Slider

ഇനി യാത്ര

0
Image may contain: 1 person, smiling, sitting and closeup

കുറച്ചീസായി യമുനയ്ക്ക് എന്നും ഒരേയൊരു പല്ലവിയെ ഉള്ളൂ, ടീച്ചറമ്മ ഈയിടെയായി എന്താ ഒന്നും മിണ്ടാത്തത് ?
എപ്പോഴും ഒരു മൗനം, ആലോചന...
കളിചിരികളോ തമാശ പറച്ചിലോ ഒന്നുമില്ല.
രാമായണ മാസായിട്ടും കൂടി രാമായണം കയ്യോണ്ട് തൊട്ടിട്ടില്ല. ഭക്ഷണം പോലും നേരത്തിനു വേണ്ട.
താൻ എടുത്തു വച്ചു കൊടുക്കുന്ന ഗുളികകൾ ജനലിലൂടെ വെളിയിലേയ്ക്ക് എറിയുന്നുണ്ടോ എന്നു പോലും സംശയമുണ്ടെന്നു ഇന്നലെയും കൂടി യമുന കാർത്തികയോടു പറയുന്നത് കേട്ടു.
അവൾക്കെല്ലാം സംശയാ.....
ആറു കൊല്ലായി യമുന തന്നോടൊപ്പം കൂടിയിട്ട്. വേലക്കാരിയായിട്ടല്ല, മകളെപ്പോലെ തന്നെയാ താനവളെ കണ്ടിരിയ്ക്കണതും അവൾ തന്നെ സ്‌നേഹിച്ചു ശുശ്രൂഷിയ്ക്കണതും. മക്കൾക്കു പോലും കാണില്ല്യ, ഇത്രയ്ക്ക് അലിവ്‌.
അതു മക്കളില്ലാത്ത തനിയ്ക്കെങ്ങനെ അറിയാമെന്നു അടുത്ത നിമിഷം ഒന്നു മാറിച്ചിന്തിച്ചു, സാവിത്രിട്ടീച്ചർ.
മക്കളില്ലെങ്കിലെന്താ, കൂടെപ്പിറപ്പുകളുടെ മക്കളെല്ലാം സ്വന്തം മക്കൾ തന്നെയാണ് ടീച്ചർക്ക്. അനിയത്തിമാരും ആങ്ങളമാരും അവരുടെ മക്കളുമെല്ലാം ചുറ്റുവട്ടത്തൊക്കെ തന്നെയാണ് വീടു വച്ചു താമസിയ്ക്കണത്‌. അവരെയൊക്കെ ഒരു കരയ്ക്ക് എത്തിയ്ക്കാനുള്ള തത്രപ്പാടിൽ കൈമോശം വന്നു പോയതാണ് ചേച്ചിയമ്മയ്ക്ക് സ്വന്തം ജീവിതമെന്നു അവർക്ക് നന്നായറിയാം. ആ നന്ദിയും സ്നേഹവും കടപ്പാടുമെല്ലാം അവരുടെയൊക്കെ പെരുമാറ്റങ്ങളിൽ ഇപ്പോഴുമുണ്ടല്ലോ....... താൻ പറയുന്നതിനൊരു മറുവാക്കില്ല, ഇവിടെ ആർക്കും. ചേച്ചിയമ്മ കഴിഞ്ഞേയുള്ളൂ. അവർക്ക് മറ്റെന്തും.....
പിന്നെന്താണ് ഈയിടെ തനിയ്ക്ക് പറ്റിയത്. ?
യമുന പറയുന്നതിനെ പാടെയങ്ങു തിരസ്ക്കരിയ്ക്കുക വയ്യ.
എന്തോ വല്ലായ്കയുണ്ട് എപ്പോഴും. എന്താണെന്ന് വ്യക്തമാക്കാൻ കഴിയാത്ത വല്ലാത്തൊരു തരം ആധി. !!
"ആധി, വ്യാധിയാണ് ട്ടോ ടീച്ചറമ്മേ"
യമുന വലിയ എന്തോ തത്ത്വം പറയുന്ന പോലെ ഇടയ്ക്ക് പറയും.
വിദ്യാഭ്യാസം കുറവാണെങ്കിലും, അവൾ പറയുന്ന ഇത്തരം ചില വാചകങ്ങൾ, അവസരോചിതവും, അർത്ഥവത്തുമാണല്ലോ എന്ന് അത്ഭുതപ്പെട്ടു, ടീച്ചർ.
ശരിയാണ്, ഈ ആധി, വ്യാധി തന്നെയാണ്.
"വല്ല്യമ്മയ്ക്കെന്താ പറ്റിയെ" ന്ന്‌ തന്നെ ചേർത്തു പിടിച്ചു കൊണ്ടു ചോദിയ്ക്കുമ്പോൾ ഹരിക്കുട്ടന്റെ കണ്ണുകളിൽ ഈറൻ പടർന്നിരുന്നോ ഇന്നലെ... ?
തന്റെ കാലിൽ പുരട്ടാനുള്ള കുഴമ്പ് വാങ്ങിക്കൊണ്ടു വരാത്തതിനു അന്നേരം ഹരിയോടു തട്ടിക്കയറി, അനിയത്തി കമല.
"ഞാൻ മറന്നു പോയതാ വല്ല്യമ്മേ, ഇന്നു ഉറപ്പായും കൊണ്ടുവരാം" എന്ന ഹരിയുടെ, ക്ഷമാപണത്തിൽ പൊതിഞ്ഞ മറുപടിയൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല അവൾ.
"കാർത്തിക വല്ലതും പറഞ്ഞാൽ നീയത് മറക്കാതെ കൊണ്ടു വരൂലോ" എന്നൊരു കുനുഷ്ട് പിടിച്ച മറുചോദ്യം എറിഞ്ഞു കൊടുത്തു കൊണ്ട് അവൾ എഴുന്നേറ്റു പോയി.
ഹരി വല്ലാതെയായി...
താനാണവനെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചത്‌.
"സാരല്ല്യ കുട്ടാ, നീയത് മറന്നതു തന്നെയാണെന്ന് വല്യമ്മയ്ക്കറിയാലോ",ന്ന്‌ പറഞ്ഞപ്പോ, കണ്ണു നിറഞ്ഞു പോയി പാവത്തിന്റെ.
പത്തു മുപ്പത്തിയാറു വയസ്സായെന്നു പറഞ്ഞിട്ടെന്താ, ഒരു ശുദ്ധ പാവാ, ന്റെ ഹരിക്കുട്ടൻ.
"അമ്മൂമ്മേ, നാളെയാണോ പാറുവേച്ചിടെ പിറന്നാൾ, അമ്മ പറയേണ്ടായീലോ..?"
ഒരു ബാലരമയും നിവർത്തിപ്പിടിച്ചു കൊണ്ട് ടീച്ചറുടെ മടിയിൽ കയറിയിരുന്നു, ഹരിയുടെ മകൾ ആവണി.
"അതേ കണ്ണാ, നാളെയാ പിറന്നാൾ."
ടീച്ചർ വാത്സല്യത്തോടെ ആ കുഞ്ഞു മുഖം നെഞ്ചോടു ചേർത്തു.
"അപ്പൊ നാളെ മ്മക്ക് കൃഷ്ണന്റെ അമ്പലത്തിൽ വഴിപാട്‌ കഴിയ്ക്കാൻ പോണ്ടേ?"
" പോണം, പക്ഷേ, ഈ കുട്ടിയൊന്നു വിളിയ്ക്കണില്ലല്ലോ ഹരിക്കുട്ടാ, എന്തു പറ്റിയാവോ അതിനു.... "
"അവൾ പരീക്ഷേടെ തിരക്കിലാവും വല്ല്യമ്മേ, ഞാൻ വിളിച്ചു നോക്കാം"
ഹരിയുടെ മുഖം വിളർത്തിരുന്നോ, അതു പറയുമ്പോൾ....
ഈയിടെയായി എന്തിൽ തുടങ്ങിയാലും അതു ശ്രീപാർവ്വതിയിലേ എത്തി നിൽക്കുന്നുള്ളൂ.
അച്ഛനും അമ്മയുമില്ലാത്ത കുട്ടിയാണെങ്കിലും ആ ദുഃഖമൊന്നും അറിയിയ്ക്കാതെ വളർത്തിക്കോളാമെന്നായിരുന്നു, ഇരുപത്തിരണ്ടു വർഷം മുമ്പ് അവളെ ഏറ്റു വാങ്ങുമ്പോൾ, ഉണ്ണിമായയ്ക്ക് താൻ കൊടുത്ത വാക്ക്. ഈ നിമിഷം വരെ അതു പാലിച്ചിട്ടുമുണ്ട്. അവൾക്കും അങ്ങനെ തന്നെ. വളർത്തു മകളാണെന്ന് അറിയാമെങ്കിലും ഒരകൽച്ചയും ഈ വയസ്സിനിടയ്ക്ക് അവൾ തന്നോടു കാണിച്ചിട്ടില്ല.
അമ്മേ എന്നു വിളിയ്ക്കുന്നത്‌, ആ വാക്കിന്റെ പരിശുദ്ധി തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ്. അതിന്റെ മൂല്ല്യം ഉൾക്കൊണ്ടിട്ടു തന്നെയാണ്.
" അമ്മൂമ്മേ, പിറന്നാളായിട്ടും കൂടി പാറുവേച്ചി എന്താ നാളെ വരാത്തെ?"
"അറിയില്ലല്ലോ കണ്ണാ, അമ്മൂമ്മയ്ക്ക്"
ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ , ബാലരമ താഴെയിട്ട് ആവണി പയ്യെ ഇറങ്ങിപ്പോയി, നിറയെ പൂത്തുനിൽക്കുന്ന
ഉതിർമുല്ലയുടെ ചുവട്ടിലേയ്ക്ക്.....
സാവിത്രിടീച്ചർ വീണ്ടും ചിന്തയിലാണ്ടു.
എത്ര ദിവസായി കുട്ടിയൊന്നു വിളിച്ചിട്ട്. കത്തും കാണണില്ല്യാലോ ഈയിടെയായി....
ആരോടാപ്പോ ഒന്നു ചോദിക്ക്യാ.
ആരോടു ചോദിച്ചാലും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാ ഓരോരുത്തരും പറയണേ.
അവർക്ക് അങ്ങനെയൊക്കെ പറയാം. പക്ഷെ തനിയ്ക്കോ..... ??
കൂടെപ്പിറപ്പുകൾക്കെല്ലാം മക്കളുണ്ടെങ്കിലും, സ്വന്തമായി സ്നേഹിയ്ക്കാനും ലാളിയ്ക്കാനും ശ്രീ പാർവതിയേ കിട്ടിയ നിമിഷം മുതലാണു താൻ ശരിക്കുമൊന്നു ജീവിച്ചു തുടങ്ങിയത്. മാതൃവാത്സല്യം ആവോളം പകർന്നു നല്കിയതും ശ്രീ പാർവ്വതിയ്ക്കു മാത്രമാണ്. അളവിൽ കൂടുതൽ തിരിച്ചു കിട്ടിയതും അവളിൽ നിന്നു തന്നെ...
സ്വന്തമല്ലെന്ന് അറിയാമായിരുന്നിട്ടും....
ഒന്നും മറച്ചു വച്ചിട്ടില്ല താൻ.
കൂട്ടുകാരിയുടെ മകൾക്കു പറ്റിയ ഒരു മണ്ടത്തരത്തിന്റെ കുട്ടിയാണ് അവളെന്ന് അറിവായ പ്രായത്തിൽ തന്നെ താനവളെ പറഞ്ഞു ധരിപ്പിച്ചിരുന്നു.എന്നിട്ടും അവൾ അമ്മേയെന്നു വിളിച്ചത് സ്വന്തം അമ്മയെന്ന കരുതലിൽ തന്നെയാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും കുറച്ചു ദിവസായി തനിയ്ക്കെന്തോ ഒരു സ്വസ്ഥതക്കുറവ്. മനസ്സു കൈ വിട്ടു പോകും പോലെ... രാത്രിയാണെങ്കിൽ ഉറക്കവും കുറവ്....
ഇത്തവണ ഓണാവധിയ്ക്കു വരുമ്പോൾ കുട്ടീടെ വിവാഹനിശ്ചയം നടത്തണംന്ന് വാശി പിടിച്ചവനാ ഹരി, ഇപ്പൊ അവനാ ചിന്ത അശേഷം ല്ല്യ.
ടീച്ചറമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
അവരുടെ മുടിയിഴകൾ മാടിഒതുക്കിയ കാർത്തികയുടെ കൈകളിൽ ആർദ്രതയോടെ കടന്നു പിടിച്ചു, ടീച്ചർ.
"അവൾ നിന്നെ വിളിച്ചിരുന്നോ മോളെ"
അല്പമൊന്നു പരുങ്ങിക്കൊണ്ടാണു കാർത്തിക മറുപടി പറഞ്ഞത്‌.
"അതിനു ശ്രീക്കുട്ടി, എന്തോ പഠനാവശ്യത്തിനായി കോളേജീന്നു ടൂർ പോയിരിയ്ക്ക്യല്ലേ വല്ല്യമ്മേ. പെട്ടന്നങ്ങനെ വരാമ്പറ്റുവോ, വിളിയ്ക്കാനും സൗകര്യപ്പെടില്ലേരിയ്ക്കും"
എന്തോ, കാർത്തിക ആ പറഞ്ഞത്‌ അത്ര കണ്ടു വിശ്വാസമായില്ല ടീച്ചർക്ക്. കള്ളം പറയാൻ പണ്ടും വല്ല്യ മിടുക്കൊന്നുമില്ല കാർത്തികയ്ക്കു...ഹരിയേപോലെ തന്നെ ഒരു പച്ചപ്പാവം..
കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പടിഞ്ഞാറെ പാടവരമ്പിലേയ്ക്ക് കണ്ണും നട്ടു കിടന്നു ടീച്ചർ വീണ്ടും ചിന്തയിലാണ്ടു.
ന്നാലും ന്റെ കുട്ടി.......
ഇനിയിപ്പോ വിവേകുമായി വല്ല വഴക്കോ പിണക്കമോ എന്തെങ്കിലും.......
ഏയ്, അതിനു തീരെ സാധ്യത കാണുന്നില്ല..
വിവേകിനെക്കുറിച്ച് ശ്രീ പാർവ്വതി വാചാലയാകുമ്പോഴേല്ലാം, അവൾ തന്നെ ഒരു കവിത ചൊല്ലി കേൾപ്പിയ്ക്കുകയാണോ എന്നു പോലും സംശയിച്ചു പോയിട്ടുണ്ട്....
ഒരു ശ്വാസനിശ്വാസം പോലും തന്നിൽ നിന്നും ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത പ്രിയ മകൾ......
അവൾ ഒരു പ്രണയിനിയായി മാറുന്നതു നോക്കിയിരിയ്ക്കാൻ എന്തോ, വല്ലാത്തൊരു കൗതുകമായിരുന്നു.
ഇക്കഴിഞ്ഞ മിഥുന മാസത്തിലാണ്‌ തന്റെ പിറന്നാളുണ്ണാൻ വിവേകിനെയും കൂട്ടി അവൾ ഇവിടെ വന്നു പോയത്‌.
പിറന്നാൾ ആഘോഷങ്ങൾ പണ്ടേ പഥ്യമല്ലാതിരുന്നിട്ടും ശ്രീക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി സദ്യയൊരുക്കി, മൂന്നു കൂട്ടം പായസമുൾപ്പെടെ....
പതിവില്ലാത്ത വിധം, കൂടെപ്പിറപ്പുകളുടെ, വിദേശത്തുള്ള മക്കൾ വരെ ആ പിറന്നാൾ കൂടാൻ എത്തിയിരുന്നു.
എഴുപത്തിആറാം പിറന്നാൾ..... !!
വിവേക് സമ്മാനമായി കൊണ്ടു വന്ന കസവു പുടവ, നിർബന്ധമായി തന്നെ അണിയിച്ചു ശ്രീക്കുട്ടി.
"അമ്മ സുന്ദരിയായല്ലോ", എന്ന വിവേകിന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾക്ക്, "ന്റെ അമ്മച്ചുന്ദരിയേ കണ്ണു വയ്ക്കല്ലേ" ന്ന്‌ തന്നെ ചേർത്തു പിടിച്ചു പറയുമ്പോൾ, അവളുടെ മനസ്സു നിറഞ്ഞത്‌ ആ കണ്ണുകളിൽ നിന്നും താൻ വായിച്ചെടുത്തു.......
"ഇനി ഓണത്തിനു വരാം അമ്മേ" എന്നു പറഞ്ഞാണ് അന്നു വിവേക് മടങ്ങിയത്.
"അതിനു മുമ്പ് ഞങ്ങളീ ശ്രീ പാർവ്വതിയെയും പരമശിവനെയും ഒന്നു കൂട്ടിയോചിപ്പിയ്ക്കാൻ പറ്റുമോന്ന് നോക്കട്ടെ"എന്ന് ഒരു ചിരിയോടെ പറഞ്ഞിരുന്നു ഹരി അന്ന്.
അതു കേട്ടപ്പോൾ, വിവേക് ശ്രീപാർവ്വതിയെ നോക്കിയ നോട്ടം.... !!
ലജ്ജയാൽ കൂമ്പിപ്പോയ അവളുടെ തുടുത്ത മുഖം.. !!
ലോകത്തിന്നുവരെ ഒരു ചിത്രകാരനും ഒരു ക്യാൻവാസിലും പകർത്തിയിട്ടില്ലാത്ത, അത്ര മനോഹര കാഴ്ച്ചയായിരുന്നു അത്.
അതു കണ്ടു നിന്ന നിമിഷം, താൻ അനുഭവിച്ച സന്തോഷം........
അന്നു രാത്രി, തന്റെ ദേഹത്തോടു പറ്റിച്ചേർന്നു കിടന്നു കൊണ്ട് അവൾ ചോദിച്ചു.
"എന്റെ സെലക്ഷൻ തെറ്റിയില്ലല്ലോ അമ്മാ"
"ഇല്ല മോളെ, അതു നൂറു ശതമാനവും ശരിയാണ്" എന്നു താൻ അഭിമാനത്തോടെ പറഞ്ഞു.
വിവേക് ഇടയ്ക്കിടെ ഫോണിൽ വിളിച്ചു ചോദിയ്ക്കും, എന്റെ ചുന്ദരിയമ്മ ചോറുണ്ടോ, മരുന്നു കഴിച്ചോ, ആരോഗ്യം ശ്രദ്ധിക്കണം" എന്നൊക്കെ.
കുഞ്ഞുകിന്നാരങ്ങൾ പറഞ്ഞു പറഞ്ഞു തന്റെ ഹൃദയത്തിലേയ്ക്ക് പിച്ച വച്ചു അവൻ..... തന്റെ പ്രിയപുത്രൻ......
ഈശ്വരൻ ആ ശിവപാർവ്വതിമാരെ ഒന്നിപ്പിയ്ക്കുന്ന കാഴ്ച്ചയ്ക്കായുള്ള കാത്തിരിപ്പായിരുന്നു അന്നു മുതൽ ഇന്നോളം......
പക്ഷേ ഇന്നലെ, കാർത്തിക ആരുടെ കാര്യം പറഞ്ഞാണ് ഹരിയോടു വഴക്കിട്ടത്‌....
"ഞാനന്നേ പറഞ്ഞതാ ഹരിയേട്ടനോട്, എല്ലാം തുറന്നു പറയാമെന്ന്. ഇനി എനിക്ക് വയ്യ, ആ പാവത്തെ ഓരോന്നും പറഞ്ഞു പറ്റിയ്ക്കാൻ."
കാർത്തിക ഇങ്ങനെ ശബ്‌ദമുയർത്തി സംസാരിയ്ക്കുന്നതു മുമ്പെങ്ങും കേട്ടിട്ടില്ലാത്ത കാരണമാവും, നെഞ്ചിൽ എന്തോ ഒരു വിമ്മിഷ്ടം.
"അമ്മൂമ്മേ, ഈ കൊക്കാന്നു പറഞ്ഞാ എന്താ"
കളി നിർത്തി ആവണി എവിടെന്നോ ഓടി വന്നു പെട്ടന്ന്.
അതിലേയ്ക്ക് വീണാൽ മരിച്ചു പുവ്വോ നമ്മൾ"?
നിലവിളക്ക് തേച്ചുമിനുക്കുകയായിരുന്ന കാർത്തിക കുട്ടിയോട് ദേഷ്യപ്പെട്ടു.
" കുട്ടിയൊന്നു പോണുണ്ടോ, ഈ കുട്ടിക്ക് ഏത് നേരോം ഓരോരോ സംശയങ്ങളാ"
ആവണി പേടിച്ചു അമ്മൂമ്മയുടെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി.
"വിളക്ക് കൊളുത്താറായീലോ അമ്മൂമ്മേ"
എന്നവൾ കൊഞ്ചിപ്പറഞ്ഞപ്പോഴേയ്ക്കും, കത്തിച്ച നിലവിളക്കുമായി യമുന പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം കരഞ്ഞു വീർത്തിരുന്നു.
കാരണം തിരക്കിയില്ല.
തൃസന്ധ്യ നേരത്ത് ഓരോ ലക്ഷണക്കേടുകൾ......
"കുട്ടി പോയി നാമം ജപിച്ചോളൂ ട്ടോ "എന്ന് ആവണിയേ പറഞ്ഞു വിട്ടു ടീച്ചറമ്മ എഴുന്നേറ്റു.
പകൽ അസ്തമിയ്ക്കുകയാണ്.....
ആരിൽ നിന്നും ഇനിയൊരു മറുപടിയ്ക്കു വേണ്ടി കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നുന്നു.....
മുറ്റത്തിന്റെ പടിഞ്ഞാറേ അതിരിൽ നിൽക്കുന്ന മുത്തശ്ശിപ്പിച്ചകത്തിൽ നിന്നും ഒരു പഴുത്തില അടർന്നു വീണു ; ഓരോർമ്മപ്പെടുത്തൽ പോലെ........
സമയമായോ.....
സർവ്വേശ്വരാ...... ആ തൃക്കരങ്ങളിൽ എന്നെയും ചേർത്തു പിടിച്ചാലും........

by: Sajna Shajahan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo