Showing posts with label സജ്‌നഷാജഹാൻ.. Show all posts
Showing posts with label സജ്‌നഷാജഹാൻ.. Show all posts

ഇനി യാത്ര

Image may contain: 1 person, smiling, sitting and closeup

കുറച്ചീസായി യമുനയ്ക്ക് എന്നും ഒരേയൊരു പല്ലവിയെ ഉള്ളൂ, ടീച്ചറമ്മ ഈയിടെയായി എന്താ ഒന്നും മിണ്ടാത്തത് ?
എപ്പോഴും ഒരു മൗനം, ആലോചന...
കളിചിരികളോ തമാശ പറച്ചിലോ ഒന്നുമില്ല.
രാമായണ മാസായിട്ടും കൂടി രാമായണം കയ്യോണ്ട് തൊട്ടിട്ടില്ല. ഭക്ഷണം പോലും നേരത്തിനു വേണ്ട.
താൻ എടുത്തു വച്ചു കൊടുക്കുന്ന ഗുളികകൾ ജനലിലൂടെ വെളിയിലേയ്ക്ക് എറിയുന്നുണ്ടോ എന്നു പോലും സംശയമുണ്ടെന്നു ഇന്നലെയും കൂടി യമുന കാർത്തികയോടു പറയുന്നത് കേട്ടു.
അവൾക്കെല്ലാം സംശയാ.....
ആറു കൊല്ലായി യമുന തന്നോടൊപ്പം കൂടിയിട്ട്. വേലക്കാരിയായിട്ടല്ല, മകളെപ്പോലെ തന്നെയാ താനവളെ കണ്ടിരിയ്ക്കണതും അവൾ തന്നെ സ്‌നേഹിച്ചു ശുശ്രൂഷിയ്ക്കണതും. മക്കൾക്കു പോലും കാണില്ല്യ, ഇത്രയ്ക്ക് അലിവ്‌.
അതു മക്കളില്ലാത്ത തനിയ്ക്കെങ്ങനെ അറിയാമെന്നു അടുത്ത നിമിഷം ഒന്നു മാറിച്ചിന്തിച്ചു, സാവിത്രിട്ടീച്ചർ.
മക്കളില്ലെങ്കിലെന്താ, കൂടെപ്പിറപ്പുകളുടെ മക്കളെല്ലാം സ്വന്തം മക്കൾ തന്നെയാണ് ടീച്ചർക്ക്. അനിയത്തിമാരും ആങ്ങളമാരും അവരുടെ മക്കളുമെല്ലാം ചുറ്റുവട്ടത്തൊക്കെ തന്നെയാണ് വീടു വച്ചു താമസിയ്ക്കണത്‌. അവരെയൊക്കെ ഒരു കരയ്ക്ക് എത്തിയ്ക്കാനുള്ള തത്രപ്പാടിൽ കൈമോശം വന്നു പോയതാണ് ചേച്ചിയമ്മയ്ക്ക് സ്വന്തം ജീവിതമെന്നു അവർക്ക് നന്നായറിയാം. ആ നന്ദിയും സ്നേഹവും കടപ്പാടുമെല്ലാം അവരുടെയൊക്കെ പെരുമാറ്റങ്ങളിൽ ഇപ്പോഴുമുണ്ടല്ലോ....... താൻ പറയുന്നതിനൊരു മറുവാക്കില്ല, ഇവിടെ ആർക്കും. ചേച്ചിയമ്മ കഴിഞ്ഞേയുള്ളൂ. അവർക്ക് മറ്റെന്തും.....
പിന്നെന്താണ് ഈയിടെ തനിയ്ക്ക് പറ്റിയത്. ?
യമുന പറയുന്നതിനെ പാടെയങ്ങു തിരസ്ക്കരിയ്ക്കുക വയ്യ.
എന്തോ വല്ലായ്കയുണ്ട് എപ്പോഴും. എന്താണെന്ന് വ്യക്തമാക്കാൻ കഴിയാത്ത വല്ലാത്തൊരു തരം ആധി. !!
"ആധി, വ്യാധിയാണ് ട്ടോ ടീച്ചറമ്മേ"
യമുന വലിയ എന്തോ തത്ത്വം പറയുന്ന പോലെ ഇടയ്ക്ക് പറയും.
വിദ്യാഭ്യാസം കുറവാണെങ്കിലും, അവൾ പറയുന്ന ഇത്തരം ചില വാചകങ്ങൾ, അവസരോചിതവും, അർത്ഥവത്തുമാണല്ലോ എന്ന് അത്ഭുതപ്പെട്ടു, ടീച്ചർ.
ശരിയാണ്, ഈ ആധി, വ്യാധി തന്നെയാണ്.
"വല്ല്യമ്മയ്ക്കെന്താ പറ്റിയെ" ന്ന്‌ തന്നെ ചേർത്തു പിടിച്ചു കൊണ്ടു ചോദിയ്ക്കുമ്പോൾ ഹരിക്കുട്ടന്റെ കണ്ണുകളിൽ ഈറൻ പടർന്നിരുന്നോ ഇന്നലെ... ?
തന്റെ കാലിൽ പുരട്ടാനുള്ള കുഴമ്പ് വാങ്ങിക്കൊണ്ടു വരാത്തതിനു അന്നേരം ഹരിയോടു തട്ടിക്കയറി, അനിയത്തി കമല.
"ഞാൻ മറന്നു പോയതാ വല്ല്യമ്മേ, ഇന്നു ഉറപ്പായും കൊണ്ടുവരാം" എന്ന ഹരിയുടെ, ക്ഷമാപണത്തിൽ പൊതിഞ്ഞ മറുപടിയൊന്നും കേട്ടതായിപ്പോലും ഭാവിച്ചില്ല അവൾ.
"കാർത്തിക വല്ലതും പറഞ്ഞാൽ നീയത് മറക്കാതെ കൊണ്ടു വരൂലോ" എന്നൊരു കുനുഷ്ട് പിടിച്ച മറുചോദ്യം എറിഞ്ഞു കൊടുത്തു കൊണ്ട് അവൾ എഴുന്നേറ്റു പോയി.
ഹരി വല്ലാതെയായി...
താനാണവനെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചത്‌.
"സാരല്ല്യ കുട്ടാ, നീയത് മറന്നതു തന്നെയാണെന്ന് വല്യമ്മയ്ക്കറിയാലോ",ന്ന്‌ പറഞ്ഞപ്പോ, കണ്ണു നിറഞ്ഞു പോയി പാവത്തിന്റെ.
പത്തു മുപ്പത്തിയാറു വയസ്സായെന്നു പറഞ്ഞിട്ടെന്താ, ഒരു ശുദ്ധ പാവാ, ന്റെ ഹരിക്കുട്ടൻ.
"അമ്മൂമ്മേ, നാളെയാണോ പാറുവേച്ചിടെ പിറന്നാൾ, അമ്മ പറയേണ്ടായീലോ..?"
ഒരു ബാലരമയും നിവർത്തിപ്പിടിച്ചു കൊണ്ട് ടീച്ചറുടെ മടിയിൽ കയറിയിരുന്നു, ഹരിയുടെ മകൾ ആവണി.
"അതേ കണ്ണാ, നാളെയാ പിറന്നാൾ."
ടീച്ചർ വാത്സല്യത്തോടെ ആ കുഞ്ഞു മുഖം നെഞ്ചോടു ചേർത്തു.
"അപ്പൊ നാളെ മ്മക്ക് കൃഷ്ണന്റെ അമ്പലത്തിൽ വഴിപാട്‌ കഴിയ്ക്കാൻ പോണ്ടേ?"
" പോണം, പക്ഷേ, ഈ കുട്ടിയൊന്നു വിളിയ്ക്കണില്ലല്ലോ ഹരിക്കുട്ടാ, എന്തു പറ്റിയാവോ അതിനു.... "
"അവൾ പരീക്ഷേടെ തിരക്കിലാവും വല്ല്യമ്മേ, ഞാൻ വിളിച്ചു നോക്കാം"
ഹരിയുടെ മുഖം വിളർത്തിരുന്നോ, അതു പറയുമ്പോൾ....
ഈയിടെയായി എന്തിൽ തുടങ്ങിയാലും അതു ശ്രീപാർവ്വതിയിലേ എത്തി നിൽക്കുന്നുള്ളൂ.
അച്ഛനും അമ്മയുമില്ലാത്ത കുട്ടിയാണെങ്കിലും ആ ദുഃഖമൊന്നും അറിയിയ്ക്കാതെ വളർത്തിക്കോളാമെന്നായിരുന്നു, ഇരുപത്തിരണ്ടു വർഷം മുമ്പ് അവളെ ഏറ്റു വാങ്ങുമ്പോൾ, ഉണ്ണിമായയ്ക്ക് താൻ കൊടുത്ത വാക്ക്. ഈ നിമിഷം വരെ അതു പാലിച്ചിട്ടുമുണ്ട്. അവൾക്കും അങ്ങനെ തന്നെ. വളർത്തു മകളാണെന്ന് അറിയാമെങ്കിലും ഒരകൽച്ചയും ഈ വയസ്സിനിടയ്ക്ക് അവൾ തന്നോടു കാണിച്ചിട്ടില്ല.
അമ്മേ എന്നു വിളിയ്ക്കുന്നത്‌, ആ വാക്കിന്റെ പരിശുദ്ധി തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണ്. അതിന്റെ മൂല്ല്യം ഉൾക്കൊണ്ടിട്ടു തന്നെയാണ്.
" അമ്മൂമ്മേ, പിറന്നാളായിട്ടും കൂടി പാറുവേച്ചി എന്താ നാളെ വരാത്തെ?"
"അറിയില്ലല്ലോ കണ്ണാ, അമ്മൂമ്മയ്ക്ക്"
ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ , ബാലരമ താഴെയിട്ട് ആവണി പയ്യെ ഇറങ്ങിപ്പോയി, നിറയെ പൂത്തുനിൽക്കുന്ന
ഉതിർമുല്ലയുടെ ചുവട്ടിലേയ്ക്ക്.....
സാവിത്രിടീച്ചർ വീണ്ടും ചിന്തയിലാണ്ടു.
എത്ര ദിവസായി കുട്ടിയൊന്നു വിളിച്ചിട്ട്. കത്തും കാണണില്ല്യാലോ ഈയിടെയായി....
ആരോടാപ്പോ ഒന്നു ചോദിക്ക്യാ.
ആരോടു ചോദിച്ചാലും പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാ ഓരോരുത്തരും പറയണേ.
അവർക്ക് അങ്ങനെയൊക്കെ പറയാം. പക്ഷെ തനിയ്ക്കോ..... ??
കൂടെപ്പിറപ്പുകൾക്കെല്ലാം മക്കളുണ്ടെങ്കിലും, സ്വന്തമായി സ്നേഹിയ്ക്കാനും ലാളിയ്ക്കാനും ശ്രീ പാർവതിയേ കിട്ടിയ നിമിഷം മുതലാണു താൻ ശരിക്കുമൊന്നു ജീവിച്ചു തുടങ്ങിയത്. മാതൃവാത്സല്യം ആവോളം പകർന്നു നല്കിയതും ശ്രീ പാർവ്വതിയ്ക്കു മാത്രമാണ്. അളവിൽ കൂടുതൽ തിരിച്ചു കിട്ടിയതും അവളിൽ നിന്നു തന്നെ...
സ്വന്തമല്ലെന്ന് അറിയാമായിരുന്നിട്ടും....
ഒന്നും മറച്ചു വച്ചിട്ടില്ല താൻ.
കൂട്ടുകാരിയുടെ മകൾക്കു പറ്റിയ ഒരു മണ്ടത്തരത്തിന്റെ കുട്ടിയാണ് അവളെന്ന് അറിവായ പ്രായത്തിൽ തന്നെ താനവളെ പറഞ്ഞു ധരിപ്പിച്ചിരുന്നു.എന്നിട്ടും അവൾ അമ്മേയെന്നു വിളിച്ചത് സ്വന്തം അമ്മയെന്ന കരുതലിൽ തന്നെയാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും കുറച്ചു ദിവസായി തനിയ്ക്കെന്തോ ഒരു സ്വസ്ഥതക്കുറവ്. മനസ്സു കൈ വിട്ടു പോകും പോലെ... രാത്രിയാണെങ്കിൽ ഉറക്കവും കുറവ്....
ഇത്തവണ ഓണാവധിയ്ക്കു വരുമ്പോൾ കുട്ടീടെ വിവാഹനിശ്ചയം നടത്തണംന്ന് വാശി പിടിച്ചവനാ ഹരി, ഇപ്പൊ അവനാ ചിന്ത അശേഷം ല്ല്യ.
ടീച്ചറമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
അവരുടെ മുടിയിഴകൾ മാടിഒതുക്കിയ കാർത്തികയുടെ കൈകളിൽ ആർദ്രതയോടെ കടന്നു പിടിച്ചു, ടീച്ചർ.
"അവൾ നിന്നെ വിളിച്ചിരുന്നോ മോളെ"
അല്പമൊന്നു പരുങ്ങിക്കൊണ്ടാണു കാർത്തിക മറുപടി പറഞ്ഞത്‌.
"അതിനു ശ്രീക്കുട്ടി, എന്തോ പഠനാവശ്യത്തിനായി കോളേജീന്നു ടൂർ പോയിരിയ്ക്ക്യല്ലേ വല്ല്യമ്മേ. പെട്ടന്നങ്ങനെ വരാമ്പറ്റുവോ, വിളിയ്ക്കാനും സൗകര്യപ്പെടില്ലേരിയ്ക്കും"
എന്തോ, കാർത്തിക ആ പറഞ്ഞത്‌ അത്ര കണ്ടു വിശ്വാസമായില്ല ടീച്ചർക്ക്. കള്ളം പറയാൻ പണ്ടും വല്ല്യ മിടുക്കൊന്നുമില്ല കാർത്തികയ്ക്കു...ഹരിയേപോലെ തന്നെ ഒരു പച്ചപ്പാവം..
കൊയ്ത്തു കഴിഞ്ഞു കിടക്കുന്ന പടിഞ്ഞാറെ പാടവരമ്പിലേയ്ക്ക് കണ്ണും നട്ടു കിടന്നു ടീച്ചർ വീണ്ടും ചിന്തയിലാണ്ടു.
ന്നാലും ന്റെ കുട്ടി.......
ഇനിയിപ്പോ വിവേകുമായി വല്ല വഴക്കോ പിണക്കമോ എന്തെങ്കിലും.......
ഏയ്, അതിനു തീരെ സാധ്യത കാണുന്നില്ല..
വിവേകിനെക്കുറിച്ച് ശ്രീ പാർവ്വതി വാചാലയാകുമ്പോഴേല്ലാം, അവൾ തന്നെ ഒരു കവിത ചൊല്ലി കേൾപ്പിയ്ക്കുകയാണോ എന്നു പോലും സംശയിച്ചു പോയിട്ടുണ്ട്....
ഒരു ശ്വാസനിശ്വാസം പോലും തന്നിൽ നിന്നും ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത പ്രിയ മകൾ......
അവൾ ഒരു പ്രണയിനിയായി മാറുന്നതു നോക്കിയിരിയ്ക്കാൻ എന്തോ, വല്ലാത്തൊരു കൗതുകമായിരുന്നു.
ഇക്കഴിഞ്ഞ മിഥുന മാസത്തിലാണ്‌ തന്റെ പിറന്നാളുണ്ണാൻ വിവേകിനെയും കൂട്ടി അവൾ ഇവിടെ വന്നു പോയത്‌.
പിറന്നാൾ ആഘോഷങ്ങൾ പണ്ടേ പഥ്യമല്ലാതിരുന്നിട്ടും ശ്രീക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി സദ്യയൊരുക്കി, മൂന്നു കൂട്ടം പായസമുൾപ്പെടെ....
പതിവില്ലാത്ത വിധം, കൂടെപ്പിറപ്പുകളുടെ, വിദേശത്തുള്ള മക്കൾ വരെ ആ പിറന്നാൾ കൂടാൻ എത്തിയിരുന്നു.
എഴുപത്തിആറാം പിറന്നാൾ..... !!
വിവേക് സമ്മാനമായി കൊണ്ടു വന്ന കസവു പുടവ, നിർബന്ധമായി തന്നെ അണിയിച്ചു ശ്രീക്കുട്ടി.
"അമ്മ സുന്ദരിയായല്ലോ", എന്ന വിവേകിന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾക്ക്, "ന്റെ അമ്മച്ചുന്ദരിയേ കണ്ണു വയ്ക്കല്ലേ" ന്ന്‌ തന്നെ ചേർത്തു പിടിച്ചു പറയുമ്പോൾ, അവളുടെ മനസ്സു നിറഞ്ഞത്‌ ആ കണ്ണുകളിൽ നിന്നും താൻ വായിച്ചെടുത്തു.......
"ഇനി ഓണത്തിനു വരാം അമ്മേ" എന്നു പറഞ്ഞാണ് അന്നു വിവേക് മടങ്ങിയത്.
"അതിനു മുമ്പ് ഞങ്ങളീ ശ്രീ പാർവ്വതിയെയും പരമശിവനെയും ഒന്നു കൂട്ടിയോചിപ്പിയ്ക്കാൻ പറ്റുമോന്ന് നോക്കട്ടെ"എന്ന് ഒരു ചിരിയോടെ പറഞ്ഞിരുന്നു ഹരി അന്ന്.
അതു കേട്ടപ്പോൾ, വിവേക് ശ്രീപാർവ്വതിയെ നോക്കിയ നോട്ടം.... !!
ലജ്ജയാൽ കൂമ്പിപ്പോയ അവളുടെ തുടുത്ത മുഖം.. !!
ലോകത്തിന്നുവരെ ഒരു ചിത്രകാരനും ഒരു ക്യാൻവാസിലും പകർത്തിയിട്ടില്ലാത്ത, അത്ര മനോഹര കാഴ്ച്ചയായിരുന്നു അത്.
അതു കണ്ടു നിന്ന നിമിഷം, താൻ അനുഭവിച്ച സന്തോഷം........
അന്നു രാത്രി, തന്റെ ദേഹത്തോടു പറ്റിച്ചേർന്നു കിടന്നു കൊണ്ട് അവൾ ചോദിച്ചു.
"എന്റെ സെലക്ഷൻ തെറ്റിയില്ലല്ലോ അമ്മാ"
"ഇല്ല മോളെ, അതു നൂറു ശതമാനവും ശരിയാണ്" എന്നു താൻ അഭിമാനത്തോടെ പറഞ്ഞു.
വിവേക് ഇടയ്ക്കിടെ ഫോണിൽ വിളിച്ചു ചോദിയ്ക്കും, എന്റെ ചുന്ദരിയമ്മ ചോറുണ്ടോ, മരുന്നു കഴിച്ചോ, ആരോഗ്യം ശ്രദ്ധിക്കണം" എന്നൊക്കെ.
കുഞ്ഞുകിന്നാരങ്ങൾ പറഞ്ഞു പറഞ്ഞു തന്റെ ഹൃദയത്തിലേയ്ക്ക് പിച്ച വച്ചു അവൻ..... തന്റെ പ്രിയപുത്രൻ......
ഈശ്വരൻ ആ ശിവപാർവ്വതിമാരെ ഒന്നിപ്പിയ്ക്കുന്ന കാഴ്ച്ചയ്ക്കായുള്ള കാത്തിരിപ്പായിരുന്നു അന്നു മുതൽ ഇന്നോളം......
പക്ഷേ ഇന്നലെ, കാർത്തിക ആരുടെ കാര്യം പറഞ്ഞാണ് ഹരിയോടു വഴക്കിട്ടത്‌....
"ഞാനന്നേ പറഞ്ഞതാ ഹരിയേട്ടനോട്, എല്ലാം തുറന്നു പറയാമെന്ന്. ഇനി എനിക്ക് വയ്യ, ആ പാവത്തെ ഓരോന്നും പറഞ്ഞു പറ്റിയ്ക്കാൻ."
കാർത്തിക ഇങ്ങനെ ശബ്‌ദമുയർത്തി സംസാരിയ്ക്കുന്നതു മുമ്പെങ്ങും കേട്ടിട്ടില്ലാത്ത കാരണമാവും, നെഞ്ചിൽ എന്തോ ഒരു വിമ്മിഷ്ടം.
"അമ്മൂമ്മേ, ഈ കൊക്കാന്നു പറഞ്ഞാ എന്താ"
കളി നിർത്തി ആവണി എവിടെന്നോ ഓടി വന്നു പെട്ടന്ന്.
അതിലേയ്ക്ക് വീണാൽ മരിച്ചു പുവ്വോ നമ്മൾ"?
നിലവിളക്ക് തേച്ചുമിനുക്കുകയായിരുന്ന കാർത്തിക കുട്ടിയോട് ദേഷ്യപ്പെട്ടു.
" കുട്ടിയൊന്നു പോണുണ്ടോ, ഈ കുട്ടിക്ക് ഏത് നേരോം ഓരോരോ സംശയങ്ങളാ"
ആവണി പേടിച്ചു അമ്മൂമ്മയുടെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി.
"വിളക്ക് കൊളുത്താറായീലോ അമ്മൂമ്മേ"
എന്നവൾ കൊഞ്ചിപ്പറഞ്ഞപ്പോഴേയ്ക്കും, കത്തിച്ച നിലവിളക്കുമായി യമുന പ്രത്യക്ഷപ്പെട്ടു. അവളുടെ മുഖം കരഞ്ഞു വീർത്തിരുന്നു.
കാരണം തിരക്കിയില്ല.
തൃസന്ധ്യ നേരത്ത് ഓരോ ലക്ഷണക്കേടുകൾ......
"കുട്ടി പോയി നാമം ജപിച്ചോളൂ ട്ടോ "എന്ന് ആവണിയേ പറഞ്ഞു വിട്ടു ടീച്ചറമ്മ എഴുന്നേറ്റു.
പകൽ അസ്തമിയ്ക്കുകയാണ്.....
ആരിൽ നിന്നും ഇനിയൊരു മറുപടിയ്ക്കു വേണ്ടി കാത്തിരുന്നിട്ടു കാര്യമില്ലെന്നു തോന്നുന്നു.....
മുറ്റത്തിന്റെ പടിഞ്ഞാറേ അതിരിൽ നിൽക്കുന്ന മുത്തശ്ശിപ്പിച്ചകത്തിൽ നിന്നും ഒരു പഴുത്തില അടർന്നു വീണു ; ഓരോർമ്മപ്പെടുത്തൽ പോലെ........
സമയമായോ.....
സർവ്വേശ്വരാ...... ആ തൃക്കരങ്ങളിൽ എന്നെയും ചേർത്തു പിടിച്ചാലും........

by: Sajna Shajahan

അല്ലാഹുവിനോട് കരുണയെ തേടുന്നു


Image may contain: 1 person, smiling
ഞാനിപ്പോൾ ഇരിയ്ക്കുന്നത്‌ എറണാകുളത്തെ പ്രശസ്‌തമായ ഒരാശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ നു മുന്നിലാണ്. അകത്തു ഉമ്മയുടെ ഓപ്പറേഷൻ നടന്നു കൊണ്ടിരിയ്ക്കുകയാവും ഇപ്പോൾ. ആറു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു വലിയ ശസ്ത്രക്രിയ....
ഉമ്മയ്ക്ക് റെക്റ്റം കാൻസർ ആണ്.
ഞാനും എന്റെ മകളും മറ്റു ചില അടുത്ത ബന്ധുക്കളുമൊക്കയുണ്ട് ഇവിടെ.
എല്ലാവരും പ്രാർത്ഥനയിലാണ്.
ശസ്ത്രക്രിയ അത്രമേൽ വെല്ലുവിളി നിറഞ്ഞതാണെന്ന് ഓങ്കോളജി സർജൻമാർ മുന്നറിയിപ്പ് തന്നിരുന്നു.
പ്രമേഹം, സീഷെർ, രക്തസമ്മർദ്ധം, അപകട സാധ്യത കൂട്ടുന്ന ഘടകങ്ങൾ ഏറെയാണ്.
എല്ലാവരും കരഞ്ഞും പേടിച്ചും ഖുർആൻ പാരായണം ചെയ്തും അല്ലാഹുവിനോട് കരുണയെ തേടുന്നു.
പ്രാർഥന, പ്രത്യേകിച്ചും മക്കളുടെ പ്രാർഥന സ്വീകരിയ്ക്കപ്പെടുക തന്നെ ചെയ്യുമെന്ന് എല്ലാവരിലും ശുഭ പ്രതീക്ഷ.
ഞാൻ മാത്രം കരയുന്നില്ല
വേവലാതിപ്പെടുന്നില്ല,
പ്രാർത്ഥിയ്ക്കുന്നില്ല.......
എന്റെ സമനില തെറ്റിപ്പോയോ എന്നു ഉമ്മയുടെ അനിയത്തിമാർക്ക്‌ സംശയം.
അങ്ങനെയൊന്നുമില്ല, ഞാൻ ഓർമ്മകളിലൂടെ ഒന്നു പുറകോട്ടു സഞ്ചരിച്ചതാ........
എട്ടു വർഷങ്ങൾക്കു മുമ്പു അനിയത്തിയുടെ ജീവനു വേണ്ടിയും തൊട്ട ടുത്ത വർഷം വാപ്പയുടെ ജീവനു വേണ്ടിയും ഞാനിതുപോലെ വെല്ലൂർ മെഡിക്കൽ കോളേജിന്റെ അകത്തളത്തിലിരുന്നു കരഞ്ഞിട്ടുണ്ട്, ;നെഞ്ചുരുകി പ്രാർത്ഥിച്ചിട്ടുണ്ട്, രണ്ടു പ്രാർത്ഥനയും സ്വീകരിയ്ക്കപ്പെട്ടില്ല.....
ഇപ്പോൾ ഒരു തരം മരവിപ്പാണ് അനുഭവപ്പെടുന്നത്......
തണൽ നഷ്ടപ്പെടുന്നവരുടെ വേദന, അത് അനുഭവിച്ചു തന്നെ അറിയണം.
ഈ കുറിപ്പ് എഴുതിയത്, ഇവിടെ നല്ലെഴുത്തിൽ എനിക്ക് നല്ലവരായ ഒരു പിടി സുഹൃത്തുക്കളുണ്ട്. അവരെല്ലാം ഇപ്പോൾ എന്റെ ചുറ്റും എന്നോടൊപ്പം നിൽക്കുന്നു എന്നു തോന്നിയതു കൊണ്ടാണ്.
സജ്ന, സജ്നാജി, സ്ജനേച്ചി, സച്ചു, സച്ചുത്താത്ത, ഇത്ത, ചേച്ചി ഇത്താത്ത, സജു, എന്നും, ടീച്ചർ എന്നും മാഷെ എന്നുമൊക്ക സ്നേഹപൂർവ്വം വിളിയ്ക്കുന്ന ഒത്തിരി നല്ല സൗഹൃദങ്ങൾ.
എന്റെ കുടുംബത്തിൽ നിന്നുള്ളതിനേക്കാൾ ഒത്തിരി നല്ല വിളിപ്പേരുകൾ എനിക്കീ നല്ലെഴുത്ത് കുടുംബത്തിൽ നിന്നാണ് കിട്ടിയത്.
ഈ വിളികളിളെല്ലാം അടങ്ങിയിട്ടുള്ള, സ്നേഹവും വാത്സല്ല്യവും ബഹുമാനവും ഇഷ്ടവും എല്ലാം ഞാൻ തിരിച്ചറിയുന്നുണ്ട്.
സങ്കടപ്പെടേണ്ട, ഞങ്ങളുണ്ട് കൂടെ എന്ന ഓർമ്മപ്പെടുത്തലായി നിങ്ങൾ ഓരോരുത്തരും നിൽക്കുമ്പോൾ എന്റെ മനസ്സിൽ കണ്ണുനീരിനു സ്ഥാനമില്ല.
ഇവിടെ എല്ലാവരും പരസ്പരം കളിയാക്കിയും കമന്റടിച്ചും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവച്ചും ഇരിയ്ക്കുമ്പോൾ പണ്ട്, തറവാട്ടിൽ ചിലവഴിച്ച മദ്ധ്യവേനൽ അവധിക്കാലമാണ് എനിക്കയ്ക്ക് ഓർമ്മ വരിക.
ഒരിയ്ക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത നിങ്ങളെല്ലാവരും എനിയ്ക്കു അത്രമേൽ പ്രിയം നിറഞ്ഞവരാണ്.... നിങ്ങളുടെ പ്രാർത്ഥന മതിയാവും.... എനിയ്ക്കു പിടിച്ചു നിൽക്കാൻ. എന്റെ ഉമ്മയ്ക്ക് ആയുസ്സ് നീട്ടിക്കിട്ടാൻ...........
എല്ലാ സ്നേഹമുഖങ്ങൾക്കും എന്റെ ഇഷ്ടം, സ്നേഹം..

By. Sajna shajahan

എന്തു വനിതാ ദിനം...... ?????


എന്തു വനിതാ ദിനം...... ?????
ഇന്നലെ വനിതാ ദിനം പ്രമാണിച്ച് വീട്ടു ജോലികളിൽ നിന്നെല്ലാം അവധിയെടുക്കണമെന്നു ഞാൻ തലേന്നു തന്നെ തീരുമാനിച്ചു.
ബ്രേക്ക്‌ ഫാസ്റ്റ് മാത്രം ഉണ്ടാക്കുകയുള്ളൂ.
(അതും ദോശ മാവ് ഫ്രിഡ്ജിൽ ഇരുന്നിരുന്നതു കൊണ്ട് )
ഉച്ചയൂണും അത്താഴവും ഒന്നുമുണ്ടാക്കില്ല.
മകൻ അവധിയിൽ വന്നിട്ടുണ്ട്, അവൻ ചെയ്യട്ടെ. അത്യാവശ്യം വീട്ടുപണികളൊക്കെ ഞാനവനെ ചെറുപ്പത്തിലേ ശീലിപ്പിച്ചിട്ടുണ്ട്. 365 ദിവസവുമുള്ള ഈ തീരാ ജോലികളിൽ നിന്നും ഒരു ദിവസത്തെ അവധി..... ഇവരായിട്ടു തരില്ല, നമുക്കൊരു ലീവ് ആപ്ലിക്കേഷൻ കൊടുക്കാലോ. ഭർത്താവു നാട്ടിലുള്ള സമയത്താണെങ്കിൽ ഒരു സിക്ക് ലീവ് പോലും കിട്ടില്ല.
'ലോലഹൃദയയായ'ഞാൻ ഇന്നലെ എന്റെ സഹായിയായി വരുന്ന പപ്പിച്ചേച്ചിയ്ക്കും അവധി കൊടുത്തു. വനിതാ ദിനമൊക്കെയല്ലേ......
"അനീത്തീടവടെ ഉത്സവത്തിന്‌ പോകണമെന്നു മനസ്സാ ആഗ്രഹിച്ച പപ്പിച്ചേച്ചി, എന്റെ ഈ അപ്രതീക്ഷിതമായ അവധി പ്രഖ്യാപനത്തിൽ അതീവ സന്തുഷ്ടയായി. തുള്ളിച്ചാടിക്കൊണ്ടു അവരുടെ നന്ദിയും സ്നേഹവും തത്സമയം രേഖപ്പെടുത്തി. അതു കണ്ടപ്പോൾ, നാളത്തെ ലീവിനു പകരം ഞായറാഴ്ച്ച വരണം ട്ടോ പപ്പിച്ചേച്ചി എന്നു പറയാൻ വന്നതു ഞാനങ്ങു വിഴുങ്ങി.
പോട്ടെ, സാരല്ല്യ രണ്ടു ദിവസത്തെ കാര്യല്ലേ ?
വീട് അടിച്ചു വാരലും തുടയ്ക്കലുമൊക്കെ ഇന്നു കഴിഞ്ഞിട്ടുണ്ട്. പിന്നെ അലക്ക്, അതെന്റെ ഡിപ്പാർട്ട്മെന്റാണ്. വാഷിംഗ്‌ മെഷീന്റെ സഹായത്തോടെയാണെങ്കിലും.
പിന്നെ മുറ്റമടി, അതു മകൻ വീട്ടിലുള്ള ദിവസങ്ങളിൽ അവന്റെ ജോലിയാണ്. ആരും കെട്ടിയേല്പിച്ചതൊന്നുമല്ല. സ്വമേധയാ ഏറ്റെടുത്തു ചെയ്യുന്നതാണ്. Body building എന്നാണു അവനതിനു പറയുന്ന പേര്. കുടവയർ വരില്ലത്രേ. ഓ നമുക്കിതൊക്കെ പുതിയ അറിവാണല്ലോ.
പിന്നെയുള്ളതു പാചകമാണ്. എന്റെ ആ ജന്മ ശത്രു. !! അതു എന്റെ മാത്രം കുത്തകയാണ്. അതിനുള്ള അവകാശം ഞാനായിട്ട് ആരിൽ നിന്നും പിടിച്ചു വാങ്ങിയതല്ല. നല്ലവരായ എന്റെ ഭർത്താവും മക്കളും അറിഞ്ഞു എന്റെ തലയിൽ കെട്ടിവച്ചതാണ്. അല്ലറ ചില്ലറ സഹായ സഹകരണങ്ങളൊക്ക വാഗ്ദാനം ചെയ്യുമെന്നല്ലാതെ, ആരും എന്റെ അവകാശത്തിൽ കൈ കടത്താറില്ല.
ഇന്നു കാലത്ത്, മകൻ ഉറക്കമുണർന്നു വരുന്നതിനു മുമ്പ്, ഞാനെന്റെ ലീവ് ലെറ്റർ എഴുതി ഡൈനിങ്ങ്‌ ടേബിളിൽ വച്ചു.
(ഇത്, എന്റെ മകൻ കുഞ്ഞായിരുന്നപ്പോ ചെയ്‌തിരുന്ന ഒരു കുസൃതിയാണ്. വിദേശ വാസ കാലത്ത് ഗൃഹഭരണവും ഉദ്യോഗവുമൊക്കെ ഒന്നിച്ചു കൊണ്ടു പോകാൻ പാടു പെടുമ്പോൾ, പല കാര്യങ്ങൾക്കും ഞാനെന്റെ മകന്റെ സഹായം തേടും. പലപ്പോഴും കുഞ്ഞു പെങ്ങളെ നോക്കാനും ഏൽപ്പിക്കാറുണ്ട്. അവൻ രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുന്ന സമയത്ത് ഒരു ദിവസം എന്റെ എഴുത്തു മേശയിലും പ്രത്യക്ഷപ്പെട്ടു, ഇതുപോലെ ഒരപേക്ഷ. അതു പക്ഷേ, അവധിയ്ക്കുള്ളതായിരുന്നില്ല. സാക്ഷാൽ രാജിക്കത്തു തന്നെയായിരുന്നു.
my dear mom.
Iam resigning from my job of baby sitting.
ആ രാജിക്കത്ത് സ്വീകരിയ്ക്കാൻ അന്നെനിയ്ക്കു നിർവ്വാഹമില്ലായിരുന്നു.
ഇപ്പോൾ ഞാനാണ്‌ പാചകം തുണിയലക്ക് എന്നിത്യാദി കഠിനജോലികളിൽ നിന്നും അവധിയ്‌ക്ക് അപേക്ഷിച്ചിരിയ്ക്കുന്നത്.
എന്നിട്ടു പ്രാതൽ മാത്രം ഉണ്ടാക്കി വച്ചു പോയി മുഖപുസ്തകം തുറന്നു. നിങ്ങളുടെയൊക്കെ വിശേഷങ്ങൾ അറിയണ്ടേ ?
കുറേക്കഴിഞ്ഞപ്പോൾ മകന്റെ കൂട്ടുകാരിൽ ചിലർ വരുന്നതും അവൻ അവരോടൊപ്പം പോകുന്നതും കണ്ടു. ആർക്കോ A+ ബ്ലഡ്‌ വേണമത്രേ.
എന്തിനു പറയുന്നു സുഹൃത്തുക്കളെ, മകനും കൂട്ടുകാരും പിന്നീട് കയറി വന്നതു കൃത്യം ഒരു മണിയ്ക്ക്. !!!
എന്റെ കിളി പോയി.
ഇവന്മാരെ ഞാൻ എന്തെടുത്തു വച്ച് ഊട്ടും? ഞാൻ അവധിയിലല്ലേ ?
പക്ഷേ ഭാഗ്യം !
കൂട്ടുകാർക്ക് ഉടനേ പാലക്കാട്ടേക്ക് പോകേണ്ടിയിരുന്നതു കൊണ്ട് അവരപ്പോ തന്നെ യാത്ര പറഞ്ഞു.
എന്റെ വിളർത്ത മുഖം കണ്ടു അവരിലൊരാൾ ചോദിയ്ക്കുന്നുണ്ട്,
"എന്താ മമ്മാ സുഖമില്ലേ, ആകെയൊരു ക്ഷീണം പോലെ?"
"ഓ അതീ ചൂടിന്റെയാ എന്നു പറഞ്ഞു ഞാൻ തടിയൂരി.
കൂട്ടുകാർ പോയി കുറച്ചു കഴിഞ്ഞപ്പോൾ മകൻ ചിരിച്ചു കൊണ്ട് മുകളിലേയ്ക്ക് കയറിപ്പോകുന്നത് കണ്ടു.
എനിയ്ക്കാണെങ്കിൽ വിശപ്പിന്റെ വിളി തുടങ്ങി.
എന്റെ സാമ്രാജ്യത്തിലേയ്ക്ക് തിരികെ നടക്കുന്നതിനിടയിൽ, വെറുതേ ഞാനാ അപേക്ഷയിലേക്കൊന്നു പാളി നോക്കി.
MBA ക്കാരനായ എന്റെ മകൻ അതിനടിയിൽ എഴുതി വച്ചിരിയ്ക്കുന്നു,
Application request declined
എന്ന്‌.
അരിക്കലത്തിലേയ്ക്ക് കുനിയുമ്പോൾ മകൻ പിന്നിൽ വന്നു പറഞ്ഞു ഇനിയിപ്പോ ഒന്നുമുണ്ടാക്കണ്ട മമ്മാ നമുക്കു പുറത്തുന്ന് വാങ്ങാം.
"പിന്നേ.... എന്റെ പട്ടി തിന്നും പുറത്തെ ഫുഡ്‌ " ഞാൻ ശുണ്‌ഠിയെടുത്തു.
മകൻ ചിരിച്ചുകൊണ്ടു വീണ്ടും പറഞ്ഞു.
"എന്റെ പൊന്നു മമ്മാ, ഞാൻ തിരിച്ചു വന്നപ്പഴാ ഈ ലീവ് ആപ്പ്ളിക്കേഷൻ കണ്ടത്. പോണേനു മുമ്പു കണ്ടിരുന്നെങ്കിൽ ഞാൻ ഫുഡ് വാങ്ങീട്ടു വന്നേനെ, മമ്മ റെഡിയാവ്, നമുക്ക്‌ പുറത്തു പോവാം.
വേണ്ട, ഞാനെന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.
വിശപ്പും പരവേശവും കൊണ്ടു തളർന്നുവെങ്കിലും 2,2.30 ആയപ്പോഴേയ്ക്കും ചോറും കറികളും ശരിയാക്കി ഞങ്ങൾ കഴിച്ചു.
കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ അയല്പക്കത്തുള്ള ബ്രാഹ്മണിയമ്മ പറയാറുള്ള ഒരു പഴഞ്ചൊല്ലാണ് എനിയ്ക്കോർമ്മ വന്നത്.
'കാട്ടു കോഴിയ്ക്കെന്തു ചങ്കരാന്തി '

By
Sajna Shajahan

ഒരു കലാലയ സ്മരണ.


ഒരു കലാലയ സ്മരണ.
-----------------------------------------
കഴിഞ്ഞ ആഴ്ചയിലെ ഒരു സായാഹ്നം.
എറണാകുളം സീപോർട്ട്‌ -എയർ പോർട്ട്‌ റോഡിലൂടെ ഡ്രൈവ് ചെയ്തു വരുമ്പോഴാണ്, റേഡിയോ മിർച്ചിയിൽ ആർ. ജെ വളരെ ഉത്സാഹപൂർവ്വം പറയുന്നത് ശ്രദ്ധയിൽപ്പെട്ടതു.
സ്കൂൾ ജീവിതത്തിലെ മറക്കാനാവാത്ത
ഒരു സംഭവം വിളിച്ചു പറയാനാണ് ആവശ്യപ്പെടുന്നത്.
ഞാനൊന്നു കാതോർത്തു.
പലരും പല സംഭവങ്ങളും വിളിച്ചു പറയുന്നുണ്ട്.
രസകരമായതും വേദനിപ്പിച്ചതും വഴക്കുണ്ടാക്കിയതും എല്ലാം.
ഞാനും ഓർത്തുനോക്കി.
സ്കൂൾ ജീവിതം അത്രയൊന്നും രസകരമായിരുന്നില്ല എനിയ്ക്ക്.
ഞാനൊരു ശരാശരി വിദ്യാർത്ഥി മാത്രമായിരുന്നു. കണക്ക് എന്ന അതി ഭീകര വിഷയം ഉള്ളതു കൊണ്ട് സ്‌കൂളിൽ പോക്ക് എനിക്കത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല.
പക്ഷേ കലാലയ ജീവിതം ഒത്തിരി നല്ല അനുഭവങ്ങളാണ് എനിക്കയ്ക്കു സമ്മാനിച്ചിട്ടുള്ളത്.
എന്റെ ഓർമ്മപ്പുസ്തകത്തിൽ,അവയിൽ പലതും ഞാൻ സുവർണ്ണ ലിപികളിൽ കുറിച്ചിട്ടിട്ടുണ്ട്.
സ്വപ്‌നങ്ങൾ പോലെ എന്നും എന്റെ സഹയാത്രികരായിരുന്നു ആ ഓർമ്മകളും.
ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലാണ്‌ ഞാൻ അഞ്ചു വർഷം പഠിച്ചത്.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്.
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുണ്ടായിരുന്ന ഒരു സൗഹൃദാന്തരീക്ഷമാണ്
കോളേജ് ജീവിതത്തിലെ എടുത്തു പറയാവുന്ന ഒരു പ്രത്യേകത.
ജീവിതത്തിലിന്നും തോളോടു തോൾ ചേർന്നു നിൽക്കുന്ന പല സൗഹൃദങ്ങളും കലാലയത്തിന്റെ സംഭാവനയാണ്.
ഞാൻ പ്രീ ഡിഗ്രിയ്ക്കു പഠിയ്ക്കുമ്പോഴുണ്ടായ ഒരു സംഭവമാണ് ഇപ്പോൾ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.
ഈയൊരു സംഭവത്തിന്റെ പേരിൽ നിങ്ങളെന്നെ അഹങ്കാരിയെന്നും തന്റേടിയെന്നുമൊക്കെ മുദ്ര കുത്തരുതെന്ന് ആദ്യമേ അപേക്ഷിയ്ക്കുന്നു.
അന്ന്, മലയാളം ഗദ്യം പദ്യം നാടകം എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ പഠിയ്ക്കാനുണ്ട്.
മൂന്ന് അധ്യാപകരാണ് ക്ലാസ്സെടുത്തിരുന്നത്.
മോളി മിസ്സ്‌, ബീന മിസ്സ്‌, പിന്നെ സിസ്റ്റർറോസ്‌മരിയ.
സിസ്റ്റർ കുറച്ചു പ്രായമുള്ള അദ്ധ്യാപികയാണ്.
കോവിലന്റെ 'ഭരതൻ' ആണ് അവർ പഠിപ്പിച്ചിരുന്നത്. പട്ടാള കഥകൾ സ്വതവേ ബോറാണ്. സിസ്റ്ററിന്റെ ക്ലാസ്സാണെങ്കിൽ അറുബോറെന്നല്ല പറയേണ്ടത്.
വിരസത എന്ന വാക്കു കണ്ടുപിടിച്ചത് തന്നെ ഈ ക്ലാസ്സിലെ ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാണെന്നു തോന്നുന്നു.
സ്ലീപിംഗ് പിൽസ് കഴിച്ചതു പോലാണ് എലാവരും ക്ലാസ്സിലിരിയ്ക്കുക.
86 കുട്ടികളുണ്ട് ഞങ്ങളുടെ ക്ലാസ്സിൽ. പ്ലാറ്റ്ഫോമിൽ കയറി നിന്നാണല്ലോ അദ്ധ്യാപകർ ക്ളാസ്സെടുക്കുക.അൽപ്പം ഉയരം കുറവായിരുന്നതു കൊണ്ട് അവിടെ നിന്നാലും പുറകിലെ ബെഞ്ചുകളിൽ എന്താണു നടക്കുന്നതെന്ന് സിസ്റ്റർ അറിയാറില്ല, ശ്രദ്ധിയ്ക്കാറുമില്ല.
ലഞ്ച് ബ്രേക്കിനു ശേഷമുള്ള ക്ലാസ്സാണ് അന്നു സിസ്റ്ററിന്റേത്. ഉറങ്ങാൻ മാത്രമുള്ളതാണ് ഞങ്ങൾക്കാ ക്ലാസ്.
ഹോസ്റ്റലേഴ്‌സ് മിയ്ക്കവരും ഡെസ്‌കിനടിയിൽ ഇറങ്ങിയിരുന്നാണ് ഉറങ്ങുക.
മിയ്ക്കവാറും മറ്റദ്ധ്യാപകർ അതു കാണുകയും കണ്ടില്ലെന്നു നടിയ്ക്കുകയും ഒക്കെ ചെയ്യുന്നത് പതിവാണ്.
ക്ലാസ്സിൽ അന്നൊക്കെ റൊട്ടേഷൻ ഉണ്ട്.
ഈ സംഭവദിവസം ഞങ്ങളുടെ ഗാങ് കറങ്ങിത്തിരിഞ്ഞു എത്തിയിരിയ്ക്കുന്നതു ഒന്നാമത്തെ ബെഞ്ചിലാണ്. അതുകൊണ്ടുതന്നെ ഉറങ്ങാനും പറ്റില്ല.
കഷ്ടകാലത്തിനു ഞാനന്നു ക്ലാസ് ലീഡറുമാണ്.
ഒരു കുരുത്തക്കേടും ഒപ്പിയ്ക്കാനും പറ്റില്ല.
മാത്രമല്ല, മറ്റു കുട്ടികൾ കാണിയ്ക്കുന്ന കുസൃതികളുടെ ഉത്തരവാദിത്തം കൂടി എന്റെ തലയിൽ വന്നു ചേരാറുമുണ്ട്.
സിസ്റ്റർ ക്ലാസ് തുടങ്ങിയതും സഹപാഠികളിൽ പലരും ഉറക്കം തൂങ്ങി വീണു തുടങ്ങി. ബാക്കിയുള്ളവർ ചിലരൊക്കെ കുശുകുശുപ്പും കോട്ടുവാ ഇടലും തല ചൊറിയലും ഒക്കെയായി ആകെപ്പാടെ ഒരു കലപിലാന്തരീക്ഷം.
മലയാളം എന്റെ ഇഷ്ടവിഷയമാണെങ്കിലും സിസ്റ്ററിന്റെ പഠിപ്പിയ്ക്കൽ രീതി കാരണം 'ഭരതനെ'ത്തന്നെ ഞാൻ വെറുത്തു തുടങ്ങിയിരുന്നു.
(ഇക്കാര്യം ഞാൻ പിന്നീട് കോവിലൻ സാറുമായി സംസാരിച്ചിട്ടുണ്ട്. അന്ന് തന്റെ വലിയ മൂക്കു വികസിപ്പിച്ചു, ചിരിച്ചുകൊണ്ടു അദ്ദേഹം പറഞ്ഞു, "കുഴപ്പം ന്റെ ഭരതന്റെയല്ല, കുട്ടീടെ അധ്യാപികേടെയാ")
അന്ന് അവസാനം സഹികെട്ടു സിസ്റ്റർ പറഞ്ഞു.
"എന്റെ ക്ലാസ്സിലിരിയ്ക്കാൻ താല്പര്യമില്ലാത്തവർക്കു ഇറങ്ങിപ്പോകാം"
അതു കേട്ടതും, എന്റെ മനസ്സിൽ അഞ്ചാറു ലഡ്ഡു ഒന്നിച്ചു പൊട്ടി.
ഞാൻ തിരിഞ്ഞു ലിറ്റിയെ നോക്കി. ലിറ്റി അങ്ങേയറ്റത്തു പിൻബെഞ്ചിലാണ് ഇരുന്നിരുന്നത്. അവൾ അസിസ്റ്റന്റ്‌ ലീഡറും എന്റെ സുഹൃത്തും അൽപ്പം കവിതയുടെ അസുഖവുമൊക്കെയുള്ള ആളാണ്‌. ഞാനവളെ നോക്കി കണ്ണിറുക്കി.
"പോകാം "
അവളുടെ സമ്മതമറിയിച്ചുകൊണ്ടുള്ള തലയാട്ടൽ എന്നെ 'കർമ്മനിരത'യാക്കി.
പുസ്തകമടച്ചു വച്ച് ഞാൻ പതിയെ എഴുന്നേറ്റു പുറത്തിറങ്ങി.
ഞങ്ങൾ ഒമ്പതു പേരടങ്ങുന്ന ഒരു ഗാംഗ് ഉണ്ട്‌.
ഞാനിറങ്ങിയതും ഓരോരുത്തരായി എന്റെ പുറകെ വരാൻ തുടങ്ങി.
വരി വരിയായി ക്ലാസ്സിലെ 78 കുട്ടികളും അന്നു പുറത്തിറങ്ങി. റോസി ഒഴികെ. ബാക്കിയുള്ളവർ അവധിയായിരുന്നു.
റോസി അന്നു വല്യ പഠിപ്പിസ്റ്റാണ്.
ഞങ്ങൾ ചെയ്യുന്ന അനീതി, അക്രമങ്ങളെയൊന്നും അവൾ പിന്തുണയ്ക്കാറില്ല. അതിന്റെ ശിക്ഷയായിട്ടാവും ദൈവം ഇന്നവളെ ഒരു വില്ലേജ്‌ ഓഫീസറാക്കിയത്.
സിസ്റ്റർ ഞങ്ങളുടെ ആ പ്രവൃത്തി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പകച്ചുപോയികാണാണം അവരുടെ വാർദ്ധക്യം.
അൽപ്പനേരം തരിച്ചു നിന്നിട്ട് സിസ്റ്ററും പുറത്തിറങ്ങിയത്രേ.
പോകുന്ന പോക്കിൽ രണ്ടു വരി കവിതയും ചൊല്ലിയെന്നു റോസിയുടെ റിപ്പോർട്ട്.
"മുമ്പേ ഗമിച്ചീടിന ഗോവു തന്റെ
പിമ്പേ ഗമിയ്ക്കും ബഹു ഗോക്കളെല്ലാം"
എന്ന്.
എന്നോടുള്ള അസൂയയിൽ നിന്നും ഉടലെടുത്ത റോസീഭാവനയാണോ അതെന്ന് ഇന്നും അജ്ഞാതം.
ഗോമാതാവെന്നു വിളിച്ചു എന്നെയിനി ആരും പൊങ്കാലയിടരുത്........ അപേക്ഷയാണ്......
അന്നു ലൈബ്രറിയിലും മുറ്റത്തെ വാകച്ചോട്ടിലുമൊക്കെയായി ഞങ്ങൾ സമയം കളഞ്ഞു.
ആ ഇറങ്ങിപ്പോക്ക് കോളേജിന്റെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവമായി.
സിസ്റ്റർ, പ്രിൻസിപ്പലിന് പരാതി കൊടുത്തു.
ക്ലാസ് ചാർജ്ജുള്ള പത്മാമിസ്സിനോട് ഞങ്ങൾക്ക് അർഹമായ ശിക്ഷ തരണമെന്ന് പറഞ്ഞു.
സ്വന്തം പ്രണയത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലും ഞങ്ങളുമായി പങ്കുവച്ചിരുന്ന സഹൃദയായിരുന്നു പത്മമിസ്സ്‌. അതുകൊണ്ട് അവിടെ നിന്നുള്ള ശിക്ഷാ നടപടിയെ ഞങ്ങൾ ഭയന്നില്ല.
പക്ഷെ, പ്രിസിപ്പൽ എന്നെയും ലിറ്റിയെയും വിളിപ്പിച്ചു.
കാൽമുട്ടുകൾ കൂട്ടിയിടിച്ചെങ്കിലും ഞാൻ ധൈര്യം വിടാതെ നിന്നു. പ്രിസിപ്പലിനോട് സത്യം തുറന്നു പറഞ്ഞു.
"സത്യമായിട്ടും എനിയ്ക്കു ബോറടിച്ചിട്ടാ, സിസ്റ്റർ പൊക്കോളാൻ പറഞ്ഞതോണ്ടാ"
"അതിനു ?"
പ്രിസിപ്പൽ കണ്ണുരുട്ടി.
"താൻ മാത്രം പോയാപ്പോരേ, ബാക്കിയുള്ളോരേം കൂട്ടണോ ?"
"അവർക്കും ബോറടിച്ചു കാണും"
ഞാൻ തല കുനിച്ചുകൊണ്ടു പറഞ്ഞു.
അതു കേട്ടതും പ്രിസിപ്പൽ പൊട്ടിച്ചിരിച്ചു.
എന്നിട്ടൊരു താക്കീതും
" ഉം..... ശരി... കുസൃതി കൂടിപ്പോകരുത് കേട്ടോ "
ഈ സംഭവത്തെക്കുറിച്ച് ഇന്നും,വല്ലപ്പോഴുമുള്ള കൂട്ടായ്മകളിൽ ഞങ്ങൾ പറഞ്ഞു ചിരിയ്ക്കാറുണ്ട്.
പിന്നീടു, ഫുജൈറയിലെ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്ന സമയത്ത് പലപ്പോഴും ഞാനാ സംഭവത്തെക്കുറിച്ച് കുറ്റബോധത്തോടെ ഓർക്കാറുണ്ട്.........
എന്റെ മുമ്പിലിരിയ്ക്കുന്ന കുട്ടികളെല്ലാം എന്റെ ക്ലാസ് ബോറടിയ്ക്കുന്നൂന്ന്‌ പറഞ്ഞു ഇറങ്ങിപ്പോയിരുന്നെങ്കിലോ........
എന്താകുമായിരുന്നു എന്റെ അവസ്ഥ..... ?
അതൊക്കെ അന്നത്തെ പ്രായത്തിന്റെ വിവരക്കേടെന്നു കരുതി, സിസ്റ്ററും ഈശ്വരനും ഞങ്ങളോടു ക്ഷമിച്ചിട്ടുണ്ടാവുമെന്നു ഞാൻ കരുതുന്നു.
ലിറ്റി ഇപ്പോൾ ഹൈസ്കൂൾ അദ്ധ്യാപികയാണ്. അവളും ഓർക്കുന്നുണ്ടാവും ഇങ്ങനെയൊക്കെ...
ഈ കുറിപ്പു വായിയ്ക്കുന്ന ഈ നല്ലെഴുത്ത് ഗ്രൂപ്പിലെ അംബികട്ടീച്ചർ അടക്കമുള്ള അദ്ധ്യാപകരെല്ലാം എന്നോടു പൊറുക്കുമെന്നും കരുതട്ടെ.

By
Sajna Shajahan

ഇറച്ചിവെട്ടുകാരന്റെ ഭാര്യ. (സംഭവകഥ )


ഇറച്ചിവെട്ടുകാരന്റെ ഭാര്യ. (സംഭവകഥ )
അന്ന്,
ഒരു കൊച്ചു പെൺകുട്ടിയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടുകൊണ്ടാണ് ഉച്ചയുറക്കത്തിൽ നിന്നും ഞാനുണർന്നത്.
ആരാണ് ഇങ്ങനെ കരയുന്നത് ?
ആകാംക്ഷയോടെ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടു, അടുത്ത വീട്ടിലെ ഷെറിയുടെ മകളാണ്, നാലാംക്‌ളാസ്സുകാരി പാത്തു (ഫാത്തിമ)പിന്നാലെ അവളുടെ അനിയൻ രണ്ടാംക്‌ളാസ്സുകാരൻ അപ്പുവുമുണ്ട് (ആദം).
എന്താ മോളേ ന്നു ചോദിച്ചിട്ട് ഒന്നും പറയുന്നില്ല. എന്നെ തള്ളി മാറ്റിക്കൊണ്ട് ഓടി അകത്തു കയറി, ഞങ്ങളുടെ ഡൈനിങ്ങ്‌ ടേബിളിനടിയിൽ ഒളിച്ചു, രണ്ടാളും.
തൊട്ടടുത്തു താമസിയ്ക്കുന്ന ബ്രാഹ്മണിയമ്മ എന്നെ വിളിച്ചു പറഞ്ഞു
"മോളെ, സച്ചൂ, ആ കുട്ട്യോളെ പിടിച്ചോളൂ ട്ട്വോ"
എനിയ്ക്കു കാര്യം പിടി കിട്ടി.
അവരുടെ ഉപ്പ ഇന്നും കുടിച്ചു വന്നു കാണും.
ഇറച്ചിവെട്ടുകാരനാണ് അയാൾ. എന്നും പുലർച്ചെ നാലു മണിയ്ക്കു തന്നെ പണിയ്ക്കു പോവും, ഉച്ചയ്ക്കു രണ്ടു മണിയോടെ തിരിച്ചെത്തും.
പലപ്പോഴും നാലു കാലിലായിരിയ്ക്കും വരുന്നത്.
വഴക്കും ബഹളവുമെല്ലാം പതിവുള്ള ഒരു വീടായിരുന്നു അവരുടേത്...
ഷെറിയും ഈ കുടിയൻ ഭർത്താവും രണ്ടു കുഞ്ഞുങ്ങളും.
ഷെറിയ്ക്കു തയ്യൽ ജോലിയാണ്. വീട്ടിൽ തന്നെയിരുന്നു തയ്ക്കും. അവൾ വളരെ കഷ്ടപ്പെട്ടാണ് ആ കുട്ടികളെ നോക്കിയിരുന്നത്.
മജീദ്‌ കിട്ടുന്ന കാശു മുഴുവൻ കള്ളുഷാപ്പിൽ കൊടുത്തു തീർക്കുകയാണ് പതിവ്.
മജീദും കുട്ടികളും പോയിക്കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിൽ ഷെറി ചിലപ്പോൾ ഞങ്ങളുടെ വീട്ടിൽ വന്നിരിയ്ക്കും.
ചില ദിവസങ്ങളിൽ ചുണ്ടുകൾ അടി കൊണ്ടു പൊട്ടിയിരിയ്ക്കും. ചിലപ്പോൾ കണ്ണുകൾ വീർത്തിരിയ്ക്കും. പലപ്പോഴും കവിളുകൾ തിണർത്തിരിയ്ക്കും. ദേഹോപദ്രവമേൽക്കാത്ത ഒരു ദിവസം പോലുമുണ്ടാവാറില്ല അവളുടെ ജീവിതത്തിൽ.
ബ്രാഹ്മണിയമ്മ പലപ്പോഴും അവളോടു ചോദിയ്ക്കാറുണ്ട്,
"ഇതിനെയൊക്കെ സഹിയ്ക്കുന്നതിലും ഭേദം, കളഞ്ഞിട്ടു പൊയ്ക്കൂടെ ന്റെ കുട്ട്യേ" എന്ന്.
അവൾ സങ്കടത്തോടെ പറയും
"എന്താ ചെയ്യാ ബ്രാഹ്മണ്യേമ്മേ ന്റെ കുട്ട്യോൾടെ ബാപ്പയായിപ്പോയില്ലേ" എന്ന്.
ഇന്നിപ്പോൾ എന്റെ മേശയ്ക്കു കീഴിൽ ഒളിച്ചിരിയ്ക്കുന്ന കുഞ്ഞുങ്ങളുടെ കാലിൽ നിന്നും ചോരയൊലിയ്ക്കുന്നുണ്ട്.
ഞാനവരെ വിളിച്ചു കാലെല്ലാം കഴുകി വൃത്തിയാക്കി മരുന്നു പുരട്ടിക്കൊടുത്തു.
" ഉപ്പ ബെൽറ്റോണ്ട് അടിച്ചതാ" എന്നു കരച്ചിലിനിടയിൽ പാത്തു പറയുന്നുണ്ട്.
അപ്പു ഭയന്നു തുറിച്ച കണ്ണുകളുമായി നിൽപ്പാണ്.
വിശപ്പും വേദനയും കൊണ്ടു ദയനീയമായിരുന്നു അവന്റെ മുഖം.
ഞാനവർക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു.
പാത്തു ആ ഭക്ഷണത്തിലേയ്ക്കു നോക്കി വീണ്ടും കരഞ്ഞു. സങ്കടം തിങ്ങിയിട്ടു കുഞ്ഞിന്റെ തൊണ്ടയിൽ നിന്നും ഒന്നും ഇറങ്ങുന്നില്ല.
"എന്റെ ഉമ്മച്ചി വല്ലതും കഴിച്ചാവോ"
എട്ടു വയസ്സുകാരിയുടെ സങ്കടം അതാണ്‌.
എനിയ്ക്കു ശരിയ്ക്കും കരച്ചിൽ വന്നു.
ഉമ്മച്ചിയ്ക്ക് ഞാൻ കൊടുത്തയയ്ക്കാം, ഇപ്പൊ മോളിതു കഴിയ്ക്കു.
ഞാൻ പറഞ്ഞു, അപ്പോഴും അവൾ മടിച്ചു.
"രണ്ടീസായി ഉമ്മച്ചി ഒന്നും കൈച്ചിറ്റില്ല, ഉപ്പ ഉമ്മച്ചീന്റെ കൈയ്ത്തില് ഷാളിട്ട് മുറുക്കി കൊല്ലാന്നോക്കി"
കുഞ്ഞു വിതുമ്പുകയാണ്.
അതും അതിലപ്പുറവും അവിടെ നടക്കാറുള്ളതുകൊണ്ട് അത്ര വലിയ ഞെട്ടലൊന്നും എന്നിലുണ്ടായില്ല. "സാരല്ല്യ മോള് കഴിക്ക്, എന്നു ഞാനവളെ ആശ്വസിപ്പിച്ചു പറഞ്ഞു.
അപ്പുവിനെ നോക്കിയപ്പോൾ അവൻ വാരിവലിച്ചു കഴിക്ക്യാണ്.
ഞാൻ അത്ഭുതപ്പെട്ടു പോയി.
രണ്ടു ദിവസമായി ഈ കുഞ്ഞുങ്ങളും പട്ടിണിയായിരുന്നോ ? ഞാനറിഞ്ഞില്ലല്ലോ.
രണ്ടു ദിവസായി ഷെറിയെയും ഇങ്ങോട്ടു കണ്ടിരുന്നില്ല.വഴക്കും ബഹളവുമൊക്കെ കേൾക്കാറുണ്ടെന്നു ബ്രാഹ്മണിയമ്മ പറഞ്ഞു.
വയറു നിറഞ്ഞതോണ്ടാവും അപ്പു അവിടെത്തന്നെ കിടന്നുറങ്ങി.
സന്ധ്യയായപ്പോൾ ഷെറി മക്കളെ വിളിക്കാൻ വന്നു.
കണ്ണും മുഖവുമെല്ലാം വീർത്തിരുന്നു.
കവിളിലും കയ്യിലുമെല്ലാമുണ്ട്, അടികൊണ്ട പാടുകൾ.
എന്നെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.
"എനിയ്ക്കു മടുത്തു ഇത്താ ഈ ജീവിതം. കുട്ട്യോളെ ഓർത്തിട്ടാ, അല്ലെങ്കിൽ പണ്ടേ ഞാനീ പൊഴേല് ചാടിച്ചത്തേനെ"
ആവശ്യം നേരത്ത് ഒരാശ്വാസവാക്കും എന്റെ നാവിൽ വരൂല്ല.
സങ്കടം കടിച്ചമർത്തി ഞാനും ഷെറിയെ നോക്കി വെറുതെയിരുന്നു. അവൾ തുടർന്നു.
"ഇന്ന് അയ്യാളെന്റെ ജീവിതമാർഗ്ഗോം ഇല്ലാണ്ടാക്കി, ന്റെ തയ്യൽ മിഷ്യനെടുത്തു പൊഴേലെറിഞ്ഞു.
(ഞങ്ങളുടെ വീടിന്റെ തൊട്ടു പിന്നിൽ പുഴയാണ് )
"ഞാനാരോടു പറയും ഇത്താ ഇതൊക്കെ, ഇയ്യാൾടെ ഈ സൊഭാവം കാരണം ന്റെ വീട്ടാരോ ഇയ്യാൾടെ വീട്ടാരോ ആരും ഞങ്ങളെ കാര്യത്തിൽ എടപെടൂല"
ശരിയാണ്, എന്തു ചെയ്താലും അയാളോടാരും ചോദിയ്ക്കാൻ പോവാറില്ല. നാട്ടുകാർക്കെല്ലാം ഭയമാണ്.
"അറവുകാരനല്ലേ, പോത്തിനെ വെട്ടുന്ന കത്തീട്ത്ത് മ്മടെ കൈത്തിനിട്ടൊന്ന് വീശിയാ തീർന്നില്ലേ എല്ലാം" എന്നു ചോദിയ്ക്കും ഞങ്ങളുടെ അയൽക്കാരനായ മൊയ്ദീൻക്ക.
അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടാറില്ല.
കുടിയ്ക്കാത്ത ദിവസങ്ങളിൽ അയാൾ നല്ലവനാണ്. ഭാര്യയ്ക്കും മക്കൾക്കും ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കും. നല്ല ഭക്ഷണവും വസ്ത്രങ്ങളും എല്ലാം, പക്ഷേ അങ്ങനെയുള്ള ദിവസങ്ങൾ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നു മാത്രം.
മൂന്നു വർഷമായി ഷെറിയും കുടുംബവും ഞങ്ങളുടെ അടുത്തുള്ള വാടകവീട്ടിൽ താമസമാക്കിയിട്ട്. മജീദിനെ ഒരു മനുഷ്യനാക്കിയെടുക്കാൻ അയാളുടെ വീട്ടുകാർ കണ്ടു പിടിച്ച മാർഗ്ഗമായിരുന്നു അത്. തനിച്ചു താമസിക്കുമ്പോ എല്ലാം ശരിയാവുംന്ന്‌ അവളും കരുതിക്കാണും. എന്നിട്ടും മജീദ്‌ നന്നായില്ല എന്നുള്ളതാണ് സത്യം.
ഞാൻ എന്റെ ഭർത്താവിനോട് ഇതേക്കുറിച്ചു പറഞ്ഞു സങ്കടപ്പെടും.
ഒരിക്കൽ അദ്ദേഹം അവധിയ്ക്കു നാട്ടിൽ വന്ന സമയത്ത് എന്റെ ഈ പുരാണം പറച്ചിൽ കേട്ടു സഹിക്കാനാവാതെ മജീദിനെ വിളിച്ചൊന്നു ഉപദേശിക്കാൻ തീരുമാനിച്ചു.
ആറടി പൊക്കവും അതിനൊത്ത വണ്ണവും കൊമ്പൻ മീശയും കുടവയറും ഒക്കെയുള്ള ഒരു തനി കാട്ടുമാക്കാനാണ് മജീദ്‌. പോരെങ്കിൽ അറവുകാരനും.
എന്റെ ഭർത്താവിന്റെ ജീവനെക്കുറിച്ചു അദ്ദേഹത്തിന് ആശങ്കയില്ലെങ്കിലും എനിക്ക് അൽപ്പസ്വൽപ്പം ആശങ്ക ഇല്ലാതില്ല.
ഞാനതു തുറന്നു പറയുന്നതിനു മുമ്പ് അദ്ദേഹം ആളെ വിട്ടു മജീദിനെ വിളിപ്പിച്ചു.
മജീദ്‌, വിനീത വിധേയനായി വന്ന് ഇടംകൈ കൊണ്ടു തലയും ചൊറിഞ്ഞു നിന്നു. വലം കൈ പുറകിൽ പിടിച്ചിരിക്കയാണ്, ഞാനൊന്നു പാളി നോക്കി ; ഭാഗ്യം, വെട്ടുകത്തിയില്ല.
എന്റെ ഭർത്താവിന്റെ സാരോപദേശ കഥകൾ മുഴുവൻ അയാൾ ക്ഷമയോടെ കേട്ടു നിന്നു. അകത്തേക്കു കയറുന്ന അതേ വേഗതയിൽ അവ മറു ചെവിയിലൂടെ പുറത്തേയ്ക്ക് പോകുന്നതും എനിയ്ക്കു കാണാമായിരുന്നു.
ഉപദേശക്ലാസ്സൊക്കെ കേട്ടു കഴിഞ്ഞപ്പോൾ മജീദ്‌ എന്ന കുഞ്ഞാട് ഇക്കാനോടൊരു ചോദ്യം.
"ഇക്ക ഇനിയെന്നാ തിരിച്ചു പോണേ"??
"ഞാൻ അടുത്ത വെള്ളിയാഴ്ച, ഇൻഷാ അല്ലാഹ്"
"ഓ" എന്നു പറഞ്ഞു തലയും കുമ്പിട്ടു കുഞ്ഞാട് നടന്നു നീങ്ങി.
എനിക്കെന്തോ ആ ചോദ്യത്തിൽ ഒരു പന്തികേടു തോന്നി
സുബഹി നമസ്‌കാരത്തിന് ഇക്ക നടന്നാണ് പള്ളിയിൽ പോകാറുള്ളത്. അന്നേരം ഈ പഹയൻ വല്ല പണിയും കൊടുക്കോ ?
ഇക്ക പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു
"അവനാ, അവനൊരു പാവാണ്, ഒരു ചുക്കും ചെയ്യൂല, ഞാൻ ചെറുപ്പം മൊതല് കാണണതല്ലേ, കുടിയ്ക്കുമ്പോ മാത്രേ കൊഴപ്പൊള്ളൂ ഇപ്പം കണ്ടാ, എന്തൊരു പാവാ"
ഞാനൊന്നു നീട്ടി മൂളി
അതു പിടിക്കാത്ത മട്ടിൽ മൂപ്പരെന്നോടു
"നീ വല്ല്യ മദർ തെരേസയ്‌ക്കു പഠിക്ക്യാന്ന്‌ പറഞ്ഞിട്ട് എന്താ കാര്യം, ഇതു വല്ലതും നിന്നെക്കൊണ്ടു പറ്റോ" എന്നൊരു ചോദ്യം
ഞാനതിനു മറുപടി പറഞ്ഞില്ല. മൗനം വിദ്വാനു മാത്രമല്ല വീട്ടമ്മയ്ക്കും ഭൂഷണമാണല്ലോ.
പിറ്റേന്നു വൈകീട്ട് ഷെറി വന്നു; തെളിഞ്ഞ ചിരിയോടെ..
"ഇത്താ ഇന്നു മജീദ്‌ ഒരു തുള്ളി പോലും കുടിച്ചിട്ടില്ല, കൊറേ സാധനങ്ങളും വാങ്ങിക്കൊണ്ടന്നു. ഇക്കാനെക്കൊണ്ട് ഉപദേശിപ്പിച്ചത് നന്നായി ലേ?"
കരഞ്ഞു കൊണ്ടു ചിരിയ്ക്കുകയാണ് ഷെറി.
അപ്പൊ എനിക്കും തോന്നി, ശരിയാണല്ലോ എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ?
"എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ"
എന്ന തത്വത്തിൽ വിശ്വസിച്ചു ഞാനിരുന്നു.
ഷെറിയുടെ സംസാരം കേട്ടുകൊണ്ടു വന്ന ഇക്കാന്റെ മുന്നിൽ നിന്നു തേങ്ങിക്കരഞ്ഞുകൊണ്ടവൾ പറഞ്ഞു
"ഇക്കാ, ഇങ്ങളെ പടച്ചോൻ കാക്കും, ഇങ്ങള് ല്ലേര് ന്നെങ്കി ഇന്ന് ന്റേം മക്കളേം ഗെതിയെന്താ"
അതു കേട്ട നിമിഷം മൂപ്പരുടെ മുഖത്തു വിരിഞ്ഞ ആ ചിരി........ ഹൌ
'പാവം പാവം രാജകുമാരാൻ' സിനിമ കണ്ടിട്ടുള്ളവർക്കറിയാം, ഒരു കള്ളപ്രണയത്തിന്റെ പേരു പറഞ്ഞു ശ്രീനിവാസന്റെ കഥാപാത്രത്തെക്കൊണ്ടു മീശയെടുപ്പിയ്ക്കുന്ന സുഹൃത്തുക്കൾ.....
മീശയില്ലാത്തതാ സാറിനു നല്ലതെന്ന് അവർ പറയുമ്പോൾ, ശ്രീനിവാസന്റെ മുഖത്തു വിരിയുന്ന ആ ഭാവപ്രകടനം... !!
ആ അതെന്നെ, അതോർമ്മ വന്നു എനിയ്ക്ക്.
കൃത്യം ഒരാഴ്ച്ച.
വെള്ളിയാഴ്ച്ച ജുമാ കഴിഞ്ഞു ഭക്ഷണവും കഴിച്ചു ഇക്ക വീട്ടിൽ നിന്നിറങ്ങി...
വീണ്ടും പ്രവാസത്തിലേയ്ക്ക്........
അതുവരെ മജീദ്‌ എന്ന കുഞ്ഞാട് സർവ്വഗുണസമ്പന്നനായിരുന്നു.
ഇത്ര നല്ലൊരു ഭർത്താവിനെ കിട്ടാൻ ഞാനെന്തു പുണ്യം ചെയ്തു എന്നു വരെ ഷെറിയെക്കൊണ്ടു പറയിച്ചു അയാൾ, അത്ര മാന്യൻ.
പിറ്റേന്ന് ശനിയാഴ്ച്ച, ഉച്ചതിരിഞ്ഞ സമയം, ആ വീട്ടിൽ നിന്നും ഒരലർച്ച കേട്ടു ബ്രാഹ്മണിയമ്മ ഓടിച്ചെന്നു നോക്കുമ്പോൾ, മ്മടെ കുഞ്ഞാട്, നാലല്ല, പതിനാറു കാലിൽ തുള്ളിക്കൊണ്ടു നിക്കാണ്. ഷെറിയെ കഴുത്തിനു കുത്തിപ്പിടിച്ചിരിയ്ക്കുന്നു. ഇത്തവണ അവളിൽ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്ന കുറ്റം പരപുരുഷ ബന്ധമാണ്.
(വായനക്കാർ തെറ്റിദ്ധരിക്കണ്ട, എന്റെ ഭർത്താവിനെ ചേർത്തല്ല)
മജീദിന്റെ 'സഹവെട്ടുകാര'നായ യൂസഫിന്റെ മകൻ റഷീദ് ആണ് പ്രതി.
റഷീദിന്റെ കയ്യിലാണ് മജീദ്‌ ചിലപ്പോഴൊക്കെ വീട്ടിലേക്കു സാധനങ്ങൾ കൊടുത്തുവിടാറുള്ളതത്രെ.
26 വയസ്സുകാരനും അവിവാഹിതനുമായ റഷീദ്, 38 കാരിയും രണ്ടു കുഞ്ഞുങ്ങളുടെ ഉമ്മയുമായ ഷെറിയെ വച്ചോണ്ടിരിക്കുകയാണെന്ന ആരോപണം, ബ്രാഹ്മണിയമ്മയ്ക്കു സഹിച്ചില്ല. അവരും കലിപ്പോടെ എന്തെല്ലാമോ പറഞ്ഞു.
മജീദ്‌ അവരെ ഒരു കല്ലെടുത്ത്‌ എറിഞ്ഞു. അവർ പക്ഷേ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി.
പിന്നെ കുട്ടികളുടെ നേർക്കായി ആക്രമണം.
ബെൽറ്റ് അഴിച്ചു അവരെ തലങ്ങും വിലങ്ങും മർദ്ധിച്ചു. അവർ അയാളുടെ കുട്ടികളല്ല പോലും!
അടിയേറ്റ് അവശരായ അവരോടു എന്റടുത്തേക്ക് ഓടി രക്ഷപ്പെടാൻ ഷെറിയാണ് പറഞ്ഞത്, ആ വരവാണ് അന്നേരം ആ കുഞ്ഞുങ്ങൾ ഓടി വന്നത്.
മദർ തെരേസയ്ക്കു പഠിയ്ക്കുന്നുവെന്നൊക്കെ ഭർത്താവു കളിയാക്കുമെങ്കിലും, ഒരു സ്ത്രീയെ
പ്രത്യേകിച്ച് ഒരമ്മയെ സംബന്ധിച്ച് മാതൃത്വം എന്നും ഒരു ബലഹീനത തന്നെയാണ്‌. ആ കുട്ടികളുടെ കരച്ചിൽ കുറേ നാളത്തേയ്ക്ക് എന്റെ ഉറക്കം കെടുത്തി
പിന്നീടവർ ആ വാടക വീടു വിട്ടു മറ്റൊരിടത്തേക്ക് ചേക്കേറി.
ഇടയ്ക്കൊക്കെ ഷെറി എന്നെ കാണാൻ വരുമായിരുന്നു.
അവരുടെ ദയനീയ സ്ഥിതി കണക്കിലെടുത്ത് ഞങ്ങൾ പലരോടും പറഞ്ഞതനുസരിച്ച് പള്ളിക്കമ്മറ്റിയും മറ്റും സഹകരിച്ച് ഒരു വിസ സംഘടിപ്പിച്ചു മജീദിനെ ഗൾഫിലേക്ക് അയച്ചു.
അയൽനാട്ടുകാരനായ ഒരാളുടെ ഗ്രോസ്സറിയിലേക്ക്.
ഷെറിയുടെയും മക്കളുടെയും മജീദിന്റെ ഉമ്മയുടേയുമൊക്കെ കണ്ണീരിന്റെയും അകമഴിഞ്ഞ പ്രാർത്ഥനയുടെയും ഫലമായിട്ടോ എന്തോ അയാൾ കുടി നിർത്തി നല്ലവനാകാൻ തുടങ്ങിയിരുന്നു.
മൂന്നു വർഷം ഗൾഫിൽ. അവർ പതിയെ പച്ച പിടിച്ചു തുടങ്ങി. പിന്നീടു ഷെറി വരുമ്പോൾ, ഒഴിഞ്ഞു കിടന്നിരുന്ന കഴുത്തിലും കാതിലും പൊന്നിൻ തിളക്കങ്ങൾ കണ്ടു തുടങ്ങി.
ഞാനും സന്തോഷിച്ചു.
കുട്ടികളും, പീഡനങ്ങളിൽ നിന്നു മുക്തരായപ്പോൾ ശാരീരികമായും ആരോഗ്യപരമായും നന്നായി. നഷ്ടപ്പെട്ടു പോയിരുന്ന പ്രസരിപ്പ് കുറെയൊക്കെ അവർ വീണ്ടെടുത്തു.
പിന്നെ കുറേ നാൾ ഷെറി വന്നതേയില്ല.
തിരക്കുകളിക്കിടയിൽപ്പെട്ടു ഞാനും അവരെക്കുറിച്ച് മറന്നേ പോയി.
പിന്നീട്, എന്റെ ഉമ്മയുടെ ചികിത്സക്കായി ഞാൻ എറണാകുളത്തു അനിയത്തിയുടെ വീട്ടിലേക്കു മാറി കുറച്ചുനാൾ.
പിന്നീട് ഞാൻ തിരിച്ചു വന്നതറിഞ്ഞു ബ്രാഹ്മണിയമ്മ എന്നെ കാണാൻ വന്നിരുന്നു,എന്നെ ഞെട്ടിക്കാൻ പാകത്തിലുള്ള വലിയൊരു ബോംബും കൊണ്ട്.
ഷെറി റെഷീദിനോടൊപ്പം നാടുവിട്ടുവത്രെ.
ഞാൻ അസ്ഥപ്രജ്ഞയായി നിന്നു പോയി.
നാട്ടുകാർ പല കഥകളും പറഞ്ഞു നടന്നു.
ഒരു ഗൾഫുകാരന്റെ ഭാര്യയെ സംബന്ധിച്ചിടത്തോളം അപവാദം കേൾക്കുകയെന്നത് അവരുടെ ജീവിതത്തിലെ
ഒരു അനിവാര്യതയാണ്. 90 ശതമാനം ഗൾഫ് ഭാര്യമാരും ഇതൊക്കെ നേരിട്ടിട്ടുള്ളവരാവും. മനക്കട്ടിയുള്ളവർ അതിനെയൊക്കെ പുച്ഛിച്ചു തള്ളും. അല്ലാത്തവർ അതെല്ലാം കേട്ടു കുറേ കണ്ണീരൊഴുക്കും. കാലക്രമത്തിൽ അതുമായി പൊരുത്തപ്പെടും, അപ്പോഴേയ്ക്കും നാട്ടുകാർ പുതിയ ഇരയെ കണ്ടെത്തും. ഇതെല്ലാം സർവ്വസാധാരണമാണ്.
ഷെറിയുടെ കാര്യവും അങ്ങനെയായിരിയ്ക്കുമെന്നു ഞാനുറച്ചു വിശ്വസിച്ചു. ആളുകൾ ചുമ്മാ പറയുന്നതാവും.
സാമ്പത്തികമായി അവർ മെച്ചപ്പെട്ടപ്പോൾ ഇരിയ്ക്കപ്പൊറുതിയില്ലാതെ വല്ലതും വിളിച്ചു പറയുന്നതാവും എന്നൊക്കെ കരുതി.
പക്ഷേ, ബ്രാഹ്മണിയമ്മ കള്ളം പറയില്ല, പ്രത്യേകിച്ചും എന്നോട്...
എങ്കിലും നേരിട്ടു കാണാതെ എനിയ്ക്കതു വി ശ്വസിക്കാനാവുമായിരുന്നില്ല. ഞാൻ ബ്രാഹ്മണിയമ്മയോടു പറഞ്ഞു.
"നമുക്കൊന്നു ഷെറിയെ കാണാൻ പോകാം"
അവർ സമ്മതിച്ചില്ല.
"മോൾ എവിടേം പോവണ്ട, ആ അധ്യായം കീറിക്കളഞ്ഞോളു"
ലാഘവത്തോടെ അവരതു പറഞ്ഞുവെങ്കിലും ആ കണ്ണുകൾ നിറഞ്ഞിരുന്നു. പ്രായം അറുപതിലേറെയുണ്ട് അവർക്ക്. അനാഥയാണെങ്കിലും ഞാനും ഷെറിയുമെല്ലാം മക്കളെപ്പോലെയായിരുന്നു. അവർ പറഞ്ഞതുകൊണ്ടു മാത്രം ഞാനാ അദ്ധ്യായം അടച്ചു വച്ചു..
ഇന്നു ബ്രാഹ്മണിയമ്മയും ഞാനും വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ പാടവരമ്പിൽ വച്ചു മജീദിനെ കണ്ടു.
അയാൾ നാട്ടിൽ വന്നതൊന്നും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
എന്തു പറയണം എന്തു ചോദിക്കണമെന്നറിയാത്ത വല്ലാത്തൊരവസ്ഥയിൽ ഞങ്ങൾ നിന്നു. ഞങ്ങളുടെ സങ്കോചം മനസ്സിലാക്കിയിട്ടാവണം അയാൾ ചോദിച്ചു
"അവള് പോയി നിങ്ങളറിഞ്ഞില്ലേ"?
"ആ കേട്ടു" എന്നു നിർവ്വികാരയായി പറഞ്ഞു ബ്രാഹ്മണിയമ്മ.
"സത്യം തന്നേണ് ലേ" എന്ന ചോദ്യത്തിന് അയാൾ അതെയെന്നു തലയാട്ടി.
"സത്യം തെന്നെ, ന്നെ ചതിച്ചു അവള്. ഞാനൊന്നു നന്നാവാൻ തുടങ്ങേര്ന്നു. വീടും കുടുംബോം എത്ര വെലപ്പെ ട്ടതാന്ന് ഗൾഫിലെ ജീവിതാണ് ന്നെ പഠിപ്പിച്ചത്. അവളേം മക്കളേം ഞാനൊന്ന് സ്‌നേഹിച്ചു തൊടങ്ങേര്ന്ന്. സ്വന്തായിറ്റ് ഒര് വീട് വേണന്ന് ആഗ്രഹിച്ച് തൊടങ്ങേര്ന്ന്. ഒക്കെ നശിപ്പിച്ചവള്. അവള്ക്ക് ന്നെ വേണ്ടാണ്ടായി"
കാട്ടുമാക്കാനെപ്പോലെയുള്ള അയാൾ കരഞ്ഞപ്പോൾ ഒരു പോത്ത് അമറുന്നത് പോലെ തോന്നി എനിക്ക്. ഞാൻ ഭയന്നു
ഇയാള് കരയേം ചെയ്യോ
ബ്രാഹ്മണിയമ്മ വീണ്ടും ചോദിച്ചു
"കുട്ട്യോള് "?
"അവരെ യെത്തീംഖാനെലാക്കി.ഇയ്ക്ക് തിരിച്ചു പോകാണ്ട് പറ്റൂല. അവള്ക്ക് വേണ്ടാത്രേ ന്റെ മക്കളെ, ഇയ്ക്ക് കളയാൻ പറ്റോ?"
അയാളത് പറഞ്ഞപ്പോ ഞാനോർത്തത്, അന്ന്‌ അടി കൊണ്ടു തളർന്നിട്ടും വിശന്നു പരവശയായിട്ടും മുമ്പിൽ ഭക്ഷണം വച്ചു കൊടുത്തപ്പോൾ നിറകണ്ണുകളോടെ ആ കുഞ്ഞു ചോദിച്ച ചോദ്യമാണ്.
"ന്റെ ഉമ്മച്ചി വല്ലതും കഴിച്ചാവോ"
ആ കുഞ്ഞിനെയാണല്ലോ അവൾ.....
മജീദിനോടു പറയാൻ ഞങ്ങൾക്കു വാക്കുകളുണ്ടായിരുന്നില്ല
ഞാനയാളുടെ മുഖത്തേയ്ക്കു നോക്കി.
ചിരിയ്ക്കുന്നുണ്ട് അയാൾ !
പരാജിതന്റെ ചിരി,അതോ വിജയിയുടെയോ ?
"ഇയ്ക്ക് ജീവിക്കണം, ന്റെ മക്കളെ പഠിപ്പിച്ചു വെല്ല്യ നെലേലാക്കണം, മാന്യായിറ്റ് ന്റെ മോളെ കെട്ടിച്ചയക്കണം, ഇതൊക്കെ നടക്കാൻ ഇങ്ങള് ദുആ ചെയ്യണം. മജീദ്‌ എന്നും കൊള്ളരുതാത്തോനേർന്ന് നാട്ടാര്ക്ക്. പക്ഷേങ്കില് എന്ത് കൊണ്ട് മജീദ്‌ ഇങ്ങനെയൊക്കെ ആയീന്നു ആരും ചോയ്ച്ചിറ്റില്ല. ഇനീപ്പം പറഞ്ഞിറ്റും കാര്യല്ല"
"നമുക്കു പോകാം ബ്രാഹ്മണ്യേമ്മേ"
ഞാനവരുടെ കൈ പിടിച്ചു വലിച്ചു.
തിരിച്ചു പോരുമ്പോൾ ബ്രാഹ്മണിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു
"സുകൃതക്ഷയം സുകൃതക്ഷയം.... അല്ലാണ്ടിപ്പോ ഇതFിനൊക്കെ എന്താ പറയാ ന്റെ കൃഷ്ണാ........... .

By
Sajna Shajahan

ഉന്മാദിനി


ഉന്മാദിനി
~~~~~~~~~
സ്വപ്‌നങ്ങൾ കാണുക എന്നത് എന്റെയൊരു ദുഃശീലമാണ്. ഒരു രാത്രിയിലും എനിയ്ക്കു ശാന്തമായി ഉറങ്ങാൻ സാധിക്കാറില്ല. മിയ്ക്ക രാത്രികളിലും ദുസ്സ്വപ്നങ്ങൾ കണ്ടു ഞെട്ടിയുണരും. പാമ്പു കൊത്താൻ വരുന്നതും ആന കുത്താൻ വരുന്നതും പട്ടി കടിയ്ക്കാനോടിയ്ക്കുന്നതുമൊക്കെയാണ് ഇതു വരെ കണ്ടിട്ടുള്ള ദുസ്സ്വപ്നങ്ങൾ !! ചിലപ്പോൾ ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന മലമുകളിൽ നിന്നും താഴേയ്ക്കു വീഴാൻ തുടങ്ങുന്നത്, മറ്റു ചിലപ്പോൾ തൂക്കു പാലത്തിലൂടെ നടക്കുമ്പോൾ താഴെയുള്ള സമുദ്രത്തിലേക്ക് തെറിച്ചു പോകുന്നത്...... അങ്ങനെയങ്ങനെ, വിചിത്രമായ സ്വപ്നക്കാഴ്ചകൾ എന്നും ഉറക്കത്തിൽ പതിവാണ്. 
അപൂർവ്വം ചിലപ്പോൾ മാത്രം കണ്ടിട്ടുണ്ട്, നിബിഡമായ വനത്തിന്റെ നിശ്ശബ്ദതയിലൂടെ എന്റെ മനുവിന്റെ കയ്യും പിടിച്ചു എങ്ങോട്ടോ നടന്നകലുന്നത്...... നിശ്ശബ്ദരായിരിയ്ക്കും അപ്പോൾ ഞങ്ങൾ രണ്ടു പേരും..... 
പക്ഷേ, ഹൃദയം ഹൃദയത്തോടു മന്ത്രിയ്ക്കുന്നത് അവനും എനിയ്ക്കും വ്യക്തമായി കേൾക്കാം. 
ആ സ്വപ്നം കണ്ടതിന്റെ പിറ്റേന്ന് ഞാനുണരുന്നത് പുതിയൊരാളായിട്ടായിരിയ്ക്കും. (ഗംഗ, നാഗവല്ലിയായി മാറുന്ന പരിണാമപ്രക്രിയയൊന്നുമല്ല കേട്ടോ).
ഒരു നവോന്മേഷം എന്നിൽ അലയടിച്ചുയരും. എന്നും രാവിലെ എഴുന്നേറ്റാലുടനെ കണ്ണാടിയിൽ നോക്കി പുഞ്ചിരിയ്ക്കണമെന്നതാണ് മനുവിന്റെ നിർദ്ദേശം. ഇങ്ങനെ ഉണരുന്ന ദിവസങ്ങളിൽ ഞാനതു കൃത്യമായി പാലിയ്ക്കാറുണ്ട്. ( അല്ലാത്ത ദിവസങ്ങളിൽ പ്രഭാതത്തിൽ കണ്ണാടി നോക്കുമ്പോൾ എനിയ്ക്കു ചിരിയ്ക്കാനല്ല തോന്നുക.)
സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണുന്ന കൂട്ടത്തിലാണ് ഞാൻ. ഒരു ഉറക്കമുണരലിനപ്പുറത്തേയ്‌ക്ക്‌ ഞാനവയെ കൂടെ കൂട്ടാറില്ല. 
കൂട്ടുകാർ പറയും, "നിനക്കെന്തോ കുഴപ്പമുണ്ട് മായേ, വാ നിന്നെ ഞങ്ങളൊരു മനശ്ശാസ്ത്രജ്ഞനെ കാണിയ്ക്കാം" എന്ന്. 
ഞാൻ കാണുന്ന ദുസ്സ്വപ്നങ്ങളേക്കാൾ ഭീകരമായി എനിയ്ക്കു തോന്നിയിട്ടുള്ളത് മനശ്ശാസ്ത്രജ്ഞൻമാരുടെ മുഖങ്ങളാണ്. അതുകൊണ്ട് ആ സാഹസത്തിനു ഞാൻ മുതിർന്നിട്ടില്ല. 
പക്ഷേ ഇന്നലെ ഞാൻ കണ്ട സ്വപ്നം വിചിത്രവും വിഭിന്നവുമായിരുന്നു. 
എല്ലാം ഭ്രാന്തികൾ !!!
പേടിപ്പെടുത്തുന്ന ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അവരെന്റെ ഉറക്കത്തെ ഹനിച്ചുകൊണ്ടേയിരുന്നു. 
ഞാൻ അലറിക്കരഞ്ഞു. 
ഞെട്ടിയുണർന്നു മനുവിനെ തിരഞ്ഞു. 
ഞാൻ 'മായ'യാണെന്നതു മറന്ന്... 
എത്രയെത്ര ഭ്രാന്തികളാണ് !!
എല്ലാം എനിയ്ക്കു പരിചയമുള്ളവർ. 
പ്രണയത്തിന്റെ പടുകുഴിയിൽ പതിച്ചപ്പോൾ സമനില തെറ്റിയവരാണ് ഏറെയും. 
കുട്ടിയോർമ്മകളിൽ എന്നും എന്റെ ഉറക്കത്തെ പിടിച്ചുലയ്ക്കാൻ വന്ന,ചന്ദ്രമതിയുടെ മകൾ കൈകേയി. 
കൈകേയിയെ ചങ്ങലയിൽ ബന്ധിച്ചു അവളുടെ മുടിയും മുലകളും ഛേദിച്ചു കളഞ്ഞ ക്രൂരയായ ചന്ദ്രമതി. അന്ന് അവർക്കും ഭ്രാന്താണെന്ന് നാട്ടുകാരൊക്ക പറഞ്ഞു. പക്ഷേ, ചന്ദ്രമതി ഒരു വലിയ ശരിയായിരുന്നുവെന്നു ഈ കലിയുഗം ഇന്നെന്നെ പഠിപ്പിയ്ക്കുന്നു. 
സ്കൂളിലേക്കുള്ള യാത്രാമദ്ധ്യേ ക്ഷേത്രവളവിലുള്ള ഇടവഴിയിൽ പതുങ്ങിയിരുന്ന് 
ഞങ്ങളെ കല്ലെറിഞ്ഞിരുന്ന അമ്മിണിയമ്മ.അവരുടെ ജഡ പിടിച്ച ചുരുണ്ട മുടി. അതിനകത്തിരുന്നു വിടർന്നു ചിരിയ്ക്കുന്ന ചെമ്പരത്തിപ്പൂക്കൾ.
മനു കൂടെയുള്ള ദിവസങ്ങളിൽ വലിയ ഉരുളൻ കല്ലുകൾ പെറുക്കിയെടുത്തു അമ്മിണിയമ്മയെ തിരിച്ചെറിയും. അവരുടെ നെറ്റി പൊട്ടലും മുതുകു വളയലുമെല്ലാം അന്നത്തെ നിത്യ സംഭവങ്ങൾ. 
പഠിത്തം കൂടിപ്പോയതിന്റെ പേരിൽ (എട്ടാംക്ലാസ് )
കാമുകൻ ഉപേക്ഷിച്ചപ്പോൾ സമനില തെറ്റിയ സീമന്തിനി... പകൽ നേരങ്ങളിൽ മാന്യതയുടെ മൂടുപടമണിയുന്ന കഴുകന്മാർ രാത്രിയുടെ ഇരുൾ നേരങ്ങളിൽ അവളുടെ അരയ്ക്കു താഴെ കാമവെറി തീർത്തപ്പോൾ, സീമന്തിനിയ്ക്കു മാത്രമായിരുന്നോ ഭ്രാന്ത് ?
വീർത്തുന്തിയ ഉദരത്തോടെ അവളെ ചുട്ടുകരിയ്ക്കുമ്പോൾ ആർക്കൊക്കെയായിരുന്നു ഭ്രാന്ത് ?അത്യാർത്തിയോടെ അവളെ വാരിവിഴുങ്ങുമ്പോൾ അഗ്നിനാളങ്ങൾക്കും 
ഭ്രാന്തായിരുന്നില്ലേ... ?
പ്രണയനൈരാശ്യം മൂലം ജീവനൊടുക്കിയ പ്രീ ഡിഗ്രി സഹപാഠി വാസവദത്ത... 
അവൾക്കു ഭ്രാന്താണെന്ന് അന്നത്തെ പ്രായത്തിന്റെ ചോരത്തിളപ്പിൽ ഘോരഘോരം വായിട്ടലയ്ക്കുമ്പോൾ, സത്യത്തിൽ ഞങ്ങളിൽ ആർക്കൊക്കെയായിരുന്നു ഭ്രാന്ത് ??പ്രണയം കൊണ്ടേറ്റ മുറിവുകളിൽ അന്നു ഞങ്ങളൊന്നു തലോടിയിരുന്നെങ്കിൽ ഇന്നും വാസവദത്ത ഈ ഭൂമിയിലുണ്ടാകുമായിരുന്നു. 
ഇന്നലെ ഈ ഭ്രാന്തികളെല്ലാം എന്റെ സ്വപ്നത്തിൽ വന്ന് ഉന്മാദ നൃത്തമാടി...... 
ആ നൃത്തച്ചുവടുകളുടെ ചടുലത എന്റെ ചിന്തകളെ വിഭ്രമിപ്പിച്ചു. എന്നെ അത്ഭുതപ്പെടുത്തി. 
ഞാൻ 'മായ' യാണെന്നതു വീണ്ടും മറന്നു. 
ഇപ്പോൾ ഈ നിമിഷത്തിൽ ഞാനൊരു സത്യം തിരിച്ചറിയുന്നു. ഇവർക്കൊന്നും യഥാർത്ഥത്തിൽ ഭ്രാന്തില്ലായിരുന്നു എന്ന വലിയ സത്യം. 
ഭ്രാന്ത്‌ എനിയ്ക്കാണ്. !!
അല്ലെങ്കിൽ ഇത്രയ്ക്കും തീക്ഷ്ണമായി ഞാനവനെ പ്രണയിച്ചു കൊല്ലുമോ ?
അദൃശ്യമായ ഒരു പ്രണയച്ചങ്ങലയിൽ അവനെ ബന്ധനസ്ഥനാക്കുമോ?
സ്വതന്ത്രമായി പറക്കാൻ അനുവദിയ്ക്കാതെ, ഒരു ജീർണ്ണിച്ച പ്രണയക്കുപ്പായത്തിൽ പൊതിഞ്ഞു വച്ച് ഞാനവന്റെ ചിറകുകൾ കരിയിച്ചു കളയുമോ ?
അവൻ തന്നെ പ്രണയമാണ് എനിയ്ക്ക്. 
പകൽസ്വപ്ന വേളയിലെല്ലാം, മുഖം എന്റെ മാറോടു ചേർത്തു വച്ചവൻ. 
എന്റെ അധരങ്ങളിൽ അമർത്തിയ ചുംബന മുദ്രകളിൽ ഒരു പ്രണയലോകം തീർത്തവൻ. 
എന്റെ ശരീരത്തിൽ ഒരു പ്രണയ ലതയായി പടർന്നു കയറിയവൻ...
ഗന്ധർവ്വനായിരുന്നു അവൻ..... !!
ദുസ്സ്വപ്നം കാണാത്ത രാത്രികളിൽ എന്റെ കിടപ്പറയിൽ വന്ന് എന്നെ പ്രാപിച്ചു മടങ്ങിയവൻ. 
ഞാൻ 'മായ'യാണെന്നറിയാതെ.. എന്നിൽ വികാരമായി പടർന്നവൻ. 
ഇപ്പോൾ നിങ്ങൾ പറയൂ, ആരാണു ഭ്രാന്തി... ?

By
Sajna Shajahan

യാത്രാമൊഴികളില്ലാതെ.......


നിനക്ക്....
ഞാനിപ്പോൾ മരണത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.
ആളിപ്പടരുന്ന അഗ്നിയായി എന്നെ വിഴുങ്ങുന്ന മരണം !!
അല്ലെങ്കിൽ തെക്കിനിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന മരണം !!
അതുമല്ലെങ്കിൽ, കുട്ടിക്കാലത്തു നമ്മൾ നീന്തിത്തുടിച്ച, ആർപ്പു വിളിച്ചും ഓളം തല്ലിയും തിമിർത്തു രസിച്ച പുഴയുടെ ആഴങ്ങളിലേക്ക് ഊളിയിടുന്ന മരണം!!
നിനക്കറിയാമോ മരണവും എനിക്കിപ്പോൾ ഒരനിവാര്യതയാണെന്ന് ? പ്രണയം പോലെ... ??
ആരോ പറഞ്ഞിട്ടില്ലേടാ, ജീവിതത്തിന്റെ വിരാമതിലകമാണ് മരണമെന്ന് ?
ആരാ അങ്ങനെ പറഞ്ഞത് ? നിനക്കറിയാതിരിക്കില്ല, കേട്ടതെല്ലാം ഓർമ്മിച്ചു വെയ്ക്കാൻ പണ്ടും നീയായിരുന്നു മിടുക്കൻ. ഞാൻ അന്നും ഒരു പൊട്ടിപെണ്ണ്.....
"മന്ദബുദ്ധി" എന്നു നിനക്കു കളിയാക്കി വിളിക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ ഞാനെന്ന് ശാരദേടത്തി എപ്പോഴും ചോദിക്കാറില്ലെടാ?
പക്ഷേ എത്ര കളിയാക്കിയാലും നമുക്കു പരസ്പരം ഒരുപാട് ഇഷ്ടമായിരുന്നില്ലേ?
ഇപ്പൊ തോന്നുന്നു നമ്മൾ വളരേണ്ടിയിരുന്നില്ല അല്ലേ ? നമ്മൾ മാത്രമല്ല, അപ്പുവും ബാലയും ശ്രീക്കുട്ടിയും പ്രകാശും നന്ദിനിയും ആരും......
വളർന്നപ്പോൾ എന്തെല്ലാമാണ് നമുക്കു നഷ്ടമായത്.... !
കാലം എന്തെല്ലാമാണ് നമുക്കു നഷ്ടപ്പെടുത്തിയത്...... !
ഓ, അതും ഒരനിവാര്യതയാണല്ലോ അല്ലേ ?
ഇപ്പോൾ, ഇവിടെ ഈ ഏകാന്തതയിൽ ഒറ്റക്കിരിക്കുമ്പോൾ ആരോ എന്നെയൊരു തടവുകാരിയാക്കിയത് പോലെ...
ഞാൻ തനിച്ച്.....
ഈശ്വരാ.... പണ്ടൊക്കെ ത്രിസന്ധ്യക്ക് നിലവിളക്കു കത്തിച്ചാൽ പിന്നെ ഉമ്മറത്തേക്കു പോലും തനിച്ചു പോകാൻ ഭയന്നിരുന്ന ഞാനിപ്പോൾ.....
ഏകാന്തത എത്ര ഭയാനകമാണെന്നു നീ അറിയുന്നുണ്ടോ ?
എനിക്കു പേടിയാവുന്നു മനു......
ജീവിതത്തിൽ ഒരവസരത്തിലല്ലെങ്കിൽ മറ്റൊരിക്കൽ, തീർച്ചയായും നമ്മൾ ഒറ്റക്കായിപ്പോവും അല്ലേ ?
എനിക്കിപ്പോൾ തീരെ വയ്യാതായിരിക്കുന്നു ;ഒന്നിനും... ഒന്നു പൊട്ടിക്കരയാൻ പോലും......
എന്റെ മനസ്സും ശരീരവും അത്രമേൽ മരവിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
എങ്കിലും ചിലപ്പോഴൊക്കെ മുറിവേറ്റു വിങ്ങുന്ന ഹൃദയത്തിന്റെ തേങ്ങൽ എനിക്കു കേൾക്കാം.
നീയുണ്ടായിരുന്നെങ്കിൽ നിനക്കു മാത്രം കേൾക്കാൻ കഴിയുമായിരുന്ന തേങ്ങൽ...
എനിക്കെന്റെ അമ്മയെ ഓർമ്മ വരുന്നു മനു...
തുളസിക്കതിരിന്റെ നൈർമ്മല്യമുള്ള ഒരോർമ്മ....
എന്റെ അമ്മ !
കഞ്ഞിപ്പശ മുക്കി ഉണക്കിയ നേര്യതിന്റെയും കാച്ചെണ്ണയുടെയും തൈരിൽ കുഴച്ച ചോറുരുളയുടേയും ഓർമ്മ എന്നെ കരയിക്കുകയാണ്.......
ഒരു ദീനക്കാരിയായിരുന്നിട്ടും ഞാനെന്നും അമ്മയുടെ ചെല്ലക്കുട്ടി തന്നെയായിരുന്നു.
പാവം അമ്മ........ ഞാനായിരുന്നോ അമ്മയുടെ വലിയ വേദന..... ??
ഇപ്പൊ അമ്മയുണ്ടായിരുന്നെങ്കിൽ......
വേണ്ട ; എന്നെ ഈ അവസ്ഥയിൽ കാണുന്നത് എന്റമ്മ സഹിക്കില്ല. അവരെല്ലാം നേരത്തേ പോയതു നന്നായി. അല്ലേ ?
അപ്പുറത്തെ മുറിയിൽ ഡെങ്കിപ്പനി പിടിച്ചു കിടക്കുന്ന കുട്ടിയുടെ അമ്മ ചിലപ്പോഴൊക്കെ എന്റടുത്തു വന്നിരിയ്ക്കും. അന്നേരം ഒരു സുരക്ഷിതത്ത്വമൊക്കെ അനുഭവപ്പെടാറുണ്ട് ട്ടൊ. ഇന്നലെ എന്റെ നെറ്റിയിൽ തലോടിക്കൊണ്ട് അവർ പറയാ "പേടിക്കണ്ട കുട്ട്യേ എല്ലാം സുഖാവും"ന്ന്. അപ്പോഴാണ് ആ വാക്കിനെ കുറിച്ച് ഞാനോർമ്മിച്ചത്.
നിനക്കു സുഖമല്ലേ ??
പണ്ടത്തെ പോലെ കുസൃതി കാട്ടി തൊടിയിലും പുഴയോരത്തും ഓടിനടക്കാറുണ്ടോ നീയിപ്പോഴും?
എന്നെ ഗ്രസിച്ചിരിക്കുന്ന ഈ ഭയാനകമായ ഇരുട്ടിൽ ചിലപ്പോഴൊക്കെ ആ നിഷ്കളങ്ക ബാല്യത്തിന്റെ ചിത്രം ഒളിമിന്നി മറയാറുണ്ട്. എന്നെ കരയിയ്ക്കാൻ വേണ്ടി മാത്രം...
പക്ഷേ അപ്പോഴും സത്യമായും എനിയ്ക്കു കരയാൻ സാധിക്കാറില്ല. മതിവരുവോളം ഒന്നു പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ......മനസ്സിൽ തിങ്ങി നിൽക്കുന്ന ഈ കണ്ണീർ മേഘങ്ങളൊന്നു പെയ്തൊഴിഞ്ഞിരുന്നെങ്കിൽ.......
എങ്കിൽ എനിക്കെന്നെ തിരിച്ചു കിട്ടിയേനെ. മനു,
ഇന്നു കാലത്തു എന്നെ നോക്കാൻ വന്ന, ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടർ ചോദിക്ക്യാ, എന്റെ പേരെന്താണെന്ന്.
അതുപോലും എനിക്കോർമ്മയില്ലെടാ.
നിനക്കോർമ്മയുണ്ടോ എന്റെ പേരെന്താണെന്ന് ?
എനിക്കിപ്പോൾ കടുംകറുപ്പു നിറമുള്ള മരണത്തെ മാത്രമേ ഓർമ്മയുള്ളു. ഞാൻ നോക്കി നോക്കി നിൽക്കേ, എന്റമ്മയെ എന്നിൽ നിന്നും അടർത്തിക്കൊണ്ടുപോയ കടും കറുപ്പു നിറമുള്ള മരണത്തെ..... അതിപ്പോഴും ഇവിടെ എവിടെയോ പമ്മിപ്പമ്മി നിൽപ്പുണ്ടെന്നു ഞാനറിയുന്നു.
ഞാനെപ്പോഴാണ് മനു ഇങ്ങനെ അസ്ഥിത്വം പോലും നഷ്ട്ടപ്പെട്ടവളായതു ?
എവിടെയാണ് എനിക്കെന്റെ മുഖം നഷ്ടമായത് ??
എന്നു മുതലാണ് ആർക്കും എന്നെ വേണ്ടാതായത്.. ?
മനു, എനിക്കിപ്പോൾ ഉറക്കവും നഷ്ടമായിരിക്കുന്നു. ഒരു രാത്രിയിലും എനിക്കുറങ്ങാൻ കഴിയുന്നില്ല. കണ്ണടക്കുമ്പോൾ, തലയില്ലാത്ത കുറേ രൂപങ്ങൾ എന്റെ മുന്നിൽ നൃത്തമാടുന്നത് പോലെ തോന്നും.
പാദങ്ങൾ നിലം തൊടാതെ നൃത്തമാടുന്ന രൂപങ്ങൾ !!
ചിലപ്പോഴൊക്കെ അവ എന്റെ കഴുത്തിൽ ശക്തിയായി ഞെരിക്കുന്നതു പോലെ തോന്നും.
എന്റെ സിരകളിൽ....... ഹൃദയത്തിൽ.... വിരലുകളിൽ...... വേദന, കടുത്ത വേദന അരിച്ചിറങ്ങും.
ഇതാണോ മരണം ?
ഈശ്വരാ, ഇങ്ങനെയായിരിക്കരുതേ മരണമെന്ന് അപ്പോൾ ഞാൻ പ്രാർത്ഥിക്കും.
ആ നിമിഷം.......
ചന്ദന മണമുള്ള നിന്റെ വിരലുകളുടെ തണുപ്പ് ഒരു സാന്ത്വനമായി എന്നെ വന്നു പൊതിയും.
ഞാനിപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന തിരിച്ചറിവുണ്ടാവുന്നതു അപ്പോഴാണ്.
മനു, നീ ജീവിച്ചിരിക്കുന്ന ഈ ലോകം വിട്ട് എനിക്കെങ്ങോട്ടും പോവണ്ട. ഒരു യമദേവനും ഞാൻ പിടി കൊടുക്കില്ല. എനിക്കു മരിക്കണ്ട മനു.
നീ എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണം.
എനിക്ക് സുഖമാവാനല്ല ;
നീ ജീവിയ്ക്കുന്ന ഈ ലോകത്തു നീ ജീവിച്ചിരിയ്ക്കുന്ന കാലമത്രയും എന്നെയും ജീവിപ്പിക്കണേ ഈശ്വരാ എന്ന്‌.
അത്രയും മതി ; അത്ര മാത്രം.....
നീയെന്നാണ് എന്നെ കാണാൻ വരുന്നത് ?
നിന്നോട് ഒരു പാടു സംസാരിക്കാനുണ്ട് എനിക്ക്; ഒരു പാട് !
പണ്ട് തൃക്കാർത്തികയ്ക്ക് മൺചെരാതുകളിൽ ദീപങ്ങൾ തെളിയിയ്ക്കുമ്പോൾ, തിരുവാതിരക്കാലത്തു തൊടിയിൽ ഊഞ്ഞാലു കെട്ടി ആടുമ്പോൾ, നടുമുറ്റത്തേക്കു ഒഴുകിയിറങ്ങുന്ന നിലാപ്പെയ്ത്തിൽ തനിയേ ഇരിക്കുമ്പോൾ... ഒക്കെ ഒരുപാടു സംസാരിക്കാറില്ലേ നമ്മൾ ?
പ്രാതലും അത്താഴവും വരെ വേണ്ടെന്നു വച്ച് എത്രയോ ദിവസങ്ങൾ സംസാരിച്ചും കളിച്ചും ചിരിച്ചും നമ്മൾ വിശപ്പു കെടുത്തി... ?
"ഇതിനും മാത്രം എന്താ ഈ കുട്ടികൾക്ക് പറയാനുള്ളതെന്റെ ഈശ്വരാ" എന്ന്‌ എത്ര തവണ ശാരദേടത്തി പതം പറഞ്ഞിരിക്കുന്നു.....
എവിടെപ്പോയെടാ ആ നല്ല നാളുകൾ...... ?
എന്നും മാറോടണച്ചു പിടിക്കണമെന്ന് നമ്മൾ ഒരുപോലെ ആഗ്രഹിച്ച,സന്തോഷം മാത്രം തന്ന ആ നല്ല നാളുകൾ.....??
ഈശ്വരാ......
ഒരിക്കൽ, ഒരിക്കൽ മാത്രം, നമുക്കൊന്നു പിന്തിരിഞ്ഞോടാൻ കഴിഞ്ഞിരുന്നെങ്കിൽ......
മനു, ഇപ്പൊ എനിക്ക് തോന്നുന്നു, നിന്നെ കാണാത്തതു കൊണ്ടാണ് ഞാനിത്രയ്ക്കു അവശയായിരിക്കുന്നതെന്നു.
നീ വന്നാൽ, നിന്റെ കൈത്തലോടലേറ്റാൽ, ഇനിയും എനിക്കൊരു പുനർജ്ജനിയുണ്ടാവില്ലേടാ?
ആഹാ നീ വരുന്നുണ്ടോ ??
പുറത്തൊരു കാൽപ്പെരുമാറ്റം കേട്ട പോലെ.. ?
അല്ല, അതു നീയല്ല, നിന്റെ കാലൊച്ച പോലും എനിയ്ക്കു ഹൃദിസ്ഥമാണെന്ന് നിനക്കറിയാമോ ?
ഇതു പക്ഷേ ഒരു പാടു പേരുണ്ടല്ലോ ?
നോക്കൂ മനു, ഇത് ആ ടാഗോറിന്റെ മുഖമുള്ള വയസ്സൻ ഡോക്ടറും വേറെ ചിലരുമൊക്കെയാ........
നോക്കിക്കേ, ഇവരെന്താ ഈ കാണിയ്ക്കുന്നേ??
മനു ഒന്നിങ്ങോട്ടു വരുന്നുണ്ടോ ?
ഇവരിതാ എന്റെ കയ്യിലേയും മൂക്കിലേയുമൊക്കെ ട്യൂബുകൾ അഴിച്ചു മാറ്റുന്നു.
ഇതൊക്കെ എടുത്തു മാറ്റിയാൽ ഞാൻ മരിച്ചു പോവില്ലേ ?
നീയൊന്നു പറഞ്ഞേ ഇവരോട്.
നോക്കൂ മനു, ഡ്രിപ്‌സിന്റെ സ്റ്റാൻഡും ഇവരൊരു മൂലയിലേക്കു നീക്കിവച്ചു.
ഈ നേഴ്‌സുമാർക്ക് യാതൊരു ദയയുമില്ലേ ?
അത്യാസന്ന നിലയിൽ കിടക്കുന്ന ഒരു രോഗിയോട് ഇവരെന്താ ഇത്ര ക്രൂരമായി പെരുമാറുന്നത് ?
നീയുണ്ടായിരുന്നെങ്കിൽ അവരിങ്ങനെ ചെയ്യുമായിരുന്നോ?
ആ ഡോക്ടർ പക്ഷേ, രണ്ടു തുള്ളി വെള്ളം എന്റെ ചുണ്ടിലേക്കു പകർന്നു തന്നു.
മനു, എത്ര നാളയെന്നോ ഞാൻ വായിലൂടെ വല്ലതും കഴിച്ചിട്ട് ?വെള്ളത്തിനിപ്പോ എന്തൊരു സ്വാദാ, നമ്മുടെ തറവാട്ടു വളപ്പിലെ കൽക്കിണറിലെ വെള്ളത്തിന്റെ അതേ സ്വാദ്.
പക്ഷേ പിന്നെ തന്നില്ലാ ട്ടൊ.
മനു, ദാ കണ്ടോ അവരെന്റെ കൈകൾ രണ്ടും മടക്കി നെഞ്ചോടു ചേർത്തു വച്ചു. കാലിന്റെ തള്ളവിരലുകൾ രണ്ടും ചേർത്ത് ഒരു തുണിച്ചീന്തു കൊണ്ടു കെട്ടി. എന്തിനാ ഇങ്ങനെയൊക്കെ ?
ദേ, ആ ഡെങ്കിപ്പനി പിടിച്ച കുട്ടീടെ അമ്മ വാതിൽക്കൽ വന്നു നിന്ന് എന്നെ നോക്കി വിതുമ്പിക്കരയുന്നു.
എല്ലാം സുഖാവും ന്നു പറഞ്ഞിട്ട്, ഇവരെന്തിനാ ഇപ്പൊ കരയുന്നേ ??
മനു ഇതു കണ്ടോ?ഡോക്ടർ എന്റെ കണ്ണുകൾ ഒന്നുകൂടി അമർത്തിയടച്ചു.
എനിക്കു സങ്കടം വരുന്നുണ്ട് ട്ടൊ.
ഞാനെപ്പോഴും കണ്ണടച്ചു കിടന്നിരുന്നത് ഉറങ്ങാനായിരുന്നില്ല, അകക്കണ്ണു കൊണ്ട് നിന്നെ കാണാനായിരുന്നു.
നോക്കെടാ ഇവരെന്റെ മൂക്കിനകത്തു പഞ്ഞിയെല്ലാം തിരുകി വെയ്ക്കുന്നു.
അയ്യോ ദേ ഒരു വെള്ള പുതപ്പു വലിച്ചു എന്റെ മുഖത്തേക്കിടുന്നു. എനിക്കു ശ്വാസം മുട്ടില്ലേ ?
എന്നെ കൊല്ലുകയാണോ ഇവരെല്ലാം കൂടെ ?
മനു എനിയ്ക്കു മരിക്കണ്ട, മരിക്കണ്ട ടാ.
എനിക്കിനിയും ജീവിക്കണം; നീ ജീവിക്കുന്ന ഈ ലോകത്ത്‌.
എനിക്കു നിന്നെ കണ്ടു മതിയായില്ല
നിന്നോടു സംസാരിച്ചു മതിയായില്ല
നിന്നോടൊപ്പം ജീവിച്ചു മതിയായില്ല
നിന്നെ സ്നേഹിച്ചു സ്നേഹിച്ചു കൊതി തീർന്നില്ല.

By
Sajna Shajahan

കനൽച്ചൂടിൽ ഒരു പാഴ്ജന്മം


അന്നൊരു ഞായറാഴ്ചയായിരുന്നുവെന്നാണ് ഓർമ്മ, ചെറുതായി മഴയുണ്ട്. ചൂടുചായയുമായി ദിനപത്രത്തിലേക്കു ഊളിയിടാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ ഫോൺ. സമയം ആറര കഴിഞ്ഞതേയുള്ളൂ. സാധാരണ ഈ സമയത്തു വിളിക്കുന്ന പതിവില്ല. അഥവാ വിളിക്കുന്നുണ്ടെങ്കിൽ തന്നെ അത് ആരുടെയെങ്കിലും മരണം അറിയിക്കാനായിരിക്കും. സ്വന്തക്കാരും ബന്ധക്കാരും നാട്ടുകാരുമൊക്കെയായി ഒരു പാടു പേരുണ്ടല്ലോ.
ഇന്നാർക്കാണാവോ നറുക്കു വീണത് ?
വാപ്പയുടെ മരണശേഷം ഒരു മരണകോളുകളും എന്നെ വേദനിപ്പിക്കാറില്ല.തളർത്താറുമില്ല.
എപ്പോഴും ഒരുതരം നിസ്സംഗത,ജീവിതത്തിലുടനീളം...
എങ്കിലും അൽപ്പം ആകാംക്ഷയോടെയാണ് ഞാൻ കോള് എടുത്തത്.
അപ്പുറത്തു ഉമ്മയുടെ വിറയാർന്ന സ്വരം.
മരണവാർത്ത അറിയിക്കുമ്പോൾ സ്വരം പരമാവധി നേർപ്പിച്ചും വിറപ്പിച്ചും വേണമെന്നതു ആരുണ്ടാക്കിയ നിയമമാണോ ആവോ?
"മോളെ ,നമ്മുടെ രമ മരിച്ചു".
ഇത്തവണ വിറച്ചതു എന്റെ ശബ്ദമാണ്.
"രമയോ എപ്പോ"
"ദേ ഇപ്പൊ തന്നെ, ചായകൊടുക്കാൻ വേണ്ടി പ്രേമ ചെന്നു വിളിച്ചപ്പോ അനക്കല്ലാണ്ട് കേടക്കേർന്നു ന്ന്‌. ഡോക്ടറെ കൊണ്ടന്നപ്പോ മരിച്ചിട്ടു രണ്ടു മണിക്കൂറെങ്കിലും ആയിട്ട്ണ്ടാവുംന്നു പറഞ്ഞത്രേ.
എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്‌തു.
"മോൾ വരണുണ്ടാ"എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
സത്യത്തിൽ അവൾ മരിക്കുകയായിരുന്നോ അതോ ജനിക്കുകയോ ?
കഴിഞ്ഞ തവണ ഗുരുവായൂർ പോയപ്പോഴും രമയെ കാണാൻ പോയിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ചങ്ങലയിൽ ബന്ധിതമായ ഒരു ജന്മം. ഹൃദയത്തിൽ ഒരിത്തിരി നീറ്റലോടെയല്ലാതെ രമയെ ഓർക്കാൻ ഒരിക്കലും എനിക്കു കഴിഞ്ഞിട്ടില്ല.
എന്റെ ബാല്യകൗമാരങ്ങളുടെ ഓർമപ്പച്ചയിൽ, ഉണങ്ങിയ ഒരു കാറ്റാടി മരമായി രമ എന്നും വേറിട്ടു നിന്നിരുന്നു.
സാമ്പത്തിക പരാധീനത ഏറെയുള്ള ഒരു വീട്ടിലെ നാലു മക്കളിൽ മൂത്തവളാണ് രമ. അവൾക്കു താഴെ രണ്ടു പെണ്ണും ഒരാൺകുട്ടിയും. രമയുടെ അച്ഛൻ മുറുക്കാൻ കട നടത്തിയും അമ്മ അയൽവീടുകളിൽ വീട്ടുപണി ചെയ്തതുമാണ് കുടുംബം പുലർത്തിയിരുന്നത്.
രമ ജന്മനാ ശോഷിച്ച പ്രകൃതമാണ്. സുമയാണ് ഇച്ചിരി മുഴുപ്പും മിനുപ്പുമൊക്കെയുള്ളവൾ. രാജേഷും സിമിയും അന്നു ചെറിയ കുട്ടികളാണ്, രണ്ടും നാലും വയസ്സു പ്രായക്കാർ.
സ്കൂൾ വിട്ടു വരുന്ന വൈകുന്നേരങ്ങളിൽ ഞങ്ങളുടെ വിശാലമായ പറമ്പിൽ എല്ലാവരും ഒത്തുകൂടും. ഒരു പെൺപട തന്നെയുണ്ടാവും. പിന്നെ ഭൂലോകം കീഴ്മേൽ മറിക്കലാണ്. കടപുഴകി വീണു കിടക്കുന്ന തെങ്ങിൻ തടിയിൽ രമ ഇരിപ്പുറപ്പിക്കും. ഞാനാ തെങ്ങിൻ തലപ്പത്തു കേറിനിന്നു ആടും. രമയപ്പോ കുടുകുടാ ചിരിക്കും "ഞാൻ വീഴുട്ടാ"എന്നു പറഞ്ഞു. രമയ്ക്ക് അധികം ഓടാനും ചാടാനുമൊന്നും വയ്യ. എപ്പോഴും എന്തെങ്കിലും അസുഖം കാണും അവൾക്ക്. മാത്രമല്ല, അമ്മയുടെ അഭാവത്തിൽ ഇളയതുങ്ങളെ നോക്കേണ്ട ബാധ്യതയും അവളുടേതാണ്. നാലാം ക്ലാസ് വരെ മാത്രമേ രമ ക്ലാസ്സിൽ പോയിട്ടുള്ളൂ. പഠിക്കാനും മോശമായിരുന്നു അവൾ. മെലിഞ്ഞ ശരീരവും പുറത്തേക്കുന്തിയ വലിയ കണ്ണുകളുമുള്ള രമയുടെ രൂപം ചിലപ്പോഴൊക്കെ സ്വപ്നത്തിൽ വന്നെന്റെ ഉറക്കം കളയാറുണ്ട്.
ഞാൻ വാപ്പയോടു പറയും "നമുക്കാ രമയെ ഏതെങ്കിലും നല്ല ഡോക്ടറെ കാണിക്കാം, കുറേ നല്ല മരുന്നും പിന്നെ പോഷകാഹാരവും ഒക്കെ ചെല്ലുമ്പോ ചിലപ്പോ അവളൊന്നു നന്നായാലോ"
അതിനപ്പുറവും ചെയ്യാൻ തയ്യാറുള്ള വിശാലഹൃദയനായിരുന്നു എന്റെ വാപ്പ. പക്ഷെ എന്തു ചെയ്തിട്ടും രമ നന്നായില്ല. ശരീരം പുഷ്ടി പ്രാപിച്ചില്ല, കുറേ ഉയരം വച്ചുവെന്നല്ലാതെ.....
ഞാനെന്നും അവളെ സഹതാപത്തോടെ നോക്കി. കാലം ഞങ്ങളിലെല്ലാം അതിന്റെ കലാവിരുതുകൾ പ്രകടിപ്പിച്ചപ്പോൾ രമയെ മാത്രം വെറുതെ വിട്ടു.
അവൾക്കു സ്വപ്നങ്ങളുണ്ടായിരുന്നോ?
ജീവിതം ഒരിക്കലും അതിന്റെ നിറക്കാഴ്ചകൾ രമയെ കാണിച്ചിട്ടില്ലെന്നു തോന്നും, ആ കണ്ണുകളിലെ നിസ്സംഗത കാണുമ്പോൾ....
ഞാൻ ചിലപ്പൊഴൊക്കെ അവളോടു ചോദിക്കും
"വലുതായിട്ടു ആരവനാണ് രമേടെ ആഗ്രഹം"
അവൾ തിരിച്ചു ചോദിക്കും
"അയിന് ഞാൻ വെൽദാവോ"
"പിന്നേ, വലുതാവൂലൊ, അല്ലാണ്ട് പിന്നെ എന്നും ഇങ്ങനെ കുട്ട്യായിട്ടു ഇരിക്കാമ്പറ്റോ"
അപ്പൊ അവൾ പുഴുപ്പല്ലു കാട്ടി ചിരിച്ചുകൊണ്ട് പറയും
"ട്ടീച്ചറ്, യ്ക്കു ട്ടീച്ചറായാ മതി"
അക്കാലത്തെ എല്ലാ ശരാശരി പെൺകുട്ടികളുടെയും ആഗ്രഹം അതായിരുന്നു.
"ട്ടീച്ചറായാ എന്തു രസാ ബേഗൊക്കെ തൂക്കി സാരിയുടുത്തു സ്ക്കൂള് പുവ്വാലോ, പഠിക്കാത്ത കുട്ട്യോളെ ചൂരലോണ്ട് തല്ലാ, ഗെമേലങ്ങനെ ഇരിക്കാ"
ഞാനവളെ വീണ്ടും സഹതാപത്തോടെ നോക്കും. നാലാം ക്ലാസ് പോലും പൂർത്തിയാക്കാത്ത രമ...
പക്ഷെ, ജീവിതത്തിലും ഈശ്വരൻ അവളെ ക്രൂരമായി തോൽപ്പിച്ചു കളയുമെന്ന് അന്നൊന്നും ഞാൻ വിചാരിച്ചതേയില്ല.
ഇളയ കുട്ടികളെ നോക്കാനായി ഉഴിഞ്ഞിട്ടു രമയുടെ ജീവിതം.കരി പുരണ്ട അടുക്കളച്ചുവരും കിണറു വക്കും മാത്രമായി അവളുടെ ലോകം ഒതുങ്ങി. ഞാൻ പ്രീ ഡിഗ്രി യിലേക്ക് കാലെടുത്തു വച്ചതോടെ ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്‌ചയും കുറഞ്ഞു. കോളേജ് കുമാരിയായി എന്നൊരു നേരിയ അഹന്തയുടെ പിൻബലത്തോടെ ഞാൻ മനഃപൂർവം വരുത്തി വച്ച സമയമില്ലായ്മയാണോ അതെന്നു പിന്നീടു പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ടു.പ്രേമ ആഴ്ചയിലൊരിക്കൽ ഞങ്ങളുടെ വീട്ടിലും പണിക്കു വരും. ഇടയ്ക്കു കാണുമ്പോ ഞാൻ രമയെ തിരക്കും. അവ്ടെണ്ട് മോളെ എന്നൊരു നിർവികാരമായ മറുപടി കിട്ടും. എന്തു കൊണ്ടോ പിന്നീടൊന്നും ചോദിക്കാൻ തോന്നാറില്ല എനിക്ക്. പറയാൻ അവർക്കും താല്പര്യമില്ലായിരുന്നിരിക്കും.
ഞാപിന്നെ എന്റെതായ തിരക്കുകളിലേക്ക് മടങ്ങി. മാസങ്ങൾ കുറേ കടന്നുപോയി. ഒരു ഓണക്കാലത്തു ഉപ്പേരിയും കായക്കുലയും മറ്റുമായി പ്രേമ വന്നപ്പോൾ ഞാൻ പറഞ്ഞു "രമയോടൊന്നു വരാൻ പറ കുറേ നാളായി കണ്ടിട്ട്."
"രമ ഇവിടില്ല്യ മോളെ, അമ്മായി കൊണ്ടോയി, സുമനേം കൊണ്ടോയിണ്ട്"
എനിക്കൊന്നും പിടി കിട്ടിയില്ല. ഇവരുടെ ദാരിദ്ര്യം മൂലം അമ്മായി തൽകാലം സംരക്ഷണച്ചുമതല ഏറ്റതാവാം എന്നു ഞാൻ കരുതി. പക്ഷെ അതൊന്നുമായിരുന്നില്ല അമ്മായിടെ ഉദ്ദേശമെന്ന് പിന്നെയും ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. കൗശലക്കാരിയായ അമ്മായിക്ക് ഒരു മകനുണ്ട്. അവനൊരു പെണ്ണു വേണം. രമയെയും സുമയെയും ഒരു മാസം വീട്ടിൽ നിർത്തി നോക്കിയിട്ടു, വീട്ടുഭരണത്തിൽ ആർക്കാണോ കൂടുതൽ വൈഭവം അവരെ സ്വീകരിക്കാം എന്ന നിലപാടിലാണ് ഈ റിഹേഴ്സലിനു അവരെ കൊണ്ടു പോയത്. ആ മകൻ എന്തു മണ്ണുണ്ണിയാണാവോ എന്നു ഞാൻ മനസ്സിലോർത്തു.
സ്വാഭാവികമായും കുറി വീഴുക സുമയ്ക്കു ആയിരിക്കയുമല്ലോ, രമ നിഷ്കരുണം തഴയപ്പെട്ടു. സുമ സുമംഗലിയായി.
രമയുടെ അന്നത്തെ ആ കണ്ണീരണിഞ്ഞ ദയനീയ മുഖം ഇന്നും എന്റെ ഓർമ്മയിലുണ്ട്. അവഗണിക്കപ്പെടുന്നതിന്റെ കഠിന വേദന, അവളുടെ മുഖത്താണ് ഞാനാദ്യമായി കണ്ടത്....
എന്തു കൊണ്ടോ ഞാനാ വിവാഹത്തിന് പോയില്ല. "എന്തു പണിയാ പ്രേമേ നിങ്ങൾ കാണിച്ചതെ"ന്ന് ഉമ്മ ചോദിച്ചപ്പോൾ പ്രേമ കരഞ്ഞു കൊണ്ടു പറഞ്ഞു "ഔദാര്യമായിട്ടാണെങ്കിലും ഒരെണ്ണത്തിനെങ്കിലും ഇറക്കി വിടാൻ പറ്റിലെ ഇത്താ, അതും കൂടെ പെര നെറഞ്ഞു നിന്നാ ഞാനും അപ്പുട്ടിയേട്ടനും ആധി മൂത്തു ചാവെള്ളു". ആ സങ്കടപ്പുഴയിൽ, ഞങ്ങൾ കരുതി വച്ച വാക്കുകളത്രയും ഒഴുകിപ്പോയി.........വലിയ ദുരൻദം സംഭവിച്ചത് പിന്നീടാണ്....
ആ വിവാഹം രമയുടെ സമനില തകർത്തു. ഏറെ നാൾ അവൾ മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചു... പിന്നെ പതിയെ ഭ്രാന്തിന്റെ ചേഷ്ടകളിലേക്കു.......... ഏറ്റവുമൊടുവിൽ ചങ്ങലയുടെ ബന്ധനത്തിലേക്കും...........
ഊണും ഉറക്കവുമില്ലാത്ത അവസ്ഥയെന്നൊക്കെ ഞാൻ വായിച്ചു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു......
പക്ഷെ രമയിൽ, അക്ഷരാർത്ഥത്തിൽ ആ അവസ്ത്ഥ ഞാൻ പരിപൂർണ്ണമായി കണ്ടു.
സന്തോഷിന്റെ പേരും ഉരുവിട്ട് ദിവസങ്ങളോളം അവൾ ഉറങ്ങാതിരുന്നു.
ആ തുറിച്ച കണ്ണുകൾ ഒന്നു കൂടി വലുതാക്കി, അവൾ ലോകത്തെ മുഴുവൻ പകയോടെ നോക്കുന്നതു പോലെ എനിക്കു തോന്നി.
പക്ഷേ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതും സങ്കടപ്പെടുത്തിയതും മറ്റൊന്നായിരുന്നു. രമയെ കാണാൻ ആരു ചെന്നാലും, അതു സ്വന്തക്കാരോ നാട്ടുകാരോ അയൽക്കാരോ സ്ത്രീയോ പുരുഷനോ പ്രായമായവരോ കുഞ്ഞുങ്ങളോ ആരായാലും അവരോടൊക്കെ അവൾ, സ്ത്രീ -പുരുഷ ലൈംഗികാവയവങ്ങളുടെ പേരുകൾ പച്ചക്കു പറഞ്ഞു അതു കൊണ്ടുവന്നിട്ടുണ്ടോ എന്നു ചോദിക്കുമായിരുന്നു. ഹൃദയഭേദകമായിരുന്നു ആ ചോദ്യം. മനസ്സാക്ഷിയുള്ള ആർക്കും കേട്ടുനില്കാനാവുമായിരുന്നില്ല അത്‌.
ഇത്രയും വർഷങ്ങൾക്കിപ്പുറവും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ആ ചോദ്യം..
വിവാഹസ്വപ്നങ്ങൾ അവളും താലോലിച്ചിരുന്നു എന്നാണോ ആ ചോദ്യത്തിന്റെ പൊരുൾ ??
വല്ലാത്തൊരു വേദനയായിരുന്നു ഞങ്ങൾക്കെല്ലാം അക്കാലത്തു രമ. ഏതൊരു സന്തോഷം ജീവിതത്തിൽ വന്നു ചേരുമ്പോഴും അതോടൊപ്പം തന്നെ രമയുടെ ദയനീയ മുഖവും മനസ്സിലേക്ക് കടന്നു വരും...
ആരാണിവിടെ വില്ലൻ ?
സൗന്ദര്യമില്ലാത്ത പെൺകുട്ടികളെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ മടിക്കുന്ന പുരുഷ വർഗ്ഗമോ?
എല്ലാം തികഞ്ഞവളായിരിക്കണം മരുമകൾ എന്നു വാശി പിടിക്കുന്ന അമ്മായിയമ്മയൊ?
അതോ ജീവിതം എന്നും കണ്ണീരുപ്പിൽ മുങ്ങിക്കിടക്കട്ടെ എന്നു ശപിച്ചു കൊണ്ടു ഭൂമിയിലേക്കു പടച്ചുവിട്ട ഈശ്വരനോ??
വിവാഹമാണ്‌ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ അവസാന വാക്ക് എന്നു നമ്മളെയൊക്കെ പറഞ്ഞു പഠിപ്പിക്കുന്നതു ആരാണ് ?
എന്തായാലും രമ മരിച്ചതു നന്നായി എന്നു തന്നെയാണ്‌ ഇപ്പോൾ എനിക്കു തോന്നുന്നത്. ഭൂമിക്കു ഭാരമായി ഒരു മനുഷ്യജന്മം അങ്ങനെയങ്ങു പാഴാവുകയായിരുന്നില്ലേ ??
അവളുടെ മനസ്സും സ്വപ്നങ്ങളും അങ്ങേ ലോകത്തെങ്കിലും ഈശ്വരൻ കണ്ടു കാണുമെന്നു ഞാൻ വിശ്വസിക്കുന്നു.
അവിടെ ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ, സുന്ദരനായ ഒരു രാജകുമാരൻ വന്നു അവളെ വധുവായി ഒപ്പം ചേർത്തിട്ടുണ്ടാവും എന്നാണു എന്റെ പ്രതീക്ഷയും പ്രാർത്ഥനയും.
ഇതു കഥയല്ല, ഒരോർമ്മ കുറിപ്പാണ്‌.
ബാല്യ കൗമാരങ്ങളിലെ കാളികൂട്ടുകാരിയെ കുറിച്ചുള്ള ഒരു കണ്ണീരോർമ്മ.
സജ്‌ന ഷാജഹാൻ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo