേട്ടന്മാർ നിഷ്കുവിനെതിരെ തന്ത്രങ്ങൾ മെനയുകയായിരുന്നു..
ഏകദേശം ഒരാഴ്ച കഴിഞ്ഞു ഒരു ദിനം.. നിഷ്കു പതിവ് പോലെ സ്കൂൾ കഴിഞ്ഞു കൃത്യം നാലേ മുപ്പത്തഞ്ചിന് വീടിന്റെ അടുത്തുള്ള കടയുടെ മുന്നിലൂടെ പാസ് ചെയ്തു.. സൈക്കിളിലാണ് യാത്ര.. അപ്പോഴാണ് ചേട്ടന്മാരുടെ വിളി കേട്ടത്.. 'നേരെ വാ നേരെ പോ' നിഷ്കു കടയിൽ നിൽക്കുന്ന ചേട്ടന്മാരെ കണ്ടിരുന്നില്ല..
ഇടതു വശത്തേക്ക് പാർക്ക് ചെയ്യാൻ പോവുന്നു എന്ന അടയാളമായി ഇടതു കൈ ഇടതു വശത്തേക്ക് കാണിച്ചു പുറകിൽ ടയർ വണ്ടി തട്ടി വന്ന കുട്ടിക്ക് നിഷ്കു സിഗ്നൽ കൊടുത്തു. അവൻ ഹോൺ അടിച്ചു കടന്നു പോയി.. നിഷ്കു സൈക്കിൾ പാർക്ക് ചെയ്തു..
"ഡാ .. ജ്യൂസ് വേണോ?" ചേട്ടൻ ചോദിച്ചു..
ജ്യൂസ് നിഷ്ക്കുവിന്റെ വീക്നെസ് എന്ന് ചേട്ടന്മാർക്കു അറിയാം.. എന്നാലും നിഷ്കു വേണ്ട എന്ന് പറഞ്ഞു.. 'അമ്മ അറിയാതെ എങ്ങനെ കുടിക്കും
"ഡാ 'അമ്മ പൈസ തന്നതാ.. നിനക്ക് വാങ്ങി തരാൻ പറഞ്ഞു"
നിഷ്കു പിന്നീട് ഒന്നും ആലോചിച്ചില്ല.. വായിൽ അപ്പോഴേ വെള്ളം നിറഞ്ഞിരുന്നു..
"ശരി ചേട്ടാ .. കൈതച്ചക്ക മതീട്ടാ" നിഷ്കു വിനയത്തോടെ പറഞ്ഞു..
"ഒരു പുതിയ ജ്യൂസ് വന്നിട്ടുണ്ട്.. നീ കുടിച്ചു നോക്ക്" ചേട്ടൻ പറഞ്ഞു..
"വേണ്ട ചേട്ടാ കൈതച്ചക്ക മതി.."
"നീ കുടിച്ചു നോക്കെടാ" ചേട്ടൻ നിർബന്ധിച്ചപ്പോൾ നിഷ്ക്കുവിന് വേണ്ട എന്ന് പറയാൻ പിന്നെ പറ്റിയില്ല..
ചേട്ടന്മാർ മുൻകൂട്ടി തയ്യാറാക്കിയ ജീരകസോഡയിൽ ദശമൂലാരിഷ്ടം ചേർത്തു ഇളക്കിയ ദ്രാവകം നിഷ്ക്കുവിന് കൊടുത്തു.. ഒരു സിപ് എടുത്തു സംശയിച്ചു നിന്ന നിഷ്കുവിനെ ചേട്ടന്മാർ പ്രോത്സാഹിച്ചപ്പോ നിഷ്കു അപ്പൊ തന്നെ മുഴുവൻ ഗ്ളാസ്സും കുടിച്ചു..
കുടിച്ചു ചിറി തുടച്ചു സൈക്കിളിൽ കയറിയ നിഷ്കിവിന്റെ അടുത്തേക്ക് കൗശലക്കാരായ കുറുക്കന്മാരെ പോലെ ചേട്ടന്മാർ നടന്നടുത്തു..
"ഡാ.. നീ ഇപ്പൊ കുടിച്ചത് എന്താണെന്ന് അറിയോ?"
"ജ്യൂസ്"
"എന്ത് ജ്യൂസ്?"
നിഷ്ക്കുവിന് അപ്പോഴാണ് അത് ഓടിയത്.. പറഞ്ഞ പോലെ ഇതെന്തു ജ്യൂസ്!
"ഡാ പൊട്ടാ .. നീ കുടിച്ചത് വിസ്കിയാണെടാ വിസ്കി .. "
"എന്തൂട്ടാ ഈ വിസ്കി ? " നിഷ്ക്കുവിനുണ്ടോ അറിയുന്നു എന്താണ് വിസ്കി എന്ന്..
"മദ്യമാണെടാ മദ്യം" ചേട്ടന്മാർ രണ്ടുപേരും കൂടി കോറസ്സായി പറഞ്ഞു..
"മദ്യമാണെടാ മദ്യം"
"മദ്യമാണെടാ മദ്യം"
"മദ്യമാണെടാ മദ്യം"
"മദ്യം..മദ്യം ..മദ്യം....അതും വിസ്കിമദ്യം.."
ആ വാക്കുകൾ ഒരു ഇടിമിന്നൽ പോലെ.. ഇടിതീ പോലെ നിഷ്ക്കുവിന്റെ കർണ്ണപടത്തെ ഭേദിച്ചു മസ്തിഷ്കത്തിൽ പ്രകമ്പനം കൊണ്ടു..
ഡിം... ദേ കിടക്കുന്നു നിഷ്കു ചക്ക വെട്ടി ഇട്ടപോലെ താഴത്ത്.. കൂടെ സൈക്കിളും.. ബോധക്ഷയം..............................................
അടുത്തുള്ള തോട്ടിൽ നിന്നും വെള്ളം കോരി ചേട്ടന്മാർ നിഷ്കുവിനെ ഉണർത്തി..
അപ്പോഴേക്കും നിഷ്കു ഫുൾ പറ്റായി കഴിഞ്ഞിരുന്നു.. മദ്യത്തിന്റെ വിഷം നിഷ്ക്കുവിന്റെ സിരകളിൽ പടർന്നിരുന്നു..
'മദ്യത്തിനെ' ആസക്തിയിൽ നിഷ്കിവിനു കണ്ണുകൾ തുറക്കാൻ കഴിഞ്ഞില്ല.. വാക്കുകൾ കുഴഞ്ഞു.. ഇഴഞ്ഞിഴഞ്ഞു നിഷ്കു സൈക്കിളിനടുത്തെത്തി..
ചേട്ടന്മാർ അവനെ സഹായിച്ചു..
"പോഴാ ചേട്ടാ.. പട്ടി ചേട്ടാ.. പണ്ടാഴക്കാലാ ചേട്ടാ"
അഴകുഴാണ് നിഷ്കു പുലമ്പി..
"മദ്യം വിഷമല്ലെടാ ചേട്ടാ.. ഷ്റീനാറായണഗുരു പഴഞ്ഞിട്ടില്ലെടാ ദുഷ്ടാ ചേട്ടാ..പണ്ടാഴക്കാലാ ചേട്ടാ" നിഷ്കു വിതുമ്പി
അവനെയും സൈക്കിളിനെയും ചേട്ടന്മാർ ഒരുവിധത്തിൽ വീടിനു മുൻവശം വരെ എത്തിച്ചു, അവർ മുങ്ങി..
ആരോ വീഴുന്ന ശബ്ദം കേട്ട് 'അമ്മ ഉമ്മറത്തു വന്നു.. ഷർട്ടൂരി തലയിൽ മൂടി നിഷ്കു..
"ഞാൻ നഷിച്ചമ്മേ.. നഷിച്ചു.. " അമ്മയുടെ സാമീപ്യം മനസിലാക്കിയ നിഷ്കു നിലവിളിച്ചു..
"എന്താ ?" 'അമ്മ അവന്റെ അടുത്തു വന്നിരുന്നു ഷർട്ട് എടുത്തു മാറ്റി.. അമ്മയെ നോക്കാനാവാതെ നിഷ്കു തറയിൽ കമിഴ്ന്നു കിടന്നു..
"ഞാൻ.. ഞാൻ വിഷ്‌കി മദ്യപാനിയായമ്മേ.. എല്ലാം നഷിച്ചമ്മേ.. "
"മദ്യപാനിയോ.. ?" 'അമ്മ ആകെ പരിഭ്രാന്തയായി.. "എങ്ങനെ.. എവിടന്നു"
"എന്നെ രശിക്കൂ മാതാവേ.."
ഒരു നിലവിളിയോടെ വീണ്ടും നിഷ്കു ബോധരഹിതനായി..
ഇടക്ക് ബോധം വന്നപ്പോഴെല്ലാം നിഷ്കു വാള് വച്ചു. ആ വാളെല്ലാം ചേട്ടന്മാരുടെ കിടക്കയിലും ഉടുപ്പിലും ആവാൻ നിഷ്കു പ്രത്യേകം ശ്രദ്ധിച്ചു..
കളി നിഷ്ക്കുവിനോട്!!
Sanvi King
09/01/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot