നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓണ സിനിമ


തിയേറ്റർ എന്ന ഒറ്റ ലക്‌ഷ്യം മാത്രം മനസ്സിൽ താലോലിച്ചു വിവാഹം കഴിച്ച ഞാൻ അല്പനാളുകൾക്കകം ആ നടുക്കുന്ന സത്യം അറിഞ്ഞു സന്തോഷേട്ടൻ തീയേറ്ററിൽ പോയി സിനിമ കാണുന്ന ആളല്ല .ടീവിയിൽ വരുന്നതേ കാണു .സിനിമ കാണാൻ പറ്റാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിച്ചാൽ ഒരു മുഴം കയറാണ് ഓര്മ വരിക.ഞാൻ ദിവസവും പത്രമെടുത്തു സന്തോഷേട്ടന്റെ അരികിൽ പോയിരുന്നു ഓരോ തീയേറ്ററിലെയും സിനിമയുടെ പേരുകൾ ഉറക്കെ വായിക്കും ."എവിടുന്നുt
ഒരു ഭാവഭേദവുമില്ല..എത്ര തീയേറ്ററുകളാ ..മീൻ തല കണ്ട പൂച്ചയുടെ കൊതിയോടെ ഞാൻ അവയുടെ പേര് ഒക്കെ നോക്കിയിരിക്കും.ഈ ഒറ്റ പ്രതീക്ഷയിലാണല്ലോ തിരുവല്ലയിൽ നിന്ന് ഇക്കണ്ട ദൂരമത്രയും സഞ്ചരിച്ചത് ദൈവമേ.. എല്ലാം വെറുതെ ആയല്ലോ എന്നൊക്കെ ഓർത്തു ..പക്ഷെ ശുഭാപ്തിവിശ്വാസം കൈ വിടാതെ ഓരോ ദിവസം ഞാൻ സിനിമാപ്പേര് ഒക്കെവായിച്ചു കൊടുക്കും .
ഒരു പാട് വ്യത്യാസങ്ങളാണ് ..രണ്ടു നാട് .രണ്ടു രുചികൾ രണ്ടു ശീലങ്ങൾ .
രുചികൾ ഒക്കെനമ്മൾ വേഗം അങ്ങ് അഡ്ജസ്റ്റ് ചെയ്യും .തിന്നുന്ന കാര്യത്തിൽ നമ്മളെ ആർക്കും തോൽപ്പിക്കാൻ പറ്റൂല.ഒരു കുഴപ്പം എനിക്കുള്ളത്. ഞാൻ വേഗം ചിരിക്കും..അതിലെന്താ അല്ലെ?അതെ സാധാരണ ചിരിയല്ല ചിരി തുടങ്ങിയാൽ നിർത്തില്ല .സാധാരണ തിരുവനന്തപുരത്തെ പെൺകുട്ടികൾ അങ്ങനെ ഉറക്കെ ചിരിക്കില്ല .ഞാൻ ആണേൽ കാളിംഗ് ബെൽ അടിച്ച പോലെ ചിരിക്കും .ആദ്യമൊക്കെ ഏട്ടനും വീട്ടുകാരും എന്നെ കണ്ണ് മിഴിച്ചു നോക്കും ..പിന്നെ അവർക്കു മനസിലായി "ഇത് മാനുഫാക്റ്ററിങ് ഡിഫെക്ട് ആണ്"മാറില്ല എന്ന് ...
ഏട്ടൻ എന്നെ പോലല്ല കേട്ടോ .വളരെ സീരിയസ് ആണ് .റിസേർവ്ഡ് ..എന്റെ നേരെ വിപരീതം .അങ്ങനെ ഒരു ദിവസം ഞങ്ങളൊന്നിച്ചു നടക്കാൻ ഇറങ്ങി .എതിരെ വരുന്നവരൊക്കെ നോക്കുന്നുണ്ട് .പുതു പെണ്ണും ചെക്കനുമല്ല ?ഞാൻ അവരെ നോക്കി പുഞ്ചിരിക്കും .."എനിക്കറിയില്ല എന്നല്ലേ ഉള്ളു ഏട്ടനറിയാലോ..?"അതാണ് എന്റെ ചിന്ത ..എന്റെ ചിരിക്കു ഒരു പുരുഷൻ നല്ല ഒരു മറുചിരി തന്നപ്പോൾ സന്തോഷേട്ടൻ നടത്തം മന്ദഗതിയിലാക്കി .
"അയാളെ അറിയാമോ?"
"ഇല്ല"..ഞാൻ
"പിന്നെന്തിനാ ചിരിച്ചത്?"
"നാട്ടുകാരല്ലേ ?ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാ ചിരിക്കും"ഞാൻ പറഞ്ഞു
"എന്നാൽ ഇവിടെ അങ്ങനെ ചിരിക്കേണ്ട ..എന്നെ ശ്രദ്ധിച്ചോളു ഞാൻ ചിരിക്കുന്നവരോട് ചിരിച്ചാൽ മതി ."
സന്തോഷേട്ടനെ ശ്രദ്ധിച്ചു നടന്നു ഞാൻ രണ്ടിടത്തും തട്ടി വീഴാൻ പോയി.ആരേം നോക്കി ചിരിക്കുന്നില്ല ."ചിരിക്കാൻ അറിയില്ലേ ആവൊ?'എന്ന് വിചാരിച്ചു ഞാൻ .എന്തായലും അന്ന് പിന്നെ ചിരിക്കേണ്ടി വന്നില്ല .(ഇന്ന് ഞാനീ എഴുതിയത് വായിച്ചു ഉറക്കെ ഉറക്കെ ചിരിച്ചു അത് വേറെ കാര്യം നമ്മളാരാ മോൾ ചിരിക്കാത്തവരെയും ചിരിപ്പിക്കും അല്ല പിന്നെ).അപ്പോൾ എനിക്കൊരു കാര്യം മനസിലായി. നഗരങ്ങളിൽ വലിയ ചിരി വേണ്ട .ഇങ്ങോട്ടു ചിരിച്ചാൽ ചെറിയ ഒരു സ്മൈലി .."ഹ ഹ ഹ "വേണ്ട
എന്റെയല്പക്കങ്ങളിൽ വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ പങ്കുമായി ഞാൻ ചെല്ലുമ്പോൾ ആദ്യമൊക്കെ നേർത്ത അത്ഭുതത്തോടെ അവർ നോക്കും ഇന്ന് അവരും അങ്ങനെ ആയി.ഇവിടെ ചക്കയും മാങ്ങയുമൊക്കെ വില കൊടുത്തു വാങ്ങണം.ചിലപ്പോൾ ആരെങ്കിലും കൊണ്ടുത്തരും അപ്പോൾ അത് മുറിക്കും ..അയല്പക്കങ്ങളിൽ കൊണ്ട് പോയി കൊടുക്കും .ഏതു നഗരത്തിലും ഒരു ഗ്രാമം ഉണ്ടാക്കാൻ എളുപ്പമാണ് ..ഒന്ന് മനസ് വെച്ചാൽ മതി
അങ്ങനെ ഇരിക്കെ ഓണം വന്നു .ആദ്യ ഓണമാണ് ..കുറെ നല്ല സിനിമകൾ റിലീസ് ആയി .
"ലാലേട്ടന്റെ സിനിമ ഇറങ്ങി"
ഞാൻ ഏലി പുന്നെല്ലു കണ്ട പോലെത്തെ മുഖവുമായി പറഞ്ഞു
"ഉം"മൂളൽ
"നമുക്കു പോണേ"
"വേണോ ?നിങ്ങളുടെ നാട്ടിലെ പോലല്ല .ഇവിടെ ഭയങ്കര തിരക്കാണ് "
(ഞങ്ങളുടെ നാട്ടിലും സിനിമയ്ക്ക് തിരക്ക് ഒക്കെ ഉണ്ട് ..ഞാൻ മതിൽ ചാടി കേറി കണ്ടിട്ടുമുണ്ട്.പക്ഷെ അതിവിടെ പറയാൻ പറ്റില്ലാലോ )
"നോക്കാം ന്നെ "ഞാൻ
ഒടുവിൽ പോയി. ശരിയാണ് നല്ല തിരക്ക് പോരെങ്കിൽ ഞാൻ ഗർഭിണിയും.ഏട്ടന് നല്ല ടെൻഷൻ ഉണ്ട് .എനിക്കാണേൽ തിയേറ്റർ കണ്ടതും ..ഹോ! 'അമ്മ വീട് കണ്ടത് പോലെ ..ഞാൻ ഒറ്റ ഓട്ടത്തിന് ക്യുവിൽ പോയി നിന്നു. ടിക്കറ്റ് തരുന്നത് പൂച്ചകണ്ണുള്ള ഒരു ചെറുപ്പക്കാരനാണ് .ഞാൻ ഏറ്റവും മുന്നിൽ ..ഞാൻ എന്റെ പതിവ് ചിരി പാസ് ആക്കി .അയാൾ ഒന്ന് സംശയിച്ചിട്ടു തിരിച്ചു ചിരിച്ചു .
"എങ്ങനെയുണ്ട് സിനിമ?ഹിറ്റ് ആകുമോ "
ഞാൻ ..ആക്രാന്തം കൊണ്ട് ചോദിച്ചു പോയതാണ് .അയാൾ വിക്കി പോയി
"ചി..... ചിലപ്പോൾ ഹിറ്റ് ആകും ..അല്ല ഹിറ്റ് ആകും "
"ലാലേട്ടൻ സൂപ്പർ ആല്ലേ?" ഞാൻ വീണ്ടും.
.
സന്തോഷേട്ടൻ എന്നെ കണ്ണ് അടച്ചു കാണിക്കുന്നു.മിണ്ടാതിരിക്കാനാണ് ഞാൻ..അങ്ങോട്ടു പിന്നെ നോക്കിയതേയില്ല .എങ്ങോട് സന്തോഷേട്ടന്റെ മുഖത്തോട്ട്.
"പിന്നല്ലേ ?"ചെറുപ്പക്കാരൻ ഉഷാറായി
എനിക്ക് ടിക്കറ്റ് തന്നു.
"ഈ നാട്ടുകാരിയല്ലേ?"
തിരിഞ്ഞപ്പോൾ ചോദ്യം വന്നു
"
അല്ല ചേട്ടാ ഞാൻ തിരുവല്ലക്കാരിയാ"
തിരുവനന്തപുരത്തുഭർത്താവിനെ ആണത്രേ ചേട്ടാ എന്ന് വിളിക്കുക (എനിക്കറിയാമാരുന്നോ?) ചെറുപ്പക്കാരന്റെ മുഖത്ത് നാണത്തിൽ കുതിർന്ന ഒരു ചിരി .
പടികൾ ഞാൻ ഓടി കയറി
ആ ചേട്ടൻ ഇന്നും പുതിയ സിനിമ വന്നാൽ എത്ര തിരക്കുണ്ടെങ്കിലും ഫുൾ ആണേൽ പോലും ടിക്കറ്റ് അഡ്ജസ്റ്റ് ചെയ്തു തരും .ഒരു ചിരി "..ഒരു ചേട്ടാ" അത്രേ ഉള്ളു ..എന്റെ നിഷ്കളങ്കത കൊണ്ടാണ് കേട്ടോ.തെറ്റിദ്ധരിക്കല്ലേ പ്ളീസ്.
ആ സിനിമയോടെ സന്തോഷേട്ടൻ തീയേറ്ററിൽ നിന്നിറങ്ങാതെയായി.പിന്നീട് എനിക്ക് ഒരു ബുദ്ധിമുട്ടും വന്നില്ല പുള്ളി തന്നെ പത്രത്തിൽ വരുന്ന റിലീസ് തീയതി ഒക്കെ നോക്കി ബുക്ക് ചെയ്തു എന്നെ കൊണ്ട് പോയി കാണിക്കും
..തീയേറ്ററിൽനിന്നു ലേബർ റൂമിലേക്ക് പോയ ഈ ലോകത്തിലെ ഒരേ ഒരു വ്യക്തി ഞാൻ ആയിരിക്കും അത്രയ്‌ക്കാണ്‌ സിനിമയോടുള്ള എന്റെ ഭ്രാന്ത്.
.ഒരു ഓണം ആണ് ഈ മാറ്റങ്ങൾക്കൊക്കെ ഇടയാക്കിയത് ..ഓണം എന്നും എനിക്ക് സ്പെഷ്യൽ ആയതു സദ്യ മാത്രമല്ല ..ഒരു പാട് സിനിമകൾ കാണാം എന്നുള്ളത് കൊണ്ട് കൂടിയാണ് .
പിന്നെ അന്ന് നടക്കാൻ പോയപ്പോ എനിക്ക് മറുചിരി തന്ന ചേട്ടനില്ലേ ..ഇന്നും ചിരി നിർത്തിയിട്ടില്ല ..ഞാൻ ചിരിച്ചില്ലേലും ചിരിക്കും ..
"അനുഭവിച്ചോ ..ഞാൻ പറഞ്ഞതല്ലേ ?ഞാൻ ചിരിക്കുന്നവരെ നോക്കിയേ ചിരിക്കാവൂ എന്ന്"
സന്തോഷേട്ടൻ
"എന്നാൽ പിന്നേ ചിരിക്കേണ്ടി വരില്ല.. അതിനു ആരെയെങ്കിലും നോക്കി ചിരിക്കണ്ടേ ...?"(ചോദിച്ചില്ല മനസിൽ പറഞ്ഞതേയുള്ളു ..)
എന്തായാലും എന്റെ കൂടെ കൂടി സന്തോഷേട്ടൻ ഇപ്പൊ ഉഗ്രൻ ചിരിയാണ് ..ഇത്രേമൊക്കെ നമ്മളെ കൊണ്ട് പറ്റു

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot