Slider

"മമ്മ, ഡിന്നർ ഈസ് റെഡി ഓൺ ദി ടേബിൾ "

0

"മമ്മ, ഡിന്നർ ഈസ് റെഡി ഓൺ ദി ടേബിൾ "
മരുമകളുടെ വാട്സ് അപ്പ് മെസ്സേജ്.
കൃത്യം 8 മണി ആയാൽ ഡിന്നർ കഴിക്കണമെന്ന നിർബന്ധമാണ് മക്കൾക്ക്.
മകനും മരുമകളും ഡോക്ട്ടർ ആയതിനാൽ വീട്ടിലെ എല്ലാ കാര്യങ്ങൾക്കും പ്രതെയ്ക ചിട്ടയാണ്. എല്ലാം നിശ്ചിത സമയത്തു ചെയ്യണം.
ഇരു നിലക്കെട്ടിടത്തിൽ മുകളിലെ ഭാഗം മുഴുവനും എനിക്കുള്ളതാണ്,അവിടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ കൂടാതെ താഴെ ഉള്ളപോലെതന്നെ വിശാലമായ അടുക്കളയും, അടുക്കളയിൽ സ്പൂൺ മുതൽ ഓവൻ വരെയുള്ള പാത്രങ്ങളും, ഗ്യാസും സ്ററൗവുമെല്ലാം ഉണ്ട്. പിന്നെ വലിയൊരു ഹാളും ഹോം തീയേറ്ററും, ബാത്രൂം അറ്റാച്ഡ് ബെഡ്‌റൂമും എല്ലാത്തിനുമുപരി ടെറസിൽ സ്വിമ്മിങ് പൂളും ഒരുക്കിയിരിക്കുന്നു.എല്ലാം മകൻ ഉണ്ടാക്കിയതാണ്.
ഞാൻ കണ്ടിരുന്ന 'ദി ഫോറെസ്റ് ' എന്ന ഇംഗ്ലീഷ് മൂവി പോസ് ആക്കി റൂമിൽ നിന്നും ഡയ്‌നിങ് ടേബിളിനരികിലേക്ക് നീങ്ങി. പതിവുപോലെ കല്യാണി അവിടെ കാത്തിരിക്കുന്നുണ്ട്. എന്നും ഭക്ഷണം കഴിക്കുമ്പോൾ വാ തോരാതെ സംസാരിക്കുന്ന കല്യാണി ഇന്ന് മൗനത്തിലാണ്. കാര്യമെന്താണെന്ന് അന്വേഷിക്കുമ്പോഴല്ലേ മനസ്സിലായത്.
കല്യാണി നാളെ മുതൽ വരില്ല. വീട്ടിൽ പേരക്കുട്ടിക്ക് സുഖമില്ല. ബ്രെയിൻ ഓപ്പറേഷൻ വേണമത്ര.
" എനിക്ക് കുഴപ്പല്ലാട്ടോ..... രാത്രിയിൽ ഇവിടെ ഒറ്റയ്ക്ക് കിടക്കേണ്ടി വരുമെന്നെ ഉള്ളൂ, എന്നാലും താഴെ മക്കളുണ്ടല്ലോ.....
പിന്നെ എന്റെ രാജ് എപ്പോഴും കൂടെയുണ്ട്.ഇവിടെ മുഴുവനും രാജിന്റെ ഗന്ധമുണ്ട്. അദൃശ്യമായി നിന്നുകൊണ്ട് എന്നെ വീക്ഷിക്കുന്നുണ്ട്. എന്നോട് സംസാരിക്കുന്നുണ്ട്. അപ്പൊ നിക്ക് ഒറ്റയ്ക്കാണെന്ന തോന്നലുണ്ടാവില്ല.
എന്നാലും കല്യാണി രാജു നമ്മെ വിട്ടുപോയ മുതൽ നമ്മളോരുമിച്ചു ഒരു റൂമിൽ കിടന്ന്. എനിക്ക് കല്യാണിയെ മിസ്സ് ചെയ്യും. പക്ഷെ, കൊച്ചുമോളെ അസുഖം മാറട്ടെ..... ഓപ്പറേഷനുള്ള പൈസ ഞാൻ തരാം".
ഇത്രയും കേട്ടപ്പോൾ കല്യാണി കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു.
"ഈ സ്നേഹത്തിനു എങ്ങനെ നന്ദി പറയണമെന്നറിയില്ല. ഇത്രയും വലിയ മനസ്സുള്ള ആളെ വേറെ ഞാൻ കണ്ടിട്ടില്ല ".
ഭക്ഷണം കഴിച്ചുകഴിഞ്ഞു കല്യാണി ഉറങ്ങാൻ കിടന്നു. ഞാൻ മുമ്പ് കണ്ടു വച്ച സിനിമയുടെ ബാക്കി കാണാൻ തുടങ്ങി. കുറെ കണ്ടു കഴിഞ്ഞപ്പോൾ പുറത്തെന്തോ ശബ്ദം കേട്ടത് പോലെ, " സാറ കുട്ടിയേ....... "
രാജിന്റെ ശബ്ദമാണ്. ഞാൻ മെല്ലെ കോണി പടികൾ ഇറങ്ങി വാതിൽ തുറന്ന് ശബ്ദം കേട്ടഭാഗത്തേക്ക് നടന്നു. നടക്കുന്തോറും ശബ്ദം അകന്നു പോകുന്നു. ഞാൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി.
കുറെ ചെന്നെത്തിയപ്പോൾ ഒരു ബോർഡ് കണ്ടു.
“Your life is a precious gift from your parents,” and “Please consult the police before you decide to die!”
ഈ എഴുത്തുകൾ കുറച്ചു നേരം നോക്കിനിന്നു.വലിയൊരു കാടാണ്. ഞാൻ ഉള്ളിലേക്ക് നടന്നു. ആളുകളുടെ ശബ്ദമില്ലാത്തൊരിടം, ഇരുട്ടിന്റെ ഭയപ്പാടിലും എന്തിനെയോ തേടിപ്പോകുന്ന നിശബ്ദസംഗീതം ശ്രവിക്കാൻ വെമ്പൽ കൊള്ളുന്നപോലെ വേഗത്തിൽ നടന്നു.
നീണ്ടു നിവർന്നുനിൽക്കുന്ന പടുകുറ്റൻ മരങ്ങൾ ആകാശത്തെ ചുംബിക്കുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നു. ഉള്ളിലേക്ക് നടക്കുംതോറും ആകാംഷ കൂടിക്കൂടി വരികയാണ്. ഇരുട്ട് ചുറ്റുംപടർന്ന് പന്തലിച്ചിരിക്കുന്നു. പക്ഷികളുടെ പാട്ടും മൃഗങ്ങളുടെ ശബ്ദവും ഒന്നുമില്ല. ഇത് വരെ കിട്ടാത്ത ഒരു സ്വാതന്ത്ര്യം കിട്ടിയത് പോലെ. ഒറ്റയ്ക്ക് കാടിന്റെ നിശബ്ദസംഗീതത്തിൽ ലയിച്ചു കയ്യിലെ ടോർച്ചും കത്തിച്ചു ഒരു ലക്ഷ്യവുമില്ലാതെ മുന്നോട്ട് നടക്കാൻ എന്ത് രസമാണ്.
'ഓക്കിഗഹരാ ഫോറെസ്റ് 'എന്ന് ഇംഗ്ലീഷിലും ജാപ്പനീസിലുമൊക്കെ എഴുതിയ ബോർഡ് കാണുന്നുണ്ട്. ഇത് ഞാൻ കണ്ട 'ദി ഫോറെസ്റ്' എന്ന സിനിമയിലെ ജപ്പാൻ കാടാണല്ലോ....
ഞാനെങ്ങനെ ഇത്രേം ദൂരം നടന്നെത്തി. ഇങ്ങോട്ടു എന്നെ കൊണ്ട് വന്നത് രാജു ആയിരിക്കുമോ ? എങ്കിലെന്തിനു ? ഇവിടെ, ആത്മഹത്യ ചെയ്യാൻ പറ്റിയ സ്ഥലം. ഈ കാടിന്റെ നിഗൂഢതയും നിർവചിക്കാനാവാത്ത ഭംഗിയും ഏറെ ആകർഷിക്കുന്നതാണ്. സിനിമയിൽ ഈ കാടിനെക്കുറിച്ചു നന്നായി കണ്ട പരിജയം ഇപ്പോൾ നേരിട്ട് കാണുന്നു.
നടന്ന ദൂരം അറിഞ്ഞില്ല. കാലിലെന്തോ തങ്ങിയിരിക്കുന്നു. നോക്കിയപ്പോൾ കണ്ടത് മനുഷ്യന്റെ തലയോട്, പേടിച്ചു ഓടാൻ തുടങ്ങിയപ്പോൾ മരങ്ങളിൽ തൂങ്ങിക്കിടക്കുന്നു മനുഷ്യന്റെ ജഡങ്ങൾ. ഇവ തന്നെ പിന്തുടരുന്നതുപ്പോലെ....മരിച്ചാലും അടങ്ങിക്കിടക്കൂലേ, തന്റെ പുറകെ എന്തിനിവർ വരുന്നു. ഞാനോടി...... ഓട്ടത്തിനിടയിൽ ചെന്ന് വീണത് വലിയൊരു കുഴിയിൽ.
അയ്യോ......... എന്നെയാരെങ്കിലും രക്ഷിക്കണേ.....
"സാറാ........... ഒച്ചവെച്ചിട്ടാര് കേൾക്കാനാണ്. നിനക്കൊരാപത്തും വരില്ല. നിന്റെ രാജ് ഉണ്ടിവിടെ "
രാജ്‌കുമാർ എന്നെ വിട്ടുപോയിട്ട് വർഷങ്ങൾ ആറു കഴിഞ്ഞു. ഇപ്പോഴിതാ എന്റെ മുമ്പിൽ രാജ്. മരണപ്പെട്ട എന്റെ പ്രിയൻ എങ്ങനെ ഇവിടെയെത്തി.
"സാറാ, ഞാനെപ്പോഴും നിന്റെ കൂടെത്തന്നെയുണ്ട്. നീ അറിയാതെ നിന്റെ നിഴലായി. നിനക്കൊരാപത്തും വരാൻ ഞാൻ സമ്മതിക്കില്ല."
"രാജ്, നാളെമുതൽ കല്യാണി ഉണ്ടാവില്ല.ഞാൻ തനിച്ചാകും മുകളിലത്തെ നിലയിൽ. സംസാരിക്കാനാരുമില്ലാതെ, നമ്മുടെ മോൻ കൊടുത്തു വിടുന്ന ഇംഗ്ലീഷ് സിനിമകളും കണ്ടിരിക്കും. ടീവി യിലെ ചാനലിലും ഇംഗ്ലീഷ് മാത്രമേ ഉള്ളു രാജ്. ഇംഗ്ലീഷ് പഠിക്കാൻ വേണ്ടിയത്രെ.....
രാജിനായിരുന്നില്ലേ നിർബന്ധം മോൻ ഡോക്ട്ടറാവണമെന്നു, നമ്മുടെ വീടും പറമ്പുമെല്ലാം വിറ്റു അവനെ ഡോക്ടറാക്കി, അവന്റെ നിലക്കൊത്ത പെണ്ണിനേയും കിട്ടി . എല്ലാ സൗകര്യങ്ങളോട് കൂടിയ വീട് തന്നെയാ മോൻ പണിതത്.എന്നിട്ടും എനിക്ക് ഒറ്റപ്പെടൽ തോന്നുന്നു.
അവിടെ വല്ലാത്ത നിയന്ത്രണങ്ങളാണ്. അയൽവാസികളുടെ അടുത്തേക്ക് പോകാൻ സമ്മയ്ക്കൂല. എല്ലാരും വല്യ പാർട്ടിക്കാരല്ലേ.... എന്റെ പൊട്ടത്തരങ്ങൾ മക്കൾക്ക് മാനക്കേടായാലൊ കരുതിയാവും.
പഴയ രീതിയിലുള്ള ഭക്ഷണമൊന്നും മക്കൾക്ക് പറ്റാണ്ടായി. ബ്രോസ്റ്റും പിസ്സയുമൊക്കെയാണ് മിക്കപ്പോഴും. എനിക്കതൊക്കെ കഴിച്ചു മടുത്തു. ചില ദിവസങ്ങളിൽ ഞാൻ തന്നെ ഉണ്ടാക്കിക്കഴിക്കും. അതിനുള്ള സൗകര്യമൊക്കെ മുകളിലുണ്ട്.
താഴോട്ട് വല്ലാതെ ഞാൻ പോകാറില്ല. അവിടെ മക്കളും രോഗികളും ചികിത്സയുമൊക്കെയാ..."
" നമ്മുടെ പേരമക്കൾ അനുവും മനുവും എന്ത് പറയുന്നു ?"
" അവർക്കെന്നെ വല്യ ഇഷ്ടാണ്. പക്ഷെ, അവരോട് എന്റെ സ്റ്റൈലിൽ മിണ്ടാൻ പറ്റൂല. അവരെങ്ങാനും എന്നെ അനുകരിച്ചാലോ.ക്ലാസ്സിലെ മിടുക്കന്മാരാ..... ന്താ മക്കളുടെ ഇംഗ്ലീഷ്, സംസാര സ്റ്റൈൽ, സായിപ്പന്മാരെപ്പോലെണ്ട്.
മുമ്പൊക്കെ എല്ലാ ഞാനയറാഴ്ചകളിലും ടെറസിലെ സ്വിമ്മിങ് പൂളിൽ കളിയ്ക്കാൻ കൊച്ചുമക്കൾ വരുമായിരുന്നു. എന്ത് രസായിരുന്നു പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും കുട്ടികളോടൊത്തു കളിയ്ക്കാൻ. ഇപ്പോൾ അവരെയും എന്റെ അടുത്തേക്ക് വിടുന്നില്ല. എപ്പോഴും പരീക്ഷകളും പഠനവുമൊക്കെയാണ്".
സാറയുടെ വിശേഷങ്ങളെല്ലാം കേട്ട രാജ് പറഞ്ഞു :
" എല്ലാം ശരിയാകും സാറക്കുട്ടിയെ.......
നീ ഇപ്പോൾ പോകു.... നിനക്കിനി 15 min. സമയമുള്ളൂ ".
" അതെന്താ രാജ് ?"
" നിന്റെ അലാറം അടിക്കാനായി. അതോടെ നീ ഉണരും. ഇപ്പോൾ നീ സ്വപ്നത്തിലാണ് ".
ശരിയാണ്, കുറച്ചു നേരം കഴിഞ്ഞപ്പോൾ അലാറം അടിച്ചു. ഞാൻ ഞെട്ടിയുണർന്നു. തലേന്ന് കണ്ട സിനിമ നല്ലവണ്ണം തലക്കു പിടിച്ചിരിക്കുന്നു. സ്വപ്നത്തിൽ രാജിനെയും കാണാനായി. ഫോണിൽ മെസ്സേജ് ഉണ്ട്. ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി ചെല്ലാൻ. ഞാൻ എണീറ്റ് പ്രഭാത കൃത്യങ്ങളൊക്കെ കഴിഞ്ഞു ചായ കുടിക്കാൻ നിൽക്കവേ പതിവില്ലാതെ മക്കൾ രണ്ടു പേരും എന്റെ അടുക്കൽ വന്നു തലകുനിച്ചു നിൽക്കുന്നു.
" എന്താ പറ്റിയെ മക്കളെ, എന്തോ പറയാനുള്ളത് പോലെ?"
"മമ്മാ........... ഞങ്ങൾക്ക് അമേരിക്കയിലേക്ക് നല്ലൊരു ഓഫർ കിട്ടി.ഇവിടുന്നു കിട്ടുന്നതിനേക്കാളും മൂന്നിരട്ടി ശമ്പളം കിട്ടും ".
" അതിപ്പോ നല്ല കാര്യല്ലേ..... നമുക്കെല്ലാം അങ്ങോട്ട് പോകാം ".
മക്കൾ ഒന്നും മിണ്ടുന്നില്ല. മുഖത്തു എന്തോ വിഷാദമുള്ളതു പോലെ.
"ഇനിയെന്താ മക്കളെ പ്രശ്‌നം ???
എന്തായാലും ഈ മമ്മയോട് പറയൂ....... ".
" മമ്മ ഞങ്ങൾക്കും കുട്ടികൾക്കുമുള്ള വിസയെ റെഡി ആയിട്ടുള്ളു...... ഞങ്ങളാദ്യം അവിടെ സെറ്റിലായി മമ്മയുടെ വിസ ശരിയാവാക്കാം. ഒരു വർഷമെങ്കിലും സമയം വേണ്ടി വരും.
അത് വരെ മമ്മ, പത്തനംതിട്ടയിലുള്ള 'ഗാന്ധിഭവനിൽ' നിൽക്കണം.സ്വന്തത്തെപ്പോലെ നോക്കുമവർ. മമ്മയ്ക്ക് ഒരു കുറവും ഉണ്ടാവില്ല".
മോന് എങ്ങനെയൊക്കെയോ പറഞ്ഞു നിറുത്തി.എന്റെ ഒറ്റ മോന്റെ ആഗ്രഹം. കേട്ടപ്പോൾ ഞെട്ടിയെങ്കിലും ഉള്ളിലെ വേദന പുറമെ കാണിക്കാതെ ഞാനിങ്ങനെ പറഞ്ഞു.
" അതിനിപ്പെന്താ മോനെ,, ഒരു വർഷമല്ലേയുള്ളു... ഞാനതു അഡ്ജസ്റ്റ് ചെയ്തോളാം.മക്കള് പൊയ്ക്കോളൂ.... "
ഒരുവർഷം പോയിട്ട് ഒരുദിവസം പോലും മക്കളെ കാണാതെ നില്ക്കാൻ എന്നെക്കൊണ്ടാവില്ലെന്നു എന്റെ മനസ്സപ്പോൾ മന്ത്രിക്കുന്നുണ്ടായിരുന്നു.
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ. കുഞ്ഞായിരുന്നപ്പോൾ മോൻ ചർദിക്കുമെന്ന പേടികാരണം തൊട്ടിലിൽ കിടത്താതെ എന്റെ തോളത്തു കിടത്തി പാട്ടും പാടി നടന്നുറക്കിയ മോനാണിപ്പോൾ ഇങ്ങനെ പറഞ്ഞത്. എന്റെ വേദനകൾ ആരറിയാനാണ് ദൈവമേ.... എന്റെ ദുഃഖങ്ങൾ വിപ്ലവമായി മാറുന്നു, എന്നോട് തന്നെ പോരാടുന്നു ഓരോ നിമിഷവും അതിജീവിക്കാൻ മകന്റെ ഓർമകളുമായി.
എന്നെ ആർക്കും വേണ്ടാത്ത ഈ നാടും, വീടും എനിക്ക് വിഷവാതകം നൽകുന്നു. ഇവിടെ നിൽക്കാനാവുന്നില്ല. ഞാനിറങ്ങി നടന്നു. നടന്നു നടന്നു ഈ നാട് വിടാൻ..... എനിക്ക് ഭേദം കാടാണ്, അവിടെ ആരും എന്നെ അറിയില്ല.... ചെടികളും മരങ്ങളും അരുവികളും പക്ഷികളും മൃഗങ്ങളും... എനിക്ക് നല്ല വായു ശ്വസിക്കണം. ഞാൻ കാട് ലക്ഷ്യമാക്കി തന്നെ നടന്നു.
കാടിനുള്ളില്ലേക്ക് കയറി. പിന്നോട്ട് നോക്കാതെ ആരോടും പരാതിയില്ലാതെ.....
" സാറക്കുട്ടിയെ...... "
പിന്നിൽ നിന്നുമുള്ള ഈ സ്വരം, നോക്കിയപ്പോൾ രാജ്.
"സാറ, നമുക്ക് ഈ വഴി പോകാം ".
എന്റെ കൈപിടിച്ചു രാജ് കാണിച്ചു തന്ന വഴികളിലൂടെ ഞാനും നടന്നു.
ശുഭം
സാജിത മുഹമ്മദ്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo