Slider

ഭൂമി എന്ന അമ്മ

0

ഭൂമി എന്ന അമ്മ
ഭൂമിയും ഒരമ്മയാണ്. സൂര്യതാപത്തിൽ നിന്ന് ഊർജ്ജം അവാഹിച്ച് മക്കൾക്ക് വേണ്ടി പത്തായങ്ങളും നിലവറകളും നിറച്ചു വച്ച ഒരമ്മ. എല്ലാ മക്കൾക്കും വിഭവങ്ങൾ തുല്യമായി വീതിക്കാനാശിച്ച അമ്മ. ഇന്നത്തെ മക്കളെ ഊട്ടുമ്പോഴും ഇനിയും വാരാനിരിക്കന്നവർക്കായി കാത്തു വയ്ക്കുന്ന നന്മ.
തനിക്കു നേരെ അമ്മ നീട്ടിയ പാത്രത്തിൽ നിന്ന്, അമ്മയെ ഒളികണ്ണിട്ട് നോക്കി ഒന്നിനു പകരം രണ്ടെണ്ണം ആദ്യമെടുത്തത് ഒരു വികൃതിക്കുട്ടനായിരുന്നു. അവന്റെ കുസൃതി കണ്ട് അമ്മ ചിരിച്ച് കാണും. അവനെ ആരും തടഞ്ഞില്ല. തിരുത്തിയുമില്ല. അവനതൊരു ശീലമാക്കി.
അവനാകാമെങ്കിൽ എന്തുകൊണ്ട് എനിക്കായി കൂടാ, എന്ന് ചിന്തിച്ചു രണ്ടാമതൊരുവൻ. അവനെ കണ്ടു പഠിച്ചു തൊട്ടടുത്തിരുന്നവൻ. അവരെ മാതൃകയാക്കി പിന്നെയുള്ള തലമുറകൾ.
അമ്മയെ ചൂഷണം ചെയ്യുന്നത് ദിനചര്യയാക്കി മക്കൾ. ബലമുള്ളവൻ എല്ലാം പിടിച്ചടക്കുന്നു. അമ്മയുടെ സമ്മാനം മറ്റുള്ളവർക്ക് വിറ്റ് സ്വന്തം മടിശീല വലുതാക്കുന്നു.
ആദ്യമാദ്യം കണ്ടില്ലെന്ന് വച്ചെങ്കിലും താമസിയാതെ അമ്മ അപകടം തിരിച്ചറിഞ്ഞുവോ? ഒരിക്കൽ നിറഞ്ഞു കവിഞ്ഞിരുന്ന തന്റെ പത്തായപ്പുരകൾ ശൂന്യമാവുന്നത് അവൾ മനസ്സിലാക്കിരിരിക്കണം. പിണങ്ങി മൗനം പാലിച്ചും ചിലപ്പോൾ ക്ഷോഭിച്ചും ചില നേരം കരഞ്ഞും അവർ പ്രതിഷേധിക്കുകയായിരുന്നോ?
മക്കൾക്കിപ്പോൾ പരാതി മാത്രം. " ഉഷ്ണം സഹിക്കാനാവുന്നില്ലമ്മേ "
"സൂര്യനിൽ നിന്നും നിങ്ങളെ മറച്ചു പിടിച്ച എന്റെ മൂടുപടം നിങ്ങൾ തന്നെയല്ലെ വലിച്ച് കീറിയത്?
നിങ്ങൾക്ക് തണലേകിയ, കുളിർക്കാറ്റിന്റെ വിശറികളേന്തിയ എന്റെ കൈകൾ നിങ്ങൾ വെട്ടി മാറ്റിയതല്ലെ?
എന്റെ ഗർഭാശയത്തിലെ ജീവന്റെ ഉറവകൾ എന്നേ നിങ്ങൾ ഊറ്റിയെടുത്തു കഴിഞ്ഞു.
ഇനി നിങ്ങളെയോർത്തല്ല , ഇനി വരാനിരിക്കുന്ന തലമുറകളെ ഓർത്താണെന്റെ ഖേദം. അവരുടെ ജീവന് വേണ്ടത് നൽകാൻ ഒരിക്കലും ഒഴിയാത്ത അക്ഷയ പാത്രമില്ലല്ലോ ഈ അമ്മയുടെ കയ്യിൽ."
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo