നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വെള്ളത്തിൽ ആശാൻ


മനുഷ്യന് എന്തൊക്കെ തരം പേടികൾ ഉണ്ടാകും? ആലോചിച്ചു നോക്കിയിട്ടുണ്ടോ? സാധാരണ ആളുകൾക്ക് ഉള്ള പേടി അല്ല.. തെന്നാലി
എന്ന ഒരു പഴയ തമിഴ് സിനിമയിലെ കമലഹാസൻ ചെയ്ത കഥാപാത്രം പോലെ ഉള്ള പേടി... ആട് ഭയം.. മാട് ഭയം.. കാട് ഭയം എന്നിങ്ങനെ ഒരു ഡയലോഗ് പറയുന്നുണ്ട് അതിൽ... ഏകദേശം ആ രീതിയിൽ വിചിത്രം ആയ പേടി ആണ് എനിക്കുള്ളത്..

ഊഞ്ഞാലിൽ കയറാൻ പേടി ഉളളവർ ഉണ്ടോ? ചെറു പ്രായം മുതൽ ഞാൻ കയറുന്ന ഊഞ്ഞാൽ മാത്രം പൊട്ടും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു.. അത് കൊണ്ട് കേറിയാൽ അപ്പോൾ മുതൽ മുകളിലേക്ക് നോക്കി ഇരുന്നാണ് ആട്ടം.. പൊട്ടുമ്പോൾ ഓടി മാറാമല്ലോ.. പക്ഷേ ഒരിക്കലും ഒരു ഊഞ്ഞാലിൽ നിന്നും വീഴാൻ ഉള്ള സൗഭാഗ്യം ഉണ്ടായില്ല...

ഉത്സവ സീസൺ ആവുമ്പോൾ ജയന്റ് വീൽ കണ്ടാൽ അതിൽ വലിഞ്ഞു കേറും.. കറക്കം തുടങ്ങുമ്പോൾ മുതൽ എന്റെ പെട്ടി മാത്രം പൊട്ടി താഴെ വീഴും എന്നും പിറ്റേന്ന് രാവിലെ മനോരമ പത്രത്തിൽ എന്റെ ഫോട്ടോ 43 വയസ്സുള്ള യുവതി എന്ന അടിക്കുറിപ്പ് ഉൾപ്പടെ വരുന്നത് സങ്കൽപ്പിച്ച് ടെൻഷൻ അടിച്ചു ഇരിക്കും..

റോപ്പ് വേ ഉള്ള സ്ഥലത്തേക് യാത്ര പോയാൽ കെട്ടിയോൻ നേരത്തെ പറയും.. പുള്ളി അതിൽ കയറില്ല എന്ന്.. നമ്മൾ കീലേരി അച്ചു കളിക്കും.. ഞാൻ ഉണ്ടല്ലോ.. പക്ഷേ മിക്കവാറും ഞാനും എന്റെ മൂത്ത പുത്രിയും ആയിരിക്കും ഒന്നിച്ച് ഇരിപ്പ്... കഴിഞ്ഞ വർഷം ഇതേ പോലെ പോയപ്പോൾ എന്റെ എത് പടം പത്രത്തിൽ കൊടുക്കണം എന്നും വയസ്സ് കൂടി പോകാതെ നോക്കണം എന്നും അവൾക്ക് പറഞ്ഞു കൊടുത്തു കഴിഞ്ഞപ്പോൾ ലക്ഷ്യ സ്ഥാനത്ത് എത്തി.. അവള് അപ്പോ തന്നെ അച്ഛനോട് പോയി പറയുന്ന കണ്ടൂ.. ഇനി മുതൽ ഞാൻ അമ്മയുടെ കൂടെ ഇതിൽ കയറില്ല എന്ന്... സാരമില്ല... ഇനി ചെറുത് ഒന്നും കൂടെ ഉണ്ടല്ലോ... ഒന്നിന് ഒന്ന് കൂടെ വേണം എന്ന് പഴമക്കാർ വെറുതെ പറയുന്നത് അല്ല..

പ്രവാസ ജീവിത്തിനിടയിൽ പല യാത്രകളിലും കൂട്ടുകാര് കുടുംബായി കൂടെ കൂടാറുണ്ട് .. അങ്ങനെ പോയ സ്ഥലമാണ് ഒമാനിലെ ഡിബ്ബ എന്ന മനോഹരമായ ഭൂപ്രദേശം. ഒരു വലിയ ബോട്ടിൽ കുറെ ആളുകൾ ഒന്നിച്ചു ആണ് സഞ്ചാരം.. ഇരു വശങ്ങളിലും മല നിരകൾ കാണാം.. പച്ച നിറം കലർന്ന കടൽ വെള്ളം..ആഹാരം ഒക്കെ ബോട്ടിൽ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട്.. മൊത്തത്തിൽ ജംഗ ജഗ ജഗാ...

ബോട്ടിന്റെ ഉടമസ്ഥൻ എന്ന് തോന്നിയ ഒരു മനുഷ്യൻ അവിടെ ഒക്കെ കറങ്ങി നടപ്പ് ഉണ്ട്.. പുള്ളി ആണ് എല്ലാ സ്ഥലത്തും വിവരങ്ങൾ ഒക്കെ തരുന്നത്.. ഫുൾ കൈ ഷർട്ടും അലക്കി തേച്ച
പാന്റും ഒക്കെ ധരിച്ച് ബിന്ദു പണിക്കർ പറയും പോലെ എക്സിക്യൂട്ടീവ് ലുക്കിൽ ആണ് ആള്.. തലയിലെ മുടി വിഗ് ആണോ എന്നൊരു സംശയം തോന്നും നമുക്ക്...

ബോട്ട് ഒരു തീരത്തേക്ക് അടുത്ത് തുടങ്ങി.. എന്നാലും അടുപ്പിക്കുന്നില്ല. കരയിൽ നിന്ന് ഏകദേശം ഒരു കിലോമീറർ ദൂരത്ത് അത് നംഗൂരം ഇട്ട് നിൽപ്പ് ഉറപ്പിച്ചു. അപ്പോഴാണ് നമ്മുടെ ഉടമയുടെ വക അറിയിപ്പ് വന്നത്.. മാമുക്കോയ പറയും പോലെ .. കുറച്ച് ദൂരം നീന്തണം .. അതാ ആ കാണുന്നത് ആണ് തീരം .. നോക്കുമ്പോൾ വ്യക്തം ആയി കാണും.. അവിടെ കുറെ ആളുകൾ ഓടി നടന്നു ഫോട്ടോ ഒക്കെ എടുകകുന്നുണ്ട്.. ഇന്നത്തെ കാലത്ത് ഫോട്ടോ എടുക്കാൻ അല്ലേ ട്രിപ്പ് പോകുന്നത് തന്നെ? കരയിൽ കാലു തൊട്ടില്ലെങ്കിൽ മാനക്കേട് തന്നെ എന്ന് നമ്മുടെ ലീഡർ...

കൂടെ ഉള്ള എല്ലാ കൂട്ടുകാരികളും മറ്റുള്ളവരും എന്റെ കെട്ടിയോൻ പോലും ഡ്രസ്സ് ഒക്കെ മാറി വന്ന് ഇറങ്ങുന്നു.... നീന്തുന്ന്... എല്ലാരും വളരെ കൂൾ .. അപ്പോഴാണ് ആ അത്യാഗ്രഹം ഉള്ളിൽ ഉദിച്ചത്... പിന്നെ ഒന്നും ഓർമ ഇല്ല.. ഞാൻ
ജാക്കറ്റ് ഒക്കെ ഇട്ട് വെള്ളത്തിൽ ആണ്.. ആദ്യത്തെ രണ്ട് മിനുട്ട് കഴിഞ്ഞപ്പോൾ ആണ് ഒരു കാര്യം ഓർമിച്ചത്‌.. എന്റെ ചെറിയ മകളെ ആണല്ലോ നീന്തൽ പഠിപ്പിച്ചത്.. എന്നെ അല്ലലോ എന്ന്...

അപ്പോഴേക്കും എന്റെ മൂക്ക് വെള്ളത്തിൽ മുട്ടി തുടങ്ങി.. ജാക്കറ്റ് ഇപ്പൊ ഊരി പോകും എന്ന് തോന്നി തുടങ്ങി ....മറ്റുള്ളവർ എല്ലാം വളരെ സന്തോഷത്തിൽ നീന്തി തുടിക്കുന്നു... എനിക്ക് പല തരം നിർദേശങ്ങളും തരുന്നുണ്ട്.. എനിക്ക് ആണേൽ കാലു തന്നെ പൊങ്ങി വരുന്ന തോന്നൽ... എന്റെ കാല് അല്ലേ?? തല കുത്തി പിറകിലേക്ക് പോകും പോലെ.. ഇത് പറയാൻ വാ തുറന്നാൽ വെള്ളം മൊത്തം വായിന്റെ ഉള്ളിൽ .. അപ്പോ ശ്വാസം മുട്ടിയിട്ട്‌ മിണ്ടാനും വയ്യ.. ഈയിടെ കുറെ വണ്ണം ഒക്കെ കുറച്ചപ്പോൾ ഡോക്ടർ പറഞ്ഞു നല്ല ആരോഗ്യം ഒക്കെ ആയല്ലോ എന്ന്.. ഇതിപ്പോ ജലസമാധി ആയി എന്ന് അറിയുമ്പോൾ പുള്ളി എന്ത് വിചാരിക്കും ദൈവമേ??? ഭാഗ്യം എട്ടിലും..മരണം എഴിലും എന്ന് ജ്യോത്സ്യന്മാർ പറയുന്ന പോലെ ആയല്ലോ എന്നൊക്കെ ആണ് ചിന്തകള് പോകുന്നത്...

അന്ദാളിപ്പ്‌ എന്നാണോ മരണ വെപ്രാളം എന്നാണോ എന്താണോ പറയേണ്ടത് എന്ന് അറിയില്ല ഞാൻ എന്തൊക്കെയോ കാണിച്ചു കൂട്ടി .. പ്രിയതമൻ ചെറിയ മോളെ നീന്താൻ സഹായിക്കുന്നുണ്ട്.. എന്റെ വെപ്രാളം കണ്ട് അടുത്ത് എത്തിയ അദ്ദേഹത്തിനെ ഞാൻ വെള്ളത്തിൽ മുക്കി തുടങ്ങി.. പിന്നെ കൂടെ വന്ന കൂട്ടുകാരെ ഒക്കെ വിളി തുടങ്ങി.. അതിൽ ചില കൂട്ടുകാരികൾ ആത്മാർത്ഥമായി രക്ഷിക്കാൻ എത്തി.. പക്ഷേ ഞാൻ അവരേം കൂടി അള്ളി പിടിച്ചു മുക്കി കൊല്ലും എന്ന സ്ഥിതി ആയി.. ആകെ ബഹളം തന്നെ.. എന്റെ കണ്ണ് ഒക്കെ തുറിച്ചു വന്നു എന്ന് ദൃക്സാക്ഷികൾ പിന്നീട് പറഞ്ഞു..
ആര് രക്ഷിക്കാൻ വന്നാലും ഞാൻ അവരെയും കൊണ്ട് ടൈറ്റാനിക് കളിക്കും എന്ന് മനസ്സിലായ ഒരു സുഹൃത്ത് നമ്മുടെ എക്സിക്യൂട്ടീവ് ബോട്ട് ഉടമയെ വിളിച്ചു.. പുള്ളി സംഗതി പന്തി അല്ല എന്ന് കണ്ട് ഒറ്റ ചാട്ടം വെള്ളത്തിലേക്ക്.. എന്റെ കൈ പിടിച്ചു വലിച്ച് കൊണ്ട് ഹനുമാൻ മരുത്വ മലയും കൊണ്ട് വരുന്ന പോലെ ഒരു പോക്ക് ആയിരുന്നു... ഓഹോയ്‌ ഓഹോയ്....എന്ന താളത്തിൽ....

ബോട്ടിൽ എത്തി നനഞ്ഞ കോഴിയെ പോലെ ഞാൻ ഒരിടത്ത് ഒതുങ്ങി ഇരിപ്പായി.. ബാക്കി ഉളളവർ അപ്പോഴും തകർക്കുന്നു..

വെള്ളത്തിൽ നിന്ന് പുറത്ത് വന്ന എനിക്ക് പിന്നെ ആ സ്ഥലത്തിന് അത്ര മനോഹാരിത ഒന്നും തോന്നിയില്ല.... ഇൗ വെള്ളം ഒക്കെ ദൂരെ നിന്നും കാണുന്നത് തന്നെ ആണ് നമ്മുക്ക് നല്ലത് ...

പിന്നീട് അങ്ങോട്ട് ആ യാത്രയിൽ എനിക്ക് മാത്രം എക്സിക്യൂട്ടീവ് നേ നല്ല ബഹുമാനം ആയിരുന്നു... കാരണം
ഹനുമാൻ സ്വാമിയെ "ഞാനേ
കണ്ടുള്ളൂ... ഞാൻ മാത്രേ കണ്ടുള്ളൂ 😁"

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ

1 comment:

  1. രാവിലെ തന്നെ വായിക്കാൻ കഴിഞ്ഞത് നന്നായി.
    എന്നെക്കാൾ ദുരന്തം അനുഭവികേണ്ടിവന്നവർ വേറെ ഉണ്ടല്ലോ എന്നുള്ളത് ചില്ലറ സമാധാനമല്ല തരുന്നത്.

    നന്നായി എഴുതി.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot