Slider

മനേജരുടെ ക്യാബിനിലേക്ക്......

0
മനേജരുടെ ക്യാബിനിലേക്ക് സൈൻ ചെയ്യാൻ പോകുന്ന വഴി, വരാന്തയിൽ എസ്.പിയെ കാണാൻ വേണ്ടി കാത്തിരിക്കുന്ന ആളുകളുടെ കൂട്ടത്തിൽ മാന്യമായി വസ്ത്രം ധരിച്ച ഏകദേശം അറുപതിനോടടുത്ത് പ്രായം വരുന്ന മനുഷ്യൻ എന്റെ ശ്രദ്ധയിൽ പെട്ടു .അവിടെ ഇരിക്കുമ്പോഴും വല്ലാതെ അസ്വസ്ഥനായിരുന്നു അദ്ദേഹം.
പോലീസ് ഓഫീസ് ആയതു കൊണ്ട് പ്രശ്നങ്ങളും പരാതികളുമായി ദിവസവും നിരവധി ആളുകൾ വരുന്നു പോകുന്നു. എന്നിട്ടും ഈ മനുഷ്യനെന്തോ പ്രത്യേകതയുള്ളതു പോലെ. അദ്ദേഹത്തിന്റെ രൂപവും ഭാവവും എന്റെ അച്ഛനെ ഓർമ്മിപ്പിച്ചതു കൊണ്ടാകാം.
അദ്ദേഹം വന്നതെന്തിനാകും എന്നു വെറുതെ മനസ്സിലോർത്തു ഞാൻ പൊതു ജന പരാതികൾ കൈകാര്യം ചെയ്തിരുന്ന എന്റെ സീറ്റിലേക്ക് പോയി.
പതിവു പോലെ ബിന്ദുചേച്ചിയുമായി കത്തി വെച്ചു കൊണ്ട് ... അത്യാവശ്യം രസകരമായ എരിവും പുളിയുമുള്ള പരാതികൾ വായിക്കാനുണ്ടാകണേ ഭഗവാനേ എന്നും പ്രാർത്ഥിച്ചു കൊണ്ട് സിസ്റ്റം ലോഗിൻ ചെയ്തു. ഇത്തരം പരാതികൾ പങ്കിട്ടുവായിക്കുന്ന കാര്യത്തിൽ ഞാനും എന്റെ ചങ്കായ ബിന്ദുചേച്ചിയും പണ്ടേ സോഷ്യലിസം
നടപ്പിലാക്കിയിരുന്നു.
ഉച്ച തിരിഞ്ഞ സമയം വളരെ വെപ്രാളത്തിൽ ആ മനുഷ്യൻ സെക്ഷനിലേക്ക് വന്നു.എസ്.പിയെ നേരിൽ കണ്ടതിനു ശേഷമുള്ള വരവാണ്. അദ്ദേഹം വളരെ അസ്വസ്ഥനാണ് എന്ന് ശരീരഭാഷ കൊണ്ട് മനസ്സിലായിരുന്നു. പെട്ടെന്ന് നടപടി സ്വീകരിക്കണേ എന്നും പറഞ്ഞ് ഓഫീസ് നമ്പറും വാങ്ങി അദ്ദേഹം പോയതിനു ശേഷമാണ് ഞാൻ പരാതി വായിക്കുന്നത്.
അതിലെ ഓരോ വാക്കുകളിലൂടെ പോകുമ്പോഴും നിറഞ്ഞ കണ്ണുകളോടെ ആ അച്ഛൻ നേരിൽ സംസാരിക്കുന്ന പോലെ ...
അദ്ദേഹത്തിന് രണ്ട് പെൺമക്കളാണ്.അതിൽ മൂത്തവൾ ഇന്നില്ല. അവളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ഈ പരാതി. അവളെ തൽക്കാലം രാധിക എന്നു വിളിക്കാം.എഞ്ചിനീയറിംഗ് ബിരുദധാരിയായ രാധികയെ നൂറു പവനിലധികം സ്വർണ്ണവും മറ്റും നൽകിയാണ് വിദേശത്ത് ഏഞ്ചിനീയറായ വിവേകിന് (പേര് സാങ്കൽപ്പികം ) വിവാഹം ചെയ്തു കൊടുത്തത്.
അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയതിനാൽ വല്യച്ഛനും വല്യമ്മയുമാണ് വിവേകിനെ വളർത്തിയത്.വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞ് വിവേക് വിദേശത്തേക്ക് തിരിച്ചു പോയി.അതിനു ശേഷം വീട്ടിലേക്ക് കുറച്ച് ദിവസം നിൽക്കാൻ വന്ന രാധിക ഒട്ടും സന്തോഷത്തിലായിരുന്നില്ല. ആരോടും ഒന്നും സംസാരിക്കാതെ ഒറ്റക്കിരുന്നിരുന്ന രാധിക യോട് കാരണം തിരക്കിയപ്പോൾ അവൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും പിന്നീട് നിർബന്ധിച്ചപ്പോൾ അവൾ കാര്യങ്ങൾ തുറന്നു പറയുകയും ചെയ്തു.
വിവേക് പോയതിനു ശേഷം വല്യച്ഛന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്നു. മകന്റെ ഭാര്യയാണ് എന്നോർക്കാതെയുള്ള അയാളുടെപെരുമാറ്റങ്ങളും താത്പര്യ പ്രകടനങ്ങളും മൂലം സഹി കെട്ട രാധിക ഇക്കാര്യം വല്യമ്മയോട് സൂചിപ്പിച്ചു. എന്നാൽ വല്യച്ഛനല്ലേ പോട്ടേ.. ഇക്കാര്യം ആരോടും പറയരുതെന്നും നോക്കിയും കണ്ടും നിൽക്കണമെന്നും പറഞ്ഞ് പ്രശ്നങ്ങളെ കണ്ടില്ല എന്ന് നടിക്കുകയാണ് ആ സ്ത്രീ ചെയ്തത്.വിവേകിനോട് ഇക്കാര്യം പറഞ്ഞപ്പോൾ അയാൾ പെട്ടിത്തെറിക്കുകയും തന്റെ വല്യച്ഛൻ അത്തരക്കാരനല്ല എന്നും പറഞ്ഞ് അവളെ
കുറ്റപ്പെടുത്തുകയുമാണ് ചെയ്തത്.
• ആ വീട്ടിലേക്ക് തിരികെ പോകാൻ പേടിയാണെന്ന് പറഞ്ഞ രാധികയെ എല്ലാവരും കൂടി പറഞ്ഞു മനസ്സിലാക്കി നിർബന്ധിച്ചു തിരിച്ചയച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം രാധികയുടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വിവേക് അവളെ വിദേശത്തേക്ക് കൊണ്ടു പോയി. വിവേകിനൊപ്പം പോകുന്ന സമയം അവൾ വളരെ സന്തോഷവതിയായിരുന്നു. അവിടെ എത്തിയ ശേഷം വിവേക് അവളെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങി.നാട്ടിൽ നിന്നുള്ള വല്യച്ഛന്റേയും വല്യമ്മയുടേയും ഫോൺ കാളുകൾ അതിന് ആക്കം കൂട്ടി. രണ്ട് മാസം കഴിഞ്ഞ് വിവേക് രാധികയുമായി തിരികെ നാട്ടിലെത്തുകയും രാധികയെ അവളുടെ വീട്ടിൽ കൊണ്ടു വിടുകയും ചെയ്തു.
അവളെ കൊണ്ടു വിട്ടു മടങ്ങുമ്പോ അവന്റെ കാലു പിടിച്ച് തന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് അവൾ കരഞ്ഞത്രേ... രാധികയുടെ ദേഹത്താകെ അടി കൊണ്ട പാടുകൾ ഉണ്ടായിരുന്നു. കുറച്ച് നേരം ഒറ്റക്കിരിക്കണം എന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച അവളെ പിന്നെ ആ അച്ഛൻ കണ്ടത്.. ഒരു ഷാളിൻ തുമ്പിൽ തൂങ്ങി ആടുന്നതയാണ്.
ജീവനില്ലാത്ത അവളുടെ ശരീരം കാണാൻ പോലും ഒരു ചടങ്ങിനെന്ന പോലെ മത്രം വന്നു ഭർത്താവും വീട്ടുകാരും. ആ വീട്ടിൽ തന്റെ മകൾക്ക് സംഭവിച്ചതെന്താണെന്നറിയണം ആ അച്ഛന് .വിവേകിന്റെ വീട്ടുകാരുടെ പണവും സ്വാധീനവും തനിക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകുമോ എന്ന ഭയം ആ പരാതിയിൽ ഉടനീളം
നിഴലിക്കുന്നുണ്ടായിരുന്നു.
ആ അച്ഛൻ പിന്നേയും ഒരു പാട് തവണ വന്നു. എവിടേയും എത്താത്ത അന്വേഷണത്തിന്റെ കഥ പറഞ്ഞ് തിരിച്ചയക്കുമ്പോ നിയമത്തിലും നിയമ സ്ഥിതിയിലും ഉള്ള വിശ്വാസം നഷ്ടപ്പെടുകയായിരുന്നു.
രണ്ട് മാസം കഴിഞ്ഞപ്പോൾ ഞാൻ വേറെ സെക്ഷനിലേക്ക് മാറി.ആ അച്ഛന് നീതി ലഭിച്ചോ എന്നെനിക്കറിയില്ല. ഒരു പാട്
കാരണമില്ലാത്ത ആത്മഹത്യകളിൽ ഒരു പക്ഷെ ഇതും മുങ്ങി പോയിട്ടുണ്ടാകും.
ഓരോ പെൺക്കുട്ടികളും ഓരോ രാജകുമാരിമാരാണ് ഓരോ അച്ഛന്റെയും അമ്മയുടേയും മനസ്സിൽ ....
അവൾ പിറന്നു വീഴുന്ന നാൾ തൊട്ട് അവളുടെ വിവാഹം സ്വപ്നം കാണുന്ന അച്ഛനമ്മമാർ. സ്വപ്നത്തിനൊപ്പം സ്വർണ്ണവും സ്വരുക്കൂട്ടുന്നവർ.
സ്വന്തം വിരൽത്തുമ്പിൽ തൂങ്ങി നടന്നിരുന്ന കൈകളെ മറ്റൊരു കൈകളിലേക്ക് പിടിച്ചു കൊടുക്കുമ്പോൾ പ്രാണൻ പിടഞ്ഞു പോകുന്ന അച്ഛന്മാരുണ്ട്. അത്തരത്തിൽ പെട്ട ഒരച്ഛനായിരിക്കും അദ്ദേഹവും.
എന്നിട്ടും അദ്ദേഹത്തിനു തെറ്റി. ആദ്യം അവൾ വീട്ടിലേക്ക് വന്നപ്പോൾ എല്ലാം പറഞ്ഞപ്പോൾ സഹിക്കാനും ക്ഷമിക്കാനും പഠിപ്പിച്ച് അവളെ തിരികെ അയക്കണ്ടായിരുന്നു.അങ്ങനെ ചെയതിരുന്നെങ്കിൽ ഒരു പക്ഷെ അവൾ ഇന്നവരോടൊപ്പം ഉണ്ടാകുമായിരുന്നു.
വിവാഹം കഴിപ്പിച്ചയച്ച പെൺമക്കൾ തിരികെ വീട്ടിൽ വന്നു നിൽക്കുന്നത് കുടുംബത്തിന് മാനക്കേടാകാം. പല പെൺകുട്ടികളും നിസ്സാര കാര്യങ്ങൾക്കായിരിക്കും പ്രശ്നം ഉണ്ടാക്കുന്നത്. അത്തരക്കാരെ പറഞ്ഞു തിരുത്തുക തന്നെ വേണം.
ഗുരുതരമായ പല പ്രശ്നങ്ങളേയും കണ്ടില്ലെന്നു നടിച്ച് ദുരഭിമാനത്തിന്റെ പേരിലും നാട്ടുകാർ എന്തു പറയും എന്നു പേടിച്ചും എല്ലാം സഹിക്കാനും ക്ഷമിക്കാനും അഡ്ജസ്റ്റ് ചെയ്യാനും പെൺമക്കളെ പറഞ്ഞു പഠിപ്പി ക്കുമ്പോൾ ... അച്ഛനമ്മമാർ ഇങ്ങനെ ഒരു ദിവസവും പ്രതീക്ഷിക്കുക.....
മരണം കൊണ്ടു പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തിയ ആ പെൺകുട്ടിയും അവളുടെ അച്ഛനും
വർഷങ്ങൾക്കിപ്പുറവും ഒരു വിങ്ങലായി മനസ്സിൽ നിൽക്കുന്നു.

Anju Shyam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo