Slider

പ്ലാക്കുന്നേല്‍ കുറുവച്ചന്‍ : :ദി ഇന്‍വിസിബിള്‍

0
പ്ലാക്കുന്നേല്‍ കുറുവച്ചന്‍ : :ദി ഇന്‍വിസിബിള്‍
****************************************************************************
സ്പെയിനില്‍നിന്ന് മോചനംപ്രാപിക്കാന്‍ കാറ്റലോണിയ സ്വാതന്ത്രസമരം തുടങിയ ദിവസം തന്നെയാണ് പീലിക്കുന്നിലെ ദീപ്തി കുടുംബശ്രീ രണ്ടായി പിളര്‍ന്നത്.കാറ്റലോണിയന്‍ തെരുവുകളില്‍ സമരവുമായ് ജനം ഇറങ്ങിയപ്പോള്‍ , പീലിക്കുന്നിലെ ,കുടുംബശ്രീ മീറ്റിംഗ് നടന്നുകൊണ്ടിരുന്ന സെക്രട്ടറി സുമതിയുടെ വീട്ടില്‍നിന്ന് ,കല്ലുങ്കല്‍ അമ്മിണിയുടെ നേതൃത്തത്തില്‍ വിമതസംഘം ചവിട്ടിത്തുള്ളി മീറ്റിംഗ് ബഹിഷ്ക്കരിച്ചു പുറത്തേക്ക് പോവുകയായിരുന്നു. സ്പെയിനിലായാലും കാഞ്ഞിരപ്പള്ളിയിലെ മലയോരഗ്രാമമായ പീലിക്കുന്നിലായാലും , അവസാനകാലത്ത് ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തിരിയും എന്ന ബൈബിള്‍വചനം നടപ്പിലാകുകയാണ്.പക്ഷെ എല്ലാ വിപ്ലവങ്ങള്‍ക്കും ആരും വിചാരിക്കാത്ത അനന്തരഫലങ്ങള്‍ ഉണ്ടാകും.പീലിക്കുന്നിലെ മുതലാളിമാരിലൊരാളായ പ്ലാക്കുന്നേല്‍ കുറുവച്ചന്‍ച്ചേട്ടന്‍ തന്റെ എഴുപത്തിനാലാം വയസ്സില്‍ അദൃശ്യനാകാന്‍ പോകുന്നത് ഈ പിളര്‍പ്പ് മൂലമാണ്.
“പോന്നവള്മാരൊക്കെ പൊക്കോ ,പക്ഷെ അടുത്താഴ്ചക്ക് മുന്‍പ് വായ്പയെടുത്ത തുക തിരിച്ചടച്ചില്ലേലാ വിവരം അറിയാന്‍ പോകുന്നത്.”
മീറ്റിങ്ങില്‍നിന്ന് ഇറങ്ങിപോകുന്നവരുടെ നേരെ സെക്രട്ടറി സുമതി ചീറി.
സുമതിയുടെ പുരയിടത്തിന്റെ കയ്യാലയൊതുക്കുകള്‍ ഇറങ്ങുകയായിരുന്ന അമ്മിണി ഒരുനിമിഷം നിന്നു.ലോകത്താകമാനം വിപ്ലവം നടപ്പിലാക്കിയ നേതാക്കന്‍മാരുടെ വീര്യം ഒരുനിമിഷം അമ്മിണിയില്‍ ആവസിച്ചു.നൈറ്റി കയറ്റിക്കുത്തി അമ്മിണി തിരിഞ്ഞുനിന്നു.
“പ്ഭാ,ഞങ്ങള്‍ക്ക് വേണ്ടെടി നിന്റെ പുഴുത്ത പൈസാ..” അത് പറയുമ്പോള്‍ അമ്മിണിക്ക് ഒപ്പം ഇറങ്ങുകയായിരുന്ന മൂന്നു നൈറ്റികള്‍ കൂടിനിന്നു. ഒരാഴ്ചക്കുള്ളില്‍ പൈസ കൊടുക്കുന്നത് പ്രായോഗികമാണോ എന്ന സംശയം കൊണ്ട് അവരില്‍നിന്ന് അമ്മിണിയുടെപോലെ രൂക്ഷപ്രതികരണങ്ങള്‍ ഉണ്ടായില്ല.
കുടുംബശ്രീയുടെ പേര് ദീപ്തി എന്നിടുന്നതില്‍ തുടങ്ങിയതാണ്‌ അമ്മിണിയും സുമതിയും തമ്മിലുള്ള തര്‍ക്കം.ദീപ്തി ഐ.പി.എസ് എന്ന സീരിയല്‍ കഥാപാത്രത്തിന്റെ പേരിടാം എന്ന് നിര്‍ദേശിച്ചത് സുമതിയാണ്‌.ദീപ്തിയെ ഇഷ്ടമായിരുന്ന അമ്മിണി അതിനെ പിന്താങ്ങുകയും ചെയ്തു.പക്ഷെ സുമതിയുടെ ഇളയമകളുടെ പേരും ദീപ്തി എന്ന് തന്നെയാണ് എന്ന കാര്യം രണ്ടുദിവസം കഴിഞ്ഞു സൈനബ പറഞ്ഞപ്പോഴാണ് അമ്മിണി ഓര്‍ത്തത്‌.എപ്പോഴും തലയില്‍ ബള്‍ബു ഒരല്‍പ്പം വൈകി മിന്നുന്ന അമ്മിണിക്ക് സുമതി ബുദ്ധിപൂര്‍വ്വം ചതിച്ചു എന്ന തോന്നല്‍ ശക്തമായി.ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മെല്ലെ ആ വെറുപ്പ് വര്‍ദ്ധിച്ചു കുടുംബശ്രീ പിളരുന്നതിലേക്ക് എത്തിച്ചു.
“ഇനിയിപ്പ എന്നാ ചെയ്യുന്നെ അമ്മിണിച്ചേച്ചി ?പൈസാ എവിടുന്നുണ്ടാക്കാനാ...”
സൈനബ അമ്മിണിയോട് ചോദിച്ചു.
നാലുപേരും കൂടി ആലോചിച്ചുകൊണ്ട് വയലില്‍പ്പാറയിലേക്ക് നടന്നു.
പീലിക്കുന്നിലെ ഏറ്റവും ഉയരും കൂടിയ സ്ഥലം വയലില്‍പ്പാറയാണ്.അവിടെനിന്ന് നോക്കിയാല്‍ പൊന്‍കുന്നം വരെയുള്ള മലനിരകള്‍ കാണാം.ആ നീലമലകളുടെ അതിരില്‍ ഒരു ടവര്‍ ഉയര്‍ന്നുനില്‍ക്കുന്നത് പൊന്‍കുന്നത്തെ ബി.എസ്.എന്‍.എല്ലിന്റെ ടവര്‍ ആണ്. രാത്രിയില്‍ ടവറില്‍ ചുവന്ന ലൈറ്റ് തെളിഞ്ഞുകിടക്കും .സൂക്ഷിച്ചുനോക്കിയാല്‍ മലനിരകളിലെ പാതകളിലൂടെ കളിപ്പാട്ടങ്ങള്‍പോലെ വാഹനങ്ങള്‍ പോകുന്നത് കാണാം.റബ്ബര്‍ത്തോട്ടങ്ങള്‍ തിങ്ങിനിറഞ്ഞ മലകള്‍ക്കിടയില്‍ വെളുത്തപൊട്ടുകള്‍പോലെ പള്ളികളും തീപ്പെട്ടിക്കോലുകള്‍ പോലെ തെങ്ങുകളും അടുങ്ങിനില്‍ക്കുന്നു. വയലില്‍പ്പാറയുടെ നേരെതാഴെയായി റബ്ബര്‍തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട പീലിക്കുന്നുകോളനിയും ,പള്ളിയും , സ്ഥിതിചെയ്യുന്നു..ഇപ്പറഞ്ഞ വയലില്‍പ്പാറ ,പ്ലാക്കുന്നേല്‍ കുറുവച്ചന്‍ച്ചേട്ടന്റെ ഇരുപതേക്കര്‍ റബ്ബര്‍തോട്ടത്തിന്റെ മുകള്‍ഭാഗത്താണ്.രാത്രിയില്‍ ചുവന്ന ലൈറ്റ് കാണാന്‍ കുപ്പിയുമായി എത്തുന്നവരുടെ എണ്ണം കൂടിയതോടെ പാറപ്പരപ്പിന് ചുറ്റും കയ്യാലയും കമ്പിവേലിയും കെട്ടി കുറുവച്ചന്‍ച്ചേട്ടന്‍ , മെക്സിക്കന്‍ അതിരില്‍ മതില് കെട്ടുമെന്ന് പറഞ്ഞ ട്രംപിനെ മാതൃകയാക്കി. പീലിക്കുന്നു കോളനി ഒരുകാലത്ത് പ്ലാക്കുന്നേല്‍കാരുടെയായിരുന്നു.എല്ലാ സംസ്കാരങ്ങളിലുമുള്ളത് പോലെ നന്നായി അധ്വാനിക്കുന്നവരുടെ തലമുറ സ്വത്തു സമ്പാദിക്കുകയും തുടര്‍ന്ന് വരുന്നവര്‍ റസ്റ്റ്‌ എടുക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം പ്ലാക്കുന്നേല്‍ ഫാമിലിയിലുമുണ്ടായി. .ഈ റെസ്റ്റ്‌ പീരിയഡിന്റെ ഫലമായി പ്ലാക്കുന്നേല്‍ കുടുംബത്തിന്റെ തോട്ടങ്ങള്‍ ചില്ലറയായി മുറിച്ചു വില്‍ക്കപെടുകയും പീലിക്കുന്നു കോളനി ഉണ്ടാവുകയും ചെയ്തു.
“എവിടേലും കുറച്ചുദിവസത്തെ പണി കിട്ടുവാരുന്നെ എന്തേലും ചെയ്യാവാരുന്നു.കാശ് കൊടുത്തില്ലേ നാണക്കേടാ. ” ബീന പറഞ്ഞു.
അമ്മിണിയൊന്നും പറഞ്ഞില്ല.അല്ലെങ്കിലും എല്ലായിടത്തും വിമതരുടെ നേതാവിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല.തന്റെ കൂടെയിറങ്ങി വന്നവരെ സംരക്ഷിക്കേണ്ടത് അമ്മിണിയുടെ കടമയാണ്.
“നമ്മുക്ക് പ്ലാക്കുന്നേല്‍ വരെ പോയാലോ..അവിടെ കുറച്ചുദിവസത്തെ പണിയുണ്ട് എന്ന് അതിയാന്‍ പറഞ്ഞാരുന്നു.” മേരി പറഞ്ഞു.”അതിയാന്‍” മേരിയുടെ ഭര്‍ത്താവ് ലൂക്കോസ്.ലൂക്കോസ് കുറുവച്ചന്‍മുതലാളിയുടെ പഴയ റബ്ബര്‍വെട്ടുകാരില്‍ ഒരാളാണ്.
“ഹോ ആ പിശുക്കന്റെ അവിടെ പോയിട്ട് എന്ത് ചെയ്യാനാ..അത് വേണോ..”സൈനബ മടി പറഞ്ഞു.
[നോട്ട് :-സൈനബയെ സംബന്ധിച്ചു പ്ലാക്കുന്നെല്‍ തോട്ടം നിരോധിത മേഖലയാണ്.മുതലാളിയുടെ എട്ടുപത്തു റബ്ബര്‍ തൈകള്‍ സൈനബയുടെ ആട് തോട്ടത്തില്‍ കയറി തിന്നത് കൂടാതെ,മുതലാളിയറിയാതെ പറമ്പില്‍ക്കയറി പുല്ലു ചെത്തുകയും ചെയ്തതത് കയ്യോടെ പിടിച്ചതോടെ , കോളനിയിലെ പശു, ആട് വളര്‍ത്തല്‍ നടത്തുന്ന സ്ത്രീകളോട് തോട്ടത്തില്‍ കയറിപ്പോകരുതെന്നു മുതലാളി ഉഗ്രശാസനം നല്‍കിയിട്ടുണ്ട്.]
പക്ഷെ അമ്മിണിക്ക് കൂടുതല്‍ ഒന്നും ആലോചിക്കാനില്ലായിരുന്നു.അമ്മിണിയുടെ മുന്‍പില്‍ സുമതിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മാത്രം.അങ്ങിനെ പല നിറത്തിലുള്ള ആ നാലു നൈറ്റികള്‍ പ്ലാക്കുന്നേല്‍ ബംഗ്ലാവിനെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി.
ഈ സമയം പ്ലാക്കുന്നേല്‍ ബംഗ്ലാവില്‍ തന്റെ പകലുറക്കത്തില്‍ നിന്ന് മെല്ലെയുണരുകയയിരുന്നു കുറുവച്ചന്‍മുതലാളി.എഴുപത്തിനാല് വയസായെങ്കിലും ആരോഗ്യവാനാണ്.നരച്ചനെഞ്ചില്‍ ,അന്തോനീസ് പുണ്യവാളന്റെ വെള്ളിരൂപമുള്ള വെന്തിങ്ങ ഒട്ടിക്കിടന്നു. പാതിതുറന്ന കണ്ണുകളില്‍ മുറിയിലെ തിരുഹൃദയരൂപവും കറങ്ങുന്നഫാനും കണ്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ആശ്വാസം മുതലാളിയുടെ ഹൃദയത്തിലൂടെ കടന്നുപോയി.അത് സന്തോഷവും സങ്കടവും കൂടിച്ചേര്‍ന്നു ചില വൃദ്ധര്‍ക്ക് മാത്രം തോന്നുന്ന വികാരമാണ്.
ഉറക്കത്തിനിടയില്‍ മരിച്ചുപോയില്ലലോ എന്ന ആശ്വാസം.
മുതലാളിയുടെ അപ്പനും വലിയപ്പനും പകലുറക്കത്തിനിടയിലാണ് മരിച്ചത്.അത് കൊണ്ട് പകല്‍ ഉറങ്ങുന്നതിനിടയില്‍ താനും മരിക്കാന്‍ സാധ്യതയുണ്ടെന്ന ആകുലത മുതലാളിക്കുണ്ട്.എങ്കിലും സഹധര്‍മ്മിണി അച്ചാമ്മ മൂന്നുകൊല്ലം മുന്‍പ് മരിച്ചതിനുശേഷം മുതലാളിയുടെ ദിവസങ്ങള്‍ ഏകാന്തമാണ്.അത്കൊണ്ട് ഈ ഉണര്‍ച്ചകള്‍, ജീവിതം നീട്ടിക്കിട്ടുന്ന നേരിയ സന്തോഷത്തിനേക്കാള്‍ ,അച്ചാമ്മയെ മിസ്സ്‌ ചെയ്യുന്ന സങ്കടം മുതലാളിയില്‍ സൃഷ്ടിക്കുന്നു..
“മുതലാളീ....” മുതലാളിയെ ഞെട്ടിച്ചുകൊണ്ട് ഒരു സ്ത്രീശബ്ദം അശരീരിയായി കേട്ടു.
മരണത്തിനെക്കുറിച്ചുള്ള വിചിത്രചിന്തകളായിരുന്നു മുതലാളിയെ ഞെട്ടിച്ചത്.കൃത്യം മരണമുഹൂര്‍ത്തത്തില്‍ ഒരു മാലാഖ തന്നെ വിളിക്കുന്ന ശബ്ദം അദ്ദേഹം പ്രതീക്ഷിക്കുന്നു.എന്നാല്‍ ഞെട്ടലിനു തൊട്ടടുത്ത നിമിഷം മുതലാളി നോര്‍മലായി.ഏതു മാലാഖയാണ് തന്നെ മുതലാളിയെന്നു വിളിക്കാന്‍ വരിക ??
മുതലാളി ആയാസപ്പെട്ട്‌ എഴുന്നേറ്റു.കണ്ണിനു മൂടല്‍ ഉള്ളത് കൊണ്ട് മുറ്റത്ത്‌ നൈറ്റിയണിഞ്ഞ നാല് മാലാഖമാര്‍ നില്‍ക്കുന്നത് പോലെ അദ്ദേഹത്തിനു കാണപ്പെട്ടു. മുതലാളി വരാന്തയിലേക്ക് മെല്ലെ നടന്നുവന്നു ചാരുകസേരയില്‍ ഉപവിഷ്ടനായി.ചാരുകസേരയുടെ മുകളില്‍ ഭിത്തിയില്‍ സ്റ്റഫ്ചെയ്തു വച്ച പോത്തിന്‍തലയുടെ കണ്ണുകള്‍ നാല് സ്ത്രീകളെയും ക്രൂരമായിനോക്കി.അമ്മിണി മുന്‍പോട്ടു വന്നു.
“മുതലാളീ ഇവിടെ പണി വല്ലതുമുണ്ടോ ?” അമ്മിണി ഔപചാരികതക്ക് നില്‍ക്കാതെ നേരെ കാര്യത്തിലേക്ക് കടന്നു.
അപ്പോഴാണ്‌ മുതലാളി സൈനബയെ കണ്ടത്. നല്ല പാല് കിട്ടുമായിരുന്ന നൂറ്റിയഞ്ചിനത്തില്‍പ്പെട്ട റബ്ബര്‍തൈകള്‍ യാതൊരു മയവുമില്ലാതെ തിന്നുന്ന ആടിന്റെ ചിത്രം ആ മനസ്സിലൂടെ കടന്നുപോയി.മുതലാളിയുടെ മൂക്ക് ദേഷ്യം കൊണ്ട് ചുവന്നു.
“ഒണ്ടെടീ പണിയുണ്ട്...” മുതലാളി പറഞ്ഞു.
“എന്നതാ മുതലാളി..”അമ്മിണി ആകാംക്ഷയൊടെ ചോദിച്ചു.
“എയര്‍ ഇന്ത്യാക് നാലഞ്ചു വിമാനം ഒണ്ടാക്കികൊടുക്കണം.പറ്റുവോ...??”
അമ്മിണി ഒരു നിമിഷം നിശബ്ദയായി.പശുവിനെ വളര്‍ത്തും ,അല്പം തൊഴിലുറപ്പും മാത്രം പരിചയമുള്ള തങ്ങള്‍ വിമാനമുണ്ടാക്കുന്നത് എങ്ങനെയാണ്?അല്‍പ്പം വൈകിയെങ്കിലും മുതലാളി ആക്കിയതാണ് എന്ന ബള്‍ബ് അമ്മിണിയുടെ തലയില്‍ തെളിഞ്ഞു.
.
“സ്വന്തം മോനെ വീട്ടിന്നിറക്കി വിട്ട പരട്ടക്കിളവന്‍ ഇതിലുമപ്പുറം പറയും.ഞാന്‍ പറഞ്ഞതല്ലേ വരണ്ടന്നു...”സൈനബ തലകുനിച്ചു നിന്ന് പിറുപിറുത്തു.
“മുതലാളി ..പീലിക്കുന്നില്‍ പ്ലെയിനും റോക്കറ്റുമൊക്കെ ഒണ്ടാക്കാന്‍ ഉള്ള ത്രാണി ഇപ്പോഴും ഈ തറവാട്ടിലെയുള്ളൂ..”അമ്മിണി ചിരിയോടെ ഏഴെട്ടു ചന്ദ്രികാ സോപ്പിന്റെ പത വരുന്ന വാചകമിറക്കി.
അല്ലെങ്കിലും അല്പം പൊക്കിപറഞ്ഞാല്‍ തരളഹൃദയരാകാത്ത മലയാളികള്‍ ആരെങ്കിലുമുണ്ടോ?പ്ലാക്കുന്നേല്‍ കുറുവച്ചന്‍മുതലാളിയും സാധാരണമനുഷ്യനാണ്.അലിയുന്ന മനസാണ് മുതലാളിയുടെ.ആ തക്കത്തില്‍ മുതലാളിയോട് ദീപ്തി കുടുംബശ്രീ പിളര്‍ന്ന കഥ അമ്മിണി അവതരിപ്പിച്ചു.വിപ്ലവകാരികളെ പിന്തുണക്കുന്നവരും വിപ്ലവകാരികളാണ്.
“ആ സുമതിടെ കെട്ടിയോന്‍ കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ തോറ്റുപോയ ചന്ദ്രനല്ലേ..” മുതലാളി ചോദിച്ചു.
“അതേ മുതലാളി ,അവനൊക്കെ കൂടിയാ നമ്മുടെ ജിജോമോനെ വഷളാക്കിയത്.” അമ്മിണി അവസാന ആണിയടിച്ചു.
മുതലാളി കൂടുതല്‍ ഒന്നുമാലോചിച്ചില്ല.
“ഇവിടെയിപ്പോ ഒരു പണിയുണ്ട്.ആ പോപ്പെരയുടെ(റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പുകപ്പുര ) അടുത്ത് ഒരു പടുതാക്കുളം ഉണ്ടാക്കണം.നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ അത് ചെയ്തോ.അത് കഴിയുമ്പോ അടുത്ത പണി ഞാന്‍ തരാം.”
അമ്മിണിയും സംഘവും പടുതാക്കുളം നിര്‍മ്മാണത്തിനായി നീങ്ങിയപ്പോള്‍ മുതലാളി മകനെക്കുറിച്ച് ആലോചിച്ചു.അപ്പോള്‍ മുതലാളിക്ക് റബ്ബര്‍മരങ്ങളെ ഓര്‍മ്മവന്നു.മുതലാളി തോട്ടത്തിലേക്ക് നടക്കാനിറങ്ങി.
തോട്ടത്തിലെ കാറ്റ് കൊണ്ട് മുതലാളി ഓരോ റബ്ബറിന്റെയും ചുവട്ടിലൂടെ നടന്നുതുടങ്ങി.വില കുറഞ്ഞുവെങ്കിലും ഒരു യഥാര്‍ത്ഥ കാഞ്ഞിരപ്പള്ളിക്കാരന് റബ്ബര്‍മരങ്ങള്‍ സ്വന്തം മക്കളെപോലെയാണ്.മരചുവട്ടിലെ വളര്‍ന്നുനില്‍ക്കുന്ന കാട്ടുചേമ്പിന്‍ ചെടികള്‍ വലിച്ചു പറിച്ചുകളഞ്ഞും,മരങ്ങള്‍ പരിശോധിച്ചും അദ്ദേഹം നടന്നു.അപ്പോഴാണ്‌ മുതലാളി ഭയന്ന ആ കാഴ്ച കണ്ടത്.
നല്ല പാല് കിട്ടുന്ന ഒരു മരത്തിന്റെ പട്ടയില്‍ കത്തികൊണ്ട് വരഞ്ഞുവച്ചിരിക്കുന്നു.പൊട്ടിയ തൊലിയില്‍ നിന്ന് പാലൊഴുകി ഉണങ്ങിയിരിക്കുന്നു.തൊട്ടടുത്ത നാലഞ്ചു മരങ്ങള്‍ അത് പോലെ മുറിവേല്‍പ്പിച്ചിരിക്കുന്നു.കുറച്ചു ദിവസം കഴിയുമ്പോള്‍ ,ആ മരങ്ങളുടെ പട്ട ചീയാന്‍ തുടങ്ങും.അല്‍പദിവസം കഴിയുമ്പോള്‍ അത് വെട്ടാന്‍ കഴിയാതെ വരും.പിന്നെ ഉണങ്ങി നശിക്കും.
മുതലാളി ദേഷ്യംകൊണ്ട് വിറച്ചു.മുഷ്ടി ചുരുണ്ടു .ആ മൂക്ക് വീണ്ടും ചുവന്നു.
“പന്ന കഴുവേര്‍ടമോന്‍ !!!”
മുതലാളി മുരണ്ടു.
“പ്രേയിസ് ദ ലോര്‍ഡ്‌ !“ ശബ്ദം കേട്ട് മുതലാളി തിരിഞ്ഞുനോക്കി.
അയല്‍പ്പക്കത്ത് താമസിക്കുന്ന മേടയില്‍ അവിരാച്ചനാണ്.സദാ വെളുത്തമുണ്ടും ഷര്‍ട്ടുമണിഞ്ഞു ഒരു മാലാഖയുടെ രൂപഭാവങ്ങളുള്ള അവിരാച്ചന്‍ പീലിക്കുന്നിലെ കരിസ്മാറ്റിക്ക് പ്രാര്‍ഥനാഗ്രൂപ്പിന്റെ ലീഡറാണ്.
“ഇത് കണ്ടില്ലേ...അവിരാച്ചാ...”മുതലാളി അവിരാച്ചനെ വിളിച്ചു മരങ്ങള്‍ കത്തികൊണ്ട് വരഞ്ഞത് കാണിച്ചുകൊടുത്തു.
“ഇതവന്റെ പണിയാ...എന്റെ മകന്റെ..ഈ വീട്ടില്‍നിന്ന് ഇറക്കിവിട്ടതിന്റെ വാശി ആ നാറികാണിക്കുന്നത് എന്റെ മരങ്ങളോടാ..ഒറ്റച്ചില്ലി ഞാനവനു കൊടുക്കുകേല..ഇപ്പൊത്തന്നെ പോലീസിനെ വിളിച്ചു കേസാക്കാന്‍ പോവുകയാ.."
“സ്വന്തം മകനെതിരെ കേസ് കൊടുക്കുന്നത് ശരിയാണോ കുറുവച്ചന്‍ച്ചേട്ടാ..”അവിരാ ചോദിച്ചു.
മുതലാളിക്ക് ഒറ്റമകനെയുള്ളൂ.ജിജോ.വിദ്യാഭാസത്തിനോട് വലിയ താല്‍പ്പര്യം ഇല്ലാതിരുന്ന ജിജോക്ക് പൊതുപ്രവര്‍ത്തനമായിരുന്നു ഇഷ്ടം .മുതലാളി മകന് വേണ്ടി ചെലവഴിച്ച പണം മുഴുവന്‍ അവന്‍ മുടിച്ചു.പീലിക്കുന്നില്‍ നിന്ന് തൊട്ടടുത്ത പട്ടണത്തിലേക്ക് റോഡിനു സ്ഥലം കൊടുക്കുന്ന പ്രശ്നത്തില്‍ അപ്പനും മകനും എന്നന്നെക്കുമായി തെറ്റി.റോഡിന്റെ ഏറിയഭാഗവും പ്ലാക്കുന്നേല്‍ പറമ്പിലൂടെയാണ് പോകേണ്ടിയിരുന്നത്‌.മുതലാളി സ്ഥലം നല്‍കാന്‍ വിസ്സമ്മതിച്ചു.അപ്പോള്‍ നാട്ടുകാര്‍ ബലമായി റോഡുവെട്ടാന്‍ ശ്രമിച്ചു.മുതലാളി പോലീസിനെ വിളിച്ചു.പക്ഷെ ജിജോ നാട്ടുകാരുടെ കൂടെനിന്നു വികസനത്തിന്‌ സ്ഥലംനല്‍കണമെന്നു കട്ടായം ആവശ്യപെട്ടു.അതോടെ ഗത്യന്തരമില്ലാതയായ മുതലാളി സ്ഥലം നല്‍കി.എന്നാല്‍ കുടുംബം പുറത്തുനിന്ന് ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ ഒപ്പം നില്‍ക്കാതെ നാട്ടുകാരുടെ കൂടെനിന്ന മകനെ അദ്ദേഹം വെറുത്തു.റോഡുവെട്ടിയതിനു പിറ്റേന്ന് തന്നെ മുതലാളി മകനെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു.അവന്‍ പൊതുപ്രവര്‍ത്തനത്തിനിടെ പരിചയപ്പെട്ട ലിസി എന്ന പെണ്ണിനേയും കെട്ടി കോളനിയില്‍ കുടിലും കെട്ടി പൊറുക്കുന്നു.ഒരു കുഞ്ഞുംകൂടിയായതോടെ ജീവിതം വെറുത്തുതുടങ്ങിയ ജിജോ എല്ലാവരും ചെയ്യുന്നത് പോലെ മദ്യത്തില്‍ അഭയം പ്രാപിച്ചു.ഇപ്പോള്‍ ലിസി കൂലിപ്പണിയെടുത്താണ് കുടുംബം കഴിയുന്നത്.
“സ്വന്തം മകന്‍ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല.ഇതവന്റെ പണിയാ..എന്റെ പട്ടികൊടുക്കും അവനു വീതം.” മുതലാളി ജ്വലിച്ചു.
‘കുറുവച്ചന്‍ചേട്ടാ ..ഒരു നിവര്‍ത്തിയില്ലേല്‍ കേസ് കൊടുക്ക്‌.പിന്നെ നാളെ വീട്ടില്‍ വിടുതല്‍പ്രാര്‍ത്ഥനയുണ്ട് അങ്ങോട്ട്‌ വാ...ഇതെല്ലാം അവന്റെ പണിയാ...”
“ആരുടെ..ജിജോയുടെ അല്ലെ...എനിക്ക് അത് പറഞ്ഞുതരണ്ട കാര്യമുണ്ടോ ?”
“ജിജോ അല്ല..ജിജോയിലൂടെ ചെയ്യിക്കുന്നത് മറ്റവനാ...ലൂസിഫര്‍.ചുമ്മാ നടന്ന ഹവ്വായെക്കൊണ്ട് ആപ്പിള് തീറ്റിച്ച അവനു കുറുവച്ചന്‍ച്ചേട്ടന്റെ മോനെക്കൊണ്ടു നാലു റബ്ബര്‍ നശിപ്പിക്കുന്നത് പൂപറിക്കുന്നത് പോലെയുള്ളു.ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്ക്..”
മുതലാളിക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.അപ്പോഴേക്കും പടുതാക്കുളം കുഴിക്കുന്നിടത്തു നിന്ന് അമ്മിണിയുടെ വിളിവന്നു.മുതലാളി അങ്ങോട്ട്‌ ചെന്നു.കുഴിയുടെ ചുറ്റിനും എല്ലാവരും കൂടിനില്‍ക്കുന്നു.എല്ലാവരും ആകാംക്ഷയോടെ നോക്കുന്ന വസ്തു മുതലാളിയും കണ്ടു.
മണ്ണില്‍ പുതഞ്ഞു ഒരു ഇരുമ്പ് പെട്ടി.
“നിധി വല്ലതും ആയിരികുമോ?” അമ്മിണി കൊതിയോടെ ചോദിച്ചു.
“ആണേല്‍ ഇത് മുഴുവന്‍ നിനക്കങ്ങു എഴുതിതന്നേക്കാം.അതങ്ങ് പൊട്ടിക്കടി..” മുതലാളി ദേഷ്യപ്പെട്ടു.
വര്‍ഷങ്ങള്‍ പഴക്കം തോന്നിക്കുന്ന പെട്ടി അവര്‍ പൊട്ടിച്ചു.അതില്‍ ചുവന്ന പട്ട് തുണി കൊണ്ട് കെട്ടിയ ഒരു പുസ്തകവും അതിനോടു ചേര്‍ത്തു കെട്ടിവച്ച ഒരു ചെമ്പ് മോതിരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.റബ്ബര്‍ കേടുവന്നതില്‍ കലി പൂണ്ടിരുന്ന മുതലാളിക്ക് അതില്‍ പ്രത്യേകിച്ചു ഒരു താല്പര്യം തോന്നിയില്ല.പണ്ട് ബ്രാഹ്മണരായിരുന്ന പ്ലാക്കുന്നേല്‍ പൂര്‍വികരില്‍ ചിലര്‍ക്ക് മന്ത്രവാദവും സേവയും മറ്റുമുണ്ടായിരുന്ന കാര്യം മുതലാളിക്ക് അറിയാമായിരുന്നു.രണ്ടും മുറിയില്‍ എത്തിച്ചതിന് ശേഷം മുതലാളി സ്കോച്ച് സൂക്ഷിച്ചിരിക്കുന്ന അലമാര തുറന്നു.മൂന്ന് പെഗ് അകത്തു ചെന്നപ്പോള്‍ മുതലാളിക്ക് ഒന്ന് കിടക്കണമെന്ന് തോന്നി.
ഉണര്‍ന്നപ്പോള്‍ നേരം രാത്രിയായി കഴിഞ്ഞിരുന്നു. പെട്ടിയില്‍നിന്ന് കണ്ടെടുത്ത പുസ്തകം മേശയിലിരിക്കുന്നത് മുതലാളി അപ്പോഴാണ് ശ്രദ്ധിച്ചത്.അദ്ദേഹം അത് മെല്ലെ തുറന്നു.
പൊടിഞ്ഞു തുടങ്ങിയ താളുകളില്‍ ഒന്നും കാണാനില്ല.പെട്ടെന്നു കറണ്ട് പോയി.മുറിയില്‍ ഇരുട്ടായി.അപ്പോള്‍ താളിലെ അക്ഷരങ്ങള്‍ ചെറിയ മിന്നാമിന്നികളെ പോലെ സ്വയം പ്രകാശിച്ചു.ഏറ്റവും മുകളില്‍ പഴയ മലയാള ലിപിയില്‍ മുതലാളി വായിച്ചു.
”തിരസ്കരണി”.
സ്വയം അദ്രശ്യന്‍ ആകാന്‍ ഉള്ള വിദ്യ ആയിരുന്നു അതില്‍ പറഞ്ഞിരുന്നത്.
“ഓം ഹ്രീം ഹ്രീം സംഹയവന്‍സ്വീനി സ്വാഹാ !” ഈ മന്ത്രം ചന്ദ്രപ്രകാശത്തില്‍ പൂര്‍ണ്ണനഗ്നനായിനിന്ന് നൂറ്റിയൊന്ന് പ്രാവശ്യം ഉരുവിടുക.പിന്നെ മന്ത്രംചെയ്ത ചെമ്പ് മോതിരം ധരിക്കുക.അതോടെ മനസ്സില്‍ വിചാരിക്കുമ്പോള്‍ രൂപം അദൃശ്യമാക്കുവാനും പിന്നെ പഴയപോലെയാക്കാനും കഴിയും.
മുതലാളിക്ക് രസം തോന്നി.സിരകളിലോടുന്ന ഷീവാസ് റീഗല്‍ മുതലാളിയുടെ കള്ളിമുണ്ടുരിയിച്ചു. .പിന്നെ തടിജനാലയുടെ പാളികള്‍ തുറന്നു.പ്ലാക്കുന്നെല്‍ തോട്ടം നിലാവില്‍ മുങ്ങിക്കിടന്നു.മുടിപിണച്ചുനില്‍ക്കുന്ന യക്ഷികളെ പോലെ രാത്രിയില്‍ ശിഖരങ്ങള്‍ വിടര്‍ത്തിയ റബ്ബര്‍മരങ്ങള്‍ തങ്ങളുടെ നഗ്നനായ മുതലാളിയെ അമ്പരപ്പോടെ നോക്കി.ഉരുക്ക് പോലെയുള്ള മുതലാളിയുടെ കര്‍ഷകമേനിയില്‍ നിലാവ് പൊതിഞ്ഞു.മന്ത്രം ഉരുവിട്ട് ചെമ്പ് മോതിരം അണിഞ്ഞു രൂപം മായാന്‍ മുതലാളി ഇച്ഛിച്ചു.
ഒന്നും സംഭവിച്ചില്ല.
മുതലാളി കണ്ണാടിയുടെ മുന്‍പില്‍ ചെന്ന് നിന്നു.മുതലാളിയുടെ രൂപം കാണുന്നില്ല.!!! തിരസ്ക്കരണി ഫലിച്ചു!!
കൗതുകം നിറഞ്ഞ സന്തോഷം വൃദ്ധനില്‍ നിറഞ്ഞു.അദൃശ്യനായിത്തന്നെ മുതലാളി വീണ്ടും രണ്ടു പെഗ്ഗടിച്ചു.പീലിക്കുന്നിലും കാഞ്ഞിരപ്പള്ളിയിലും കേരളത്തിലും ഒരുപക്ഷെ ലോകത്തില്‍ത്തന്നെ അദൃശ്യനായി മദ്യപിക്കുന്ന ആദ്യത്തെ മനുഷ്യനായി പ്ലാക്കുന്നേല്‍ കുറുവച്ചന്‍(74 വയസ്സ് ) മാറി.
പിറ്റേന്ന് ഞായറാഴ്ച്ചയായിരുന്നു.വെളിച്ചം വീഴുന്നതിനു മുന്‍പ് മുതലാളി അദൃശ്യനായി പുറത്തിറങ്ങി.ഞായറായത് കൊണ്ട് പുറമേല്‍ തൊമ്മിയുടെ കശാപ്പ്ഷെഡ്‌ഡില്‍ ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ടായിരുന്നു.ആദ്യത്തെ കുര്‍ബാന കഴിഞ്ഞു വരുന്നവര്‍ക്ക് ഇറച്ചികൊടുക്കണം.അദൃശ്യനായത് കൊണ്ട് മുതലാളി വരുന്നത് തൊമ്മിയും മകന്‍ ടോമിയും കണ്ടില്ല.അത് കൊണ്ട് മൂരിയെ അറുത്തതിനു ശേഷം പോത്തിന്റെ തല കെട്ടിത്തൂക്കുന്ന കാഴ്ച മുതലാളി കണ്ടു.വരുന്നവര്‍ പോത്തിന്റെ ഇറച്ചിയാണെന്നു ധരിച്ചു മൂരി വാങ്ങും.അദൃശ്യശക്തി ലഭിച്ചശേഷം മുതലാളി എടുത്ത ആദ്യതീരുമാനം പുറമേല്‍ തൊമ്മിയുടെ പക്കല്‍ നിന്ന് ഇറച്ചിവാങ്ങുന്നത് നിര്‍ത്തുക എന്നതായിരുന്നു.
പിന്നെ മുതലാളി പള്ളിയിലേക്ക് പോയി .മഞ്ഞുപുരണ്ട പ്രഭാതത്തില്‍ മെഴുകുപ്രതിമകള്‍ നടന്നു പോകുന്നത് പോലെ ചട്ടയും മുണ്ടും ധരിച്ചു കവിണി മൂടിപ്പുതച്ചു പള്ളിയിലേക്ക് പോകുന്ന രണ്ടു ചേടത്തിമാരുടെയൊപ്പം മുതലാളിയും നടന്നു. അദൃശ്യനായത് കൊണ്ട് തങ്ങളുടെയൊപ്പം നടന്ന മുതലാളിയെ അവര്‍ അറിഞ്ഞില്ല. മുതലാളി അവരുടെ സംസാരം ശ്രവിച്ചു.അത് ഇപ്രകാരമായിരുന്നു.
.
“എടീ പുരയ്ക്കലെ ഒറോതയമ്മ മരിച്ചു. ”
“ശ്ശൊ..യെന്നു മരിച്ചു ??ഞാന്‍ ഇടയ്ക്കിടെ പത്രത്തിലെ ചരമക്കോളത്തിലൊക്കെ നോക്കുന്നുണ്ടായിരുന്നു .കണ്ടില്ല.എത്ര വയസ്സുണ്ടായിരുന്നു?”
“നൂറ്റിരണ്ട് ഒണ്ടായിരുന്നെന്നാ മരുമോള്‍ റോസമ്മ പറഞ്ഞെ “
“ശ്ശൊ..നൂറ്റിരണ്ടൊക്കെ ഒരു പ്രായമാണോ ??ആ പിന്നെ കര്‍ത്താവു വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റുകേലല്ലോ ?”
“അതേ, നമ്മുടെ പ്ലാക്കുന്നെലെ അച്ചാമ്മ ,കണ്ടില്ലേ ..വെറും അറുപത്തഞ്ചു വയസ്സായപ്പോ അവള് പോയില്ലേ..”
“ഒരു കണക്കിനത് നന്നായി.ആ മുശേട്ട കുറുവച്ചന്റെയൊപ്പം അവളുടെ ജീവിതകാലം സഹിച്ചു കഴിഞ്ഞില്ലേ..”
“അതേ..ആ ചെറുക്കനേ ഇറക്കിവിട്ടതൊന്നും അവള്‍ക്ക് കാണേണ്ടിവന്നില്ലല്ലോ..”
“അതിയാന്റെ എല്ലാ തല്ലുകൊള്ളിത്തരങ്ങളും അവനും കിട്ടിയിട്ടുണ്ട്..എന്നതാ അവന്റെ പേര്?
“ജോണി.”
“ജോണിയല്ല...വേറെതെണ്ടാ...ഇപ്പഴത്തെ പിള്ളാരുടെ പേരെല്ലാം വല്ലാത്തതു തന്നെ.വല്ല മാത്തന്‍ എന്നോ തൊമ്മിയെന്നോ ആരുന്നേല്‍ ഓര്‍ത്തിരിക്കാം ...”
കൂടുതല്‍ കേള്‍ക്കാന്‍നില്‍ക്കാതെ മുതലാളി പള്ളിയിലേക്ക് നടന്നു.കുര്‍ബാനക്ക് ശേഷം മുതലാളി സെമിത്തേരിയിലേക്ക് പോയി .അദൃശ്യനായത് കൊണ്ട് അദൃശ്യരായ ആത്മാക്കളെയും ഒരുപക്ഷെ അച്ചാമ്മയെയും കാണാം എന്നൊരു പ്രതീക്ഷ മുതലാളിക്കുണ്ടായിരുന്നു.പക്ഷെ നിരാശയായിരുന്നു ഫലം.അച്ചാമ്മയുടെ കല്ലറയുടെ മുന്‍പില്‍ മുതലാളി നിന്നു.ഒരു വേദന മുതലാളിയില്‍ തിങ്ങി.
“നീ എന്നോടൊപ്പം കുറെ സഹിച്ചിരുന്നോ അച്ചാമ്മേ?.ഒരു കണക്കിന് നീ നേരത്തെ പോയതും നന്നായി.പക്ഷേ നീ കൂടി ഉണ്ടായിരുന്നേല്‍ ഈ അദൃശ്യശക്തിവച്ച് കുറെ കുസൃതി നമ്മുക്ക് കാണിക്കാമായിരുന്നു.”
പിന്നെ മുതലാളി പള്ളിമുറിയിലേക്ക് കയറി..രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോകുന്നതിനുമുന്പ് കൊച്ചച്ചന്‍ കുളിക്കാനായി ബാത്ത്റൂമില്‍ കയറിയിരിക്കുകയാണ്.അച്ചന്റെ ഫോണില്‍ തുരുതുരാ മെസേജ് വരുന്നു.മുതലാളി ഫോണ്‍ എടുത്തു.എല്ലാം ലോലമെസേജുകള്‍. മേടയില്‍ അവിരായുടെ ഭാര്യ സൂസിയുടെ സന്ദേശങ്ങളാണ് അവ.!മെസേജുകള്‍ വായിച്ച മുതലാളി ഞെട്ടി.{സംശയാലുക്കളായ തോമാമാരുടെ ശ്രദ്ധക്ക്-മുതലാളി പഴയ പത്താംക്ലാസും അത്യാവശ്യം വിവരവുമുള്ളയാളാണ്.)
അച്ചന്‍ കുളിച്ചതിനുശേഷം തിരികെ മുറിയില്‍ വന്നു.അപ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു.തന്റെ ഫോണ്‍ വായുവില്‍ ഒഴുകിവന്നു മേശയിലെ ബൈബിളിനു സമീപം ഇരിക്കുന്നു.ബൈബിളിന്റെ താളുകള്‍ തനിയെ മറിയുന്നു..പത്രോസ് എഴുതിയ ഒന്നാമത്തെ ലേഖനത്തിലെ ഒന്നാം അധ്യായത്തിലെ താളുകള്‍ തുറന്നു.മേശയിലെ പെന്‍ഹോള്‍ഡറില്‍ നിന്നൊരു പേന വായുവില്‍ ഉയര്‍ന്നു അതിലെ ഒരു വാക്യം അടയാളപ്പെടുത്തി.അച്ചന്‍ അത് ഞെട്ടിവിറച്ചുകൊണ്ട് വായിച്ചു.
“നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നത് പോലെ ,നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.”
പൊടുന്നനെ ഫോണില്‍ ബീപ് ശബ്ദം കേട്ട് അച്ചന്‍ ഞെട്ടി.സൂസിയുടെ മെസേജ് വന്നതാണ്.
അദൃശ്യനായ മുതലാളി മുറിയില്‍നിന്നിറങ്ങുന്നതിനു മുന്‍പ് അച്ചന്‍ സൂസിയെ ബ്ലോക്ക് ചെയ്തിരുന്നു.
അന്ന് അദൃശ്യമനുഷ്യന്റെ വിളയാട്ടം ആയിരുന്നു.പകല്‍ മുതലാളി പീലിക്കുന്നിലെ എല്ലാ വീടുകളിലും കയറി.പതിനഞ്ച് അവിഹിതബന്ധങ്ങള്‍ മുതലാളി കണ്ടു.ഞെട്ടിക്കുന്ന സംഭാഷണങ്ങള്‍ കേട്ടു.താന്‍ നല്ലവരാണെന്ന് വിചാരിച്ച പലരും തന്നെ ദുഷിച്ചു പറയുന്നതും താന്‍ കെട്ടവര്‍ ആണെന്ന് കരുതുന്ന പലരും മനസ്സില്‍ നന്മ ഉള്ളവര്‍ ആണെന്നും അദൃശ്യനായപ്പോള്‍ മുതലാളിക്ക് മനസ്സിലായി.
ഉച്ചയായപ്പോഴാണ് മേടയില്‍അവിരാച്ചന്റെ വീട്ടിലെ പ്രാര്‍ഥനാസമ്മേളനം മുതലാളി ഓര്‍മ്മിച്ചത്.അദൃശ്യനായിത്തന്നെ അങ്ങോട്ട്‌ പുറപ്പെട്ടു.
മുതലാളി അവിരായുടെ വീട്ടില്‍ ചെന്നപ്പോള്‍ കൊണ്ട്പിടിച്ച പ്രാര്‍ത്ഥന നടക്കുകയാണ്.കൊച്ചച്ചന്‍ ബ്ലോക്ക് ചെയ്തത് കൊണ്ടോ എന്തോ പക്ഷെ സൂസിയുടെ മുഖത്ത് മാത്രം അത്ര തെളിച്ചമില്ല.അപ്പോള്‍ തലേന്ന് പടുതാക്കുളം കുഴിക്കാന്‍ വന്ന അമ്മിണി പറഞ്ഞ സുമതിയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പുറത്തുനിന്ന് അവിരാച്ചനെ വിളിക്കുന്നത്‌ കണ്ടു.പ്രാര്‍ഥന നടക്കുന്നിടത്ത് നിന്ന് രണ്ടുപേരും ഇറങ്ങി അല്പം അകലെയുള്ള അവിരാച്ചന്റെ പുകപ്പുരയുടെ അടുത്തേക്ക് നടക്കുന്നു.അവിരാച്ചന്‍ കുറച്ചുരൂപ എണ്ണി ചന്ദ്രന് കൊടുക്കുന്നു.
“അവിരാച്ചാ ,എട്ടുപത്തു മരം കൂടി റെഡിയാക്കിയിട്ടുണ്ട്.കാശിത് പോര..ആ കുറുവച്ചന്‍മുതലാളിയെങ്ങാനും കണ്ടാല്‍ എന്നെ വെടിവച്ച് കൊല്ലും.”
“ഇതുംകൂടി മതിയെടാ..ഞാന്‍ ഇന്നലെ അവിടെ ചെന്നായിരുന്നു.അയാള് കലിച്ചിരിക്കുവാ.ജിജോക്കെതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞു. നീ ഇന്ന് നശിപ്പിച്ച മരം ക്കൂടി കാണുമ്പം പുള്ളി നാളെ ഉറപ്പായും കേസ് കൊടുക്കും.”
“ഹോ അവിരാചേട്ടന്റെ ബുദ്ധിക്ക് ഓസ്ക്കാര്‍ കൊടുക്കണം.ജിജോയ്ക്ക് ഇപ്പൊത്തന്നെ കാശ് കടം കൊടുക്കുക .അപ്പനും മകനും തമ്മില്‍ തല്ലി കേസാകുമ്പോള്‍ ജിജോക്ക് കുറെ സ്ഥലം വീതം കൊടുക്കേണ്ടി വരും .അപ്പോള്‍ പിടിയാവിലക്ക് ആ സ്ഥലം അടിച്ചെടുക്കുക.”
“നീ ഇതാരോടും പറയണ്ട.ജിജോയുടെ കുഞ്ഞിനു ഹാര്‍ട്ടിന് ഏതാണ്ട് അസുഖമാണെന്ന് അവന്റെ കെട്ടിയോള് ലിസി പറഞ്ഞു.പക്ഷേ അവള്‍ക്ക് മുതലാളിയുടെ അടുത്ത് വരാന്‍ പേടിയാ.ചികിത്സിക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും.ഞാനിപ്പോ കുറെ കാശ് കൊടുത്തിട്ടുണ്ട്.ഈ മൂപ്പില്‍ കേസ് വരുമ്പോള്‍ എല്ലാവരും കൂടി വീതം കൊടുക്കാന്‍ കുറുവച്ചനെ സമ്മര്‍ദം ചെലുത്തും.ഒന്നും കാണാതെ ഈ അവിരാ കളിക്കുകേല.”
ചന്ദ്രന്റെ കണ്ണ് തള്ളി മാലാഖയെപ്പോലെ നില്‍ക്കുന്ന അവിരാച്ചനെ നോക്കി.അല്പം അകലെയുള്ള വീട്ടില്‍ നിന്ന് സ്തോത്രങ്ങള്‍ ഉയരുന്നു.
ചന്ദ്രന്‍ പോയതിനുശേഷം അവിരാച്ചന്‍ തനിച്ചായി.തിരിഞ്ഞുനടക്കാന്‍ തുടങ്ങവേ അവിരാച്ചനും രാവിലെ കൊച്ചച്ചന്‍ കണ്ടത് പോലെ അത്ഭുതകരമായ ഒരു കാഴ്ച കണ്ടു.പുകപ്പുരയുടെ വെളിയില്‍ അയയില്‍ ഉണങ്ങാനിട്ട ഷീറ്റുകള്‍ ഓരോന്നായി തനിയെ പുകപ്പുരയിലെക്ക് പോകുന്നു!!
താന്‍ ഒരു കള്ളകരിസ്മാറ്റിക്ക് ആണെങ്കിലും ഒടുവില്‍ ഒരു ദര്‍ശനം തരാന്‍ കര്‍ത്താവു മനസ്സായെന്നു കരുതി അവിരാച്ചന്‍ പുകപ്പുരയിലേക്ക് കടന്നു.പുകപ്പുരയുടെ വാതില്‍ തനിയെ അടഞ്ഞു.
[നോട്ട്-:റബ്ബര്‍ ഷീറ്റുകളില്‍ ഏറ്റവും വിലകിട്ടുന്നത് ഫോര്‍ ഗ്രേഡ് ഷീറ്റുകളാണ്.നന്നായി ഉണങ്ങികഴിയുബോള്‍ അവക്ക് സ്വര്‍ണ്ണനിറവും ബലവും ഉണ്ടായിരിക്കും.അത് കൊണ്ട് അടികിട്ടിയാല്‍ സഹിക്കാനാവാത്ത വേദനയുണ്ടാകും.]
വീട്ടിലെ പ്രാര്‍ഥനാഹാള്‍ തുറന്നുവന്ന ഭര്‍ത്താവിനെ കണ്ടു സൂസിയും മറ്റു ടീമംഗങ്ങളും ഞെട്ടി.ചാട്ടവാറടിയേറ്റ കര്‍ത്താവിനെപ്പോലെ ദേഹം തകര്‍ന്നിരിക്കുന്നു..പക്ഷെ അവിരാച്ചന്റെ കണ്ണുകള്‍ പശ്ചാത്താപവിവശനായ പാപിയുടെതായിരുന്നു.ഒരു ദിവ്യദര്‍ശനം കണ്ട ഭീതി ആ മുഖത്തുണ്ടായിരുന്നു.തന്റെ തെറ്റുകള്‍ കണ്ടുപിടിച്ചു ശിക്ഷിച്ച മാലാഖ പ്ലാക്കുന്നേല്‍ കുറുവച്ചന്‍മുതലാളിയുടെ സ്വരത്തിലാണ് സംസാരിച്ചത്.ഇനിയും ശിക്ഷകള്‍ ലഭിക്കാതിരിക്കാന്‍ മാലാഖ ഒരു കാര്യമേ ചെയ്യുവാന്‍ പറഞ്ഞുള്ളൂ.പ്രാര്‍ഥനാക്കാരി സ്ത്രീകളില്‍ ഒരാള്‍ പള്ളിയിലെ വൈദികനുമായി ബന്ധം പുലര്‍ത്തുന്നു.അവളെ കണ്ടുപിടിച്ചു ദൈവത്തിന്റെ സന്ദേശം അറിയിക്കുക.
“എനിക്കിപ്പൊ ഒരു ദര്‍ശനമുണ്ടായി.നിങ്ങളുടെ കൂട്ടത്തില്‍ ഒരാള്‍ ഇപ്പോഴും പള്ളിയിലെ അച്ചനുമായി ബന്ധം പുലര്‍ത്തുന്നതായി ദൈവം കാണിക്കുന്നു.ശിക്ഷ ലഭിക്കാതിരിക്കാന്‍ ആരാണെന്നു സ്വയം പറയുക.”അവിരാ വിറയലോടെ പ്രവചിച്ചു.
ആരും മിണ്ടിയില്ല.അല്‍പ്പനേരത്തെ നിശബ്ദതക്ക് ശേഷം അവിരാച്ചനെ ഞെട്ടിച്ചുകൊണ്ട് സൂസി എഴുന്നേറ്റു.(അച്ചനുമായുള്ള ബന്ധം പിടിക്കപെട്ടതിനെക്കാളും തന്റെ ഭര്‍ത്താവ് ഒരു ഒറിജിനല്‍ പ്രാര്‍ത്ഥനക്കാരന്‍ ആയെന്ന അറിവാണ് സൂസിയെ കൂടുതല്‍ ഞെട്ടിച്ചത്.)
“ഞാന്‍ തന്നെയാ അവിരാച്ചായാ അത്.എനിക്ക് ബോറടിച്ചപ്പോ ഒരു രസത്തിനു വേണ്ടി...”
സൂസിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ മാലാഖ എട്ടിന്റെ പണിതന്നെയാണ് തന്നതെന്ന് അവിരാച്ചനു മനസ്സിലായി. തന്റെ മാന്യതയുടെ മുഖംമൂടിക്കും വ്യാജമായ സല്‍പ്പേരിനും റബ്ബര്‍ഷീറ്റ് കൊണ്ട് വീണ്ടും തല്ലുകിട്ടുന്നത് പോലെ തോന്നിയ അവിരാച്ചന്‍ തളര്‍ന്നുവീണു.
അന്ന് വൈകുന്നേരം മുതലാളി പഴയരൂപത്തിലേക്ക് മാറി.മകനെയും കുടുംബത്തിനെയും പ്ലാക്കുന്നേല്‍ വീട്ടിലേക്ക് കൊണ്ട് വന്നു.തന്റെ പേരക്കുട്ടിയുടെ ഹൃദയശസ്തക്രിയ നടത്തി അവളുടെ ആരോഗ്യം സുരക്ഷിതമാക്കി.ഇപ്പോള്‍ പേരക്കുട്ടിയോടോപ്പമാണ് മുതലാളി പള്ളിയില്‍ പോകുന്നത്.
പീലിക്കുന്നില്‍ ഇപ്പോള്‍ എല്ലാം സാധാരണമാണ്.ദീപ്തി കുടുംബശ്രീ വീണ്ടുമൊന്നായി.വയലില്‍പ്പാറ കാണാന്‍ വരുന്നവര്‍ക്ക് മുതലാളി വേലിപൊളിച്ചു സൗകര്യമൊരുക്കി.പക്ഷെ അവിടെ രാത്രി മദ്യപാനം കുറവാണ്.കാരണം ഒരിക്കല്‍ മദ്യക്കുപ്പിയില്‍ നിന്ന് മദ്യം തനിയെ ഗ്ലാസിലേക്ക് പകരുന്നതും വായുവില്‍ അപ്രത്യക്ഷമാകുന്നതും കണ്ടവരുണ്ട്.ഇത് പോലെയുള്ള വിശദീകരിക്കാനാകാത്ത സംഭവങ്ങള്‍ പീലിക്കുന്നില്‍ ഇടയ്ക്കിടെ നടക്കുന്നുണ്ടത്രേ.
(അവസാനിച്ചു )

Anish Francis
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo