Showing posts with label സിനിശ്രീജിത്ത്. Show all posts
Showing posts with label സിനിശ്രീജിത്ത്. Show all posts

പ്രവാസിയുടെ ഭാര്യ


പ്രവാസിയുടെ ഭാര്യ
** ** ** ** ** ** ** **
ഞാൻ കണ്ട ആദ്യത്തെ പ്രവാസിയുടെ ഭാര്യ എന്റെ അമ്മയായിരുന്നു.
പത്തൊൻപത് വയസ്സിൽ തന്നെ ഭാര്യയായി. 29 വയസ്സിനുള്ളിൽ മൂന്ന് പെണ്കുട്ടികളുടെ അമ്മയായി.
രണ്ടാമത്തെ കുഞ്ഞായപ്പോൾ മുതൽ കുടുംബം നോക്കലും എല്ലാം അമ്മയുടെ ചുമലിൽ ആയി. മാസം പൈസ അയക്കുന്നതിൽ നിന്നും എത്ര എവിടെ എങ്ങനെ ചിലവാക്കണം എന്നു ഒരു പെന്നും പേപ്പറും എടുത്തു അമ്മ കണക്കു കൂട്ടുന്നുണ്ടാവും. അന്ന് അതൊരു കൗതുകം ആയിരുന്നു.
അച്ഛൻ വീട് വാങ്ങിച്ചപ്പോൾ മൂന്ന് മക്കളെയും കൊണ്ടു അവിടേക്ക് ആയി അമ്മ. രണ്ടു വർഷം കൂടിയായിരുന്നു അച്ഛന്റെ വരവ്. ജീവിതത്തിലെ ചിലവേറിയപ്പോഴും അച്ഛനെ ചിലവിന്റെ കാര്യം പറഞ്ഞു അമ്മ ബുദ്ധിമുട്ടിച്ചില്ല. ആവശ്യങ്ങൾ
അറിയിച്ചുമില്ല.

മൂന്നാളുടെ ആവശ്യങ്ങൾ എന്തെന്ന് അച്ഛനും അറിയാതായി. അതു കൊണ്ടു തന്നെ ബാക്കി ഉള്ളത് അച്ഛൻ അവിടെ സൂക്ഷിച്ചു.
കണ്ടിട്ടുണ്ട് അച്ഛൻ ചെക്ക് അയച്ചു കൊടുത്താൽ (അന്ന് atm ഇല്ലാലോ), ആ ചെക്കും കയ്യിൽ വെച്ചു ഈശ്വരാ ഞാൻ ഈ മാസം എന്തു ചെയ്യും എന്ന് കണ്ണിൽ വെള്ളം നിറച്ച് അമ്മ പറയുന്നത്. അച്ഛനോട് പറയ് എന്നു പറഞ്ഞാൽ വേണ്ട അച്ഛനെ ബുദ്ധിമുട്ടിക്കേണ്ട, അവിടെ പണിയൊക്കെ കുറവാണ് അതിനിടയിൽ നമ്മളായിട്ടു അച്ഛനെ ഓരോന്ന് പറഞ്ഞു ബുദ്ധിമുട്ടിക്കരുത് എന്നു പറയും.
അയക്കുന്ന പണം കൊണ്ട് ജീവിക്കണം, സമ്പാദിച്ചും കാണിക്കണം.പ്രവാസിയുടെ ഭാര്യയുടെ ഏറ്റവും വലിയ വെല്ലുവിളി.
ഇതൊക്കെ കണ്ടു മടുത്തു ഗൾഫ്കാരനെ വേണ്ട എന്നു പറഞ്ഞു നടന്ന എനിക്കും കിട്ടിയത് ഗൾഫ്കാരനെ തന്നെ.
പ്രവാസിയുടെ ദുഃഖങ്ങൾ ചർച്ച ചെയ്യുമ്പോഴും പ്രവാസി ആയതിനെ ഓരോരുത്തർ ശപിക്കുമ്പോഴും ആരും സ്വന്തം ഭാര്യമാരുടെ വിഷമങ്ങൾ കാണാറില്ല. അവളവിടെ സുഖിച്ചു കഴിയുകയല്ലേ എന്ന പല്ലവി എത്രയോ പേർ പറയാറുണ്ട്.
ഉത്തരവാദിത്തങ്ങൾ മുഴുവൻ ഒറ്റയടിക്ക് ചുമലിലേക്ക് വീഴുകയാണ് ഒരു പെണ്ണിന്.
മാസം എത്തുന്ന പൈസ കാത്തിരിക്കുന്നതിൽ തുടങ്ങുന്നു ജീവിതം.
സേവിങ്‌സ് നിർബന്ധമായും ഉണ്ടാവണം.വീട്ടിലെ എല്ലാരുടെയും ആവശ്യങ്ങൾ ചെയ്തു കൊടുക്കണം.കുടുംബത്തിലെ കല്യാണം, കുഞ്ഞിനെ കാണൽ, തുടങ്ങി സകല ആവശ്യവും ഇതിൽ തന്നെ, ചിലവ് വേറെയും. ആദ്യത്തെ 15 ദിവസം മനസ്സിൽ ടെന്ഷന് ആവും.കടവും, lic യും വീട്ടു ചിലവും കുറിയും എല്ലാം കഴിഞ്ഞാൽ ഒന്നു തലവേദനയക്ക് മരുന്ന് വാങ്ങാൻ മിച്ചം കിട്ടില്ല.
പൈസ തികഞ്ഞില്ല എന്നെങ്ങാനും വിളിച്ചു പറഞ്ഞാൽ പൈസ എല്ലാം കലക്കി കുടിച്ചോ എന്ന ചോദ്യവും. എത്ര സങ്കടം വന്നാലും മക്കള് കാണാതെ തീർക്കാൻ പാട് പെടുന്ന കുറെ ജന്മങ്ങൾ ഉണ്ട് ഓരോ വീടിന്റെയും നാലു ചുമരുകൾക്കുള്ളിൽ.
അയച്ചു തരുന്നത് കൊണ്ടു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെട്ടും, ജീവിതത്തിൽ ഒറ്റപ്പെട്ടും എത്രയോ ഭാര്യമാർ..
അതിലും ഭയങ്കരം മറ്റൊന്നാണ്... ഗൾഫ്കാരന്റെ ഭാര്യയല്ലേ, ഇവൾ എന്തായാലും ഇന്നല്ലെങ്കിൽ നാളെ വഴി തെറ്റും എന്നൊരു ധാരണയാണ് ചില മീശ വെച്ച ആൺകോലങ്ങൾക്ക്..
മക്കളുടെ ആവശ്യത്തിനും വീട്ടിലെ ആവശ്യത്തിനും രണ്ടു ദിവസം അടുപ്പിച്ചു പുറത്തിറങ്ങിയാൽ മതി മൂന്നാം ദിവസം അവൾ കറങ്ങുന്നവളും മറ്റും ആവാൻ.
സമൂഹത്തെ പേടിച്ചേ ഓരോ പ്രവാസിയുടെ ഭാര്യക്കും ജീവിക്കാൻ പറ്റൂ ഇന്നീ സമൂഹത്തിൽ
അവളുടെ പിന്നാലെയുണ്ട് കഴുകൻ കണ്ണുകളുമായി ചില ഭ്രാന്തന്മാർ..കൊത്തി വലിക്കാൻ..
ഇതൊക്കെ സഹിക്കുമ്പോഴും എന്നിട്ടും ഭർത്താക്കന്മാർ ചോദിക്കും നിനക്ക് എന്തിന്റെ കുറവാണ്.. മാസം പൈസ അയക്കുന്നില്ലേ ഞാൻ എന്നു.
നല്ല വാക്ക് പറയാൻ മറന്ന് പോവുന്ന എത്രയോ ഭർത്താക്കന്മാർ ഉണ്ട്...
പ്രവാസി ആയതിനെ ശപിക്കും മുൻപ് , നിങ്ങൾക്ക് വേണ്ടി ഒരു കുടുംബത്തിനെ നിങ്ങളുടെ സ്ഥാനത്ത് നിന്ന് നടത്തി കൊണ്ടു പോവുന്ന , മക്കളെ നല്ലവരായി വളർത്തി നിങ്ങളുടെ കൈകളിലേക്ക് തരുന്ന നിങ്ങളെ മാത്രം പ്രതീക്ഷിച്ചു ആ വരവും കാത്തു ഇരിക്കുന്ന സ്നേഹം മാത്രം പകരം പ്രതീക്ഷിച്ചു ഇരിക്കുന്ന ഒരു പെണ്മനസ്സും ഉണ്ട് ദൂരെ എന്നു ഒരു നിമിഷം ഓർക്കൂ...
✍സിനി ശ്രീജിത്ത്

ആത്മ'നൊമ്പരം


Image may contain: 1 person
പിടച്ചിലായിരുന്നു നെഞ്ചില്‍...ആ പിടച്ചില്‍ പക്ഷേ പ്രാണന്‍ ഇറങ്ങുന്നതിന്റെ ആയിരുന്നില്ല. അവളോടും മോനോടും ഒന്നും പറയാതെ പടിയിറങ്ങേണ്ടി വന്നതിന്‍റെ പിടച്ചില്‍.
മരണത്തോട് പിന്നെ വരാമെന്ന് പറഞ്ഞു ചിണുങ്ങാന്‍ ആവില്ലാലോ..നിശബ്ദം പടിയിറങ്ങി.ആ നിശബ്ദതയ്ക്ക് രാവിലെ തന്നെ വന്നു നോക്കുന്ന ഡോക്ടര്‍ എന്ത് പേരിടും എന്നറിയാം സൈലന്റ് അറ്റാക്ക്‌..
ചലനമറ്റ തന്നെ കാണുമ്പോള്‍ അവള്‍ പിടയുന്നത് കാണാനുള്ള ശക്തി തന്‍റെ ഈ ആത്മാവിനാവുമോ??
പോവാനാവുന്നില്ല എങ്ങോട്ടും...
നിലവിളി കേള്‍ക്കുന്നു.ഏട്ടാ എന്ന് വിളിച്ചു ബോധം മറഞ്ഞു അവൾക്ക്.
ഒന്നും മനസിലാവാത്ത മകന്‍ അച്ഛന്റെ ഉറക്കം നോക്കി നില്‍ക്കുന്നു.
“ഈശ്വരാ..കര്‍മ്മം കഴിയും വരെ എന്‍റെ ഈ ആത്മാവ് ഇതൊക്കെ കണ്ടു സഹിക്കണല്ലോ..”
വല്യമ്മാവന്‍ ആരെയൊക്കെയോ ഫോണ്‍ വിളിക്കുന്നു. ചെറിയച്ഛനോട് എന്തോ കുശുകുശുക്കുന്നു, പതിയെ ചെന്ന് കേട്ടു
“രമേശാ, പൈസ എന്തെങ്കിലും ഉണ്ടോ കയ്യില്‍? പന്തലിടണം, പിന്നെ കുറച്ചു കസേല. പിന്നെ വിറക് കൊണ്ടെരണ്ടേ.”
“എന്‍റെ കയ്യില്‍ എവിടുന്ന പൈസ, വിവരം അറിഞ്ഞപ്പോ നേരെ ഇങ്ങു പോന്നതല്ലേ..” ചെറിയച്ഛന്‍ കൈ മലര്‍ത്തി
അമ്മാവാ അലമാരയില്‍ ബാഗില്‍ സുമ എടുത്ത് വെച്ചിട്ടുണ്ട് പൈസ.. പറയാന്‍ തോന്നി.. ഓ ഞാന്‍ ആത്മാവല്ലേ, മറന്നു..
അമ്മാവന്‍ സുമയുടെ അടുത്തേക്ക് പോവുന്നത് കണ്ടു.
കരഞ്ഞു തളര്‍ന്നു കിടക്കുന്ന അതിനോട് എന്തിനാ ചോദിക്കുന്നേ, ദേഷ്യം തോന്നി അമ്മാവനോട്.
സുമ അലമാരയുടെ നേരെ വിരല്‍ ചൂണ്ടുന്നത് കണ്ടു...
“എന്താ ആ ശബ്ദം, എന്തിനാ പറമ്പിലെ തേന്മാവു മുറിക്കുന്നേ? വിറക് തികഞ്ഞില്ലേ..ഈ ആറടി ദേഹം ദഹിക്കാനുള്ളതിനേക്കാള്‍ വിറകാണല്ലോ വാങ്ങാന്‍ പോയത് എന്നിട്ടും തികഞ്ഞില്ലേ...ഹും ആരോട് പറയാന്‍..”
പുറത്ത് കലപില ശബ്ദം.അതിലെ പുകഴ്ത്തലുകള്‍ കേട്ട് സുഖിച്ചു നിന്ന് കുറച്ചു നേരം. ജീവിച്ചിരിക്കുമ്പോള്‍ പറഞ്ഞു കേട്ടില്ല മരിച്ചപ്പോഴെങ്കിലും കേള്‍ക്കട്ടെ..
സുമാര്‍ എത്ര പൈസ വേണ്ടി വരും? മുറ്റത്തെ ചെങ്കല്ലില്‍ ഇരുന്നു ഒന്ന് കൂട്ടി നോക്കി. ഇന്ന് ഒരു പത്തായിരം തീരുമെന്ന് തോന്നുന്നു. ബാങ്കില്‍ അടക്കാനുള്ള പണമാണ് ഇപ്പൊ അമ്മാവന്റെ കയ്യില്‍ ഉള്ളത്. ഇനിയുള്ള ദിവസങ്ങളില്‍ പണം കുറെ വേണ്ടി വരില്ലേ. എല്ലാം കഴിഞ്ഞു എല്ലാരും പടിയിറങ്ങിയാല്‍ സുമ എന്തു ചെയ്യും.. പണ്ടേ പറഞ്ഞതാ എന്തെങ്കിലും ജോലിക്ക് ശ്രമിക്കാന്‍..കേട്ടില്ല.എന്‍റെയും മോന്‍റെയും കാര്യങ്ങള്‍ നോക്കി നല്ലൊരു കുടുംബിനി ആയി അവള്‍ ജീവിച്ചു. ഇപ്പോള്‍‌ എല്ലാം കൊണ്ടും തനിച്ചായി.
കുഴി വെട്ടി തീരാറായി എന്ന് തോന്നുന്നു തെക്കേലെ കുഞ്ഞിരാമേട്ടന്‍റെ ശബ്ദം കേള്‍ക്കുന്നുണ്ട്. കുഴി വെട്ടുമ്പോഴും കുഞ്ഞിരാമേട്ടന് കുപ്പി പൊട്ടിക്കണം.കാരണം പറച്ചില്‍ സങ്കടം സഹിക്കാഞ്ഞിട്ടാണ് എന്ന്.
അപ്പുറത്ത് അനിയന്‍റെ കൂട്ടുകാര്‍ റീത്ത് വാങ്ങാന്‍ ഓടുന്നു. എന്‍റെ കൂട്ടുകാരൊക്കെ എവിടെ? ഉണ്ട് എല്ലാരും. ഇന്നലെ വൈകീട്ട് വരെ തോളില്‍ കയ്യിട്ടു തമാശയും പറഞ്ഞു ഒടുവില്‍ യാത്ര പറഞ്ഞു ഇറങ്ങുമ്പോള്‍ എന്നെപ്പോലെ അവര്‍ക്കും അറിയില്ലായിരുന്നല്ലോ എന്‍റെ ആ യാത്ര അവസാന യാത്ര ആവുമെന്ന്
എല്ലാരുമുണ്ടല്ലോ. ഓ..ദിനേശനും ഉണ്ടോ. ഓഫീസിൽ ദിനേശന്റെ ശത്രു ഞാന്‍ ആയിരുന്നു. എനിക്ക് പ്രൊമോഷന്‍ കിട്ടിയ അന്ന് തുടങ്ങിയതാ. അവനു കിട്ടേണ്ട പ്രൊമോഷന്‍ ഞാന്‍ ഇല്ലാതാക്കി എന്ന്. കുറെ ശ്രമിച്ചു അവന്‍റെ ദേഷ്യം മാറ്റാന്‍. കഴിഞ്ഞില്ല. ഇപ്പൊ ദാ അവന്‍ ഇവിടെ. ഈ വരവ് ആദ്യമേ ഉണ്ടായിരുന്നെങ്കില്‍....
മരണവും കല്യാണവും ശത്രുവിനെ മിത്രമാക്കുമെന്നു അമ്മ പറയാറുണ്ടായിരുന്നു.അന്ന് അമ്മയെ താന്‍ കളിയാക്കി...പക്ഷേ എന്‍റെ മരണം ഇന്നത്‌ സത്യമാക്കി.
കുഴിക്കരികിലേക്ക് പോവാന്‍ സമയമായി. കുളിച് പൌഡര്‍ പൂശി സുന്ദരനായി നടന്ന എന്‍റെ ശരീരം ഇന്നൊരു പിടി ചാരമാവും. ഇത്രയേ ഉള്ളൂ ജീവിതം. എന്‍റെതെന്നു പറഞ്ഞു നേടിയതും സ്വൊരുക്കൂട്ടിയതും എല്ലാം ഇവിടം ഉപേക്ഷിച്ചു മടക്കയാത്ര. ജീവിക്കാന്‍ വേണ്ടി ചെയ്തു കൂട്ടിയ കോപ്രായങ്ങളെ ആത്മാവായി നിന്ന് കൊണ്ട് തിരിഞ്ഞു നോക്കുമ്പോള്‍ ചുണ്ടില്‍ ഒരു വിളറിയ ചിരി മാത്രം.
എരിഞ്ഞടങ്ങി ദേഹം. ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ ആത്മാവിനു ശാന്തി നേടി കൊടുക്കുന്നതിനുള്ളതാണ്.നാല്പതാം നാള്‍ ഗണപതി ഹോമവും കര്‍മ്മങ്ങളും. അന്നത്തെ സദ്യയും കഴിയുന്നതോടെ എല്ലാരുടെയും മനസ്സില്‍ നിന്നും മറയും. ചുമരില്‍ പിന്നെയൊരു കോണില്‍ നിറം മങ്ങാനുള്ള വെറുമൊരു ചിത്രമായി മാറും.
പടിയിറങ്ങാന്‍ ആവുമോ അവളെ തനിച്ചാക്കി. കഴിയില്ല ഒരുനാളും ഈ പൂക്കളില്‍ ഈ മാവിന്‍ കൊമ്പില്‍ ഞാനെന്‍റെ ആത്മാവിനെ കൊരുത്തിടുന്നു, അവളെ കുറിച്ചുള്ള വേവലാതിയോടെ...
✍ സിനി ശ്രീജിത്ത്‌

വേഴാമ്പൽ പോലെ


ആ വേഴാമ്പലിന്റെ യാത്രയ്ക്ക് അന്ന് എന്നെത്തതിലും സന്തോഷമായിരുന്നു..
കാരണം
കൂട്ടിൽ നിന്നും തന്റെ ഇണയും കണ്മണിയും പുറത്തേക്ക് വരേണ്ടത് ഇന്നാണ്.. ഞാൻ അവിടെ എത്തിയാലെ ആ കൂടു പൊട്ടിക്കാൻ അവൾക്കാകു....തന്റെ വരവും കാത്തു അവൾ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടാവും..
അടയിരിക്കാൻ തുടങ്ങിയപ്പോൾ കൂടു അടച്ചതല്ലേ...പിന്നെ ഭക്ഷണം കൂട്ടിൽ ഉള്ള ദ്വാരത്തിലൂടെ കൊക്കിൽ വെച്ച് കൊടുക്കും.. അഞ്ചു മാസക്കാലത്തോളം.. ഒരു അമ്മക്ക് മാത്രം നൽകുവാൻ കഴിയുന്ന സ്നേഹം അത് അവൾ തന്റെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാനായി സ്വയം ക്ഷീണിതയായിട്ടുണ്ടാകും..
പാവം...ആ ഇരുട്ടിൽ ഇളം പൈതലിനെ ചിറകിലൊതുക്കി...ഓർക്കുമ്പോൾ പിടപ്പേറുന്നു ഉള്ളിൽ..
ചിറകുകൾ ആഞ്ഞു വീശി കൂടു ലക്ഷ്യമാക്കി പറന്നു നീങ്ങി... എത്രയും പെട്ടെന്ന് കൂടണയണം..
പെട്ടെന്നായിരുന്നു ആ വേഴാമ്പലിന്റെ ചിറകുരുമ്മി ഒരു അമ്പു കടന്നു പോയത്, പിന്നാലെ വെടി ശബ്ദവും..വേട്ടക്കാരുടെ വരവെന്നു മനസിലായതും ചിലച്ചു കൊണ്ട് അത് വേഗം പറക്കാൻ തുടങ്ങി..
എങ്ങനെയെങ്കിലും കൂടെത്തണം.. ആ കൂടു ഒന്ന് പൊട്ടിച്ചു കൊടുക്കണം..ഇല്ലെങ്കിൽ തന്റെ ഇണയും കുഞ്ഞും എന്നെന്നേക്കുമായി അതിൽ വിശന്നു വലഞ്ഞു മരിക്കും... പാടില്ല..
ചിറകുകൾ വല്ലാതെ തളരുന്നു...തന്നെ വേട്ടയാടാൻ വന്നവർ നാലുപാടും വെടി വെക്കുകയാണ്, കിട്ടുന്ന മൃഗങ്ങൾ ഒക്കെ പോരട്ടെ എന്ന അത്യാഗ്രഹം.. മനുഷ്യന്റെ ദുരാഗ്രഹങ്ങളിൽ പെട്ട് ഞങ്ങൾ അവസാനിക്കുകയാണോ.. അവൻ ചിന്തിച്ചു.
ഇനി തന്റെ കൂടിലേക്ക് കുറച്ചു ദൂരം മാത്രം.
അവന്റെ മുഖത്ത് സന്തോഷം വിരിഞ്ഞു.. പക്ഷേ ആ സന്തോഷത്തിന് അൽപ്പായുസ് ആയിരുന്നു.കൂടിന്റെ അടുത്തെതാറായപ്പോഴേക്കും ചിറകിൽ അമ്പേറ്റിരുന്നു...
പക്ഷേ താഴേക്ക് വീഴും മുമ്പേ ഒരു ചില്ലയിൽ അവന്റെ ശരീരം തടഞ്ഞു നിന്നു. ജീവൻ പോവും മുമ്പേ കൂടിനടുത്തേക്ക് എത്തണം
മുറിവേറ്റ ചിറകുമായി മരകൊമ്പിലേക്ക് പതിയെ ചാടി നീങ്ങി..പതിയെ കുറച്ചു പറന്നും ഒരു വിധം കൂടിനടുത്തെത്തി..
കൊക്ക് കൊണ്ട് ആഞ്ഞു കൊത്തി കൂടിന്റെ മുഖം തുറന്നു കൊടുത്തു. ഒരു മാത്ര നേരം പൊന്നുമക്കളുടെ മുഖം ഒന്ന് കണ്ടു....അപ്പോഴേക്കും അടുത്തൊരമ്പ് ചിറകടർത്തി താഴേക്ക് പോയി...
കൂട്ടിൽ നിന്നും പുറത്തേക്ക് വന്നവൾ കണ്ടത് ചുണ്ടിൽ ഭക്ഷണവുമായി ചോരയൊഴുക്കി ചിറകടർന്നു ആ വന്മരത്തിൽ നിന്നും താഴേക്ക് വീഴുന്ന പ്രിയ്യ ഇണക്കിളിയെയായിരുന്നു... ഇനി ഒരു ഇണയും തുണയും ഈ ജന്മത്തിൽ തനിക്ക് ഉണ്ടാകില്ല എന്ന സത്യം അവൾ ഞെട്ടലോടെ ഓർത്തു..
അമ്പേറ്റു പിടഞ്ഞു വീഴുമ്പോഴും ആ കണ്ണിൽ ഒരു നൂറു ചോദ്യങ്ങൾ ബാക്കിയുള്ളത് പോലെ.. മനുഷ്യ ഞാൻ നിന്നോട് എന്ത് തെറ്റു ചെയ്തു. അവന്റെ കണ്ണുകൾ നോക്കിയത് മനുഷ്യരുടെ നേരെ ആയിരുന്നു...
മാനിഷാദാ.....

by: SiniSreejith

ഹൃദയമുള്ള നൂല്‍പ്പാവ


Image may contain: 1 person

ഒരു പുലര്‍ച്ചെ....
“അമ്മ എഴുന്നേറ്റില്ലേ..അമ്മേ എഴുന്നേല്‍ക്ക്...എനിക്ക് ഇച്ചിരി വെയില്‍ കൊള്ളണം...
നിങ്ങളെന്താ നോക്കുന്നെ..ഞാന്‍ കുഞ്ഞാവയാ...ഇന്നെനിക്കു അഞ്ച് മാസമായി..അമ്മയുടെ വയറ്റിലാ ഞാന്‍. ഇപ്പൊ പുറത്ത് നടക്കുന്നതൊക്കെ എനിക്കറിയാം..അമ്മയുടെ ചിരി, കരച്ചില്‍, ദാ അതൊക്കെ എന്‍റെ നെഞ്ചില്‍ എനിക്കറിയാം...
ഓ അമ്മ എഴുന്നേറ്റോ...ഇളം വെയില്‍ കൊള്ളാന്‍ ചെല്ല് അമ്മേ...
പുറത്ത് ആരുടെയോ ശബ്ദം കേള്‍ക്കുന്നല്ലോ.. അച്ഛനാണോ... ഇടയ്ക്ക് അച്ഛന്‍ കുഞ്ഞാവേ എന്ന് വിളിക്കാറുണ്ട്.... ആ വിളി കേള്‍ക്കുമ്പോള്‍ ഞാന്‍ അമ്മയുടെ വയറ്റില്‍ കാലിട്ടടിച്ച്‌ വിളി കേള്‍ക്കാറുണ്ട്...
“സീതേ , മോളെങ്ങോട്ടെക്കാ...”
അതാരാ അത് കല്യാണി അമ്മയല്ലേ...അമ്മ ഇടയ്ക്ക് വിളിക്കുന്ന കേള്‍ക്കാറുണ്ട്..ശബ്ദം കൊണ്ട് എനിക്ക് എല്ലാരേയും ഇപ്പൊ നന്നായി അറിയാം...
ഒന്ന് വേഗം പുറത്ത് വന്നെങ്കില്‍ ഇവരെയൊക്കെ കാണാമായിരുന്നു...
അല്ലാ! അമ്മ ഇന്നെവിടെയ്ക്കാ..വലിയ തിരക്ക് കൂട്ടുന്നുണ്ടല്ലോ അമ്മ..
കുറെ നേരം കഴിഞ്ഞു...
“ഇതെന്താ വല്ലാത്ത ചൂട്...ഞാനിതെവിടെയാ...യ്യോ സഹിക്കാന്‍ വയ്യാ...അമ്മേ എനിക്ക് വയ്യ..നമ്മുക്ക് പോവാം...ഞാന്‍ പറയുന്നത് അമ്മക്ക് അറിയാന്‍ പറ്റുന്നുണ്ടോ...
ഹോ..വീട്ടില്‍ എത്തി എന്ന് തോന്നുന്നു...കല്യാണി അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി..
അമ്മയെന്താ ഒന്നും എന്നോട് പറയാത്തെ..ആരും ഒന്നും മിണ്ടുന്നില്ലലോ..!!
അച്ഛന്‍ എന്തോ പറയുന്നലോ...
“വേണ്ട, ഇത് വേണ്ട, ശരിയാവില്ല..എന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ഒരു പെണ്‍കുഞ്ഞ് ശരിയാവില്ല...ഇത് വേണ്ട നമ്മുക്ക്...”
അച്ഛന് എന്നെ വേണ്ടേ അമ്മേ...അമ്മ പറയ്‌ എന്നെ അമ്മയ്ക്ക് വേണമെന്ന്..പറയ്‌ അമ്മേ..എന്നെ വേണമെന്ന് പറയ്‌ അമ്മേ..
അമ്മ എന്താ ഒന്നും പറയാത്തെ...
എന്‍റെ ജീവന്‍ എടുക്കാനായിരുന്നോ അമ്മേ എന്‍റെ ഈ കൈകാലുകള്‍ വളരും വരെ കാത്തിരുന്നത്...
എനിക്കീ ലോകം കാണണം അമ്മേ, എന്‍റെ അമ്മയുടെ മുഖം ഒന്ന് കാണണം..എന്നെ കളയല്ലേ അമ്മേ..
നാളെ നിങ്ങള്‍ എന്‍റെ ജീവന്‍ എടുക്കുമല്ലേ...ജീവന്‍ എടുക്കാനായിരുന്നെങ്കില്‍ എന്തിനാ ജീവന്‍ തന്നത്..
വേണ്ട എന്‍റെ അച്ഛനും അമ്മയും കുറ്റവാളികള്‍ ആവണ്ട ...ഞാന്‍ ഇല്ലാതാവാം..എന്നെയും അമ്മയെയും ബന്ധിപ്പിച്ച ഈ പൊക്കിള്‍ കൊടിയില്‍ തന്നെ ഞാന്‍ ഒടുങ്ങുന്നു...
കുറച്ചു കഴിഞ്ഞു..
“സീതേ, കണ്ണു തുറക്ക്, എന്താ ഉണ്ടായേ...”
“അമ്മേ വയറ്റില്‍ കുഞ്ഞു വല്ലാതെ ഇളകുന്നു, വേദന സഹിക്കാന്‍ വയ്യ...നമ്മുക്ക് ഡോക്ടറെ കാണാം...
പരിശോധനകള്‍ക്ക് ശേഷം റിസള്‍ട്ട്‌ വന്നു...
പൊക്കിള്‍ കൊടി മേലാസകലം ചുറ്റി പിണഞ്ഞൊരു മാംസ പിണ്ഡം..!
✍ സിനി ശ്രീജിത്ത് ....

കടലാഴങ്ങൾ സാക്ഷി


Image may contain: 1 person
അന്ന് ആ കടലിനെ ശ്രദ്ധിക്കാൻ എനിക്കായില്ല.. എന്നും വൈകുന്നേരം ഈ കടൽത്തീരത്തു ഞാൻ എത്താറുണ്ട്.. ഏറെ നേരം കടലും ഞാനും മൗന സംഭാഷണത്തിലാവും.. പക്ഷേ ഇന്ന് എന്റെ
കണ്ണുകൾ മറ്റൊരാളെ തിരയുകയായിരുന്നു.
അവളെ..ആ പുളിയിലക്കര മുണ്ട് ചുറ്റി ആ കൽമണ്ഡപത്തിൽ വന്നിരിക്കാറുള്ള ആ പെണ്ണിനെ..
എന്നും വന്നിരിക്കാറുള്ള ഏതോ ഒരു വൈകുന്നേരം ആയിരുന്നു അവൾ കണ്ണിൽ പെട്ടത്..ആരെയും ശ്രദ്ധിക്കാതെ കടലാഴങ്ങൾ കണ്ണിൽ നിറച്ചു ശിലപോലെ അവളുടെ ഇരിപ്പ്..ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും പിന്നെ പിന്നെ അവളിലായി ശ്രദ്ധ..
ഇരുട്ട് വീഴുമ്പോൾ ആരോ അവളെ എങ്ങോട്ടോ കൂട്ടി കൊണ്ട് പോവുകയും ചെയ്യുന്നു..
അവളെ കാണുംതോറും അവൾ ആരെന്നറിയാൻ ആകാംക്ഷ കൂടി വന്നു.
എന്തും വരട്ടെ എന്ന് കരുതി ചോദിക്കാൻ ആയി ഒരു ദിവസം അവളുടെ അടുത്തെത്തി..
ഒന്ന് ചുമച്ചു ശബ്ദമുണ്ടാക്കി അവളുടെ ശ്രദ്ധ ആകർഷിച്ചു
ഞെട്ടലോടെ ആയിരുന്നു അവൾ തന്നെ നോക്കിയത്. അന്നായിരുന്നു ആ മുഖം തന്റെ മുന്നിൽ വ്യക്തമായത്.
തിളങ്ങുന്ന ഭംഗിയുള്ള കണ്ണുകൾ അതായിരുന്നു തന്നെ ഏറെ ആകർഷിച്ചത്..ശരിക്കും ഒരു സുന്ദരി..
തന്റെ നോട്ടം കണ്ടിട്ടാവണം അവൾ പെട്ടെന്ന് മുഖം തിരിച്ചു. അവളോട് എന്ത് ചോദിച്ചു തുടങ്ങണം എന്നറിയാതെ ഒന്ന് പരുങ്ങി.
അപ്പോഴേക്കും ഏതോ ചെറുപ്പക്കാരൻ വരികയും ഓട്ടോയിൽ കയറി അവൾ പോവുകയും ചെയ്തു.
രാത്രിയിൽ ഒരു പുരുഷൻ വന്നു വിളിക്കുമ്പോൾ ഓട്ടോയിൽ സ്ഥിരം പോവുന്ന ഒരു പെണ്ണ്,അങ്ങനെയുള്ളവൾ ഏതായാലും നല്ല പെണ്ണല്ല. അവളോട് മിണ്ടാൻ പറ്റാത്തത്തിന്റെ ദേഷ്യം അവളിലെ കുറ്റം കണ്ടു പിടിച്ചു സ്വയം തീർക്കാൻ ശ്രമിച്ചു.
പക്ഷേ ഇപ്പൊ കുറച്ചു ദിവസമായി അവളെ കാണാത്തത്. മനസ്സിൽ എന്തോ ഒരു വിങ്ങൽ പോലെ. ആഴ്ചകൾ ആവുന്നു അവളെ കണ്ടിട്ട്.എന്തു പറ്റി അവൾക്..
കടൽ തീരത്തിനു ഭംഗി നഷ്ടമായോ. കാഴ്ചകളിൽ മനസ്സുറക്കുന്നില്ല. മെല്ലെ ബീച്ചിനടുത്തുള്ള കോഫി ഷോപ്പിൽ കയറി. കോഫിയും സ്നാക്ക്സും ഓർഡർ ചെയ്തു ഫോണിലേക്ക് ശ്രദ്ധയൂന്നി. ഇടയ്ക്കെപ്പോഴോ തന്റെ മുന്നിൽ എത്തിയ കോഫി വാങ്ങാൻ മുഖം ഉയർത്തി. കോഫി തന്നു പോയ ആ ആളുടെ മുഖം കണ്ടപ്പോൾ പെട്ടെന്നോർമ്മ വന്നു. ഇല്ല തനിക്ക് തെറ്റു പറ്റിയിട്ടില്ല.ആ മുഖം തന്നെ. എഴുന്നേറ്റ് ആളെ തിരഞ്ഞു ഒടുവിൽ കോഫി ഷോപ്പിന് പുറകു വശത്ത് എത്തി. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്ന് തന്നെ ഞാൻ അറിയും. മനസ്സിൽ ഉറപ്പിച്ചു
നീല യൂണിഫോം ഇട്ടു നിൽക്കുന്ന ആ ചെറുപ്പക്കാരൻ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അയാളും അവനെ സാകൂതം നോക്കി. മുപ്പത്തി രണ്ടു മുപ്പത്തി മൂന്ന് വയസ്സുണ്ടാവും അവനു. അതിന്റെ പക്വത മുഖത്തു.നേർത്ത മീശയും താടിയും.ഇവൻ ആരാവും അവളുടെ.
"സാറിനു എന്താ അറിയേണ്ടത് മാളുവിനെ കുറിച്ചു"
അവന്റെ ചോദ്യം അയാളെ ചിന്തയിൽ നിന്നും ഉണർത്തി.
"ഓഹ്...അപ്പൊ മാളു , അതാണ് അവളുടെ പേര് അല്ലേ ?"അയാൾ തിരിച്ചു ചോദിച്ചു.
"അല്ല, അതു ഞങ്ങൾ വിളിക്കുന്ന പേരാണ്"
"അവളുടെ പേര് അനൂജ. ദേവകി ടീച്ചറുടെയും വക്കീൽ ഗുമസ്ഥൻ രവിയേട്ടന്റെയും ഒരേ ഒരു മകൾ."
അതും പറഞ്ഞു അവൻ ദൂരെ കടൽത്തിരകളിലേക്ക് നോട്ടം അയച്ചു നിന്നു.
ഇനി എന്തു ചോദിക്കും അവനോടു .
ചോദിക്കാതെ വയ്യല്ലോ
"അവൾ നിങ്ങളുടെ ആരാ...?ഇപ്പൊ അവൾ എവിടെയാണ്.? അവളെ കാണാൻ ഇല്ല കുറെ നാളായിട്ടു, നിങ്ങളല്ലേ അവളെ എന്നും കൂട്ടി കൊണ്ടു പോവാറ്. ?"
എന്റെ നിർത്താതെയുള്ള ചോദ്യം കേട്ടിട്ടാവാം അവൻ ഒന്നു ചിരിച്ചു പിന്നെ കടൽത്തീരത്തേക്ക് നടന്നു പിന്നാലെ ഞാനും
എന്റെ പേര് ജിത്തു. അവൾ, അവൾ എന്റെ ആരുമല്ല, അവൻ പതിയെ പറഞ്ഞു , എന്റെ കൂട്ടുകാരിയാണ്
അവൻ പറഞ്ഞു തുടങ്ങി മാളു എന്ന അവന്റെ കൂട്ടുകാരിയെ കുറിച്ചു....
പ്ലസ് 2 വിന് പഠിക്കുമ്പോൾ ആയിരുന്നു ഞാൻ അവളെ കണ്ടത്. എന്റെ ക്ലാസ്സിലേക്ക് അവൾ വന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട് . നെറ്റിയിൽ ചന്ദന കുറിയിട്ട് വലിയ നീളൻ മുടി രണ്ടു ഭാഗവും പിന്നിയിട്ടു കരിമഷി കണ്ണോട് കൂടിയ പെണ്ണ്. ആരോടും അധികം മിണ്ടാത്ത സ്വഭാവം.അവൾ, അവളുടെ കൂട്ടുകാരികൾ അതായിരുന്നു അവളുടെ സ്കൂൾ ലോകം. ക്ലാസ്സിലെയും മറ്റു ക്ലാസ്സിലെയും കുറെ പേർ അവളുടെ ആരാധകന്മാർ ആയി കഴിഞ്ഞിരുന്നു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ.
ഒരു പിണക്കത്തിൽ നിന്നായിരുന്നു ഞങ്ങളുടെ ചങ്ങാത്തം.അവളുടെ കൂട്ടുകാരിയെ ഞാൻ NCC ക്ലാസ്സിൽ പാലിക്കാത്ത ഡിസ്സിപ്ലിന്റെ കാര്യത്തിൽ വഴക്കു പറഞ്ഞിരുന്നു. ഒരു തെറ്റിദ്ധാരണയുടെ പുറത്തുള്ള ആ പിണക്കം മാറ്റാൻ ആയി പോയപ്പോൾ ആയിരുന്നു ആദ്യമായി മിണ്ടിയത് അവളോട്.
പിന്നെ പിന്നെ അവരുടെ ഗ്യാങ്ങും ഞങ്ങളുടെ ഗ്യാങ്ങും വലിയ ഫ്രണ്ട്സ് ആയി.
അങ്ങനെ വീട്ടിലെ മാളു ഞങ്ങളുടെയും മാളു ആയി. ഇടയ്ക്ക് അവൾ സഹോദരിയായി, അമ്മയെ പോലെ, കൂട്ടുകാരിയെ പോലെ ഒക്കെ ആയി ഞങ്ങളുടെ ജീവിതത്തിൽ നിറഞ്ഞു നിന്നു.
എന്നോടായിരുന്നു കൂട്ടു കൂടുതൽ...
അവളുടെ അച്ഛനും അമ്മയ്ക്കും വലിയ കാര്യമായിരിന്നു ഞങ്ങളെ.
പ്ലസ് 2 കഴിയാറായപ്പോഴായിരുന്നു അവനോടു അവൾക്ക് പ്രണയം തോന്നിയത്.അല്ല അവൻ പിന്നാലെ നടന്നു പ്രണയിപ്പിച്ചത്. ഞങ്ങളും കൂട്ടു നിന്നു ആ നല്ല പ്രണയത്തിന്. കാണാൻ നല്ല രസമായിരുന്നു അവളുടെ പ്രണയം
അവനെ കാത്തു അവൾ ഇരിക്കും ബെഞ്ചിൽ ഒരു സ്പേസ് അവനായി മാറ്റി വെച്ചു കൊണ്ടു.അവൻ അടുത്തു ഇരുന്നാൽ അവളോട്ടു മിണ്ടുകയും ഇല്ല.ഒന്നും മിണ്ടാതെ എന്നാൽ പരസ്പരം അവർ മനസ്സു കൊണ്ടു എന്തൊക്കെയോ മിണ്ടിയിരുന്നു.
ഡിഗ്രി ആയപ്പോൾ അവർ രണ്ടാളും രണ്ടു കോളേജിൽ ആയി.അവൻ പുറത്തു പോയി പഠനം തുടർന്നു, അവൾ നാട്ടിലെ കോളേജിലും. അവന്റെ പ്രണയം അകന്നു പോയിരുന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും.പക്ഷെ അവൾ കാത്തിരുന്നു ആറു വർഷക്കാലം നീറി നീറി. ഓരോ തവണ കാണുമ്പോഴും ഞങ്ങളുടെ മാളു തളർന്നു പോവുന്നതായിരുന്നു കണ്ടത്.ചിരിയും കളിയും മറന്നു പോയത് പോലെ.
ഒടുവിൽ അച്ഛന്റെയും അമ്മയുടെയും നിർബന്ധം മറ്റൊരാളുടെ ഭാര്യ ആവുന്നതിൽ കൊണ്ടെത്തിച്ചു. സ്വത്തു മോഹിച്ചു വന്നവൻ എല്ലാം ഇല്ലാതാക്കി,ഒടുവിൽ അവളെയും മോളെയും കൂട്ടി കടപ്പുറത്തെ കുടിലിൽ താമസമാക്കി. പണം തികയാതെ വന്നപ്പോൾ അയാൾക്ക് ഭ്രാന്തായത് പോലെ ആയി.അവളെ ഉപദ്രവിക്കൽ ആയി.
അവളെ ഉപയോഗിച്ചു പണം ഉണ്ടാക്കാൻ നോക്കിയിട്ടും സാധിച്ചില്ല അയാൾക്ക്.
അന്ന് രാത്രി ആയിരുന്നു അത് സംഭവിച്ചത്
പുലർച്ചെ മാളുവിന്റെ അച്ഛന്റെ ഫോൺ വിളിയായിരുന്നു എന്നെ ഉണർത്തിയത്.
"മോനെ ജിത്തു..."
ആ വിളിയിലെ പതർച്ച എന്തോ ഒരു ആപത്തിന്റെ ദുഃസൂചന തന്നു
"എന്താ അങ്കിളേ, ഈ നേരത്തു"
"മോനെ മാളു... മാളു എന്തോ കടുംകൈ ചെയ്തെടാ... നീ ഒന്ന് വരാമോ
എന്റെ കൂടെ."
"ദാ ഞാൻ എത്തി ഇപ്പോ തന്നെ"
വണ്ടി എടുത്തിറങ്ങുമ്പോഴും ചിന്തയിൽ മാളുവായിരുന്നു.
കണ്ടിട്ട് കാലമേറെ ആയി.പക്ഷെ അവളുടെ കാര്യങ്ങൾ അറിയുന്നുണ്ടായിരുന്നു. അവളുടെ അച്ഛൻ വഴി.
സങ്കടം തോന്നിയിരുന്നു അവൾ തന്നെയൊക്കെ മറന്നതോർത്തിട്ടു.
അങ്കിളിനെയും കൂട്ടി അവളുടെ വീട്ടിൽ എത്തുമ്പോൾ കണ്ടത് വിലങ്ങു വെച്ച മാളുവിനെ ആയിരുന്നു.
തലചുറ്റും പോലെ, എന്താ ഉണ്ടായത് എന്നറിയാതെ..
ഓടി ചെന്നു ചോദിക്കാൻ ആഞ്ഞപ്പോൾ ആരോ തടഞ്ഞു. നോക്കുമ്പോൾ അവിടെ നിന്ന ഒരു പൊലീസുക്കാരൻ.
"എന്താ, എന്താ സാർ ഉണ്ടായത്.അവൾ എന്ത് തെറ്റാ ചെയ്തേ...??"
"അവളോ, അവൾ ഭർത്താവിനോടുള്ള ദേഷ്യത്തിനു കുഞ്ഞിനെ തിരയിൽ മുക്കി കൊന്നു, തടയാൻ ചെന്ന അയാളെ വെട്ടാൻ നോക്കി" ഒരു പുച്ഛത്തോടെ പോലീസുകാരൻ പറഞ്ഞു നിർത്തി
"ഇല്ല എന്റെ മോളത് ചെയ്യില്ല, എന്റെ മോളു ഈ ദുരിതം മുഴുവൻ അമ്മു മോൾക്ക് വേണ്ടിയാ സഹിച്ചത്, അവൾ അത് ചെയ്യില്ല" ആ പാവം അച്ഛൻ തളർന്നിരുന്നു
ഞാൻ മാളുവിനടുത്തേക്ക് നടന്നു. നിലത്തു കണ്ണ് താഴ്ത്തി നിൽക്കുന്നു.വല്ലാത്തൊരു ഭാവമായിരുന്നു ആ മുഖത്തു.
ഇവൾ ചെയ്തോ അങ്ങനെ??
ഒരു നൂറു ചോദ്യമായിരുന്നു മനസ്സു നിറയെ അവളെ ആ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോവുന്നത് കണ്ടപ്പോൾ..
"അപ്പൊ മാളു അവൾ ഒരു കൊലപാതകിയായിരുന്നോ"?
തന്റെ ഉച്ചത്തിലെ ചോദ്യം കേട്ടാവാം ജിത്തു ആ ബെഞ്ചിനടുത്തേക്ക് വന്നിരുന്നത്.
തന്റെ നെഞ്ചിലെ പിടപ്പ് ഇവന് മനസിലായോ..അവൾ തന്റെ മനസിൽ എവിടെയോ ഒരിഷ്ടം ഉണ്ടാക്കിയത് ഇവൻ അറിയതിരിക്കട്ടെ
"നിങ്ങളെ പോലെ ഞാനും അതായിരുന്നു കരുതിയത്" ജിത്തു പറഞ്ഞു തുടങ്ങി
"അന്ന് അവളെ കാണാൻ ജയിലിൽ പോയി, സംസാരിക്കാൻ കൂട്ടാക്കിയില്ല അവൾ.
കുറെ മാസങ്ങൾ അങ്ങനെ കാണാൻ പോയി.
ഒടുവിൽ അവൾ പറഞ്ഞു അന്ന് നടന്നത്.
ആ പാതിരാത്രി അയാൾ, അവളുടെ ഭർത്താവ് കയറി വന്നത് വേറെ ഒരാളെയും കൊണ്ടായിരുന്നു. കൈനിറയെ പണം കിട്ടാൻ അയാൾ കണ്ട എളുപ്പവഴി ഭാര്യയെ വേറെ ഒരാൾക്ക് കാഴ്ച വെക്കുക എന്നതായിരുന്നു. അവൾ എതിർത്തു.കയ്യിൽ കിട്ടിയ വാകത്തി വെച്ചു വെട്ടാൻ നോക്കി.പക്ഷെ ഒരു ചെറിയ മുറിവും കൊണ്ടു അയാൾ രക്ഷപെട്ടു.
അവൾ കുഞ്ഞിനെയും എടുത്ത് ഇറങ്ങി ഓടി. അയാൾ അവളെയും കുഞ്ഞിനെയും ആ തിരയിൽ മുക്കി. പിടഞ്ഞു പിടഞ്ഞു ആ കുഞ്ഞു മരിച്ചു.
അവളുടെ ജീവൻ പോവും മുന്നേ ആരൊക്കെയോ വരുന്നത് കണ്ടു അയാൾ അടവ് മാറ്റി
നിലവിളിച്ചു കൊണ്ട് അയാൾ കുഞ്ഞിനെ എടുത്തു തോളിലിട്ടു. അവൾ കുഞ്ഞിനെ കൊന്നു എന്നാക്കിതീർത്തു.
"അവൾ എന്താ അതിനെ പിന്നീട് എതിർക്കാഞ്ഞത്"
ഞാനും ചോദിച്ചു അവളോട് 'ആ വീടിനെക്കാൾ ഭേദം ജയിൽ ആണെന്നായിരുന്നു' മറുപടി
"അവളെ ഞാൻ കാണാറുണ്ടല്ലോ മുൻപൊക്കെ കടപ്പുറത്തെ ആ മണ്ഡപത്തിൽ"
അവൾക്ക് കുറച്ചു നാൾ പരോൾ കിട്ടിയിരുന്നു.അവളുടെ അമ്മുവിനെ ആ മണ്ഡപതിനു മുന്നിലെ തീരത്താണ് അടക്കം ചെയ്തത്.രാവിലെ യും വൈകീട്ടും അവൾക്കിവിടെ വരണം.
ഇരുട്ടായാൽ ഞാൻ വന്നു കൂട്ടി വീട്ടിൽ കൊണ്ടു ചെന്നാക്കും.
"അപ്പൊ അവളുടെ ഭർത്താവ്?"
"ഗുണ്ടയല്ലേ...ആരുടെയോ കത്തിപിടിക്ക് തീർന്നു.മൂന്ന് വർഷമായി."
ഉള്ളൊന്നു സന്തോഷിച്ചോ തന്റെ...
"എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി സാറേ.പോട്ടെ" അതും പറഞ്ഞു ജിത്തു പോവാൻ തുടങ്ങി
"ജിത്തു..ഒരു കാര്യം കൂടി,"
"എന്താ?
"ഇപ്പൊ മാളു???
"ഇനി ഒരാഴ്ച കൂടി ഉണ്ട്.അതു കഴിഞ്ഞാൽ അവൾ വരും."
"അപ്പൊ ഇനി അവൾക്ക്? നിനക്ക് അവളെ സ്വീകരിച്ചു കൂടെ"
ഞാൻ അവളുടെ ഏറ്റവും നല്ല കൂട്ടുകാരനാണ്, കാമുകൻ അല്ല.ചങ്ങാതിയൊരിക്കലും കാമുകനോ ഭാർത്താവോ ആവില്ല. അങ്ങനെ ആകുന്നെങ്കിൽ അവൻ ഒരു നല്ല കൂട്ടുകാരൻ ആയിട്ടുണ്ടാവില്ല....
ഒരു ചിരിയോടെ അവൻ പറഞ്ഞു നിർത്തി
അപ്പൊ ഇനി ഒരാഴ്ച അതു കഴിഞ്ഞാൽ തനിക്ക് അവളെ വീണ്ടും കാണാം.അവൾ മിണ്ടുമോ തന്നോട് .....??
ഇന്നാണ് അവൾ വരുന്നത്. താനിന്നു കൂടുതൽ ധൃതി കൂട്ടുന്നുണ്ടോ.അവൻ കണ്ണാടിയുടെ മുന്നിൽ നിന്നും സ്വയം ചോദിച്ചു.
വിനോദ് ശങ്കർ എന്ന ഡോക്ടർക്ക് പ്രണയമോ.
ഡിവോഴ്സ് ചെയ്തു ഗീത പടിയിറങ്ങിയിട്ടു 8 വർഷം.ഭാര്യയായി കുഞ്ഞുങ്ങളെയും നോക്കി ജോലിക്കും പോയി ഭർത്താവ് കുടുംബം എന്നൊരു സങ്കല്പത്തിൽ ജീവിക്കാൻ വയ്യ പോലും.
അവളുടെ ഫ്രീഡം ഞാനും അമ്മയും ഇല്ലാതാക്കിയത്രെ.
കുഞ്ഞുങ്ങൾ അവൾ ആഗ്രഹിക്കുമ്പോൾ മതിയെന്ന്.
ഒടുവിൽ മ്യൂച്ചൽ ഡിവോഴ്സ് അവൾ ആഗ്രഹിച്ചപ്പോലെ. അങ്ങനെ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് വലിച്ചെറിയപ്പെട്ടു.
വർഷങ്ങൾക്ക് ശേഷം ഇന്ന് ഒരാൾക്ക് വേണ്ടി തന്റെ മനസ്സ് സങ്കൽപ്പങ്ങൾ നെയ്യുന്നു
അയാൾ ഊഹിച്ചത് പോലെ അവൾ ഉണ്ടായിരുന്നു ആ കൽമണ്ഡപത്തിൽ.
പുളിയിലക്കര മുണ്ടിൽ. മുടി അഴിഞ്ഞിട്ടുണ്ടായിരുന്നു. കണ്ണിൽ
തിരിച്ചറിയാനാവാത്ത ഭാവം. തന്റെ സാമീപ്യം അറിഞ്ഞതെ ഇല്ല.
അടുത്തു പോയി ഇരുന്നു.
"മാളു" തന്റെ വിളി ഞെട്ടലായിരുന്നു അവളിൽ ഉണ്ടാക്കിയത്.
പിടഞ്ഞെണീറ്റ് അവൾ വേഗം നടന്നു നീങ്ങി.
പിന്നാലെ പോവാൻ തോന്നിയെങ്കിലും അവൾക്കൊരു ബുദ്ധിമുട്ട് ഉണ്ടാക്കാൻ തോന്നിയില്ല.
അവൾ ജിത്തുവിന്റെ അടുത്തേക്കാണ് പോയത് എന്നു തോന്നി
ശരിയായിരുന്നു,അവൾ അവൻ വരുന്നതും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.
തന്നെ കണ്ടതും അവൾ തിരിഞ്ഞു നിന്നു
"സാറെപ്പോൾ വന്നു."ജിത്തു കുശലം ചോദിച്ചു അടുത്തു വന്നു.
മാളു .....ഇതു വിനോദ് ഡോക്ടർ.എന്റെ ചങ്ങാതിയാ. അതും പറഞ്ഞു ജിത്തു തന്നെ നോക്കി.ആ നോട്ടത്തിൽ എന്തൊക്കെയോ അർത്ഥങ്ങൾ ഉള്ളതു പോലെ.
ഞാൻ മാളുവിനെ നോക്കി ചിരിച്ചു.അവളുടെ മുഖത്തെ അപരിചിത ഭാവം മാറിയില്ല.
"ഡോക്ടർക്ക് തിരക്കുണ്ടോ? ഞാൻ ഇവളെ.വീട്ടിൽ ആക്കി വരാം."
"ജിത്തു പോയിട്ട് വാ ഞാൻ ഇവിടെ ഉണ്ടാകും"
പതിനഞ്ചു മിനുട്ട് കൊണ്ട് അവൻ എത്തി
അവൻ എന്റെ കൂടെ നടക്കാൻ കൂടി.
"സാറിനു എന്റെ മാളുവിനെ കൊണ്ടു പൊയ്ക്കൂടെ"അവന്റെ അപ്രതീക്ഷിത ചോദ്യം എന്നെ ഒരു നിമിഷത്തേക്ക് സ്തബ്ധനാക്കി.
"എനിക്കറിയാം ഡോക്ടർക് മാളുവിനെ ഇഷ്ടമാണെന്ന്.
അവളെ മാറ്റിയെടുക്കാൻ ഡോക്ടർക്കെ കഴിയൂ"
എന്നോട് ക്ഷമിക്കണം പറഞ്ഞത് അവിവേകമാണെകിൽ. വയ്യ ഡോക്ടറെ അവളെ, മാളുവിനെ ഈ ഒരു അവസ്ഥയിൽ, അവളുടെ മൗനം ഞങ്ങളെ വല്ലാതെ പേടിപ്പിക്കുകയാ, അവളെ നഷ്ടപെടരുത് ഞങ്ങൾക്ക്"
അവൻ കൊച്ചുകുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു.
"ജിത്തു, ഞാൻ നാളെ മാളുവിന്റെ വീട്ടിൽ വരാം" ബാക്കി അവിടെ വെച്ചു പറയാം.
പിറ്റേന്ന്
മുറ്റത്തു കാർ നിർത്തുമ്പോഴേ കണ്ടു ആകാംഷയോടെ തന്നെ കാത്തു നിൽക്കുന്ന ആ വീട്ടുകാരെ.
തന്റെ മറുപടിക്ക് ഒരുപക്ഷേ അവർക്ക് നഷ്ടപെട്ട പലതും തിരിച്ചു കിട്ടലാവും.
തനിക്കും അങ്ങനെ ആണല്ലോ.
രവിയേട്ടൻ ഓടി വന്നു സ്വീകരിച്ചു.ജിത്തു ദേവകി ടീച്ചറോട് എന്തോ വിളിച്ചു പറഞ്ഞിട്ട് ഓടി കാറിന്റെ അടുത്തു വന്നു.
"വാ ഡോക്ടറെ" ജിത്തുവിന്റെ ആ വിളിയിൽ അവന്റെ സന്തോഷം അറിയാമായിരുന്നു.
"മോൻ വാ" രവിയേട്ടൻ കൈ പിടിച്ചു വീട്ടിലേക്ക് കയറി
കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു.പക്ഷേ അതു വെറുതെ ആയി.
"മോനെ, എന്റെ മോള് അവൾ ,അവളെ ഞങ്ങൾക്ക് നഷ്ടപ്പെടാൻ വയ്യ മോനെ. കിലുക്കാംപെട്ടിയെ പോലെ ഈ വീടാകെ ഓടി നടന്നവളാ ഇപ്പൊ ജീവച്ഛവം പോലെ മുറിക്കുള്ളിൽ കഴിയുന്നത്.ഒന്നു മിണ്ടിയിട്ടു, ഒന്നു ഉള്ളു പൊട്ടി കരഞ്ഞിട്ടു മാസങ്ങൾ ആയി. " കൊച്ചു കുഞ്ഞിനെ പോലെ ആ അച്ഛൻ എന്റെ മുന്നിൽ ഇരുന്നു കരയുകയായിരുന്നു.
"നമ്മുക്ക് മാളുവിനെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാം.
എന്റെ ഒരു ഫ്രണ്ട് ഉണ്ട്.അവരുടെ അഭിപ്രായം അറിയാലോ."
എന്റെ വാക്കുകൾ അവർക്ക് ആശ്വാസം
കൊടുത്തു എന്നു തോന്നി
മാളുവിനെ കാണാൻ അകത്തേക്ക് വിളിച്ചു അമ്മ.
ഞാൻ ചെല്ലുമ്പോൾ എഴുത്തു മേശയിൽ തലവെച്ചു കിടക്കുകയായിരുന്നു. ഒരു പേപ്പറിൽ നിറയെ അമ്മു അമ്മു എന്ന് എഴുതി വെച്ചിരിക്കുന്നു.
മാളു എന്നു വിളിച്ചപ്പോൾ അതേ ഞെട്ടലും പിന്നെ മുഖം തിരിഞ്ഞു നിൽക്കലും.
കുറച്ചു നേരം കൂടെ അവിടെ ആ കുടുംബത്തോടൊപ്പം ചിലവഴിച്ചു.
ഇറങ്ങുമ്പോൾ മനസ്സിൽ കുറെ തീരുമാനങ്ങൾ ഉണ്ടായിരുന്നു.
നേരെ പോയത് ഹോസ്പിറ്റലിലേക്കായിരുന്നു.
ഡോക്ടർ രേഷ്മയെ തിരഞ്ഞു.
ഡോക്ടറുടെ റൂമിൽ ഉണ്ടെന്ന്
നഴ്‌സ് സിന്ധു പറഞ്ഞു. ചെല്ലുമ്പോൾ ഡോക്ടർ പോവാൻ നോക്കുന്നു.
"മേ ഐ കം ഇൻ"
"ഇതാര് വിനുവോ, താൻ ലീവെടുത്തു
എങ്ങോട്ടേക്കാ മുങ്ങിയത്?" ഡോക്ടർ കുശലം തുടങ്ങി
അതിനുള്ള മാനസികാവസ്ഥയിൽ അല്ലാലോ താൻ.
"രേഷ്‌മ, എനിക്ക് തന്റെ ഒരു ഹെല്പ് വേണം"
ഒറ്റ ശ്വാസത്തിൽ ഇത്ര നാളും തന്റെ കണ്മുന്നിലും,പിന്നെ മാളുവിന്റെ ജീവിതത്തിലും നടന്നത് പറഞ്ഞു തീർത്തു.
"ഇനി ഞാൻ എന്ത് ചെയ്യണം, എനിക്ക് ആ പഴയ മാളുവിനെ വേണം, അത്രയ്ക്ക് ഞാൻ ഇപ്പൊ അവളെ സ്നേഹിക്കുന്നു. "
"വിനു നാളെ ഞാനും വരാം മാളുവിനെ കാണാൻ. എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം."
ആ വാക്കുകൾ എന്റെ ഉള്ളിൽ നിറച്ചത് ഒരു വലിയ പ്രതീക്ഷയുടെ വെളിച്ചമായിരുന്നു.
ഡോക്ടർ പറഞ്ഞതു പോലെ ആയിരുന്നു പിന്നീടുള്ള ഓരോ കാര്യങ്ങളും.
അവളെയും കൂട്ടി ഞാൻ എന്റെ തറവാട്ടിലേക്ക് പോയി. കൂടെ ചികിത്സയും.
രേഷ്മ എന്നെയായിരുന്നു മാളുവിന്റെ ഡോക്ടർ ആക്കിയത്.അവൾക്കുള്ള നല്ല കൂട്ടായി മാറുക.
പതിയെ പതിയെ മാളു എന്റെ നിഴൽ പോലെ കൊച്ചു കുഞ്ഞിനെ പോലെ എന്റെ പിന്നാലെ വരാൻ തുടങ്ങി. ഞങ്ങൾ പോലും അറിയാതെ പരസ്പരം താങ്ങും തണലും ആവുകയായിരുന്നു.
ഒരുദിവസം ഞാൻ ചോദിച്ചു അവളോട്‌ എന്റെ ഭാര്യ ആയിക്കൂടെ എന്നു. ഒന്നും പറയാതെ അവൾ തലതാഴ്ത്തി ഇരുന്നു.
പ്രതീക്ഷയറ്റവനെ പോലെ ഞാനും.
പിറ്റേന്ന് രാവിലെ കണ്ണ് തുറന്നപ്പോൾ കണ്ടത് കുളിച്ചു പുളിയിലക്കര മുണ്ടും ഉടുത്ത്
കണ്ണിൽ മഷിയെഴുതിയ മാളുവിനെ ആയിരുന്നു.
അവൾ എന്റെ നല്ല പാതിയായിട്ടു ഇന്നേക്ക് രണ്ട് വർഷം.
ഇന്ന് ഞങ്ങളുടെ അമ്മുവിന്റെ
ഒന്നാം പിറന്നാൾ ... ഞങ്ങളുടെ കുഞ്ഞുമാലാഖ.
കറുത്ത കാർമേഘം മറച്ച എന്റെ മാളുവിന്റെ മനസ്സ് ഇന്ന് വർണ്ണങ്ങൾ നിറഞ്ഞതാണ്. ആയിരം നോവിന്റെ കടൽതാണ്ടി അവൾ ഞങ്ങളിലേക്ക് തിരിച്ചു വന്നിരിക്കുന്നു. അച്ഛന്റെയും അമ്മയുടെയും കിലുക്കാംപെട്ടിയായി ജിത്തുവിന്റെ കൂട്ടുകാരിയായി
എന്റെ എല്ലാമെല്ലാമായി....

Bu Sini sreejith

ദോഷം - Part 1

Image may contain: 1 person, closeup and outdoor

ഇന്നാണ് ആ ദിവസം..അച്ഛമ്മയുടെ രീതിയിൽ പറഞ്ഞാൽ കണിയും കണ്ടു ഭഗവാൻ തന്ന കൈനീട്ടം, ☺
ആവശ്യത്തിനും അനാവശ്യത്തിനും വികൃതി കാട്ടി കുഞ്ഞുന്നാളിലെ അമ്മയ്ക്ക് തലവേദനയാവുമ്പോൾ വിഷുനാളിലായത് ആയതു കൊണ്ടാ ഇങ്ങനെ കുരുത്തക്കേട് എന്നു അമ്മയുടെ പരാതി...
കൂടെ നിഴലുപോലെ ഒരു ജാതകദോഷവും ഉണ്ടായിരുന്നു ജനനത്തിന്റെ കൂടെ..
നാട്ടിന്പുറത്തുക്കാരി അമ്മയ്ക്ക് ജാതക വിശ്വാസം കുറച്ചേറെ..അമ്മയുടെ ബന്ധു പറഞ്ഞു പോലും കറുത്തപക്ഷമാണ്..ദോഷമുണ്ടോ എന്നു നോക്കണം...
കേട്ടപാടെ അമ്മ അച്ഛമ്മയെ പറഞ്ഞു വിട്ടു പോലും..
അച്ഛമ്മയ്ക്ക് ഇതിലൊന്നും വിശ്വാസമില്ല. അച്ഛമ്മ വേറെ ആരെയോ പറഞ്ഞു വിട്ടു..
ജ്യോത്സ്യൻ പറഞ്ഞു പോലും പാദ ദോഷമുണ്ട്.അമ്മാവന് ദോഷം.
അമ്മയ്ക്ക് പേടി കൂടി പോലും.അനിയന്മാർ രണ്ടാൾ ഉണ്ടേ. ആർക്കാണാവോ..
ഇഷ്ടസന്താനത്തിന്റെ ആദ്യ സന്താനം ആയതു കൊണ്ടാവും അച്ഛമ്മയുടെ പ്രിയപ്പെട്ടവൾ ആയി വളർന്നു. ഒപ്പം അമ്മയുടെ ആധിയും...
ഒടുവിൽ......
(തുടരും......)

കണ്ണനാം ഉണ്ണിക്ക്

Image may contain: 1 person, closeup and outdoor

കണ്ണനാം ഉണ്ണിക്ക് കണി കാണാനായി
ഒരുക്കി ഓട്ടുരുളിയിൽ വിഷുക്കണി..
ഉണക്കലരിയും നെല്ലും
പിന്നെ നാളികേരമുറിയും
കണിക്കൊന്നയും,കണ്ണിമാങ്ങയും
കണിവെള്ളരിയും
ചക്കയും കദളിപ്പഴവും
പിന്നെയാ താലത്തിൽ വാൽകണ്ണാടിയും
കോടിമുണ്ടും നാണയവും ഒപ്പം വെറ്റിലയും
പിന്നെ നവധാന്യങ്ങളും..
ഏഴു തിരിയിട്ട നിലവിളക്കും
ഓട്ടുകിണ്ടിയിൽ വെള്ളവും
എല്ലാം ഒരുക്കി കണ്ണന്റെ മുന്നിൽ
കണിയൊന്നു കാണാം കണ്ണനൊപ്പം
ദീപം പോൽ തെളിയട്ടെ മനസ്സും
നന്മകളും ഐശ്വര്യവും ഏകീടട്ടെ
ഓരോ വിഷുക്കാലവും
ഏകിടുന്നു പ്രിയ കൂട്ടുകാർക്കായി
സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

By: 
സിനി ശ്രീജിത്ത്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo