Slider

ഇനി ഞാൻഎന്തിനാ ജീവിക്കണേ?

0
ഇനി ഞാൻഎന്തിനാ ജീവിക്കണേ?
==========================
"ടീച്ചർ, ഒരു ഫോണുണ്ട്...." സ്കൂളിലെ ക്ലാർക്കിന്റെ ശബ്ദം കേട്ടാണ് ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട യൂത്ത് ഫെസ്റ്റിവൽ മീറ്റിഗിന് ഒരു അർദ്ധവിരാമമായതു. ഒരു ഗസ്റ്റ് അധ്യാപകനായിരുന്നെങ്കിലും ആ വർഷവും യൂത്ത്ഫെസ്റ്റിവലിന്റെ പ്രോഗ്രാം കമ്മറ്റി കൺവീനർ ഞാനായിരുന്നു. അതെനിക്കൊരു ഉത്തരവാദിത്വമായിരുന്നു. ഒരു അംഗീകാരമായിരുന്നു. പ്രിൻസിപാൾ ഫോൺ അറ്റൻറ് ചെയ്യാൻ പോയപ്പോൾ കമ്മറ്റി അഗങ്ങൾ തമ്മിൽ, തീരുമാനമെടുത്ത കാര്യങ്ങളെ ചൊല്ലി വാഗ്വാദങ്ങൾ ആരംഭിച്ചു. എല്ലാം കേട്ടിരുന്നേ ഉള്ളു ഞാൻ.. കൺവീനറാകമ്പോൾ പക്ഷപാതം കാണിക്കുവാൻ പാടില്ലല്ലോ?.രസകരമായ ആ വാഗ്വാദത്തിനു കടിഞ്ഞാണിട്ടത് പോലെ ക്ലാസ് റൂമിന്റെ പുറത്തു നിന്നും ഒരു ശബ്ദം..
" ശ്യാം " പുറത്ത് നിന്ന് പ്രിൻസിപാളിന്റെ വിളി.
" എന്താ ടീച്ചർ? " ഞാൻ വേഗം ഉദ്വേഗത്തോടെ ചോദിച്ചു.
"ഒന്നിങ്ങു വന്നേ" എന്നു പറഞ്ഞ്‌ ടീച്ചർ തിരിഞ്ഞു നടന്നു. എന്തോ അത്യാവശ്യം ആണെന്ന് മനസിലാക്കിയ ഞാൻ ധൃതിയിൽ ടീച്ചറിന്റെ മുറിയിലേക്ക് ചെന്നു. ആ മുഖത്തെ ഭാവ മാറ്റങ്ങൾ എന്തോ കാര്യമായ പ്രശ്നങ്ങളുടെ വരവ് എന്നെയറിയിച്ചു.ഞാൻ ചെന്നത് പോലും അറിയാതെ ആകെ വിറളി പിടിച്ചിരിക്കുന്ന മുഖഭാവം.
"ടീച്ചർ...." എന്റെ വിളി കേട്ടപ്പോൾ പെട്ടെന്ന് മുഖമുയർത്തി കൊണ്ട് ആംഗ്യഭാഷയിൽ എന്നോട് മുന്നിലിരിക്കുന്ന കസേരയിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. ഞാൻ ആ കസേരയിൽ ഇരുന്നതും കുറച്ചു താഴ്ന്ന സ്വരത്തിൽ ടീച്ചർ തന്റെ മൗനത്തെ ഭഞ്ജിച്ചു.
" ശ്യാം, വളരെ അത്യാവശ്യമായ ഒരു കാര്യം പറയാൻ വേണ്ടീട്ടാ ഞൻ ശ്യാമിനെ വിളിപ്പിച്ചേ.."
വീണ്ടും മുഖവുര. സംഭവം അതീവ ഗൗരവമുള്ളതാണെന്നു എനിക്ക് മനസിലായി.
"എനിക്കിപ്പോ ഒരു കോൾ വന്നു..." ടീച്ചർ തന്നെ വീൺടും പറഞ്ഞു തുടങ്ങി.
" **** ബീച്ചിൽ നിന്നായിരുന്നു...ആ പരിസരത്തുള്ള ഏതോ ഒരു ആൾ. നമ്മുടെ മൂന്നു കുട്ടികൾ ആ ബീച്ചിൽ അസ്വാഭാവികമായ രീതിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഒരു പെൺ കുട്ടിയും, രണ്ടു ആൺ കുട്ടികളും. മൂന്നു കൊച്ചു കുട്ടികൾ കറങ്ങി നടക്കുന്നത് കണ്ടപ്പോൾ അവിടെയുള്ള ഏതോ കടക്കാരാണ് നാട്ടുകാരെ വിളിച്ചു കൂട്ടി കാര്യങ്ങൾ അവരോട് പറഞ്ഞത്..."
" ടീച്ചർ ആ കുട്ടികൾ നമ്മുടെ സ്കൂളിലെത്തന്നെ ആണ് എന്ന് അവർക്കു എങ്ങനെ മനസിലായി?"
ഞാൻ സംശയത്തോടെ ആരാഞ്ഞു.
"ഇതൊക്കെ ഞാനും അയാളോട് ചോദിച്ചു. യൂണിഫോം ഇട്ട കുട്യോൾ ആയതോണ്ടാ കടക്കാർ ശ്രദ്ദിച്ചേ.. കുട്ടികളെ തടഞ്ഞു നിർത്തി ചോദിച്ചപ്പോൾ കരഞ്ഞോണ്ട് കുട്ടികൾ തന്നെ അവരോട് പറഞ്ഞത്രേ, നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ ആണെന്ന്. ഏകദേശം പത്തോ പന്ത്രണ്ടോ വയസുണ്ടാകും ന്നാ പറഞ്ഞെ..."
"ഉം" ഞാനൊന്നിരുത്തി മൂളി...
"ഇനിയിപ്പോ നമ്മൾ എന്താ ചെയ്യണ്ടേ?" ഞാൻ ചോദിച്ചു.
"നമ്മളവിടെ പോയി ആ കുട്ടികളെ ഇങ്ങോട്ടേക്കു കൊണ്ട് വരണം. രണ്ടു സീനിയർ ടീച്ചേഴ്‌സിനെ കൂടി വിളിക്കാം.ശ്യാം പോയി ഒരു ടാക്സി വിളിച്ചോണ്ട് വരൂ.." എന്ന് പറഞ്ഞു പ്രിൻസിപ്പാൾ സീറ്റിൽ നിന്നെഴുന്നേറ്റു സ്റ്റാഫ് റൂമിലേക്ക് പോയി. അപ്പോൾ തന്നെ പരിചയക്കാരനായ ഒരു ടാറ്റ സുമോ ടാക്സിക്കാരനെ ഞൻ ഫോൺ ചെയ്തു സ്കൂളിലേക്ക് വരുവാൻ പറഞ്ഞു. അഞ്ചു മിനിറ്റുകൾക്കകം ബീച്ചിലേക്ക് പോകുവാൻ ടാറ്റ സുമോയും ഞങ്ങളുംറെഡി ആയി..ഏകദേശം എട്ടു പത്തു കിലോമീറ്റര് ഉണ്ട് ബീച്ചിലേക്ക്. പോകുംവഴി ടീച്ചേഴ്സിന്റെ വക ആവലാതികളും, പരസ്പരം കുറ്റപ്പെടുത്തലുകളും. എന്താണ് സംഭവിച്ചത് എന്നറിയാത്ത പരിവേദനങ്ങളും.20 മിനിറ്റുകൾക്കകം ഞങ്ങൾ നാല് പേരും അവിടെയെത്തി. വലിയൊരു ജനക്കൂട്ടം. ഞങ്ങളെ കണ്ടതും ജനങ്ങൾ ഞങ്ങളുടെ നേരെ തിരിഞ്ഞു. കുറെ ആളുകൾ ഞങ്ങളെ കുറ്റപ്പെടുത്തികൊണ്ടും അസഭ്യം പറഞ്ഞു കൊണ്ടും ഞങ്ങളുടെ നേരെ ആക്രോശിക്കുന്നു. ആ കൂട്ടത്തിനുള്ളിൽ യൂണിഫോമിട്ട ഞങ്ങളുടെ കുട്ടികൾ.
"അയ്യോ ഇത് നമ്മുടെ 6 A യിലെ ശ്രുതിയും 5 ലെ അഖിലും സൂരജ് ഉം ആണല്ലോ..." ഒരു ടീച്ചർ ഞെട്ടലോടെ പറഞ്ഞു.
ഞങ്ങളെ കണ്ട പാടെ ആൺ കുട്ടികൾ അലമുറയിട്ടു കരഞ്ഞു ഓടിവന്നു ടീച്ചേഴ്‌സിനെ കെട്ടിപ്പിടിച്ചു.... ഏങ്ങലടിച്ചു കൊണ്ട് കരഞ്ഞു.. അപ്പോഴും ശ്രുതി അവിടെ തന്നെ നിർവികാരയായി നിന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ. കാര്യമറിയാതെ ഞങ്ങൾ അഖിലിനോട് ചോദിച്ചു " എന്തിനാ മോനെ ഇവിടെ വന്നത്?"
"ഞങ്ങൾക്കൊന്നും അറിയില്ല ടീച്ചർ. ഈ ചേച്ചി വിളിച്ചിട്ടാ ഞങ്ങൾ കൂടെ പോന്നത് . ബീച്ചിൽ പോകാം, നല്ല രസമാ അവിടെ, കടലിൽ കളിക്കാം ന്നൊക്കെ പറഞ്ഞു. വെള്ളിയാഴ്ചയല്ലേ .... ഉച്ചയ്ക്ക് ബെൽ അടിക്കുന്നതിനു മുൻപ് സ്കൂളിൽ തിരിച്ചു വാരാം ന്നൊക്കെ പറഞ്ഞോണ്ടാ ഞങ്ങൾ........." വീണ്ടും അഖിലിന്റെ കരച്ചിലിന്റെ ശബ്ദം കൂടി. ടീച്ചർ അവനെ ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു..." സാരമില്ലെടാ.. ഇപ്പൊ ടീച്ചർ വന്നില്ലേ...ഇനി ഒരു കുഴപ്പോം ഇല്ല ട്ടോ.."
ആ കുട്ടികളെയും ചേർത്ത് പിടിച്ചുകൊണ്ടു ഞങ്ങൾ ആ ആൾ ക്കൂട്ടത്തിലേക്കു നടന്നടുത്തു. അപ്പോഴും മനസ്സിലെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ശ്രുതി, കുറ്റബോധം ലേശവുമില്ലാതെ നിര്വികാരയായി നിൽക്കുന്നു...
"ശ്രുതി, നീയെന്തിനാ മോളെ ഇവരെയും കൂട്ടി ഇവിടെ വന്നത്?"
ആർക്കും മുഖം കൊടുക്കാതെ, അകലെയെങ്ങോ കണ്ണും നട്ട് അവൾ നിന്നു. ആ ചോദ്യത്തിനും പ്രതികരിക്കാതെ. ശ്രുതി, ഞങ്ങളുടെ വിദ്യാലയത്തിലെ നന്നായി പഠിക്കുന്ന ഒരു കുട്ടി. അധ്യാപകരുടെ കണ്ണിലുണ്ണി. എല്ലാ വർഷവും ക്ലാസ് ഫസ്റ്റ്...
അപ്പോഴേക്കും നാട്ടുകാരിൽ പലരും അക്ഷമയോടെ പ്രതികരിക്കാൻ തുടങ്ങി..ചെറിയ കുട്ടികളാണെങ്കിലും അവരെയും അസഭ്യം പറയുന്നു.. ഞങ്ങളെയും, ഞങ്ങളുടെ വിദ്യാലയത്തെയും ഒക്കെ പറയുന്നതിനൊപ്പം...
സദാചാരന്മാർ...
അവിടെ കൂടി നിന്നതിൽ മാന്യന്മാർ എന്ന് തോന്നിച്ച ചിലരോട് ഞങ്ങളുടെ തെറ്റ് ഏറ്റു പറഞ്ഞു ഞങ്ങൾ ഏഴ് പേരും വണ്ടിയിലേക്ക് കയറി. കനപ്പിച്ച മുഖവുമായി ശ്രുതിയും, ഏങ്ങലടക്കാൻ സാധിക്കാതെ അഖിലും സൂരജ്ഉം.. വണ്ടി പുറപ്പെട്ടപ്പോൾ തന്നെ ശ്രുതിയോട് വീണ്ടും കാര്യങ്ങൾ തിരക്കാൻ ആരംഭിച്ചു അവളുടെ പ്രിയപ്പെട്ട അധ്യാപകർ..പക്ഷെ ഒരക്ഷരം പോലും ഉരിയാടാൻ അവൾ തയാറായില്ല. ചോദിച്ചു ചോദിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോൾ അവളുടെ വലതു കൈയിൽ ഒരു അടി കൊടുത്തു ഒരധ്യാപിക.
"ടീച്ചറെ ഇപ്പോ അവളോടൊന്നും ചോദിക്കണ്ട. അവളൊന്നു വിശ്രമിക്കട്ടെ. നമുക്കു സ്കൂളിൽ ചെന്നിട്ട് ചോദിക്കാം." ഞാൻ ഇടപെട്ടു.
"ശ്രുതി നല്ല കുട്ടിയാ. അവൾ സ്കൂളിൽ ചെല്ലുമ്പോൾ എല്ലാം നമ്മോട് പറയും ടീച്ചറെ. അല്ലെ ശ്രുതി?" ഇതു പറഞ്ഞു ആ കുട്ടിയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കുഞ്ഞു കണ്ണുകളിൽ നിന്നു രണ്ടു തുള്ളി കണ്ണ്നീര് അടർന്നു വീഴുന്നത് ഞാൻ കണ്ടു. പിന്നീടൊന്നും പറയാൻ എന്റെ മനസ് അനുവദിച്ചില്ല. അപ്പോഴും അഖിലിന്റെ തേങ്ങൽ കേൾക്കാമായിരുന്നു.
ഞങ്ങൾ തിരിച്ചു വിദ്യാലയത്തിൽ എത്തിയപ്പോഴേക്കും ബെൽ അടിച്ചിരുന്നു. വിദ്യാർഥികൾ എല്ലാം അവരവരുടെ ക്ലാസ് റൂമുകളിൽ സ്വന്തം ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ കുട്ടികളെയും കൂട്ടി കമ്പ്യൂട്ടർ ലാബിലേക്ക് പോയി.
"നിങ്ങൾ എന്തെങ്കിലും കഴിച്ചോ?" പ്രിൻസിപ്പാൾ കുട്ടികളോട് ചോദിച്ചു.
" ഉം...കഴിച്ചു... സ്കൂളിൽ നിന്നു കഞ്ഞി കുടിച്ചിട്ടാ ഞങ്ങൾ പോയെ." അഖിലിന്റെ മറുപടി വന്നു.
അപ്പോഴെക്കും അഖിലിന്റെയും സൂരജിന്റെയും ക്ലാസ് ടീച്ചർമാരെ പ്രിൻസിപ്പാൾ വിളിപ്പിച് അവരോട് നടന്ന കാര്യങ്ങൾ പറഞ്ഞു. അവരോട് ഒന്നും കൂടുതൽ ചോദിക്കേണ്ട എന്ന് ചട്ടം കെട്ടിയിട്ടു ആൺ കുട്ടികളെ അധ്യാപകരോടൊപ്പം വിട്ടു.
" ശ്രുതി, മോളെ നീ കഴിച്ചോ?" താഴ്ന്നിരിക്കുന്ന ശ്രുതിയുടെ മുഖം ഉയർത്തിക്കൊണ്ടു ടീച്ചർ ചോദിച്ചു.
"ഇല്ല" മറുപടി പെട്ടെന്നായിരുന്നു.
" എന്താ മോളെ നീ കഴിക്കാഞ്ഞേ?" ഒരുപാട് വാത്സല്യത്തോടെ അവളുടെ ക്ലാസ് ടീച്ചർ ചോദിച്ചു.
"വിശപ്പുണ്ടായില്ല ടീച്ചർ...." അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ പെയ്തിറങ്ങി.
"ടീച്ചറും കഴിച്ചിട്ടില്ല.നമുക്കൊരുമിച്ചു കഴിച്ചാലോ?" അവളുടെ കരതലം ഗ്രഹിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു.
"എനിക്ക് വേണ്ട, ടീച്ചർ കഴിച്ചോളൂ" കണ്ണ് നീര് തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
"എന്താ മോളെ നിനക്ക് പറ്റിയത്? ടീച്ചറോട് പറ. എന്തിനാ നീ ബീച്ചിൽ പോയത്?" പതിയെ ടീച്ചർ കാര്യത്തിലേക്കു കടന്നു.
പെട്ടെന്ന് അവളുടെ ഉത്തരം വന്നു,
"മരിക്കാൻ..."
ഇത് കേട്ടപാടെ ഞങ്ങൾ നാല് പേരും ഞെട്ടി. 11 വയസുള്ള ഒരു പെൺകുട്ടിയുടെ വായിൽനിന്നു വന്ന ദൃഢമായ ഉത്തരം...
എങ്കിലും ആ ഞെട്ടലവളെ അറിയിക്കാതെ ഞാൻ ചോദിച്ചു. "മോളെ നീ മരിക്കാൻ പോയതാണെങ്കിൽ പിന്നെ എന്തിനാ അവരെ കൊണ്ട് പോയത്?"
"ഞാൻ മരിച്ചാൽ അത് എന്റെ വീട്ടിൽ വന്നു പറയാൻ... അഖിലും സൂരജ്ഉം എന്റെ അയൽവാസികളാണ് ..."
ആ കുഞ്ഞു മനസ്സിൽ ഏറ്റ മുറിപ്പാടുകളുടെ ആകത്തുകയാണ് ഇവിടെ വാക്കുകളായി രൂപാന്തരപ്പെട്ടതെന്നു ഞങ്ങൾക്ക് മന്സായിലായി. സ്തഭരായി നിന്ന ഞങ്ങളുടെ മൗനം കീറി മുറിച്ചു കൊണ്ട് അവൾ തുടർന്നു...
"എനിക്കിനി ജീവിക്കേണ്ട ടീച്ചറെ.. എന്നെ സ്നേഹിക്കാൻ ആരുമില്ല."
നന്നായി പഠിക്കുന്ന,എല്ലാ അധ്യാപകരുടെയും അരുമയായ ശ്രുതിയുടെ ആ വാക്കുകൾ ഒരു മിന്നൽ പിണരായാണ് ഞങ്ങളുടെ ഹൃദയത്തിലേക്ക് വന്നു പതിച്ചത്.
"എന്താ മോളെ നിനക്ക് പറ്റിയത്? ടീച്ചറോട് പറയു..എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്." അവളെ മാറോട് ചേർത്ത് പിടിച്ചു കൊണ്ട് ടീച്ചർ ചോദിച്ചു.
അതോടെ അത്രയും സമയം അടക്കി വച്ചിരുന്ന അവളുടെ വിഷമതാപങ്ങളുടെ കെട്ടുകൾ അവൾ അഴിച്ചു.
"ടീച്ചറിന് അറിയാല്ലോ എന്റെ കഥ? " അവൾ മുഖമുയർത്തി ക്ലാസ് ടീച്ചറോടായി ചോദിച്ചു.
"അറിയാം..." എന്ന് പറഞ്ഞു കൊണ്ട് അവളുടെ ക്ലാസ് ടീച്ചർ ഞങ്ങളോടായി അവളുടെ കഥ പറഞ്ഞു..
" ശ്രുതിയുടെ അമ്മ, ശ്രുതിയുടെ വളരെ ചെറു പ്രായത്തിൽ മരിച്ചതാ. ശ്രുതിയെ നോക്കാൻ വേറെ ആരുമില്ലാഞ്ഞത് കൊണ്ട് അവളുടെ അച്ഛൻ രണ്ടാമത് ഒരു കല്യാണം കഴിച്ചു. ശ്രുതിക്ക് വേണ്ടി മാത്രം. 'ചിറ്റമ്മ' എന്ന് ശ്രുതി വിളിക്കുന്ന അവളുടെ അച്ഛന്റെ രണ്ടാം ഭാര്യ. ശ്രുതിയെ വളരെ ഇഷ്ടായിരുന്നു ചിറ്റമ്മക്കു. അവൾക്കു തിരിച്ചും. ഒരു അമ്മയേക്കാൾ ചിറ്റമ്മ ശ്രുതിയെ നോക്കിയിരുന്നു..അല്ലെ ശ്രുതി?" ടീച്ചറുടെ ചോദ്യം കേട്ടതും ശ്രുതിയുടെ പ്രതികരണവും ഒരുമിച്ചായിരുന്നു..
"അതെ ടീച്ചർ... എന്റെ അമ്മയെ പോലെ, ഒരുപക്ഷെ അതിനേക്കാൾ കൂടുതൽ എനിക്കിഷ്ടമായിരുന്നു എനിക്കെന്റെ ചിറ്റമ്മയെ. അച്ഛനെ കുറിച്ചോർത്തു എനിക്ക് അഭിമാനം തോന്നിയിട്ടുണ്ട്..ഇങ്ങനെ ഒരു അമ്മയെ എനിക്ക് സമ്മാനിച്ചതിന്. ഞങ്ങൾ മൂന്നു പേരും ഒരുപാട് സന്തോഷത്തിലായിരുന്നു. ഞനങ്ങളൊരുമിച് സിനിമക്കും ബീച്ചിലും പാർക്കിലും എല്ലാംപോയിട്ടുണ്ട്, പലതവണ." അവളുടെ കണ്ണുകളിൽ പ്രകാശം പരക്കുവാൻ തുടങ്ങി. സന്തോഷകരമായ ആ സമയങ്ങൾ എല്ലാമവൾ ഞങ്ങളോട് പങ്കുവച്ചു. ആ സന്തോഷങ്ങൾ അവളുടെ കണ്ണുകളിലൂടെ ഞങ്ങൾക്ക് കാണാമായിരുന്നു..
" കുറച്ചു നാളുകൾക്കു മുൻപ് എനിക്കൊരു അനിയൻ വാവയെ കിട്ടി. എന്റെ ചിറ്റമ്മയുടെ വയറ്റിൽ നിന്ന്. ഒരുപാടിഷ്ടായിരുന്നു എനിക്കവനെ..4 മണിക്ക് സ്കൂളിലെ ബെല്ലടിക്കുമ്പോൾ ഞാൻ വീട്ടിലേക്കോടുമായിരുന്നു...അവനോടൊപ്പം കളിയ്ക്കാൻ. അവൻ എന്നെയും കാത്തിരിക്കും...എന്നെ കാണുമ്പോൾ തന്നെ ചിരിക്കും..എന്റെ കുഞ്ഞാവ." അവൾ തുടർന്നു..
ഇത്രയും സന്തോഷം ശ്രുതി ഞങ്ങളോട് പങ്കിടുമ്പോഴും, എന്റെ മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു.."
" പിന്നെയെന്തിന് ഈ കുട്ടി ........?"
" അവനിപ്പോ ഒരു വയസു കഴിഞ്ഞു.." അവൾ തുടർന്നു.
" ഒന്ന് രണ്ടു മാസങ്ങളായിട് എന്റെ കുഞ്ഞവാക്കു എന്നും എന്തങ്കിലുമൊക്കെ അസുഖങ്ങളാണ്... അവനു അസുഖം വന്നാൽ പിന്നെ ഞങ്ങൾ അവനെയും നോക്കി ചുറ്റുമിരിക്കും. ഒന്നുകഴിക്കാതെ,ഉറങ്ങാതെ... അവനു അസുഖം വന്നാൽ ഞാൻ അവനോടൊപ്പമേ കിടക്കുമായിരുന്നുള്ളു..."
"ഇത്രയ്ക്കു വിഷമങ്ങളൊക്കെ ഉള്ളപ്പോൾ മോൾ ഇങ്ങനെ ഒക്കെ ചെയ്യാമോ? ടീച്ചറിന്റെ ചോദ്യം വന്നു..
"ടീച്ചർ ചോദിച്ചത് ശെരിയാണ്.. പക്ഷെ എനിക്കിതല്ലാതെ വേറെ വഴിയില്ലായിരുന്നു ടീച്ചർ. അതോണ്ടാ ഞാൻ.." വീണ്ടും ആ മുഖം വാടി തുടങ്ങി.
"പറയു..എന്താ നിന്റെ പ്രശ്‍നം?" ഞങ്ങളുടെ എല്ലാരുടെയും മുഖത്തു നോക്കികൊണ്ട്‌ പ്രിൻസിപ്പാൾ ശ്രുതിയോടായി ചോദിച്ചു.
"കുഞ്ഞവാക്കു അസുഖം മാറാതെ വന്നപ്പോൾ,ചിറ്റമ്മ പറഞ്ഞിട്ട് അച്ഛൻ ഏതോ ശാന്തിക്കാരനെ കണ്ടു. കുഞ്ഞാവയുടെ സമയം നോക്കണം എന്നോ മറ്റോ അച്ഛനോട് ചിറ്റമ്മ പറഞ്ഞു. ഒരു ദിവസം ഞൻ കുഞ്ഞാവയോടൊത്തു കളിച്ചോണ്ടു നിൽക്കുമ്പോൾ അച്ഛന്റെ മുറിയിൽ നിന്ന് ചിറ്റമ്മയുടെ അടക്കി പിടിച്ചുള്ള കരച്ചിൽ കേട്ടു. എന്താണെന്നറിയാൻ ഞാൻ അങ്ങോട്ടേക്ക് ചെല്ലുമ്പോൾ വാതിൽ പകുതി അടച്ചിട്ടിരുന്നു."'
"എനിക്കെന്റെ മോനെ വേണം" വാശിയിൽ ചിറ്റമ്മ അച്ഛനോട് പറയുന്നത് കേട്ടു.
" അപ്പൊ നമ്മുടെ മോൾ?" അച്ഛൻ ചോദിച്ചു.
"അതെനിക്കറിയണ്ട..എനിക്കെന്റെ മോനാ വലുത്. അവനെ എനിക്ക് വേണം. നിങ്ങളുടെ ജാതകത്തിൽ നിങ്ങളുടെ ഒരു കുഞ്ഞിനെ ആയുസുള്ളൂ എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ, ആ കുഞ്ഞു എന്റെ മോനായിരിക്കണം. എനിക്കറിയാം എന്താ ചെയ്യേണ്ടത് എന്ന്."
എന്തൊക്കെയോ പ്രശ്നങ്ങൾ അച്ഛനും ചിറ്റമ്മയുംതമ്മിൽ എന്ന് വിചാരിച്ചു ഞാൻ കുഞ്ഞവയോടൊപ്പം കളിയ്ക്കാൻ പോയി. പക്ഷെ പിന്നീടുള്ള ഓരോ ദിവസവും ചിറ്റമ്മക്കു എന്നോടുള്ള സ്നേഹം കുറഞ്ഞു വരുന്നത് പോലെ തോന്നി. അച്ഛനും... അച്ഛൻ ഇപ്പൊ എന്നോട് മിണ്ടാറില്ല. എപ്പോഴും ദേഷ്യം ആണ് എന്നോട് രണ്ടു പേർക്കും. കുറച്ചു നാളുകളായി എന്നെ പഠിപ്പിക്കാൻ അവർ കൂട്ടിരിക്കാറില്ല. ചിറ്റമ്മയെനിക് ഭക്ഷണമെടുത്തു തരാറില്ല. പല ദിവസങ്ങളിലും രാത്രി എനിക്ക് ഭക്ഷണം ഉണ്ടാവുമായിരുന്നില്ല. കുഞ്ഞാവയുടെ അസുഖത്തിന്റെ വിഷമം കൊണ്ടാണ് ചിറ്റമ്മ എന്നെ മറക്കുന്നത് എന്ന് ഞാൻ കരുതി. അതോണ്ട് എനിക്കൊരു വിഷമവും തോന്നീല്ല. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായിട് കുഞ്ഞവാക്കു വീണ്ടും നല്ല പനി വന്നു. അന്നു മുതൽ ചിറ്റമ്മ എന്നോട് വല്ലാതെ ദേഷ്യപ്പെടാൻ തുടങ്ങി. ഞാൻ എന്ത് ചെയ്താലും കുറ്റങ്ങൾ മാത്രമായി.. ഇന്നലെ ചട്ടകം പഴുപ്പിച്ചു എന്റെ തുടയിൽ വെച്ചു പൊള്ളിച്ചു.
"നിനക്കൊന്നു പോയി ചത്തൂടെ? എങ്കിൽ എന്റെ മോൻ രക്ഷപ്പെടും..നീ ജീവിച്ചിരുന്നാൽ എന്റെ മോനെ എനിക്ക് നഷ്ടമാകും. നിനക്ക് നിൻറെ അമ്മയുടെ അടുത്തേക്ക് പൊക്കൂടെ? എന്തിനാ നീ, ഞങ്ങളുടെ വീട്ടിൽ ഒരു അധികപറ്റായിട്ടു ജീവിക്കണെ? ചട്ടുകവും കയ്യിൽ പിടിച്ചോണ്ട് ചിറ്റമ്മ എന്നോട് ചോദിച്ചു.
അച്ഛൻ എല്ലാംകേട്ടു കൊണ്ട് അടുത്ത മുറിയിൽ ഇരിക്കുന്നുണ്ടായിരുന്നു,ഒന്നുംമിണ്ടാതെ. എനിക്കെന്റെ അച്ഛനെയും നഷ്ടമായി എന്ന് എനിക്കപ്പോഴാ മനസിലായെ. ശാന്തിക്കാരൻ അന്ന് അച്ഛനോട് പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാണെനിക്ക് മനസിലായത്. ഒരുപാട് എന്നെ സ്നേഹിച്ചിരുന്ന എന്റെ ചിറ്റമ്മ വളരെ മാറിയിരിക്കുന്നു. എന്റെ കാലിലെ വേദനയെക്കാളേറെ എന്നെ വിഷമിപ്പിച്ചത് ആ വാക്കുകൾ ആയിരുന്നു. ഞാൻ കാരണം എന്റെ കുഞ്ഞവാക്കു ഒന്നും സംഭവിക്കരുത്. എന്റെ അച്ഛനും ചിറ്റമ്മയും സന്തോഷമായിട് ജീവിക്കണം..ഞാൻ ആ വീട്ടിൽ ഇല്ലെങ്കിലും ആർക്കുമൊന്നും നഷ്ടപ്പെടില്ല."
ശ്രുതിയുടെ കണ്ണുകളിൽ വൈഷമ്യത്തിന്റെ ദൈന്യതയുടെ വർണമാറ്റങ്ങൾ കാണാമായിരുന്നു.
"ഇന്നലെ രാത്രി എന്റെ അമ്മയുടെ ഫോട്ടോയുടെ മുന്നിലിരുന്നു ഞാൻ ഒരുപാട് കരഞ്ഞു. അമ്മയോട്‌ ഞാൻ പറഞ്ഞു എന്നെ കൂടെ അങ്ങോട്ടേക്ക് കൊണ്ടുപോകാൻ."
വല്ലാത്തൊരു നെഞ്ചിടിപ്പോടെ ആ കുഞ്ഞിന്റെ വാക്കുകൾ കേട്ടു, ഒന്നും മിണ്ടാനാവാതെ ഞങ്ങൾ നിന്നുപോയി..
" പറയു ടീച്ചർ, ഇനി ഞാൻഎന്തിനാ ജീവിക്കണേ? എനിക്കാരുമില്ല." എന്റെ വീട്ടിൽഞാനൊരു ഭാരമാണ്. എന്റെ കുഞ്ഞാവയെ നഷ്ടപ്പെടുന്നതിലുള്ള സങ്കടമേ ഉള്ളു എനിക്ക്.."
അറിയാതെ ആണെങ്കിലും എന്റെ കണ്ണുകളും ഈറനണിഞ്ഞു. നീണ്ട 15 വർഷങ്ങൾക്കിപ്പുറം വീണ്ടും ശ്രുതിയെ കുറിച്ചോർത്തു..ഇപ്പോഴും എനിക്കറിയില്ല ആ കുട്ടി ഇപ്പൊ അവളുടെ അമ്മയോടൊപ്പം ആണോ അതോ ചിറ്റമ്മയോടൊപ്പം ആണോ എന്ന് ...

Aneesh U
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo