തെക്കും വടക്കും പറമ്പുണ്ട് സീതമ്മേ ആനച്ചോടി മാത്രോല്ല..
നിയീ മടന്ത നുള്ളി നടക്കണ പാടത്തൊന്നൂല്യെ...
ഇല്ലാന്ന്...
ഒരെടോണ്ട് ആരും കാണാണ്ട് പോണം..പോവ്വോ...
മരുന്നിവ്‌ടേത്തിച്ച് നീയൊരു കോഴിനേട്‌ത്തോ...
മടന്ത മാപ്ല ചിരിച്ചു പറഞ്ഞു.
എവ്ടേണ്ടമ്മേ പറാന്ന്...
പാമ്പ്ങ്കാവിൽ...
സീതമ്മേ ന്നെ കൊല്ലോ നിങ്ങളൊക്കെ..?
ഹും പാമ്പ്ങ്കാവേ...
നീയിങ്ങനെ കണ്ണീ ചോരെല്ലാണ്ട് പറേല്ലെടാ...
എന്റ പുരുഷന്റെ നില കണ്ടില്ലെ നീ കാലൊടിഞ്ഞ് കിടക്കല്ലേ നിനക്ക് പുണ്യോണ്ടാവും...
നി പത്തായത്തീന്ന് കൊറച്ച് നെല്ലൂട കൊണ്ടൊക്കോ...
മടന്ത
ആനച്ചോടി പിഴുതെടുക്കാൻ പാമ്പുങ്കാവിൽ പോകാൻ
സമ്മതിച്ചു അവസാനം.
കൊങ്കി വാളും കയ്യിലു പിടിച്ച് അയാൾ നടന്നു.
കാവിനടുത്തെത്തിയപ്പോ രണ്ടിണ പ്രാവുകൾ കുറുകുന്നു.
അവരും മാപ്ലയും സംഭ്രമത്തിൽ മുന്നോട്ട് നടന്നു.
എങ്ങട്ടാ മടന്തേ...?ആൺ പ്രാവ്...
ആണ്ടവ്‌ട വരെ...ങ്ങളോ…?
കാവ് കടന്ന് പുവാനീ പെണ്ണിനു പേടി അപ്പോ...
ആ...
മടന്ത നേരെ വച്ച് പിടിച്ചു അവർ കാവ് താണ്ടിയാപ്പോൾ തിരിച്ചെത്തി അരമതിൽ ചാടി കാവിനുള്ളിലേക്ക് കടന്നു.
തെച്ചി പ്പൂക്കൾ ചുവന്ന് പൂത്ത ആ നിപിഠ വനത്തിനുള്ളിൽ അയാൾ
നടന്നു.
മടന്തയല്ലാതെ ആരും അങ്ങനെ നടക്കില്ല പൊടിക്ക് നൊസ്സ്ണ്ട് മടന്തക്ക് ന്ന് പറയണത് പൂച്ചേം വാവലിനേം തിന്നണോണ്ട് മാത്രല്ല ഇങ്ങനെ പേടിയില്ലാണ്ട് നടക്കൊണോണ്ടും കൂടിയാവും.
മടന്ത നിലത്തിരുന്ന് മണ്ണും കരിയില്ലയും മാറ്റി
ആനച്ചുവടി പിഴാൻ ശ്രമിച്ചു..
വല്ലാത്ത ഉശിരുള്ള ചെടിയാണത് പിഴുത് വരില്ല..
പത്ത് തോള്ളായിരം കാലും വച്ച് ഒരു അട്ട മടന്തയുടെ കാലിലൂടെ ഇഴഞ്ഞു പോയി പാമ്പെന്നോർത്ത് കാലു കുടഞ്ഞ് ഒറ്റ ഏറു കൊടുത്തു പേടിച്ച് മടന്ത പിന്നിലേക്ക് കൈ കുത്തി അട്ട പോയ ദിക്ക് നോക്കി ഇരുന്നു.
പെട്ടെന്ന്
തെച്ചിക്കാട് കുലുങ്ങി.
പെണ്ണൊരുത്തി ഓടി കിതച്ച് വന്ന് മടന്തക്ക് മുന്നിൽ തിരിഞ്ഞ് നിന്ന് പറഞ്ഞു...
അട്ട…അട്ട…എട്ക്ക്…എട്ക്ക്… ഒന്നെടുക്ക് മാപ്ലേ…!
നോക്കുമ്പോ അട്ട ചുരുണ്ട് ചക്രം പോലെ ജാക്കറ്റിനു പുറത്തേക്ക് തള്ളി നിൽക്കുന്നു..
മടന്ത കൊങ്കി തലക്ക് തോണ്ടി കളഞ്ഞു അതിനെ...
ന്നെങ്ങനറ്യാം...?
മടന്ത ചോദിച്ചു
അറ്യാം...
ങ്ങനെ...
കള്ളുങ്കുടിച്ച് പാട്ടുമ്പാറേ സേവക്ക് പോണത് ഞാനിവ്ടിരുന്ന് കാണും...
പാതിരാക്ക് ങ്ങക്കിവ്ട കാര്യോന്താ...?!
ഞാനിവ്ടാ...
ഇവ്ടേ...?
ആ...
മടന്തക്ക് ചോദ്യം മുട്ടി.
തല പുണ്ണാക്കണ്ടാ ഞാനാ കാർത്ത്യാനി...
ഏത് കാർത്ത്യാനി...?
ഓ ന്റെ പൊട്ടമ്മാപ്ലേ...
തൂങ്ങി ചത്ത കാർത്ത്യാനി...
മടന്ത കണ്ണും മിഴിച്ച് കാർത്ത്യാനിയെ നോക്കി നിന്നു...
പേടി ആയോ മാപ്ലക്ക്...?
ഇല്ലാന്ന് തോളു പൊക്കി മടന്ത.
അതെന്താ...?
അറിഞ്ഞൂടാ... പേടീല്ല...
നമ്പൂര്യാർടെ സ്വപ്നത്തിൽ പോയി പറയട്ടെ കാവിൽ മാപ്ല കേറീന്ന്...
അയ്യോ കാർത്ത്യാനീ ന്നെ നായമ്മാരു തച്ച് കൊല്ലും...
കാർത്ത്യാനി പൊട്ടിച്ചിരിച്ചു... കവിളത്ത് രണ്ട് ചുഴി തെളിഞ്ഞു...
കൊങ്കി വാളും നെഞ്ച് ചേർത്ത് പിടിച്ച് മടന്ത പേടിച്ച് നിന്നു.
പേടിക്കണ്ടാന്ന് ഞാനാരോടും പറയാമ്പോണില്ല...
പാമ്പിൻ തറയിൽ കാർത്ത്യാനി ഇരുന്നു മാപ്ല ഒരു ഉരുളൻ കല്ലിന്മേലും...

കാർത്ത്യാനീ...
ഉം...
എനിക്ക് പാമ്പിനെ പേട്യാ... ഇവ്ടെ നെറച്ചും പാമ്പാ...കാർത്ത്യാനി ശങ്കരനാശാരിയെ പാമ്പിനെ വിട്ട് കൊത്തിച്ച് കൊന്നതെന്തിനാ...?!
ഞാനല്ല... ഞാനാരേം കൊന്നിട്ടില്ല...
എല്ലാരും പറഞ്ഞു...
ഇല്ല മാപ്ലെ ഞാനാരേം കൊല്ലില്ല...
ഉം...
ഇവ്ട മൊത്തം അട്ടയാ മാപ്ലേ...
നശിച്ച ജന്തു...
മാപ്ലക്ക് വെശപ്പ്ണ്ടോ...
ഇല്ലാ സീതമ്മ പുഴുക്ക് തന്നു...
അവരട കെട്ട്യോൻ കോണി പടീന്ന് വീണു...
കാലൊടിഞ്ഞ് കെടപ്പാ...
മൂസ് എന്തക്ക്യോ കുറുപ്പടി കൊടുത്ത്‌ട്ട്‌ണ്ട്...
മരുന്ന്ണ്ടാക്കാൻ...
മാപ്ല പാട് പെടണ്ട... അങ്ങോർക്ക് നേരം അട്ത്തു...
ചാവാ...
അയ്യോ ന്റെ കോഴീം നെല്ലും...
ഹോ ഒരു കോഴി... എന്തിനാ മാപ്ലക്ക് കോഴി...
ചാരായം കുടിക്കാൻ...
കുടിച്ചിട്ട് സേവക്ക് പുവാനല്ലേ...
മാപ്ല പൊട്ടിയ പല്ല് കാട്ടി ചിരിച്ചു...
എന്തിനാ പാട്ടുമ്പാറേലെ ആ തേവിടിശ്ശി മാപ്ലേ ചീത്ത വിളിക്കണെ...?
അവർട തിണ്ണേലൊക്കെ കക്കി വക്കണോണ്ട...
കുന്ന് കേറി അങ്ങ് ചെല്ലുമ്പോ എനിക്കങ്ങ് ഓക്കാനം വരും കാർത്ത്യാനീ...
എന്ത് തെറിയാ ഓൾടെ വായീന്ന് വീഴണെ...
സ്നേഹൊള്ളോളാ കാർത്ത്യാനി..
എന്നെ കുളിപ്പിച്ച് തിന്നാനും തന്ന് കെട്ടിപ്പിടിച്ച് കെടക്കും...
അവൾട നെഞ്ചത്ത് കെടക്കുമ്പോ ഞാനോൾട കുട്ട്യാ...
കാർത്ത്യാനി നുണക്കുഴി കാട്ടി ചിരിച്ചു...
കാർത്ത്യാനി എന്തിനാ ചത്തെ...?
ജീവിക്കാമ്മേലാത്തോണ്ട്...
മാപ്ല കണ്ണും മിഴിച്ചിരുന്നു...
എറച്ചി വെട്ടുകാരന്റെ മോൻ മടന്തയില പറിച്ച് ജീവിക്കണ്ടി വന്നില്ലേ...!
എനിക്ക് ജീവിക്കാമ്മേലാർന്നു ഞാനങ്ങ് ചത്തു അത്രന്നെ...
ന്റെ ശവം ദാ ആ മരോട്ടി മരത്തിൽ തൂങ്ങി നിക്ക്മ്പോ എന്റെ ഉടുതുണി അഴിഞ്ഞ് പോയി.
മടിക്കുത്തിലെ ചില്ലറത്തുട്ടെല്ലാം നെല്ല് ചേറിയ പോലെ ഇവ്ടെല്ലാം വീണു...
കാർത്ത്യാനി കരയാൻ തുടങ്ങി...
കാർത്ത്യാനി കരയല്ലേ... മടന്തക്ക് എന്ത് ചെയ്യണം ന്ന് പിടിയില്ലാതായ്...
ഒക്കെ കള്ള നാണയാർന്നു മാപ്ലേ...
കാർത്ത്യാനി കള്ള കമ്മട്ടം ഉണ്ടാക്യോ...?
ന്റപ്പനുണ്ടാക്കി...
എത്രേണ്ടാക്കീട്ടും നാണയം ഒത്തില്ല...
ഞാൻ നെല്ലേതാ പതിരേതാന്ന് തിരിയാൻ പറ്റാത്ത പോലെ ഉണ്ടാക്കി കാട്ടി...
അപ്പനെ പോലീസ് കൊണ്ടോയ്...
അമ്മക്ക് ദീനം വന്ന് ചാവാൻ കെടന്നപ്പോ ഞാൻ അപ്പന്റെ ആലയിൽ കേറി ഒറ്റ രാത്രി കൊണ്ട് കള്ളക്കമ്മട്ടത്തിൽ നാണയം ചുട്ടെടുത്തു..
കേശവൻ മൂസിനെ കൊണ്ടല്ലാതെ തളർവാതം നന്നാക്കാൻ പറ്റോ…? അങ്ങാർക്ക് കൊട്ക്കാൻ എന്റേ പണംണ്ടോ...
ന്റമ്മേട മുതുക് പൊട്ടി ചോരേം ചലോം വന്നു...
വിക്കാനൊന്നൂല്ലാർന്നു...
ഉം…ശെര്യാ കാർത്ത്യാനീ… കൊല്ലന്റെ വീട്ടീന്ന് എന്ത് വിക്കാനാ...
പെണ്ണുങ്ങൾ.
ഓർട മാറും മാനോം...
അത് ചോദിച്ച് വന്ന ഉണ്യാരെ ആട്ടുമ്പാലിലു കാച്ചിയണച്ച വാക്കത്തി ഓങ്ങിയാ ഞാൻ ഓടിച്ചെ...
ഉണ്യാരു ചടച്ച് ചോര തുപ്പി ചത്തു...
പ്രാക്കാ മാപ്ലേ...
എത്ര കുടിയാത്തിയോൾട മടിക്കുത്തഴിച്ചവനാ...
പുഴുത്തെ ചാവൂ...
അമ്മേട തലമുടിക്ക് ചലത്തിന്റെ നാറ്റം വന്നപ്പഴാ ഞാൻ ഒരു മാർഗ്ഗോല്ലാണ്ട് കള്ള കമ്മട്ടത്തിലു നാണയോണ്ടാക്യെ...
അരീം മൊളകും വാങ്ങീപ്പഴും കൊഴമ്പ് വാങ്ങീപ്പഴും ആരും അറിഞ്ഞേ ഇല്ല അത് കള്ള നാണയാന്ന്...
മൂസ് കണ്ട് പിടിച്ചു...
അങ്ങോരതെന്റെ മോത്തെക്ക് ചേറി...
പോലീസിൽ പറയൂന്ന് അലറിയപ്പോ കാലു പിടിച്ച് കരഞ്ഞു.
ഓടിക്കോളാൻ പറഞ്ഞു മൂസ്...
അമ്മ ചത്ത് തഴപ്പായേൽ പൊതിഞ്ഞ് കുഴിച്ചിട്ട് പൊല കഴിയണേന്റന്ന്...
ഉണ്യാരു പിന്നേം വന്നു...
വാക്കത്തിയെടുത്തപ്പോ അങ്ങോരെന്റെ കൈക്ക് പിടിച്ച് പറഞ്ഞു...
ചീറല്ലെടി പെണ്ണെ…
നിന്റേ കള്ള ക്കമ്മട്ടോണ്ടല്ലെടീ…
നിനക്ക് പോലീസാർട അടി കൊള്ളണോ...
ഇന്ന് രാക്ക് ഞാൻ വരും…നിന്നെ ഞാൻ കാട്ടിത്തരാ ന്റെ മേലെ കത്തി വച്ചാ ഞാൻ നിന്റെ കീഴെ എന്താ വക്കാമ്പോണേന്ന്...കേട്ടടീ കള്ളീ...
മടന്തേട ഓളാണെ അപ്പൊ എന്തെയ്യും...?
മ്മക്കൊരോളൂല്ല കാർത്ത്യാനീ…ന്നാലും തൂങ്ങി ചാവന്നെ ചെയ്യും...
ഇന്നാട്ടീ എത്ര പേരാ തൂങ്ങി ചത്തിട്ട്ള്ളേ...
എല്ലാം പെണ്ണുങ്ങളാ...
ചത്തതല്ല കൊന്നതാ മാപ്ലേ..
എന്നെ കൊന്ന പൊലെ...
അന്ന് മൂവന്തിക്ക് അമ്മക്ക് വിളക്കും വച്ച് ഞാനുണ്ടാക്യ കള്ളത്തുട്ടെല്ലാം മടീൽ കെട്ടി ഞാൻ വീട് വിട്ടു...
കാവിനരികെ വച്ച് ഉണ്യാരടെ കാള വണ്ടി കണ്ട് ഓടി കാവിൽ കയറി
ഒളിച്ചിരുന്നു...
ഇരുട്ടി വെളുത്തപ്പോ മെല്ലെ പുറത്തിറങ്ങി വീട്ടിലു വന്നപ്പോ പോലീസും ഉണ്യാർട അടിയാളമ്മാരും വീട് തച്ച് പൊളിക്കുന്നു...
ഞാൻ ഓടി വീണ്ടും കാവിലു തന്നെത്തി...
പുറത്തിറങ്ങ്യാ ന്നെ പോലീസ് കൊണ്ടോവും...
എന്നെ അവരും ഉണ്യാരും കൊല്ലാക്കൊല ചെയ്യും...
തീണ്ടാരി ആയോണ്ട് വേദന തിന്ന് ഞാനന്നിവിടെ പൂഴിയിൽ കിടന്ന് പുളഞ്ഞു...
തീണ്ടാര്യായാ വേദനേണ്ടോ...
പിന്നില്ലാണ്ട് ങ്ങളൊരു പൊട്ടമ്മാപ്ലന്നെ...
അല്ലേലും ങ്ങക്കീ പാട് വല്ലോണ്ടോ... ഇത് വല്ലോം അറ്യണോ...
ങ്ങക്ക് സുഗിക്കാനല്ലേ അറ്യു...
മടന്ത കുറ്റം ചെയ്ത പോലെ തല കുമ്പിട്ടു...
കാർത്ത്യാനീ ഞാനാരേം ദ്രോഹിച്ചിട്ടില്ല...
ഉം...
നാലു ദിവസം പട്ടിണി കിടന്നു...
പുറത്ത് ന്റെ മാനോം ദേഹോം നോക്കി ഇരിക്കണ കഴുകമ്മാരെ ഓർത്തപ്പോ മേൽ മുണ്ടഴിച്ച് മരോട്ടീ കെട്ടി…
മറുതല കഴുത്തേലും…
എന്റ പെടലി ഒടിഞ്ഞു...
വെയിലു തട്ടാത്ത എന്റെ തുട ഞാൻ മാന്തി പൊളിച്ചു...
കാലെക്കൂടെ ചോര ഒലിച്ചു..
പിടഞ്ഞ് പിടഞ്ഞ് ന്റെ ഉടുമുണ്ട് അഴിഞ്ഞു പോയ്...
ഞാനുണ്ടാക്യ കള്ള തുട്ടുകളും...
ന്റെ ജീവിതോം ന്റമ്മേം എല്ലാം പോയ്...
കാർത്ത്യാനി പൊട്ടി കരഞ്ഞു...
കാർത്ത്യാനിയാല്ലേ ഉണ്യാരെ കൊന്നെ...?
അല്ല...
ശ്ശെ കാർത്ത്യാനി കൊന്നാ മത്യാർന്നു...
നിക്കാരേം കൊല്ലാനൊന്നും ഒക്കില്ല മാപ്ലേ...
അവനോൻ തന്ന അവനോന്റെ ജീവിതോം മരണോം നിശ്ചയ്ക്കണെ...
ചിലർ മാത്രം സ്വന്തം ഇഷ്ടോല്ലാതെ ചാവും,അവരെ കൊല്ലും... ന്നെപ്പോലെ...
മടന്തക്ക് മറുപടി പറയാനൊന്നുമുണ്ടായില്ല...
ഞമ്പോട്ടേ കാർത്ത്യാനീ സീതമ്മ തിരക്കും...
കാർത്ത്യാനി ചിരിച്ചു.
ആനച്ചോടീം കൊണ്ട് ആ വലിയ വീടിന്റെ പിന്നാമ്പുറത്തെത്തിയപ്പോഴേക്കും ഇരുട്ട് കനത്തിരുന്നു...
കാര്യസ്തൻ കേശവൻ മടന്തേന്ന് വിളിച്ച കേട്ട് പറമ്പിലേക്ക് ചെന്നു.
മടന്തേ ദാ ഇവർക്ക് ആ അതിരേലെ മാവൊന്ന് കാട്ടിക്കൊട്...
ചൂട്ട് കറ്റ വീശി മാവിനടുത്തെത്തിയപ്പോഴറിഞ്ഞു സീതമ്മേട പുരുഷൻ മരിച്ചൂന്ന്.
സീതമ്മേം കെട്ട്യോനും മാളോരും അറിയണേനു മുമ്പന്നെ ആ മരണം മടന്ത അറിഞ്ഞിരുന്നല്ലോ...
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക