ഒരു കല്യാണാലോചന കഥ.
***************************************
വടക്കാഞ്ചേരിയിലെ ഓഫീസിൽ ഫയലിനിടയിൽ മുഖം പൂഴ്ത്തി ഇരിക്കുമ്പോഴാണ് നീതുവിന് സ്ഥലംമാറ്റം കിട്ടികൊണ്ടുള്ള ഉത്തരവ് കിട്ടുന്നത്.
അതും കൊച്ചിയിലേക്ക് .
അതും കൊച്ചിയിലേക്ക് .
ശ്യോ ! ഇനി എന്ത് ചെയ്യ്യും? നിർബന്ധിത സ്ഥലം മാറ്റം ആണ്. പോകാതെ തരമില്ല.
ഇനി എന്ത് ചെയ്യ്യും. ആലോചിട്ടു തല പൊളിയുന്ന പോലെ.
ആദ്യമായി ഒരു ഗവൺമെൻറ് ജോലി കിട്ടിയതാണ്. സ്ഥലമാറ്റവും മറ്റും വരും. അറിയാഞ്ഞിട്ടല്ല.
ആ ജോലി കിട്ടാൻ വേണ്ടി, തൊണ്ട കാറി കാറി രാത്രിയിൽ പോലും അപ്പച്ചനും അമ്മയ്ക്കും സ്വൈര്യം കൊടുക്കാതെ ,അതായത് അവരെ ശരിക്കും ഉറങ്ങാൻ പോലും അനുവദിക്കാതെ പഠിച്ചിട്ടാണ് കിട്ടിയത് തന്നെ. അല്ലെങ്കിലും , ഏതു പരീക്ഷ വന്നാലും , ഇങ്ങനെ പഠിക്കുന്നതാണല്ലോ പണ്ടേ എന്റെ രീതി.
ജോലി കിട്ടിയ സ്ഥലം വീട്ടിൽ നിന്നും ഒത്തിരി ദൂരമുണ്ടായിരുന്നു. അക്കാരണം കൊണ്ട് തന്നെ , ഹോസ്റ്റലിലോട്ടു താമസം മാറ്റിയതാണ്. പക്ഷെ വീട് വിട്ടു ബന്ധു വീട് അല്ലാതെ വേറെ ഒരു സ്ഥലത്തും മാറി താമസിച്ചിട്ടില്ലാത്ത തിനാൽ ആദ്യമായി അപ്പച്ചനും അമ്മച്ചിയും അമ്മാവനും കൂടി ഒരു ജാഥയായിട്ടാണ് എന്നെ അവിടെ കൊണ്ടാക്കിയത്. മറ്റു രീതിയിൽ പറയുകയാണെങ്കിൽ , എന്നെ ബലം പ്രയോഗിച്ചാണ് അവിടെ ആക്കിയതെന്നു പറഞ്ഞാലും മതി.
ജാഥ ആയിട്ട് വന്നവർ , പോകുന്നത് കണ്ടപ്പോൾ വലിയ വായിലെ കരയാൻ തുടങ്ങി .. ഞാൻ അവരുടെ കൂടെ ഓടിപ്പോകാതിരിക്കാൻ വാർഡനും മറ്റുള്ളവരും എന്നെ വട്ടം ചുറ്റി പിടിച്ചിരിക്കുകയാണ്. എന്റെ കരച്ചിൽ കണ്ട്, സ്വതവേ ഗൗരവക്കാരനായ അപ്പച്ചൻ പോലും കണ്ണ് തുടക്കുന്നുണ്ടായിരുന്നു.
അവർ പോയിക്കഴിഞ്ഞപ്പോൾ വാര്ഡന് എല്ലാവരോടും പിരിഞ്ഞു പൊയ്ക്കൊള്ളാൻ പറഞ്ഞു. എന്നിട്ട് , നല്ല കുട്ടിയല്ലേ , കരയാതിരിക്ക്. അതും പറഞ്ഞു എന്റെ കൈയ്യിൽ വാർഡിന്റെ മേശയുടെ വലിപ്പിനകത്ത് വച്ചിരുന്ന കുമ്പിളപ്പം എടുത്ത് തന്നു. അതോടുകൂടി എന്റെ കരച്ചിൽ നിന്നു , ഒപ്പം ഹോസ്റ്റൽ തരക്കേടില്ല എന്നുള്ള ചിന്തയും വന്നു.
പോകെ പോകെ വാർഡനുമായി ഒരു ആത്മാബന്ധം സ്ഥാപിക്കുകേം ചെയ്തു. വാർഡനെ ഞങ്ങൾ മദർ എന്നാണു വിളിക്കുന്നത്. ആ മദർ കുമ്പിളപ്പം പോലുള്ള , കൈമണികൾ ,മറ്റുള്ളവർ കാണാതെ എനിക്ക് തരാനും തുടങ്ങി.
നല്ല ഓർമകളാണ് ആദ്യത്തെ ഹോസ്റെലിനുള്ളത്. ഇനി ഇത് പോലെ ഉള്ള ഹോസ്റ്റൽ കൊച്ചിയിൽ കിട്ടുമോ ? ആർക്കറിയാം?
ഇനി ഇതൊക്കെ ആലോചിട്ടിരുന്നിട്ടെന്തു കാര്യം.
ഒരാഴ്ചക്കുള്ളിൽ ഓഫീസിൽ നിന്നും വിടുതൽ ചെയ്തു, ഹോസ്റ്റലിൽ എല്ലാവരോടും യാത്ര പറഞ്ഞു കൊച്ചിയിൽ പുതിയ ഓഫീസിനടുത്ത് തന്നെ ഹോസ്റ്റലും കണ്ടെത്തി . (ആദ്യത്തെ ഹോസ്റ്റൽ പോലെ തന്നെ. എന്നാലും ചെറിയ വ്യത്യാസം ഉണ്ട് , ഇവിടെ വാർഡന്റെ സ്ഥാനത്ത് ഹോസ്റ്റൽ മെസ് തയ്യറാക്കുന്ന ചേച്ചിമാരുമായിട്ടായിരുന്നു നീതുവിന്റെ മണിയടി. അതിനു നല്ല റിസൾട്ട് ആയിരുന്നു കിട്ടിയത്.
പിറ്റേന്ന് പുതിയ ഓഫീസിൽ ജോലിയിൽ പ്രവേശിച്ചു. നീതുവിന് ഒരു ഉത്സാഹം ഒന്നും ഉണ്ടായില്ല. നീതുവിനു ജോലിയുടെ ചാർജ് കൊടുത്ത റോബിൻ നീതുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
റോബിൻ ഒരു പ്രത്യേകസ്വഭാവമാണെന്നുള്ളത് നീതുവും ശ്രദ്ധിച്ചു. എപ്പോഴും ഗൗരവം.
ചാർജ് കിട്ടിക്കഴിഞ്ഞപ്പോൾ , “എന്റെ മാതാവേ ! ഞാൻ ഇതിനോട് എങ്ങനെയാ സംശയം ചോദിക്കുക “ എന്നു നീതു വിചാരിച്ചു.
വടക്കാഞ്ചേരിയിൽ എല്ലാവരും നല്ല സ്നേഹത്തോടെ ജോലിയിലുള്ള എന്റെ സംശയങ്ങൾ തീർത്തു തരുമായിരുന്നു.
ഇനി ഇതെങ്ങനെ ആയിരിക്കും, എന്നു ആലോചിച്ചുകൊണ്ടു ഒരു ഫയൽ എടുത്ത് റോബിന്റെ അടുത്തേക്ക് ചെന്നു.
ഇനി ഇതെങ്ങനെ ആയിരിക്കും, എന്നു ആലോചിച്ചുകൊണ്ടു ഒരു ഫയൽ എടുത്ത് റോബിന്റെ അടുത്തേക്ക് ചെന്നു.
ഉം ..എന്തെ ! എന്ന ഭാവത്തിൽ റോബിൻ നീതുവിനെ ഒന്ന് നോക്കി.
അതെ , ഈ ഫയലിനെ കുറിച്ച് ഒരു സംശയം ചോദിക്കാനാണ് , എന്നും പറഞ്ഞു നാക്കു തിരികെ വായിലേക്ക് എടുത്ത് വയ്ക്കുന്നതിനുമുമ്പു തന്നെ ഉടൻ വന്നു മറുപടി.
എന്നോടെന്തിന് ചോദിക്കണം, മാനേജരോട് ചോദിച്ചോളൂ.
അല്ലാ , നിങ്ങളല്ലേ ഇത് മുമ്പ് കൈകാര്യം ചെയ്തത്, അതാ ഞാൻ ചോദിച്ചത്.
ഞാൻ കൈകാര്യം ചെയ്തതു ആണെങ്കിലെന്താ , ഫയൽ മുഴുവൻ വായിച്ചു പഠിക്ക്, എന്നിട്ടു സംശയം ഉണ്ടെങ്കിൽ മാനേജരോട് ചോദിച്ചാൽ മതി.
ഈ സംസാരം മുഴുവൻ മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എങ്ങനെ ശ്രദ്ധിക്കാതിരിക്കും, അതു പോലെ ഉറക്കെ ആണ് മറുപടി തരുന്നത്.
ദുഷ്ടൻ, പരമ ദുഷ്ടൻ .. ഇനി ഇങ്ങനെ നിന്നാൽ നാറും എന്നു ചിന്തിച്ചു കൊണ്ട് നീതു അവിടെ നിന്നും വേഗം മുങ്ങി.
റോബിന്റെ ഗൗരവത്തോടെയുള്ള നടപ്പു കണ്ടപ്പോൾ , എന്തൊരു വല്ലാത്ത ജാഡ എന്ന് നീതു വിചാരിച്ചു. അവളും വിട്ടു കൊടുക്കാനും പോയില്ല. അവളും വല്യ ഗമയിൽ നടന്നു , പ്രത്യേകിച്ചും റോബിൻ കാൺകെ മാത്രം.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. നീതു പുതിയ ഓഫീസുമായും,അവിടത്തെ സഹപ്രവർത്തകരുമായും സൗഹൃദത്തിലായി.
ഒരുദിവസം, നീതുവിന്റെ അഡ്രസ് ചോദിച്ചു മേരിചേച്ചി വന്നു. എന്തിനാണെന്ന് ചോദിച്ചപ്പോൾ ,ഒരു കല്യാണക്കാര്യം ആലോചിക്കാനാണെന്നു പറഞ്ഞു. ഓഫീസിലെ പ്യൂൺ ആണെങ്കിലും മേരിചേച്ചി ആ ഓഫീസിലുള്ളവർക്കു പ്രിയപ്പെട്ടതായിരുന്നു.
അപ്പോൾ നീതു അപ്പച്ചൻ പറഞ്ഞത് ഓർത്തു, ആരെങ്കിലും കല്യാണക്കാര്യത്തിനാണെന്നു പറഞ്ഞു അഡ്രസ് കൊടുക്കുമ്പോൾ സ്വന്തം പേര് വച്ച് അഡ്രസ് കൊടുക്കരുതെന്ന്. എന്താന്നോ ,തനിക്കു കല്യാണം കഴിക്കാൻ ധൃതി കൂടുതലാണെന്നു മറ്റുള്ളവർ ധരിക്കാതിരിക്കാൻ.
ഏതായാലും , അപ്പച്ചൻ പറഞ്ഞത് ശിരസ്സാ വഹിച്ചു , നല്ല മര്യാദക്കാരിയായിട്ടുള്ള കുട്ടിയാണെന്ന് , അഡ്രസ് ചോദിച്ച മേരിചേച്ചി യെ യും ധരിപ്പി ക്കാനും , അഡ്രസ് മേടിക്കുന്ന ആളോട് മേരിചേച്ചിയെകൊണ്ട് നല്ല അഭിപ്രായം പറയിപ്പി ക്കാനും, അപ്പച്ചന്റെ പേരു വച്ച് അഡ്രസ് എഴുതിക്കൊടുത്തു. ഒരു പക്ഷെ , നല്ല ആലോചനയാണെങ്കിലോ, കർത്താവേ നീ കാത്തോളണേ എന്ന് പ്രാർത്ഥിച്ചു.
പിറ്റേന്നും, ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ട് മേരി ചേച്ചി വന്നപ്പോൾ , നീതുവിനു സംശയം ആയി. ഇത്ര അര്ജന്റ് ആയിട്ട് ആർക്കു ആലോചിക്കാനാണെന്നു , നീതു മേരിചേച്ചിയോടു ചോദിച്ചു. ആദ്യമൊന്നും മേരിചേച്ചി പറയാൻ തയ്യാറായില്ല.
എന്നാൽ അഡ്രസ്സും ഇല്ല എന്ന് നീതു പറഞ്ഞു.
അപ്പോൾ മേരിചേച്ചി പറഞ്ഞു, ഞാൻ പറയാം ,പക്ഷെ ആ വ്യക്തിയോട് ഒന്നും ചോദിക്കുകയോ , മുഖം വീർപ്പിക്കുകയോ ചെയ്യ്യരുതേ ...
ഇല്ല ..മേരിചേച്ചി പറഞ്ഞോ.. ആരാ ആ ....
പറയാം .. അതെ ..നമ്മുടെ റോബിൻ ഇല്ലേ… അവനു വേണ്ടിയാണു.
ന്ദേ .. ആണോ..നീതു ഞെട്ടിപ്പോയി.
നീതുവിന്റെ ഭാഷയിൽ അന്നത്തെ കൈപ്പേറിയ സംഭവത്തിനു ശേഷം അവൾ റോബിന്റെ മുന്നിൽ പെടാതെ പോയിട്ട്, ഒന്ന് നോക്കുക പോലും ചെയ്യ്യാറില്ലായിരുന്നു.
ഒരു നിമിഷം ആലോചിച്ചു, ആ പരിചയം ഉള്ള ആളല്ലേ ..അഡ്രസ് കൊടുത്തേക്കാം. എന്ന് വിചാരിച്ചു , ഇനി അഡ്രസ് ചോദിച്ചാൽ തരൂല്ല എന്ന് ശക്തമായി പറ ഞ്ഞിട്ടു അത് കൊടുത്തു.
അഡ്രസ് കിട്ടിയ ധൈര്യത്തിൽ , റോബിൻ നീതുവിനോട് സംസാരിക്കാൻ വന്നു.
അതെ എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട്.
ഉം ...എന്താ ...
ഞാൻ നീതുവിനെ ഒന്ന് ആലോചിച്ചോട്ടെ? വീട്ടിൽ അമ്മയോട് നീതുവിന്റെ കാര്യം പറയട്ടെ. എന്താ നീതുവിന്റെ അഭിപ്രായം?
ഇങ്ങനെ ചോദിക്കുകയാണെങ്കിലും ഗൗരവത്തിനു ഒരു കുറവും ഇല്ല.
ഇങ്ങനെ ചോദിക്കുകയാണെങ്കിലും ഗൗരവത്തിനു ഒരു കുറവും ഇല്ല.
എന്റെ തമ്പുരാനെ, വേണം എന്ന് പറയണോ അതോ വേണ്ട എന്ന് പറയണോ? നീതു ആകെ ഒരു കൺഫ്യൂഷനിൽ ആയി.
അവസാനം , നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന് നീതു പറഞ്ഞു.
ആ , എന്നാൽ ഞാൻ അമ്മയോട് പറയാം. അതിനുമുൻപ് നീതുവിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ഒന്ന് പറായാമോ? അമ്മയോട് പറയുമ്പോൾ വിശദീകരിച്ചു പറയാമല്ലോ.
അന്നേരം നീതുവിനു ഒരു ഗമ വന്നു. നീതു പറഞ്ഞു, ആദ്യം റോബിന്റെ വീട്ടിൽ ആരൊക്കെയുണ്ട് എന്ന് പറയൂ?
അപ്പോൾ റോബിൻ ചിരിച്ചു കൊണ്ട് പറഞ്ഞു ( റോബിനു ചിരിക്കാനും അറിയാം എന്ന് നീതു മനസ്സിൽ ഓർത്തു.), എന്റെ വീട്ടിൽ 'അമ്മ, പെങ്ങൾ, പെങ്ങളുടെ കല്യാണം കഴിഞ്ഞതാട്ടോ, പിന്നെ ജിമ്മി.
ആഹാ, ഈ ജിമ്മി ആരാ? പെങ്ങളുടെ ഭർത്താവു ആണോ? അതോ റോബിന്റെ അനിയൻ ആണോ?
ഇവരാരും അല്ല. എന്റെ വീട്ടിലെ പട്ടിയുടെ പേരാണ്.
ങാ.. വീട്ടിൽ ആരൊക്കെയുണ്ട് എന്ന് ചോദിച്ചപ്പോൾ പട്ടിയെ പോലും വിട്ടു കളഞ്ഞില്ല. സത്യസന്ധമായി എല്ലാം പറഞ്ഞു.
ഇനി നീതു പറയൂ.
അതോ, എന്റെ വീട്ടിൽ അപ്പച്ചൻ , അമ്മച്ചി, ഒരു അനിയത്തി,പിന്നെ, വല്യ മൊട്ട, കുഞ്ഞമൊട്ട, തടിച്ചി, കോലാപ്പി, ശക്ടു…. ഇത്രയും പറഞ്ഞു നിർത്തി. ഇനി ആരെങ്കിലും ഉണ്ടോ എന്ന് നീതു ഓർത്തു നോക്കി.
അല്ല, ഇവരൊക്കെ ആരാ.റോബിനു ജിജ്ഞാസ ആയി.
ഓ അതോ എന്റെ വീട്ടിലെ മുട്ട കോഴികളുടെ പേരാ...ഗിരിരാജൻ വർഗ്ഗത്തിൽ പെട്ടതാ...
ഹെന്റമ്മേ...റോബിൻ തലയിൽ കൈയ്യ് വച്ച് പോയി.
നീതുവും സത്യസന്ധമായല്ലേ റോബിനോട് പറഞ്ഞത്. അത് തെറ്റായിപ്പോയോ?
സുമി ആൽഫസ്
***********************
***********************
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക