Slider

മനുഷ്യത്വം മരിക്കാത്തവൻ

0
Image may contain: 1 person, hat, outdoor and closeup


തീര്‍ന്നു പോകാതിരിക്കാന്‍ നാക്കിന്‍റെ തുമ്പുകൊണ്ടുമാത്രമാണവന്‍ ചുറ്റിലും നക്കികൊണ്ടു വരുന്നത് , കലങ്ങിയ കണ്ണുകളും കണ്ണീരുണങ്ങിയ കവിളുകളും കാണുമ്പോള്‍ അറിയാം, കയ്യിലിരിക്കുന്ന ആ ഐസ്ക്രീമിനുവേണ്ടി വലിയയുദ്ധംതന്നെ 
നടത്തിയിരിക്കുന്നു,
ഒരു യാത്രയ്ക്കുവേണ്ടി ഇടാനെടുത്ത ഉള്ളതിലേറ്റവും വൃത്തിയായ അവന്‍റെ നിക്കറുമുടുപ്പും, ഒപ്പമുള്ള അവന്‍റെ അമ്മയെന്നു തോന്നിക്കുന്ന സ്ത്രീയെം കണ്ടാലറിയാം ഇല്ലയ്മകളുടെ നേര്‍ചിത്രം
എന്തൊക്കയോ കുത്തിനിറച്ച ഒരു കവര്‍ അവള്‍ കയ്യില്‍ പിടിച്ചിട്ടുണ്ട്, സ്റ്റാന്‍റിലേക്കു 
കടന്നതും അവന്‍റെ ഇടതുകൈ മുറുകെപ്പിടിച്ചവള്‍ വേഗത്തില്‍ നടന്ന്‍ നിരത്തിയിട്ടിരിക്കുന്ന ബസ്സിന്‍റെ ബോര്‍ഡുകള്‍ തിടുക്കത്തിലോടിനടന്നുനോക്കി,
എന്നിട്ട് നിരാശയോടെ വെയിറ്റിംഗ് ഹാളിലേ ഇരിപ്പിടം ലക്ഷ്യംവെച്ചു നടന്നുവന്നു.
അവളുടെ കൈ വിടുവിച്ചുകൊണ്ട് ഇടതുകയ്യിലേക്ക്
ഐസ്ക്രീം മാറ്റി അവന്‍ വലതുകൈ നക്കിത്തുടയ്ക്കുന്ന തിരക്കിലാണ്,
എല്ലാം കണ്ടുകൊണ്ട് ഓരോരത്തു നിന്ന ഒരാള്‍ അവളോടെന്തോ ചോദിച്ചതും ഒരു വലിയ ആട്ടുകൊടുത്തിട്ട് ''നിന്‍റെ വീട്ടിലുള്ളവളെ പോയി വിളിക്കെടാ "ന്നുറക്കെ പറഞ്ഞതും അവന്‍ ആളുകള്‍ക്കിടയിലൂടെ വേഗത്തില്‍ നടന്നുപോയി, ഒച്ചകൂട്ടിയുള്ള ആ ശബ്ദം കേട്ടിട്ട് അടുത്തുനില്‍ക്കുന്നവര്‍ അവജ്ഞയോടെ നോക്കുകയല്ലാതെ ഒന്നന്വേഷിക്കാന്‍ പോലും തയ്യാറാകാത്ത കാഴ്ച്ച കണ്ടപ്പോള്‍ രവീന്ദ്രന്റെ നിയന്ത്രണം വിട്ടു.....
ആ സ്ത്രീയുടെ അരികിലേക്കു ചെന്നതും ചെറിയ ഭയത്തോടെ മകനെ ചേര്‍ത്തുപിടിച്ചു നിറകണ്ണുകളോടെ നില്‍ക്കുകയാണ്....
എന്താ അയാള് പറഞ്ഞിട്ടു പോയത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പരിസരംമറന്നവള്‍ പ്രതികരിച്ചത്, അതിനെപ്പറ്റിയൊന്നും ചോദിക്കാതെതന്നെ രവീന്ദ്രന്‍ തിരക്കി :-
"എവിടെ പോവ്വാ" ?
ആ ചോദ്യത്തില്‍ കണ്ണമര്‍ത്തിത്തുടച്ചുകൊണ്ടവള്‍ പറഞ്ഞു
ആശൂത്രീ.....
എന്തുപറ്റിയെന്ന ചോദ്യത്തിനു മറുപടി കിട്ടുംമുന്‍പ്‌ സ്റ്റാന്‍റിലേക്കു കടന്നുവന്ന ബസ്സിന്‍റെ ബോര്‍ഡുംനോക്കി മകനേയും കയ്യില്‍പ്പിടിച്ചുകൊണ്ട് അവളോടിപ്പോയി....
രവീന്ദ്രന്‍ തിരികെ കസേരയില്‍ വന്നിരുന്നപ്പോള്‍ ചില ആളുകളുടെ ചൂഴ്ന്നുള്ള നോട്ടം അയാളിലേക്കായി... സ്റ്റാന്‍റ് വിട്ടുപോകുമ്പോള്‍ 
അയാള്‍ ബസ്സിലേക്കു കണ്ണുപായിച്ചു.
ആലപ്പുഴയ്ക്കുള്ള ബസ്സാണ്, പിറകീന്നു മൂന്നാമത്തെ സീറ്റില്‍ അവളും മകനുമിരിപ്പുണ്ട്, കവറില്‍നിന്ന് പേഴ്സെടുക്കുന്ന തിരക്കിലാണവള്‍...
കടയില്‍ ചെന്നൊരു സിഗരറ്റുവാങ്ങി കത്തിച്ചു നില്‍ക്കുമ്പോള്‍ കുറച്ചുമുന്‍പവള്‍ ആട്ടിയോടിച്ച ചെറുപ്പക്കാരനെ ദൂരെക്കണ്ടു, വഴിപിഴച്ചവനെന്നൊരു മുഖത്തെഴുത്തുള്ളവൻ
രവീന്ദ്രന്‍ സാവധാനം നടന്ന് അയാള്‍ക്കരികില്‍ ചെന്നിട്ട് ഒരു പുഞ്ചിരിവരുത്തിക്കൊണ്ടു ചോദിച്ചു
"സോറി.... ആ സ്ത്രീ നിങ്ങളെ എന്തോ വഴക്കുപറയുന്നതു കേട്ടല്ലോ ? ആരാ അത്" ?
തലയുടെ പിറകുവശമൊന്നു ചൊറിഞ്ഞിട്ടയാള്‍ പറഞ്ഞു
"ഓ....അവള് വെടിയാ, ആ ചെറക്കന്‍ കൂടെയുള്ളതിന്‍റെ മൂപ്പല്ലിയോ ?? കെട്ടിയോന്‍ ആനപ്പാപ്പാനാരുന്നു എങ്ങാണ്ടുല്‍സവത്തിന് ആനയിളകി അവനെയെടുത്തു താഴെയടിച്ച്..... ഇപ്പം മെഡിക്കല്‍ കോളേജില്‍ കിടപ്പുണ്ട്..... പോയിട്ടിങ്ങു വരട്ടെ , നാണം കെടുത്തിയേന്റെ കൂലി ഞാൻ കൊടുത്തോളാം"....
രവീന്ദ്രന്‍റെ മനസ്സൊന്നു പിടഞ്ഞു....
ഒന്നും കാണേണ്ടിയിരുന്നില്ല, അറിയേണ്ടിയിരുന്നില്ല.....
ആ ചെക്കന്‍റെ മുഖം മനസ്സില്‍ത്തന്നെ തങ്ങിനില്‍ക്കുന്നു,
ആ പ്രായത്തിലൊരു മകന്‍ തനിക്കുമുണ്ട്..... 
പോകേണ്ടുന്ന ബസ്സ്‌ സ്റ്റാന്‍റിലെത്തിയതറിഞ്ഞിട്ടും അയാളവിടെത്തന്നെയിരുന്നു.....
ആശുപത്രിയിലെത്തി മുക്കും മൂലയും തെരഞ്ഞുനടന്ന് ഒടുവിൽ അവളുടെ മുന്നിലേക്കു നീട്ടിപ്പിടിച്ച ആ നോട്ടുകളുടെ കനം അത്ഭുതപ്പെടുത്തിയപ്പോള്‍ അതും വാങ്ങിക്കൊണ്ടു പറഞ്ഞു .....
"അഞ്ചുമിനിറ്റ് നിക്കാവോ സാറേ.... ചേട്ടനീ മരുന്നൊന്നു വാങ്ങിച്ചിട്ടിപ്പം വരാം".....
അവള്‍ തിടുക്കത്തില്‍ പുറത്തേക്കോടി....
__________________________________________
തിരികെയെത്തുമ്പോള്‍ കസ്റ്റമറില്‍ നിന്നും നന്മയുടെ ആള്‍രൂപമായി മാറി എവിടേക്കോ മറഞ്ഞ "രവീന്ദ്രനെന്ന മനുഷ്യസ്നേഹിയേ തേടി" നടന്നിട്ടുണ്ടാവുമവൾ........ഉറപ്പ്  
-----------------------------------------------------------------
സന്തോഷ് നൂറനാട്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo