Slider

സായന്തനം

0
സായന്തനം
••••••••••
മാര്യേജ് നടക്കുന്ന ഹാളിലെ ക്യാമറകളുടെ ഫ്ലാഷ് മിന്നിക്കൊണ്ടേയിരുന്നു. എവിടെയും പൊന്നിന്റെയും പട്ടിന്റെയും തിളക്കം. പൂക്കളുടെയും സുഗന്ധദ്രവ്യങ്ങളുടെയും ഇടകലർന്ന സുഗന്ധം അന്തരീക്ഷത്തിൽ. ഇന്ന് എന്റെ കൊച്ചുമോളുടെ വിവാഹം കഴിഞ്ഞു.ഗൗരി നിശ്വസിച്ചു.എന്റെ മൂത്തമകന്റെ മോളുടെ വിവാഹം.... രാജേട്ടൻ മോന്റെ അടുത്തു തന്നെ നിൽപ്പുണ്ട്. കൊച്ചുമോളെ തന്നെ നോക്കി നില്ക്കുന്നു. ഇടക്ക് തന്റെ കണ്ണുകളിലേക്കും... കണ്ണിണകൾ ഇടയുമ്പോൾ അറിയാതെ കരൾ പിടഞ്ഞു പോവുന്നു.
ഗൗരി സദസ്സിന്റെ മുന്നിൽ ഇരിക്കുന്ന ഭർത്താവ് മുരളിയെ നോക്കി. ദേഷ്യം കൊണ്ട് തുടുത്ത മുഖം അവളിൽ പരിഭ്രാന്തി ഉളവാക്കി. ജീവിതം പഠിപ്പിച്ച ഒരു പാഠം ഉണ്ട്ക്ഷമ, ഭൂമിയോളം ക്ഷമ. അല്ലെങ്കിൽ എന്നേ തന്റെ ഈ ജീവിതവും..... ഗൗരി പതിയെ മോന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് വിളിച്ചു. മോനെ അജയ്...
"ഞാൻ പൊക്കോട്ടെ ചടങ്ങ് കഴിഞ്ഞല്ലോ. അമ്മക്ക് ഇത്രയും നേരമേ അനുവാദം ഉള്ളൂ "അവൾ ദൈന്യതയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. മകൻ അമ്മയെ നോക്കി എന്തോ പറയാനായി വാ തുറന്നു. പെട്ടെന്ന് രാജഗോപാൽ അവനെ തടഞ്ഞു.
"ഗൗരി പൊക്കോട്ടെ, തടയേണ്ട "
"കണ്ടോ അമ്മ കണ്ടോ.. ഈ മനുഷ്യനെയാണ് അമ്മ ഉപേക്ഷിച്ചു പോയത്‌. എന്റച്ഛനെ, എനിക്ക് വേണ്ടി ജീവിച്ച എന്റച്ഛനെ, അമ്മ പോയി വേറെ കുടുംബം ഉണ്ടാക്കി. എന്നിട്ടും അച്ഛൻ അത് ചെയ്തില്ല. എനിക്ക് വേണ്ടി ജീവിച്ചു അമ്മയെ ഓർത്തു ജീവിച്ചു. എനിക്ക് അമ്മയോട് വെറുപ്പ് ആണ് വെറുപ്പ്... "അജയുടെ കണ്ണുകൾ നിറഞ്ഞു വന്നു...
"അജയ് " താക്കീതിന്റെ സ്വരത്തിൽ രാജഗോപാൽ വിളിച്ചു എന്നിട്ട് ഗൗരിയോടായി പറഞ്ഞു
"താൻ പൊക്കോളു, അവൻ സങ്കടം കൊണ്ട് പറയുന്നതാ. എനിക്ക് അറിയാം അവനെ തന്നെ വെറുക്കാൻ അവനു കഴിയില്ല. താൻ ചെല്ല് അയാളെ കാത്തിരുത്തി ദേഷ്യം പിടിപ്പിക്കേണ്ട. "
ഞാൻ... ഞാൻ.. ഗൗരിയുടെ കണ്ഠമിടറി. അവൾ കൊച്ചുമോളെയും വരനെയും അനുഗ്രഹിച്ചു കണ്ണുകളാൽ എല്ലാരേയും നോക്കി യാത്ര പറഞ്ഞു. പതിയെ ഇറങ്ങി മുരളിയുടെ അടുത്തേക്ക് നടക്കുമ്പോൾ പിന്നിൽ നിന്നും ആരോ പറയുന്നത് കേൾക്കാം.
"പെണ്ണിന്റെ അച്ഛമ്മ ആണ്, അവര് ഇവരെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചു അതിൽ കുട്ടികൾ ഉണ്ട്. ദേ ഇരിക്കുന്നു അവരുടെ ഭർത്താവ്. "
ഗൗരി മുരളിയുടെ അടുത്ത് വന്നു പറഞ്ഞു "പോകാം "അയാൾ ഒന്ന് ഇരുത്തി മൂളി. എന്നിട്ട് മുന്നോട്ട് നടന്നു. യാത്രയിൽ ഉടനീളം ഗൗരി മൂകയായിരുന്നു. ഓർമ്മകൾ പുറകോട്ടു സഞ്ചരിച്ചു. ഡിഗ്രി കഴിഞ്ഞ സമയം തന്നെ തനിക്ക് വിവാഹാലോചന വന്നു. രാജേട്ടന്റെ. അത് തന്നെ നടന്നു. ബിസിനസ്‌കാരൻ. വീട്ടിലെ ഓമനയായ താൻ സുഖമായിരിക്കാൻ അച്ഛൻ തന്നെ ഏറെ സമ്പത്തുള്ള വീട്ടിൽ തന്നെയാണ് അയച്ചത്. ഏറെ സ്നേഹം ഉള്ളവൻ ആയിരുന്നു രാജേട്ടൻ. എന്നിട്ടും ഞങ്ങൾക്ക് പിരിയേണ്ടി വന്നു. തന്റെ അമിതമായ പിതൃസ്നേഹം, അച്ഛന്റെ തന്നോടുള്ള സ്നേഹം അതിനെ ജയിക്കാൻ രാജേട്ടന്റെ സ്നേഹത്തിനു ആയില്ല.
സ്വർഗതുല്യം ആയിരുന്നു തന്റെ ദാമ്പത്യജീവിതം. സൗഭാഗ്യങ്ങൾ, സ്നേഹസമ്പന്നൻ ആയ ഭർത്താവ്, പക്ഷേ ആയുസ്സ് ഉണ്ടായിരുന്നില്ല ബിസിനസിലെ തകർച്ച രാജേട്ടനെ ഒരു തികഞ്ഞ മദ്യപാനി ആക്കി. ദാരിദ്ര്യം പടികയറി വന്ന വീട്ടിൽ സ്നേഹം മറഞ്ഞു നിന്നു. മോന് അഞ്ചു വയസ്സ് അന്ന്. എല്ലാം നഷ്ടപ്പെട്ട അവസ്ഥയിൽ രാജേട്ടൻ വീട്ടിലും അക്രമാശക്തനായി. എന്നും വഴക്കും കണ്ണീരും. ഒരുനാൾ സഹികെട്ടു അച്ഛനൊപ്പം ഇറങ്ങി. ഒരിക്കലും ഉപേക്ഷിക്കാൻ അല്ലായിരുന്നു പക്ഷേ പിന്നീട് അച്ഛന്റെ ഉപദേശം ആയിരുന്നു തന്റെ ജീവിതം. രാജേട്ടന് പകരം മറ്റൊരാൾ ജീവിതത്തിനു അവകാശി ആയി. തന്റെ ജീവിതത്തിൽ മറ്റൊരാൾ വന്നതോടെ മോന്റെ അവകാശം രാജേട്ടൻ നേടി.
"നീ ആരെയോർത്തിരിക്കുവാഡീ ........ മോളെ "മുരളിയുടെ മുരൾച്ച ഗൗരി ഞെട്ടി. വീടെത്തിയിരിക്കുന്നു.
"നിന്റെ സൂക്കേട്‌ ഇന്ന് ഞാൻ മാറ്റിത്തരുന്നുണ്ട്. " മുരളി ചെവിയിൽ ആക്രോശിച്ചു. ഗൗരി ചുണ്ട്കോട്ടി ചിരിച്ചു. എന്നിട്ട് കാറിൽ നിന്നിറങ്ങി വീടിനുള്ളിലേക്ക്‌ നടന്നു.
"അമ്മ എത്തിയോ "
മരുമോളാണ്.. മകന്റെ ഭാര്യ. തനിക്ക് മുരളിയേട്ടൻ രണ്ടു മക്കളെ ക്കൂടി തന്നു. ഒരു മോളും മോനും രണ്ടു പേരും വിവാഹിതരായി ചുമതലകൾ എല്ലാം ഒഴിഞ്ഞിരിക്കുന്നു. ഗൗരി ദീർഘമായി നിശ്വസിച്ചു. പിന്നിൽ നിന്ന് വന്ന മുരളി അവളുടെ കഴുത്തു ഞെരുക്കി.
എടീ പിഴച്ചവളെ, നിന്റെ നോട്ടവും ശൃങ്കാരവുംഞാൻ കണ്ടെടി.. പഴയ നിന്റെ മറ്റവൻ എന്ത് പറഞ്ഞെടി... ഗൗരിക്ക് ശ്വാസം പിടഞ്ഞു. പഴയപോലെ ശരീരം നിൽക്കുന്നില്ല. കുഴഞ്ഞു വീണുപോകുമെന്നു തോന്നി.
"നിങ്ങൾക്ക് എന്നെ കൊന്നുകൂടേ... കൂടെ വന്ന അന്നുമുതൽ കേൾക്കുന്നതാണ് നിങ്ങളുടെ ഈ വൃത്തികെട്ട സംശയം ഇവിടെ പണിക്കു വരുന്ന ഗോപാലൻ വരെ എന്റെ ജാരൻ അല്ലേ നിങ്ങക്ക് ?"
ഗൗരി വെറുപ്പോടെ നോക്കി
"അതേടി.. നീ പിഴയാ.. അറുപിഴ നിന്റെ അച്ഛൻ എന്റെ തലേൽ എടുത്തു വച്ച വിഴുപ്പ്.. പിന്നെ നിന്റെ സ്വത്തു കണ്ടാ ഞാൻ നിന്നെ ചുമന്നത്. "
മുരളി കൈ അയച്ചു. ഗൗരി കഴുത്തിൽ തടവി. വല്ലാത്ത കിതപ്പ്. പ്രായം ആയില്ലേ പണ്ടത്തെപ്പോലെ അങ്ങ് വഴങ്ങുന്നില്ല. അച്ഛൻ തനിക്ക് കണ്ടു പിടിച്ച രാജേട്ടനെക്കാളും യോഗ്യൻ. ഗൗരിയിൽ വെറുപ്പ് നുരഞ്ഞു. സഹിച്ചു താൻ അയാളെ വെറുത്തുപോയിരിക്കുന്നു. അനന്തരവൻ മകൾക്കു യോഗ്യൻ എന്ന് നിനച്ച അച്ഛനും മകളുടെ ദുരവസ്ഥ നല്ലോണം കണ്ടു തന്നെയാണ് കണ്ണടച്ചതു
പീഡനങ്ങളും പരിഹാസവും ആയി തന്റെ ജീവിതം ഒരു മൂലയ്ക്ക് ഒതുങ്ങി. ഭാഗ്യം കെട്ട തന്റെ ജന്മവും പേറി താൻ നിലം പറ്റെ കിടന്നു. ഗൗരിയുടെ കണ്ണുകളിൽ ഒരു വേദന എരിഞ്ഞു. ഇനിയും എത്ര നാൾ ?അവളുടെ ഹൃദയം തേങ്ങി.
അവളുടെ മനസ്സിൽ രാജഗോപാലിന്റെ മുഖം തെളിഞ്ഞു. ഒരു ചെറിയ വാക്ക് കൊണ്ട് പോലും തന്നെ നോവിക്കാത്ത രാജേട്ടൻ. ഒരു മോശം അവസ്ഥയിൽ കുറച്ചു നാൾ മദ്യത്തിൽ മുങ്ങി എന്തൊക്കെയോ പറയുമായിരുന്നു എന്നല്ലാതെ തന്നെ ഒന്ന് നുള്ളി നോവിച്ചിട്ടു പോലും ഇല്ല. ഒപ്പം അജയ് മോന്റെ മുഖവും തെളിഞ്ഞു. കണ്ണും മനസ്സും നീറി. അച്ഛന്റെ മകളായി താൻ നഷ്ടപ്പെടുത്തിക്കളഞ്ഞ തന്റെ സൗഭാഗ്യങ്ങൾ. ഗൗരി ജനാലയിൽ മുഖം അമർത്തി തേങ്ങി.
രണ്ടു വർഷങ്ങൾക്ക് ശേഷം കന്യാകുമാരി :-
അസ്തമയത്തിന്റെ ചാരുത ആകെ ചുവപ്പിച്ചിരിക്കുന്നു തീരങ്ങളെ. പാറക്കെട്ടുകളിൽ വന്നടിച്ചു ചിതറുന്ന തിരമാലകൾ. രാജഗോപാൽ കുറച്ചു നേരം കൂടി അങ്ങിനെ ഇരുന്നു. പിന്നെ എഴുന്നേറ്റു. കന്യാകുമാരിദേവിയുടെ ദീപാരാധന കൂടിക്കളയാം. അയാൾ ക്ഷേത്രത്തിലേക്ക് നടന്നു. ദീപാരാധന കഴിഞ്ഞു തിരിഞ്ഞിറങ്ങുമ്പോൾ ഒരു മുഖം കണ്ണിൽ പെട്ടു ഒരു നനഞ്ഞ മുഖം ഗൗരി അല്ലേ അത് ? അടുത്തേക്ക് നടന്നു വിളിച്ചു
"ഗൗരി... "
ഗൗരി മുഖം ഉയർത്തി. രാജേട്ടൻ അവൾ എഴുനേറ്റു.
"നീയെന്താ ഇവിടെ ഒറ്റക്കേ ഉള്ളൂ ? മുരളി എവിടെ ?"
"ഞാൻ ഒറ്റയ്ക്ക് ആണ് രാജേട്ടാ.. ഒറ്റയ്ക്ക് ഒരു യാത്ര വേണം ന്ന് തോന്നി"
"നമുക്ക് കുറച്ചു ദൂരം നടന്നാലോ . "രാജഗോപാൽ തിരക്കി അവർ ക്ഷേത്രത്തിന് വെളിയിലേക്ക് നടന്നു. കടൽക്കരയിലൂടെ നടക്കുമ്പോൾ ആരും ഒന്നും മിണ്ടിയില്ല. ഗൗരിക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു. അവൾ സാരിയുടെ അറ്റം വാരിപ്പുതച്ചു. ഗൗരിയാണ് മൗനം ഭഞ്ജിച്ചത്.
"മുരളിയേട്ടൻ പോയി ആറുമാസം മുൻപ് ഒരു നെഞ്ചുവേദന വന്നതാ... അധികം കിടത്തിയില്ല "
രാജഗോപാൽ ഗൗരിയെ നോക്കി.
" ഈ നോട്ടത്തിന്റ അർത്ഥം എനിക്ക് മനസിലായി.ഞാൻ ഇവിടെ എങ്ങിനെ എന്നല്ലേ ?"
ഗൗരി മുന്നോട്ടു നടന്നു.
"മുരളിയേട്ടൻ പോയപ്പോൾ എനിക്ക് ദുഃഖം ഒന്നും തോന്നിയില്ല. ഒരു നിസ്സംഗത മാത്രം. പെട്ടെന്ന് കൂട് തുറന്നു വിട്ട ഒരു കിളിയെപ്പോലെ... സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കും പോലെ... പിന്നെ കുറെകഴിഞ്ഞപ്പോൾ ഒരു യാത്ര ആയാലോ എന്ന് തോന്നി. ആരോടും പറയാനില്ലല്ലോ ഇപ്പോ...."
ഗൗരി തുടർന്നു.
"അത് ഒരു തീർത്ഥയാത്ര ആവാമെന്ന് തോന്നി. ഇറക്കിവയ്ക്കാൻ ആവാത്ത ഒരുപാട് ഭാരം ഉണ്ട് നെഞ്ചിനുള്ളിൽ.. പിന്നെ രാജേട്ടന് അറിയാലോ കുറച്ചു എഴുതുന്ന അസുഖം എനിക്കുള്ള കാര്യം. ഇത്രനാളും അതും ഒരു മൂലയിൽ പൂട്ടി വച്ചിരിക്കയായിരുന്നു. അതും തുടങ്ങണം. മക്കളൊക്കെ അവരുടെ കൂട്ടിൽ ചേക്കേറി ജീവിതം തുടങ്ങി. ഇനി നമ്മൾ ഒരു അധികപ്പറ്റ് ആവേണ്ട അതല്ലേ നല്ലത് ?"
ഗൗരി രാജഗോപാലിനെ നോക്കി.
"രാജേട്ടൻ എന്താ ഇവിടെ ? അജയ് യും മറ്റുള്ളവരും വന്നിട്ടുണ്ടോ ?"
അവൾ തിരക്കി
"ഇല്ല. ഞാനും നീ പറഞ്ഞത് പോലെ ഒരു യാത്രയ്ക്ക് ആയി ഇറങ്ങിയതാ... വെറുതെ തോന്നി. പക്ഷേ ഇപ്പോൾ തോന്നുന്നു വെറുതെ തോന്നിയത് അല്ല തോന്നിപ്പിച്ചതാ ഈശ്വരൻ... "
അയാൾ അവളെ നോക്കി. ഗൗരി കാറ്റടിച്ച കൽപ്രതിമ പോലെ നിൽക്കുകയായിരുന്നു. അയാൾ അവളുടെ കൈ കവർന്നു എന്നിട്ട് വിളിച്ചു.
ഗൗരി.... മോളെ...
ഗൗരി അറുപത്തേഴാം വയസ്സിലും ഇരുപതുകാരിയായി മാറി. കൈകൾ വിറകൊണ്ടു. രാജഗോപാൽ പറഞ്ഞു
"നിന്നെ എനിക്ക് നഷ്ടപ്പെട്ടപ്പോൾ എനിക്ക് പിന്നെ ജീവിതം ഇല്ലായിരുന്നു. നമ്മുടെ മോന് വേണ്ടിയാണ് പിന്നെ ഞാൻ ജീവിച്ചത്. നിന്റെ ഓരോ ദുരിതങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു. എങ്കിലും എനിക്ക് എന്ത് ചെയ്യാൻ കഴിയുമായിരുന്നു ?നമ്മുടെ മോന് പോലും നിന്റെ കഷ്ടപ്പാടുകൾ കേൾക്കുമ്പോൾ സങ്കടം ആയിരുന്നു. ഒരുപക്ഷേ നിന്നെ തിരിച്ചു കിട്ടിയാൽ ഏറ്റവും സന്തോഷിക്കുക അവനാവും ".
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
രാജേട്ടാ ഞാൻ......
എനിക്ക് അതിനുള്ള യോഗ്യത ഉണ്ടോ ഇല്ല. ഞാൻ എന്റെ മോനെയും ഏട്ടനേയും... മുഴുമിപ്പിക്കാതെ ഗൗരി പൊട്ടിക്കരഞ്ഞു.
രാജഗോപാൽ ഫോൺ എടുത്തു. അജയ് യുടെ നമ്പർ ഡയൽ ചെയ്തു അയാൾ സംസാരിക്കുന്നത് കണ്ടുകൊണ്ട് ഗൗരി മാറി നിന്നു. ഒരു വേള അയാൾ അവളെ കൈനീട്ടി വിളിച്ചു. ഫോൺ സ്പീക്കർ മോഡിൽ ഇട്ടു.
"അച്ഛാ... അതൊക്കെ ശെരി.. തീർത്ഥാടനം ഒക്കെ കഴിഞ്ഞു രണ്ടാളും വേഗം ഇങ്ങോട്ട് എത്തിക്കോണം. ഇല്ലേൽ എന്നേ അങ്ങോട്ട്‌ വരുത്തരുത്.. പിന്നെ ഒരു നിശ്ശബ്ദത
അമ്മേ... "
ആ വിളിയിൽ ഗൗരിയുടെ മാറിടം തുടിച്ചു. തന്റെ പൊന്നുമോൻ. ആദ്യം അമ്മേഎന്നു വിളിച്ചവൻ.. അവൾ വിതുമ്പി.
ഞാനും കുടുംബവും നിങ്ങളുടെ വരവും കാത്തിരിക്കും പോയി വാ
അജയ് ഫോൺ കട്ട്‌ ചെയ്തു.
ഗൗരി രാജഗോപാലിന്റെ നെഞ്ചിലേക്ക് വീണു. അയാൾ അവളെ ചേർത്തു പിടിച്ചു എന്നിട്ട് പറഞ്ഞു
"ഇനിയുള്ള തീർത്ഥാടനം നമ്മൾ ഒരുമിച്ച്... ദേശങ്ങൾ കണ്ട്..... ക്ഷേത്രങ്ങൾ കണ്ട്...... ഉദയാസ്തമയങ്ങൾ കണ്ട് അങ്ങിനെയങ്ങിനെ.... ഗൗരി അപ്പോഴും അയാളുടെ നെഞ്ചിൽ വീണു കിടക്കുകയായിരുന്നു. നഷ്ടപ്പെട്ടു പോയത്‌ തിരിച്ചു കിട്ടിയത് പോലെ, ഇനിയും നഷ്ടപ്പെടാതിരിക്കാൻ എന്നപോലെ, അകലെ സൂര്യനും സന്ധ്യയും അപ്പോഴേക്കും സംഗമിച്ചു കഴിഞ്ഞിരുന്നു. രാത്രിയുടെ ആഗമനത്തിനായി.
അഞ്ജലി മേരി

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo