Slider

കഥയും കഥാപാത്രങ്ങളും

0
നിശ്ശബ്ദതയിലുറഞ്ഞ വാക്കുകളെ പ്രണയിക്കണം .അക്ഷരങ്ങളോരോന്നും നിശ്വാസവായുവിൽ ചൂടാക്കിയെടുത്ത് ഭാവനയുടെ മൂശയിൽ നന്നായി പണിഞ്ഞു,ലക്ഷണമൊത്ത കഥകളായി പുറത്തു വരണം.
എവിടെയോ കണ്ടുമറന്നതും കേട്ടുമറന്നതുമായ ഓരോ അനുഭവങ്ങളും മനസ്സിന്റെ താളിലൂർന്നു തളിരിട്ടു പുഷ്പ്പിക്കണം.ആലിംഗങ്ങൾക്ക് ആയിരം അർഥമുള്ളതുപോലെ, ചുംബനങ്ങൾക്ക് ആയിരം വികാരമുള്ളത് പോലെ ,അക്ഷരങ്ങൾക്കും ആയിരം കഥകളുണ്ടാവണം.ഓരോ ഭാവത്തിലുമുള്ള കഥകൾ.. വികാരതീവ്രതയുള്ള വാക്കുകൾ ..ഒടുവിലവ എത്ര വായിച്ചാലും മതിവരാത്ത കഥനങ്ങളായി നിലകൊള്ളണം.തലമുറകൾ പാടിയും പറഞ്ഞും പതിയണം.പ്രകൃതിയിൽ അദൃശ്യരായി കഥാപാത്രങ്ങൾ ചലിക്കണം.അനുവാചകന്റെ മനസ്സിന്റെ ഇടനാഴിയിൽ അവരൊക്കെയും കൂട്ടമായി നടക്കണം ,ചിരിക്കണം,കരയണം,പരിഭവങ്ങൾ പറയണം..
ഗർഭവും ജനനവും മരണവുമെല്ലാം ,ഒരു പുരുഷായുസിന്റെ ജീവിത ചക്രം മണിക്കൂറുകളും ദിവസങ്ങളും കൊണ്ട് പൂർത്തിയാവണം..
ഒരു സൃഷ്ടി നൊടിനേരത്തിനുള്ളിലാണെങ്കിലും കഥാകാരന്റെ ഭാവനാചക്രവാളത്തിൽ അതൊരു സൂര്യബിംബം പോലെ എരിഞ്ഞുകൊണ്ടിരിക്കും.പാത്രസൃഷ്ടിക്കായി എരിയുന്ന നെരിപ്പോട് ഒരു ഉദയമാണ്,ഒരു കഥയുടെ ഉദയം.
ഒരാളുടെയോ ആൾക്കൂട്ടത്തിന്റെയോ ജീവിതയാത്ര വരച്ചിടപ്പെടുന്ന ഒരു കഥ ജനിക്കാൻ കഥാകാരൻ അനുഭവിക്കുന്നത് ജനനകാരണമായ പേറ്റുനോവിനെക്കാൾ കഠിനമായ വേദനയാണ്.അവനാൽ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളോട് അവന്റെ പ്രിയപ്പെട്ടവരോടെന്ന പോലെ അവനൊരു ഉത്തരവാദിത്തമുണ്ട്. അവരുടെ ജീവിതം പൂര്ണതയിലെത്തിക്കേണ്ട ഉത്തരവാദിത്തം.ആ ഉത്തരവാദിത്തമാണ് അനുവാചകന്റെ മനസ്സിൽ മരണമില്ലാത്തവരായി കഥയും കഥാപാത്രങ്ങളും ജീവിക്കുന്നതിനു നിദാനം.ഭാവനയുടെ അനന്തമായ ലോകത്ത് കഥാകാരൻ സംതൃപ്തനാണ്,അവിടെ ജന്മം കൊള്ളുന്ന അവന്റെ കഥാപാത്രങ്ങളും..
.
.നിസ നായർ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo