ക്ലീനിംഗ്
* * * * *
രാവിലെ ഉറക്കമുണർന്ന് വലിയൊരു കോട്ടുവായുമിട്ട് വരാന്തയിലെത്തിയപ്പോൾ വീടിന് മുന്നിലൂടെ പത്ത് മണിയുടെ പാലാ കെ എസ് ആർ ടി സി ബസ് കടന്നു പോകുന്നത് കണ്ടപ്പോഴാണ് ഇന്ന് വളരെ നേരത്തേയാണല്ലോ എണീറ്റതെന്നോർത്തത്. കൈയിലെ മൊബൈലിൽ സമയം നോക്കി.. ഡ്രൈവർക്ക് തെറ്റിയിട്ടില്ല.. കറക്ട് ടൈമിംഗാണ്.
ഉറക്കമുണർന്നയുടൻ പേസ്റ്റും ബ്രഷുമെടുക്കേണ്ടതിന് പകരം മൊബൈൽ കൈയിലെടുക്കുന്ന നമ്മുടെ ശീലം ആരുടെ ശാപം കൊണ്ട് കിട്ടിയതാണാവോ...? ഉമ്മറത്തെ കസേരയിലിരുന്ന് മൊബെലിൽ മാന്തിത്തുടങ്ങുമ്പോഴാണ് ഫാര്യ അടുക്കളയിൽ നിന്നും വന്നത്...
"ചായയെടുത്ത് വെക്കട്ടെ...''
" ഇന്ന് കാര്യമായ പണിയൊന്നുമില്ലല്ലോ കുറച്ചു കഴിയട്ടെ..." ഫേസ്ബുക്ക് പേജിലെ നോട്ടിഫിക്കേഷൻ നോക്കവെ ഞാൻ പറഞ്ഞു.
" ആ... അല്ലെങ്കിൽ നിങ്ങക്ക് മല മറിക്കുന്ന പണിയല്ലെ..."
" ഇന്ന് കുറച്ച് ക്ലീൻ ചെയ്യണം... അകത്ത് കുറെ അലവലാതി സാധനങ്ങളുണ്ട്.. അതൊക്കെയൊന്ന് വലിച്ച് വാരി പുറത്തിടണം.. "
" അപ്പോ ചായ അത് കഴിഞ്ഞ് മതിയോ....?"
"മതി.. "
അവൾ അകത്തേക്ക് പോയി... ഞാൻ ഫേസ്ബുക്കി നിന്നുള്ളിലേക്കും...
ഏതാണ്ട് അര മണിക്കൂർ കഴിഞ്ഞു കാണും...
" ഇന്ന് ഞങ്ങൾക്കൊന്നുമില്ലേ.. " ചോദ്യം വയറ്റിനുള്ളിൽ നിന്നാണ്. അവർക്കുള്ളത് കൊടുത്താൽ പിന്നെ നമുക്ക് സ്വസ്ഥമായിരിക്കാമല്ലോയെന്ന് കരുതി ഞാൻ അടുക്കളയിലേക്ക് നടന്നു.
അവിടെ മൊത്തം സാധനങ്ങളും വലിച്ചു പുറത്തെടുത്തിട്ടിരിക്കുന്നു. ചുമരിലെ റാക്കിൽ കമിഴ്ത്തിവെച്ചിരുന്ന അലുമിനിയപ്പാത്രങ്ങളും അലമാരയിൽ അടുക്കി വെച്ചിരുന്ന ലൊട്ടുലൊടുക്ക് പാത്രങ്ങളുമെല്ലാം നിലത്ത് കിടക്കുന്നു... എനിക്കൊന്നും മനസിലായില്ല...
"എന്തിനാ ഇതെല്ലാം വലിച്ചിട്ടിരിക്കുന്നത്.." അടുക്കളയിൽ പുട്ടും പഴവും വെട്ടി വിഴുങ്ങുകയായിരുന്ന ഭാര്യയോട് ഞാൻ ചോദിച്ചു.
" ഇത് നല്ല ചോദ്യം... അപ്പൊ നിങ്ങളല്ലെ പറഞ്ഞത് ഇന്ന് മൊത്തം ക്ലീൻ ചെയ്യണം. ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം ഒഴിവാക്കണമെന്നൊക്കെ.. ഞാനെല്ലാം പുറത്തെടുത്തു വെച്ചിട്ടുണ്ട്... ഇനി നിങ്ങക്ക് സുഖായിട്ട് ക്ലീനാക്കാം... "
എടീ ഞാൻ പറഞ്ഞത് ഈ ക്ലീനിങ്ങല്ല... ഫേസ്ബുക്കിലെ ക്ലീനിംഗാ... കുറെയെണ്ണമുണ്ട് ഫ്രണ്ട്സാണെന്നും പറഞ്ഞിട്ട്.. ഒരു പോസ്റ്റിന് പോലും ഇതുവരെ ലൈക്കടിക്കാത്തവർ.... നട്ടപ്പാതിരക്ക് നോക്കിയാലും വരമ്പത്ത് തവളയിരിക്കുന്നത് പോലെ പച്ചക്കണ്ണും കാട്ടി നിൽക്കുന്നുണ്ടാകും... ഇത്തരം അലവലാതി സാധനങ്ങളെ വലിച്ച് പുറത്തിട്ട് ഫ്രന്റ് ലിസ്റ്റ് ക്ലീനാക്കുന്ന കാര്യമാ ഞാൻ പറഞ്ഞത്...."
വളരെ പണിപ്പെട്ട് ഞാനെന്റ ഭാഗം വിശദീകരിച്ചു. എന്നിട്ട് ദാറ്റ്സ് ഓൾ യുവറോണർ എന്ന മട്ടിൽ ഒരു നിൽപും നിന്നു. എന്റെ ഭാര്യയായത് കൊണ്ട് പറയുകയല്ല അവൾക്ക് കാര്യം പറഞ്ഞാൽ പെട്ടെന്ന് മനസിലാകും...
"എനിക്ക് വിശന്നിട്ട് വയ്യ... നീ ചായയെടുക്ക്..."
"എന്ത്...? ചായയോ...?ഈ വലിച്ചിട്ട സാധനങ്ങളൊക്കെ വൃത്തിയാക്കി അതാതിന്റെ സ്ഥാനത്ത് വെച്ചിട്ടല്ലാതെ ഒരു മുറുക്ക് വെള്ളം ഇവടന്ന് കിട്ടൂല്ല..."
" ഇത് നമുക്ക് വേറൊരു ദിവസം... "
പറഞ്ഞ് മുഴുവനാക്കാൻ അവൾ കാത്തു നിന്നില്ല... മുഖത്ത് കെട്ടാനുള്ള ഒരു കീറത്തുണിയും പൊടി തട്ടാനുള്ള ഒരു ബ്രഷും കൈയിൽ പിടിപ്പിച്ച് അവൾ തുടർന്നു..
"ക്ലീനിംഗ്... അതും ഫേസ് ബുക്കില്... ഈ രാവിലെത്തന്നെ... എന്നാ പച്ച മലയാളത്തില് അതെന്നോട് പറഞ്ഞൂടായിരുന്നോ.... നേരം വെളുത്താ തുടങ്ങും കഥയെഴുത്തെന്നും പറഞ്ഞ് ഫോണിൽ മാന്തല്... എന്തെങ്കിലും എഴുതിയാ തന്നെ അത് പോസ്റ്റ് ചെയ്ത് ആ കുന്ത്രാണ്ടമൊന്ന് എവിടേലും വെക്കുമോ അതുമില്ല. ചൂണ്ടേല് മീൻ കൊത്തുന്നതും കാത്തിരിക്കുന്നത് പോലെ ഇരിക്കും.. ലൈക്കും കമന്റും വരുന്നുണ്ടോന്നും നോക്കി.. എന്നോട് ഈ സാധനങ്ങളൊക്കെ വാരിവലിച്ചിടീച്ചിട്ട്.. ഇനി ഇത് ക്ലീനാക്കിയിട്ട് മതി തീറ്റയും കുടിയും ബുക്കുമൊക്കെ. "
എന്റെ സ്വഭാവം അവൾക്ക് നന്നായി അറിയാവുന്നതാണ്. ദേഷ്യം പിടിച്ചാൽ പിന്നെ എന്നെ പിടിച്ചാൽ കിട്ടില്ല. പക്ഷേ ഞാനാരാ മോൻ.ഞാനവളുടെയടുത്ത് ദേഷ്യം പിടിക്കാൻ പോകാറില്ല..പെട്ടെന്ന് തന്നെ മുഖവും കെട്ടി ബ്രഷുമായി ഞാൻ കലാപരിപാടി തുടങ്ങി... പുട്ടുണ്ടായിട്ടും പട്ടിണി കിടക്കേണ്ട ഒരാവശ്യവുമില്ലല്ലോ... അല്ലേ...
__________________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക