Slider

ഒരു മൊബൈൽ പ്രണയകഥ

0
ഒരു മൊബൈൽ പ്രണയകഥ
-----------------------
"ഹായ് ഡാർലിങ് ,എഴുന്നേറ്റില്ലേടാ ഇത് വരെ " മെസഞ്ചർ ഇൻബോക്സ് തുറന്നപ്പോ കെട്ടീയോന്റെ മെസേജ് ആദ്യം അന്നാമ്മേടെ കണ്ണിലുടക്കി.പക്ഷെ അപ്പോഴേക്കും സമയം ഉച്ചകഴിഞ്ഞ് മൂന്നരയായിരുന്നു .കെട്ടിയോൻ ഭക്ഷണവും കഴിച്ച് മൊബൈലിന്റെ റേഞ്ചും നോക്കി പുറത്ത് പോയിരിപ്പാണ് .
ഫേസ് ബുക്കിൽ അന്നമ്മ ,ജാസ്മിൻ ജോസാണ് .അതിയാന് മുല്ല പൂക്കൾ ഭയങ്കര ഇഷ്ടാത്രെ! അന്നാമ്മയോടല്ല ജാസ്മിനോടാണത് പറഞ്ഞതെന്ന് മാത്രം. ഇപ്പോഴുo മൂപ്പർക്കറിയില്ല ജാസ്മിൻ അന്നാമ്മയാണെന്ന് .അവരൊന്നും അറിഞ്ഞമട്ട് ഇത് വരെ കാണിച്ചുമില്ല .മറ്റൊരാളായിട്ടാണെങ്കിലും സ്വന്തം കെട്ടിയോനോട് ഒന്ന് സൊള്ളിയിരിക്കണ സുഖം അവരിപ്പഴാ അറിയണത്.
മുൻപാണെങ്കിൽ എന്നും വൈകീട്ട് വയലിലെ പണി കഴിഞ്ഞ് വയറ് നിറയെ കള്ളും മോന്തി ഒരു വരവാ. ഒരൊന്നൊന്നൊര
വരവ് തന്നെ. അത് നാലാളറിയും. തന്നോട് കുറെ നേരം സംസാരിച്ചിരിക്കും, പക്ഷെ അയൽക്കാർക്ക് ഉറങ്ങാൻ കഴിയാറില്ല. തൊട്ടും ഉരുമ്മിയും പിന്നാലെ കൂടും ,പക്ഷെ അടുത്ത ദിവസത്തേക്ക് തന്റെ മുഖവും നടുവും നീര് വെച്ച് വീർത്തിരിക്കും. എന്നാലും തന്നോടങ്ങേര് തെറി വിളിക്കാനേലും ഒന്ന് മിണ്ടുമായിരുന്നു. ഇപ്പൊ സദാ സമയവും ഈ മൊബൈലിൽ തോണ്ടിയിരിപ്പല്ലേ. എന്നാലും എന്റെ കർത്താവേ ഈ ചെയ്ത് എന്നോട് വേണ്ടാർന്നു.മദ്യനിരോധനമേ ,ഇപ്പോ അതിലും വലിയ കുരിശായീ ഈ ഓൺലൈൻ ചാറ്റിങ് .ഒന്നടിക്കാൻ പോലും അങ്ങേരെന്റെ നേരെ വരണില്ലാന്നേ. ചായയെന്തിയേടീ? എന്റെ മുണ്ട ലക്കിയതെവിടടീ മരക്കഴുതേ, ന്നൊന്നും ചോദിക്കണില്ല. ഈ തൊണ്ടലിന്റെ ടേല് എന്തേലും കിട്ടിയാ കഴിക്കും, ഉടുക്കും അത്ര തന്നെ .
അന്നാമ്മക്കാച്ചാ ഈ കുന്ത്രാണ്ടത്തിന്റെ ഓപ്പറേഷനൊന്നും അറിഞ്ഞൂടാ .അപ്പഴാ ലില്ലിക്കുട്ടീടെ ജർമനിലെ നഴ്സ് മരുമോള് ജൂലിയ നാട്ടീ വന്നത്. അവളാ " ഇന്നാ അമ്മച്ചിയേ, ഇനി ചേട്ടായിയേയോ അച്ചാച്ച നേയോ വിളിക്കണം ച്ചാ സുഖല്ലേ മാത്രല്ല ബോറടി മാറ്വേം ചെയ്യും"ന്ന് പറഞ്ഞ് ഇതിന്റെ ഓപ്പറേഷൻ പഠിപ്പിച്ചത് .
അതിയാനെക്കുറിച്ച് നേരത്തെ നല്ല ധാരണ ഉള്ളോണ്ടാ ഞാൻ ജാസ്മിൻന് പേരും വെച്ച് ഒരു സുന്ദരിപ്പെൺകൊച്ചിന്റെ പടോം വച്ചങ്ങ് തുടങ്ങിയത്. എന്റച്ചായന് ഇത്രേം നന്നായി സംസാരിക്കാനും സുഖവിവരം അന്വേഷിക്കാനും കഴിയുംന്ന് ഇപ്പഴാ എനിക്ക് മനസിലായത് .എന്നാലും എനിക്കെന്താ അങ്ങേരുടെ ഈ നല്ല മനസ് ഇത് വരെ കാണാൻ കഴിയാഞ്ഞതെന്റ മാതാവേ .ഇപ്പൊ ഞാൻ എഴുന്നേറ്റോ, ചായ കുടിച്ചോ, അസുഖം വല്ലതും ഉണ്ടോ ന്നൊക്കെ അങ്ങേര് അന്വേഷിക്കും - ജാസ്മിനോടാന്ന് മാത്രം. മുല്ലപ്പൂക്കൾ മൂപ്പർകിഷ്ടാന്ന് പറഞ്ഞപ്പോ ഒരിക്കൽ ഞാൻ മുല്ലപ്പൂവും ചൂടി മൂപ്പരെ മുന്നീക്കൂടി പലവട്ടം അങ്ങടും ഇങ്ങടും നടന്നു. എവടന്ന് --മൂപ്പരൊന്നും അറിഞ്ഞത് പോലുല്ല .പാവം ആ ജാസ്മിനെ കുറിച്ചുള്ള വേവലാതി ആണെന്നെനിക്കറിയാം .കാരണം രണ്ടീസായിഅവക്ക് ഭയങ്കര തലവേദനയായിരുന്നല്ലോ .എന്നാപ്പിന്നെ ഇനിയവളെ യങ്ങ് കൊന്നാലോ ?അല്ലേ വേണ്ട പിന്നെ അങ്ങേരോട് ഇപ്പഴത്തെ കൂട്ട് കൂടി മിണ്ടാനൊക്കേലാ.
അച്ചായൻ കൊറെ ദെവസായി പറയാൻ തൊടങ്ങീട്ട്, ജാസ്മിനേ അന്നെ നിക്കൊന്ന് കാണണം ട്ടൊന്ന് .കെട്ടിയോനല്ലെഅനുസരണക്കേട് കാട്ടണ്ടാ ന്ന് പാവം അന്നാമ്മയും കരുതി .കുരിശു കവലേന്ന് പടിഞ്ഞാട്ടുള്ള റോഡില് ഒരാൽമരമുണ്ട്.അവിടെ ചുവപ്പ്ചുരിദാറും ഇട്ടോണ്ട് വരാൻഅങ്ങേര് .ചുവപ്പ് ഷർട്ടും നീല ജീൻസും ഇട്ടോണ്ട് വരാന്ന് മൂപ്പരും .ഞായറാഴ്ച കുർബാനയും കഴിഞ്ഞ് അലക്കി തേച്ച ചട്ടയും മുണ്ടും ധരിച്ച് ഞാനങ്ങനെ ആലിനടുത്തെത്തി. (ഈ പ്രായത്ത് ഇനി ചുരിദാറിട്ടാൽ എങ്ങനുണ്ടാവോ ആവോ ?) അച്ചായനെ ഏതായാലും ചുള്ളനായി ഒന്ന് കാണാലോ എന്ന് കരുതി കാത്ത് നിൽക്കുമ്പോ ദൂരേന്ന് ഒരു ചെമന്ന നിറം. വടക്കേലെ മറിയേടെ രണ്ടാമത്തെമോള് സൂസീടെ ഇളയ മോൻ അഭി. അപ്പൊ അച്ചായന്റെ പേരും പടോം ഇട്ടോണ്ട് ഇത്ര കാലം എന്നോട് സൊള്ളിയത് ഇവനായിരുന്നോ ?എന്റെ പുണ്യാളാ ,അച്ചായനപ്പൊ ഇത്രയും കാലംശരിക്കും സൊള്ളിയത് ആരോടാ ?
അന്നാമ്മക്ക്േബാധം വീണത് ഏതോ ഒരു ആശുപത്രിക്കിടക്കയിലായിരുന്നു..അടുത്തിരിക്കുന്ന കെട്ടിയോൻഅപ്പോഴുംമൊബൈലിൽനോക്കി എന്തോ ഓർത്ത് ചിരിക്കായിരുന്നു
------------ധന്യബിപിൻ- - - - - - - -.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo