Slider

................. അഹന്തയ്ക്കുള്ള മറുപടി ............

0
................. അഹന്തയ്ക്കുള്ള മറുപടി ............
ആദ്യം പഠിക്കേണ്ട പാഠങ്ങളിലൊന്നാണ് ഞാനാര് എന്നത്.
ഞാനാരെന്നു കണ്ടു പിടിക്കാൻ നിനക്കായാൽ നിന്നിൽ അവശേഷിച്ചിരിക്കുന്ന അഹംഭാവം തീർത്തുമില്ലാതാകും. നീ അകത്തോട്ടെടുക്കുന്ന ശ്വാസം പുറത്തോട്ടുവിടുന്നതുപോലും നിന്റെ കഴിവുകൊണ്ടല്ല മറിച്ച് ദൈവത്തിന്റെ തീരുമാനമനുസരിച്ചാണെന്നുള്ള തിരിച്ചറിവുണ്ടായിരിക്കണമെന്നും...
നീ ചിലപ്പോൾ ഉന്നതകുലജാതയായിരിക്കാം. അത് നിന്റെ കഴിവല്ല നിനക്കങ്ങനെ ജനിക്കാൻ ദൈവമവസരം തന്നതാണ്. നിനക്ക് തൊലിവെളുപ്പും, സൗന്ദര്യവും, ജീവിതസുഖസൗകര്യങ്ങളും തന്നതൊക്കെ ദൈവമാണ്. പിന്നെന്തുണ്ടായിട്ടാണ്, അല്ലെങ്കിൽ എന്തു കണ്ടിട്ടാണ് നീ നെഗളിക്കുന്നതും അഹന്തയിൽ മുങ്ങി നീരാടുന്നതും?
ഇന്നത്തെക്കാലത്താരും തീണ്ടലും തൊടീലുമൊന്നും കൊണ്ടുനടക്കത്തില്ല. അതിന്റെയൊക്കെ കാലംപോയി. കറുത്തവനും, ജാതിയിൽ താഴ്ന്നവനും, സാമ്പത്തികവും, സൗന്ദര്യവുമില്ലാത്തവനുമായ കീഴ്ജാതിക്കാരന് വൃത്തിക്കെട്ട ഉളുമ്പുമണമാണെന്നു നീ പറഞ്ഞപ്പോൾ നിന്റെ ഇടുങ്ങിയ മനസ്സാണ് തുറന്നു കാട്ടിത്തന്നത്. നീയും, കീഴ്ജാതിക്കാരനും ശ്വസിക്കുന്നത് ഒരേ വായു തന്നെയാണ്, അതുപോലെ വിളിക്കുന്നത് ഒരേ ദൈവത്തെയും...
നിന്റെ തീൻമേശയിൽ നിന്നും നീ വലിച്ചെറിയുന്ന അപ്പക്കഷണമെടുത്ത് കഴിക്കുന്നവനെ നീ പുച്ഛിക്കുകയല്ല വേണ്ടത് മറിച്ച്, അവനുംകൂടി അവകാശപ്പെട്ടത് നീ കൈക്കലാക്കിയെന്ന കുറ്റബോധമാണ് നിനക്കുണ്ടാകേണ്ടത്...
നിന്റെ കുടുംബത്ത് തോളത്ത് നക്ഷത്രങ്ങൾ ഒരുപാടുള്ള ആളുകളും, മനുഷ്യനെ വിലയ്ക്കുവാങ്ങാൻപോന്ന പണവും, കെൽപ്പുള്ളവരുമുണ്ടായിരിക്കാം, നിനക്കതൊക്കെ നീ വലിയ ആളാണെന്നുള്ള സ്വയം പുകഴ്ത്തലിനു മാത്രമേ ഉതകത്തുള്ളു. കാരണം ഈ സ്വാധീനങ്ങളുപയോഗിച്ച് നിനക്ക് നിന്റെ സമയത്തെ ഒന്നു പിടിച്ചു നിർത്താൻ കഴിയുമോ? നിന്റെ ജാതകം തിരുത്തിയെഴുതാൻ കഴിയുമോ? നിന്റെ വീട്ടിലെ ജോലിക്കാരിയെ പറഞ്ഞുവിട്ടിട്ട് നിനക്കാ പണിയെല്ലാം ഒറ്റയ്ക്ക് ചെയ്യാൻ കഴിയുമോ? കഴിയില്ല, കാരണം നിന്റെ കൈയ്യിൽ കിടക്കുന്ന വളയെങ്ങാനും ഊരിപോയാലോ എന്നു നീ ഭയപ്പെടുന്നു. പണിക്കാരുപോലും ഓച്ഛാനിച്ചു നിന്നു നിന്നെ കൊച്ചമ്മയെന്ന് വിളിക്കണമെന്ന നിന്റെ ചിന്തപ്പോലും മാറ്റേണ്ട സമയായെന്ന് തിരിച്ചറിഞ്ഞു കൊള്ളുക...
ചവിട്ടി നിൽക്കുന്ന മണ്ണൊലിച്ചു പോകുന്നത് നീയിപ്പോൾ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. നീയുണ്ടാക്കിയ ചീട്ടുകൊട്ടാരം ചെറുകാറ്റടിച്ച് തകർന്നത് നിനക്കു കാണാനിടയാകുകയും ചെയ്തു. എല്ലാത്തിനും കാരണം 'ഞാനാരാണെന്നറിയാമോ' എന്ന നിന്റെ പക്വതയില്ലാത്ത മനോഭാവത്തിൽ നിന്നാണ്. കൂടെ നിന്നവരൊക്കെ നിന്നെ ഒറ്റപ്പെടുത്തിയപ്പോളാണ് നിനക്ക് തിരിച്ചറിവുണ്ടായത് ശാശ്വതമായിട്ടാരും കൂടെ കാണില്ലായെന്നത്...
നമ്മുടെ ചിന്തകൾക്കാണാദ്യം മാറ്റം വരുത്തേണ്ടത്. നീ നല്ലത് ഞാൻ ചീത്തയും എന്നതും, ഞാൻ നല്ലത് നീ ചീത്തയും എന്ന കാഴ്ചപ്പാടും മാറ്റി പകരം, നമ്മൾ കാണേണ്ടത് "നീയും നല്ലത് ഞാനും നല്ലത് " എന്ന മനോഭാവമാണ്. അപ്പോൾ മാത്രമേ ഞാനെന്ന അഹന്തയും മറ്റുള്ളവരോടുള്ള ഈഗോയും പൂർണ്ണമായും നിന്നെവിട്ടു പോകുകയുള്ളു...
'ഞാനാരാണെന്നാണ് നിന്റെ വിചാരം' എന്ന് നീ അഹംങ്കാരത്തോടു കൂടി ചോദിക്കുമ്പോൾ അതിനുള്ള ഉത്തരം നീ വെറുമൊരു ക്രിമി എന്നുമാത്രം പറയാനാണ്‌ എനിക്കു തോന്നത്തുള്ളു. നിനക്കർഹതപ്പെട്ട സ്ഥാനമതാണ്. മനുഷ്യൻ ഒരു പുൽകൊടിക്കു തുല്യം...
ഒരു പിടിചാരമായ് മാറേണ്ട നീയ് കണ്ണിലല്ല കണ്ണട വയ്ക്കേണ്ടത് ക്ലാവുപിടിച്ച് വികൃതമായ നിന്റെ മനസ്സിലാണ്. എന്നാൽ മാത്രമേ നിനക്ക് വ്യക്തമായിട്ടാളുകളെ കാണാനും, അവരെ തിരിച്ചറിഞ്ഞ് മനസ്സിലാക്കാനുമാകത്തുള്ളു...
ഏതൊരു കെട്ടിടവും പണിയുമ്പോൾ ആദ്യം ചെയ്യേണ്ടത് അടിത്തറ നല്ലതുപോലെ ബലപ്പെടുത്തുകയെന്നതാണ്. അല്ലാതായാൽ ഭാരമേറുംമ്പോൾ എല്ലാംകൂടി ഒറ്റയടിക്ക് നിലംപതിച്ചെന്നിരിക്കും. അതാണിപ്പോൾ സംഭവിച്ചിരിക്കുന്നത്...
നെറ്റിയിൽ ചന്ദനംപുരട്ടിയതുകൊണ്ട് ആരും ദൈവഭക്തയും, ഭക്തനുമാകില്ല പകരം, മനസ്സിലെ മാലിന്യങ്ങൾ കഴുകിക്കളഞ്ഞ് അവിടം വൃത്തിയാക്കിയിട്ട് ചന്ദനതൈലം തളിക്കുകയാണ് ചെയ്യേണ്ടത്...
ബൈ ദ ബൈ അപ്പോൾ പറഞ്ഞു വന്നത് "ആദ്യം നല്ലൊരു മനുഷ്യനാകാൻ ശ്രമിക്കുക "
അതുപോലെ "ചുവരുണ്ടെങ്കിലേ ചുവർചിത്രങ്ങൾ വരയ്ക്കാൻ കഴിയു"
NB : തള്ളണമെങ്കിൽ തള്ളാം, ഉൾക്കൊള്ളണമെങ്കിൽ ഉൾക്കൊള്ളാം...
..........................📝 മനു...............................
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo