Slider

മൗനത്തിന്റെ ചൂളം വിളി....

0
മൗനത്തിന്റെ ചൂളം വിളി....
"അടുത്ത മാർച്ചിൽ ഡ്യൂറേഷൻ തീരുവല്ലേ? നമുക്ക് ഇനി നാട്ടിൽ സെറ്റിലാകാം.. എനിക്കെന്തോ അങ്ങിനെ തോന്നുന്നു റാം..."
വല്ലപ്പോഴും മാത്രം ഭേദിക്കുന്ന മൗനത്തിന്റെ മതിൽകെട്ടുകൾ..
ജാനകി ആകെ മാറിയിരിക്കുന്നു. അവളെ മാത്രമായി മാറ്റത്തിന്റെ പടിക്കെട്ടിൽ ഒറ്റക്ക് നിർത്തുന്നത് ശരിയല്ല.. നര കയറിയ മുടിയിഴകളിലും ചിന്തകളുടെ കനൽകൂമ്പാരങ്ങളിലും കാലം വിതച്ച മാറ്റം ഏകാന്തതയുടെ കുടിൽ വാസമാണ്.. അതിൽ ജാനകി രാമചന്ദ്രൻ എന്ന അവൾക്കും രാമചന്ദ്രൻ മേനോൻ എന്ന എനിക്കും മാറ്റങ്ങൾ വിരുന്നെത്തുക സ്വഭാവികം മാത്രം..
എന്നും തുടർന്ന് പോകുന്ന ദിനചര്യകളുടെതല്ലാതെ, മറ്റെല്ലാ ശബ്ദങ്ങളും ഞങ്ങൾക്കിടയിലെ നിശബ്ദത ഭേദിക്കാൻ ഭയന്നിരുന്നു...
"എന്തേ ഇപ്പൊ അങ്ങിനെ തോന്നാൻ" വേണ്ടായെന്നു നിനക്കുമ്പോഴും അറിയാതെ ഉതിർന്നുവീഴുന്ന ശബ്ദങ്ങൾ..
ഞങ്ങൾക്കിവിടം ഒരുപാടിഷ്ടമായിരുന്നു.. സന്ധ്യകൾ തൂകുന്ന വർണ്ണങ്ങളിൽ വെളുത്ത തൊപ്പിയണിഞ്ഞ ഹിമാലയൻ മലനിരകൾ, മഞ്ഞിന്റെ പതിഞ്ഞ നിശ്വാസങ്ങൾക്കൊപ്പം വിരുന്നെത്തുന്ന തണുപ്പ്, അരിച്ചെത്തുന്ന കുളിരിൽ പറ്റിച്ചേർന്നിരുന്ന സന്ധ്യകൾ... ഏതൊക്കെയോ ഓർമ്മകളിൽ മുങ്ങി നിന്ന ബ്രിട്ടീഷ്ഭരണകാലത്തെ കെട്ടിടങ്ങൾ..അകലാൻ കൊതിക്കുന്തോറും വലിച്ചടുപ്പിക്കുന്ന കാറ്റിന്റെ ചൂളം വിളി... അതേ.. ആ ചൂളം വിളിക്കുന്ന കാറ്റിനോടാണ് എനിക്കുമവൾക്കും ഭ്രാന്തമായ പ്രണയം.
ഹിൽസ്റ്റേഷന്റെ രാജകുമാരി.. ഇവിടംപോലെ മനോഹരി വേറെ എവിടെയുമില്ല എന്നവൾ പറയാറുണ്ട്.അതുകൊണ്ട് തന്നെ ജോലി റിട്ടയർ ആയാലും ഇവിടെ തന്നെ ജീവിക്കാം എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. എന്നിട്ടിപ്പൊ??
"റാം, ഈ വരുന്ന ഏപ്രിൽ അമ്മയുടെ ആണ്ടു നടത്തണം നമുക്ക്... എന്നെ മകളായി സ്വീകരിച്ച അമ്മക്ക് വേണ്ടി, നമ്മളൊന്നും ഇതുവരെ ചെയ്തിട്ടില്ല. മരണശേഷം അമ്മയെ നമ്മൾ മറന്നുവെന്നൊരു തോന്നൽ..."
ഒരു നിമിഷം ഞാൻ അമ്പരന്നു... ഒരുകാലത്ത് തീയിൽ ചുട്ടെടുത്ത ആദർശങ്ങളുടെ കൂട്ടുകാരിയായിരുന്ന ജാനകിയാണോയിത് പറയുന്നത്...
അമ്മ പോയിട്ട് ഇന്നേക്ക് അഞ്ചു വർഷങ്ങൾ... ഇതുവരെയും പരസ്പരം ആവശ്യപ്പെടാത്തതാണിപ്പോ ജാനകി ???...
നേർത്ത പാളികൾ കൊണ്ട് അദൃശ്യമായ അകലങ്ങൾ തീർക്കപ്പെട്ട തുരുത്തുകളിലായിരുന്നു കഴിഞ്ഞ കുറെയേറെ വർഷങ്ങൾ ഞാനും ജാനകിയും..
വല്ലപ്പോഴും അടർന്നു വീണ ഇത്തരം ഹൃദയസല്ലാപങ്ങൾ തീർത്ത ചെറിയ പാലങ്ങൾ വഴി ആ തുരുത്തുകളിൽ നിന്നും ഇടയ്ക്കൊക്കെ ഞങ്ങൾ പുറത്തുകടക്കുകയും മൗനത്തിന്റെ അലകൾ വകഞ്ഞു മാറ്റുകയും ചെയ്തിട്ട് വീണ്ടും അതേ തുരുത്തുകളിൽ അഭയം തേടുകയെന്നതും ഇടക്കാല വിനോദങ്ങൾ പോലെ തുടർന്നു......
പെട്ടന്ന് തീരുമാനങ്ങളെടുക്കാനുള്ള ജാനകിയുടെ കഴിവ്, എന്നുമമ്പരപ്പ് അവശേഷിപ്പിച്ചിട്ടുണ്ട്..
താളം പിഴക്കുന്ന ജീവിതസഞ്ചാരത്തിനിടക്കു, മൗനം കിനിഞ്ഞിറങ്ങിയ നിമിഷങ്ങൾ, ഞങ്ങളുടെയുള്ളിൽ നിന്നും പുറത്തുകടക്കാൻ വെമ്പുന്ന വാത്സല്യത്തെ ഒരിക്കലും സഫലമാകാത്ത ആഗ്രഹമായി ചിത്രീകരിച്ചിരുന്നു..
തിരിച്ചൊന്നും ചോദിക്കാൻ എന്തുകൊണ്ടോ കഴിഞ്ഞില്ല. വർഷങ്ങളായി തുടരുന്ന മൗനത്തിന്റെ അലകൾ പലതും പറയാതെ തന്നെ പരസ്പരം മനസ്സിലാക്കിയിരുന്നു.
കാർ എടുത്തു ഗേറ്റ് കടന്നു. ഒരു പതിഞ്ഞ നിശ്വാസത്തോടെ യാത്രയാക്കി കൊണ്ട് ഉമ്മറപ്പടിയിൽ ജാനകി നിന്നു..ഒരിക്കൽപോലും യാത്രതിരിക്കുമ്പോൾ തിരിഞ്ഞുനോക്കി യാത്രപറയാറില്ല.. ഒരു യാത്രമൊഴിയെന്നോണം, ജാനകിയുടെ പതിഞ്ഞ നിശ്വാസത്തെ ഏറ്റെടുത്ത്, ഒരു ചൂളംവിളിയോടെ എന്നെ പുൽകുന്ന മണാലിയിലെ കാറ്റിൽ നിന്നും മൗനം തീർത്ത വാചലതയായി പ്രണയം ഒരിക്കലും വേർതിരിക്കപ്പെടാത്ത സത്യമായി ഞങ്ങളെ ചേർത്തുനിർത്തിയിരുന്നെന്നു തോന്നുന്നു....
രാവിലെ ഉണരുക, ദിനചര്യകൾ ചെയ്യുക, എല്ലാം വളരെ യാന്ത്രികമായ പ്രവൃത്തിയായി മാറിക്കഴിഞ്ഞിരിക്കുന്നു.. ഒരുമിച്ച് ഒരേ മേശക്ക് ഇരുപുറവുമിരുന്നു ഭക്ഷണം കഴിക്കുകയും, വൈകീട്ട് ഒരേ കട്ടിലിൽ, ഒരേ പുതപ്പിനടിയിൽ ഉറങ്ങുകയും ,വല്ലപ്പോഴുമുള്ള ഔട്ടിങ്ങും ഒഴിച്ചാൽ, ഞങ്ങൾക്കിടയിൽ മൗനം തീർത്ത അദൃശ്യമായ വേലിക്കെട്ടുകൾക്കുള്ളിൽ പരസ്പരം തിരയുകയായിരുന്നു ഞങ്ങൾ...
പൈൻ മരങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നേർത്ത പ്രകാശത്തിന്റെ വെള്ളിനൂലുകൾ തീർത്ത നിഴൽചിത്രങ്ങൾ.. സഞ്ചാരികളെ ആകർഷിക്കാൻ പഴകൂടകളിൽ നിറച്ച മാതളനാരങ്ങയും ,ആപ്പിളും, ലിച്ചിയുമൊക്കെ എന്നത്തേയും പോലെ പുഞ്ചിരിച്ചു .. പാലു നിറഞ്ഞ അകിടുകളാൽ അലഞ്ഞുതിരിഞ്ഞ യാക്കും എരുമകളും വഴിയോരത്തെ മഞ്ഞണിഞ്ഞ പുല്ലുകളെ ചുംബനച്ചൂടിനാൽ ഉണർത്തി...
എത്രകണ്ടാലും മതിവരാത്ത, എത്രനുകർന്നാലും കൊതിമാറാത്ത അപസർപ്പകഥകളിലെ നായികമാരെ പോലെ സുന്ദരിയാണീ ഈ ഹിമാലയൻ താഴ്വര.. നീണ്ട ഇരുപത് വർഷങ്ങൾ, ഇതേ കാഴ്ചകളിൽ മനമുടക്കുമ്പോഴും വിരസത തോന്നാത്തത് ഉള്ളിൽ നിറഞ്ഞൊഴുകുന്ന, പ്രകൃതിയുടെ മായാജാലമാകും...
പ്രണയം വിതച്ച കലാലയ പടികെട്ടുകളിൽ നിന്നും ഇന്നുവരെ ഒപ്പം തുഴഞ്ഞ പാതിമെയ്യോട് ഇന്നും അടങ്ങാത്ത പ്രണയമാണ്.. പടിപുരവാതിലുകളെയും അമ്മയുടെ പിൻവിളിയെയും കവച്ചുവെച്ചു ജാനകിയുമായി ഇവിടേക്ക് വരുമ്പോൾ, പാലക്കാടിന്റെ ചൂളം വിളിക്കുന്ന ചൂടുകാറ്റിനേക്കാൾ, മണാലിയിലെ തണുത്ത കാറ്റിന്റെ ചൂളം വിളിയെ പ്രണയിച്ചു പോയി... ഒരിക്കലും അടങ്ങാത്ത അഭിനിവേശത്തോടെ...
ആലോചകളിൽ മുഴുകി ഡ്രൈവ് ചെയ്യുമ്പോഴും വർഷങ്ങളായി കാണുന്ന കാഴ്ചകളിൽ എന്നും ആദ്യകാഴ്ചയുടെ കൗതുകത്തോടെ കണ്ണുടക്കുന്നത് ഹിമാലയമടിത്തട്ടിന്റെ വശ്യമായ സൗന്ദര്യം തന്നെ......
കാർ ഓഫീസിലെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്ത് ,ഭൂമിയ്ക്കു വേണ്ടി പൈൻ മരങ്ങൾ പൊഴിച്ച പഴുത്തയിലകൾ തീർത്ത പുതപ്പിൽ ചവിട്ടി, ഓഫീസിലേക്ക് നടക്കുമ്പോൾ, മനസ്സിനെ പുതപ്പിച്ചു നിന്നത് ജാനകിയുടെ തീരുമാനമായിരുന്നു.. ആയിരം ചോദ്യങ്ങളുന്നയിക്കാൻ വെമ്പുന്ന മനസ്സിനെ അടക്കിയത് ഉത്തരം കിട്ടുമെന്ന പ്രതീക്ഷയായിരുന്നു.....
*************************************
വീട് വൃത്തിയാക്കിയപ്പോൾ, പാത്രം കഴുകിയപ്പോൾ,
ഓഫീസിലേക്കുള്ള യാത്രയിലൊക്കെ തണുത്ത കാറ്റിനൊപ്പം പാതിവഴിയിലുപേക്ഷിച്ച ഓർമ്മകൾ കൂടിയുണ്ടായിരുന്നു....മണാലിയിൽ വന്നയിടക്ക്, രാത്രിയാകുമ്പോൾ ചൂളം വിളിയോടെന്നെ ഭയപ്പെടുത്തിയിരുന്ന ഈ തണുപ്പൻ കാറ്റിനെ പ്രണയിക്കാൻ റാം കണ്ടെത്തിയ കാരണമാണ് മണാലിയേക്കാൾ കാറ്റിനെ പ്രീയപ്പെട്ടതാക്കിയത്.
"ഒരിക്കലും പുഷ്പ്പിക്കാൻ കഴിയാത്ത ചെടിയുടെ നൊമ്പരം ഏറ്റെടുക്കുന്നതിനാലാണ് കാറ്റിന്റെ ചൂളം വിളിയിത്ര ഉറക്കെയായത്"
കാലം മന്ത്രിച്ച നോവ്താരാട്ടിൽ, ഒരിക്കലും പുഷ്പ്പിക്കാത്ത ചെടിയായി ഞാൻ മാറിയപ്പോൾ, മണാലിയിലെ കാറ്റിനൊപ്പം ചൂളം വിളിച്ചകന്നത്‌ ഉള്ളിൽ വിരിഞ്ഞ ആഗ്രഹമായിരുന്നു...
മണാലിയുടെ കാറ്റ് പിന്നെയും പലതും പറഞ്ഞു. കാത്തിരുന്ന അമ്മയുടെ സ്നേഹത്തിന്റെ ചൂട്, പാലക്കാടൻ കാറ്റിൽ അലിഞ്ഞു ചേർന്നു കാതങ്ങൾ താണ്ടി മണാലിയിലെത്തിയപ്പോൾ, വാത്സല്യത്തിന്റെ തണുപ്പോടെ ഞങ്ങളെ പുണർന്നു..അമ്മയ്ക്ക് റാമിനോട് വല്ലാത്ത സ്നേഹമായിരുന്നു.. പിന്നീട് ഞാൻ വന്നപ്പോൾ, റാമിനേക്കാൾ 'അമ്മ എന്നെ സ്നേഹിച്ചു.
അമ്മയുടെ മരണശേഷം, കൈത്തിരി നാളം കൊതിച്ച മണ്ചെരാതുകളും, മച്ചിലെ പരദേവതകളും ഇപ്പോയെന്നെ തിരയുന്നുവെന്നൊരു തോന്നൽ. ഒരിക്കലും അണയാതെ അമ്മ കാത്തുവെച്ച പഴമയുടെ ഗന്ധങ്ങൾ എന്റെ ഏകാന്തതയിൽ പലതും മൊഴിഞ്ഞു..നാടുകൊതിക്കുന്ന അസ്വസ്ഥത മണാലിയെ പിരിയുന്ന വേദന തരുന്നുണ്ടെങ്കിലും അമ്മ എന്ന സത്യത്തെ മറക്കാൻ കഴിയില്ല..
പലപ്പോഴും ആദർശങ്ങളുടെ അഹങ്കാരങ്ങളെക്കാൾ സ്നേഹത്തിന്റെ ലാളിത്യം നമ്മളെ കീഴ്പ്പെടുത്തും.
പരസ്പരം നിശബ്ദതയുടെ നൂലിഴകളാൽ മറനെയ്തപ്പോൾ, മൗനത്തിന്റെ അതിർവരമ്പുകളിൽ ഹൃദയം കൊരുത്തു പ്രണയിച്ച റാമിനു എന്നെ മനസ്സിലാകാതിരിക്കില്ല. പൂക്കാതിരുന്ന മാതൃത്വത്തെ അണകെട്ടിനിർത്തിയിരുന്ന എന്റെ നൊമ്പരം റാമിനേ അറിയാൻ കഴിയു..
ഞാൻ പറഞ്ഞ കാര്യങ്ങൾ ഒരുപക്ഷേ റാമിന്റെയുള്ളിൽ കുറെ ചോദ്യങ്ങൾ തീർത്തു കാണും.. എങ്കിലും അമ്മയുടെ ഓർമ്മകൾ പിൻവിളിയായി ആദർശങ്ങളെ മാറ്റുമ്പോൾ റാമിനേക്കാൾ വേഗമതുൾക്കൊള്ളാൻ മറ്റാർക്കും കഴിയില്ല... തൊടാൻ കൊതിച്ചു താഴെയെത്തുന്ന മേഘശകലങ്ങൾ തീർക്കുന്ന മഞ്ഞിന്റെ നേർത്തപടങ്ങൾ പെട്ടന്ന് മറയുന്നത് പോലെ, എന്നിൽ തിരി തെളിച്ച ആദർശങ്ങളുടെ ഇരുമ്പുമതിലുകൾ എവിടെയോ പോയി മറഞ്ഞിരിക്കുന്നു.
റാമിന് എത്രയും പ്രീയപ്പെട്ട ജോലിയിൽ നിന്നും വിരമിക്കാൻ ഇനി അഞ്ചു മാസങ്ങൾ മാത്രം..അതു കഴിഞ്ഞാൽ എനിക്ക് വി ആർ എസ് എടുക്കാം.. ചിലതെല്ലാം തീരുമാനിച്ചിരിക്കുന്നു.. മണാലി എന്നും ഞങ്ങൾക്ക് പ്രീയപ്പെട്ടതാണ്.. ചേർന്നിരുന്നാസ്വദിച്ച പ്രീയപ്പെട്ട തണുത്ത സന്ധ്യ.. മഞ്ഞണിഞ്ഞ ഈ മലനിരകൾ.. പൈൻമരങ്ങൾ തീർത്ത വിസ്മയങ്ങൾ.. എല്ലാത്തിലും ഉപരി പ്രീയപ്പെട്ട ചൂളം വിളിയുമായി ഞങ്ങളെ പുണർന്ന മൊണാലിയിലെ കാറ്റ്..എല്ലാം പിരിയുന്ന വേദന സമ്മാനിക്കുന്ന നൊമ്പരം..
കുസൃതി നിറഞ്ഞ ചെറുപ്പകാലത്തിന്റെ ഓർമ്മകളിൽ പണ്ടെങ്ങോ റാം എഴുതിയ പ്രണയലേഖനം ചുണ്ടിൽ ഒരു മന്ദസ്മിതമുണർത്തി..
പ്രീയപ്പെട്ട പളുങ്കുപാത്രത്തിന്,
ഇതൊരു കഥയാണ്.. വളരെയധികം മനസ്സിനെയാകാർഷിച്ച കഥ. വായിക്കുന്ന കഥകളിലെ നായകനും നായികയുമായി വേഷപകർച്ച ചെയ്യുകയെന്നത് പ്രണയത്തിന്റെ മാസ്മരികതയായതിനാൽ, ഈ കഥയിലെ നായകനായ കമണ്ഡലുവായി ഞാനും, നായികയായ പളുങ്കുപാത്രമായി നീയും പരകായപ്രവേശം നടത്തുക.. പ്രിയേ, ഞാൻ തുടങ്ങുകയായി..
ഒരിക്കൽ കർമ്മവാഹിനിയെന്ന നദിക്കരയിൽ, അതീതൻ എന്നൊരു കർമ്മയോഗി തപസ്സിനായി എത്തി. അതേ നദിയുടെ മറുകരയിൽ കുസുമാംഗിയെന്നൊരു വനദേവത, തന്റെ പളുങ്കുപാത്രവുമായി നീരാടുവാനെത്തി..
ക്രമേണ നദിയിലെ ജലമുയരുകയും കമണ്ഡലു ജലത്തിൽ ഒഴുകിപോകുകയും ചെയ്തു.. ധ്യാനത്തിലമർന്ന അതീതൻ ഇതൊന്നുമറിഞ്ഞില്ല ... കുളിച്ചുകൊണ്ടിരുന്ന കുസുമാ൦ഗിയുടെ പളുങ്കുപാത്രം ജലത്തിലെ ഒഴുക്കിൽ പെട്ടുപോയി..
നിയതീഘട്ടമെന്ന സംഗമസ്ഥാനത്തു വെച്ചു, പളുങ്കുപാത്രവും, കമണ്ഡലുവും പരസ്പരം കണ്ടുമുട്ടി..പളുങ്കുപാത്രത്തിന്റെ അത്യന്തം ആകർഷകമായ സൗന്ദര്യത്തിൽ മതിമറന്ന കമണ്ഡലു പ്രേമപരവശനായി പളുങ്കുപാത്രത്തെ സമീപിച്ചു.. ഇതുകണ്ട പളുങ്കുപാത്രം കമണ്ഡലുവിനോട് ഇപ്രകാരം പറഞ്ഞു..
"അരുത് മഹാന്മജൻ..അവിടുന്നു അവിവേകം പ്രവർത്തിക്കരുത്...!!! അകം പൊള്ളയായ അങ്ങു എന്റെ നേർക്കു വരുമ്പോഴുണ്ടാകുന്ന ഓളപ്പരപ്പിൽ, ഭാര൦ കൂടുതലായ എന്റെയുള്ളിൽ ജലം നിറയുകയും ഞാൻ മുങ്ങിപോകാൻ ഇടവരികയും ചെയ്യാം.. അതിനാൽ, പരസ്പരം ഉള്ളിൽ പതിഞ്ഞ മുദ്രകളോടെ, ഒരുമിച്ചു പോകാൻ കഴിയുന്നത്രയും ദൂരം നമുക്ക് ഒന്നിച്ചു തന്നെ പോകാം"
പളുങ്കുപാത്രത്തിന്റെ വിവേകപൂർണ്ണമായ മറുപടി കമണ്ഡലുവിനെ പിന്തിരിപ്പിച്ചു.. കർമ്മവാഹിനിയുടെ ഓളപരപ്പിൽ,അന്യോന്യം പതിപ്പിച്ച മുദ്രകളോടെ അവർ ഒഴുകി...ഈ സമയം പളുങ്കുപാത്രം നഷ്ടപ്പെട്ടതറിഞ്ഞ കുസുമാ൦ഗിയും കമണ്ഡലു നഷ്ടപ്പെട്ടതറിഞ്ഞ അതീതനും അവരവരുടെ പാത്രങ്ങൾ തേടിയിറങ്ങി..
ഒടുവിൽ വീണ്ടും വിധിരൂപമെന്ന സംഗമസ്ഥാനത്തു വെച്ചു പാളുങ്കുപാത്രത്തെ കുസുമാ൦ഗിയും, കമണ്ഡലുവിനെ അതീതനും തിരികെയെടുത്തു..
അവരുടെ ഉടമസ്ഥർക്കൊപ്പം യാത്രയാകുമ്പോൾ കമണ്ഡലുവിനുള്ളിൽ പതിഞ്ഞ പളുങ്കുപാത്രത്തിന്റെയും, പളുങ്കുപാത്രത്തിന്റെയുള്ളിൽ പതിഞ്ഞ കമണ്ഡലുവിന്റെയും മുദ്രകൾ തീർത്ത ഹൃദയസ്വരം അവരുടെയുടമസ്ഥർ പോലുമറിഞ്ഞിരുന്നില്ല..
സ്നേഹത്തോടെ നിന്റെ കമണ്ഡലു
പരസ്പരം പതിപ്പിച്ച മുദ്രകളോടെ ഞങ്ങളും സഞ്ചരിക്കുകയാണ്.. വിധിരൂപമെന്ന സംഗമസ്ഥാനം വരെ. ...എത്രയോ വട്ടം വായിച്ചിരിക്കുന്നു. ഇരുപത്തിമൂന്നു വർഷങ്ങളായി ഈ വരികളിലൂടെ അർത്ഥം തിരഞ്ഞു സഞ്ചരിക്കാത്ത ഒരു ദിവസം പോലുമില്ല.. റാം നിന്റെയല്ലാതെ മറ്റൊരു മുദ്ര നിന്റെ ജാനകിയുടെ ഹൃദയത്തിൽ പതിഞ്ഞിട്ടില്ല..
മണാലിയെന്ന അപ്സരസ്സിനെ ഉപേക്ഷിക്കാൻ, ഇനി മാസങ്ങൾ മാത്രം..
***************************************************
സഹ്യന്റെ പേരറിയാത്ത മലനിരകളൊന്നിൽ നിന്നും ഊളിയിട്ടിറങ്ങിയ കാറ്റിനും മണാലിയിലെ കാറ്റിനും പൊതുവായിട്ടുള്ളത് ചൂളം വിളി മാത്രമാണ്.. പച്ചനിറമുള്ള പാലമരങ്ങളിലും പനമരങ്ങളിലും തട്ടിത്തെറിച്ച വരണ്ട പാലക്കാടൻ കാറ്റിന്റെ വശ്യത കാറ്റിനെ പ്രണയിച്ച എനിക്കും ജാനകിക്കുമിടയിലെ മൗനത്തെയില്ലാതാക്കാൻ തക്കവിധം ശക്തമായിരുന്നു ..
"പാലക്കാട്ട് ചന്തയിലെ പാർവ്വതിയമ്മ...
പാർവ്വത്തിയമ്മേ നിൻ കണ്ണുകൾ കൊണ്ട്
കൊല്ലരുതെന്നെ പാർവ്വതിയമ്മ....."
ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയെട്ടിൽ പുറത്തിറങ്ങിയ ശിവരഞ്ജിനി എന്ന സിനിമയിൽ മാങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളിൽ രമേശ് നായിഡുവിന്റെ സംഗീതത്തിനോടൊപ്പം യേശുദാസും സുശീലയും ശബ്ദം നൽകിയ ഗാനം.... ഇവിടെ പാടിവരുന്നത് രാമൻ നായർ ആണ്...പാലക്കാടിന്റെ ചൂടും മണവും നെഞ്ചിലേറ്റിയ തികഞ്ഞ പാലക്കാടൻ സ്നേഹിയാണ് രാമൻ നായർ..പാലക്കാട് എന്നതൊരു ശക്തമായ വികാരമായി ആ വൃദ്ധനിലലിഞ്ഞു ചേർന്നിരുന്നു... ഞങ്ങളിൽ മണാലിയെന്നതുപോൾ...
അമ്മയുടെ വിശ്വസ്തനായ കാര്യസ്ഥൻ... അമ്മയുടെ മരണശേഷം ഇത്രയുംനാൾ കാവിലെ സർപ്പങ്ങളും, പത്തായപുരയിലെ പരദേവതയും വെളിച്ചം കണ്ടത് രാമൻ നായർ നൽകിയ സഹായമാണ്..അമ്മയോടുള്ള സ്നേഹത്തെ പ്രതി തൊടിയിലെ തേങ്ങയും മാങ്ങയും ചക്കയും മാത്രം പ്രതിഫലം പറ്റി രാമൻ നായർ കൂറുകാട്ടി..പതിനാറെക്കറിൽ നിന്നും കിട്ടുന്ന നാളികേരം മാത്രം മതിയാകും അവർക്കു ജീവിക്കാൻ..
അമ്മയുടെ ആന്മാവ് ,ജാനകിയിൽ പരാകായപ്രവേഷം നടത്തിയിരിക്കുന്നു എന്നൊരു തോന്നൽ.. ജാനകിയുടെ പാദസ്പർശനത്താൽ അമ്മയുടെ സാമിപ്യം തൊടികളും വീടുമറിയുന്നു.. വർഷങ്ങളായി ആളനക്കമില്ലാതിരുന്ന നാലുകെട്ടിലും പടിപ്പുരയിലും താമസമുറപ്പിച്ചിരുന്ന നരിച്ചീറുകളും കടവാവലുകളും മാറാലകളും പുതിയ താമസക്കാർക്ക് വേണ്ടിയെന്നോണം ഒഴിഞ്ഞുപോയി..
അന്ന് അമ്മയുടെ ശ്രാദ്ധമൂട്ടായിരുന്നു. അതിന്റെ തിരക്കുകളിൽ ഓടിനടക്കുന്ന ജാനകി തീർത്തും പുതിയൊരാളായിരിക്കുന്നു...മൗനത്തിന്റെയോ, നിശ്ശബ്ദതയുടെയോ കെട്ടുപാടുകൾ തീർത്ത ചങ്ങലക്കണ്ണികളറുത്തു മാറ്റി, ഇരുപത്തിമൂന്ന് വർഷങ്ങൾക്കുമുമ്പ് ഞാൻ കണ്ട ചുറുചുറുക്കുള്ള പാവടക്കാരിയിലേക്ക് എത്രവേഗത്തിൽ അവൾ മാറിയിരിക്കുന്നു..
അഞ്ചുവർഷത്തെ വിശപ്പ് തീർന്നതിന്റെ സന്തോഷത്തിൽ ബലിക്കാക്കകൾ അരിയും എള്ളും പൂവും വീണ്ടും വീണ്ടും ആർത്തിയോടെ കൊത്തിപെറുക്കി..ഒരുപക്ഷേ, അമ്മയുടെ ആന്മാവ് മോക്ഷത്തിന് വേണ്ടി ദാഹിച്ചുകാണണം... അമ്മാവന്മാരും ചെറിയച്ഛന്മാരും ഒക്കെയെത്തീട്ടുണ്ട്..ഓടിനടന്നു സൽകരിക്കുന്ന ജാനകിയിൽ അമ്മയെയും ഭാര്യയെയും മാറിമാറി കാണാൻകഴിയുന്നത് നാലുകെട്ടിന്റെ സുരക്ഷിതത്വം സമ്മാനിച്ച, സ്വന്തം വീടിന്റെ പ്രത്യേകതയാകും...
പോകുന്നതിനു മുമ്പ്, ശാന്തമ്മായി ജാനകിയോട് എന്തൊക്കെയോ കുറെ സംസാരിച്ചു.. അമ്മയുടെ ഏറ്റവുമടുത്ത സുഹൃത്തായിരുന്നു ശാന്തമ്മായി..
പിറ്റേദിവസം രാവിലെ, കുളിച്ചു ഈറനോടെ പത്തായപുരയിലെ ദേവിപീഠത്തിൽ വിളക്ക് വെച്ചു തൊഴുന്ന ജാനകിയുടെ മുഖത്തെ ഭാവം അമ്മയുടെ വാത്സല്യത്തിന്റെയായി എനിക്കുമാത്രമേ തോന്നിയുള്ളൂ... കാലത്തിന്റെ കുത്തൊഴുക്കിൽ
മാറ്റങ്ങൾ അനിവാര്യമാണ്. ...പരസ്‌പരം തിരഞ്ഞ മുഖങ്ങളിൽ നിന്നും, ആർദ്രമായ സ്നേഹത്തിന്റെ ഹൃദയം തൊടുന്ന അപൂർവ്വങ്ങളായ നിമിഷങ്ങളെ തലോടുന്നതാവട്ടെ പ്രണയത്തിന്റെ കരങ്ങൾ..
പുറകെ വന്ന വണ്ടി നിറയെ, പലതരം വൃക്ഷങ്ങളുടെ തൈകളുമായി ശാന്തമ്മായി വന്നതുകണ്ടമ്പരന്ന എനിക്കു മുമ്പിലേക്ക് അതിനുള്ളയുത്തരവുമായി ജാനകി വന്നുനിന്നു..
"അമ്മയുടെ വലിയൊരാഗ്രഹമായിരുന്നു റാം, ഇവിടെ ഒരു കൊച്ചു വന൦ വേണമെന്നു..എനിക്കുമങ്ങിനെ തോന്നുന്നു... നമ്മുടെ മണാലിയിലെ പോലെ അരിച്ചെത്തുന്ന തണുപ്പിനെ ഈ കാറ്റിന്റെ ചൂളം വിളിയിൽ ലയിപ്പിക്കാം.."
അമ്മയുടെ സ്വപ്നങ്ങൾ, മകനേക്കാൾ വേഗത്തിൽ മരുമകളറിയുന്ന നിമിഷത്തിൽ ജന്മങ്ങളുടെ സാഫല്യം ഞാൻ കൈവരിക്കുകയാണ്... ജാനകി അമ്മയോട് സംവദിക്കുന്നത് ഇപ്പൊയെനിക്കും കേൾക്കാം..
ഭേദിക്കപ്പെട്ട മൗനത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നും പുറത്തുവന്ന ജാനകിയുടെ ശബ്ദത്തിനപ്പുറം, എനിക്ക് അവളിലേക്കുള്ള ദൂരം അവളുടെ കയ്യിൽ,മണ്ണിന്റെ ഈർപ്പം കൊതിച്ച തേക്കിന്റെയും ഓട്ടുമാവിന്റെയും തൈകളുടെ അത്രയുമാണെന്ന തിരിച്ചറിവിൽ ഞാനും ഒരു തൈ കയ്യിലെടുത്തു..
അപ്പോൾ വീശിയ പാലക്കാടൻ കാറ്റിനു മണാലിയിലെ കാറ്റിനെപോൽ ചൂളംവിളിയും തണുപ്പുമുണ്ടായിരുന്നു.....
അശ്വതി അരുൺ
20/11/2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo