Slider

വിട പറയും മുൻപ്...

0
Image may contain: Giri B Warrier, smiling, closeup and outdoor
കഥ | ഗിരി ബി. വാരിയർ
~~~~~
"ഹി ഈസ് സിങ്കിങ്ങ്. അബ് സിർഫ് കുച്ച് ഓർ വക്ത് ബാക്കി ഹേ. യു കാൻ കാൾ ദി റിലേറ്റീവ്സ്." (അയാൾ മരണത്തിലേക്ക് മുങ്ങിത്താഴുകയാണ് കുറച്ച് സമയം കൂടി മാത്രമേ ബാക്കിയുള്ളൂ. ബന്ധുക്കളെയൊക്കെ അറിയിച്ചോളൂ )
ഡോക്ടർ പറയുന്നത് ഏതോ വിദൂരതയിലെന്ന പോലെ അവ്യക്തമായി കേൾക്കാനുണ്ട്. ദൈവമേ, ഡോക്ടറും കൈവിട്ടുവോ. ഇനി ഏതാനും നിമിഷങ്ങൾ കൂടിയേ ഉള്ളൂ ഈ ലോകത്ത്, ഈ ജന്മത്തിൽ. എല്ലാവരെയും ഒന്നുകൂടി കാണാൻ ക്ഴിഞ്ഞിരുന്നുവെങ്കിൽ ..
കൈകളൊന്ന് അനക്കാൻ ശ്രമിച്ചു, കൈകൾ മുറിച്ചുകളഞ്ഞോ? ഇല്ല, കൈകൾ മാത്രമല്ല, ശരീരത്തിന്റെ ഒരൊറ്റ അവയവയും അനക്കാൻ തനിക്കാവുന്നില്ല. കണ്ണിന്റെ ക്യഷ്ണമണി പോലും അനങ്ങുന്നില്ല.
ഒരു സിനിമയിലെന്ന പോലെ ജനനം മുതൽ ഈ നിമിഷം വരെയുള്ള ജീവിതം മിന്നിമറഞ്ഞു.
ദാരിദ്ര്യം നിറഞ്ഞ ബാല്യം. തറവാട്ടിൽ ആയിരുന്നു താമസം. വല്ല്യച്ഛനും വല്ല്യമ്മയും രണ്ടുമക്കളും അക്കാലത്തു് തറവാട്ടിൽ ഉണ്ടായിരുന്നു. അച്ഛന് ഒരു മരുന്നുകടയിൽ മരുന്ന് എടുത്തുകൊടുക്കുന്ന ജോലി ആയിരുന്നു. അതിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം മാത്രമായിരുന്നു ജീവിതമാർഗ്ഗം. അന്നുകാലത്ത് സ്‌കൂളിൽ യൂണിഫോം ഒന്നും വേണ്ടായിരുന്നു. അങ്ങാടിയിൽ ചെറിയാൻ മാപ്പിളയുടെ കടയിൽ നിന്നും ഒരു കാവിക്കളറുള്ള തുണി വാങ്ങി നാലഞ്ചു ട്രൗസർ തുന്നിത്തരാറുണ്ട്, പിന്നെ വളരെ വിലകുറഞ്ഞ തുണി വാങ്ങി ഷർട്ടുകളും തുന്നിച്ചുതരും.
അച്ഛൻ ജോലികഴിഞ്ഞു വന്നാൽ മുണ്ടിന്റെ മടിക്കുത്തിൽ നിന്നും പൈസയെടുത്ത് വെറ്റിലച്ചെല്ലത്തിൽ വെക്കാറുണ്ട്. ആദ്യം അഞ്ചും പത്തും പൈസത്തുട്ടുകൾ മോഷ്ടിച്ചായിരുന്നു തുടക്കം. സ്കൂളിൽ നിന്നും വരുന്ന വഴിയിൽ വറീത്മാപ്ലയുടെ കടയിൽ നിന്നും ശർക്കര മിഠായി വാങ്ങാനാണ് പൈസ എടുക്കാറുള്ളത്. ഒരിക്കൽ അച്ഛൻ എന്നെ കൈയ്യോടെ പിടികൂടി, കുറേ ശിക്ഷയും കിട്ടി.
അഞ്ചാം ക്ലാസിൽ പഠിക്കുമ്പോളായിരുന്നു അച്ഛന്റെ മരണം.. വീട്ടുചിലവിന് വല്യച്ഛന്റെ അടുത്തു പോയി കൈ നീട്ടാൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. അമ്മ മനയ്ക്കൽ പുറംപണിക്ക് പോയിത്തുടങ്ങി. അമ്മ ജോലി ചെയ്ത് കൊണ്ടുവരുന്നത് പണത്തേക്കാൾ, ഭക്ഷണങ്ങളായും നെല്ല് അരി ശർക്കര സാധനങ്ങഈണ് കൊണ്ടുവരാറുള്ളത്. എട്ടാം ക്ലാസിൽ ആയപ്പോഴെക്കും എന്റെ കൂട്ടുകെട്ട് നാട്ടിലെ ചില തല തെറിച്ച ചെറുപ്പക്കാരുടെ കൂടെയായി. എന്റെ വഴിവിട്ട ജീവിതത്തിൽ അമ്മ വളരെ സങ്കടപ്പെട്ടിരുന്നു.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയും പോയി.. ഒരു പനിയായിരുന്നു കാലന്റെ രൂപത്തിൽ വന്നത്. സമയത്ത് മരുന്നും വിശ്രമവും ഇല്ലാതെ അമ്മ പനിയും വെച്ച് മനയ്ക്കലെ പണിക്ക് പോകാറുണ്ടായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാനോ ചികിത്സിക്കാനോ ആരും ഉണ്ടായിരുന്നില്ല, സ്വന്തം മകനായ ഞാൻ പോലും. അമ്പലനടയിലും മറ്റും ചീട്ടുകളിയും ചൂതാട്ടവും ആയി നടക്കുകയായിരുന്നു.
അമ്മ കൂടി മരിച്ചതോടെ തനി താന്തോന്നിയായി മാറി. പത്താം ക്ലാസ് മുഴുമിക്കാതെ പഠനം നിർത്തി. ചീട്ടുകളിയോടൊപ്പം കള്ളുകുടിയും ശീലമായി. കുടിക്കാനും കളിക്കാനും പൈസ തികയാതെ വന്നപ്പോൾ ചെറിയ കളവുകളിൽ നിന്നും വലിയ മോഷണങ്ങളിലേക്ക് മാറി.
അങ്ങിനെ ഒരിക്കൽ മോഷ്ടിക്കാൻ കയറിയത് അച്ഛൻ ജോലി ചെയ്തിരുന്ന വൈദ്യരുടെ വീട്ടിലായിരുന്നു. പക്ഷേ പെട്ടെന്ന് കടന്നു വന്ന വൈദ്യരുടെ ഭാര്യ എന്നെ കണ്ടു. ശബ്ദം വെക്കാൻ ശ്രമിച്ചപ്പോൾ അവരുടെ വായ് മുറുകെ പൊത്തിപ്പിടിച്ചു. ആളനക്കം തോന്നി പുറത്ത് വന്ന വൈദ്യർ അറിയാതിരിക്കാൻ കുറച്ചധികം നേരം വായ് പൊത്തി നിൽക്കേണ്ടി വന്നു. കൈയ്യെടുക്കുമ്പോഴെക്കും വൈകിയിരുന്നു. അവർ കുഴഞ്ഞു വീണു. അവർ മരിച്ചുവെന്ന് കരുതി ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടു
പിന്നെ നാട്ടിൽ നിന്നാൽ പ്രശ്നമാവും എന്ന് തോന്നിയതിനാൽ രാത്രി തന്നെ തകരപ്പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന അമ്മയുടെ ഏക സമ്പാദ്യമായ താലി മാലയെടുത്ത് നാടുവിട്ടു. കള്ളവണ്ടി കയറി എത്തിച്ചേർന്നത് മദിരാശിയിൽ.
ഓരോ ദിവസവും കഴിച്ചുകൂട്ടാൻ വല്ലാതെ കഷ്ടപ്പെട്ടു. ഇനിയൊരിക്കലും കളവുകൾ നടത്തില്ലെന്ന് സ്വയം പ്രതിജ്ഞയെടുത്തു. പലപ്പോഴും വഴിയരികിലെ പൈപ്പിലെ വെള്ളം മാത്രമായിരുന്നു ഭക്ഷണം. എന്നാലും പിടിച്ചു നിന്നു.. എന്തു ജോലി ചെയ്തും പൈസയുണ്ടാക്കണം, എന്നത് മാത്രമായിരുന്നു ലക്ഷ്യം.
ആദ്യകാലങ്ങളിൽ കാപ്പിക്കടയിലും മറ്റുമാണ് ജോലി ചെയ്തിരുന്നത്. അങ്ങിനെ ഒരിക്കൽ കടയിൽ വെച്ച് നാട്ടിലെ ചീട്ടുകളി സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ കണ്ടുമുട്ടി. അയാൾ പറഞ്ഞാണറിഞ്ഞത് വൈദ്യരുടെ ഭാര്യ മരിച്ചില്ലായിരുന്നു പക്ഷേ അന്ന് മുതൽ ഒരു ഭാഗം തളർന്ന് കിടപ്പാണെന്നും ചികിൽസക്ക് പോലും പണമില്ലാതെ കഷ്ടപ്പെടുകയാണെന്നും. കേട്ടപ്പോൾ ഹൃദയം നൊന്തു. എന്ത് ചെയ്തും അവർക്ക് പണമയക്കണമെന്ന് കരുതി ഒരിക്കൽ കൂടി മോഷ്ടിക്കാൻ തീരുമാനിച്ചു.
ദിവസവും കടയിൽ ചായ കുടിക്കാൻ ഒരു സർദാജി വരാറുണ്ടായിരുന്നു. ചായക്കടയുടെ വരിയിൽ തന്നെ അയാൾക്ക് ടയർ റിപ്പയർ ചെയ്യുന്ന കടയുണ്ടായിരുന്നു ഒരു ദിവസം അദ്ദേഹം വന്നപ്പോൾ പോക്കറ്റിൽ ഒരു കെട്ട് പണം കണ്ടു. ഉച്ചസമയത്ത് സർദാർജിയുടെ കടയിൽ പോയി. ഉച്ചഭക്ഷണം കഴിഞ്ഞുകിടന്ന് ഉറങ്ങുന്ന സർദാർജിയുടെ ഊരിവെച്ചിരിക്കുന്ന ഷർട്ടിൽ നിന്നും പൈസ മോഷ്ടിച്ചു.
ആ പണം അപ്പോൾ തന്നെ മണിയോർഡർ ആയി വൈദ്യർക്ക് അയച്ചുകൊടുത്തു. തിരിച്ച് ചായക്കടയിൽ എത്തിയപ്പോൾ മുതലാളി പറഞ്ഞു സർദാർജിയുടെ കടയിൽ കളവ് നടന്നെന്നും കളവുപോയത് സർദാർജിയുടെ ചികിത്സക്കായി കടമെടുത്ത പണമായിരുന്നു എന്നും മറ്റും.
അച്ഛനും അമ്മയും എന്നെയോർത്ത് ചിന്തിച്ച് ജീവിതം അവസാനിച്ചു. വിശ്വസ്തനായി അച്ഛനെ കൂടെ നിർത്തിയ വൈദ്യരുടെ ജീവിതവും തകർത്തു അത് കഴിഞ്ഞ് സർദാർജിയുടെയും.
സർദാർജിയോട് കുറ്റം ഏറ്റുപറയണമെന്ന് മനസ്സ് പറഞ്ഞു. വീട്ടിൽ പോയി സർദാർജിയെ കണ്ട് തന്റെ കുറ്റം ഏറ്റുപറഞ്ഞു മാപ്പ് ചോദിച്ചു. പത്താം ക്ലാസ് വരെ പഠിച്ച ഞാൻ എന്ത് ജോലി ചെയ്തും ആ പൈസ മടക്കി നൽകുമെന്നും ഉറപ്പ് നൽകി.
ഒട്ടും പ്രതീക്ഷിക്കാതെ അദ്ദേഹം ചോദിച്ചു. അദ്ദേഹത്തിന്റെ കൂടെ ഒരു സഹായിയായി കൂടി കച്ചവടം നോക്കി നടത്താൻ പറ്റുമോയെന്ന് . അത്യാവശ്യത്തിന് ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയുന്നത് കച്ചവടത്തിന് സഹായമായി.
അങ്ങിനെ ഗുരുജി എന്ന് വിളിക്കുന്ന ഗുർമിത് സിങ്ങിന്റെ കൂടെ എന്റെ രണ്ടാം ജീവിതം ആരംഭിച്ചു.
രണ്ട് വർഷങ്ങൾക്ക് ശേഷം ഗുരുജിയുടെ നാട്ടിൽ നടന്നിരുന്ന ഒരു കേസ് വിധിയായി, ഏക്കറുകണക്കിന് വരുന്ന കൃഷിഭൂമി ഗുരുജിക്ക് സ്വന്തയായി. അതോടെ മദിരാശിയിലെ കച്ചവടം അവസാനിപ്പിച്ച് പഞ്ചാബിലേക്ക് തിരിച്ചു പോകാൻ അദ്ദേഹം തീരുമാനിച്ചു. കൂടെ എന്നെയും കൊണ്ടു പോയി.
പഞ്ചാബിലെ ജലന്തറിൽ ഒരു ഗ്രാമപ്രദേശത്തായിരുന്നു അദ്ദേഹത്തിന്റെ വീട്. അതിനെ വീടെന്നു പറയാൻ പറ്റില്ല, ഒരു കുടിൽ. അവിടെ ഭാര്യ പമ്മിയും മകൾ ജസ്സിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജസ്സി അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു.
അവിടെയെത്തി വർഷങ്ങളായി കൃഷിയൊന്നും നടക്കാതെ തരിശായിക്കിടക്കുന്ന കൃഷിയിടങ്ങളിൽ അദ്ദേഹം കൃഷിപ്പണി തുടങ്ങി. ഗുരുജിയുടെ സഹായിയായി ഞാനും. അതൊരു തുടക്കമായിരുന്നു. പിന്നീട് പുതിയ കച്ചവടമേഖലകൾ അദ്ദേഹം കയ്യടക്കി.
വീട്ടുകാരുമായി കേസ് നടത്തിയതിനാൽ അവർ എല്ലാവരും ഗുരുജിയിൽ നിന്നും അകന്നിരുന്നു. സ്വന്തം മകനെപ്പോലെ അദ്ദേഹം എന്നെ സ്നേഹിച്ചു.
പുതിയ വീട് പണിയുമ്പോൾ വീടിനോട് ചേർന്ന് ഒരു മുറിയും അദ്ദേഹം എനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്നു.
ഒരിക്കൽ ക്യഷിയിടത്തിലേക്ക് കനാലിന്നരികിലൂടെ ട്രാക്ടറിൽ പോകുമ്പോൾ അത് മറിഞ്ഞ് ഗുരുജിയുടെ നട്ടെല്ലിന് ഗുരുതരമായ അപകടം പറ്റി. അതോടെ കൃഷിയും മറ്റ് കച്ചവടങ്ങളും നോക്കി നടക്കുന്നതെല്ലാം എന്റെ ചുമതലയായി.
ഒരു ദിവസം അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ അരികിൽ വിളിച്ചു., മേംസാബും അടുത്തുണ്ടായിരുന്നു. എനിക്ക് ജെസ്സിയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചു. സ്വന്തം സഹോദരിയെപ്പോലെയാണ് ജെസ്സിയെ കണ്ടിട്ടുള്ളതെന്ന് ഗുരുജിയോടും മേംസാബിനോടും പറഞ്ഞപ്പോൾ അദ്ദേഹം എന്റെ രണ്ടുകൈയും എടുത്ത് അദ്ദേഹത്തിന്റെ നെഞ്ചിൽ വെച്ച് കരഞ്ഞത് ഇന്നും മനസ്സിലുണ്ട്. കോടിക്കണക്കിന് വരുന്ന സ്വത്തിന് വേണ്ടി സ്നേഹബന്ധങ്ങൾ ഗുരുതി കഴിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.
ആ ഗ്രാമത്തിൽ തന്നെ ഉളള സത്വിന്ദർ എന്ന ചെറുപ്പക്കാരൻ ആയിടക്ക് ജെസ്സിയെ വിവാഹം കഴിക്കാൻ മോഹമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരുമായി വന്നു. ബോബി എന്നായിരുന്നു സത്വിന്ദറിനെ വീട്ടിൽ വിളിച്ചിരുന്നത്. ചെറുപ്പം മുതൽ ബോബിയെ അറിയാവുന്നത് കൊണ്ട് ഗുരുജിക്കും മേംസാബിനും ആ ബന്ധം ഇഷ്ടമായിരുന്നു. ജെസ്സിയുടെയും ബോബിയുടെയും വിവാഹം വളരെ ആർഭാടമായിത്തന്നെ നടത്തി.
ബോബിയ്ക്ക് സർക്കാർ ജോലി ആയിരുന്നു. എന്നെ ഒരു ചേട്ടന്റെ സ്ഥാനത്താണ് ബോബിയും കണ്ടത്. എല്ലാ കാര്യങ്ങളും ഞാൻ തന്നെ നോക്കി നടത്തണമെന്ന് ബോബി പറഞ്ഞു. കാലം കടന്നുപോയി. ബോബിക്കും ജെസ്സിക്കും രണ്ടു കുട്ടികൾ ആയി.
ആ സമയത്താണ് മേംസാബിന്റെ വിധവയായ അനുജത്തിയുടെ മരണം. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്ന അവരുടെ ഏകമകൾ റിയയെ വിവാഹം ചെയ്യാൻ ഗുരുജി എന്നോട് ആവശ്യപ്പെട്ടു.
ഒരു കുടുംബജീവിതം സ്വപ്നം പോലും കാണാതിരുന്ന എനിക്ക് ഒരു വരദാനം ആയിരുന്നു അത്. വിവാഹശേഷം ഗുരുജിയുടെ പഴയ വീട്ടിലേക്കു താമസം മാറ്റി. അങ്ങിനെ മുപ്പത്തിയഞ്ചാം വയസ്സിൽ വീണ്ടും ഒരു കുടുംബമായി. നാല് വർഷങ്ങൾക്കുള്ളിൽ രണ്ട് മക്കളുണ്ടായി.
ജീവിതത്തിൽ സ്നേഹത്തിന്റെ ഊഷ്മളത ആദ്യമായി അനുഭവിച്ചു തുടങ്ങിയ സമയത്താണ് ചില അസ്വസ്ഥതകൾ തോന്നിത്തുടങ്ങിയത്. തുടർന്ന് പരിശോധനകളിൽ നിന്നും തന്റെ കിഡ്നി രണ്ടും തകരാറിൽ ആയെന്നും യോജിക്കുന്ന കിഡ്നി ദാനമായ് കിട്ടിയാൽ മാത്രമേ പ്രതീക്ഷയുള്ളൂ എന്ന് ഡോക്ടർ പറയുന്നത് കേട്ടു.. കിഡ്നി ദാനം ചെയ്യാൻ ആളെ തേടി കുറെ അലഞ്ഞു, എന്ത് പണം ചോദിച്ചാലും കൊടുക്കാൻ ഗുരുജി തയ്യാറായിരുന്നു. പലരും തയ്യാറായി വന്നെങ്കിലും ഒന്നും യോജിച്ചില്ല.
ആശുപത്രിയിൽ ഒരു ദിവസം പരിശോധനക്ക് പോയ ഗുരുജി തന്റെ രക്തം പരിശോധിച്ചു, അത്ഭുതമെന്ന് പറയട്ടെ, അദ്ദേഹത്തിന്റെ കിഡ്നി നൂറു ശതമാനും യോജിക്കുന്നുണ്ടെന്ന് പരിശോധനയിൽ അറിയാൻ കഴിഞ്ഞു.
മകനെപ്പോലെ എന്നെ സ്നേഹിച്ച ഗുരുജിയ്ക്ക് രണ്ടാമതൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു.
ഞാനും മേംസാബും എല്ലാം എതിർത്തിട്ടും ഗുരുജി കൂട്ടാക്കിയില്ല. ഗുരുജി സമ്മതപത്രം എഴുതിക്കൊടുത്തു.
അങ്ങിനെ ഓപ്പറേഷന് വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തി, തിയ്യതിയും സമയവും എല്ലാം ഉറപ്പിച്ചു. ജീവിതത്തിൽ ആദ്യമായാണ് ആശുപത്രിയിൽ കിടക്കാൻ പോകുന്നത്.
ജീവിതത്തോട് ഇതിനുമുൻപൊന്നും തോന്നിയിട്ടില്ലാത്ത ഒരു കൊതി തോന്നിയ ദിവസങ്ങൾ ആയിരുന്നു അത്. ക്യഷിസ്ഥലത്തിനടുത്തുള്ള ഒരു ചെറിയ അമ്പലമുണ്ട്. കഴിഞ്ഞ ഇരുപത് വർഷത്തിൽ ഒരിക്കൽ പോലും ആ അമ്പലത്തിന്റെ ഉള്ളിൽ പോയിട്ടില്ല. അന്നാദ്യമായി അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു.
ഓപ്പറേഷന് തലേന്ന് വൈകീട്ട് ആശുപത്രിയിൽ പ്രവേശിച്ചു. ഭാര്യയും മക്കളും മേംസാബും ജെസ്സിയും മക്കളും എല്ലാവരും ആശുപത്രിയിൽ ഉണ്ടായിരുന്നു.
ഇന്ന് കാലത്ത് എല്ലാ പരിശോധനകളും കഴിഞ്ഞു ഓപ്പറേഷൻ തീയേറ്ററിൽ കൊണ്ടു പോകും മുൻപ് ഗുരുജി പറഞ്ഞു.
"തു മേരാ ബേട്ടാ ഹേ. കിഡ്നി ക്യാ ജാൻ ബി ദൂംഗാ..' ( നീയെന്റെ മകനാണ് , കിഡ്നിയല്ല ജീവൻ ചോദിച്ചാലും ഞാൻ തരും.)
ഞങ്ങൾ രണ്ടുപേരേയും ഒരുമിച്ചാണ് ഓപ്പറേഷന് കയറ്റിയത്. ഒരു ഇൻജെക്ഷൻ തന്നത് ഓർമ്മയുണ്ട്. ഓർമ്മ വരുമ്പോൾ കേൾക്കുന്നത് ഡോക്ടറുടെ വാക്കുകളാണ്.
കണ്ണുകൾക്ക് ഭാരം കുറയുന്നത് പോലെ തോന്നിത്തുടങ്ങി. വളരെ ബദ്ധപ്പെട്ട് മിഴി കുറച്ച് തുറന്നപ്പോൾ ഒരു പുകമറ പോലെ തോന്നി. അവ്യക്തമായി ചില നിഴലുകൾ കാണാനുണ്ട്. ഒരു നിഴൽ പോലെ വെളുത്ത വസ്ത്രത്തിൽ ആരോ അടുത്ത് വരുന്നത് പോലെ.
"രാജൂ... ആംഗേ ഖോലോ... ദേഖോ കോൻ കോൻ ഹെ'" (രാജൂ കണ്ണുതുറക്കൂ, ആരെക്കെയാണ് വന്നിരിക്കുന്നത് എന്ന് നോക്കൂ) എന്റെ മരവിച്ച കൈകളിൽ ആരോ തൊടുന്ന പോലെ തോന്നി.
കണ്ണുകൾക്ക് കഴപ്പ് അനുഭവപ്പെട്ടു. അവ താനേ അടഞ്ഞു. അവസാനമായി ഭാര്യയേയും മക്കളേയും ഗുരുജിയേയും ഒരിക്കൽക്കൂടി കാണണം
അടുത്ത് ആരുടെയോ തേങ്ങൾ കേൾക്കുന്നുണ്ട്. വരാനിരിക്കുന്ന എന്റെ മരണത്തെയോർത്താവാം.
കണ്ണുകൾ തുറക്കാൻ ഒന്നുകൂടി ശ്രമിച്ചുനോക്കി. ഒന്നും വ്യക്തമാവുന്നില്ല.
"ബീപ്പ്.... ബീപ്പ്.... ബീ. ..പ്പ്......ബീ........പ്പ്................"
അതുവരെ കേട്ടിരുന്ന ബീപ്പ് സ്വരം ഇടവേള കുറഞ്ഞുകുറഞ്ഞ് ഒടുവിൽ നീണ്ട ഒരു വിസിൽ പോലെയായി. പിന്നെ നിശ്ശബ്ദമായി. എന്റെ ഹൃദയം നിന്നിരിക്കുന്നു ഏത് നിമിഷവും ഇനി ബോധം നഷ്ടപ്പെടാം. അമ്മയോടും അച്ഛനോടും ഒരായിരം വട്ടം മനസ്സാ മാപ്പു പറഞ്ഞു. ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു നല്ല മകനായി ജീവിക്കാം എന്ന് വാക്ക് കൊടുത്തു.
പെട്ടെന്ന് ഗുരുജിയുടെ വാക്കുകൾ പതിഞ്ഞ ശബ്ദത്തിൽ കേട്ടു .
"ബേട്ടാ, മുജേ ജാനാ പഡേഗാ, സബ് കുച്ച് തുമേ ചോട് കേ. (മോനേ എനിക്ക് പോകണം. എല്ലാം നിനക്ക് തരുന്നു )
വളരെ കഷ്ടപ്പെട്ട് ഞാൻ കണ്ണുകൾ തുറന്നു ,
"സോറി മാഡം, യുവർ ഹസ്ബന്റ് ഹാസ് ഗോൺ ...." ഡോക്ടർ മേംസാഹിബിനോട് പറയുന്നത് കേട്ടു, കൂടെ ഉയരുന്ന നിലവിളികളും.
"ഓപ്പറേഷൻ സക്സസ് ധാ, ബട്ട് അചാനക് ഡോണർ കാ ബിപി ഷൂട്ട് അപ്പ് ഹുവാ. വി കുഡ് നോട്ട് സേവ് ഹിം " ( ഓപ്പറേഷൻ വിജയമായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ബിപി ഷൂട്ട് അപ്പ് ആയി, അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞില്ല.) ഉണ്ടായിരുന്ന നേഴ്‌സ് ആരോടോ പറയുന്നത് കേട്ടു.
അപ്പോൾ ഞാൻ കേട്ടത്‌ ഗുരുജിയുടെ വിട പറയും മുൻപുള്ള വാക്കുകളായിരുന്നോ അതോ മരുന്നിന്റെ മയക്കത്തിൽ തോന്നിയതോ....
(അവസാനിച്ചു)
ഗിരി ബി. വാരിയർ
30 ആഗസ്റ്റ് 2019
©️copyrights protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo