നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആർട്ട് ഓഫ് മെഴ്‌സി...?!

Image may contain: 1 person, beard and closeup

ഞാൻ; *സിഹാഒ( Zìháo)രാജ്യത്തിന്റെ അധിപതിയാണ് ചുറ്റിലും അമ്പരചുംബികളായ കെട്ടിടങ്ങളും,ചൂതാട്ട കേന്ദ്രങ്ങളും,വൈൻ ഷോപ്പുകളും,
നക്ഷത്രവേശ്യാലയങ്ങളും നിറഞ്ഞ നഗരം.ഉയരങ്ങളിൽ നിന്നും അത്യുന്നതങ്ങളിലേക്ക് ശരവേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ആഡംബര നഗരമായിരുന്നു സിഹാഒ.
ആ നഗരം വർഷങ്ങൾക്ക് മുൻപ് *റീൻസി(Réncí)എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.ആ...കാലഘട്ടത്തിൽ എനിക്കൊരു വാഹനമുണ്ടായിരുന്നു.
തീർത്തും പഴയതും
തുരുമ്പിച്ചതുമായുള്ള വാഹനം.അല്പം പുറംമോടി കുറവാണെങ്കിലും കൂടിയ ഇന്ധനക്ഷമതയും,യാത്ര ക്ഷീണവും കുറവായിരുന്നു.രാജ്യത്തെ ചെറിയ കുന്നുകളെത്തുമ്പോൾപോലും വാഹനമൊരു ആസ്മരോഗിയെപോലെയാവും.
ചിലനേരങ്ങളിൽ ഹൃദ്രോഗം മൂർച്ഛിച്ച് രക്തം ഛർദ്ദിച്ചു നിശ്ചലമാകാറുണ്ടായിരുന്നു.
എന്നിരുന്നാലും യാത്രകളിലെ ഓരോ പ്രതിസന്ധിയിൽ അകപ്പെടുമ്പോഴും ഭാരതീയ പുരാണങ്ങളിൽ അടയാളപ്പെടുത്തിയ ദേവനെപോലെ രാജ്യത്തെ പ്രജകൾ മൃതസഞ്ചീവനിയുമായി പ്രത്യക്ഷപെടുമായിരുന്നു.അവരുടെ സ്നേഹം നിറഞ്ഞ കരങ്ങളുടെ ശക്തിയാണ് പിന്നീട് കൊട്ടാരം വരെയുള്ള യാത്രകൾക്കുള്ള വാഹനത്തിന്റെ ഇന്ധനം.കുറച്ചു വർഷങ്ങൾ കൂടിക്കഴിഞ്ഞപ്പോൾ രാജ്യം അൽപ്പം കൂടി അഭിവൃദ്ധിപ്പെട്ടു.രാജ്യം വളർന്നതോടൊപ്പം തനിക്ക് ചുറ്റും ഉപദേഷ്ടാക്കളുടെ വൃത്തവും,പുതിയ വാഹനങ്ങളുടെ രൂപവും മാറിവന്നു.
ആദ്യ കാലങ്ങളിൽ ഞാൻ; ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ സഞ്ചാരം ഒച്ച് ഇഴയുപോലെയായിരുന്നാലും
ചുറ്റുമുള്ള കാഴ്ചകൾ സുവ്യക്തമായിരുന്നു.കാലവും,എന്റെ മനസും കറുത്തഭ്രാന്തൻ ഉറുമ്പുകളെപോലെയായി മാറി.
പിന്നീട് ഞാനൊരു സ്പടിക ഗോളകയാൽ ആവരണം ചെയ്ത ലാന്റ് മാസ്റ്റർ വാങ്ങി.ഞാൻ വാങ്ങി എന്നുപറയുന്നതിൽ ഉചിതം, എന്റെ കൂടെ പുതുതായി വന്നുചേർന്ന ഉപദേഷ്ടാവിന്റെ ഉപദേശം നല്ലാതിനാവുമെന്നു കരുതി ശിരസാവഹിച്ചു എന്നുപറയുന്നതാവും ശരി.
ലാന്റ് മാസ്റ്ററിലുള്ള എന്റെ യാത്രകൾക്ക് മുൻപുണ്ടായിരുന്ന വാഹനത്തേക്കാൾ സുഖപ്രദമായിരുന്നു.
പഴയ ഹൃദ്രോഗവും,ആസ്മയും വാഹനത്തിന്റെ യാത്രയിൽ പ്രകടമായില്ല.രാജ്യത്തെ കാഴ്ചകൾ കാണുകയും സ്പടികഗോളക ചുറ്റും ആവരണം ചെയ്തതിനാൽ തണുത്ത കാറ്റും,മഴയും,കടുത്തവെയിലും,
ഉഷ്ണക്കാറ്റും എന്നെ
സ്പര്ശിക്കാത്തതിനാൽ ഓരോ യാത്രകളും മനോഹരമാക്കി.
കാലചക്രം മുന്നോട്ട് ചലിക്കുന്നതോടൊപ്പം പുതിയ വാഹനങ്ങളോടുള്ള കമ്പം കൂടി വന്നിരുന്നു.തെളിനീർ പോലെ സുവ്യകതമായ കാഴ്ചകൾ കാണുവാൻ സാധിക്കുന്ന വാഹനങ്ങളിൽ നിന്നും ഇരുളുപിടിച്ച ചില്ലുകളോട് കൂടിയുള്ള പുത്തൻ തലമുറ വാഹനങ്ങളിലായി എന്റെ ഹരം.
പുതിയ വാഹനങ്ങളിൽ മാറി,മാറി സഞ്ചരിക്കുമ്പോഴും എന്നെ അസ്വസ്ഥാനാക്കിയ ഒന്നുണ്ട്...!
ആദ്യകാലങ്ങളിൽ എന്റെ തുരുമ്പിച്ച തകരപ്പെട്ടിയിൽ സഞ്ചരിച്ചപ്പോൾ ലഭിച്ചിരുന്ന നീല നിറമുള്ള ജാസ്മിൻ പൂക്കളുടെ സുഗന്ധം...!
ആ...സുഗന്ധത്തിന് പകരം മറ്റെന്തോ അനിർവചനീയമായ രൂഷഗന്ധം ആ കാറുകളിൽ നിന്നും ഉയർന്ന് വരുന്നുവെന്നാണ് തന്റെ കാമുകിയും,
അയൽരാജ്യമായ നിമോസിലെ രാജകുമാരിയുമായ'നബീലാ'പറയുന്നത്.അവൾ ഇപ്പോൾ...തന്റെ കൂടെയുളള ഉല്ലാസ യാത്രകൾ മനപ്പൂർവ്വം ഒഴിവാക്കി തുടങ്ങിയിരിക്കുന്നു.തന്റെ യാത്രകൾ പഴയ വാഹനത്തിലേക്ക് പരിമിതപ്പെടുത്തിയാൽ രാജ്യത്തെ ജനങ്ങൾ തന്നെ കുറിച്ച് എന്തു കരുതും...!
ഒരു പക്ഷെ താൻ വെറുമൊരു സ്ത്രീ ലംമ്പടനാണെന്നൊ? അതോ...രാജ്യം വീണ്ടും പഴയ ദരിദ്രമായ അവസ്ഥയിലേക്ക് പോയിരിക്കുമെന്നോ?
പഴയ ജാസ്‌മിൻ സുഗന്ധത്തിന് വേണ്ടി ഞാൻ എത്ര തുക മുടക്കാനും തയ്യാറായിരുന്നു.
പക്ഷെ...!
ഞാനാകെ വിഷാദനായിരിക്കുമ്പോഴാണ് കൂനിന്മേൽ കുരുവെന്ന രീതിയിൽ തന്റെ ശത്രുരാജ്യത്തെ രാജാവ് ഒരു ആഡംബര വാഹനം വാങ്ങിയെന്ന് അറിയുന്നത്.ആ നിമിഷം *ഡ്യൂജി(Dùjì) വംശജനായ തന്റെ ഉപദേഷ്ടാവ് ഒരു പുതിയ വാഹനത്തിന്റെ കാര്യം തന്നോട് പറയുന്നത്.
'ഹൈബ്രിഡ് മൈൻഡ് കാർവിങ് പാലസ്'എന്നൊരു വിദേശ കമ്പനിയുടെ ആഡംബര വാഹനത്തെകുറിച്ച്.അതിന്റെ സവിശേഷത അതിപ്രകാരമായിരുന്നു.
"രാജാവേ...ഈ വാഹനത്തിന് സാരഥിയുടെ ആവശ്യകതയില്ല.മാത്രവുമല്ല നിലവിലുള്ള നമ്മുടെ വാഹനത്തിനേക്കാൾ മുന്തിയ വേഗതയും ലഭിക്കും,വാഹനത്തിനകത്തെ കാലാവസ്ഥ പ്രകൃതിയുടെ അതേ രീതിയിൽ തുടരാനാവും,അതുപോലെ സാധാരണ നമ്മുടെ മറ്റുവാഹനങ്ങൾക്ക് ഇല്ലാത്തൊരു വിശിഷ്ടത ഇതിലുണ്ട്.ഇരിപ്പിടത്തിന്റെ വലതുഭാഗത്ത് നൽകിയ ചുവന്ന മണികളിൽ സ്പർശിച്ചാൽ വാഹനത്തിനുള്ളിലെ അന്തരീക്ഷം രാത്രിക്ക് തുല്ല്യമാവുകയും,അങ്ങയുടെ മനസിൽ ഏതുതരം കാഴ്ചകളാണോ തെളിയുന്നത് അവ വാഹനത്തിന്റെ ചില്ലിൽ ഒരു ചലച്ചിത്രം ദര്ശിക്കുന്ന രൂപേണ തെളിയും.
അതുപോലെ മറ്റൊരു ആകർഷണം അങ്ങയുടെ കാമുകി'നബീലാ' കുമാരി എപ്പോഴും പരിഭവം പറയാറുള്ള
പഴയ വാഹനത്തിലെ നീല നിറമുള്ള ജാസ്മിൻ പൂവിന്റെ അതേ...മനം മയക്കുന്ന സുഗന്ധം കാറിലെങ്ങും നിറയുകയും ചെയ്യുമെന്നാണ് അവർ പറയുന്നത്.മാത്രവുമല്ല ഇത്തരത്തിൽ സുഗന്ധമുളള വാഹനം ഒന്നേ... നിർമ്മിക്കുകയുള്ളൂ എന്നാണ് കമ്പനിയുടെ അവകാശവാദം.അങ്ങേയ്ക്ക് താൽപ്പര്യമുണ്ടെങ്കിൽ അവരുടെയൊരു പ്രതിനിധി ഇവിടെയെത്തി പഴയ വാഹനം പരിശോധിച്ച് പോകും.അതിന് ശേഷം ഓർഡർ ചെയ്യാം."
●●●●●●●●●●●●●●●●●●●●●●●●●●●
കാത്തിരിപ്പിനൊടുവിൽ അത്യാധുനിക ആഡംബര വാഹനം കൊട്ടാരത്തിന് മുൻപിൽ വന്നു.ഇസ്രായേലിലെ ജൂത വാഹന നിർമാതാക്കളുടെ കരവിരുതിൽ കടഞ്ഞെടുത്ത സുന്ദര ശിൽപ്പം.ഹെഡ് ലാമ്പിന് നടുവിലൂടെ ചുവന്ന നിറമുള്ള എൽ.ഇ.ഡി ലൈറ്റ് വാഹനത്തിന്റെ മോടി ഇരട്ടിയാക്കുന്നു.വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ മുൻപിൽ വാളോങ്ങി നിൽക്കുന്ന ഒരു വ്യാളിയുടെ ചലനമറ്റ കണ്ണുകളോട് കൂടിയ ഭയാനകമായ മുഖം ബോണറ്റിന്റെ നടുവിൽ നിന്നും ഉയർന്നുവന്നു.വ്യാളിയുടെ കണ്ണിൽനിന്നും തെളിയുന്ന ചുവപ്പ് നിറത്തിൽ പ്രത്യേക രീതിയിൽ ക്രമീകരിച്ച പ്രകാശത്തിൽ വാഹനത്തിന്റെ ഇടത് ഭാഗത്തായ് ഓറഞ്ച് നിറമുളള പ്രതലത്തിൽ തെളിഞ്ഞു.
ആർട്ട് ഓഫ് ഡെവിൾ....!
ആർട്ട് ഓഫ് ഡെവിളിലെ ആദ്യയാത്ര അംഗരക്ഷകരെ ഒഴിവാക്കി തന്റെ കാമുകി നബീലയുടെ അവധിക്കാല വസതി സ്ഥിതി ചെയ്യുന്ന ഗിബ്രാൻ മലമടക്കുകളെ ലക്ഷ്യമാക്കിയായിരുന്നു.
അവൾക്ക് വേണ്ടി;മുന്തിയ വിലകൊടുത്ത് വാങ്ങിയ വാഹനം കാണിക്കുവാനും.തന്റെ പഴയ വാഹനത്തിനെ അനുസ്മരിക്കുമാറ് നീല നിറമുളള ജാസ്മിൻ പൂക്കളുടെ സുഗന്ധമുള്ള ഈ വാഹത്തിൽ അവൾക്കൊപ്പം സഞ്ചരിച്ച് പരിഭവം തീർക്കുവാനുള്ള യാത്രയായിരുന്നു അത്.
വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ എന്റെ വലതു കൈകളിലെ വിരലുകൾ ചുവന്ന മണികകളിൽ അമർത്തി.
ഓക്ക് മരത്തിൽ വളഞ്ഞുപുളഞ്ഞു കിടക്കുന്ന കരിനാഗത്തെപോലെ മുന്നോട്ട് നീളുന്ന പാത.വഴിത്താരയിൽ ഞെട്ടറ്റു വീണ ചുവന്ന നിറമുള്ള റിയോൺ പൂക്കളാൽ മനോഹരമായിരിക്കുന്നു.
അവയെ ചവിട്ടിമെതിച്ചു അശ്വം കണക്കെ വാഹനം കുതിച്ചു.വാഹനം ഇടുങ്ങിയതും തിരക്കേറിയതുമായ
നഗരകവാടത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്റെ വാഹനത്തിനുള്ളിലെ ചില്ലുകളിൽ മറ്റൊരു നയനാന്ദകരമായ കാഴ്ച്ചകൾ തെളിഞ്ഞുവന്നു.
വിശാലമായ കടൽത്തീരത്ത് താനും,നബീലയും മാത്രം...!
താൻ;നബീലയുടെ അർദ്ധനഗ്‌നമായ മേനിയിൽ റിയോൺ പൂക്കളും,
രാജ്യത്തെ പ്രഥമ ഭക്ഷണമായ ഉമിയോടു കൂടി പുഴുങ്ങിയെടുത്ത ഗോതമ്പിന്റെ നീരും ചേർത്ത് പ്രത്യേക ഊഷ്മാവിൽ തിളപ്പിച്ച് കുറുക്കി നിർമ്മിച്ച മഷി ഉപയോഗിച്ച്.
ഒരു നീലപൊൻമാനിന്റെ തൂവലിലിന്റെ അഗ്രം മഷിയിൽ പുരട്ടി അവളുടെ ശരീരം ഒരു ക്യാൻവാസാക്കിമാറ്റി ചിത്രങ്ങൾ വരയ്ക്കുന്ന മനോഹരമായ കാഴ്ചകൾ....! അവളുടെ നാഭിച്ചുഴിയിൽ നിന്നും മീനിനെ കൊരുത്ത് ഉയരുന്ന സ്വാൻ വംശത്തിൽപ്പെട്ട തൂവെള്ള നിറത്തിലുള്ള കടൽക്കാക്കയുടെ ചിത്രമാണ് താൻ വരയ്ക്കുവാൻ ശ്രമിക്കുന്നത്...!
കടൽക്കാക്കയുടെ ശരീരത്തിൽ നിന്നും നീണ്ട കഴുത്തിന്റെ അഗ്രത്തിലുള്ള തലയിലെ ചാര കണ്ണുകൾ താൻ ഉദേശിക്കുന്ന തക്കവിധം വരയ്ക്കുവാനായി അവളുടെ മുലകച്ചയിൽ എന്റെ ഇടത് കൈകളിലെ ചൂണ്ടാണിവിരൽ കൊരുത്ത് താഴേക്ക് വലിച്ചു......!
ധും.....!
വലിയൊരു ശബ്‌ദം കാതിൽ അലയടിച്ചു.പൊടുന്നനെ ചില്ലിൽ താൻ കണ്ടിരുന്ന ചിത്രങ്ങൾ അവ്യക്തമായി.ക്ഷണമാത്രയിൽ ഗ്രഹണം ബാധിച്ചതുപോലെ രാത്രിക്ക് സമമായി അന്തരീക്ഷം.
വാഹനത്തിന്റെ യാന്ത്രിക കണക്കുകൂട്ടൽ തെറ്റിയിരിക്കുന്നു....!
വാഹനം എന്തോ ഒരു വസ്തുവിൽ ഇടിച്ചു നിന്നിരിക്കുന്നു.
വാഹനത്തിന്റെയുള്ളിൽ അത്യുഷ്ണം അനുഭവപ്പെട്ടു.തിടുക്കത്തിൽ പുറത്തേക്കിറങ്ങി.
ചുറ്റിലും ധൂമം നിറഞ്ഞ അന്തരീക്ഷം...! കുമ്മായവും,മണ്ണും ചേർത്ത കുഴച്ച് നിർമിച്ചൊരു ഗൃഹത്തിനുള്ളിലേക്ക് വാഹനത്തിന്റെ മുൻഭാഗം ഇടിച്ചുകയറിയിരിക്കുന്നു...
വാഹനത്തിന്റെ മുകൾഭാഗം അടർന്നുമാറിയിരുന്നു.
ചുറ്റിലും പ്രജകൾ തടിച്ചുകൂടി.
ഞാൻ;ഉച്ചത്തിൽ വിളിച്ചുകൂവി
"ഹേയ്....പ്രജകളെ എനിക്ക് യാതൊരുവിധ പരിക്കുകൾ ഏറ്റിട്ടില്ല,ഒരു മണൽ തരികൊണ്ടുള്ള മുറിവുകൾ പോലും എന്റെ ശരീരത്തിലില്ല.നിങ്ങളുടെ രാജാവ് സുരക്ഷിതനാണ്.
നിങ്ങൾക്ക് സന്തോഷിക്കാം"
പക്ഷെ തടിച്ചുകൂടിയവരാരും തന്റെ വാക്കുകൾ ശ്രവിച്ചില്ല.ഏവരും വീടിനുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.ചിലർ തന്റെ മൈൻഡ് കാർവിങ് പാലസിനെ നോക്കി പരിഹസിച്ചു,മറ്റു ചിലർ തന്നെ നോക്കി അസഭ്യം പറയുന്നുണ്ടായിരുന്നു.
ഒരു രാജ്യത്തിന്റെ അധിപൻ വന്നിട്ടും ഒരാൾപോലും തന്നെ കണ്ട ഭാവം നടിച്ചില്ല.നിമിഷനേരം രക്ഷാപ്രവർത്തനം കഴിഞ്ഞ് പ്രജകൾ പിരിഞ്ഞുപോയി ഞാനും,തന്റെ വാഹനവും പഴയപടി തുടർന്നു.
താൻ ആപത്തിലാവുന്ന ഏതു നിമിഷത്തിലും തന്റെ അരികിലെത്താറുള്ള ദൈവത്തിന്റെ അത്ഭുത കരങ്ങൾ എവിടെ?!
അവരുടെ നിർലോഭമായ സ്നേഹവും,കരുതലും എവിടെ?!
കനത്ത വെയിലിൽ ഉരുകിയ ശരീരവും,മനവും തളർന്നു,നാവിൽ ഉപ്പ് രസമുളള എന്തോ വസ്തു തടഞ്ഞു.പുറത്തെടുത്തപ്പോൾ പാതി വെന്ത ഗോതമ്പ് മണികൾ. അപകടത്തിന്റെ തീവ്രതയിൽ ഈ... ഗൃഹത്തിലെ ആരുടെയെങ്കിലും ഭക്ഷണപാത്രത്തിൽ നിന്ന് തെറിച്ചു വന്ന് ചുണ്ടിൽ കൊരുത്തതാവാം...!
മുകൾഭാഗം അടർന്നുപോയ വാഹനത്തിൽ തിരികെ കൊട്ടാരത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചു.തിരികെയുള്ള യാത്രയിൽ തനിക്ക് യന്ത്രത്തിലുള്ള കൃത്രിമ സാരഥിയുടെ വിശ്വാസം നഷ്ടപ്പെട്ടതിനാൽ സ്വയമേ വാഹനം ചലിപ്പിച്ചു.അല്പം മുൻപ് കണ്ടിരുന്ന കാഴ്ചകളൊന്നും ആ പാതയിൽ ദർശിക്കാൻ കഴിഞ്ഞില്ല.കനത്ത ചൂടിൽ ഇലകൊഴിഞ്ഞു കരിഞ്ഞുണങ്ങിയ റിയോൺ മരങ്ങൾ,ശുദ്ധജലം ലഭിക്കാതെ ഊർദ്ധശ്വാസം വലിക്കുവാൻ കാത്തുകിടക്കുന്ന വിധം വരണ്ട മണ്ണിലേക്ക് വീണുകിടക്കുന്ന കണ്ണെത്താദൂരെയുള്ള ഗോതമ്പ് പാടങ്ങൾ,ഇത്തരം കാഴ്ചൾ ഓരോന്ന് കാണുമ്പോൾ താനറിയാതെ തന്നെ ലജ്ജിച്ച് തല താഴ്ന്നുപോകുന്നു...!
ഏകദേശം ഒരു ഫർലോങ്ങോളം വാഹനം പിന്നിട്ടപ്പോഴേക്കും ഞാൻ ഉഷ്ണക്കാറ്റേറ്റ് തളർന്ന് അവശനായിരുന്നു.പെട്ടെന്നാണ് വെളിയിലെ മറ്റൊരു കാഴ്ച്ച ദൃഷ്ടിയിൽ പതിഞ്ഞു.
ഒരു പൊതു പൈപ്പിന്റെ ചുവട്ടിലെ കരിഞ്ഞുണങ്ങിയ പുല്ലിൽ തല വച്ച് മൃതപ്രായമായി ചുരുണ്ടുകൂടിക്കിടക്കുന്ന ബാലനെയും,അവന്റെ ആസന്നമായിരിക്കുന്ന മരണം പ്രതീക്ഷിച്ച് ഉണങ്ങിയ റിയോൺ മരച്ചുവട്ടിലിരിക്കുന്ന തടിച്ച് ചീർത്ത ഒരു പറ്റം ചെന്നായ്ക്കളെയും കണ്ടു.ആ നായ്ക്കളെ സൂക്ഷിച്ചുനോക്കിയപ്പോൾ തന്റെ പുതിയ ഡ്യൂജി ഉപദേഷ്ടാക്കളുടെ മുഖമായിരുന്നു അവയിൽ പലതിനും.വാഹനം ബാലന്റെ അരികിലേക്ക് ചേർത്ത് നിർത്തി അവന് തന്റെ കൈകളിലുണ്ടായിരുന്ന അവസാന തുള്ളി നീരും നൽകി.താൻ അണിഞ്ഞിരുന്ന വിലകൂടിയ വസ്ത്രം അവന്റെ നഗ്നമേനിയിൽ ധരിപ്പിച്ചു.
ആ നിമിഷത്തിൽ അവന്റെ കണ്ണുകളിൽ ഞാൻ കണ്ടു;
വിളഞ്ഞു നിൽക്കുന്ന ഗോതമ്പ് പാടങ്ങളുടെയും,പൂത്തു നിൽക്കുന്ന റിയോൺ മരങ്ങളുടെയും ചിത്രങ്ങൾ.അല്പം അകലെയായി മരച്ചുവട്ടിൽ നിന്നിരുന്ന ആർത്തിപൂണ്ട ചീർത്ത ചെന്നായ്ക്കൾ അപ്രത്യക്ഷമായിരിക്കുന്നു.
തിരികെ കൊട്ടാരത്തിലേക്കുള്ള യാത്രയിൽ അവനെയും കൂടെകൂട്ടി.
വാഹനം വളഞ്ഞുപുളഞ്ഞു കുന്നിന്മുകളിലേക്ക് പതിയെ കയറുമ്പോൾ വാഹനത്തിന്റെ മുൻപിലേക്ക് കുതിച്ചുവന്ന തടിച്ചുചീർത്ത ചെന്നായ്ക്കളുടെ തലയ്ക്ക് മുകളിലൂടെ ചക്രങ്ങൾ നിഷ്കരുണം കയറ്റിയിറക്കി.
പൊടുന്നനെ വാഹനത്തിന്റെ മുൻപിൽ നിന്നും നേരത്തെയുണ്ടായിരുന്ന വ്യാളിയുടെ രൂപത്തിന് പകരം നബീലയെ അനുസ്മരിപ്പിക്കുന്നൊരു
പൂർണ്ണവസ്ത്രധാരിണിയായ രൂപം ഉയർന്നുവന്നു.ആ...രൂപത്തിന്റെ ചലിക്കുന്ന കണ്ണിൽ നിന്നും കാറിന്റെ ഓറഞ്ച് നിറമുള്ള പ്രതലത്തിൽ വലതുഭാഗത്തായി തൂവെള്ള നിറത്തിലൊരു പ്രകാശം തെളിഞ്ഞുവന്നു.അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നു.
ആർട്ട് ഓഫ് മെഴ്‌സി....!
ആ....നിമിഷത്തിൽ തെരുവിന്റെ ഓരത്ത് ഉപ്പുകാറ്റേറ്റ് ദ്രാവിച്ചൊരു ദിശാസൂചിക തെളിഞ്ഞുവന്നു. അതിൽ പച്ച നിറത്തിൽ അവ്യക്തമായി കൊത്തിവച്ചിരുന്ന വാക്കുകൾ അതിപ്രകാരമായിരുന്നു....!
സുവർണ നഗരമായ 'റീൻസി'യിലേക്ക് സ്വാഗതം.തത്സമയം അന്തരീക്ഷത്തിലെങ്ങും നീലനിറമുള്ള ജാസ്മിൻ പൂക്കളുടെ മനം മയക്കുന്ന സുഗന്ധം പരന്നിരുന്നു.
അവസാനിച്ചു.
●●●●●●●●●●●●●●●●●●●●●●●●●●●●●●
സൂചിക: സിഹാഒ(അഹങ്കാരം)
: റീൻസി (ദയ)
: ഡ്യൂജി(അസൂയ)
: മെഴ്‌സി(കാരുണ്യം)
✍️സിജു പവിത്ര മുപ്ലിയം.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot