Slider

സ്പന്ദനങ്ങൾ

0

സ്പന്ദനങ്ങൾ
* * * * * * * * * *
(പ്രിയ സുഹൃത്തുക്കളെ...., നമുക്കു ചുറ്റും നിത്യേന എന്ന പോലെ കാണുന്ന ഒരു സത്യമാണ്..., മകനും മരുമകളും അമ്മയെ ക്രൂരമായി ഉപദ്രവിച്ചു.., മാതാപിതാക്കളെ വൃദ്ധസദനത്തിൽ നടതള്ളി...., മറവി എന്ന ദയനീയാവസ്ഥയിലുള്ള അമ്മയെ അമ്പലനടയിൽ ഇറക്കി വിട്ടു......, എന്നൊക്കെ... . ഇത്രയും ക്രൂരത അവരോടരുതേ....., ഒരു കാര്യം ഇന്നത്തെ തലമുറ മറന്നു പോകുന്നു...... --വാർദ്ധക്യം അവരും ജീവിച്ചു തീരേണ്ട അവസ്ഥയാണെന്ന്....! എവിടെയൊക്കേയോ, മക്കളാൽ ഉപേക്ഷിക്കപ്പെട്ട വയോജനങ്ങൾക്കു വേണ്ടി, ഞാനീ കഥ സമർപ്പിക്കുന്നു......)
" പ്രതീക്ഷ" യുടെ മുന്നിൽ കാർ നിർത്തിയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം അനുഭവപ്പെട്ടു. അവിടെ എന്നെ കാത്തിരിക്കുന്ന ഒത്തിരി മുഖങ്ങൾ ഓർമ്മ വന്നു. ഓരോരുത്തർക്കും വേണ്ടി വാങ്ങി വെച്ച പൊതികളും എടുത്ത് ഗേറ്റ് കടന്ന് ഉള്ളിലേക്ക് നടന്നു. വാച്ച്മാൻ ന് എന്നെ കണ്ടപ്പോൾ മനസ്സിലായി. "സലാം മേം സാബ് ", അയാൾ സല്യൂട്ടടിച്ചു. മുറ്റത്തെത്തേണ്ടതാമസം, വിറക്കുന്ന കൈകളോടെ, പല്ലില്ലാത്ത മോണകാട്ടിച്ചിരിച്ച്, തങ്കേച്ചി എന്റെ കൈകൾ കടന്നു പിടിച്ചു. "എന്താ.., ത്ര വൈകീത്...? ഞങ്ങൾ എത്ര നേരായീന്നോ കുട്ട്യേനോക്കിയിരിക്കാൻ തുടങ്ങീട്ട്.... " ! ഞാനൊന്നു ചിരിച്ചു കൊണ്ട്‌, അവർക്കായി കൊണ്ടുവന്ന പൊതി നീട്ടി..., "ദാ, ചേച്ചീടെ പൊതി ".ചിരിച്ചു കൊണ്ട് അവർ പറഞ്ഞു, "ങ്ഹാ, ക്ക് റിയാം, ജെലേബിയല്ലേ " ? കുറച്ചകലേയായി എന്നെ തന്നെ നോക്കി നിൽക്കുന്ന ,ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള ആന്റണിച്ചേട്ടൻ പതുക്കെ എന്റടുത്തേക്ക് വന്ന് പറഞ്ഞു, "നീ വരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എവിടെ എന്റെ നാരങ്ങ മുട്ടായീ", അദ്ദേഹം ചോദിച്ചു. ഞാനാ പൊതിയെടുത്തു കൊടുത്തപ്പോൾ ആ മുഖത്തെ തിളക്കം ഒന്നു കാണേണ്ടതു തന്നേയായിരുന്നു.
ആകെട്ടിടത്തിന്റെ മുന്നിലെ വിസ്താര മേറിയ പൂന്തോട്ടത്തിൽ കൂട്ടംകൂട്ടമായ് ഇരിക്കുന്ന അന്തേവാസികളെ കാണാമായിരുന്നു. ഒരു കൂട്ടം വൃദ്ധന്മാർ ഒരു മൂലയിലുള്ള ബെഞ്ചിൽ സ്ഥലം പിടിച്ചിട്ടുണ്ട്. എന്തൊക്കേയോ തമ്മിൽ പറഞ്ഞ് അവർ ചിരിക്കുന്നുണ്ട്. രണ്ട് അമ്മൂമ്മമാർ, ആ തോട്ടത്തിലുള്ള ഊഞ്ഞാലിൽ പതിയെ ആടിക്കൊണ്ട്, വിറക്കുന്ന ശബ്ദത്തോടെ ഏതോ പാട്ടുകൾ മൂളുന്നുണ്ട്. ഒരു പക്ഷെ, ആ പാട്ടുകൾ അവരുടെ പ്രിയതമനെ കുറിച്ചായിരിക്കാം, അല്ലെങ്കിൽ തന്റെ കൊച്ചുമോളെ പാടിയുറക്കാറുള്ള താരാട്ടുപാട്ടായിരിക്കാം.
പെട്ടെന്ന് കയ്യിൽ ഒരു തണുത്ത സ്പർശം! തിരിഞ്ഞു നോക്കിയപ്പോൾ അത് ചേച്ചമ്മയായിരുന്നു. മുരടിച്ച്, എല്ലും തൊലിയുമായ അവരുടെ കൈകൾ കൊണ്ട്, എന്റെ കൈകളെകൂട്ടിപ്പിടിച്ചു. ചുക്കിച്ചുളിഞ്ഞ അവരുടെ മുഖത്ത് എന്നെ കണ്ടപ്പോൾ എന്തു സന്തോഷമായിരുന്നെന്നോ ! " നീ വാ ന്റെ മുറിയിലേക്ക് ", എന്ന് പറഞ്ഞ് അവരെന്നെ അവരുടെ മുറിയിലേക്ക് കൊണ്ടു പോയി. അടുക്കും ചിട്ടയോടും കൂടിയ മുറി. ചുമരിനോട് ചേർന്നു കിടക്കുന്ന ഒരു മേശയിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു. ഞാനാ പുസ്തകങ്ങൾ മറിച്ചു നോക്കി. അതിൽ പുരാണങ്ങൾ ഉണ്ട്, സ്വാമി വിവേകാനന്ദനെ കുറിച്ചുള്ള കുറേ ഇംഗ്ലീഷ് പുസ്തകങ്ങൾ, സത്യസായി ബാബയെ കുറിച്ചുള്ള പുസ്തകങ്ങൾ... അങ്ങിനെ പലതും. അതിനടുത്തു തന്നെ അന്നത്തെ ദിന പത്രവും, ഒരു കണ്ണടയും, പേനയും എല്ലാം അടുക്കി വെച്ചിരിക്കുന്നു. നിറം മങ്ങിയ ഒരു ഗ്രൂപ്പ് ഫോട്ടോയും അവിടെ കണ്ടു. അതാരൊക്കെയാണെന്ന് ചോദിച്ചപ്പോൾ ഓരോരുത്തരേയും തൊട്ടു കാണിച്ച് പരിചയപ്പെടുത്തി തന്നു. ഒരു നിമിഷം തന്റെ ഭൂതകാലത്തിലേക്ക് ഓടിപ്പോയ അവരുടെ മനസ്സിനെ, അവരുടെ മുഖത്ത് തെളിഞ്ഞു കണ്ടു. പെട്ടെന്ന് അവരുടെ ശ്രദ്ധ തിരിക്കാനായി ഞാനവർക്കു വേണ്ടി കൊണ്ടുവന്ന പുസ്തകo നീട്ടികൊണ്ട് പറഞ്ഞു, "ദാ ചേച്ചമ്മ ആവശ്യപ്പെട്ട പുസ്തകം, കബീർദാസിന്റെ കവിതാ സമാഹാരം" _ അവരുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു തിളക്കം ! " എത്ര കാലായീട്ട് മോഹിക്കുന്നതാ ഞാനിത്...".എന്ന് പറഞ്ഞ് അവർ എന്റെ കയ്യ് രണ്ടുo കൂട്ടിപ്പിടിച്ചു. ഞാനവരെ എന്റെ നെഞ്ചോട് ചേർത്ത് നിർത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു സംതൃപ്തി ഞാനനുഭവിച്ചു. വേഗം അവർ അവരുടെ മേശയുടെ വലിപ്പിൽ നിന്ന്, ഒരു കൊച്ചു പേഴ്സ് പുറത്തെടുത്ത് എനിക്കു നീട്ടി..., "ഇത് മോള് എടുത്തോ ഞാനുണ്ടാക്കിയതാണ് ". കറുപ്പും വെള്ളയും മുത്തുകൾ കൊണ്ടുണ്ടാക്കിയ പേഴ്സ് നല്ല ഭംഗിയുണ്ടായിരുന്നു.
"ഇനി എന്റെ മുറിയിലേക്ക് " - എന്നു പറഞ്ഞ് മിസിസ്സ് മാർഗരറ്റ് എന്നെ അവരുടെ മുറിയിലേക്ക് കൊണ്ടു പോയി. ഫ്രഞ്ച് കാരിയായ അവർക്ക് ഏകദേശം ഒരു എഴുപത്തിയഞ്ച് വയസ്സു കാണും. ഇളം നീല നിറത്തിലുള്ള ഒരു സ്കർട്ടും, അതുപോലെയുള്ള ഒരു ഷർട്ടും, കാൻവാസ് ഷൂവും, ഒരു ഹാറ്റും ധരിച്ച്, ആടിയാടി നടക്കുന്ന അവരെ കാണാൻ നല്ല ചന്തമുണ്ടായിരുന്നു. അവരെന്നെ ആടുന്ന ഒരു കസേരയിൽ പിടിച്ചിരുത്തി. കട്ടിലിന്റെ അടിയിൽ നിന്നും ഒരു തുരുമ്പുപിടിച്ച ഇരുമ്പു പെട്ടി വലിച്ചെടുത്തു. അതിൽ നിന്നും കുറേ പഴയ വസ്ത്രങ്ങളുടെ ഇടയിൽ നിന്നും ഒരു ഡാൻസിങ്ങ് കപ്പിളിന്റെ ,ഗ്ലാസ്സുകൊണ്ടുള്ള ഒരു ബൊമ്മ പുറത്തെടുത്ത് എന്റെ കയ്യിൽ തന്നു കൊണ്ട് പറഞ്ഞു....," This is for you my darling.., for bringing a ray of hope in our lives.."! അവരെന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. ഞാനവർക്ക് വേണ്ടി ഉണ്ടാക്കിയ, ആപ്പിളിന്റെ ആകൃതിയിലുള്ള മെഴുകുതിരി അവരുടെ കയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു...," ഇത് ആന്റിക്ക് വേണ്ടി ഞാനുണ്ടാക്കിയതാണ് ". വീണ്ടും അവരെ ന്റെകയ് കൂട്ടിപ്പിടിച് നന്ദി പറഞ്ഞു.
ഉച്ചക്ക്, വിസ്താരമേറിയ ഹാളിൽ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. ഞാനവർക്കായി കൊണ്ടുവന്ന നെല്ലിക്ക അച്ചാർ കിട്ടാൻ എല്ലാരും തമ്മിൽത്തമ്മിൽ ബഹളം കൂട്ടുന്നത് കാണാൻ നല്ല രസമായിരുന്നു. ഓരോ അന്തേവാസികളുടേയും മുറികൾ സന്ദർശിച്ചു കഴിഞ്ഞപ്പോഴേക്കുo ഏകദേശം 5 മണി ആയിക്കഴിഞ്ഞിരുന്നു. വെയിലെല്ലാം മങ്ങിത്തുടങ്ങി. അവരുടേയെല്ലാം മുഖത്ത് എന്തെന്നില്ലാത്ത ഒരു വിഷാദ ഭാവം...! പലരുടേയും കണ്ണുകൾ നിറഞ്ഞു...., ഒരാൾ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു..., അവരെ ചേർത്ത് പിടിച്ച് ആ നിറുകയിൽ ഉമ്മ വെച്ചു.., ആ ഹൃദയസ്പന്ദനങ്ങൾ..., അതിവേഗമിടിക്കുന്ന ആ സ്പന്ദനങ്ങൾ എനിക്കറിയാൻ കഴിഞ്ഞു. മറ്റൊരാൾ എന്റെ രണ്ടു കയ്യും കൂട്ടിപ്പിടിച്ച് ഉമ്മ വെച്ചു... ദയനീയമായ അവരുടെ നോട്ടം..., എന്നോട് ,"പോകരുതേ..." എന്ന് പറയുന്ന പോലെ തോന്നി... യാത്ര പറഞ്ഞപ്പോൾ എന്റെ തൊണ്ടയിടറി... ! അവർക്കെല്ലാം നല്ലൊരു ദിവസം നൽകിയതിലുള്ള നന്ദിയും സംതൃപ്തിയും ഈറനണിഞ്ഞ അവരുടെ കണ്ണുകളിൽ കണ്ടു. അവരാരും വേദന പുരണ്ട, കയ്പാർന്ന ഇന്നലേകളെക്കുറിച്ച് ചിന്തിക്കുന്നില്ല..., വരാൻ പോകുന്ന നാളേയേക്കുറിച്ച്, എന്നെപ്പോലെ മറ്റാരോ പകർന്നു നൽകുന്ന ഒരു നല്ല നാളേയെക്കുറിച്ച് മാത്രം പ്രതീക്ഷിച്ചു കൊണ്ട് അവരെന്നോട് വിട പറഞ്ഞു.
ഗേറ്റിന് പുറത്ത് ഡ്റൈവർ അക്ഷമതയോടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഞാനവ സാനമായി വീണ്ടും ഒന്നു തിരിഞ്ഞു നോക്കി. എല്ലാരും എന്റെ നേർക്ക് കൈ വീശിക്കാട്ടി. ഗേറ്റിലേക്ക് നടന്നു നീങ്ങുമ്പോൾ, ഞാനറിയാതെ തന്നെ, ആ പൂന്തോട്ടത്തിന്റെ മദ്ധ്യേയുള്ള സിമന്റ് ബഞ്ചിലേക്ക് എന്റെ കണ്ണുകൾ പതിഞ്ഞു. മനസ്സിന്റെ ഏതോ ഒരു കോണിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു. ഒരു നിമിഷം ഞാനെന്റെ ജീവിതത്തെ ഒന്ന് ഫാസ്റ്റ് ഫോർവേർഡ് ചെയ്തു.... --തലയെല്ലാം നരച്ച്, എല്ലുo തൊലിയുമായ ഒരു എൺപതുകാരിയായ ഞാൻ.....! കറുത്ത ഫ്രെയിമുള്ള കണ്ണടയും വെച്ച്, കാഴ്ചശക്തി കുറഞ്ഞു തുടങ്ങിയ കണ്ണുകളാൽ ആരേയോ തേടിക്കൊണ്ട് ആ സിമന്റ് ബഞ്ചിൽ ഇരിക്കുകയാണ്. അധികമൊന്നും സംസാരിക്കാത്ത ഞാൻ, എന്റെ ശബ്ദമെല്ലാം ഒന്ന് ശരിയാക്കി, സുപരിചിതമായ ആ "മുഖം"ഗേറ്റിൽ പ്രത്യക്ഷപ്പെടുന്നതും നോക്കി ഇരുന്നു....
" അവർ " ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കും.., ഞാനവരുടെ മടിയിൽ തല ചായ്ച് കിടക്കും...., അപ്പോൾ അവരുടെ കൈകൾ എന്റെ കുറ്റിമുടിക്കിടയിലൂടെ ഓടിക്കൊണ്ടിരിക്കും.., പരുപരുത്ത എന്റെ കവിളിൽ അവർ തലോടും..., എല്ലും തൊലിയുമായ എന്റെ കൈകൾ അവർ മൃദുലമായി തലോടിക്കൊണ്ടിരിക്കും...., ഞങ്ങൾ രണ്ടു പേരും ഊഞ്ഞാലാടിക്കൊണ്ട് പാട്ടു പാടും, തമാശ പറയും...., പൊട്ടിച്ചിരിക്കും...! ഞാനൊരമ്മയുടെ സ്നേഹത്തോടെ അവരെ കൂട്ടിപ്പിടിച്ച് നിറുകയിൽ ഉമ്മ വെയ്ക്കും..., അങ്ങിനെ മരിച്ചു കൊണ്ടിരിക്കുന്ന എന്റെ മനസ്സിനെ അവർ തട്ടിയുണർത്തും....! ഞാനവർക്ക് നൽകാനായി ഒരു പഴ്സോ, ഒരു ഫോട്ടോയോ..., അതോ ഒരു ഡാൻസിങ്ങ് ഡോളോ സൂക്ഷിച്ചു വെക്കും....! അവർ തിരിച്ചു പോകുമ്പോൾ ഞാനവരെ ഓർത്ത് കരയും.......! "മാഡം..,. സമയമൊരു പാടായി.., എന്താ പോകേണ്ടേ..." ? ഡ്രൈവർ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് ചുറ്റും നോക്കി. സത്യത്തിൽ അവിടെയുള്ളവർക്കെല്ലാം നല്ലൊരു ദിവസം നൽകാൻ കഴിഞ്ഞ സംതൃപ്തിയോടെ വീട്ടിലേക്ക് മടങ്ങി.
അന്നു രാത്രി എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല..., ദയനീയത തോന്നിക്കുന്ന ഒരു മുഖം...., എല്ലാ വേദനകളേയും തന്റെ പുഞ്ചിരിക്ക് പിന്നിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന, സുപരിചിതമായ ഒരു മുഖം..., ശോഷിച്ച രണ്ടു കൈകളും എന്റെ നേർക്കു നീട്ടി നിൽക്കുന്ന ആ മുഖം....," എന്നെ ഇട്ടേച്ച് പോകല്ലേ..... " എന്ന് പറയുന്ന ആ മുഖം....., എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മായുന്നുണ്ടായിരുന്നില്ല.....!
* * * * * * * * * *
Ambika Menon,
4/03/17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo