Slider

ദാനാധർമ്മത്തിന്റെ വരവുപുസ്തകം

0
Image may contain: Giri B Warrier, smiling, closeup and outdoor
മിനിക്കഥ | ഗിരി ബി. വാരിയർ
*****
കഴിഞ്ഞ കുറേ മാസങ്ങളായി അയാളെ ദിവസവും കാണാറുണ്ടായിരുന്നു.
വഴിയരികിൽ, കീറിപ്പറിഞ്ഞ മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഭ്രാന്തനെപ്പോലെ തോന്നിച്ചിരുന്ന അയാൾ അതുവഴി കടന്നു പോവുന്നവരെയെല്ലാം ഇരുകൈകളും കൂപ്പിത്തൊഴുതു് കൈ നീട്ടുമായിരുന്നു. അയാളുടെ ദീനതയിൽ അലിവു തോന്നിയ ചിലർ നീട്ടിക്കൊടുത്ത ചില്ലറ നാണയത്തുട്ടുകൾകൊണ്ടു് വഴിയോരത്തെ കടയിൽ നിന്നും വിശപ്പടക്കാനായി അയാൾ എന്തെങ്കിലും വാങ്ങിത്തിന്നുന്നതും കാണാമായിരുന്നു
പരിതാപകരമായ അയാളുടെ അവസ്ഥ കണ്ടപ്പോൾ വല്ലാത്ത സഹതാപം തോന്നി. പാന്റ്സിന്റെ പോക്കറ്റിൽ ഒരു പത്തിന്റെ കോയിൻ അയാൾക്ക് കൊടുക്കാനായി മാറ്റിവെച്ചു
ചില ദിവസങ്ങളിൽ അയാളെ വഴിയോരത്ത് കാണാറുണ്ടായിരുന്നില്ല. മറ്റു ചില ദിവസങ്ങളിൽ ആരെങ്കിലുമൊക്കെ കയ്യിൽ ഏൽപ്പിച്ചു കൊടുക്കുന്ന ഭക്ഷണപ്പൊതികൾ ആർത്തിയോടെ തിന്നുന്നതു കാണാമായിരുന്നു. എന്റെ മുന്നിൽ കൈ നീട്ടാതിരുന്നതുകൊണ്ടു മാത്രം അയാൾക്കായി നീക്കിവെച്ചിരുന്ന ആ പത്തു രൂപയുടെ കോയിൻ എന്റെ പോക്കറ്റിൽത്തന്നെ കിടന്നു!
സ്കൂൾ വിട്ടു പോകുന്ന കുട്ടികൾ അയാളെ ശല്ല്യംചെയ്യുന്നത് കണ്ടിട്ടും ആരും ആ കുട്ടികളെ ശകാരിക്കാത്തതെന്തെന്ന് ഓർത്ത് പലപ്പോഴും അരിശം തോന്നിയിട്ടുണ്ട്
സ്കൂളിന്റെ ഒന്നാം നിലയിലെ റിലീഫ് ക്യാബിൽ രണ്ട് ദിവസം കഴിഞ്ഞപ്പോഴും വഴിയോരത്തെ പണി തീരാത്ത വരിക്കടയുടെ മുകളിൽ അയാളെ ശ്രദ്ധിച്ചിരുന്നു, കൂടെ ഒഴുകി വന്ന വെള്ളത്തിൽ നിന്നും അയാൾ രക്ഷിച്ച ഒരു പട്ടിക്കുട്ടിയും..
ഒരാഴ്ച്ചയായി അയാളെ തീരെ കാണാഞ്ഞപ്പോൾ വഴിയോരത്തെ തട്ടുകടക്കാരൻ പറഞ്ഞാണറിഞ്ഞതു് റോഡരുകിൽ കിടന്ന് മരിച്ച അയാളെ പൊതുശ്മശാനത്തിൽ അടക്കിയെന്ന്.
അയാൾക്ക് കൊടുക്കാൻ മാസങ്ങളായി കരുതിയിരുന്ന പത്തുരൂപനാണയം തൊട്ടടുത്ത ദേവാലയത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ച് ദാനത്തിന്റെ വരവ് പുസ്തകത്തിൽ അക്കങ്ങൾ എഴുതിച്ചേർത്തു.
ഗിരി ബി. വാരിയർ
07 സെപ്റ്റംബർ 2019
©copyrights protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo