Slider

#തൊഴിലില്ലായ്മ ഒരു ശാപം

0
''അമ്മയോട് ഞാന്‍ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ... ഉമ്മറപ്പടിയിലുള്ള ഈ പേന്‍ നോട്ടം അവസാനിപ്പിക്കാന്‍... കണ്ണുമിഴിച്ചൊന്ന് നോക്ക് ആരാ വരുന്നേന്ന്...''
ഉമ്മറപ്പടിയിലിരുന്ന് അമ്മയും അനിയത്തിമാരും സംഘം ചേര്‍ന്ന് പേന്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് അമ്മാവന്‍ പടിപ്പുര കടന്ന് വരുന്നത് ഞാന്‍ കണ്ടത്...
അമ്മാവന്റെ നിറം ദൂരേ നിന്നു വരുന്നത് കണ്ടപ്പൊഴേക്കും അവളുമാര് അപ്പുറത്തേക്കോടി രക്ഷപ്പെട്ടു...
അവളുമാര്‍ക്ക് പണ്ടുമുതലേ അമ്മാവനോട് വല്യ ബഹുമാനാണ്... അച്ഛനെ കണ്ട് അവര്‍ക്ക് വല്യ പരിചയമില്ല...അച്ഛന്റെ സ്ഥാനം അവര്‍ നല്‍കിയിരുന്നത് അമ്മാവനാണ്... അതുകൊണ്ട് അമ്മാവന്റെ മുമ്പില്‍ അവര്‍ എപ്പോഴും സത്യസന്ധരായ നല്ല കുട്ടികളാവും...
''ആ... അമ്മാവനോ... കേറി വാ...''
'' ആഹാ... ന്റെ മരുമോനിവിടുണ്ടാര്‍ന്നോ...?
വരുമ്പോഴൊന്നും നിന്നെ ഇവിടെ കാണാറേയില്ലല്ലോ...? ഇൗ വരവിലും ഇവിടെ ഇവനെ കാണാന്‍ പറ്റൂന്ന് ഒട്ടും പ്രതീക്ഷിച്ചില്ല സുമിത്രേ...
നിന്റെ മോനിപ്പൊ തെരക്കോട് തെരക്കല്ലേ...?''
അമ്മാവാന്‍ ഒരുമാതിരി മുനവെച്ചാണല്ലോ സംസാരിക്കുന്നത്...
എന്തെങ്കിലുമൊക്കെ അറിഞ്ഞുകാണുമോ ദെെവമേ...
''ഏട്ടാ എന്തേ ഏട്ടത്തി വന്നില്ലേ...?''
അമ്മ അല്ലേലും അങ്ങനാ... എന്നെ ആരേലും എന്തേലും പറയാന്‍ തുടങ്ങിയാല്‍ അപ്പൊ അമ്മയ്ക്കു നോവും.. അമ്മാവന്റെ ആ സംസാരം അമ്മക്ക് പിടിക്കാത്തോണ്ട് അമ്മ വിഷയം മാറ്റീതാണെന്ന് എനിക്ക് മനസ്സിലായി...
''അവള്‍ക്കവിടെ പിടിപ്പത് പണിയുണ്ട് സുമിത്രേ... എല്ലായിടത്തും അവള്‍ടെ കെെ തന്നെ എത്തണ്ടേ...?'''
ഹൊ... അതും ഭാഗ്യം.. അമ്മായി കൂടിയുണ്ടാര്‍ന്നേല്‍ എന്നെ ഉപദേശം കൊണ്ട് മൂടിയിരുന്നേനേ...
ഇതിപ്പൊ അമ്മാവനെ മാത്രം സഹിച്ചാല്‍ മതിയല്ലോ എന്ന് മനസ്സുകൊണ്ടൊന്ന് സമാധാനിച്ചു...!!
''എന്താ ഹരീ... നിന്റെ തീരുമാനം...??
രാവും പകലും ഭേദമില്ലാതെ ഇങ്ങനെ ഊരുചുറ്റി തല്ലും പിടിയുമായിട്ട് നടക്കാന്‍ തന്നെയാണോ..?
ഞാനൊന്നും അറിയുന്നില്ലാന്ന് നീ കരുതണ്ട...
ഈ നാട്ടില്‍ തന്നെയല്ലേ ഞാനും ജീവിക്കുന്നത്...
നീയിങ്ങനെ പണീം തൊരോമില്ലാതെ തേരാപാര നടന്നാല്‍ ഈ കുടുംബത്തിലെ കാര്യങ്ങളൊക്കെ എങ്ങനെ മുന്നോട്ടു പോവാനാ...?
നിനക്ക് താഴേ രണ്ട് പെണ്‍കുട്ടികളാ വളര്‍ന്നു വരുന്നത്... അവരുടെ കാര്യം കൂടി നീ ചിന്തിക്കണ്ടേ...
അവര്‍ക്ക് അച്ഛന്റെ സ്ഥാനാണ് നിനക്ക്... അവരെ ഓരോരുത്തരുടെ കെെപിടിച്ചേല്‍പിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവനാണ് നീ...
അതൊന്നും ആലോയ്ക്കാതെ ഓരോ ഏടാകൂടത്തില് ചെന്ന് പെടരുത്...''
ഓഹോ... അപ്പൊ അമ്മാവന്‍ എല്ലാം അറിഞ്ഞിട്ടുണ്ട്...
ഈ വരവിന്റെ ലക്ഷ്യവും അതുതന്നെയായിരിക്കും...
ഇന്നലെ കവലയില്‍ നടന്ന അടിയില്‍ എനിക്കും ഒരു റോളുള്ള കാര്യം ആരോ അമ്മാവനോട് പറഞ്ഞിട്ടുണ്ട്..
അപ്പൊ ഇന്നത്തോടെ ഒരു തീരുമാനാവും...!!
''അതുപിന്നെ ഏട്ടാ.. അവനിന്നലെ ഒരു ഇന്റര്‍വ്യൂന് പോയിരുന്നു... ഏകദേശം ശരിയായ മട്ടാണ്...'''
അമ്മ വീണ്ടും മകനെ തന്നെ സപ്പോര്‍ട്ടു ചെയ്യുന്നതു കാണുമ്പോള്‍ അമ്മാവന് ദേഷ്യം വരുന്നുണ്ടോന്നൊരു സംശയം ഇല്ലാതില്ല...
''നീയാ സുമിത്രേ... ഇവനിങ്ങനെ വഷളാക്കുന്നത്...
നല്ല ബുദ്ധി തോന്നി നേരാവാന്‍ ഒന്നുപദേശിക്കാന്‍ വന്നാല്‍ അപ്പൊ അവന്റെ പക്ഷം ചേര്‍ന്ന് നീ അവനെ ന്യായീകരിക്കും...
എന്റെ കുടുംബത്തിലേക്ക് കാര്യം കിട്ടാന്‍ വേണ്ടിയല്ല ഇവനോടിതൊക്കെ പറയുന്നത്...
നിനക്കും നിന്റെ പെണ്‍മക്കള്‍ക്കും വേണ്ടിത്തന്നെയാ...
പഠിത്തം കഴിഞ്ഞിട്ട് ഇത്രയും നാളായിട്ട് അവനെന്തേലുമൊരു ജോലിക്ക് കേറിയോ...??
ഇല്ലല്ലോ...?
ആത്മാര്‍ത്ഥായിട്ട് ശ്രമിച്ചിരുന്നേല്‍ അവനൊരു നല്ല ജോലി കിട്ടിയേനേ...
എന്തായാലും ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട്...
ടൗണിലുള്ള ആ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ഒരു ക്ലര്‍ക്കിന്റെ വേക്കന്‍സിയുണ്ടെന്ന് അവിടുത്തെ മാനേജരെ കണ്ടപ്പോള്‍ പറഞ്ഞിരുന്നു...
നാളെ നീ പോയി ആ ഇന്റെര്‍വ്യൂ ഒന്ന് അറ്റന്റ് ചെയ്യണം...
എന്നിട്ട് പറ്റുവാണേല്‍ ജോയിന്‍ ചെയ്യുകയും ചെയ്തോ...??''
ഹും... എഞ്ചിനീയര്‍ പഠനം കഴിഞ്ഞ എനിക്ക് ഒരു പ്രെെവറ്റ് സ്കൂളിലെ കണക്കപ്പിള്ളയായി ജോലി ശെരിയാക്കിയിരിക്കുന്നു...
നല്ല സ്നേഹോള്ള അമ്മാവന്‍...
എന്റച്ഛന്‍ ജീവിച്ചിരിപ്പുണ്ടാര്‍ന്നേല്‍ അമ്മാവന്‍ ഇങ്ങനൊരു ഔദാര്യം കൊണ്ട് വരുവായിരുന്നോ...?
''ഏട്ടാ... അതിന് അവന്‍ എഞ്ചിനീയറിങ് കഴിഞ്ഞ് നിക്കുവല്ലേ...?
ഒരു ക്ലര്‍ക്കിന്റെ ജോലിയൊക്കെന്ന് പറഞ്ഞാല്‍ വളരെ ചെറുതായില്ലേ...
അതും ഒരു പ്രെെവറ്റ് സ്ഥാപനത്തില്..
അന്നന്നത്തെ ചെലവിനുള്ളത് കിട്ടുവായിരിക്കും...''
അമ്മയുടെ വാക്കുകള്‍ വീണ്ടും അമ്മാവനെ ചൊടിപ്പിച്ചു...
''എന്തു കണ്ടിട്ടാ സുമിത്രേ നീയും നിന്റെ മോനും ഇങ്ങനെ അഹങ്കരിക്കുന്നത്...??
ആയ കാലത്ത് അളിയന്‍ അദ്ധ്വാനിച്ചുണ്ടാക്കിയ ഈ വീടും പുരയിടവുമല്ലാതെ എന്തെങ്കിലുമുണ്ടോ നിങ്ങള്‍ക്ക് ജീവിക്കാന്‍...??
ആകെയുള്ളത് ഒരു എഞ്ചിനീയറിങ് ബിരുദം മാത്രേയുള്ളൂ...
അതും കയ്യില് പിടിച്ച് നടന്നോണ്ടിരുന്നാല്‍ വിശപ്പ് മാറോ...?
ക്ലര്‍ക്കാണെങ്കിലും മഴയും വെയിലും കൊള്ളാതെയുള്ള ജോലിയല്ലേ...?
അതെന്നെ ആ മേനേജറോടുള്ള പരിചയത്തിന്റെ പുറത്ത് തരാമെന്നു പറഞ്ഞതാ...
വേണേല്‍ പോയാല്‍ മതി... എനിക്ക് പറയാനുള്ളത് പറഞ്ഞൂന്ന് മാത്രം...''
ഇത്രയും പറഞ്ഞ് ഒരു യാത്ര പോലും പറയാതെ അമ്മാവന്‍ ദേഷ്യപ്പെട്ടു പോയപ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
''അമ്മയെന്തിനാ കരയുന്നേ... അമ്മാവന്‍ പറഞ്ഞതൊക്കെ ശരി തന്നെയല്ലേ അമ്മേ...
എന്തു കണ്ടിട്ടാ നമ്മളിങ്ങനെ അഹങ്കരിക്കുന്നത്...?
എന്നെപ്പോലുള്ള അഭ്യസ്ഥ വിദ്യരായ ചെറുപ്പാക്കാരെല്ലാം നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ശാപമാണമ്മേ...
ചെറുതാണെങ്കിലും ആ ജോലിയെങ്കിലും അമ്മാവന്‍ ശെരിയാക്കിത്തരാന്നു പറഞ്ഞില്ലേ...?
അതും ഒരു ഭാഗ്യായി കണ്ടാല്‍മതി..
അച്ഛനില്ലാത്ത കുടുംബത്തിലെ നെടും തൂണാവേണ്ടയാള്‍ ഞാനാണെന്ന് അമ്മാവന് നല്ല നിശ്ചയോണ്ട്...
ആരും നിയന്ത്രിക്കാനില്ലാതാവുമ്പോഴാണ് ഓരോരോ കുരുത്തക്കേടില് ചെന്നു ചാടുന്നത്...
ഇതിപ്പൊ ഉപദേശിക്കാനാണേലും എന്റെ കാര്യങ്ങളന്വേഷിക്കാനും വേണ്ടപോലെ ചെയ്യാനൊക്കെ അമ്മാവനേലുമുണ്ടല്ലോ അമ്മേ... അതുമില്ലാത്ത എത്ര ചെറുപ്പക്കാരുണ്ട് നമ്മുടെ നാട്ടില്‍ പഠിച്ചിറങ്ങി ജോലിയും കൂലിയുമില്ലാതെ ഒാരോരോ പ്രശ്നങ്ങളില്‍ പെട്ട് ജീവിക്കുന്നവര്‍...
അതുകൊണ്ട് അമ്മാവന്‍ പറഞ്ഞ ആ ജോലിക്ക് ഞാന്‍ പോവാന്‍ തയ്യാറാണ്...
അങ്ങനെങ്കിലും എല്ലാം ഒന്നു ശെരിയാവട്ടേ അമ്മേ...
അമ്മയ്ക്കും കുട്ട്യോള്‍ക്കും അമ്മാവന്റെ മുന്നില്‍ എന്റെ പേരില്‍ ഇനി ഇങ്ങനെ തലകുനിച്ച് നില്‍ക്കേണ്ട അവസ്ഥ വരില്ലല്ലോ...?
അതുതന്നെ ഒരാശ്വാസാണ്...
എന്റെ അമ്മയെയും പെങ്ങന്മാരേയും നോക്കേണ്ട കടമ എന്റേതു തന്നെയാണ്...
അത് ഞാന്‍ മറന്നു പോവുന്നതിന് ഇടക്കിടക്ക് അമ്മാവന്‍ ഓര്‍മ്മിപ്പിക്കുന്നൂന്ന് മാത്രം...''
അമ്മയെ സമാധാനിപ്പിച്ച് ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് അനിയത്തിമാരുടെ നിറഞ്ഞ കണ്ണുകളാണ്...
അച്ഛനില്ലാത്ത കുറവ് നികത്തേണ്ടത് ഈ ഏട്ടന്‍ തന്നെയാണെന്ന് അവരുടെ തോളില്‍ തട്ടിപ്പറഞ്ഞ് സമാധാനിപ്പിച്ചപ്പോള്‍ ഞാന്‍ ആ കുടുംബത്തിന്റെ അച്ഛന്‍ തന്നെയായി മാറിക്കഴിഞ്ഞിരുന്നു...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo