നേർക്കാഴ്ചകൾ
''അമ്മെ കാണാൻ പോകണ്ടേ വിനുവേട്ടാ ?''
വിനീത് തലതിരിച്ചു ദേവിയെ ഒന്ന് നോക്കി .അവളുടെ കണ്ണിൽ നിറഞ്ഞ ശാന്തമായ ചിരിയിൽ അവന്റ ഉള്ളു ഒന്ന് തണുത്തു .ഇവൾക്കെങ്ങനെയാണ് ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത് ?അനുഭവിച്ച കഠിനവേദനകൾ മറക്കാൻ കഴിയുന്നത്?അവൻ തല താഴ്ത്തി കുനിഞ്ഞിരുന്നു .ഉള്ളിലൂടെ ഭൂതകാലത്തിന്റെ ഇരുണ്ട ഓർമ്മകൾ വേദനയുടെ തീക്കാറ്റ് പേറി നോവിച്ചു കടന്നു വന്നു .
അച്ഛൻ മരിക്കുമ്പോൾ പ്രീഡിഗ്രിക്കു പഠിക്കുകയായിരുന്നു താൻ അനുജത്തി ശ്യാമ പത്തിൽ ,അനുജൻ വിഷ്ണു എട്ടിലും.പഠനത്തിൽ ഒന്നാമനായിട്ടും തുടരാൻ കഴിയാതെ ജീവിത ഭാരം ചുമലിലേറ്റുന്ന,പിന്നീട് നന്ദികെട്ട തിരസ്കാരങ്ങൾക്കൊടുവിൽ ജീവിതം വഴിമുട്ടിപോയ ഒരു പാട്
പേരുടെ പ്രതിനിധിയായി താനും.ഒരിക്കലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.ഓരോ ജോലികൾ ചെയ്യുമ്പോളും 'അമ്മ ,അനുജൻ ,അനുജത്തി ഇവരുടെ സന്തോഷം.അതായിരുന്നു ഊർജം .അവർ വളരുന്തോറും അത്യാവശ്യങ്ങൾ ആവശ്യങ്ങൾ ആയി .'അമ്മ അവർക്കൊപ്പം ചേർന്ന് ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റുകൾ തരുമ്പോൾ താനും അമ്മയുടെ മകൻ ആണെന്ന് 'അമ്മ മറന്നു പോയതായിരിക്കുമോ ?അതോ അത് തന്റെ മാത്രം കടമയെന്ന് 'അമ്മ കരുതുന്നുവോ?
പേരുടെ പ്രതിനിധിയായി താനും.ഒരിക്കലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല.ഓരോ ജോലികൾ ചെയ്യുമ്പോളും 'അമ്മ ,അനുജൻ ,അനുജത്തി ഇവരുടെ സന്തോഷം.അതായിരുന്നു ഊർജം .അവർ വളരുന്തോറും അത്യാവശ്യങ്ങൾ ആവശ്യങ്ങൾ ആയി .'അമ്മ അവർക്കൊപ്പം ചേർന്ന് ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റുകൾ തരുമ്പോൾ താനും അമ്മയുടെ മകൻ ആണെന്ന് 'അമ്മ മറന്നു പോയതായിരിക്കുമോ ?അതോ അത് തന്റെ മാത്രം കടമയെന്ന് 'അമ്മ കരുതുന്നുവോ?
ഒരു പൊതു നിയമമുണ്ട് എല്ലാ കുടുംബത്തിലും .കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടേയിരിക്കും .വാങ്ങിക്കുന്നവൻ ആ ക്രിയ ചെയ്തു കൊണ്ടേയിരിക്കും .സ്നേഹത്തിന്റെ കാര്യവും ഏറെക്കുറെ അങ്ങനെ ആണ്.കിട്ടിക്കൊണ്ടിരുന്നത് നിലയ്ക്കുമ്പോൾ ഇത് വരെ കൊടുത്തുകൊണ്ടിരുന്നത് മറന്നു മുഖത്ത് കാറി തുപ്പി ആക്രോശിക്കും .നാട്ടുനടപ്പാണത്.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ഓട്ട പാച്ചിലിനിടയിൽ തന്റെ ജീവിതത്തിലേക്ക് ഒരു നിറനിലാവ് പോലെ കയറി വന്നതാണ് ദേവി .തൻറെ ഉള്ളുരുക്കങ്ങളെ അഗ്നിപർവതങ്ങളെ നെഞ്ചിലേറ്റിയവൾ .ഒരു ശാന്തമായ ചിരിയിൽ ,കണ്ണിമകൾക്കു മുകളിലുള്ള ആർദ്രമായ ഒരു ചുംബനത്തിൽ, മാറോടു ചേർത്ത് പുണർന്നു ശിരസിൽ തലോടുന്ന ആ ഒറ്റ നിമിഷത്തിൽ ഉള്ളിലെചൂടെല്ലാം ഉരുകി കണ്ണിലെ ലാവയായി പുറത്തു വരും .
തന്റെ വിവാഹമോ ജീവിതമോ അമ്മയ്ക്കോ മറ്റാർക്കുമോ ഒരിക്കലും അലട്ടുന്ന ഒരു വിഷയം അല്ലായിരുന്നു.താൻ അവരെ സംബന്ധിച്ച് ഒരു യന്ത്രം ആയി മാറിക്കഴിഞ്ഞിരുന്നു .താൻ കഴിക്കുന്നുണ്ടോ?ഉറങ്ങുന്നുണ്ടോ?തന്റെ ഹൃദയഭാരങ്ങളരറിയാൻ?
അമ്മയെന്ന പുണ്യം കഥയും കവിതയിലും വായിച്ചു കേൾക്കാൻ സുഖം തന്നെ ,ജീവിതത്തിന്റെ പച്ചയായ നേര്കാഴ്ചയിൽചിലപ്പോളെങ്കിലും അതത്ര സുഖകരമല്ല .പ്രസവിച്ച മക്കൾ രണ്ടു കണ്ണുകൾ പോലെ തുല്യർ ആണ് എന്ന് കരുതുന്ന സമൂഹത്തിൽ തന്നെയുണ്ട് മക്കളുടെ തുലാസിലെ തട്ടുകൾ ഉയർന്നും താഴ്ന്നുമിരിക്കുന്ന അമ്മമാരുടെ മനസ്സ് .സമ്പത്തും നിറവും ഭംഗിയും ഒക്കെ അളവുകോലാക്കുന്ന അമ്മമാരുണ്ട് നമുക്കിടയിൽ അതിനെതിരെ മുഖം ചുളിച്ചിട്ടു കാര്യമില്ല .സത്യമാണത്. മനുഷ്യമനസ്സ് അങ്ങനെ ആണ് .പുക്കിൾ കൊടി ബന്ധത്തിലും ഒഴുകുന്ന ചോരയിലും സ്നേഹത്തിന്റെ കണക്കു പറച്ചിലുകളും ഏറ്റക്കുറച്ചിലുകളും .
അനിയത്തിയുടെ വിവാഹം നടത്താൻ താൻ ഉരുകിയ ഉരുക്കത്തിന് ഒരു ആയുസ്സിന്റെ അന്തഃസംഘര്ഷങ്ങള് എന്ന് പറഞ്ഞാൽ പോരാ..ഇരവ് പകലുകളില്ലാതെ കുതിച്ചു പാഞ്ഞു നടന്നു രണ്ടറ്റവും കൂട്ടിമുട്ടിച്ചു അവളെ വധുവാക്കിയപ്പോൾ താൻ വീണ്ടുമവൾക്കു നന്ദികേടിന്റെ പര്യായമായി .ഭർത്താവിനും ബന്ധുക്കൾക്കും മുന്നിൽ മെഡിസിന് പഠിക്കുന്ന അനിയനെ മാത്രം പുകഴ്ത്തി തന്നെ എപ്പോളും അവഗണിച്ചപ്പോൾ താനറിയാതെ പിൻവലിഞ്ഞു .'അമ്മ പോലും തിരുത്തുന്നില്ലല്ലോ എന്നോർത്ത് വേദനിച്ചു ചോദിച്ചു പോയി ഒരു ദിവസം .
'നിനക്കവനോട് അസൂയ ആണല്ലെടാ ?എന്റെ കുഞ്ഞു നന്നാകുന്നത് നിനക്ക് സഹിക്കുന്നില്ല അല്ലെ ?'
ഭൂമി പിളർന്നു താഴേക്ക് പോയാൽ മതി എന്ന് തോന്നിപ്പോയി .ആ രാത്രിയാണ് താൻ ദൈവത്തെ ശപിച്ചു പോയത് .അനുജൻ കൂടെ പഠിക്കുന്ന പെൺകുട്ടിയെ പ്രണയിച്ചു കൂട്ടികൊണ്ടു വന്നപ്പോൾ ഒരു അക്ഷരവും പറയാതിരുന്ന 'അമ്മ താൻ ദേവിയെ വിവാഹം കഴിക്കുന്ന തീരുമാനം എടുത്തപ്പോൾ മകന്റെ സ്ഥാനത്തു നിന്ന് ആട്ടിപ്പുറത്താക്കി
"'എന്റെ ഒറ്റ ചില്ലികാശ് ഞാൻ തരില്ല ഇറങ്ങിക്കോണം "'
ചിരിയാണ് വന്നത്.
ചിരിയാണ് വന്നത്.
അമ്മയ്ക്ക് എവിടുന്നാ അമ്മെ സമ്പാദ്യം? ഇടിഞ്ഞു വീഴാറായ ഒരു വീടിനെ തന്റെ കഠിനാധ്വാനം കൊണ്ട് ഇരുനില വീടാക്കി .ഉറുമ്പു നെൽമണി ശേഖരിക്കും പോലെ കൂട്ടി വെച്ച് കുറച്ചു സ്ഥലം വാങ്ങി .അതും അമ്മയുടെ പേരിൽ .വിഷമം തോന്നിയില്ല എന്നെങ്കിലും അത് പ്രതീക്ഷിച്ചിരുന്നു .
മണ്ണും പൊന്നും കടലാസ് പണങ്ങളും കണ്ടു മഞ്ഞളിച്ചു പോയാൽ ജീവിതത്തിനു വിയർപ്പിന്റെ മണമുണ്ടാകുകയില്ല.അധ്വാനിക്കാൻ ആരോഗ്യമുള്ള ഒരു ശരീരവും പ്രണയിക്കാൻ ദേവത പോലെ ഒരു പെണ്ണും ഉണ്ടെങ്കിൽ പുരുഷനെ തോൽപിക്കാൻ ആർക്കു കഴിയും?
വേറെ ഒരു നാട്ടിൽ ഒരു കൊച്ചു ജീവിതം തുടങ്ങി .ദേവി ഗർഭിണി ആയപ്പോളൊ തങ്ങൾക്കു കുഞ്ഞുങ്ങൾ ജനിച്ചപ്പോളൊ 'അമ്മ വന്നില്ല .ആരും വന്നില്ല .എത്ര പിടിച്ചു നില്ക്കാൻ ശ്രെമിച്ചിട്ടും പൊട്ടി കരഞ്ഞു പോയിട്ടുണ്ട് .പുരുഷന് കരയാൻ പാടില്ലെന്നുണ്ടോ ?
കഴിഞ്ഞ ദിവസം വാര്യത്തെ പദ്മനാഭൻ നായരേ കണ്ടപ്പോളാണ് അറിഞ്ഞത് .'അമ്മ വീണത്രെ. വളരെ പരിതാപകരമാണ് അവസ്ഥ . ആരും തിരിഞ്ഞു നോക്കാനില്ല .അനിയൻ ഭാര്യ വീട്ടിൽ നിന്ന് വല്ലപ്പോളും വരും .അനിയത്തി അത് പോലുമില്ല .കേട്ട് മടുത്ത കണ്ടു മടുത്ത അനുഭവങ്ങൾ ആവർത്തിച്ച് വരുമ്പോൾ ചിലപ്പോളെങ്കിലും ചിരിക്കാതെ എന്ത് ചെയ്യാൻ !പക്ഷെ ചിരി വരുന്നില്ല ..ഒന്ന് കൂടി ചുമലിലേറ്റാം എല്ലാം .മടിയില്ല .
വിനീത് എഴുനേറ്റു വേഷം മാറി .പോകണം .പത്തു മാസത്തിന്റെ കടം വീട്ടനല്ല.ഒരു കടപ്പാടിന്റെയോ കണക്കുകളുടെയോ പേരിലല്ല.
'' അമ്മയാണത് ....തന്റെ 'അമ്മ "'
അമ്മേയെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലും അത് അറിവുകേടിന്റെ ഗണത്തിൽ പെടുത്തി മനസ് പൊറുത്തു കഴിഞ്ഞു.അനുഭവങ്ങളുടെ പാഠങ്ങൾ നിറഞ്ഞ പുസ്തകമാണ് ഏറ്റവും അധികം വായിക്കപ്പെടേണ്ടത് .തിരുത്തി മുന്നോട്ടു പോകാൻ നമ്മെ സഹായിക്കുന്നത് .
വിധി എന്നത് അനുഭവിക്കേണ്ടത് കൃത്യമായി മുന്നിൽ എത്തിച്ചു തരുന്ന സൈന്യാധിപനാണ് ..കാലഭേദങ്ങൾ തെറ്റാതെ ഓരോരുത്തർക്ക് മുന്നിലും കൃത്യമായി എത്തിച്ചു തരും തങ്ങൾക്കുള്ളത് .കൈ നീട്ടി സ്വീകരിക്കുകയെ വേണ്ടു.കാലം കാത്തു വെച്ച കണക്കുകൾക്കു മനുഷ്യന് മുന്നിൽ ഉത്തരങ്ങളില്ല ...കാത്തിരുപ്പുകൾ മാത്രം
Ammu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക