Slider

മലയോരം ( കഥ )

0

മലയോരം ( കഥ )
**********
പഴഞ്ചനായിരുന്നു അയാൾ , തനി നാട്ടിൻ പുറത്തുകാരൻ , അയാളെ കാണുമ്പോൾ തന്നെ അയാളുടെ ബന്ധുക്കൾ പറയും ദേ വന്നല്ലൊ നമ്മുടെ നാടൻ കാക്കയെന്ന് , അത്രമേൽ അയാൾ ആ മലയോരവുമായി ഇഴുകി കഴിയുകയായിരുന്നു
തനിക്ക് ചുറ്റുമുള്ള മാറ്റങ്ങളൊന്നും ശ്രദ്ധിക്കാതെ
മണ്ണിനോട് സല്ലപിക്കുന്നൊരാൾ
പലവട്ടം അയാൾ ആ മലയോരം വിട്ട് തന്റെ ബന്ധുമിത്രാദികൾ പാർക്കുന്ന ജീവിതത്തിൽ വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് പറയപ്പെടുന്ന നഗരത്തിൽ പോയി താമസിക്കണം എന്ന് കരുതും പക്ഷെ അവിടം വിട്ട് പോകില്ല
പോകാൻ അയാളെ ആ മലയോരം സമ്മതിക്കില്ല
അയാളുടെ വേരുകളെല്ലാം അവിടെ ആഴ്ന്നിറങ്ങി റബ്ബർ മരങ്ങളിലും കവുങ്ങ് മരത്തിലും തെങ്ങിൻ ചോട്ടിലും പടർന്നിരിക്കുന്നു
അതൊക്കെ കിളച്ച് മാറ്റി അവിടത്തെ ആട്ടിൻ പറ്റങ്ങളോടും കോഴിക്കുഞ്ഞുങ്ങളോടും എങ്ങിനെയാ യാത്ര പറയുക , ഒരു ദിവസമെങ്കിലും വെട്ടിത്തിളങ്ങി ഒഴുകുന്ന നീർച്ചാലിൽ കുളിക്കാതിരിക്കാനാവുമൊ ,
വേണ്ട , പോകുന്നില്ല തന്റെ ശീലങ്ങൾക്കും ചര്യകൾക്കും ചേരുന്നിടമായിരിക്കില്ല നഗരം
അതുമായി പൊരുത്തപ്പെട്ട് പോകാൻ തനിക്കാവില്ല എന്ന് കരുതി അയാൾ പിന്നെയും ആ മലയോരത്ത് തുടരും
വല്യുപ്പാന്റെ കാലത്ത് വല്യുപ്പാന്റെ കൂടെ അയാളുടെ ഉപ്പ തേങ്ങയ്ക്കും കുരുമുളകിനും അടയ്ക്കക്കും വേണ്ടി പോയതാ അവിടെ
പിന്നെ ചെറിയൊരു കൂര വെച്ച് താമസമാക്കി ഉപ്പാന്റെ കൈപിടിച്ച് അയാളും..
ഉമ്മയ്ക്ക് ആദ്യമൊന്നും താൽപര്യം ഉണ്ടായിരുന്നില്ല ആ ഓണംകേറാ മൂലയിൽ കൂടെ കഴിയാൻ എങ്കിലും ഉപ്പാന്റെ നിർബന്ധത്തിന് വഴങ്ങുകയായിരുന്നു , അന്ന് തനിക്ക് കീഴെ നാലുപേർ വേറെയും ഉണ്ടായിരുന്നു ഒരു അനുജത്തി ഇളയവൾ , മൂന്ന് അനുജന്മാരും
അഞ്ചാം ക്ലാസ്സ് വരെ നാട്ടിലുണ്ടാവുമ്പോൾ പഠിച്ചതാ പിന്നെ പോയില്ല ഉപ്പാന്റെ സഹായിയായി കൃഷിയും കച്ചവടവുമായി ചെറുപ്പത്തിൽ തന്നെ കൂടി
അനുജന്മാരെയും അനിയത്തിക്കുട്ടിനെയും ദൂരെയാണെങ്കിലും പഠിക്കട്ടെ എന്ന് പറഞ്ഞ് നാട്ടിൽ താമസിപ്പിച്ചു എളാമ്മയുടെ വീട്ടിൽ അവരുടെ മക്കളുടെ കൂടെ ,
സ്കൂൾ അവധിയുള്ള നേരത്ത് മാത്രം അവർ മലയോരത്ത് വരും അന്നേ അവർ പറയുമായിരുന്നു ഇതൊക്കെ വിട്ട് നാട്ടിൽ കഴിയാൻ , മുതിർന്ന് കല്യാണം കഴിഞ്ഞു അയാൾക്കും മക്കൾ നാലായി
അനുജന്മാരുടെ കല്യാണം അനിയത്തിയുടെ കല്യാണം എല്ലാം നാട്ടിൽ നിന്ന് തന്നെ നടത്തി
നാട്ടിലെ ബന്ധുക്കളുടെയും കുടുംബക്കാരുടെയും കല്യാണത്തിന് കൂടാനൊ , മരണ വാർത്ത കേട്ടാലൊ മാത്രമാണ് നാട്ടിൽ പോകാറുള്ളു
അങ്ങനെ പോകുന്ന അവസരങ്ങളിലെല്ലാം അവർക്ക് പ്രധാനമായും പറയാനുണ്ടാവുക
നീ ആ ഓണം കേറാമൂലയിൽ നിന്ന് അതൊക്കെ വിട്ട് ഇങ്ങ് വാ ഇവിടെ കഴിയാല്ലൊ ഇവിടെ എല്ലാ സൗകര്യങ്ങളും ഇല്ലെ പിന്നെന്തിനാ അവിടെ ഒറ്റപ്പെട്ട് കഴിയുന്നു ,
അപ്പോഴൊക്കെ അവർ പറയുന്നത് ശരിവെക്കും
അവിടെ തിരിച്ചെത്തിയാൽ പിന്നെ അതൊക്കെ മറക്കും അതാണ് പതിവ്
ഒടുവിൽ നാട്ടിലുള്ള ഉപ്പയുടെ അനുജന്റെ മരണ വാർത്ത കേട്ടപ്പോൾ അയാൾ ഉറച്ചൊരു തീരുമാനമെടുത്തു ഇനിയും ഇങ്ങനെ കടിച്ച് തൂങ്ങി നിൽക്കുന്നത് കൊണ്ട് ഒരു കാര്യവുമില്ല
ഇവിടെ കിടന്ന് തനിക്കെന്തെങ്കിലും സംഭവിച്ചാൽ നാട്ടിലുള്ള ആരും തിരിഞ്ഞ് നോക്കുക പോലുമില്ല
വല്ലപ്പോഴുമെങ്കിലും ഇവിടെ അധികവും തന്നെയും കുടുബത്തെയും വന്ന് കണ്ട് വിശേഷങ്ങൾ അറിയുന്നൊരാളാ ഇപ്പോൾ മരിച്ചെന്ന് പറയുന്നത്
അയാൾ നാട്ടിൽ പോയി മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞു തിരികെ വന്നു ,
ഇനി മാറ്റമില്ല ഉള്ള ഭൂമിയും പറമ്പും വിൽക്കാം
ഭാര്യയോട് പറഞ്ഞു അവൾക്കും സമ്മതം
മക്കൾക്ക് നേരത്തെ ഇഷ്ടം തന്നെ അതുകൊണ്ട് അവരോട് ചോദിക്കേണ്ട ആവശ്യം വരുന്നില്ല
അങ്ങനെ അയാൾ ആ മലയോരത്ത് നിന്ന് അൽപം താഴോട്ടിറങ്ങിയാൽ കാണുന്ന അടുത്തടുത്ത് ആൾപാർപ്പുള്ള വീടുകളുള്ള സ്ഥലത്ത് കുന്നിറങ്ങി തന്റെ വീടും പറമ്പും വിൽക്കാനായി പറ്റിയ ഒരാളെ തേടുകയായിരുന്നു
ലക്ഷ്യം
പക്ഷെ അവിടത്തെ ചുറ്റുമുള്ള കാഴ്ച്ചകൾ കണ്ട് അയാൾ അന്ധാളിച്ചുപോയി നാട്ടിലുണ്ടെന്ന് പറയുന്ന പലതും അവിടെ അയാൾക്ക് കാണാൻ സാധിച്ചു , വിശേഷദിനങ്ങളിലും ആഘോഷ വേളയിലും മറ്റും നാട്ടിൽ പോയി താൻ വാങ്ങാറുണ്ടായിരുന്ന ഒരു വിധം എല്ലാം അവിടെയുണ്ട് , നാതന്റെ ുള്ള പോലെ കൂറ്റൻ കെട്ടിടങ്ങൾ , വലിയ സൂപ്പർ മാർക്കറ്റുകൾ , വലിയ വലിയ റെഡിമെയ്ഡ് തുണിക്കടകൾ
ജ്വല്ലറികൾ , മൊബൈൽ ഷോപ്പുകൾ
അങ്ങനെ എല്ലാം , ഇതൊക്കെ തന്നെയല്ലെ നാട്ടിലുണ്ടെന്ന് പറയുന്നത്
അയാൾ ആലോചിച്ചു ഇത്ര അടുത്ത് ഇതെങ്ങിനെ വന്നു , ഇതെല്ലാം ഒരു ദിവസം പൊട്ടി മുളച്ചതല്ലല്ലൊ , താനറിയാതെ ഈ മലയടിവാരം
മാറിയിരിക്കുന്നു , ഓരോന്നോരാന്നായി ഇവിടെ സ്ഥാനം പിടിച്ചപ്പോൾ അതൊരു വലിയ മാറ്റത്തിന്റെ ലക്ഷണമായി തോന്നിയില്ല എന്നതാണ് വാസ്തവം , അല്ലെങ്കിൽ ഇടയ്ക്കിടെ താൻ വന്ന് പോകുന്ന സ്ഥലത്ത് ഇത്രയധികം മാറ്റങ്ങൾ വന്നിട്ടും എന്തുകൊണ്ട് താൻ അറിയാതെ പോയി
തനിക്ക് ചുറ്റുമുള്ളവർ പോലും നഗരവൽക്കരണത്തിന്റെ ഇരകളായി മുമ്പ് ഉപ്പയുടെ കൈ പിടിച്ച് ഉപ്പയോടൊപ്പം കണ്ട മലയോരമല്ല ഇന്ന് , തന്റെ പ്രായത്തിനൊപ്പം ഈ മലയോരവും , ഇവിടത്തെ പച്ചപ്പും , നീർച്ചാലുകളും ശോഷിച്ചിരിക്കുന്നു
കുറച്ചെങ്കിലും ബാക്കിയുള്ള തന്റെ വീടിന്റെ ചുറ്റുമുള്ള കൃഷിയിടങ്ങളും മറ്റും വിറ്റ് നാട്ടിലേക്ക് മടങ്ങിയാൽ അതെല്ലാം നശിപ്പിച്ച് അവർ അവിടെയും പടു കൂറ്റൻ കെട്ടിടങ്ങൾ പണിയും
അങ്ങനെ പതുക്കെ പതുക്കെ ഈ മലയോരവും
ഇല്ലാതാവും
അയാൾ പിന്നെ ഒന്നും ഓലോചിക്കാൻ നിന്നില്ല
താൻ സ്നേഹിച്ച മണ്ണിലേക്ക് തന്നെ സ്നേഹിക്കുന്ന മണ്ണിലേക്ക് വേഗം തിരികെ നടന്നു വിട്ടു പോകില്ലെന്ന വിട്ട് കൊടുക്കില്ലെന്ന ഉറച്ച കാൽ വെപ്പുമായ് ആ മല ചവിട്ടി .
സിദ്ദീഖ് വേലിക്കോത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo