Slider

അനാഥ

0
അനാഥ
--------
" കോട്ടയിൽ ആനന്ദൻ മകൾ അനാമിക ". ഉച്ചത്തിൽ ആരോ തന്റെ പേര് വിളിക്കണ കേട്ട് അമ്മൂട്ടി ഞെട്ടിപ്പോയി .അവളുടെ കുഞ്ഞു കാലുകളിലൂടെ ഭയത്തിന്റെ കടുത്ത തണുപ്പ് മുകളിലേക്ക് അരിച്ചു കയറി .
കൊറച്ചീസം മുന്നെ അമ്മേടൊപ്പം അമ്മൂമ്മേ കാണാൻ പോയതാ .അന്ന് അമ്മ ഭയങ്കര കരച്ചിലായിരുന്നു .അമ്മൂമ്മേം കുഞ്ഞമ്മേം എന്തിനാ മുറ്റടിക്കാൻ വരണ കാള്യേമ്മ പോലും അമ്മടെ കൂടെ കൂടി അച്ഛനെ ഒരു പാട് ചീത്ത വിളിച്ചു. ഞാനിതെന്തായാലും അച്ഛനോട് പറയുംന്ന് പറഞ്ഞപ്പോ അമ്മ എന്നെ ദേഷ്യത്തിൽ നുള്ളിപ്പറിച്ചു .അച്ഛന്റടുത്ത് പോകാന്ന് എത്ര പറഞ്ഞിട്ടും അമ്മ കേട്ടതുoല്യ. അമ്മൂന് ഓർത്തിട്ട് പിന്നേം പിന്നേം സങ്കടം വന്നു. "പാവം അച്ഛൻ, അച്ഛനെ പ്പോ കൊറെ കൊമ്പൻ മീശക്കാര് പോലീസുകാരും കറുത്ത വലിയ കുപ്പായമിട്ട മാമന്മാരും കൂടി കൂടിച്ചേർന്ന് വഴക്ക് പറഞ്ഞ്സങ്കടപ്പെടുത്താ".
ആരോ അമ്മൂനെ പതുക്കെയെടുത്ത് മരയഴി കൊണ്ടുള്ള ആ കൊച്ചു കൂട്ടിനകത്തേക്ക് വെച്ചു .തന്റെ കറുത്ത തൂവലുള്ള സുന്ദരക്കോഴീടെ കൂടു പോലൊരു കൊച്ചു കൂട് .കറുത്ത വലിയ കണ്ണട വെച്ച് നരച്ചീറിന്റെതു പോലൊരു കുപ്പായമിട്ട ഒരു മാമൻ അടുത്ത് വന്നപ്പൊ അമ്മൂനാകെ പനിക്കാൻ വരണ പോലെ തോന്നി .
വീഴാതിരിക്കാനവൾ മരയഴികളിൽ മുറുകെ പിടിച്ചു .തന്റെ വലിയ കണ്ണട ശരിക്കാക്കിക്കൊണ്ട് അയാള് അമ്മൂനോടു ചോദിക്കാ അച്ഛനെയാണോ അമ്മേ നെയാണോ കൂടുതൽ ഇഷ്ടം ന്ന് .അമ്മൂനപ്പൊ ശരിക്കും അടക്കാനേ കഴിഞ്ഞില്ല .അതോണ്ടാ അവള് പൊട്ടിപ്പൊട്ടി ഉറക്കെ ചിരിച്ചത് .അല്ലേ ഈ മാമനെന്താ പൊട്ടനാ ?എന്നും കഥകള് പറഞ്ഞ് നെയ്യും ഉപ്പും കൂട്ടിക്കൊഴച്ച് മാമൂട്ടണ അമ്മേനോടാണോ മാമുണ്ട് കഴിയുമ്പോ തോളിലിട്ട് തട്ടി തട്ടി ഒറക്കണ അച്ഛനോടാണോ ഇഷ്ടം ന്ന് .ഇത്രെം വലിയതായിട്ടും മാമനിതൊന്നും അറിഞ്ഞൂടെ ?എന്തായാലും അവളൊന്നും പറഞ്ഞില്ല .അപ്പൊ പിന്നെ ചോദിക്കാ അച്ഛന്റെ കൂടെയാണോ അമ്മേന്റെ കൂടെയാണോ പോണ്ടത് ന്ന് .അവളറിയതൊന്ന് ഞെട്ടി .അതെന്താ അച്ഛന്റെ കൂടല്ലേ അമ്മേം ഞാനും പോണത്? അമ്മൂമ്മേടെ കൂടാണോ ?അവൾക്കൊന്നും മനസ്സിലായില്ല .വീണ്ടും ഭയത്തിന്റെ ആ തണുത്ത തേരട്ടകൾ അവളുടെ കുഞ്ഞു കാലടികളിൽ ഇഴഞ്ഞ് കയറാൻ തുടങ്ങി. അപ്പോൾ കോടതി മുറ്റത്ത് പടർന്ന് പന്തലിച്ച് നിന്നിരുന്ന വാകമരത്തിന് മുകളിലെ ചില്ലയിൽ രണ്ട് കുരുവികൾ തങ്ങളുടെ പൊന്നോമനക്ക് വായിൽ തേൻ പഴങ്ങൾ വെച്ച് കൊടുക്കുന്ന തിരക്കിലായിരുന്നു.
- - - - - - - - - - - - - - - - -
…-- -- - -ധന്യബിപിൻ - -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo