അവൾ അവനെ ആദ്യമായി കാണുന്നത് കോളേജിൽ അഡ്മിഷന് പ്രവേശനഫോം കൊടുക്കാൻ വന്ന ദിവസമായിരുന്നു..അവനും കൂട്ടുകാരനും അന്താരഷ്ട്ര ചർച്ചകളിൽ മുഴുകിയ നേതാക്കന്മാരുടെ പ്രതിച്ഛായ ഉളവാക്കി...കയ്യിലെ ഫോമുമായി നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന അവളെ നോക്കി 'അമ്മ പറഞ്ഞു " ആ കുട്ടികളോട് ചോദിച്ച് പൂരിപ്പിക്ക് മോളെ "..തികച്ചും അപരിചിതരായവരുടെ അടുത്തേയ്ക്ക് സങ്കോചഭാവത്തോടെ അവൾ നടന്നു..അവർ സൗഹൃദപൂർവ്വം അവളെ വരവേറ്റു..അവളോട് സംസാരിച്ചതും ചങ്ങാത്തമെന്ന കൊടുമുടിയിലേക്ക് ഉയർന്നതും അതിൽ ഒരുവൻ മാത്രം..കോളജ് പഠനവും ക്ലാസ്സുകളും ആരംഭിച്ചപ്പോൾ രണ്ടു വ്യത്യസ്ത ഡിപ്പാർട്മെന്റിൽ അകപ്പെട്ടവർ മരുഭൂമിയിലെ മഴപോലെ വല്ലപ്പോഴും കണ്ടുമുട്ടും..ആ കണ്ടുമുട്ടലിൽ ഒരു ചെറുപുഞ്ചിരി മാത്രം സമ്മാനിച്ച് അന്യോന്യം സൗഹൃദം പുതുക്കും..പിന്നീടെപ്പഴോ പ്രണയകുരുക്കെന്ന ഹാരങ്ങൾ ചാർത്തിയവർ പരസ്പരം സന്ധിക്കുന്ന അവസ്ഥാന്തരങ്ങൾ മനഃപൂർവം ഒഴുവാക്കാൻ ശ്രമിച്ചു..പഠനം പൂർത്തീകരിച്ച് മടങ്ങുമ്പോഴും യാത്രാശംസ പോലും പറയാൻ മടിച്ചവർ അന്തരങ്ങളുടെ ചുഴലികാറ്റിലായിരുന്നു..
ബന്ധനസ്ഥരായവരുടെ പ്രാരാബ്‌ധങ്ങൾ ഏറുമ്പോൾ മറവിയെന്ന ദേശിയ രോഗം പിടിപ്പെടും..എന്നിട്ടും മനുഷ്യർ തന്റെ സ്വകാര്യനിമിഷങ്ങളിൽ സ്നേഹമെന്ന വേദന തന്നവരെ ഓർത്തെടുക്കാൻ ശ്രമിക്കുന്നു..ദിവസങ്ങളും മാസങ്ങളും വർഷങ്ങളും പിന്നിട്ടു..ഒരിക്കലൊരു ആഗ്രഹം തോന്നിയവൾക്ക് ..ആ വർഷത്തെ പിറന്നാൾ അനാഥരായവരുടെ കൂടെ ആഘോഷിക്കാൻ തീരുമാനിച്ചു..ഗുരുവായൂരപ്പന്റെ സന്നിധിയിൽ അന്നദാനം നടത്തിവരുമ്പോൾ അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത സംതൃപ്തി അനുഭവപ്പെട്ടു..ഗുരുവായൂരപ്പനെയും തൊഴുത് വീട്ടിലേക്ക് മടങ്ങവേ പരിചയമുള്ള മുഖത്തെ അഭിമുഖീകരിക്കേണ്ടി വന്നു..ഹൃദ്യദയോടെ കണ്ണുകൾ വിടർത്തി പുഞ്ചിരിതൂകി അവൾ ഒരുനിമിഷം സ്തംഭിതയായി..അവനായിരുന്നു..അവളുടെ ആ തോഴൻ..നാല് വർഷം ഒരേ കോളേജിൽ ഉണ്ടായിട്ടും സൗഹൃദമെന്ന വസന്തത്തെ നിഷേധിച്ചവർ അല്ലെങ്കിൽ എന്തുകൊണ്ടോ നിഷേധിക്കേണ്ടി വന്നവർ,അന്ന് അതെല്ലാം തല്ലിക്കെടുത്തി ഒന്നായിരിക്കുന്നു..പങ്കുവെക്കാൻ കഴിയാതെപോയ ഒരായിരം കാര്യങ്ങളാൽ അവർ മനസ്സ് തുറന്നു..
"സൗഹൃദമാണ് നിങ്ങളുടെ ഏറ്റവും വലിയ ദൗർബല്യമെങ്കിൽ നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തൻ "...എബ്രഹാം ലിങ്കണിന്റെ എത്ര അർത്ഥവത്തായ വാക്കുകളാണിവ ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക