ചോറു കിട്ടാതെ മരിച്ച കുട്ടി :- ചോറു കിട്ടാതെ മരിച്ച കുട്ടിയെ ചോറിൽ കുഴിച്ചിട്ടാൽ... എന്നൊരു ചൊല്ലുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ക്ലാസദ്ധ്യാപകൻ ഒരു കയ്യെഴുത്തു മാസികയിലേക്ക് സൃഷ്ടികൾ ക്ഷണിച്ചത്. അന്ന് രണ്ട് കവിതയും രണ്ട് കഥയും എഴുതി നൽകി. ഒന്നു വീതം കയ്യെഴുത്തു മാസികയിൽ വരികയും ചെയ്തു. ആംഗ്യങ്ങൾ കാണിച്ച് പഠിപ്പിക്കുന്ന മലയാളം ടീച്ചർ കഥയും കവിതയും ക്ലാസിൽ ഉറക്കെ വായിച്ച് ആംഗ്യങ്ങൾ കാണിച്ച് പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: "കൊള്ളാം...ചിരിക്കാം... ചിരിക്കാം..."അതാണ് ആദ്യം കിട്ടിയ അംഗീകാരം. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. കുറേ വായിച്ചു. എഴുതി. എഴുതിയതെല്ലാം ലജ്ജ മൂലം പുറം ലോകം കാണാതെ എവിടെയെല്ലാമോ കിടന്നു പൊടിപിടിച്ചു. ഇതിനിടയിൽ വായനക്കും എഴുത്തിനും സാധ്യമല്ലാത്തവിധം സാഹചര്യങ്ങൾ മാറിമറിഞ്ഞിരുന്നു. കാശു കൈയിൽ വരുത്താനുള്ള തത്രപ്പാടിൽ മറ്റെല്ലാം മറന്നു. സമ്പാദിക്കാനല്ല; നിലനിൽപ്പിനുള്ള കാശെങ്കിലും വേണമല്ലോ!. ഇതിനിടയിൽ വായനഭ്രാന്തും എഴുത്തുഭ്രാന്തും അതിഥികളെ പോലെ ഇടക്കിടെ വന്നു പോകും. ഇടക്കൊരു ദിവസം കുട്ടിക്കാലം മുതലെഴുതിയതെല്ലാം എടുത്ത് മുറ്റത്ത് കുന്ന് കൂട്ടി. ഇരുപത്തെട്ട് വർഷത്തെ ആ എഴുത്തദ്ധ്വാനം കുന്ന് കൂടിയപ്പോൾ അത്ഭുതം തോന്നി. ഇത്രയധികം ഞാൻ എഴുതിയോ? അവിശ്വസനീയം! ഒരു ദീർഘനിശ്വാസത്തോടെ, ഭൂതകാലത്തോട് വിട പറയുന്ന ശോക ഗംഭീരനായ ഒരു സംന്യാസിയുടെ മനോനില കൈവരിച്ചു. എന്നിട്ട് തീപ്പെട്ടിയുരച്ച് കത്തിച്ചു. അതങ്ങനെ ആളിക്കത്തുമ്പോൾ അതിനു സാക്ഷിയായ ഭാര്യയുടെ മുഖത്തേക്ക് നോക്കി. ഏകാധിപതിയായ എന്നോട് അവൾ എന്ത് പറയാനാണ്! കത്തിക്കരുത് എന്ന് പറയാനും കത്തിക്കണമെന്ന് പറയാനും അവൾക്ക് സ്വാതന്ത്ര്യമില്ല! അതു മുഴുവൻ മുറ്റത്ത് കുന്ന് കൂട്ടാനുള്ള ആജ്ഞ അവൾ നിസ്സംഗതയോടെ അനുസരിച്ചു., അത്രമാത്രം. ഇത്രയും പറയാൻ കാരണം അന്ന് അഗ്നിനാളത്തിലെരിഞ്ഞത് ചപലമായ എന്റെ എഴുത്തുകൾ മാത്രമല്ല! എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അതിൽ എരിഞ്ഞു തീർന്നിരിക്കുന്നു. ഇന്ന് ഞാൻ എഴുതിയും പറഞ്ഞും പ്രകടിപ്പിക്കുന്നതെല്ലാം മറ്റുള്ളവരോടൊപ്പം കുറച്ച് സമയം ചിലവഴിക്കുന്നതിന് വേണ്ടി എന്നതല്ലാതെ അതിന് മറ്റ് മാനങ്ങളില്ല! എഴുതി കിട്ടുന്ന അംഗീകാരം ഇനി വേണ്ട. എഴുത്തിനെ കുറിച്ച് വല്ല കമന്റും വന്നാൽ മറുപടി പറയുന്നത് മറ്റുള്ളവരെ പോലെ വായിച്ചവരോടൊപ്പം നിൽക്കുന്നതിന് വേണ്ടി മാത്രമാണ്. അല്ലാതെ എന്റെ മനോനിലയുമായി അതിന് കാര്യമായ ബന്ധമില്ല! എന്നിലെ അംഗീകാരം കൊതിക്കുന്ന കുട്ടി അന്നത്തെ തീനാളങ്ങൾക്കൊപ്പം മരിച്ചു...
Kadarsha
Kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക