Slider

ആത്മ'നൊമ്പരം

0

Image may contain: 1 person
പിടച്ചിലായിരുന്നു നെഞ്ചില്‍...ആ പിടച്ചില്‍ പക്ഷേ പ്രാണന്‍ ഇറങ്ങുന്നതിന്റെ ആയിരുന്നില്ല. അവളോടും മോനോടും ഒന്നും പറയാതെ പടിയിറങ്ങേണ്ടി വന്നതിന്‍റെ പിടച്ചില്‍.
മരണത്തോട് പിന്നെ വരാമെന്ന് പറഞ്ഞു ചിണുങ്ങാന്‍ ആവില്ലാലോ..നിശബ്ദം പടിയിറങ്ങി.ആ നിശബ്ദതയ്ക്ക് രാവിലെ തന്നെ വന്നു നോക്കുന്ന ഡോക്ടര്‍ എന്ത് പേരിടും എന്നറിയാം സൈലന്റ് അറ്റാക്ക്‌..
ചലനമറ്റ തന്നെ കാണുമ്പോള്‍ അവള്‍ പിടയുന്നത് കാണാനുള്ള ശക്തി തന്‍റെ ഈ ആത്മാവിനാവുമോ??
പോവാനാവുന്നില്ല എങ്ങോട്ടും...
നിലവിളി കേള്‍ക്കുന്നു.ഏട്ടാ എന്ന് വിളിച്ചു ബോധം മറഞ്ഞു അവൾക്ക്.
ഒന്നും മനസിലാവാത്ത മകന്‍ അച്ഛന്റെ ഉറക്കം നോക്കി നില്‍ക്കുന്നു.
“ഈശ്വരാ..കര്‍മ്മം കഴിയും വരെ എന്‍റെ ഈ ആത്മാവ് ഇതൊക്കെ കണ്ടു സഹിക്കണല്ലോ..”
വല്യമ്മാവന്‍ ആരെയൊക്കെയോ ഫോണ്‍ വിളിക്കുന്നു. ചെറിയച്ഛനോട് എന്തോ കുശുകുശുക്കുന്നു, പതിയെ ചെന്ന് കേട്ടു
“രമേശാ, പൈസ എന്തെങ്കിലും ഉണ്ടോ കയ്യില്‍? പന്തലിടണം, പിന്നെ കുറച്ചു കസേല. പിന്നെ വിറക് കൊണ്ടെരണ്ടേ.”
“എന്‍റെ കയ്യില്‍ എവിടുന്ന പൈസ, വിവരം അറിഞ്ഞപ്പോ നേരെ ഇങ്ങു പോന്നതല്ലേ..” ചെറിയച്ഛന്‍ കൈ മലര്‍ത്തി
അമ്മാവാ അലമാരയില്‍ ബാഗില്‍ സുമ എടുത്ത് വെച്ചിട്ടുണ്ട് പൈസ.. പറയാന്‍ തോന്നി.. ഓ ഞാന്‍ ആത്മാവല്ലേ, മറന്നു..
അമ്മാവന്‍ സുമയുടെ അടുത്തേക്ക് പോവുന്നത് കണ്ടു.
കരഞ്ഞു തളര്‍ന്നു കിടക്കുന്ന അതിനോട് എന്തിനാ ചോദിക്കുന്നേ, ദേഷ്യം തോന്നി അമ്മാവനോട്.
സുമ അലമാരയുടെ നേരെ വിരല്‍ ചൂണ്ടുന്നത് കണ്ടു...
“എന്താ ആ ശബ്ദം, എന്തിനാ പറമ്പിലെ തേന്മാവു മുറിക്കുന്നേ? വിറക് തികഞ്ഞില്ലേ..ഈ ആറടി ദേഹം ദഹിക്കാനുള്ളതിനേക്കാള്‍ വിറകാണല്ലോ വാങ്ങാന്‍ പോയത് എന്നിട്ടും തികഞ്ഞില്ലേ...ഹും ആരോട് പറയാന്‍..”
പുറത്ത് കലപില ശബ്ദം.അതിലെ പുകഴ്ത്തലുകള്‍ കേട്ട് സുഖിച്ചു നിന്ന് കുറച്ചു നേരം. ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞു കേട്ടില്ല മരിച്ചപ്പോഴെങ്കിലും കേള്‍ക്കട്ടെ..
സുമാര്‍ എത്ര പൈസ വേണ്ടി വരും? മുറ്റത്തെ ചെങ്കല്ലില്‍ ഇരുന്നു ഒന്ന് കൂട്ടി നോക്കി. ഇന്ന് ഒരു പത്തായിരം തീരുമെന്ന് തോന്നുന്നു. ബാങ്കില്‍ അടക്കാനുള്ള പണമാണ് ഇപ്പൊ അമ്മാവന്റെ കയ്യില്‍ ഉള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ പണം കുറെ വേണ്ടി വരില്ലേ. എല്ലാം കഴിഞ്ഞു എല്ലാരും പടിയിറങ്ങിയാല്‍ സുമ എന്തു ചെയ്യും.. പണ്ടേ പറഞ്ഞതാ എന്തെങ്കിലും ജോലിക്ക് ശ്രമിക്കാന്‍..കേട്ടില്ല.എന്‍റെയും മോന്‍റെയും കാര്യങ്ങള്‍ നോക്കി നല്ലൊരു കുടുംബിനി ആയി അവള്‍ ജീവിച്ചു. ഇപ്പോള്‍‌ എല്ലാം കൊണ്ടും തനിച്ചായി.
കുഴി വെട്ടി തീരാറായി എന്ന് തോന്നുന്നു തെക്കേലെ കുഞ്ഞിരാമേട്ടന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്. കുഴി വെട്ടുമ്പോഴും കുഞ്ഞിരാമേട്ടന് കുപ്പി പൊട്ടിക്കണം.കാരണം പറച്ചില്‍ സങ്കടം സഹിക്കാഞ്ഞിട്ടാണ് എന്ന്.
അപ്പുറത്ത് അനിയന്‍റെ കൂട്ടുകാര്‍ റീത്ത് വാങ്ങാന്‍ ഓടുന്നു. എന്‍റെ കൂട്ടുകാരൊക്കെ എവിടെ? ഉണ്ട് എല്ലാരും. ഇന്നലെ വൈകീട്ട് വരെ തോളില്‍ കയ്യിട്ടു തമാശയും പറഞ്ഞു ഒടുവില്‍ യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ എന്നെപ്പോലെ അവര്‍ക്കും അറിയില്ലായിരുന്നല്ലോ എന്‍റെ ആ യാത്ര അവസാന യാത്ര ആവുമെന്ന്
എല്ലാരുമുണ്ടല്ലോ. ഓ..ദിനേശനും ഉണ്ടോ. ഓഫീസിൽ ദിനേശന്റെ ശത്രു ഞാന്‍ ആയിരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടിയ അന്ന് തുടങ്ങിയതാ. അവനു കിട്ടേണ്ട പ്രൊമോഷന്‍ ഞാന്‍ ഇല്ലാതാക്കി എന്ന്. കുറെ ശ്രമിച്ചു അവന്‍റെ ദേഷ്യം മാറ്റാന്‍. കഴിഞ്ഞില്ല. ഇപ്പൊ ദാ അവന്‍ ഇവിടെ. ഈ വരവ് ആദ്യമേ ഉണ്ടായിരുന്നെങ്കില്‍....
മരണവും കല്യാണവും ശത്രുവിനെ മിത്രമാക്കുമെന്നു അമ്മ പറയാറുണ്ടായിരുന്നു.അന്ന് അമ്മയെ താന്‍ കളിയാക്കി...പക്ഷേ എന്‍റെ മരണം ഇന്നത്‌ സത്യമാക്കി.
കുഴിക്കരികിലേക്ക് പോവാന്‍ സമയമായി. കുളിച് പൌഡര്‍ പൂശി സുന്ദരനായി നടന്ന എന്‍റെ ശരീരം ഇന്നൊരു പിടി ചാരമാവും. ഇത്രയേ ഉള്ളൂ ജീവിതം. എന്‍റെതെന്നു പറഞ്ഞു നേടിയതും സ്വൊരുക്കൂട്ടിയതും എല്ലാം ഇവിടം ഉപേക്ഷിച്ചു മടക്കയാത്ര. ജീവിക്കാന്‍ വേണ്ടി ചെയ്തു കൂട്ടിയ കോപ്രായങ്ങളെ ആത്മാവായി നിന്ന് കൊണ്ട് തിരിഞ്ഞു നോക്കുമ്പോള്‍ ചുണ്ടില്‍ ഒരു വിളറിയ ചിരി മാത്രം.
എരിഞ്ഞടങ്ങി ദേഹം. ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ ആത്മാവിനു ശാന്തി നേടി കൊടുക്കുന്നതിനുള്ളതാണ്.നാല്പതാം നാള്‍ ഗണപതി ഹോമവും കര്‍മ്മങ്ങളും. അന്നത്തെ സദ്യയും കഴിയുന്നതോടെ എല്ലാരുടെയും മനസ്സില്‍ നിന്നും മറയും. ചുമരില്‍ പിന്നെയൊരു കോണില്‍ നിറം മങ്ങാനുള്ള വെറുമൊരു ചിത്രമായി മാറും.
പടിയിറങ്ങാന്‍ ആവുമോ അവളെ തനിച്ചാക്കി. കഴിയില്ല ഒരുനാളും ഈ പൂക്കളില്‍ ഈ മാവിന്‍ കൊമ്പില്‍ ഞാനെന്‍റെ ആത്മാവിനെ കൊരുത്തിടുന്നു, അവളെ കുറിച്ചുള്ള വേവലാതിയോടെ...
✍ സിനി ശ്രീജിത്ത്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo