Slider

ഭൈമീ ദർശനം ഒന്നാം അങ്കം.

0
Image may contain: 1 person
*********************************
പഠനമൊക്കെ കഴിഞ്ഞ്, അധികം വൈകാതെ തന്നെ തരപ്പെട്ട ജോലിയുടെ ബലത്തിൽ... സ്വന്തം കാശ് മുടക്കി വാങ്ങിയ പുതു പുത്തൻ ഇരുകാലി ഒന്നിലേറി... പോത്തിന്റെ പുറത്ത് കാലൻ പോകുന്ന ചേലിൽ... നാട്ടിലൊക്കെ ചുറ്റിത്തിരിഞ്ഞുകൊണ്ടിരുന്ന ഒരു കാലത്തരങ്ങേറിയതായിരുന്നു ഭൈമി ദർശനം ഒന്നാം അങ്കം.
അക്കാലത്ത് ഞാൻ ഓഫീസിലേക്കിറങ്ങുന്ന സമയം കണക്കാക്കി പൂമുഖത്തേക്കെത്തുന്ന അമ്മ... ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ, അതിലേക്ക് നോക്കി നിത്യേന ദീർഘ നിശ്വാസം ഉതിർക്കാൻ തുടങ്ങി !. ഈ സംഗതി ഒരു പതിവായ് മാറിയപ്പോൾ ... കർമ്മത്തിന്റെ മൂല ഹേതു അറിയാനുള്ള ജിജ്ഞാസയിൽ കാര്യം തിരക്കിയ എന്നോട്... അമ്മ ഇങ്ങനെ ഉര ചെയ്തു:
"മോനേ... ഈ ശകടത്തിൽ നീ ചരിക്കുമ്പോൾ ഉണ്ടാക്കുന്ന പ്രവേഗത്തിന്റെ ആധിക്യത്താൽ... മൂട് പൊന്തി അർദ്ധാസന നിലയിലായാണ് നിന്റെ പോക്ക്...! അങ്ങനെ നോക്കുമ്പോൾ ...ഒറ്റക്ക് യാത്ര ചെയ്യാനായ് ഇത്രയും വലിയൊരു സീറ്റ് ഈ വാഹനത്തിന് ആർഭാടമാണ്... എന്നാലോ ഇതഴിച്ച് ചെറുതൊരെണ്ണം ഫിറ്റ് ചെയ്യാം എന്ന് വെച്ചാൽ... സ്റ്റാൻഡേർഡ് ഫിറ്റിംഗ്സിൽ മാറ്റം വരുത്തുന്നത് മോട്ടോർ വാഹന വകുപ്പിന്റെ ദൃഷ്ടിയിൽ ഒരപരാധവുമാണ്... ആകയാൽ ഇതിനൊരു പരിഹാരമെന്ന നിലയിൽ പിന്നിലിരിക്കാനായ് എത്രയും വേഗം നീ ഒരാളെ കൂടി കണ്ടെത്തുക!."
അമ്മയുടെ ഭാഗത്ത് നിന്നുമുണ്ടായ ഈ കരുനീക്കം... മുറ്റമടിക്കാനുള്ള ജോലി മറ്റൊരാളെ ഏൽപ്പിക്കാനുള്ള ഗൂഢതന്ത്രമാണെന്ന് എനിക്ക് മനസ്സിലായി... എങ്കിലും ഒന്നും അറിയാത്ത മട്ടിൽ ഞാനിങ്ങനെ പറഞ്ഞു. "അമ്മ അതോർത്ത് വിഷമിക്കണ്ട... ഞാൻ കവലയിൽ എത്തുമ്പോൾ പുത്തൻ പുരക്കലേ സുമേഷ് അവിടെ നിന്നും, എന്നും എന്റെ കൂടെ കയറാറുണ്ട്. " അങ്ങനെ അമ്മയുടെ അന്നത്തെ ആ നീക്കം സുമേഷ് എന്ന കാലാള് വെച്ച് ഞാൻ നൈസായി തടയിട്ടു.
പക്ഷെ പിന്നീട് വന്ന ദിവസങ്ങളിൽ... റാഗ് ചെയ്യുന്ന സീനിയർ വിദ്യാർത്ഥിയുടെ മനോഭാവത്തോടെ...പാത്രം കഴുകിച്ചും, പുരതുടപ്പിച്ചും, കറിക്കരിയിപ്പിച്ചും അമ്മ എന്നോട് ചെക്ക് പറഞ്ഞ് കൊണ്ടിരുന്നു. ഓരോ തവണയും ഞാൻ തീർക്കുന്ന സിസിലിയൻ പ്രതിരോധങ്ങളെ തകർത്ത് മുന്നേറിയ അമ്മ..അങ്ങനെ ആ അങ്കത്തിനൊടുവിൽ 'കാസല് ' ചെയ്ത് രക്ഷപെടാൻ നോക്കിയിട്ടും സാധിക്കാതെ വന്ന ഈ മഹാനുഭാവനെ... ഭർത്താവ് പുംഗവന്റെ കൂടെ സഹായത്താൽ അടിയറവ് പറയിച്ചു.
അങ്ങനെ അവർ നടത്തിയ ഗൂഢാലോചനയുടെ ഫലമായി പിറ്റേ ഞായറാഴ്ച ഞാൻ...നാട്ടിലെ പ്രധാന മാര്യേജ് അസംബ്ലറായ ''വാചകം വാസുവണ്ണന്റെ " കൂടെ... എട്ട് പൊരുത്തവും, മുട്ടനൊരാങ്ങളയും, പട്ടാളക്കാരനായ അപ്പനും, വെട്ടുപോത്ത് പോലൊരു മാതാവുമുള്ള ഭൈമിയെ ദർശിക്കാൻ എന്റെ സകടത്തിലേറി യാത്ര തിരിച്ചു... റോഡും, കുഴിയും താണ്ടി ഏതൊക്കെയോ നിരത്തിലൂടെ മുന്നേറിയ വണ്ടി... ഏന്തിവലിഞ്ഞ് കുന്ന് രണ്ട് മൂന്നെണ്ണം കയറിയിട്ടും, പെണ്ണിന്റെ വീട് കണ്ടില്ല. ക്ഷമകെട്ട് ഞാൻ അണ്ണനോട് ചോദിച്ചു..
"അണ്ണോ.. അണ്ണനിത് അരി പ്രശ്നമാണെങ്കിൽ, എനിക്ക് ജീവിത പ്രശ്നമാ... ഈ വഴിക്കൂടെ രണ്ട് വട്ടം വണ്ടിയോടിച്ചാൽ, വിരുന്ന് കഴിയുമ്പോഴേക്കും ഞാൻ കോട്ടക്കലിൽ ഉഴിഞ്ഞ് കഴിയേണ്ടതായ് വരും. "
അപ്പോഴാണ് ഞാൻ ആ ഞെട്ടിക്കുന്ന സത്യമറിയുന്നത്...പറഞ്ഞ് കേട്ട അറിവല്ലാതെ വാസു അണ്ണനും പെണ്ണിന്റെ വീടിനെ കുറിച്ചുള്ള ധാരണ "നഹീന്ന് പറഞ്ഞാ.... നഹീ!''
അങ്ങനെ അവിടെക്കിടന്ന് ചുറ്റിത്തിരിഞ്ഞ ഞങ്ങളുടെ അരികിലേക്കപ്പോൾ... ചക്ര രഥവും ഉരുട്ടി ഒരു പത്ത് വയസ്സ് കാരൻ ദേവദൂതനെപോലെ പ്രത്യക്ഷപ്പെട്ടു ...! ടിയാനോട് ആ ഭവനത്തേക്കുറിച്ച് തിരക്കിയപ്പോൾ കിട്ടിയ മറുപടി ആശ്വാസത്തിന് വക നൽകുന്നതായിരുന്നു... അവിടെ നിന്നും രണ്ട് മൂന്ന് വീട് മുന്നോട്ട് കടന്നാൽ മതി ഭൈമിയുടെ ഗൃഹം എത്തും. പക്ഷെ വീടിന്റെ വിശേഷണം കേട്ടപ്പോൾ ആശ്വാസത്തിന്റെ ശ്വാസം ഏതോക്കെയോ വഴി നിർഗ്ഗളം നിർഗ്ഗമിച്ചു. അതിങ്ങനെ ആയിരുന്നു. " പെരക്കാത്ത് പട്ടി ഒള്ള വീടല്ലെ... പടിക്കലെത്തുമ്പളേ അത് കുരച്ചു കൊണ്ട് ഓടി വരും" അതാ അടയാളം.
പറഞ്ഞ പോലെ തന്നെ... ഭാവി ഉണ്ടെങ്കിൽ ഉണ്ടാകാൻ പോകുന്ന അളിയൻ ഞങ്ങളെ കണ്ടതും അകത്ത് നിന്നും കുരച്ച് കൊണ്ട് ചാടി ഇറങ്ങി വന്ന് സ്വീകരിച്ചു. മുട്ടൻ പെരുച്ചാഴി പോലിരിക്കുന്ന, ഡാഷ് ഹണ്ട് വിഭാഗത്തിൽ പെട്ട ഒരു കുഞ്ഞളിയൻ.... അവന്റെ കുര കേട്ടപ്പോൾ എനിക്ക് തോന്നിയത് അവനെന്നെ "ഹലോ, ഹലോ എന്ന് വിളിക്കുന്നതായാണ്. പെട്ടെന്ന് തന്നെ ആ കുരയേക്കാളുച്ചത്തിൽ മറ്റൊരു ഹലോ വെച്ച് കൊണ്ട് പട്ടാളം പുറത്തേക്ക് വന്നു... എന്നിട്ട് ഒരു കുട്ടിയെ എടുക്കും പോലെ പട്ടിയേയും ചുമന്ന് അകത്തേക്ക് നടന്നു...പിന്നാലെ ഗേറ്റ് കടന്ന ഞങ്ങൾ അതിർത്തി കടക്കുന്ന ഭീകരന്മാരെ പോലെ മാർജ്ജാര പദചലനങ്ങളുമായ് ഗൃഹപ്രവേശം നടത്തി...
വെടി പൊട്ടിക്കും പോലുള്ള ശബ്ദത്തിൽ മുഴങ്ങിയ ചില പട്ടാളക്കഥകൾക്കും, അട്ടർ ഫെയിലിയറായ കുശലാന്വേഷണങ്ങൾക്കും ശേഷം പട്ടാളം മകളെ വിളിച്ചു... അപ്പോൾ അകത്ത് നിന്നും അന്നനടയോടെ വന്ന ഉഡുരാജമുഖി... ഗ്രനേഡ് പോലെ ഉള്ള അരിയുണ്ടയും, എരുമപ്പാലൊഴിച്ച് കുറുക്കിയ കാപ്പിയും ഞങ്ങൾക്ക് മുന്നിൽ കൊണ്ടു വച്ച് ദർശനം നല്കി... കുറച്ചു നേരം ഗ്രനേഡുമായി മൽപ്പിടുത്തം നടത്തിയ ഞാൻ... പിൻ ഊരാൻ കഴിയാത്ത കാരണം അത് പ്ലേറ്റിൽ തന്നെ തിരിച്ച് വെച്ചു. അപ്പോളെല്ലാം ഈ കാഴ്ചകൾ കണ്ട് കൺട്രോള് പോയ അളിയൻ... മുറിയുടെ മൂലക്ക് കുത്തിയിരുന്ന് വാലാട്ടുന്നുണ്ടായിരുന്നു.
ഒടുവിൽ കാര്യങ്ങൾ അവസാന രംഗത്തേക്ക് കടന്നു... "അവർക്കെന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ ആവട്ടെ " എന്നൊക്കെ പറഞ്ഞ് പട്ടാളവും, പരിവാരങ്ങളും സ്ഥലം വിട്ടു. പക്ഷെ വാലുള്ള അളിയൻ രംഗമൊഴിയാൻ കൂട്ടാക്കിയില്ല!. അവൻ അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു.
"ടുട്ടു കം ഹിയർ "എന്ന് അവനെ വിളിച്ച് ഭൈമി ഞങ്ങൾക്കിടയിലെ നിശബ്ദത ഐസ് ബ്രേക്ക് ചെയ്തു...ഇത് കേൾക്കേണ്ട താമസം ഓടിച്ചെന്ന ടുട്ടു ഭൈമിയുടെ മടിയിലേക്ക് ചാടിക്കയറി. എന്നിട്ട് അവിടെ ഇരുന്ന് പുഛ ഭാവത്തിൽ ഇവൻ എവിട്ന്ന് വന്നെടാ എന്ന മട്ടിൽ എന്നെ ഒന്ന് നോക്കി. എന്നിട്ട് അടുത്ത ക്ഷണം ടിയാൻ തന്റെ നീളൻ നാവു നീട്ടി ഭൈമിയുടെ മുഖമാകെ നക്കി തുടക്കാൻ തുടങ്ങി.
അതോടെ സകല കണ്ട്രോളും പോയ ഞാൻ...ഇവളെ എങ്ങാൻ കെട്ടിയാൽ ജീവിതം നായ നക്കി എന്ന ചൊല്ല് അന്വർത്ഥമാകുമല്ലോ ഭഗവാനെ എന്ന് അന്തരംഗത്തിൽ ചിന്തിച്ച് അന്ധാളിപ്പോടെ ഇരുന്നു. എന്റെ ഇരുപ്പ് കണ്ടിട്ടോ എന്തോ... അവിടുണ്ടായിരുന്ന പാത്രത്തിൽ നിന്നും ഒരു ബിസ്ക്കറ്റെടുത്ത് അളിയന് നല്കി അവൾ ആ ഫേഷ്യൽ കർമ്മത്തിൽ നിന്നും ടിയാനെ പിൻതിരിപ്പിച്ചു. പിന്നെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്...ടുട്ടു കടിച്ച് ബാക്കിയായ ആ ബിസ്ക്കറ്റ് കഷണം ഒരു മടിയും കൂടാതെ ഭൈമി തന്റെ വായ്ക്കകത്താക്കി!.
ബിസ്കറ്റും തിന്ന് സ്ഥലം കാലിയാക്കിയ ആ പുംഗവൻ... ഞങ്ങളെ അവിടെ തനിച്ചാക്കി വാതിലും കടന്ന് പുറത്തേക്ക് കുതിച്ചു. ആ കാഴ്ചയുടെ ഷോക്കിൽ നിന്നും മോചിതനാവാൻ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നു... ഇരുന്ന ഇരുപ്പിൽ വെട്ടി വിയർത്ത് പോയ എന്റെ മുഖത്ത് കൂടി വിയർപ്പ് തുള്ളികൾ താഴേക്ക് ഒഴുകാൻ തുടങ്ങി... പുട്ടിക്കനത്തിൽ മുഖത്ത് ഞാൻ വാരിപ്പൊത്തിയ പൗഡറിനിടയിൽ ചാലുകൾ തീർത്ത് ആ തുള്ളികൾ...എന്റെ മുഖം പുലികളിക്കാരുടെതുപോലാക്കി തീർത്തു.
പിന്നീട് ഞാൻ ചോദിച്ച ചോദ്യങ്ങളെല്ലാം ലാലേട്ടൻ പറഞ്ഞ പോലെ തികച്ചും യാന്ത്രികമായിരുന്നു...! പെട്ടെന്നുതന്നെ ആ ചോദ്യോത്തരപംക്തി അവസാനിപ്പിച്ച് അവിടെനിന്നും... "എസ്കേപ്പ് " പറഞ്ഞ് വെളിയിലേക്ക് ഞാൻ കുതിച്ച് ചാടി. പക്ഷെ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച അതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഹൃദയഭേദകമായ ഒന്നായിരുന്നു... ഭൈമി ദർശനോദ്ദേശത്തിന് വേണ്ടി ഞാൻ പുതുതായി വാങ്ങിയ...രൂപാ മൂവായിരം വിലയുള്ള എന്റെ വുഡ്ലാൻഡ് ഷൂസ് കസ്റ്റഡിയിലെടുത്ത ടുട്ടു അളിയൻ ...അത് മുറ്റത്തിട്ട് മഡ്ലാൻറാക്കി കളിച്ച് കൊണ്ടിരിക്കുന്ന രംഗമായിരുന്നു അവിടെ നടന്ന് കൊണ്ടിരുന്നത്. എങ്ങനെ ഒക്കെയോ ടിയാന്റെ കൈയ്യിൽ നിന്നും അത് തട്ടിപ്പറിച്ച്... അവരോട് യാത്ര പോലും പറയാതെ കണ്ടം വഴി ഓടിയ അവസാന ഭാഗത്തോടെ ആ അങ്കം….
ശുഭം
അരുൺ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo