നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കൗതുകവാര്‍ത്ത

Image may contain: 1 person, hat, outdoor and closeup

താൻ പാതി ദൈവം പാതീന്നു പറയുംപോലെയാണ് പരീക്ഷയ്ക്ക് ബഞ്ചിൽ അടുത്തിരിക്കുന്നവനും നമ്മളും തമ്മിലുള്ള ബന്ധം ,പത്തിലെ പരീക്ഷയ്ക്ക് പത്തുദിവസം മുൻപു മുതൽ ഒരേയൊരു പ്രാർത്ഥന "ഷാജിയുടെ അടുത്താവണേ ഈശ്വരാ"ന്നായിരുന്നു അവനാണെങ്കിൽ എന്റെ പാതി ആവശ്യമില്ല.....
പക്ഷെ പ്രാർത്ഥന വെറുതെയായിപ്പോയി..... ഞാനിരിക്കുന്ന ഹാളിലേയല്ലവൻ. ക്വസ്റ്റ്യൻ പേപ്പർ കയ്യിൽ കിട്ടിയാൽ കൃഷ്ണമണികൾ കണ്ണിന്റെ ഇടത്തേക്കു മാത്രം കൂർപ്പിച്ചു പിടിച്ച് എന്റെ പേപ്പറും ടാർജെറ്റ് ചെയ്തിരിക്കുന്ന എല്ലാംകൊണ്ടും എന്നേക്കാൾ ഒരു പണത്തൂക്കം മുന്നിൽ നിൽക്കുന്നവനെയാണ് കിട്ടിയത്...
രാവിലെമുതൽ ഒഴിക്കുംതോറും നിറയുന്ന മൂത്രസഞ്ചിയായിരുന്നു എനിക്ക്, അന്ന് റൈനോൾഡ്സിന്റെ രണ്ടു പേന കയ്യിൽ കരുതി. എഴുതിമറിക്കുന്ന കൂട്ടത്തിൽ ഒന്നു നിന്നുപോയെങ്കിലോന്നു കരുതി സ്റ്റെപ്പിനിയായി വീട്ടിൽനിന്നും തന്നുവിട്ടതാണ്,
പരീക്ഷാഹാളിലേക്ക് കയറാനുള്ള ബെല്ലിനുമുൻപ് പള്ളിക്കൂടം മുറ്റത്ത് ചുറ്റുവട്ടം കണ്ണോടിക്കുമ്പോൾ പേടിപ്പിക്കുന്ന ഒരുതരം പഠിത്തം, ഇടയ്ക്ക് സ്വന്തം തലയിൽ അടിച്ചുകൊണ്ട് നോട്ടുബുക്കിൽ നോക്കി കണ്ണ് പെട്ടന്നു വലിച്ച് ആകാശത്തേക്കു നോക്കി ഉത്തരം പറഞ്ഞു പഠിക്കുന്നവർ.... ചോദ്യോത്തര പംക്തി നടത്തുന്നവർ.... ഒരു വർഷത്തോളം സമയം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കിട്ടുന്ന ഏതാനും മിനിറ്റുകളെ ഭീകരമാക്കിക്കൊണ്ട് ഞാനും കയ്യിലുള്ള നോട്ടുബുക്ക് തുറന്നു വെച്ച്.പിറുപിറുത്തുകൊണ്ടിരുന്നു.
സെക്കന്റ്‌ ബെല്ലു മുഴങ്ങിയതും പെൺപിള്ളാരൊക്കെ പ്രാർത്ഥിച്ചുകൊണ്ടായിരുന്നില്ല ഭജനനടത്തിയാണ് അകത്തേക്കു പോയത്. രാവിലെ പിച്ചിപ്പറിച്ചുതിന്ന രണ്ടു ഗോതമ്പ്ദോശ പുറത്തേക്കു വരാനുള്ള അനുവാദം കാത്തുനില്‍ക്കുന്നപോലെയൊരു തോന്നല്‍ ......
"എല്ലാം പഠിച്ച ചോദ്യങ്ങളായിരിക്കണേന്നു പറഞ്ഞാൽ ദൈവം പെട്ടുപോകുമെന്നറിയാവുന്നതുകൊണ്ട് "വരുന്ന സാറ് പാവംപിടിച്ചതാകണേ"ന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചത്‌ .
ഞങ്ങൾ എണീച്ചു നിന്നതും കയ്യുയർത്തി ഇരിക്കാനാംഗ്യം കാണിച്ചുകൊണ്ട് ടീച്ചർ കടന്നുവന്നതുതന്നെ മോങ്ങാനിരുന്ന നായയുടെ തലേൽ തേങ്ങാവീണതുപോലെയാണ്
"അറിയാവുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം എഴുതിയാൽ മതി, കണ്ടെഴുത്തും കേട്ടെഴുത്തുവൊന്നും നടക്കില്ല.... വല്ല തുണ്ടോ പേപ്പറോ കയ്യിലെങ്ങാണം ഇരിപ്പുണ്ടെങ്കിൽ ഇങ്ങ് തന്നേര്..... പിടിച്ചാൽ പരീക്ഷയെഴുതിക്കത്തില്ല പറഞ്ഞേക്കാം "
പ്രാർത്ഥന വിഫലമായിപ്പോയ നിമിഷങ്ങൾ .... ലോകത്തിൽ ഇന്നുവരെ കണ്ടതിൽ ഏറ്റവും വൃത്തികേട്ട പെണ്ണുംപിള്ള ഇതാണെന്ന് ചിന്തിച്ചു , ക്വസ്റ്റ്യൻ പേപ്പർ കയ്യിലേക്കു തരുമ്പോൾ, അവരടിച്ച പെർഫ്യൂമൊ പൌഡറോ എന്താന്നറിയില്ല അച്ചടിമഷിയുടെ ഗന്ധത്തിനൊപ്പം ചേർന്ന് ശ്വാസം മുട്ടുംപോലെ.... നിശബ്ദതയെ കുത്തിത്തുരന്നുകൊണ്ട് മേൽക്കൂരയുടെ ഇടുക്കുകളിൽ പ്രാവുകളുടെ പേടിപ്പിക്കുന്ന കുറുകുറു ശബ്ദം....ഒരു ധൈര്യത്തിന് എഴുതി കയ്യിൽ വെച്ച തുണ്ടുകൾ പുറത്തെടുക്കാൻ ഭയപ്പെട്ട നിമിഷങ്ങൾ.....
എസ് എസ് എൽ സി പരീക്ഷയെഴുതിക്കഴിഞ്ഞ് ഒരു നീണ്ടയവധിയുമാഘോഷിച്ച് റിസല്‍ട്ടറിയുന്നതിന്‍റെ തലേന്ന് എന്നേ തല്ലിത്തല്ലി കൊഴതെറ്റിയ, കയ്യില്‍ തൈലോം തൂത്തുനടക്കുന്ന ചന്ദ്രന്‍ സാറ് വഴിയില്‍ കണ്ടപ്പോള്‍ ചോദിച്ചു.....
പൊട്ടുവോടാ......
"എല്ലാം എഴുതിയിട്ടൊണ്ട് സാറേ, ജയിക്കുവാരിക്കും" എന്ന് മറുപടി കൊടുക്കുമ്പോള്‍ ഒരു വിശ്വാസമില്ലായ്മയുടെ തലയാട്ടല്‍ നടത്തി സൈക്കിളില്‍ ചെയിന്‍പെട്ടിയുരയുന്ന ശബ്ദോം കേള്‍പ്പിച്ചുകൊണ്ട്‌ സാര്‍ കടന്നുപോയി........
_____________________________________________
എസ് എസ് എല്‍ സി പരീക്ഷയെഴുതിയിട്ടിരിക്കുന്ന കുഞ്ഞുങ്ങള്‍ ഉമിത്തീയില്‍ നില്‍ക്കുന്ന ദിവസമാണിന്ന്.... ആകാംഷയോടെ
നാളത്തേ റിസല്‍ട്ടറിയാനായി....
അവര്‍ക്ക് വിജയാശംസകള്‍ അര്‍പ്പിക്കുന്നതിനൊപ്പം നമ്മുടെയാ പരീക്ഷപ്പനിയും ചങ്കിടിപ്പും ഓര്‍മ്മകളിലോടിയെത്താന്‍ ഈ എഴുത്ത് കാരണമായെങ്കില്‍, ഓർമ്മകളുണർത്തി കുത്തിട്ടു നിർത്തും മുന്‍പ് ഒരു കൌതുകവാര്‍ത്ത കൂടി പറയാം .........
"അന്നെല്ലാരേം ഞെട്ടിച്ചുകൊണ്ട് ഞാനും ജയിച്ചാരുന്നു കേട്ടോ" :-D :-D
______________________________________________
സന്തോഷ്‌ നൂറനാട്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot