Slider

ലിപ്സ്റ്റിക്ക് - ഭാഗം 3

0
ലിപ്സ്റ്റിക്ക് - ഭാഗം 3
“ശരി ദര്‍ശന്‍ ..അമ്മ എഴുന്നേറ്റെന്ന് തോന്നുന്നു ..ഞാന്‍ ഫോണ്‍ വെക്കുകയാണ്‌ ..അപ്പൊ നാളെ മറക്കണ്ട രണ്ട് മണിക്ക് മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍റെ അവിടെ ഞാന്‍ വരും ..ഫോണ്‍ വെക്കുകയാണ്‌..ബൈ “ പെണ്‍കുട്ടി ഫോണ്‍ കട്ട് ചെയ്യ്തതിന് ശേഷം ബാല്‍ക്കണിയില്‍ നിന്ന് അകത്തേക്ക് നടന്നു
“ദര്‍ശന്‍ ..ആരാണയാള്‍ ? ഞാന്‍ എന്തിന് അയാളെ കാണണമെന്ന് നിര്‍ബന്ധം പിടിക്കുന്നു ?..അയാളും ഞാന്‍ തമ്മിലുള്ള ബന്ധം എന്താണ് ?..ഇനി എവിടെയാണ് മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍ ?..ഇനി രണ്ട് മണിക്ക് ഞാന്‍ അയാളെ കാണാന്‍ വരുമോ ?..ഒരു പക്ഷേ എന്നെ പറ്റി ബാക്കി അറിയുവാന്‍ കഴിയുന്നത് അവിടെ വെച്ചാണെങ്കിലോ ?..ഇനി പകല്‍ രണ്ടുമണി ആവുന്നതുവരെ കാത്തിരിക്കുകയല്ലാതെ വേറെ വഴിയില്ലതാനും ..മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍ അത് എവിടെയാണ് ?..അത് കണ്ടെത്തണം “ സ്വപ്ന സുന്ദരി പതിയെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു
----------------------------------------
23-ജൂണ്‍-2029..സമയം 09:35 AM
പിറ്റേന്ന് കാലത്ത് തന്നെ സ്വപ്ന സുന്ദരി ആ പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് എത്തിച്ചേര്‍ന്നിരുന്നു.ഒരുപാട് ആളുകള്‍ വാഹനങ്ങളിലും മറ്റുമായി ആ വീട്ടിലേക്ക് വരുന്നുണ്ട് .എന്താണ് ആ വീട്ടില്‍ നടക്കാന്‍ പോകുന്നതെന്ന് അറിയാതെ സ്വപ്ന സുന്ദരി സംശത്തോടെ ആ മതിലിനോരത്തായി അതെല്ലാം നോക്കി കണ്ടു നിന്നു
“പൂജാ ഇതാരാ വന്നിരിക്കുന്നത് നോക്കിയേ “ വീടിന്‍റെ ഉമ്മറത്ത്‌ നിന്നൊരു സ്ത്രീ വീടിന് അകത്തേക്ക് നോക്കി ആരെയോ വിളിക്കുന്നുണ്ട് .സ്വപ്ന സുന്ദരി പെട്ടെന്ന്‍ ആ സ്ത്രീയെ നോക്കി.പട്ടുസാരിയുടെ മുകളില്‍ ആവശ്യത്തിലധികം ആഭരണങ്ങള്‍ അണിഞ്ഞ വെളുത്തൊരു സ്ത്രീ രൂപം .ആ സ്ത്രീയുടെ അടുത്തേക്ക് സ്വപ്ന സുന്ദരി ഇന്നലെ കണ്ട അവളുടെ രൂപമുള്ള പെണ്‍കുട്ടി,ഭൂതകാലത്തിലെ സ്വപ്ന സുന്ദരി വീടിനുള്ളില്‍ നിന്ന് നടന്നുവന്നു
“പൂജ ? പൂജ എന്നാണോ എന്‍റെ പേര് ? “ ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ സ്വപ്ന സുന്ദരി തന്നോടായി പറഞ്ഞു .സ്വപ്ന സുന്ദരി വീണ്ടും ആ സ്ത്രീയുടെ വാക്കുകള്‍ക്കായി ചെവികൊടുത്തു
“പൂജ ..ഇതാ രശ്മി ആന്റി വന്നിരിക്കുന്നു “ ആ സ്ത്രീ പൂജയോടായി പറഞ്ഞു
“പൂജാ നീ ഒത്തിരി ക്ഷീണിച്ചല്ലോ ..അമ്മ നിന്നെ പട്ടിണിക്ക് ഇടുകയാണോ ? ഒന്നും കഴിക്കാന്‍ തരുന്നില്ലേ ? “ രശ്മി ആന്റി ആ സ്ത്രീയുടെ തോളില്‍ പതുക്കെ തട്ടി ചിരിച്ചുകൊണ്ട് പൂജയോടായി പറഞ്ഞു
“അമ്മ ? എന്‍റെ അമ്മയാണോ അത് ? “ മതിലോനോരത്തു ഇതെല്ലാം നോക്കി നിന്നിരുന്ന സ്വപ്ന സുന്ദരിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു അത് പറയുമ്പോള്‍
“അറയില്ല രശ്മി ..അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞതിന് ശേഷം കൊച്ചിന് ക്ഷീണമാണ് ..ടെന്‍ഷനാവും ചിലപ്പോ “
“കല്യാണത്തിന് മുന്‍പേ ടെന്‍ഷനൊ പൂജാ ? ടെന്‍ഷന്‍ കല്യാണം കഴിഞ്ഞാലല്ലേ..അതോ നിനക്ക് ഇനി വല്ല പ്രേമം ? അങ്ങനെ എന്തെങ്കിലും ? “ രശ്മി പൂജയോട് ചോദിച്ചു
“ഇല്ല ആന്റി ..അങ്ങനെയൊന്നുമില്ല “പൂജ രശ്മിയുടെ ചോദ്യത്തിന് മറുപടി നല്‍കി.അവര്‍ മൂവരും വീടിന് അകത്തേക്ക്‌ പോയി
“അപ്പോ എന്‍റെ കല്യാണമാണ് നാളെ ..എന്‍റെ കല്യാണപന്തലാണിത് ..ഈ വരുന്നവരൊക്കെ എന്‍റെ കല്യാണം കൂടാന്‍ വന്നവരാണ് “സ്വപ്ന സുന്ദരിക്ക് നാളെ അവളുടെ കല്യാണമാണ് അവിടെ നടക്കാന്‍ പോകുന്ന കാര്യത്തില്‍ വ്യക്തമായി .പെട്ടെന്ന് അവളുടെ മുന്നിലൂടെ ആ വീട്ടിലേക്ക് നോക്കികൊണ്ട്‌ ബൈക്കുകാരന്‍ കടന്നു പോയി .വീടിന്‍റെ ഗേറ്റിന്‍റെ അരികിലായി ബൈക്ക് നിറുത്തി അയാള്‍ വീടിന് അകത്തേക്ക്‌ നോക്കുന്നുണ്ട് .സ്വപ്ന സുന്ദരിയുടെ ശ്രദ്ധ പിന്നീട് അയാളിലായി.പകുതി മറന്ന സ്വപ്നത്തിലെവിടെയോ അയാളുടെ മുഖം കണ്ടിട്ടുണ്ടെന്ന ബോധം സ്വപ്ന സുന്ദരിയില്‍ തോന്നിപ്പിച്ചു.അതൊന്ന് ഓര്‍ത്തെടുക്കാന്‍ അവള്‍ ശ്രമം നടത്തിയെങ്കിലും മുന്നത്തെപ്പോലെ അവള്‍ പരാജയപ്പെട്ടു.സ്വപ്ന സുന്ദരി അയാളെ നോക്കുന്നത് അയാള്‍ ശ്രദ്ധിച്ചു .എന്തോ ഒരു അത്ഭുതം കണ്ടപ്പോലെ ബൈക്ക് സ്റ്റാന്‍ഡില്‍ ഇട്ടതിന് ശേഷം അയാള്‍ അവളുടെ അടുത്തേയ്ക്ക് നടന്നു .അയാള്‍ അവളെ മുടി മുതല്‍ പാദം വരെ അയാളുടെ കണ്ണുകള്‍കൊണ്ട് സ്കാനിംഗ് മെഷീന്‍പോലെ സ്കാന്‍ ചെയ്തു
“പൂജാ ? “ അയാളൊരു ചോദ്യത്തോടെ അവളോട്‌ ചോദിച്ചു .സ്വപ്ന സുന്ദരി അല്ലന്ന്‍ തലയാട്ടി
“ഈ മുഖം ? “അയാള്‍ വീണ്ടും ഒരു സംശത്തോടെ അവളെ നോക്കി നിന്നു
“പക്ഷേ ഈ ക്രോപ്പ് ചെയ്ത മുടി ? ഈ ലിപ്സ്റ്റിക്ക് ? “ അയാള്‍ സംശയം പോകാതെ അവളെ നോക്കികൊണ്ട്‌ പറഞ്ഞു
“ഹാവ് വീ മെറ്റ് ബിഫോര്‍ ..? “ അയാള്‍ അവളോട്‌ ചോദിച്ചു
“ഇല്ലല്ലോ “ അവള്‍ ഒട്ടും ആലോചിക്കാതെ മറുപടി പറഞ്ഞു
“പക്ഷേ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട് ..എന്റെയൊരു ഫ്രണ്ടിന്‍റെ അതെ ഛായയാണ് നിങ്ങള്‍ക്ക് “ അതുകേട്ടപ്പോള്‍ അവള്‍ അയാളെ തറപ്പിച്ചുനോക്കി
“അയ്യോ ..ഇങ്ങനെ നോക്കല്ലേ ..നുണ പറഞ്ഞതല്ല സത്യമായും എന്‍റെ ഫ്രണ്ട് പൂജയുടെ അതെ ഛായയാണ് നിങ്ങള്‍ക്ക് ..അല്ല നിങ്ങള്‍ കല്യാണത്തിന് വന്നതാണോ ? “
“അല്ല ..ഇവിടെ അടുത്താണ് എന്‍റെ വീട് ..പൂജയെ അറിയാം ..പൂജയുടെ ഫ്രണ്ടിന്‍റെ പേരെന്താ ? “
“ദര്‍ശന്‍ “ അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ദര്‍ശന്‍ ? “ ഇക്കുറി അവള്‍ക്കായിരുന്നു സംശയം
“യെസ് ദര്‍ശന്‍ “
ഇയാളെയല്ലേ ഞാന്‍ കുറച്ച് മുന്‍പ് കാണണമെന്ന് ഫോണിലൂടെ പറഞ്ഞത് എന്ന സംശയത്തോടെ സ്വപ്ന സുന്ദരി നോക്കി നില്‍ക്കെ അയാള്‍ തിരിഞ്ഞു ബൈക്കിന്‍റെ അടുത്തേക്ക് നടന്നു.ബൈക്കില്‍ കയറിയ ശേഷം ദര്‍ശന്‍ ഹോണ്‍ ബട്ടണില്‍ ഒന്ന് അമര്‍ത്തിയ ശേഷം വീടിന് അകത്തേക്ക്‌ നോക്കി .രണ്ട് സെക്കന്റ്‌ ഇടവേളയില്‍ അയാള്‍ രണ്ടുതവണ കൂടിയും ഹോണ്‍ അടിച്ചു .ഹോണ്‍ എന്തിന്റെയോ സൂചനയെന്ന പോലെ ദര്‍ശന്‍ വീടിന്‍റെ അകത്തേക്ക് തന്നെ നോക്കി നിന്നു .സ്വപ്ന സുന്ദരി ഇതൊക്കെ തൊട്ടപ്പുറത്തു നിന്ന് നോക്കി കാണുന്നുണ്ടായിരുന്നു .സ്വപ്ന സുന്ദരിയും എന്താണ് നടക്കുന്നതെന്ന് അറിയാതെ വീടിന്‍റെ അകത്തേക്ക് നോക്കി നില്‍ക്കുകയാണ് .പെട്ടെന്ന് പൂജ വീണ്ടും വീടിന്‍റെ ഉമ്മറത്തെക്ക്‌ വന്നു .ദര്‍ശന്‍ വീണ്ടും ബൈക്കിന്‍റെ ഹോണ്‍ മുഴക്കി .അയാള്‍ പൂജയെയാണ് നോക്കുന്നത് സ്വപ്ന സുന്ദരിക്ക് മനസ്സിലായി.അവസാനത്തെ ഹോണ്‍ അടിച്ചതില്‍ പൂജയും ദര്‍ശനെ കണ്ടിരുന്നു .ദര്‍ശന്‍ കൈവിരലുകള്‍ കൊണ്ട് രണ്ട് എന്ന് ആംഗ്യം കാട്ടി .അവള്‍ ചിരിച്ചുകൊണ്ട് ശരിയെന്ന് അര്‍ഥം വെക്കും രീതിയില്‍ തലയാട്ടി.ദര്‍ശന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ആ വീടിന്‍റെ മുന്‍പില്‍ നിന്ന് പോവുകയും അതുപോലെ പൂജയും തിരിച്ച് വീടിന്‍റെ അകത്തേക്ക് പോവുകയും ചെയ്തു.
“ദര്‍ശന്‍ അപ്പോള്‍ പൂജയുടെ വെറുമൊരു ഫ്രണ്ട് മാത്രമാണോ ? വെറുമൊരു ഫ്രണ്ടിനോടാണോ പൂജ അത്രയും നേരം സംസാരിച്ചത് ?അതും അത്രയും വൈകിയ സമയത്ത് ..അയാളുടെ മുഖം മുന്‍പ് ഞാന്‍ എവിടെയോ കണ്ടിട്ടുണ്ട് ..എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ലല്ലോ ഈശ്വരാ “സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കി സമയം 12:00PM .
“ഇനി 12 മണിക്കൂറുകള്‍ മാത്രമേ നിനക്കുള്ളൂ സ്വപ്ന സുന്ദരി..അതിന് മുന്‍പ് നിനക്കെന്ത് സംഭവിച്ചെന്ന് അറിയണ്ടേ ? ….അറിയണം “ സ്വപ്ന സുന്ദരി മനസ്സില്‍ പറഞ്ഞു
മിനിട്ടുകള്‍ വീണ്ടും കടന്നുപോയി .സ്വപ്ന സുന്ദരി അവളുടെ കല്യാണത്തിനായി അവളുടെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന പലരെയും ആ വീടിന്‍റെ മതിലിനോരത്തു നിന്ന് നോക്കി കാണുകയായിരുന്നു .അതിലെ പലരെയും മുന്‍പ് കണ്ടതായി അവള്‍ ഓര്‍ക്കുന്നുണ്ടെങ്കിലും അവരൊക്കെ തനിക്ക് ആരായിരുന്നെന്നോ അവരുടെ പേരുകളോ അവളുടെ ഓര്‍മ്മകളില്‍ ഉണ്ടായിരുന്നില്ല.അവള്‍ വണ്ടും വാച്ചില്‍ സമയം നോക്കി സമയം 12:45
“ഇനിയും രണ്ടാവാന്‍ സമയമുണ്ട് ..അമ്മയെ ഒന്നടുത്ത് കാണാന്‍ പറ്റിയിരുന്നെങ്കില്‍..
പ്രൊഫസര്‍ പറഞ്ഞ പ്രകാരം പൂജ എന്നെ കണ്ടാല്‍ മാത്രമല്ലെ സമയം റീസെറ്റ് ആവുകയും ഞാന്‍ ഭൂതകാലത്തിനും വര്‍ത്തമാനകാലത്തിനും ഇടയിലേക്ക് അബോധാവസ്ഥയില്‍ വഴുതിവീഴുകയുള്ളൂ..അമ്മയെ കാണുന്നതിന് കുഴപ്പമില്ലല്ലോ “ സ്വപ്ന സുന്ദരി അമ്മയെ കാണാന്‍ വീടിന് അകത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ചു .മുന്‍വശത്തെ ഗേറ്റ് കഴിഞ്ഞ് വീടിന്‍റെ അകത്തേക്ക്‌ നടക്കുന്ന വഴിയില്‍ പലരും തന്നെ അത്ഭുതത്തോടെ നോക്കുന്നത് അവള്‍ അറിഞ്ഞു .പൂജയുടെ രൂപത്തില്‍ നിന്ന് തന്നെ വേര്‍തിരിക്കുന്ന ക്രോപ്പ് ചെയ്ത മുടിയും ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ കടുത്തചായവുമാകാം അത്ഭുതത്തോടെ നോക്കിനില്‍ക്കുന്ന പലരുടെ സംശയങ്ങള്‍ക്ക് കാരണമെന്ന് അവള്‍ക്കറിയാമായിരുന്നു.സ്വപ്ന സുന്ദരി വീടിന്‍റെ ഉമ്മറം കടന്നു വീടിനുള്ളിലേക്ക് പ്രവേശിച്ചു .വീടിന്‍റെ അകത്തേക്ക് കടന്നതും ഒരു നിമിഷം അവള്‍ അവിടെ സ്തബ്ധയായി നിന്നു .അവളുടെ കണ്ണുകള്‍ യാന്ത്രികമായി അടക്കപ്പെട്ടു .ഓര്‍മ്മകള്‍ അവളുടെ മസ്തിഷ്ക്കത്തില്‍ പ്രഹരമേല്പ്പിക്കാന്‍ തുടങ്ങി .ആരുടെയൊക്കെയോ ശബ്ദങ്ങള്‍ അവളുടെ ചെവിയില്‍ ധ്വനിക്കുന്നുണ്ട്.ശബ്ദങ്ങളും ഓര്‍മ്മകളിലെ ചിത്രങ്ങളും ഒരുമ്മിച്ചു വായിച്ചെടുക്കാന്‍ അവള്‍ ശ്രമം നടത്തി .പെട്ടെന്ന് ആരോ അവളുടെ കൈയ്യില്‍ പിടിച്ച് വലിച്ചു ഒരു റൂമിലേക്ക് കൊണ്ടുപോയി.അവള്‍ക്ക് കണ്ണുകള്‍ തുറക്കാന്‍ പോലും സമയം കിട്ടിയില്ല അതിനിടയില്‍ .അവള്‍ കുതറിമാറാന്‍ ശ്രമിച്ചെങ്കിലും അയാളുടെ ബലിഷ്ടമായ കരങ്ങള്‍ വിടുവിക്കാന്‍ എളുപ്പമല്ലെന്ന് അവള്‍ക്ക് തോന്നി .അയാള്‍ റൂമിന്‍റെ വാതില്‍ അടച്ചുകൊണ്ട്‌ ലോക്ക് ചെയ്തു.അവളുടെ മുഖത്തേക്ക് നോക്കിയ അയാള്‍ ഒരു സംശത്തോടെ അവളെ നോക്കിയതിന് ശേഷം അവളുടെ അടുത്തേക്ക് നടന്നു വന്നു .അവളുടെ മുടിയിഴയില്‍ അയാള്‍ പിടിച്ചുനോക്കി അതിനുശേഷം അവളുടെ ചുണ്ടിലെ ലിപ്സ്റ്റിക്കിന്‍റെ ചായം അയാളുടെ ചൂണ്ടുവിരല്‍ കൊണ്ട് തോണ്ടിയെടുത്തു
“മം ..ക്രോപ്പ് ചെയ്ത മുടി ..ലിപ്സ്റ്റിക്ക്..എന്താടി മൊത്തത്തില്‍ നിനക്കൊരു മാറ്റം..എനിക്കറിയാം നീ ആ തെണ്ടി ദര്‍ശനെ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന കാര്യം ...ഞാന്‍ അറിഞ്ഞു രണ്ടാളും കൂടി ഇനി ഒളിച്ചോടാന്‍ പ്ലാന്‍ ഉണ്ടെന്ന് ..അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ .അറിയാലോ എന്‍റെ സ്വഭാവം ..നിന്നെയും കൊല്ലും അവനെയും കൊല്ലും ..മോള് അവനെ മറന്നേക്ക്..ഇന്നത്തെ ഒരുദിവസം കൂടിയും..അത് കഴിഞ്ഞാല്‍ നാളെ നമ്മുടെ വിവാഹം ..അതുകഴിഞ്ഞാല്‍ നാളെ തന്നെ നമ്മള്‍ മുംബൈയിലേക്ക് പറക്കും ….അപ്പോ പറഞ്ഞതൊന്നും മറക്കണ്ട ..മം പൊക്കോ “ അയാളൊരു താക്കീതോടെ അവള്‍ക്ക് വാതില്‍ തുറന്നുകൊടുത്തു
സ്വപ്ന സുന്ദരിക്ക് ആരാണയാളെന്നോ ? എന്താണ് അയാള്‍ പറഞ്ഞതെന്നൊ മനസ്സിലായില്ല .അവള്‍ അയാള്‍ പറഞ്ഞത് വീണ്ടും ഒരിക്കല്‍ കൂടിയും ഓര്‍ത്തു
“ഞാന്‍ അറിഞ്ഞു രണ്ടാളും കൂടി ഇനി ഒളിച്ചോടാന്‍ പ്ലാന്‍ ഉണ്ടെന്ന് ..അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ .അറിയാലോ എന്‍റെ സ്വഭാവം ..നിന്നെയും കൊല്ലും അവനെയും കൊല്ലും ..മോള് അവനെ മറന്നേക്ക്..ഇന്നത്തെ ഒരുദിവസം കൂടിയും..അത് കഴിഞ്ഞാല്‍ നാളെ നമ്മുടെ വിവാഹം ..അതുകഴിഞ്ഞാല്‍ നാളെ തന്നെ നമ്മള്‍ മുംബൈയിലേക്ക് പറക്കും ….അപ്പോ പറഞ്ഞതൊന്നും മറക്കണ്ട” അയാളുടെ ശബ്ദം അവളുടെ ചെവിയില്‍ വീണ്ടും വീണ്ടും മുഴങ്ങി
“ഓ അയാളെയാണ് ഞാന്‍ വിവാഹം കഴിക്കാന്‍ ഇരുന്നിരുന്നത് ..അപ്പോ ദര്‍ശന്‍ എന്‍റെയൊരു ഫ്രണ്ട് മാത്രമല്ലേ ..ദര്‍ശനും ഞാനും പ്രണയത്തിലായിരുന്നു ..ആ ബന്ധം എന്നെ കല്യാണം കഴിക്കാന്‍ വന്ന അയാള്‍ക്കും അറിയാം..കണ്ടാലറിയാം അയാളൊരു ദുഷ്ടനാണെന്ന് അമ്മക്ക് എങ്ങനെയാണാവോ അയാളെ ഇഷ്ടപ്പെട്ടത് ..വിവാഹം കഴിഞ്ഞാല്‍ മുംബൈയിലേക്ക് പോകുമെന്നാണ് അയാള്‍ പറഞ്ഞത് ..ഇനി അയാളാണോ എന്നെ മുബൈയില്‍ എത്തിച്ചത് ? “അവള്‍ വീണ്ടും വാച്ചില്‍ സമയം നോക്കി സമയം 1:10
“അമ്മയെ കണ്ടില്ലല്ലോ “ അവള്‍ അമ്മയെ തിരയുന്നതിന് ഇടയില്‍ അവളുടെ തോളിലൊരു കരസ്പര്‍ശവും ഒരു ചോദ്യവും
“മോളേതാ ? “ ചോദ്യം ചോദിച്ചയാളുടെ മുഖത്തേക്ക് അവള്‍ നോക്കി .അവള്‍ ആരെയാണോ കാണാന്‍ ആഗ്രഹിച്ചത് അവര്‍ അവളുടെ മുന്നില്‍ .ഒരു അമ്പരപ്പോടെ അവളുടെ അമ്മയെ നോക്കി നില്‍ക്കുന്നതിനിടയില്‍ അവര്‍ വീണ്ടും അവളോട്‌ ചോദിച്ചു
“മോളേതാ ? ..മോള്‍ക്ക് എന്‍റെ മോളുടെ അതെ ഛായ ..പക്ഷേ അവള്‍ ഇത്ര മോഡേണ്‍ അല്ലാട്ടോ ..അവള്‍ക്ക് നല്ല നീണ്ട മുടിയാ ..അവള്‍ക്ക് ലിപ്സ്റ്റിക്ക് ഒട്ടും ഇഷ്ടമല്ലതാനും “
സ്വപ്ന സുന്ദരിക്ക് അവളുടെ അമ്മയെ ഒന്ന് കെട്ടിപിടിക്കണമെന്നുണ്ടായിരുന്നു.പലതും ചോദിച്ചറിയണമെന്നുണ്ടായിരുന്നു പക്ഷെ അവളതോന്നും ചെയ്യാതെ,ചോദ്യത്തിന് മറുപടി കൊടുക്കാതെ കലങ്ങിയ കണ്ണുകളോടെ ആ വീട്ടില്‍ നിന്നിറങ്ങി
“കുട്ടി മറുപടിയൊന്നും പറഞ്ഞില്ല “ അവളുടെ അമ്മ പിന്നില്‍ നിന്ന് അവളോട്‌ വീണ്ടും ചോദിച്ചെങ്കിലും അവളതിന് മറുപടി കൊടുക്കാതെ പുറത്തേക്ക് നടക്കുകയായിരുന്നു.വീടിന് പുറത്തിറങ്ങിയ ശേഷം അവള്‍ വീണ്ടും വാച്ചില്‍ സമയം നോക്കി സമയം 1:30
“പൂജ ദര്‍ശനെ കാണാന്‍ വരുന്നത് രണ്ടുമണിക്കല്ലേ ..അതിന് മുന്‍പ് ഞാന്‍ അവിടെ എത്തണം “ വാച്ചില്‍ സമയം നോക്കിയ ശേഷം അവള്‍ മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷനിലേക്ക് നടന്നു
-----------------------------------
23-ജൂണ്‍-2029..സമയം 02 :00 PM ,സ്ഥലം മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍
സ്വപ്ന സുന്ദരി അവിടെ എത്തുന്നതിന് മുന്‍പ് തന്നെ പൂജയെ കാത്ത് ദര്‍ശന്‍ അവിടെ ഉണ്ടായിരുന്നു .സ്വപ്ന സുന്ദരി ദര്‍ശന്‍ കാണാതെ അയാളെ കാണാവുന്ന ദൂരത്തില്‍ തന്നെ മറഞ്ഞുനിന്നു .അവളുടെ വാച്ചിലെ സമയം 2:15 ആയപ്പോള്‍ പൂജയും അവിടെ എത്തിച്ചേര്‍ന്നിരുന്നു.ദര്‍ശന്‍ അവളെ ചിരിച്ചുകൊണ്ട് എതിരേറ്റു .സ്വപ്ന സുന്ദരി അവര്‍ സംസാരിക്കുന്നത് കേള്‍ക്കാനായിട്ട് അല്‍പംകൂടി അവരുടെ അടുത്തേക്ക് നീങ്ങിനിന്നു
“ഹായ് ബേബി ..വാട്ട്സ്സ് അപ്പ്‌ .. കല്യാണ ഒരുക്കങ്ങള്‍ എവിടെ വരെയായി” ദര്‍ശന്‍ ചിരിച്ചുകൊണ്ട് അവളോട്‌ ചോദിച്ചു
“ഓ ..പരമസുഖം “പൂജ അല്പം ദേഷ്യത്തോടെ പറഞ്ഞു
“ഹേയ് ചൂടാവാതെ ..കൂള്‍ “
“എങ്ങനെ കൂളാവും ദര്‍ശന്‍ ..അഭിറാം വീട്ടില്‍ വന്നിട്ടുണ്ട് ..അയാള്‍ക്ക് എന്തൊക്കെയോ സംശയങ്ങള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്..നാളെ കല്യാണം കഴിഞ്ഞാല്‍ അന്ന് തന്നെ അയാള്‍ എന്നെ കൊണ്ട് മുംബൈയിലേക്ക് പോകുമെന്ന് അമ്മയോട് അയാള്‍ പറഞ്ഞത് ഞാനും കേട്ടതാ ..അതുകൊണ്ട് ഇപ്പോ തീരുമാനിക്കണം ..ഞാന്‍ എന്താണ് ചെയ്യേണ്ടത് ? നിനക്ക് എന്നെ ഇഷ്ടമല്ലേ ? നമ്മുക്ക് ഒരിമിച്ച് ജീവിക്കേണ്ടേ ?..പറയൂ ദര്‍ശന്‍ നമ്മുക്ക് ഒരുമിച്ച് ജീവിക്കേണ്ടേ ?“
“ഹേയ് ബേബി റീലാക്സ്..ഞാനുണ്ട് നിന്‍റെ കൂടെ .. ആരൊക്കെ എതിര്‍ത്താലും നമ്മള്‍ ഒരുമിച്ച് ജീവിക്കും “ അവളുടെ കൈകളില്‍ പിടിച്ച് ദര്‍ശന്‍ അവള്‍ക്കൊരു ഉറപ്പുകൊടുത്തു
“ബട്ട്‌ ..എങ്ങനെ ദര്‍ശന്‍ ?..എങ്ങനെ നമുക്ക് ഒരുമിക്കാനാകും ദര്‍ശന്‍ ? ഇന്നത്തെ ഒരു ദിവസം കഴിഞ്ഞാല്‍ ? നാളെ ഞാന്‍ അഭിറാമിന്‍റെ ഭാര്യയാവും “
“മം ..ഇന്നൊരു ദിവസം ഉണ്ടല്ലോ പൂജ ..ഇന്ന് രാത്രി നമ്മള്‍ ഇവിടം വിടും ..രാത്രിയില്‍ എല്ലാരും ഉറക്കമായാല്‍ നീ ഇറങ്ങണം ..രാത്രി പതിനൊന്നരയ്ക്ക് ഇവിടെയെത്തണം..ഞാനും ഇവിടെയുണ്ടാവും ..പന്ത്രണ്ടേ അഞ്ചിനൊരു ബുള്ളെറ്റ് ട്രെയിന്‍ ഉണ്ട് കൊല്‍ക്കത്തയിലേക്ക് ..അവിടെയൊരു ഫ്രണ്ടുണ്ട് എനിക്ക് .അവന്‍ നമ്മുക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തരും ..അവിടെ വെച്ചുതന്നെ രജിസ്റ്റര്‍ മാര്യേജ് ചെയ്യുകയും ചെയ്യാം ..പിന്നെ ആര്‍ക്കും നമ്മെളെ ഒന്നും ചെയ്യാനാകില്ല പൂജ ..ആര്‍ക്കും നമ്മളെ പിരിക്കാനാകില്ല “
“അഭിറാമിന്‍റെ കണ്ണുവെട്ടിച്ച്‌ രാത്രി ? “ അവളൊരു സംശത്തോടെ ചോദിച്ചു നിറുത്തി
“വേണം പൂജ ..ലാസ്റ്റ് ചാന്‍സാണ് ..ഇന്ന് രാത്രി നിനക്ക് ഇറങ്ങാന്‍ പറ്റിയില്ലെങ്കില്‍ നിനക്ക് എന്നെയും എനിക്ക് നിന്നെയും എന്നന്നേക്കുമായി നഷ്ടപ്പെടും ..പ്ലീസ് പൂജാ നീ വരില്ലേ ? “
“വരും ദര്‍ശന്‍ ..ഞാന്‍ വരും ..നമ്മള്‍ ഒരുമിച്ചു ജീവിക്കും “
“പിന്നെ പൂജ ഞാന്‍ പറയാന്‍ വിട്ടുപോയി ..ഞാന്‍ ഒരാളെ കണ്ടു ..അവര്‍ക്ക് നിന്‍റെ അതെ ഛായ “
“മുടി ക്രോപ്പ് ചെയ്ത് ..ലിപ്സ്റ്റിക്ക് ഇട്ടൊരു അല്പം മോഡേണായൊരു പെണ്‍കുട്ടി അല്ലേ ? “
“പൂജാ നീയും കണ്ടോ അവരെ ? “
“ഞാനൊഴിച്ച് വീട്ടിലെ എല്ലാവരും അവരെ കണ്ടു ..ഞാന്‍ മാത്രം കണ്ടില്ല ..അമ്മയും കണ്ടു അവരെ ..അമ്മ അവരുടെ പേരൊക്കെ ചോദിച്ചത്രേ ..അവര് മറുപടി പറയാതെ കടന്നുകളഞ്ഞു “
“മം ..ഇനി നിന്‍റെ അച്ഛന്‍ വേറെ എവിടെയെങ്കിലും ചായ കട നടത്താനെങ്ങാനും പോയിരുന്നോ “ ദര്‍ശന്‍ കളിയാക്കികൊണ്ട്‌ അവളോട്‌ ചോദിച്ചു
“പോ അവിടുന്ന് ..എന്‍റെ അച്ഛനെ പറ്റി പറഞ്ഞാലുണ്ടല്ലോ “
“ഹ ഹ ..അപ്പോ മറക്കണ്ട ..ഇന്ന് രാത്രി നമ്മള്‍ ഇവിടം വിടും .. എന്തൊക്കെ സംഭവിച്ചാലും, എങ്ങനെയെങ്കിലും രാത്രി പതിനൊന്നരയ്ക്ക് നീ ഇവിടെയുണ്ടാവണം “
“ഞാന്‍ വരും ദര്‍ശന്‍ “
പൂജ അവളുടെ വീട്ടിലേക്ക് മടങ്ങി .ദര്‍ശനും ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തതിന് ശേഷം‍ അവിടെ നിന്ന് പോയി
“അപ്പോ എന്താണ് എനിക്ക് സംഭവിച്ചതെന്നറിയാന്‍ ഇനിയും ഞാന്‍ കാത്തിരിക്കണം “ സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കി .സമയം രണ്ടുമണി കഴിഞ്ഞ്‌ മുപ്പത്തിയഞ്ച് മിനിറ്റ്
-----------------------
23-ജൂണ്‍-2029..സമയം 11 :20 PM ,സ്ഥലം മുപ്പത്തിയാറാം നമ്പര്‍ മെട്രോ സ്റ്റേഷന്‍
സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കി സമയം പതിനൊന്നെ ഇരുപത് .അവള്‍ക്ക് ഇനി വെറും നാല്പത് മിനിട്ട് മാത്രമേ ഭൂതകാലത്തിലുള്ളു എന്ന് വാച്ചിന്‍റെ സ്ക്രീനില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട് .
“പൂജാ വേഗം ..വേഗം വരൂ..ദര്‍ശനെയും കാണുന്നില്ലല്ലോ “ സ്വപ്ന സുന്ദരി മനസ്സില്‍ പറഞ്ഞു
വാച്ചിലെ സമയം പതിനൊന്നര ആയപ്പോള്‍ പൂജയും അവിടെ എത്തിച്ചേര്‍ന്നു.അവളുടെ കൈയ്യില്‍ ചെറിയൊരു ബാഗ് മാത്രമേയുള്ളൂ .അവള്‍ കൈയ്യിലുണ്ടായിരുന്ന ഫോണ്‍ എടുത്ത് ഏതോ നമ്പറില്‍ ഡയല്‍ ചെയ്തു.സ്വപ്ന സുന്ദരി അവള്‍ കാണാതെ ഇരുട്ടിലേക്ക് മാറി നിന്നു .
“ദര്‍ശന്‍ ഞാന്‍ എവിടെ എത്തി ..ശരി ...പെട്ടെന്ന് വാ “ പൂജ ഫോണ്‍ കട്ട്‌ ചെയ്തു
മിനിറ്റുകള്‍ ശരം വേഗത്തില്‍ പോയി കൊണ്ടിരുന്നു .ദര്‍ശനെ കാണാതെ പൂജയും ഭൂതകാലത്തിലെ സമയം കുറയുന്നതും നോക്കി സ്വപ്ന സുന്ദരിയും അക്ഷമയോടെ കാത്തുനിന്നു .സ്വപ്ന സുന്ദരി വീണ്ടും വാച്ചിലേക്ക് നോക്കി .സമയം പതിനൊന്ന് മണികഴിഞ്ഞ് നാല്പതു മിനിറ്റ് .ഇനി വെറും ഇരുപത് മിനിട്ടുകള്‍ മാത്രമേ സ്വപ്ന സുന്ദരിക്ക് അവളുടെ ഭൂതകാലത്തില്‍ ഉണ്ടായിരുന്നുള്ളു
“എത്താറായില്ലേ ദര്‍ശന്‍ ? ..എനിക്ക് പേടിയാവുന്നു ദര്‍ശന്‍ ..പെട്ടെന്ന് വരൂ “ പൂജ വീണ്ടും ദര്‍ശനെ വിളിച്ചു
പൂജയുടെ മുഖത്ത് ഭയവും നല്ല ടെന്‍ഷനും ഉണ്ടെന്ന് സ്വപ്ന സുന്ദരിക്ക് തോന്നി .പക്ഷേ അത്രയും ടെന്‍ഷന്‍‌ താനും ഇപ്പോള്‍ അനുഭവിക്കുന്നുണ്ട് .അവള്‍ വീണ്ടും വാച്ചിലേക്ക് നോക്കി സമയം പതിനൊന്നേ അമ്പത് .ഇനി വെറും പത്തുമിനിട്ടുകള്‍ മാത്രമേ അവള്‍ക്ക് ഭൂതകാലത്തില്‍ തങ്ങാനാകുകയുള്ളൂ എന്ന ബോധം അവളുടെ ടെന്‍ഷന്‍ വീണ്ടും കൂട്ടി.ദര്‍ശന്‍ അവിടെ എത്തിച്ചേരേണ്ടത് അവളുടെയും ആവശ്യമാണെന്ന് അവള്‍ക്ക് തോന്നി .അവള്‍ വാച്ചിലേക്ക് വീണ്ടും നോക്കി സമയം ഇപ്പോ പതിനൊന്നേ അമ്പത്തഞ്ച്.പൂജയപ്പോള്‍ വീണ്ടും ഫോണ്‍ എടുത്ത് ദര്‍ശന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്യുകയായിരുന്നു
“നാശം “ ദര്‍ശനെ ഫോണ്‍ വിളിച്ച് കിട്ടാതെ വന്നപ്പോള്‍ പൂജ പറഞ്ഞു
സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കി .സമയമിപ്പോള്‍ പതിനൊന്നേ അമ്പത്തെട്ടു .ഇനി വെറും രണ്ട് മിനിട്ട് മാത്രം അവള്‍ക്ക് ഭൂതകാലത്തിലുള്ളു .പെട്ടെന്നൊരു വാന്‍ സ്റ്റേഷന്‍റെ അകത്തേക്ക് കയറി വന്നു .അതില്‍ നിന്ന് കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ കുറച്ചുപേര്‍ അവളുടെ അടുത്തേയ്ക്ക് നടന്നുവന്നു .അവരുടെ വരവ് കണ്ടെന്നോണം പൂജ കാലുകള്‍ ഒരു സ്റ്റെപ്പ് പിന്നോട്ട് വെച്ചു .ഒരു ശബ്ദം കേട്ടപ്പോഴാണ് സ്വപ്ന സുന്ദരി വാച്ചിലേക്ക് നോക്കിയത് .ചുവന്ന അക്ഷരത്തില്‍ സമയം 00:00 എന്ന് മിന്നിത്തെളിയുന്നുണ്ട് .അവള്‍ക്ക് മുന്നില്‍ ടൈം മെഷിന്‍ ദൃശ്യമായി. അത് അവളെ അതിലേക്ക് വലിച്ചെടുത്തു.അതിന്‍റെ ഡോറുകള്‍ അടയും വരെയും സ്വപ്ന സുന്ദരി നോക്കിയത് പൂജയുടെ അടുത്തേക്ക് വരുന്ന ആളുകളെയാണ്
(തുടരും )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo