Slider

മാതൃ സാന്ത്വനം കൊതിച്ച പെൺകുട്ടി

0
മാതൃ സാന്ത്വനം കൊതിച്ച പെൺകുട്ടി
........................................
കുറച്ചു ദിവസങ്ങളായി വേണു വളരെ അസ്വസ്ഥനാണ്.തൻ്റെ മകൾ തന്നോട് മിണ്ടുന്നില്ല. തന്നെ കാണുമ്പോൾ വെറുപ്പ് പിടിച്ചത് പോലെ ഒഴിഞ്ഞു മാറുന്നു.ഒരു ഇടിയോ മിന്നലോ വന്നാൽ അച്ഛനെ കെട്ടിപിടിച്ചു കരയുന്ന പെണ്ണാണ്..ഇന്നലെ രാത്രിയിൽ നല്ല ഇടിയും മിന്നലോടും കൂടി മഴ പെയ്തപ്പോൾ പോലും എൻ്റെ കിങ്ങിണി എന്നെ തേടി വന്നില്ല..അവളുടെ മുറിയുടെ പുറത്ത് വെളുക്കുവോളം കാവലിരുന്നു,അവൾ എപ്പോഴെങ്കിലും അച്ഛനെ തേടി വന്നാലോ എന്ന് കരുതി.തൻ്റെ കിങ്ങിണൂട്ടി ഇങ്ങനെയായിരുന്നില്ല....
"എൻ്റെ ദേവ്യേ എൻ്റെ കിങ്ങിണൂട്ടിക്ക് എന്താ പറ്റ്യേ"...
ചുമരിൽ തൂക്കിയിരിക്കുന്ന ഫോട്ടോയിലേക്ക് അയാൾ ഒന്ന് നോക്കി....ലതയും കരയുന്നുണ്ടോ?
"ലതേ നീ കണ്ടോ നമ്മ്ടെ കിങ്ങിണൂട്ടിയേ..അവൾക്കെന്താ പറ്റീത്...എനിക്കൊന്നും തിരിയുന്നില്ല...അവളെ പൊന്നുപോലെ നോക്കണമെന്ന് പറഞ്ഞിട്ടല്ലേ നീ പോയത്?ഇന്ന് വരെ അതിന് എന്തെങ്കിലും മുടക്കം ഞാൻ വരുത്തീറ്റിണ്ടോ?...
"വേണുവേട്ടാ" പുറത്തൊരു ശബ്ദം. ഉണ്ണിയാണെന്ന് തോന്നുന്നു.
"എന്താ വേണുവേട്ടാ വരാൻ പറഞ്ഞത്"
"എനിക്കറിയില്ല ഉണ്ണ്യേ.. രണ്ട് മൂന്ന് ദെവസായി കിങ്ങിണൂട്ടി ഒന്നും മിണ്ടുന്നില്ല..എന്നെ കാണുന്നത് തന്നെ അവൾക്ക് ഇപ്പം വെറുപ്പാണ്"..
"വേണുവേട്ടാ അവള് പത്ത് പതിനാറ് വയസ്സുള്ള പെണ്ണല്ലേ..ഇപ്പത്തെ കാലല്ലേ.എന്താ പറ്റീന്ന് ഒന്നും പറയാൻ പറ്റില്ല.നമുക്ക് നല്ലൊരു ഡോക്ടറെ കാണിച്ചാലോ"
"എന്താ ഉണ്ണി നീയി പറയണേ?എൻ്റെ മോൾക്ക് എന്ത് പറ്റീന്നാ"
"അവൾക്ക് ഒന്നും പറ്റീട്ടുണ്ടാവില്ല...എന്നാലും നമ്മ്ടെ മനസമാധാനത്തിന് വേണ്ടീട്ട്"..
അയാളുടെ മനസ്സ് പിടയുകയായിരുന്നു.ഒരു എത്തും പിടിയും കിട്ടാതെ അയാൾ തളർന്നിരുന്നു....
........................................................
ലത മരിക്കുമ്പോൾ കിങ്ങിണിക്ക് വയസ്സ് ഒന്നര.ശ്രുതി എന്നാണ് പേരെങ്കിലും കിങ്ങിണി എന്നാണ് എല്ലാവരും വിളിക്കുക.ലതയ്ക്ക് ബ്രസ്റ്റ് കാൻസറായിരുന്നു..കണ്ടുപിടിക്കാൻ ഒരുപാട് വൈകി...
മകൾ ജനിച്ച് ഇരുപത്തിയെട്ട് കഴിഞ്ഞതിൻ്റെ പിറ്റേന്ന് വേണു എന്ന വേണുഗോപാൽ വിദേശത്തുള്ള തൻ്റെ ജോലി സ്ഥലത്തേക്ക് മടങ്ങി പോയി.പിന്നെ വരുന്നത് തൻ്റെ എല്ലാമെല്ലാമായ പ്രീയതമയുടെ മരണ വിവരം കേട്ട്,തൻ്റെ ജോലി ഉപേക്ഷിച്ച്, അയാൾ ആകെ തളർന്നു പോയി....
***
തനിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവളാണ് ലത....ഒരേ നാട്ടുകാർ അയൽപക്കകാർ.ആദ്യമൊക്കെ വെറും സൗഹൃദമായിരുന്നത് പിന്നീട് എപ്പോഴാണ് ആ സൗഹൃദം പ്രേമമായി വളർന്നതെന്ന് രണ്ടുപേർക്കും അറിയില്ല...വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ അവളുടെ കഴുത്തിൽ താലികെട്ടുമ്പോൾ അവൻ്റെ മുഖത്ത് ഒരു വിജയിയുടെ ചിരിയായിരുന്നു...
***
ആദ്യമൊന്നും മകൾ അടുക്കാൻ കൂട്ടാക്കിയില്ല.. അമ്മയെ വിളിച്ചു കരഞ്ഞു കൊണ്ടേയിരുന്നു.പതുക്കെ പതുക്കെ എല്ലാവരുടെയും മനസ്സിൽ നിന്ന് ലത മാഞ്ഞുപോയിരുന്നു,അയാളുടെത് ഒഴിച്ച്; കുടുംബക്കാരും കൂട്ടുകാരും വേറൊരു വിവാഹത്തിന് നിർബന്ധിച്ച് കൊണ്ടേയിരുന്നു...ഇനി തനിക്കൊരു വിവാഹം വേണ്ടെന്ന് വേണു ഉറപ്പിച്ചിരുന്നു... തൻ്റെ മകൾക്ക് വേണ്ടി ജീവിക്കണം..വേറൊരു പെണ്ണ് തൻ്റെ ജീവിതത്തിലേക്ക് വന്നാൽ കിങ്ങിണിയെ വേണ്ടവിധം ശ്രദ്ധിക്കുകയില്ല എന്നയാൾ ഭയപ്പെട്ടു...
പതിയെ പതിയെ അവരുടെ ലോകം ചെറുതായി ചുരുങ്ങി,അച്ഛനും മകളുമായ ഒരു കൊച്ചു ലോകം.വേണു വീടിനടുത്ത് തന്നെ ഒരു പലചരക്ക് കട നടത്തുകയാണ്.സ്ക്കൂൾ വിട്ടാൽ കിങ്ങിണി നേരെ അച്ഛൻ്റെ കടയിലേക്ക് പോകും.അവിടെയിരുന്നാണ് കളിയും പഠിത്തവും എല്ലാം.... അവൾ പതുക്കെ വളരുകയാണ് ആ വളർച്ച വേണുവറിയുന്നുണ്ട്...അവൾ ഋതുമതിയായപ്പോൾ അയാൾ ഏറ്റവുമധികം സന്തോഷിച്ചു...തൻ്റെ മകളൊരു പെണ്ണായിരിക്കുന്നു.ലതയുടെ അസാന്നിധ്യം അയാൾക്ക് ആദ്യമായി അനുഭവപ്പെട്ടു..ലതയുടെ മരണ ശേഷം അയാൾ ആദ്യമായി കരഞ്ഞു..
കിങ്ങിണിക്ക് ഇപ്പോൾ വയസ്സ് പതിനാറ്.SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ മിടുക്കി,ആ സ്ക്കൂളിലെ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയവൾ.അമ്മയില്ലാതെ മകളെ വളർത്തിയ വേണുവിന് അഭിമാനിക്കാം....മകൾ ഒരു ഡോക്ടറായി കാണണമെന്നാണ് വേണുവിൻ്റെ ആഗ്രഹം.
***
ഇന്നലെ വരെ അച്ഛനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയവൾ ഇന്ന് അച്ഛനെ കാണുമ്പോൾ മാറി നടക്കുന്നു...വെറുപ്പോടെ നോക്കുന്നു..അച്ഛനോട് മിണ്ടുന്നില്ല....
.............................................................
Dr.M.ജോർജ്ജ് കുര്യൻ....M.B.B.S,M.D Physiatrist (Mental Specialist)എന്ന ബോർഡിൻ്റെ കീഴിൽ നില്ക്കുമ്പോൾ വേണുവിന് കാലുകൾക്ക് ശക്തി കുറവ് അനുഭവപ്പെട്ടു... തളർന്ന് വീഴുമെന്ന് തോന്നി..
"ആരാ ശ്രുതിയുടെ പേരെൻസ്..."നേഴ്സിൻ്റെ ശബ്ദമാണ് അയാളെ ഉണർത്തിയത്...
പതുക്കെ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി...
"ഇരിക്കു മിസ്റ്റർ.....?"
"വേണു"
"ആ...വേണു ഇരിക്കു...
ഞാൻ കുട്ടിയെ വിശദമായി പരിശോധിച്ചു...പറയുന്നതിൽ വിഷമം തോന്നരുത്.നിങ്ങൾ അവളോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ്..."
"തെറ്റോ? ഞാനെന്താണ് ഡോക്ടർ എൻ്റെ മോളോട് ചെയ്തത്?"
"ഒരമ്മയുടെ സ്നേഹം നിങ്ങൾ അവൾക്ക് നിഷേധിച്ചു.ഒരു പെൺകുട്ടിക്ക് ഏറ്റവും കൂടുതൽ കെയർ കൊടുക്കേണ്ട സമയമാണിത്.അത് അമ്മമാർക്ക് മാത്രമേ പറ്റു..എന്ത് സ്നേഹമുണ്ടെങ്കിലും അച്ഛന്മാർക്ക് ഒരു പരിധിയുണ്ട്... മകളുടെ സ്നേഹം മറ്റുള്ളവർ പങ്കിട്ടെടുക്കുമെന്ന് നിങ്ങൾ ഭയന്നു.ശരിയല്ലേ മിസ്റ്റർ വേണു?"..
"ഒരു പരിധിവരെ ശരിയാണ്..പക്ഷെ ഒരു രണ്ടാനമ്മ വന്നാൽ എൻ്റെ മോളെ എങ്ങനെ നോക്കും എന്ന് എനിക്ക് പേടിയായിരുന്നു.. ശരിയാണ് എൻ്റെ തെറ്റ്..എൻ്റെ മാത്രം തെറ്റ്...എൻ്റെ മോളുടെ കാര്യത്തിൽ ഞാൻ അല്പം സ്വാർത്ഥനായി"..
"പക്ഷെ വേണു വിഷയമതല്ല...എന്ന് മുതലാണ് മകളുടെ സ്വഭാവത്തിൽ മാറ്റം കണ്ടു തുടങ്ങിയത്?"
"അഞ്ചാറ് ദിവസങ്ങൾക്ക് മുമ്പാണ് അവളുടെ കൂട്ടുകാരി ആത്മഹത്യ ചെയ്തത്.അതിന് ശേഷമാണ് ചെറുതായി മാറ്റം കണ്ട് തുടങ്ങിയത്..എന്തിനാണ് ആ കുട്ടി ആത്മഹത്യ ചെയ്തതെന്ന് എനിക്കറിയില്ല...നല്ല വണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു... എല്ലാ വിഷയത്തിലും നല്ല മാർക്കുണ്ടായിരുന്നു..എന്നിട്ടും?"
"അതിന് അതൊരു ആത്മഹത്യ അല്ലല്ലോ?കൊലപാതകമല്ലേ!!!"
"കൊലപാതകമോ...എന്താ ഡോക്ടറീ പറയുന്നേ?"
"ഒരു കണക്കിന് അതൊരു കൊലപാതകം തന്നെയാണ്... കാരണം ആ കുട്ടിയെ അവളുടെ അച്ഛൻ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു..അത് ആരോടും അവൾ പറഞ്ഞിരുന്നില്ല..പക്ഷെ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് തൻ്റെ മകളോട് അവളീ കാര്യം പറഞ്ഞത്...താൻ മരിക്കുകയാണെങ്കിൽ അതിന് കാരണക്കാരൻ സ്വന്തം അച്ഛൻ തന്നെയായിരിക്കുമെന്ന്...അതോടെ അവൾ ഭയന്നു.നാളെ ഒരുപക്ഷെ തൻ്റെയച്ഛനും തന്നെ ഇതുപോലെ ചെയ്യുമോന്ന് അവൾ ഭയന്നു...പക്ഷെ തന്നോടുള്ള സ്നേഹം അവൾക്ക് കളയാനും വയ്യ..പിന്നെപ്പിന്നെ അതൊരു ഡിപ്രഷനായി വളർന്നു..വേണുവിനെ കാണുന്നത് തന്നെ അവൾക്ക് വെറുപ്പായി.അവളുടെ സങ്കടങ്ങൾ പറയാൻ ആരുമില്ലാതായതായി അവൾക്ക് തോന്നി..ഒരമ്മയുണ്ടായിരുന്നെങ്കിൽ അവളെ നിങ്ങൾക്കീ അവസ്ഥയിൽ കാണേണ്ടി വരുമായിരുന്നില്ല"..
"ഡോക്ടർ എൻ്റെ മോൾക്ക് ഇപ്പോഴെങ്ങനെ?"
"അവള് മിടുക്കിയാടോ...അവളുടെ ആ പേടി ഞാൻ മാറ്റി.ഇപ്പോൾ പഴയതിലും കൂടുതലായി വേണുവിനെ തൻ്റെ മകൾ സ്നേഹിക്കുന്നുണ്ട്.രണ്ട് മൂന്ന് ദിവസം ഇവിടെ ഒബ്സർവേഷനിൽ കിടക്കട്ടെ..ഒരു ചെയിഞ്ചിനായി..എന്നിട്ട് അവളെ വേണുവിന് കൊണ്ടുപോകാം.."
"ഡോക്ടർ എനിക്കെൻ്റെ മോളെ കാണാൻ പറ്റ്വോ"
"തീർച്ചയായും... ഇന്ന് ആ മുറി അച്ഛനും മോൾക്കും മാത്രമുള്ളതാണ്,ധൈര്യമായി പോയ്കൊള്ളു"
വേണു അവളെ അഡ്മിറ്റ് ചെയ്ത റൂമിലേക്ക് കയറി... സടേഷൻ കൊടുത്തതിനാൽ അവൾ ഉറങ്ങുകയായിരുന്നു..അവളുടെ തലമുടിയിൽ പതുക്കെ തലോടി,മൂർദ്ധാവിൽ ഉമ്മ വെച്ചു..പതുക്കെ പിന്തിരിയാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടുത്തം വീണു..അവൾ ഉറങ്ങിയിരുന്നില്ല...
"അച്ഛാ.....മാപ്പ്"
"മാപ്പോ?എന്തിനാ എൻ്റെ മോള് അച്ഛനോട് മാപ്പ് പറയണേ?അതിന് എന്ത് തെറ്റാ എൻ്റെ മോള് ചെയ്തത്?അച്ഛനല്ലേ മോളോട് തെറ്റ് ചെയ്തത് ഒരമ്മയുടെ വാത്സല്യവും സ്നേഹവും ഈ അച്ഛൻ മോൾക്ക് ഇല്ലാതാക്കിയില്ലേ..അച്ഛൻ സ്വാർത്ഥനാണ് അല്ലേ മോളെ"
"അല്ല..എൻ്റെച്ഛൻ സ്വാർത്ഥനല്ല..എനിക്ക് എൻ്റെച്ഛൻ മാത്രം മതി....അച്ഛാ എനിക്ക് പഴയപോലെ അച്ഛനെ കെട്ടിപ്പിടിച്ചു ഉറങ്ങണം"
"മോള് ഇപ്പോ ഉറങ്ങിക്കോ...അച്ഛൻ പുറത്ത് പോയിട്ട് വേഗം വരാം"
വേണു പുറത്തിറങ്ങി റോഡിനപ്പുറമുള്ള പത്രാഫീസ്സിലേക്ക് നടന്നു...അപ്പോൾ അയാളുടെ കൈയിലുള്ള വെള്ള പേപ്പറിൽ ഒരു ചെറു വാചകം എഴുതിയിട്ടുണ്ടായിരുന്നു...
'കുട്ടിക്കാലത്തേ അമ്മ നഷ്ടപ്പെട്ടു പോയ പതിനാറ്ക്കാരിയായ പെൺകുട്ടിക്ക് ഒരമ്മയെ ആവശ്യമുണ്ട്'......
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo