Slider

ലൈക്കും കമൻറും

0
"അങ്കിൾ എന്റെ ഫോട്ടോക്ക് ഒരു ലൈക്ക് തരോ" കുറച്ച് നാൾ മുൻപ് നാട്ടുകാരനായ ഒരു പതിനഞ്ചു് കാരൻ പയ്യൻ FB ഇൻബോക്സിൽ വന്ന് ചോദിച്ചതാണ്. ഞാൻ അവനോട് ചോദിച്ചു , നിനക്ക് ലൈക്ക് കിട്ടിയിട്ട് എന്ത് നേട്ടമാണ് കിട്ടുക? "കൂട്ടുകാരൊക്കെ P Pic ഇട്ടാൽ കുറെ ലൈക്ക് കിട്ടും. ഞാൻ ഇട്ടിട്ട് അഞ്ച് മണിക്കൂറായി ഇത് വരെ രണ്ടു ലൈക്ക് കിട്ടിയുള്ളു. നാളെ അവർ എന്നെ അതും പറഞ്ഞു് കളിയാക്കും".
ഞാൻ അവന്റെ പേജ് നോക്കി. പയ്യന് രണ്ടായിരത്തിന് മുകളിൽ ഫ്രണ്ട്സ് ഉണ്ട്. പക്ഷെ അവൻ പറഞ്ഞ പോലെ ഒരു ഫോട്ടോ ഇട്ടിട്ട് രണ്ടോ മൂന്നോ അവന്റെ കൂട്ടുകാർ മാത്രമെ അത് ലൈക്ക് ചെയ്തിട്ടുള്ളു. ഞാൻ അപ്പൊ തന്നെ അവന് ലൈക്ക് മാത്രമല്ല, സൂപ്പർ എന്ന് ഒരു കമന്റ് കൂടി കൊടുത്തു. അവൻ വീണ്ടും ഇൻബോക്സിൽ വന്നു. നന്ദി പറയാൻ.
അപ്പോൾ അത് ചിരിച്ചു് വിട്ടെങ്കിലും ഈയടുത്ത് ഒരു വിവാഹത്തിൽ പങ്കെടുത്തപ്പോളാണ് ലൈക്കിന്റെയും കമന്റിന്റെയും ഗൗരവം എത്രമാത്രമാണെന്ന് മനസ്സിലായത്.
ചടങ്ങിൽ കുടുംബനാഥന്റെ സഹോദരനെ കാണാതായപ്പോൾ അന്വേഷിച്ചു. അവർ തമ്മിൽ വഴക്കാണത്രെ. കാരണങ്ങൾ രണ്ട് പേരുടെയും ജാഡ യും അന്യോന്യമുള്ള കുശുമ്പുമാണെന്ന് മനസ്സിലായി.. അതിൽ ഒരു കാരണം കേട്ട് ഞാൻ ഞെട്ടിപ്പോയി. ജ്യേഷ്ഠൻ FB യിൽ ഇട്ട ഫോട്ടോക്ക് അനുജൻ ലൈക്ക് ചെയ്തില്ലത്രെ. അന്ന് കരുതിയതാണ് ഇതെക്കുറിച്ച് ഒരു കുറിപ്പ് എഴുതണമെന്ന്.
സോഷ്യൽ മീഡിയ വന്നതിന് ശേഷം ഓരോരുത്തരും അവരവരുടെ ലോകത്തെ താരമാണ്. സ്വന്തം അഭിപ്രായങ്ങളും, രചനകളും, കഴിവുകളും, പൊങ്ങച്ചങ്ങളും, പ്രതിഷേധങ്ങളും, സന്താഷങ്ങളും, സങ്കടങ്ങളും ലോകത്തെ അറിയിക്കാനുള്ള മാധ്യമമാണത്.
അറിയാത്ത ആയിരക്കണക്കിന് ആളുകളെ ചേർത്ത് അയ്യായിരം കൂട്ടുകാരെ ഒപ്പിക്കാനുള്ള നെട്ടോട്ടം. എന്തെങ്കിലും ചപ്പ് ചവറുകളും ഫോട്ടോകളും വാരി വിതറി ലൈക്കിനും കമൻറിനും വേണ്ടിയുള്ള കാത്തിരിപ്പ്. എന്റെ പോസ്റ്റിന് അല്ലെങ്കിൽ ഫോട്ടോക്ക് ആയിരം ലൈക്ക് കിട്ടിയെന്ന മേനിപറച്ചിൽ.
ആ കുഞ്ഞു മനസ്സിലെ വേദന കണ്ടതിൽ പിന്നെ ആരുടെ നല്ല പോസ്റ്റും ഫോട്ടോസും കണ്ടാലും ഒരു ലൈക്കും കമന്റും കൊടുക്കാൻ മടിക്കാറില്ല. നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കണം. നമുക്ക് പറ്റാത്തത് ഒഴിവാക്കും. കുറെ അധികം ഫ്രണ്ട്സ് ഉണ്ടെങ്കിൽ എല്ലാവരുടെയും പോസ്റ്റുകൾ കാണാനും കഴിഞ്ഞെന്ന് വരില്ല. ബർത്ത് ഡെയും വെഡ്ഡിംഗ് ആനിവേഴ്സിറയും വരുമ്പോൾ ഇടുന്ന മക്കളുടെയോ കുടുംബത്തിന്റെയോ ഫോട്ടോകൾക്ക് ഒരു ലൈക് കൊടുത്താൽ അവർക്ക് സന്തോഷമാകുമെങ്കിൽ നാമെന്തിന് ആ ബട്ടൻ ഒന്ന് അമർത്താതിരിക്കണം?
പിന്നെ കഥകൾ എഴുതാനും വായിക്കാനും ഈയിടെ തീരെ സമയം കിട്ടാറില്ല. വായിക്കാൻ കഴിയുന്ന രചനകൾക്ക് കഴിവതും ലൈക്കും കമന്റും കൊടുക്കാറുണ്ട്. കാരണം ഈയുള്ളവൻ എഴുതി തുടങ്ങിയത് ഇത് പോലുള്ള ഗ്രൂപ്പുകളിൽ കൂടിയാണ്. ഗ്രൂപ്പ് അഡ്മിൻ മാരുടെയും മറ്റ് എഴുത്ത് കാരുടെയും പിന്തുണയും പ്രോത്സാഹനവുമാണ് വീണ്ടും വീണ്ടും എഴുതാൻ പ്രേരണയായത്. അത് കൊണ്ടു് പുതിയ എഴുത്ത് കാരെ കൈ പിടിച്ച് ഉയർത്തേണ്ടത് നമ്മുടെ ബാധ്യതയാണ്.
പോസ്റ്റിടുന്നവർ ഒന്ന് മനസ്സിലാക്കണം. ഇക്കാലത്ത് നല്ല മെസ്സേജുകൾക്കോ അറിവ് ലഭിക്കുന്ന പോസ്റ്റുകൾക്കോ കൂടുതൽ ലൈക്ക് ലഭിക്കില്ല. ആളെ ചിരിപ്പിക്കുന്നതോ അശ്ളീലമുള്ളതോ ആയ ടിക് ടോക്കിനൊക്കെയാണ് ആയിരക്കണക്കിന് ലൈക്കും കമന്റും കിട്ടുക. നമുക്ക്‌ നല്ലതെന്ന് തോന്നുന്നത് പോസ്റ്റുക. എത്ര ലൈക് കിട്ടി എത്ര കമൻറ് കിട്ടിയെന്ന് നോക്കണ്ട. ഒരാൾക്കെങ്കിലും അത് ഉപകാരപ്പെട്ടാൽ അത്രയുമായി. അതിൽ വരുന്ന അഭിപ്രായങ്ങൾക്ക് കഴിയുമെങ്കിൽ മാന്യമായി മറുപടി നൽകുക.
ചില പ്രമുഖരുണ്ടാകും നമ്മുടെ എല്ലാം ഫ്രണ്ട് ലിസ്റ്റിൽ. അവർ എല്ലാവരുടെയും പോസ്റ്റുകളും മറ്റും ഒളിഞ്ഞു് നിന്ന് കാണും. പക്ഷെ സാധാരണക്കാർ എത്ര നല്ല ഒരു സന്ദേശം പോസ്റ്റിയാലും എത്ര നല്ല പ്രവൃത്തി ചെയ്താലും അവരുടെ ഭാഗത്ത് നിന്ന് ഒരു സന്തോഷ വാക്കോ പ്രോത്സാഹനമോ ഒരു ലൈക്കോ ഉണ്ടാകില്ല. കാരണം അവർക്കത് നാണക്കേടാണ്. അത് തങ്ങളുടെ ഇമേജിന് കോട്ടം തട്ടുമെന്നാണ് അവരുടെ ധാരണ. എന്നാലോ അവർ ഇടുന്ന വാറോലകൾക്ക് നമ്മൾ വാരിക്കോരി കൊടുക്കണം. ഇങ്ങോട്ടില്ലാത്ത സ്നേഹം അങ്ങോട്ടും വേണ്ടെന്ന് വെച്ചേക്കണം.
ദിവസേന അഞ്ചും പത്തും പോസ്റ്റും ഫോട്ടോസും ഇട്ട് വെറുപ്പിക്കുന്നവരും മുഖപുസ്തകത്തിൽ ഇല്ലാതില്ല. മറ്റുള്ളവരുടെ സമയവും വിലപ്പെട്ടതാണെന്ന് അത്തരക്കാർ മനസ്സിലാക്കണം.
അനുകൂലമായാലും പ്രതികൂലമായാലും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

ബഷീർ വാണിയക്കാട്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo