Slider

കണ്ണാടി - 1

0
കണ്ണാടി
-------------------
ഇരുട്ടിൽ അയാൾക്ക് ഒന്നും കാണാൻ സാധിച്ചില്ല. ഭയം അയാളെ അതിവേഗം കീഴടക്കി. തനിക്ക് എന്താണ് സംഭവിക്കുന്നതെന്നയാൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. ഓരോ അടികളും അയാൾ വളരെ ശ്രദ്ധയോടെ ആണ് വച്ചത്. തനിച്ചാണ് എന്നറിഞ്ഞിട്ടും ഭയത്തിനെ തോൽപ്പിക്കാൻ അയാൾക്കായില്ല. നീട്ടിപ്പിടിച്ച കൈകൾ എന്തിലോ തടഞ്ഞു. ശരിക്കൊന്നു തൊട്ട് നോക്കാൻ പോലും ഭയപ്പെട്ടു. അയാളുടെ നിശ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും ശബ്ദം മാത്രമേ കേൾക്കുന്നുള്ളു. തിരിഞ്ഞു നോക്കാൻ പോലും ധൈര്യമില്ല. വിരലുകൾ തടഞ്ഞത് ഒരു കതകിലാണ്. തുറന്നു നോക്കാൻ പേടി തോന്നി. നിവൃത്തിയില്ലാതെ അയാൾ വീണ്ടും പരതി. ഒടുവിൽ ധൈര്യം സംഭരിച്ചു ഓടാമ്പൽ വലിച്ചു നീക്കി. എന്നിട്ടും അയാൾ ആലോചിച്ചു വാതിൽ തുറക്കണോ ?മനസ്സിൽ ഭയവും ധൈര്യവും തമ്മിൽ പിടിവലി നടക്കുന്നു. ഒടുവിൽ ധൈര്യം വിജയിച്ചു. ശക്തിയോടെ വാതിലിൽ ആഞ്ഞു തള്ളി.
ഒരു മെഴുകുതിരി വെട്ടം കണ്ടു. ആ മെഴുകുതിരി കൈയിൽ എടുത്തു ആ മുറിയാകെ അയാൾ പരതി നോക്കി. ഒരു കണ്ണാടി അയാളുടെ കണ്ണിൽ പെട്ടു. മെഴുകുതിരിയുമായി അയാൾ ആ കണ്ണാടിക്ക് അടുത്തു ചെന്നു. പെട്ടെന്നയാൾ ഞെട്ടിത്തരിച്ച് നിന്ന് പോയി. വെട്ടിത്തിരിഞ്ഞു നോക്കിയ അയാൾക്കു വല്ലാത്തൊരു പേടി തോന്നി.
ഇല്ല... പുറകിൽ ആരുമില്ല. പിന്നെ താൻ കണ്ണാടിയിൽ കണ്ടത് ആരെയാണ് ?
ഒരിക്കൽ കൂടി കണ്ണാടിയിലേക്ക് നോക്കാൻ അയാൾ ഭയന്നു. എങ്കിലും ഒന്നു കൂടി നോക്കാൻ അയാൾ തീരുമാനിച്ചു. സാവധാനത്തിൽ അയാൾ തിരിഞ്ഞ് കണ്ണാടിയിലേക്ക് നോക്കാൻ തുടങ്ങി....
പെട്ടന്നൊരു ശബ്ദം!!!!!!!!!!!!!
പെട്ടെന്നയാൾ കണ്ണു തുറന്നു.
ഈശ്വരാ!!!!.
തനിക്കെന്താണ് സംഭവിച്ചത് ? സ്വപ്‌നമായിരുന്നോ? വിശ്വസിക്കാൻ പറ്റുന്നില്ല...
ആകെ വിയർത്തിരിക്കുന്നു. അടുക്കളയിൽ പാത്രം താഴെ വീണ ശബ്ദമായിരുന്നോ???? വല്ലാതെ ഭയന്നിരിക്കുന്നു..
വിറക്കുന്നുണ്ട് ശരീരം. പതുക്കെ കട്ടിലിൽ നിന്നും എണീറ്റു. മുറിയിലെ കണ്ണാടിയിൽ നോക്കാൻ അയാൾ ഭയന്നു. സ്വപ്നത്തിൽ നിന്നു തിരിച്ചു വരാൻ മനസ്സു സമ്മതിക്കാത്തപോലെ. എന്നിട്ടും അയാൾ നോക്കി.
തൻ്റെ തന്നെ രൂപം. അപ്പൊ സ്വപ്നത്തിൽ എന്താ കണ്ടത് ???. അയാൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ഇല്ല.... ഭയപ്പെടുത്തുന്ന ഒന്നുമില്ല...
ഒരു സുന്ദരി!!!!! നിറകണ്ണുകളോടെ അവളെന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ആരാണവൾ???
ഇല്ല ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. ഈശ്വരാ... ഒരു സ്വപ്നം എന്നെ ഇത്രക്ക് അലട്ടുന്നതെന്തിനാ?????? ഇങ്ങനൊരു പതിവില്ല. പേടി സ്വപ്നങ്ങൾ ഇതിനു മുൻപും കണ്ടിട്ടുണ്ട്
പക്ഷെ ഇത്...?
എന്തേലും ആകട്ടെ. ഓഫീസിൽ പോകാൻ ലേറ്റ് ആവുന്നു. തിരക്കിട്ട് ഓഫീസിലേക്കു പുറപ്പെട്ടു.
ഓഫീസിലെ തിരക്കിട്ട ജോലികൾക്കിടയിലും ആ സ്വപ്നം അയാളെ അലട്ടിക്കൊണ്ടിരുന്നു. എന്ത് കൊണ്ടാണിങ്ങനെ അസ്വസ്ഥനാവുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല. ജോലികളിൽ വേണ്ട വിധം ശ്രദ്ധിക്കാൻ കഴിയാതെ അയാൾ ആകെ വിഷമിച്ചു.
അന്ന് മുഴുവൻ അയാൾ അസ്വസ്ഥനായിരുന്നു. ആ സ്വപ്നം അയാളെ വല്ലാതെ ആലോസരപ്പെടുത്തിക്കൊണ്ടിരുന്നു. രാത്രി ഏറെ വൈകിയും ഉറങ്ങാൻ സാധിക്കാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണടച്ചാൽ ആ ഇരുട്ടിലേക്ക് പോകുമോ എന്ന് ഭയപ്പെട്ടു.
പക്ഷെ ആ മുഖം... അതൊരിക്കൽ കൂടി കാണാൻ ആഗ്രഹിച്ചു. മെല്ലെ മെല്ലെ അയാൾ മയക്കത്തിലേക്ക് വീണു.
യാതൊരു കുഴപ്പങ്ങളും ഉണ്ടാവാതെ നേരം പുലർന്നു. സ്വപ്നത്തെ പ്രതീക്ഷിച്ച് ഉറങ്ങാൻ വൈകിയത്കൊണ്ട് ഉണരാനും അല്പം വൈകി. തിരക്കിട്ട് വീണ്ടും ജോലികളിലേക്ക് കടന്നു.
ഒരു രാത്രി സ്വസ്ഥമായി ഉറങ്ങിയതുകൊണ്ട് സ്വപ്നത്തിന്റെ ആകുലതകൾ അയാളെ വിട്ടു പോകാൻ തുടങ്ങിയിരുന്നു. അത് വെറുമൊരു പേക്കിനാവാണെന്ന് അയാൾ സ്വയം വിശ്വസിപ്പിച്ചു. ആ വിശ്വാസത്തിൽ ആശ്വാസം കണ്ടെത്തുകയും ചെയ്തു.
ദിവസങ്ങൾ പോകവെ അയാൾ ആ സംഭവം മറന്നു തുടങ്ങിയിരുന്നു. തന്റെ ജീവിതചര്യകളിൽ അയാൾ വ്യാപൃതനായി.
അങ്ങനെ ജീവിതം വളരെ സാധാരണമായി പോകുന്ന സമയത്ത് ഒരു ആഴ്ചഅവസാന ദിവസം. കൂട്ടുകാരുമൊത്ത് കൂടി ചെറിയ രീതിയിലുള്ള മദ്യപാനവും ഒക്കെ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. കാറിൽ അയാളും ഒരു സുഹൃത്തും മാത്രം. രാത്രി വളരെ വൈകിയിരിക്കുന്നു.
സുഹൃത്തിനെ അവന്റെ വീട്ടിൽ ഇറക്കിയ ശേഷം അയാൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു. നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു അയാൾക്ക്. ഉറങ്ങി പോകാതിരിക്കാനായി പാട്ട് വച്ചു. ഒരു താളത്തിൽ ആ സംഗീതം അങ്ങനെ ഒഴുകി പരന്നു. അല്പം ഉന്മേഷവും കൈവന്നു.
ഋഷി...
സംഗീതത്തിൽ മുഴുകിയിരുന്നത്കൊണ്ട് ആ വിളി കേൾക്കാൻ അല്പം താമസിച്ചു. ഒരിക്കൽക്കൂടി ആ വിളി അയാളെ തേടിയെത്തി. ഓർമ്മകളിൽ എവിടെ നിന്നോ ആ ശബ്ദം തന്നെ തേടിവന്ന പോലെ തോന്നി അവന്.
പെട്ടെന്നയാൾ തിരിഞ്ഞു നോക്കി. തൊട്ടടുത്ത സീറ്റിൽ ഒരു യുവതി. ഭയന്നുകൊണ്ട് അയാൾ ബ്രേക്കിൽ ആഞ്ഞു ചവിട്ടി. വല്ലാത്തൊരു ഞരക്കത്തോടെ വണ്ടി നിന്നു. സീറ്റിൽ അപ്പോളും അവൾ പുഞ്ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു. അയാൾക്ക് ഭയം തോന്നി. ഇവൾ...
ഇവൾ അന്ന് താൻ സ്വപ്നത്തിൽ കണ്ട... അതെ ഇവൾ തന്നെ. സ്വപ്നത്തിലും അവളുടെ മുഖത്ത് ഇതേ പുഞ്ചിരിയുണ്ടായിരുന്നു. ഭയം അവനെ വല്ലാതെ കീഴ്പ്പെടുത്തിയിരുന്നു. നിലവിളിക്കാൻ അവൻ വായ് തുറന്നെങ്കിലും ശബ്ദം അല്പം പോലും പുറത്തേക്ക് വന്നില്ല.
കാറിൽ നിന്നും ഇറങ്ങിയോടാൻ അയാൾ ഭാവിച്ചു. പക്ഷെ കൈകാലുകൾ മരവിച്ച പോലെ... ഒന്ന് അനങ്ങുവാൻ പോലും കഴിയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിളറിയ മുഖത്തോടെ അയാളിരുന്നു. അവളുടെ മുഖത്ത് അപ്പോഴും മായാതെ ആ പുഞ്ചിരി വിളയാടി നിന്നു.
പുറകിൽ ഒരു വണ്ടിയുടെ ഹോണടി കേട്ട് ഋഷി തിരിഞ്ഞു നോക്കി. നടുറോഡിലാണ് കാർ നിർത്തിയിട്ടിരിക്കുന്നത്. രാത്രിയായതുകൊണ്ട് വാഹനങ്ങൾ കുറവാണ്. പുറകിലത്തെ വണ്ടിയിലുള്ളവരോട് സഹായം ആവശ്യപ്പെടാൻ അയാൾക്ക് തോന്നി.
പക്ഷെ പുറത്തിറങ്ങാനോ ഒച്ച വക്കാനോ അവനു സാധിക്കുന്നില്ല. വല്ലാത്തൊരു അവസ്ഥയിൽ പെട്ട് പോയി അയാൾ. വീണ്ടും ഒരിക്കൽക്കൂടി തിരിഞ്ഞ് നോക്കാൻ അവന്റെ ധൈര്യം സമ്മതിക്കുന്നുണ്ടായിരുന്നില്ല.
തുടർച്ചയായി പിന്നിലത്തെ കാർ ഹോണടിച്ചുകൊണ്ടേയിരുന്നു. അടിക്കട്ടെ... അവനും കരുതി. നിവൃത്തിയില്ലാതെ അതിലെ യാത്രക്കാർ ഇറങ്ങി വരും. അങ്ങനെയെങ്കിലും തന്റെ അവസ്ഥ മനസ്സിലാക്കട്ടെ... അവൻ ഓർത്തു.
അൽപ നേരം അങ്ങനെ ഇരുന്ന് കഴിഞ്ഞപ്പോൾ അവൻ കുറച്ച് ധൈര്യം സംഭരിച്ചു. തിരിഞ്ഞ് നോക്കാൻ അവന്റെ മനസ്സ് അവനോട് മന്ത്രിക്കാൻ തുടങ്ങി. ഭയം വല്ലാതെ പിറകോട്ട് പിടിച്ചു വലിക്കുന്നുണ്ടെങ്കിലും ഉള്ള ധൈര്യം സംഭരിച്ച് അവൻ തിരിഞ്ഞ് നോക്കി.
ഋഷി വല്ലാതെ അത്ഭുതപ്പെട്ടു. എന്താണ് ഇതൊക്കെ എന്ന് അവനൊരു രൂപവും കിട്ടിയില്ല. ഇപ്പോൾ അവളെ കാണുന്നില്ല. സീറ്റ് ശൂന്യം. അവൻ പുറകിലെ സീറ്റിലേക്ക് നോക്കി. ഇല്ല... അവിടെയുമില്ല. ഇതിനിടയിൽ അവൾ ഇറങ്ങിപ്പോയതാണോ എന്നവൻ സംശയിച്ചു.
വീണ്ടും ഹോണടി ശബ്ദം. അവൻ പെട്ടെന്ന് കാർ സ്റ്റാർട്ട് ചെയ്ത് യാത്ര തുടർന്നു. എത്രയും വേഗം വീട്ടിൽ എത്തണമെന്നായിരുന്നു അവന്റെ ചിന്ത. അതിവേഗത്തിൽ തന്നെ അവൻ കാർ ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. എങ്കിലും ചിന്ത മുഴുവൻ അല്പം മുൻപ് നടന്ന കാര്യങ്ങളിലായിരുന്നു. ആരായിരിക്കും അവൾ? എന്തൊക്കെയാണുണ്ടായത്? ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? അവൾ തന്നെ ഉപദ്രവിക്കുന്നില്ല. ഭീകരമായ രൂപമല്ല അവളുടേത്. എന്നിട്ടും താൻ എന്തിന് അവളെ ഭയപ്പെടുന്നു. ഒരു സാധാരണപെണ്ണിനെ ഭയപ്പെടേണ്ടതിന്റെ ആവശ്യം എന്താണ്? ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല ഋഷിക്ക്. ചിന്തകൾ കാടുകയറുന്നതിനിടയിൽ കാർ അതിവേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരുന്നു.
വീട്ടിലെത്തിയിട്ടും ഋഷിക്ക് ഭയം വിട്ടുമാറിയില്ല. ഒപ്പം എന്തിനെയാണ് ഭയക്കുന്നത് എന്ന സംശയവും മാറിയില്ല. ഉറക്കം നഷ്ടപെട്ട അവസ്ഥയിൽ അവൻ കിടന്നു. എല്ലാം ആരോടെങ്കിലും പറഞ്ഞാലോ എന്നവൻ ആലോചിച്ചു. പക്ഷെ, എല്ലാവരും അത് തന്റെ തോന്നാലണെന്ന് പറഞ്ഞു പരിഹസിക്കും. അല്ലെങ്കിൽ ചിലപ്പോൾ ഭ്രാന്താണെന്ന് പറയും. താനും മറ്റുള്ളവരുടെ ഇതുപോലുള്ള അവസ്ഥകൾ കേൾക്കുമ്പോൾ ഈ രീതിയിൽ തന്നെയാണ് പ്രതികരിക്കാറുള്ളത്. അതുകൊണ്ട് ഋഷിക്ക് ആരുടേയും മുൻപിൽ മനസ്സ് തുറക്കാനായില്ല.
ദിവസങ്ങൾ പിന്നെയും കടന്നുപോയി. പക്ഷെ ആ മുഖവും രൂപവും അതിനെപ്പറ്റിയുള്ള ആശങ്കകളും മാത്രം അവനെ വിട്ടു പോയില്ല. ആ മുഖം അവന്റെ മനസ്സിൽ അത്രയേറെ സ്ഥാനം പിടിച്ചിരുന്നു.
വരക്കാൻ അറിയാവുന്ന ഋഷി ആ മുഖം ഒരു പേപ്പറിലേക്ക് പകർത്തി. നിറഞ്ഞു തുളുമ്പാൻ വെമ്പി നിൽക്കുന്ന ആ കണ്ണുകൾ വരച്ചെടുക്കാൻ അവനേറെ പ്രയാസപ്പെടേണ്ടി വന്നില്ല. ഏറെ നേരം അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരുന്നു. തന്റെ ബോധമണ്ഡലത്തിലെവിടെയും ആ മുഖം അവന് കണ്ടെത്താൻ കഴിഞ്ഞില്ല.
ആ ചിത്രം അവൻ പലരെയും കാണിച്ചു. ആരാണെന്ന അവരുടെ ചോദ്യത്തിന് വെറുതെ ഒരു ചിത്രം എന്ന് മാത്രം മറുപടി നൽകി. അവർക്കാർക്കും അങ്ങനെ ഒരാളെ അറിയില്ലെന്ന് അവനുറപ്പായി. പക്ഷെ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുമ്പോൾ ആ മുഖം അവനോടെന്തോ പറയാൻ കൊതിക്കും പോലെ ഋഷിക്ക് തോന്നി.
ആഴ്ചകൾ പലതും കടന്നു പോയി. ഋഷി ആ മുഖം മറക്കാൻ ശ്രമിക്കുംതോറും അത് കൂടുതൽ കൂടുതൽ തെളിഞ്ഞു വന്നു. പതിയെ പതിയെ അവന്റെ ഭയം കുറഞ്ഞു വന്നു. അവൾ തന്റെ ആരോ ആണെന്ന് അവന്റെ മനസ്സ് അവനോട് പറയാൻ തുടങ്ങിയിരുന്നു. ആ ചിത്രത്തിലേക്ക് നോക്കിയിരിക്കുംതോറും അവൾ തന്നോടെന്തോ പറയാൻ ശ്രമിക്കും പോലെ ഋഷിക്ക് തോന്നി.
അവന്റെ ചിന്തകൾ മുഴുവൻ അവളെക്കുറിച്ചായി മാറി. വെറുതെ ഇരിക്കുമ്പോൾ മുഴുവൻ അവൻ ആ ചിത്രത്തിലേക്ക് നോക്കിയിരിക്കും. എന്തൊക്കെയോ ഓർത്തെടുക്കാൻ അവൻ ശ്രമിച്ചുകൊണ്ട് ഇരിക്കും. പക്ഷെ പരാജയം മാത്രമായിരുന്നു ഫലം. അങ്ങനെ അലസമായി ഇരിക്കുന്ന ഒരു ദിവസം, അച്ഛൻ മുറിയിലേക്ക് കടന്നു വന്നു. അവന്റെ നിരാശ കലർന്ന മുഖഭാവം കണ്ട് അച്ഛൻ ചോദിച്ചു.
എന്ത് പറ്റി മോനെ..?
ഒന്നുമില്ല.
കുറച്ച് ദിവസമായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു. നിനക്കെന്തെങ്കിലും വല്ലായ്മ ഉണ്ടോ?
ഒന്നുമില്ലച്ഛാ...
എന്തെങ്കിലും ഉണ്ടെങ്കിൽ അച്ഛനോട് തുറന്ന് പറയെടാ...?
സ്വതവേ ഗൗരവക്കാരനായ അച്ഛൻ സൗമ്യമായി സംസാരിക്കുന്നു. ഋഷിക്കതിൽ ഒരുപാട് സന്തോഷം തോന്നി. കുറച്ച് നാൾ മുൻപ് ഋഷിക്ക് ഒരു
ആക്സിഡന്റ് ഉണ്ടായതിനു ശേഷമാണ് അച്ഛന് ഈ സൗമ്യ ഭാവം. അന്ന് ഏറെ പ്രാർത്ഥനകൾക്കൊടുവിലാണ് ഋഷിയെ അവർക്ക് തിരിച്ച് കിട്ടിയത്. ആ ചിന്തകളിൽ മുഴുകിയിരുന്ന അവൻ അച്ഛന്റെ ശബ്ദം കേട്ടാണ് സ്ഥലകാലബോധം വീണ്ടെടുത്തത്.
എന്താടാ..?
ഞാൻ ഒരു സ്വപ്നം കണ്ടു അച്ഛാ...
അതിന്...?
ഇതൊരു സാധാരണ സ്വപ്നം അല്ല. ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. എന്തോ... എനിക്കത് മറക്കാൻ പറ്റുന്നില്ല.
അച്ഛനോട് എല്ലാം തുറന്ന് പറയുന്നതിൽ പ്രേത്യേകിച്ചെന്തെങ്കിലും ഉപകാരം ഉണ്ടാവുമെന്ന് ഋഷിക്ക് തോന്നിയില്ല. സംശയ ഭാവത്തിൽ തന്നെ നോക്കിയിരിക്കുന്ന അച്ഛനിൽ നിന്നും മറുപടി പ്രതീക്ഷിച്ച് അവനിരുന്നു.
ഒരു സ്വപ്നം കണ്ടതിന് ഇത്രക്കും ടെൻഷൻ എന്തിനാ നിനക്ക്...?
പ്രതീക്ഷിച്ചത് തന്നെ സംഭവിച്ച മട്ടിൽ അവനിരുന്നു. പിന്നെ ഒന്നും മിണ്ടാതെ അവൻ ആ ചിത്രം എടുത്ത് അച്ഛന് നേരെ നീട്ടി. അച്ഛൻ സംശയത്തോടെ അവനെ നോക്കി, പിന്നെ ആ ചിത്രത്തിലേക്കും. പക്ഷെ...
അച്ഛന്റെ മുഖത്ത് ഒരു ഞെട്ടൽ ഉണ്ടാവുന്നത് ഋഷി കണ്ടു. എന്തോ പന്തികേട് അവന് തോന്നി. എന്താണ് ഈ ഭാവമാറ്റത്തിന്റെ അർഥം...? അവൻ അച്ഛനെ തന്നെ ഉറ്റുനോക്കി. പലവിധ ഭാവങ്ങൾ ആ മുഖത്ത് പ്രകടമായിരുന്നു.
(തുടരും...)
- Samini Girish-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo