ഇല്ലത്ത് മരിച്ച ഒരു പെൺകുട്ടിയുടെ മരണം കൊലപാതകമോ ഗന്ധർവ്വ മരണമോ?
ഭാഗം - 1
മീനു, മോളേ മീനു, എന്റെ കുട്ടി എവിടാ. സന്ധ്യക്ക് വിളക്ക് കൊളുത്താൻ സമയമായല്ലോ ദേവീ. ഈ കുട്ടി എവിടെപ്പോയി കിടക്കുവാ.
മീനു , എടി മീനാക്ഷി .... ഒന്ന് വിളി കേക്കണ്ണ്ണ്ടോ നീയ്
മുത്തശ്ശി, ഓപ്പോൾ തൊടിയിൽ പോയിരിക്കുവാ, ഇലകറിക്ക് ഇല പറിക്കാൻ. മിഥുനാണ് പറഞ്ഞത്.
എന്റീശ്വരാ ഈ ത്രീ സന്ധ്യാ നേരത്തോ. ഈ കുട്ടിക്ക് എന്ത് പറ്റി. അവളിങ്ങനെ ചെയ്യാറില്ലല്ലോ.
എന്റെ മുത്തശ്ശി, അതിനെന്താ ഓപ്പോള് പോയാല്, ത്രീ സന്ധ്യ നേരത്ത് പോയാലെന്താ സംഭവിക്ക്യാ?
എന്താ സംഭവിക്ക്യാന്നോ, ഞാനത് പറഞ്ഞാൽ നിനക്ക് മനസ്സിലാവോന്നറിയില്ല്യാ.
എനിക്കെന്താ മനസ്സിലാവാത്തെ ചെറിയ കുട്ടിയൊന്നും അല്ലല്ലോ ഞാൻ
ഒന്ന് പോടാ നിന്നോടിത് പറയാൻ പാടില്ല്യാ
എന്റെ മുത്തശ്ശി ഒന്ന് പറയ്. ഉണ്ണിക്ക് ദേഷ്യം വരൂട്ടോ.
മിഥുനെ ഉണ്ണിനാ വിളിക്ക്യാ എല്ലാരും, മീനാക്ഷിയും മിഥുനും മുത്തശ്ശി സുഭ്രദ്ര നമ്പൂതിരിയുടേയും മുത്തശ്ശൻ പത്നാഭൻ നമ്പൂതിരിയുടേയും മകളുടെ മക്കൾ.
ദിവ്യ നമ്പൂതിരി, ഭർത്താവ് ഭൈരവ നമ്പൂതിരി. അവർ രണ്ട് പേരും വിദേശത്താണ്. മക്കൾ നാട്ടിൽ മുത്തശ്ശിടെം മുത്തശ്ശൻറേം ഒപ്പം നിന്ന് പഠിക്കുന്നു. മീനു എന്ന് വിളിക്കുന്ന മീനാക്ഷി ഡിഗ്രിക്ക് പഠിക്കുന്നു, എല്ലാതും ചെയ്യും , കറി വെയ്ക്കും, പായസം ഉണ്ടാക്കും , ഉപ്പേരി വെയ്ക്കും അങ്ങനെ എല്ലാം. മുത്തശ്ശിയുടെ പ്രത്യേക പരിശീലനം കിട്ടുന്നവളാണ്. മിഥുൻ എട്ടാം ക്ലാസിലും.
മുത്തശ്ശി പറയണ് ണ്ടോ, ഉണ്ണി അക്ഷമനായി ചോദിച്ചു
അതെ ഉണ്ണി, നീ കേട്ടിട്ടുണ്ടോ ഗന്ധർവ്വൻ എന്നൊക്കെ?
പിന്നിലാതെ , എന്തോരും കഥകൾ മുത്തശ്ശി തന്നെയല്ലേ പറഞ്ഞ് തന്നിട്ടുള്ളത്.
അത് നേരാണല്ലോ ഉണ്ണ്യേ ...ഞാതങ്ങട് മറന്നു
അത് ഉണ്ണ്യേ , സൗന്ദര്യമുള്ള പെങ്കുട്ട്യോള് സന്ധ്യ നേരത്ത് ഇറങ്ങി നടന്നാൽ ഗന്ധർവ്വൻ കൂടുമെന്നാ വിശ്വാസം.
അല്ല മുത്തശ്ശി, കുറെ ഗന്ധർവ്വ കഥകൾ കേട്ടിട്ടുണ്ട് , സത്യത്തിൽ ആരാ ഈ ഗന്ധർവ്വൻ?
അപ്പോഴേക്കും , മത്തന്റെ ഇല പറിച്ച് മീനു വന്നു .
എന്താ രണ്ടാളും കഥ പറഞ്ഞിരിക്ക്യാണോ, മീനു ചോദിച്ചു.
അതെ ഓപ്പോളേ , ഓപ്പോളേക്കുറിച്ചാ പറേണത്.
എന്നെക്കുറിച്ചോ ? അവൾ അത്ഭുതം കൂറി.
മീനു , മോളെ വിളക്ക് കൊളുത്തിയോ നീയ്.
അതിനു സമയം ആവട്ടെ എന്റെ മുത്തശ്ശി. നാലുമണി കഴിഞ്ഞാൽ മുത്തശ്ശി തുടങ്ങും വിളക്ക് വയ്ക്കാൻ പറഞ്ഞ് . പണ്ടത്തെപ്പോലെ സമയം നിശ്ചയില്യ മുത്തശ്ശിക്ക്.
വയസ്സായില്ലേ മോളെ, എന്നാ മോൾ പോയി കുളിച്ച് ചന്ദനകുറിയൊക്കെ തൊട്ടിട്ട് വാ.
ശരി മുത്തശ്ശി ...
മുത്തശ്ശി ആരാ ഈ ഗന്ധർവ്വൻ, പറ മുത്തശ്ശി
ആ ഉണ്ണ്യേ , ഗന്ധർവൻന്ന് വെച്ചാ ഒരു വിശ്വാസാ. ഹിന്ദു വിശ്വാസമനുസരിച്ച് ആൺ ആത്മാക്കൾ , ഇത്തിരി കൂടി വ്യക്തമാക്കിയാൽ അപ്സരസ്സെന്നൊക്കെ കേട്ടിട്ടില്ലേ , ആ അപ്സരസ്സുകളുടെ ഭർത്താക്കന്മാരത്രേ , ചില ഗന്ധർവ്വന്മാരൊക്കെ മ്യഗങ്ങളുടെ ഭാഗാത്രേ പ്രത്യേകിച്ച് ഒരു പക്ഷിയുടെയോ കുതിരയുടെയോ ഭാഗം . അവർക്ക് പാടാനുള്ള നല്ല കഴിവാത്രേ.ഇനിം ഉണ്ട് കുട്ട്യേ കുറെ കാര്യങ്ങൾ , മുത്തശ്ശിക്കത്ര പിടുത്തല്ല്യ . ആചാര്യന്മാരോടോ മറ്റോ ചോദിക്കേണ്ടി വരും.
ശരി മുത്തശ്ശി, ഈ ഗന്ധർവ്വൻ എങ്ങനാ സുന്ദരികളുടെ ശരീരത്തിൽ ബാധിക്ക്യ?
എനിക്ക് കൂടുതൽ അറിയില്യാ കുട്ട്യേ മുതുമുത്തശ്ശന്മാരായി പറയണ കാര്യാ. കേട്ടിട്ടുണ്ട് സന്ധ്യക്ക് പുറത്തിറങ്ങണ പെങ്കുട്ട്യോളേ ഗന്ധർവ്വന് ഇഷ്ടപ്പെട്ടാൽ, അവരുടെയടുത്ത് വെളുപ്പിന് മൂന്നിനും നാലിനും ഇടയ്ക്ക് വരുമത്രെ , പിന്നെ അവർ പ്രേമിക്കുമെന്നാ കേട്ടത്.
അവർ ആത്മാക്കളാല്ല്യേ മുത്തശ്ശി , പിന്നെ എങ്ങനാ സംസാരിക്ക്യാ പ്രേമിക്ക്യാ?
അതൊന്നും എനിക്കറിയില്ല ഉണ്ണ്യേ.
അപ്പോഴേക്കും മീനു കുളിച്ച് പട്ടുപാവാടയും ഉടുപ്പും ചന്ദനക്കുറിയുമിട്ട് വന്നു. ഒരു അസാധ്യ സൗന്ദര്യം.
അല്ല മുത്തശ്ശി നിങ്ങൾ എന്നെക്കുറിച്ച് അല്ലേ സംസാരിച്ചെ , എന്താ വിഷയം , ഗന്ധർവനോ , അപ്സരസ്സോ എന്തൊക്കെയോ കേട്ടല്ലോ.
അതെ ഓപ്പോളേ, മുത്തശ്ശി പറയുവാ , ഓപ്പോള് പുറത്ത് പോയപ്പോൾ ഗന്ധർവ്വൻ കൂടാൻ സാധ്യതയുണ്ടെന്ന്.
മീനു ഒന്ന് കുണുങ്ങി ചിരിച്ചു എന്നിട്ട് മുത്തശ്ശിയുടെ മുന്നിൽ വന്ന് കുനിഞ്ഞ് ആ മുഖമൊന്നുയർത്തി എന്നിട്ട് പറഞ്ഞു് . എന്റെ മുത്തശ്ശി , എന്നെ ഗന്ധർവ്വൻ ബാധിക്കുമെന്ന് വിചാരിച്ചോ ?
മുത്തശ്ശി അവളുടെ കവിളിൽ നുള്ളി പറഞ്ഞു
എന്റെ കുട്ട്യേ നിന്റെ ഐശ്വര്യം കണ്ടാൽ ഏത് ഗന്ധർവനാ മോഹിക്കാത്തത്
ഒന്ന് പോ മുത്തശ്ശി
കുട്ട്യേ, പോയി തുളസിത്തറയിൽ വിളക്ക് കൊളുത്തി നാമം ജപിച്ചിട്ട് വാ.
ചെറിയ നിലവിളക്കും കൊളുത്തി നാമം ജപിച്ച് മുൻവശത്തെ തുളസിത്തറയിൽ പോയ മീനുവിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയായിരുന്നു. പ്രത്യേകിച്ച് ആ സ്വർണ്ണ നിറം അവളുടെ മുഖത്ത് പ്രതിഫലിച്ചപ്പോൾ എന്നോ കേട്ട ഒരു കെട്ട് കഥയിലെ അപ്സരസ്സിനെപ്പോലെ തോന്നിച്ചു.
വിളക്കും കൊളുത്തി അവൾ വന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഉണ്ണിയും മുത്തശ്ശിയും കൈകൂപ്പി നാമം ജപിക്കുന്നു.
നാമജപമെല്ലാം കഴിഞ്ഞ് ആഹാരവും കഴിഞ്ഞ് ഉറങ്ങുവാൻ പോകുന്ന നേരം മിഥുൻ മീനുവിനോട് ചോദിച്ചു
ഓപ്പോളേ ഒരു കാര്യം ചോദിക്കട്ടെ
ചോദിക്ക് ഉണ്ണ്യേ
ഓപ്പോളേ , നിന്നെ ഗന്ധർവ്വൻ കൊണ്ട് പോവുമോ
നീ പോടാ ഉണ്ണിക്കുട്ടാ ...എന്നെയാരും കൊണ്ടോവില്യാട്ടോ.
അപ്പോ മുത്തശ്ശി പറഞ്ഞതോ, സൗന്ദര്യമുള്ളവരെ കൊണ്ടോവുമെന്ന്.
അതൊക്കെ ഓരോ വിശ്വാസങ്ങളല്ലേ ഉണ്ണ്യേ
എന്നാലും , എന്റെ ഓപ്പോളേ കാണാൻ എന്തൊരു ഐശ്വര്യാ. ഗന്ധർവ്വന്മാർ ശരിക്കുമുണ്ടെങ്കിൽ ഓപ്പോളേ ആശിക്കും. അങ്ങനെ ആശിച്ചാൽ രാത്രി മൂന്നിനും നാലിനുമിടയ്ക്ക് വരുമെന്നാ മുത്തശ്ശി പറഞ്ഞത് . പണ്ടെങ്ങോ തറവാട്ടിൽ അങ്ങനെ നടന്നിട്ടുണ്ടത്രെ. ഏതോ ലക്ഷ്മി തമ്പുരാട്ടിക്ക് , അങ്ങനെ വന്നാൽ വേളി നടക്കില്ലാത്രേ. ഗന്ധർവ്വൻ മുടക്കുമത്രേ.
അങ്ങനെ സംഭവിച്ചാൽ എന്റെ ഓപ്പോൾക്ക് വേളി ഉണ്ടാവില്ലേ ?
നീ മിണ്ടാതിരിക്കണ് ണ്ടോ ഉണ്ണ്യേ.
ഓപ്പോൾ ഒറ്റക്ക് കിടക്കേണ്ട , മുത്തശ്ശിക്കൊപ്പം കിടന്നോളു.
വേണ്ടാ ഉണ്ണി ഓപ്പോളേ ആരും ബാധിക്കില്ല്യാ . നീ പേടിക്കണ്ടാ. സുഖായി കിടന്നോട്ടോ.
പിറ്റേ ദിവസം ഇല്ലം ഉറക്കമുണർന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയുമായാണ് . ഓപ്പോളേ കാണാനില്ലത്രേ.
ഗന്ധർവ്വ വിശ്വാസങ്ങളെ കുമ്മായമിട്ട് ഉറപ്പിക്കും വിധം ആ വിശ്വാസം ശക്തിപ്പെട്ടു . ഏതോ ഗന്ധർവ്വൻ കൊണ്ടുപോയത്രെ.
അപ്പോൾ വീട്ടുപറമ്പിലെ കുടുംബ ക്ഷേത്ര കുളത്തിൽ ഒരു പെൺകുട്ടിയുടെ ശരീരം പൊങ്ങി, അത് മീനുവിന്റെ ആയിരുന്നു. രാത്രി ഗന്ധർവ്വൻ കണ്ണുകെട്ടി ഗന്ധർവ്വ കാവിലേക്ക് കൊണ്ടോയപ്പോൾ കുളത്തിൽ വീണു മരിച്ചതാണത്രേ. ഏതോ ജ്യോത്സ്യന്റെ പ്രവചനത്തോടെ ആ മരണം ഗന്ധർവ്വമരണമായി മാറി. അല്ല ചിലർ മാറ്റി എന്ന് വേണേൽ പറയാം.
മിഥുൻ തന്റെ അല്പം നീണ്ട താടി തടവി തന്റെ ഓപ്പോളിന്റെ ഓർമ്മയിൽ നിന്നുണർന്നു. IFS സെർവിസും നേടി ആധുനിക തത്വ ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടിയ മിഥുൻ ഇപ്പോൾ ഇന്ത്യൻ ഇന്റലിജൻസിൽ മുംബൈയിൽ ജോലി നോക്കുന്നു.
അന്ധവിശ്വാസങ്ങളിൽ അടിയുറച്ച് പോയ വിശ്വാസങ്ങളിൽ നിന്ന് തന്റെ ഓപ്പോളിന്റെ മരണകാരണമറിയാൻ മിഥുൻ നാട്ടിലേക്ക് തിരിച്ചു. അറിവ് കിട്ടിയപ്പോൾ ഗന്ധർവ കഥകളൊക്കെ വെറും അന്ധവിശ്വാസങ്ങളാണെന്ന് മനസ്സിലാക്കിയ മിഥുൻ
തന്റെ ഓപ്പോൾ ആ രാത്രി എങ്ങനെ അമ്പലക്കുളത്തിൽ മരിച്ച് പൊങ്ങി എന്ന സത്യാവസ്ഥയറിയാൻ.
തന്റെ ഓപ്പോൾ ആ രാത്രി എങ്ങനെ അമ്പലക്കുളത്തിൽ മരിച്ച് പൊങ്ങി എന്ന സത്യാവസ്ഥയറിയാൻ.
പണ്ടത്തെ പല ദുർമരണങ്ങൾക്കും പിന്നിൽ അദ്യശ്യ ശക്തിയാണെന്ന് വിശ്വസിച്ച പാവം ജനങ്ങൾ, ചില വിശ്വാസങ്ങളുടെ പേരിൽ മുതലെടുപ്പ് നടത്തിയ ചില കൂർമ്മ ബുദ്ധിജീവികൾ .
മിഥുന്റെ യാത്ര ചിലതൊക്കെ ചിക്കി ചികഞ്ഞ് കൊണ്ട് വരും. 22 വർഷങ്ങൾക്ക് പിന്നിലേക്ക് മിഥുൻ യാത്രയാവുന്നു . ആ രാത്രിയിൽ സംഭവിച്ചതെന്താണെന്ന് മനസ്സിലാക്കാൻ.
തുടരും...
Jijo
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക