Slider

കുൽസുവിന്റെ ചലഞ്ച്

0


ഇറയത്തെ ചാരുകസേരയിലിരുന്ന് സ്മാർട്ട്ഫോൺ സെൽഫി മോഡിലിട്ട് കവിൾ വീർപ്പിച്ചും, ചുണ്ടുകളിൽ കാറ്റ് കയറ്റിവിട്ട് എന്തൊക്കെയോ വാനര അടയാളങ്ങൾ കാട്ടുകയും ചെയ്തു കൊണ്ടിരിക്കുന്ന ഉമ്മറിനെ കണ്ട് ഉമ്മുകുൽസുവിന് കലികയറി.

"ദേ നിങ്ങളിങ്ങനെ എന്തെല്ലോ കോപ്പിരാട്ടികൾ കാട്ടിക്കൊണ്ടിരുന്നോ, ഉച്ചക്കത്തെ ചോറിന് കറിയുണ്ടാക്കാനുള്ള ഒരു സാധനവുമിവിടെയില്ല. ഒന്നും വാങ്ങിക്കൊണ്ടു വന്നില്ലെങ്കിൽ ഇന്ന് ചോറ് മാത്രം - വേണമെങ്കിൽ കഴി ക്കേണ്ടിവരും പറഞ്ഞേക്കാം" ഉമ്മുകുൽസു അയാളുടെ പിറകിൽ പോയി നിന്നു ചെവിപൊട്ടുമാറുച്ചത്തിൽ ചീറി.

"ഓഹ്, ഇങ്ങനത്തെയൊരു പെമ്പറന്നോള്! ഒരു പുരോഗമനവുമില്ലാത്ത ഒന്നാണല്ലോ എന്റെ തലയിൽ ഞാൻ ചുമന്നു കൊണ്ടിരിക്കുന്നത്.. കാര്യമായ ഒരു പണിയെടുക്കുന്നത് കേമറയിലാക്കുമ്പോളാ അലിക്കത്തും കുലുക്കി ഓള് തൊണ്ടപൊട്ടിക്കുന്നത് , നിയങ്ങോട്ട് മാറി നിന്നേ" അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്ന ഉമ്മർ ദേഷ്യത്തോടെ രണ്ടടി വലത്തോട്ട് മാറി ഇടത്തോട്ട് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു,

"എടീ കുൽസു, ഇതാണ് പുതിയ ചലഞ്ച്. അതായത്, വെളുത്ത രോമം എടുത്തുമാറ്റി , കറുത്ത രോമം നിലനിർത്തൽ ചലഞ്ച്, ഇതൊന്ന് വെടിപ്പായി ചെയ്ത്, ഒരു പൊളപ്പൻ ഫോട്ടോയുമെടുത്ത് സുക്കറണ്ണൻറെ ഫേസ്വുക്കിൽ കൊണ്ടുപോയി അങ്ങിടണം .. നീ നോക്കിക്കോ പിന്നെ ലൈക്കോട് ലൈക്കായിരിക്കും .. ഹഹഹ "

ഉമ്മർ അതാലോചിച്ച് പൊട്ടിച്ചിരിച്ചു.

"മുണ്ടാണ്ടിരി , ഇങ്ങക്ക് വട്ട് പിടിച്ചാ , സുക്കറെന്ന് കേട്ടപ്പോളാ ഓർമ്മ വന്നത് , നമ്മുടെ സുക്കൂറിനെ പോലീസ് പിടിച്ച് നല്ല പെഴയിട്ട് പോലും , ഹെൽമെറ്റില്ലാതെ വണ്ടിയോടിച്ചതിന്" കുൽസു മനോവിഷമത്തോടെ പറഞ്ഞു.

" ഹഹഹ... ങ്ഹാ, അളിയന് കിട്ടേണ്ടത് തന്നെയാണ് .. ഈയിടെ പിടിച്ചത് ലൈസൻസ് ഇല്ലാഞ്ഞിട്ട്, ഇപ്പൊ ഹെൽമറ്റില്ലാഞ്ഞിട്ട് അടുത്തത് എന്തിനാണാവോ "

"ഉമ്മർക്ക, ഇങ്ങള് ചായ കുടിക്കാൻ ബാ, മയ്യത്തപ്പം റെഡിയാണ്".. കുൽസു ചായ കുടിക്കാൻ ക്ഷണിച്ചു.

"ദേ വന്നു അടുത്തത്, മനുഷ്യൻ പ്രായമായി വരുന്നതിന്റെ ലക്ഷണമായി കാണുന്ന നരച്ച രോമങ്ങൾ എങ്ങനെയൊക്കെയോ മറച്ചുവെക്കാൻ നോക്കുന്നതിനിടയിലാ മയ്യത്തിന്റെ കാര്യവും പറഞ്ഞോണ്ട് വരുന്നത്. നാക്കെടുത്താൽ ഇമ്മാതിരി പേടിപ്പിക്കുന്ന കാര്യമല്ലാതെ പറയൂല.. അള്ളോ"

"ഈയാക്ക് തിന്നാനും വേണ്ടാണ്ടായോ പടച്ചോനേന്നും" പറഞ്ഞു ഉമ്മുകുൽസു അമർത്തിച്ചവുട്ടി അകത്തേക്ക് കയറിപ്പോയി. ഉമ്മർ വെള്ളരോമങ്ങൾ വേരോടെ പിഴുതെടുത്തു സുന്ദരൻ ചിരിയോടെ ഒരു ഫോട്ടോ പിടിച്ചു.

കുൽസു ഉണ്ടാക്കിയ മയ്യത്തപ്പം അകത്താക്കിക്കൊണ്ടിരിക്കുമ്പോ കോളിങ് ബെൽ ചിലക്കുന്നു. കടിച്ചു കഴിച്ചുകൊണ്ടിരുന്ന അപ്പം വലത് കയ്യിൽ പിടിച്ചു ഇടത്തെ കൈ കൊണ്ട് വാതിൽ തുറക്കുമ്പോളാണ് ഉടുത്തിരുന്ന ലുങ്കി അഴിഞ്ഞു വീഴാൻ തുടങ്ങിയത്. വലത്തേ കൈകൊണ്ട് ലുങ്കി പിടിക്കാനോക്കിയപ്പോളേക്കും അപ്പം താഴേക്ക് വീണു വീണ്ടും മയ്യത്തായി.

വാതിൽക്കൽ അളിയൻ ഷുക്കൂർ..

"നിനക്കല്ലേ പോലീസിന്റെ പിഴ കിട്ടിയെന്ന് കുൽസു പറഞ്ഞത്"

"ഹത് അളിയാ .. ശരിയാ ഹെൽമെറ്റ് വെക്കാതെ തിരക്കിട്ടങ്ങ് പോകുമ്പോളാ.. വേഗത്തിൽ പൊയ്‌ക്കൊണ്ടിരിക്കുന്ന ലോകത്തെ കൊറോണ പിടിച്ചു വെച്ചത് പോലെ പോലീസെന്നെ തടഞ്ഞു നിർത്തിയത്. മാസ്ക്ക് വെച്ചത് കൊണ്ട് പോലീസിനെന്നെ മനസ്സിലായില്ല.. ഹത് വലിയ കാര്യമല്ലേ ഉമ്മറളിയാ".

ഇവന്റെ വിഢിത്തരത്തിന് ഒരു മാറ്റവും കൊറോണ വരുത്തിയില്ലല്ലോ എന്ന് ചിന്തിച്ചുവെങ്കിലും "ങ്ഹാ അത് നന്നായെന്ന്" ഉമ്മർ വെറുതെ തട്ടിവിട്ടു.

ഫോണിൽ, താൻ ഹെൽമെറ്റ് വെച്ച് ഇളിക്കുന്ന ഓരോ ഫോട്ടോ കാട്ടി ഷുക്കൂർ പറഞ്ഞു..

"ഇതാപ്പോ എന്റെ ചലഞ്ച്, ഹെൽമെറ്റില്ലാതെ പോലീസ് പിടിച്ചപ്പോ എനിക്ക് തോന്നിയ ഐഡിയ ആണ് "ഹെൽമറ്റ് ചലഞ്ച്, ഫൈനടക്കേണ്ടി വന്നെങ്കിലെന്താ , പുതിയൊരു ഐഡിയയും കിട്ടി, അടച്ച ഫൈൻ തുകയെക്കാളും ലൈക്കുകൾ ഞാൻ വാരിക്കൂട്ടും ..ഹും അളിയൻ കണ്ടോ ഹ ഹ ഹാ..അതും പറഞ്ഞു ഷുക്കൂർ നിയന്ത്രണം വിട്ടു പൊട്ടിച്ചിരിക്കുന്നത് കേട്ടു കൊണ്ടാണ് അടുക്കളയിൽ നിന്നും കുൽസു അങ്ങോട്ട് വന്നത്..

"ഇന്ന് രാവിലെ മുതൽ ഇങ്ങനെയുള്ള ചിരികൾ കേൾക്കുന്നു, ആദ്യം ഉമ്മർക്ക, പിന്നെ അപ്പുറത്തെ വീട്ടീന്ന് ശ്രീലത , ഇപ്പൊ ദാ സുക്കൂറും".. ഏടിയോ എന്തോ കൊയപ്പമുണ്ട് .. കുൽസു ആത്മഗതം പറഞ്ഞു..

"ഇതെന്താ ഇങ്ങനെ എല്ലാരും ഒരു വല്ലാത്ത ചിരി ചിരിക്കുന്നെ , എനിക്കാണെങ്കിൽ ഇത് കണ്ടും കേട്ടും ചിരിയല്ല , ചൊറിച്ചിലാ വരുന്നെ"..

"അതേയ് ഇത്താത്താ , ഇതാണ് ചിരി ചലഞ്ച് , ഫേസ്ബുക്കിൽ പുതിയ പരിപാടിയാ .. നമ്മുടെ സുക്കറിന്റെ ഓരോ കണ്ടുപിടുത്തങ്ങൾ, ഇത്താത്താക്ക് ചൊറിച്ചിലാണെങ്കിൽ ചൊറിച്ചിൽ ചലഞ്ച് എന്ന് പറഞ്ഞു ചൊറിയുന്ന ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാം.. കൊറേ ലൈക്കുകൾ കിട്ടും , ഹഹഹാ..”

"നിന്റെ ഒരു ലൈക്ക് , കയ്യിലുള്ള കൈല് ഷുക്കൂറിന്റെ നേർക്ക് ഓങ്ങിക്കൊണ്ട് കുൽസു പറഞ്ഞു "ഇത് ചിരി ചലഞ്ചല്ല, പിരി ചലഞ്ചാണ് ..സുക്കറും , സുക്കൂറും , ഉമ്മറും .. എല്ലാത്തിനും ഞാനിന്ന് വെച്ചിട്ടുണ്ട്." കുൽസു ചിറി കോട്ടിക്കൊണ്ട് പറഞ്ഞു..

ചായകുടി കഴിഞ്ഞു ഉമ്മർ വാ പിളർന്നു ഉച്ചത്തിൽ ഏമ്പക്കം വിട്ടു. അത് കേട്ടപ്പോ കുൽസുവിന് തോന്നി ഇനി ഏമ്പക്കം ചലഞ്ച് കൂടി കാണേണ്ടി വരുമോന്ന്.

"കുൽസു ഇത്താത്താ , ഏയ്"

അടുക്കള ഭാഗത്ത് നിന്നും പരിചിത ശബ്ദം കേട്ട് കുൽസു അങ്ങോട്ട് പോയി നോക്കി. അടുക്കളമുറ്റത്ത് നാടൻപണിക്കാരൻ ബാബുവാണ്.

"എന്താ ബാബുവേ, എല്ലാം കൊണ്ടുവന്നിട്ടുണ്ടോ?" കുൽസു ചോദിച്ചു.

"പറഞ്ഞതെല്ലാം റെഡിയാണ് ഇത്താത്ത" ബാബു പറഞ്ഞു.

“ഞാനിപ്പോ വരാന്നും” പറഞ്ഞു കുൽസു അകത്ത് പോയി ഉമ്മറിനെയും ഷുക്കൂറിനെയും കൂട്ടി അടുക്കളഭാഗം വളപ്പിന്റെ മതിലിനോട് ചേർന്നുള്ള ഭാഗത്തേക്ക് നടന്നു. ഉമ്മറിനും ഷുക്കൂറിനും കാര്യമൊന്നും മനസ്സിലായില്ല.

അവിടെ ചെന്ന് കുൽസു ബാബു കേൾക്കത്തക്കവണ്ണം അവനെ വിളിച്ചു പറഞ്ഞു.

"എടാ ബാബുവേ നീ അതെല്ലാം എടുത്ത് ഇങ്ങോട്ട് വാ"

ഒരു തെങ്ങിൻ തൈ , വാഴക്കന്ന് , പ്ലാവിൻ തൈ, കുറച്ച് പച്ചക്കറി വിത്തുകൾ ഇതൊക്കെയെടുത്ത് ബാബു അവരുടെയടുത്തെത്തി.

"ബാബു നിന്റെ ആ വായ്‌ക്കോട്ട് ഉമ്മർക്കാന്റെ കയ്യിൽ കൊടുക്ക്" കുൽസു ബാബുവിനോട് നിർദ്ദേശിച്ചു.

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും കുൽസുവിന്റെ വാക്ക് കേട്ട് ഉമ്മർ വായ്‌ക്കോട്ട് കയ്യിലേന്തി.

"ഉമ്മർക്കാ, ആ ഫോണിങ്ങ് താ, എന്നിട്ട് കുഴിക്കാൻ തുടങ്ങിക്കോ, ആദ്യം തെങ്ങ് നടാനുള്ള കുഴി".

കുൽസുവിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ തൽക്കാലം മറ്റു വഴികളില്ലായെന്ന് മനസ്സിലാക്കിയ ഉമ്മർ തെങ്ങിൻ തൈ നടാനുള്ള കുഴിയെടുക്കാൻ തുടങ്ങി.

"സുക്കൂറേ , ഉമ്മർക്ക കുഴിക്കുന്ന ഫോട്ടം പിടിച്ചോ.. എന്നിറ്റ് ഫേസ്വുക്കിലോ എവിടെയാണെന്ന് വെച്ചാ ചെയ്തോ..അതാ ഇപ്പോളത്തെ ചലഞ്ച് എന്ന് വെച്ച് കാച്ചിക്കോ .. പിന്നെ.. നിനക്കുള്ള ജോലി വാഴക്കന്ന് നടുന്നതാ.. ഉമ്മർക്കയുടെ ജോലി തീർന്നാൽ ഉടനെ നീ അത് ചെയ്തോളണം, പണ്ട് ബാപ്പ നിന്നെ പറ്റി പറഞ്ഞത് നിനക്കോർമ്മയുണ്ടല്ലോ അല്ലെ ?" ഉമ്മുകുൽസു ഷുക്കൂറിനെയൊന്ന് പാളി നോക്കി ഊറിച്ചിരിച്ചു .. ഷുക്കൂർ ഉമ്മുകുൽസുവിനെ കണ്ണുതറപ്പിച്ചൊന്നു നോക്കി ആസ്വദിച്ചു ചിരിച്ചു.

"രണ്ട് തൈ നടുന്ന കാര്യം നാട്ടാരെ അറിയിച്ചാ അയിന്റെ ഗൊണം നാടിനുണ്ടാകും. അതിൽ നിന്നുള്ള ഫലം കിട്ടുമ്പോ വരുന്ന നിറഞ്ഞ ചിരിയുണ്ടല്ലോ.. അതാ ചിരി”. വിളവെടുപ്പാലോചിച്ച് ഉമ്മുകുൽസു മനസ്സിൽ സന്തോഷിച്ചത് പുറത്ത് പുഞ്ചിരിയായി വന്നു. അയിലപ്പുറം എന്ത് ചലഞ്ച്".. ആത്മഗതം പറഞ്ഞുകൊണ്ട് ഉമ്മുകുൽസു ഉച്ചയൂണിനുള്ള അരി കഴുകിക്കൊണ്ടിരുന്നു ..

- മുഹമ്മദ് അലി മാങ്കടവ്

24/09/2020

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo