ഓർമ്മ ചിരാതുകൾ
1987 ജനുവരി മാസത്തിലായിരുന്നു ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം ഉണ്ടായത്.
അനന്തപത്മനാഭന്റെ കിഴക്കേ നടയിലാണ് ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത് .വെള്ളക്കോട്ട കേറി വരുമ്പോൾ വലതു സൈഡിലായി ഒരു കൊട്ടിയമ്പലത്തിനകത്താണ് എന്റെ വീട്. എന്റെ ബാല്യക്കാലം അവിടെയായിരുന്നു.
അച്ഛന്റെയും ,അമ്മയുടെയും ബന്ധു ജനങ്ങളുടെയും സ്നേഹ വാൽസല്യങ്ങൾ നുകർന്ന് കഴിയുകയാണ്.
അച്ഛന്റെയും ,അമ്മയുടെയും ബന്ധു ജനങ്ങളുടെയും സ്നേഹ വാൽസല്യങ്ങൾ നുകർന്ന് കഴിയുകയാണ്.
അവിടെയടുത്തുള്ള ഒരു നേഴ്സറിയിൽ ആയിരുന്നു ഞാൻ ആദ്യമായി അക്ഷരങ്ങൾ പഠിച്ചു തുടങ്ങിയത് .അപ്പുപ്പന്റെ കൈയും പിടിച്ച് നടന്നു പോവുമ്പോൾ പാട്ടും പാടിയും ,കുറുമ്പും കാണിച്ചും ,വഴിയരുകിൽ നിറയെ മഞ്ഞയും ,വയലറ്റ് നിറമുള്ള പൂവുകളും പെറുക്കി നടക്കുമായിരുന്ന ഒരു ബാല്യം എനിക്കുണ്ടായിരുന്നു.
അച്ഛൻ കിഴക്കേ നടയിലുള്ള ചുമട്ടുതൊഴിലാളിയായിരുന്നു. ഭഗവാന്റെ നടയിൽ അച്ഛന് ഒരു കടയും ഉണ്ടായിരുന്നു. അവിടെ തടിയിൽ തീർത്ത ആനയും ,കുതിരയും ,വിൽക്കുമായിരുന്നു. അതൊക്കെ കാണുമ്പോൾ ഒരു അഭ്ഭുതമായിരുന്നു എനിക്കന്ന് .......
വിശ്ചികം മാസം തുടങ്ങി കഴിഞ്ഞാൽ ശബരിമലയിൽ പോയിട്ട് വരുന്ന ഭക്തന്മാരെല്ലാം അനന്തപത്മനാഭനെയും കണ്ടിട്ടേ തിരിച്ചു വീട്ടിലേയ്ക്ക് മടങ്ങുകയുള്ളൂ.. ആ സമയത്ത് അവിടെ നല്ല തിരക്കാണ് .ആ നാട്ടിലുള്ള കച്ചവടക്കാർക്ക് ഒരുൽസവക്കാലമാണ് .
ജനുവരി മാസമാവുമ്പോൾ മകരവിളക്ക് കണ്ട് മടങ്ങുന്നതോടേ ഉൽസവ മാമാങ്കം തിരശ്ശീല വീഴും.
അങ്ങനെ ഒരു മകരമാസത്തിലെ കച്ചവടമൊക്കെ കഴിഞ്ഞ് എന്റെ അച്ഛനും ഞങ്ങളും കിടന്നുറങ്ങി. ഒന്നര ,രണ്ടര മണിക്ക് മഴ പെയ്യുന്ന ശബ്ദം പോലെ കേട്ടാണ് എന്റെ അമ്മ ഉണർന്നത്. അടുത്ത് കിടന്ന അച്ഛനെ വിളിച്ചിട്ടും ക്ഷീണത്തിൽ ഉറങ്ങുന്ന അച്ചൻ ഉണർന്നില്ല .വെളിയിൽ എന്റെ ഡാൻസിന്റെ ഡ്രസ്സുകൾ എടുക്കാനായി പുറകേയുള്ള വാതിൽ തുറന്നപ്പോഴാണ് അമ്മ ആ കാഴ്ച കാണുന്നത്.
അടുക്കള ഭാഗവും കടന്ന് നീളൻ വരാന്തയുടെ നടുക്ക് എത്തിയിരിക്കുന്നു "തീഗോളം ".. മകരമാസത്തിൽ വെയിൽ കൊണ്ട് ഓല മേഞ്ഞ വീട്ടിൽ ഒരു തീപ്പൊരി വീണാൽ വെണ്ണീറാകാനായി കാത്തു കിടക്കുകയായിരുന്നു .
അമ്മ ഞെട്ടി. ഏട്ടാ നമ്മുടെ വീട് ആ ഒരു വാക്കേ അമ്മയിൽ നിന്ന് വന്നുള്ളൂ. അമ്മയുടെ നിലവിളി കേട്ട് അച്ഛൻ ഉണരുമ്പോൾ ഞങ്ങളെ നാലുപേരേയും വിഴുങ്ങാനായി തീഗോളം അടുത്തെത്തിയിരുന്നു .. അച്ഛന് ആ ഒരു നിമിഷം മതിയായിരുന്നു. തറയിൽ കിടക്കുന്ന എന്നെയേയും ,എന്റെ അനിയനേയും അച്ഛൻ വാരിയെടുത്തു.മുൻവാതിൽ തുറന്ന് ഞങ്ങളെ കൊണ്ട് പുറത്ത് കടന്നപ്പോഴേക്കും ..... തീ ആ വീടിനെ പൂർണ്ണമായും വിഴുങ്ങി കഴിഞ്ഞിരുന്നു.
കൊട്ടിയമ്പലത്തിന്റെ നടയിൽ എന്റെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന എന്റെ അച്ഛനെ ഞാൻ നോക്കി നിന്നു..
പിന്നേ പല ,പല വീടുകളിൽ വാടകയ്ക്ക് താമസിച്ചായിരുന്നു ഞങ്ങളുടെ ജീവിതം മുന്നോട്ട് പോയത്. ഒരു പാട് ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. ബക്കറ്റിൽ വെള്ളം നിറച്ച് വച്ചിട്ട് പോയാൽ തിരിച്ചു വരുമ്പോൾ ബക്കറ്റിനെ പിച്ചാത്തി കൊണ്ട് കീറി അതിലെ വെള്ളമൊക്കെ പുറത്ത് പോയിരിക്കും. പകൽ സമയങ്ങളിൽ മറ്റുള്ളവരുടെ വീട്ടിൽ കറന്റ് ഉണ്ടായിരിക്കുമ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ കാണില്ല. ടി.വി കാണാൻ ചെന്നിരിക്കുമ്പോൾ ടി.വി ചീത്തയായി പോയെന്ന് പറയുന്നവർ,,, അന്നൊക്കെ എന്റെ അനിയൻ പറയുമായിരുന്നു. ഞാൻ വലുതായി ജോലിയൊക്കെ കിട്ടി ... വീട് വച്ച് ഇതുപോലെ ആളുകൾക്ക് താമസിക്കാൻ കൊടുക്കണമെന്ന് .... പക്ഷെ ഇതു പോലെയൊന്നും ചെയ്യില്ലയെന്ന്.
1995 ലാണ് അച്ഛൻ വീട് വയ്ക്കാൻ സ്ഥലം വാങ്ങുന്നത് .
വർഷങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു.2003 നവംബർ മാസമായപ്പോഴാണ് ഞങ്ങളുടെ സ്വപ്നമായ ഒരു വീട് എന്ന സങ്കൽപം പൂർത്തികരിച്ചത്. ഗ്യഹപ്രവേശത്തിന്റെ സമയമടുത്തപ്പോൾ എന്റെ അച്ഛന്റെ കണ്ണിൽ നിന്നും കണ്ണൂനീർ പൊഴിയുന്നുണ്ടായിരുന്നു. സന്തോഷ കണ്ണിരാണെന്ന് മനസിലാക്കാൻ ഏഴ് വയസ്സിൽ നിന്ന് ഇരുപത്തിയൊന്നിലേയ്ക്ക് ഞാൻ കടന്നിരുന്നു.
ദേവി നായർ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക