നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വർണ്ണക്കൊടിമരം


സ്വർണ്ണക്കൊടിമരം
ഗായത്രി....തിരുവോണം നക്ഷത്രം....ആളുണ്ടോ?തിരുമേനിയുടെ ചോദ്യം കേട്ട് പ്രദക്ഷിണം പാതിവഴിക്ക് നിർത്തി അവൾ പ്രസാദം നല്കുന്നിടത്തേക്കു തിരിഞ്ഞു.
"ആഹാ ഇവിടുണ്ടായിരുന്നോ കുഞ്ഞ്, ആളെ കാണാത്തോണ്ടാ ഉറക്കെ വിളിച്ചത്,ഇന്ന് ജോലിക്ക് പോകണ്ടായിരുന്നോ !"തിരുമേനി പതിവുകുശലാന്വേഷണത്തോടൊപ്പം പ്രസാദം നിറച്ച ഇലക്കീറെടുത്തു നീട്ടി.
"മൃത്യുഞ്ജയഹോമം ,സ്വയംവരാർച്ചന കുടുംബാർച്ചന ഇത്രയുമല്ലായിരുന്നോ?"തിരുമേനിയുടെ ചോദ്യത്തിന് അതേയെന്ന് ഉത്തരം പറഞ്ഞ് ദക്ഷിണ നല്കി പ്രസാദം വാങ്ങുമ്പോഴാണ് കറുത്തുമെലിഞ്ഞ ഒരു കുഞ്ഞിക്കെെ തനിക്കൊപ്പം പ്രസാദത്തിനായി നീളുന്നത് അവൾ ശ്രദ്ധിച്ചത്.അഞ്ചോ ആറോ വയസുതോന്നിക്കുന്ന ഒരു കുഞ്ഞ്,അവളുടെ ദേഹത്തിന് പാകമാകാത്തവിധം പഴകിത്തുടങ്ങിയ വലിയൊരു ഫ്രോക്കായിനുള്ളിലെ അവളുടെ രൂപം വല്ലാതെ മെലിഞ്ഞതായി തോന്നി. ഗായത്രിക്ക് അവളുടെ മേലൊരു കൗതുകം തോന്നി.തിരുമേനിയിൽ നിന്ന് പുഞ്ചിരിച്ചുകൊണ്ട് പ്രസാദം വാങ്ങി തിരിഞ്ഞു നടക്കുന്ന ആ കുഞ്ഞിനെ എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ പിന്തുടർന്നു.
"ഇവിടെ അപ്പുറത്തുള്ളതാ കുഞ്ഞേ, ഇളയ കുട്ടിയും അമ്മയുമുണ്ട് കൂടെ,പൂജകഴിഞ്ഞ് നേദ്യച്ചോറു കൊടുക്കണതു വാങ്ങാൻ വരണതാ,വലിയ കഷ്ടമാണുകുഞ്ഞേ അതുങ്ങളുടെ കാര്യം"അവളുടെ നോട്ടം കണ്ടിട്ടാണെന്നുതോന്നു തിരുമേനി വളരെ സ്വകാര്യമായിട്ടെന്നപോലെ സ്വരം താഴ്ത്തി അവളോടു പറഞ്ഞു.
"കുഞ്ഞ് പൂജ കഴിഞ്ഞല്ലേ പോകത്തുള്ളൂ അല്ലേ?"അതും ചോദിച്ച് തിരുമേനി ശ്രീകോവിലിനുള്ളിലേക്കു കയറിപ്പോയി.
വയസ് ഇരുപത്താറു കഴിഞ്ഞിട്ടും മകൾക്ക് കല്യാണമൊന്നുമാകാതായാൽ ഏതൊരമ്മയ്ക്കും ഉറക്കം നഷ്ടപ്പെടില്ലേ.അങ്ങനെ അവൾടെ അമ്മയ്ക്ക് മനസമാധാനം കിട്ടാൻ വേണ്ടി പേരുകേട്ട ജോൽസ്യരെക്കൊണ്ട് ജാതകം നോക്കിച്ചപ്പോളല്ലേ അറിയണത് അവൾക്കിപ്പോൾ രാഹൂറാണത്രേ.ഒത്തിരി തടസങ്ങളുണ്ടാകുമത്രേ വിവാഹത്തിന്.പരിഹാരമായി പറഞ്ഞതോ ദേവീക്ഷേത്രത്തിൽ സ്വയംവരാർച്ചനയും എല്ലാ ആയില്യം നാളിലും ആയില്യപൂജയും(രാഹൂർകാലത്ത് ഭജിക്കേണ്ടത് നാഗദെെവങ്ങളെയാണത്രേ).ഓഫീസിൽ നിന്ന് ലീവെടുക്കാൻ പറ്റാത്തോണ്ട് എല്ലാമാസവും അമ്മയാ പൂജയ്ക്ക് കൊടുക്കാറ്,ഇന്ന് ഞായറാഴ്ചയും ആയില്യവും ഒന്നിച്ചു വന്നോണ്ടാ അവൾ വന്നത്.
ആയില്യപൂജയ്ക്കുള്ള ശീട്ടെഴുതാനായി കമ്മിറ്റിയാഫീസിലേക്ക് നടക്കുമ്പോൾ നേരത്തേ കണ്ട കുഞ്ഞും അമ്മയും പുറത്തെ തിണ്ണയിലിരിക്കുന്നത് അവൾ കണ്ടു.അമ്മയുടെ മടിയിൽ രണ്ടോമൂന്നോ വയസുതോന്നിക്കുന്ന ഒരാൺകുട്ടി മയങ്ങികിടക്കുന്നുണ്ടായിരുന്നു.
കമ്മിറ്റിയാഫീസിലെത്തി പൂജയ്ക്കുള്ള ശീട്ടെഴുതിച്ച് അടുത്താഴ്ച തുടങ്ങുന്ന ഉൽസവത്തിനുള്ള സംഭാവനയായ അയ്യായിരം രൂപാ കൊടുത്തു രസീതു വാങ്ങാനൊരുങ്ങിയപ്പോളാണ് ഉൽസവകമ്മിറ്റി പ്രസിഡൻ്റായ ശേഖരമ്മാമ പറഞ്ഞത് "മോൾടെ പേരിൽ ഇത്തവണ പതിനായിരമാ ഞങ്ങൾ എഴുതിയേക്കണത് ഇത്തവണ കൊടിമരം സ്വർണ്ണം പൂശുന്നുണ്ടേ നിങ്ങളെപ്പോലുള്ളവരിലൊക്കെയാ ഞങ്ങടെ പ്രതീക്ഷ". പിന്നേ എനിക്കങ്ങ് നോട്ടച്ചടിയല്ലേ ഇങ്ങേരു ചോദിക്കുമ്പോളങ്ങ് കൊടുക്കാനെന്ന് മനസിലോർത്തെങ്കിലും ദേവിയുടെ കാര്യമായതുകൊണ്ടു മറുത്തൊന്നും പറയാൻ നിന്നില്ല "അയ്യോ ശേഖരമാമേ അമ്മ ഒന്നും പറഞ്ഞില്ലായിരുന്നു അതാ ഞാൻ അയ്യായിരം കൊണ്ടുവന്നത് ബാക്കി ഞാൻ അടുത്താഴ്ച എത്തിക്കാം "
ശമ്പളം അടുത്താഴ്ച കിട്ടുമെന്ന ഉറപ്പിലാ അങ്ങനെ പറഞ്ഞത്.ഈ മാസത്തെ ശമ്പളത്തിൻ്റെ നീക്കിയിരിപ്പ് എല്ലാംകൂടി നുള്ളിപ്പെറുക്കിയാ ഈ അയ്യായിരം തികച്ചതെന്ന് അവൾക്കല്ലേ അറിയൂ.എന്നാലും നാട്ടുകാരോട് അതു പറയാനൊക്കില്ലല്ലോ അതും അമ്പലത്തിൻ്റെ ആവശ്യത്തിനാവുമ്പോൾ.
പണമടച്ച് തിരിച്ചുവന്നപ്പോഴേക്ക് നിവേദ്യത്തിനായി നടയടച്ചുകഴിഞ്ഞിരുന്നു.പുറത്തേ തിണ്ണയിൽ നടതുറക്കാൻ കാത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തിരിക്കുന്ന നേരത്തേ കണ്ട ആ കുഞ്ഞ് പ്രസാദമായി കിട്ടിയ ഇലക്കീറിൽ പുറത്തേക്കു നീണ്ടിരിക്കുന്ന ഞാലിപ്പൂവൻപഴം കൊതിയോടെ നോക്കുന്നതു കണ്ടത്.ഇലക്കീറു തുറന്ന് ഒരു പഴമെടുത്ത് അവൾക്കു നീട്ടിയപ്പോൾ അവൾ ചോദ്യഭാവത്തിൽ അമ്മയെ നോക്കി,അമ്മയിൽ നിന്ന് അനുകൂലമായ തലകുലുക്കം ലഭിച്ചപ്പോൾ അവൾ വേഗത്തിൽ ആ പഴം തൻ്റെ കെെക്കുള്ളിലാക്കി.പിന്നെ കൊതിയോടെ ആ പഴം തൊലിച്ചു പകുതി കഴിച്ച ശേഷം അമ്മയുടെ മടിയിലുറങ്ങിക്കിടക്കുന്ന അനിയനെ കുലുക്കിയുണർത്തി അവനു നല്കി.പാവം കുഞ്ഞു ഉറക്കമുണർന്നതാണെങ്കിലും വിശപ്പിൻ്റെ ആധിക്യംകൊണ്ടാകാം ആത്തിയോടെ ആ പഴത്തുണ്ട് വായിലാക്കി.അതു കണ്ടപ്പോൾ അവളുടെ മനസ് വല്ലാതെ ആർദ്രമായി.അവൾ അതിൽ ബാക്കിയുണ്ടായിരുന്ന രണ്ടു പഴങ്ങൾകൂടി ആ കുഞ്ഞുങ്ങൾക്കു നല്കാനായി നീട്ടി."വേണ്ടായിരുന്നു ചേച്ചീ...അവർക്കു ഞാൻ പൂജ കഴിഞ്ഞ് നിവേദ്യചോറു വാങ്ങി കൊടുത്തോളാമായിരുന്നു."ആ അമ്മ അവളോടു പറഞ്ഞു.
"അതൊന്നും സാരമില്ല,മോളിതു വാങ്ങിക്കോ" അവൾ കുഞ്ഞിനെ നോക്കി പറഞ്ഞു പക്ഷേ കുഞ്ഞ് അവളുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു നിന്നതല്ലാതെ അതു വാങ്ങാൻ കൂട്ടാക്കിയില്ല.വാങ്ങിച്ചോളാൻ അമ്മ ആംഗ്യഭാഷയിലൂടെ പറഞ്ഞപ്പോൾ അവൾ അതു വാങ്ങി.
"അവൾക്ക് ചേച്ചി പറയണതൊന്നും കേട്ടൂടാ അതാ അവളൊന്നും മിണ്ടാത്തേ" കുട്ടിയുടെ അമ്മ പറഞ്ഞതുകേട്ട് അവളൊന്നു ഞെട്ടി.
"എന്താ പറഞ്ഞത്?" അവൾ ഞെട്ടലോടെ ചോദിച്ചു.
"എൻ്റെ മോൾക്ക് ജന്മനാ ചെവി കേൾക്കില്ല ചേച്ചീ,പക്ഷേ ഓപ്പറേഷനും നിഷിലെ ക്ളാസും ഒക്കെകൊണ്ട് അവളൊന്ന് സംസാരിച്ചു തുടങ്ങിയതാരുന്നു..." എന്തൊക്കെയോ ഓർത്തിട്ടെന്നവണ്ണം അവൾ പാതിവഴിയിൽ നിർത്തി പറഞ്ഞുവന്നത്.
"പിന്നെന്താ സംഭവിച്ചത്?" ഗായത്രി ആകാംക്ഷയോടെ ചോദിച്ചു.
"മോൾടെ അച്ഛൻ ഓട്ടോ ഡ്രെെവറായിരുന്നു.ആറുമാസം മുൻപ് അദ്ദേഹത്തിനൊരു ആക്സിഡൻ്റുണ്ടായി നട്ടെല്ലുപൊട്ടി കിടപ്പായി.അതോടെ ഞങ്ങളുടെ കുടുംബം ആകെ തകർന്നു.വീട്ടുചിലവിനുപോലും പണമില്ലാതായി.തളർന്നുകിടക്കണ ആ മനുഷ്യനേം ഈ കുരുന്നുകളേം ഇട്ടിട്ട് ഞാനെന്ത് പണിക്ക് പോകാനാ.അതിനിടയ്ക്കാ സ്കൂളിൽ വച്ച് മോളുടെ ചെവിയിൽ വയ്ക്കണ ഇംപ്ളാൻ്റിൻ്റെ ബാറ്ററി ഒരു കുട്ടി ചവിട്ടി പൊട്ടിച്ചത്.ഇനിയതു മാറ്റണമെങ്കിൽ രൂപാ ആറായിരം വേണം.കുഞ്ഞുങ്ങൾക്കൊരു നേരത്തെ ആഹാരം കൊടുക്കാൻ ഈ അമ്പലനടയിൽ കാത്തിരിക്കണ ഞാനെവിടന്നൊപ്പിക്കാനാ ചേച്ചി ഇത്രേം കാശ്.എൻ്റെ കുഞ്ഞിനൊരുപക്ഷേ ഒന്നും കേൾക്കാനും പറയാനും വിധിയുണ്ടാകില്ല."ഇത്രയും പറഞ്ഞ് അവൾ ദീർഘമായൊന്നു നിശ്വസിച്ചു.അപ്പോഴേക്കും പൂജയ്ക്കായി നടതുറന്നിരുന്നു.ആ അമ്മയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവൾ കുഴങ്ങി.പിന്നെയവൾ ഒന്നും മിണ്ടാതെ അമ്പലത്തിനുള്ളിലേക്കു നടന്നു.
ദേവിയുടെ മുൻപിൽ കെെകൂപ്പിനിന്നു പ്രാർത്ഥിക്കുമ്പോഴും അവളുടെ ഉള്ളിൽ നിറയെ ആ കുഞ്ഞിൻ്റെ മുഖവും ആ അമ്മയുടെ വാക്കുകളുമായിരുന്നു.പൂജകഴിഞ്ഞ് പുറത്തിറങ്ങുമ്പോഴേക്ക് ഗായത്രിയുടെ മനസിലൊരു തീരുമാനം ഉടലെടുത്തിരുന്നു.
"അമ്മേ ശേഖരമാമയോടു പറഞ്ഞേക്ക് കൊടിമരത്തിൻ്റെ കാശ് കൊടുക്കാൻ എൻ്റേലില്ലെന്ന്." അവളതു പറഞ്ഞപ്പോൾ അമ്മയൊന്നു ഞെട്ടി.
"എന്താ മോളേ നീയീ പറയണത് ദെെവകോപമുണ്ടാകും കുട്ടീ" അമ്മ ദയനീയമായി പറഞ്ഞു
"എൻ്റെ അയ്യായിരം രൂപാ ഇല്ലേലും അവരു സ്വർണകൊടിമരം പണിഞ്ഞോളും,അതുകൊണ്ടുണ്ടാകണ ദെെവകോപം ഞാനങ്ങു സഹിച്ചു". ഇത്രയും പറഞ്ഞവൾ റൂമിലേക്കുപോയി.
പിറ്റേ ആഴ്ച ആറായിരം രൂപ ആ അമ്മയ്ക്കും കുഞ്ഞിനും നല്കുമ്പോൾ അമ്മയും അവളുടെയുള്ളിലെ നന്മയ്ക്ക് പൂർണപിന്തുണയുമായി കൂടെയുണ്ടായിരുന്നു.ഇനിയുള്ള ജീവിതത്തിൽ തൻ്റെ സ്നേഹസാന്നിദ്ധ്യമുണ്ടാകുമെന്ന് പറയാതെ പറഞ്ഞുകൊണ്ടവൾ ആ കുഞ്ഞിനെ നെഞ്ചോടു ചേർത്തു.സ്നേഹത്തിൻ്റെ മറ്റൊരു സ്വർണ്ണക്കൊടിമരം അവിടെ അദൃശ്യമായി ഉയരുകയായിരുന്നു, അതിൽ നന്മയുടെ കൊടി പാറിപ്പറക്കുന്നുണ്ടായിരുന്നു.
വിജിത വിജയകുമാർ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot