Slider

തിരുവസ്ത്രം

0

തിരുവസ്ത്രം
ഫാദർ ഇഗ്നേഷ്യസിൻ്റെ കണ്ണുകളിലേക്കു നോക്കിയ ആനിക്ക് വല്ലാത്ത അത്ഭുതം തോന്നി.ഈ ലോകത്തിലെ മുഴുവൻ സമാധാനവും ആ വൃദ്ധൻ്റെ കണ്ണുകളിൽ ഒളിച്ചിരിക്കുന്നത് അവളറിഞ്ഞു.വളരെ നേരം ആ കണ്ണുകളിൽ നോക്കിയിരിക്കാൻ അവൾക്കാശതോന്നി.മാതാവിൻ്റെ തിരുരൂപത്തെ നോക്കി പ്രാർത്ഥിക്കുമ്പോൾ കിട്ടുന്ന ഒരു തരം ആശ്വാസം അവൾക്കാ കണ്ണുകളിൽ നിന്നും ലഭിക്കുന്നുണ്ടായിരുന്നു.തൻ്റെയുള്ളിലെ എല്ലാ സമസ്യകൾക്കുമുള്ള ഉത്തരം നല്കാൻ ആ മനുഷ്യനാകുമെന്ന് അവളുടെ ഉള്ളം മൊഴിഞ്ഞു.
"സിസ്റ്റർ ആനി അല്ലേ?മാർഗരറ്റ് സിസ്റ്റർ വിളിച്ചിരുന്നു "
വളരെ പതിഞ്ഞതും ശാന്തമായതുമായ ആ ശബ്ദം അവൾക്കൊരു പ്രാർത്ഥനാ ഗാനം പോലെ തോന്നി.
"സിസ്റ്റർ ആയിട്ടില്ല ഫാദർ,അതിനുള്ള അനുവാദം വാങ്ങാനാ ഞാനങ്ങയെ തേടി വന്നത്.മദർ പറഞ്ഞു അച്ചൻ്റെ അനുഗ്രഹം വാങ്ങിച്ചു വന്നശേഷം മഠത്തിൽ ചേരുന്നകാര്യത്തിലൊരു തീരുമാനമെടുത്താൽ മതിയെന്ന്."
"ഹ ഹ കൊള്ളാമല്ലോ മാർഗരറ്റ് സിസ്റ്റർ! പള്ളിയേം പട്ടക്കാരേമൊക്കെയുപേക്ഷിച്ച് ഈ പട്ടിക്കാട്ടിൽ വന്നു താമസിച്ചാലും ജീവിക്കാനനുവദിക്കില്ലേ" അതു പറഞ്ഞു ഫാദർ ഹൃദ്യമായൊന്നു പുഞ്ചിരിച്ചു.ആ പുഞ്ചിരിക്കുപോലും വല്ലാത്തൊരു ശാന്തതയുണ്ടായിരുന്നു.
"നിങ്ങടെ മദറിനോടു പറഞ്ഞേക്ക് തിരുവസ്ത്രമുപേക്ഷിച്ചുപോന്ന എന്നോടു അഭിപ്രായം ചോദിക്കാൻ വിശ്വാസികളെ വിടുന്നത് അരമനയിലറിഞ്ഞാൽ മദറിൻ്റെ കാര്യം കഷ്ടത്തിലാകുമെന്ന്" അതു പറയുമ്പോൾ ആ മുഖത്ത് കുട്ടികളിൽ മാത്രം കാണുന്ന ഒരുതരം കുസൃതി നിറഞ്ഞുനിന്നിരുന്നു.
"ആട്ടേ...എത്രനാളായി ഈ പ്രണയം തുടങ്ങിയിട്ട്?" ഫാദർ ആനിയുടെ മുഖത്തേക്കുനോക്കി.
"ഞങ്ങൾ കളിക്കൂട്ടുകാരായിരുന്നു,പിന്നെയാ സൗഹൃദമെപ്പോഴോ ഞങ്ങളുപോലുമറിയാതെ പ്രണയമായി മാറുകയായിരുന്നു.വീട്ടുകാരു കുറേ എതിർത്തതാ, അവസാനം ഞങ്ങടെ വാശിക്കുമുൻപിൽ അവരും മുട്ടുമടക്കി.പക്ഷേ വിധി ഞങ്ങളെ തോൽപ്പിച്ചുകളഞ്ഞച്ചോ.മനസമ്മതത്തിൻ്റെ പിറ്റേന്ന് ഒരു ബെെക്കാക്സിഡൻ്റിൻ്റെ രൂപത്തിൽ വിധി ജോസച്ചായനെ എന്നിൽ നിന്നകറ്റികളഞ്ഞു... ". അത്രയും പറഞ്ഞപ്പോഴേക്ക് അവളുടെ തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
"കരയരുത് കുഞ്ഞേ... "ഫാദർ തൻ്റെ വിറയാർന്ന കെെകൾ അവളുടെ നിറുകയിൽ ചേർത്ത് ശാന്തനായി മൊഴിഞ്ഞു.ആനിക്ക് പെട്ടെന്ന് വല്ലാത്ത ശാന്തത തോന്നി.എവിടെയോ കണ്ടുമറന്നപോലെ....തൻ്റെ മുന്നിൽ നിൽക്കുന്ന ഈ മെലിഞ്ഞുണങ്ങിയ വിറയാർന്ന ശരീരമാണോ അപ്പൂപ്പൻ താടിപോലെ നരച്ച താടിയും മുടിയുമാണോ ശാന്തത നിറഞ്ഞ ആ കണ്ണുകളാണോ താൻ എവിടെയോ കണ്ടുമറന്നതെന്നോർത്തെടുക്കാനാവാതേ അവൾ കുഴങ്ങി.
"ഞാൻ ആനിയോട് ജോസുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചല്ല ചോദിച്ചത്,കർത്താവിനോടുള്ള പ്രണയത്തെക്കുറിച്ചാണ്,അവൻ്റെ മണവാട്ടിയാകണമെങ്കിൽ അവനെ പ്രണയിക്കണ്ടേ കുഞ്ഞേ!"
ഫാദറിൻ്റെ വാക്കുകൾക്ക് എന്തു മറുപടി പറയണമെന്നറിയാതെ ആനി കുഴങ്ങി.
"എന്തേ ഉത്തരമില്ലേ കുഞ്ഞേ നിനക്ക്, സാരമില്ല ഞാനെൻ്റെ ചോദ്യം അൽപമൊന്നു ലഘൂകരിക്കാം ,ആനി എന്തിനുവേണ്ടിയാണ് ഇങ്ങനൊരു മാർഗ്ഗം സ്വീകരിക്കാൻ തീരുമാനിച്ചത്?"
ഈ ചോദ്യത്തിനുള്ള ഉത്തരം ആനിയുടെ പക്കലുണ്ടായിരുന്നു അതുകൊണ്ടുതന്നെ അവൾക്ക് തെല്ലൊരാശ്വാസം തോന്നി.
"ജോസച്ചായൻ പോയതോടെ ഞാനാകെ തകർന്നുപോയച്ചോ,അച്ചായനില്ലാത്ത ഈ ലോകം എനിക്കും വേണ്ടെന്നു തീരുമാനിച്ചതായിരുന്നു ,പക്ഷേ അവിടെയും വിധി എന്നെ തോൽപ്പിച്ചുകളഞ്ഞു,അതോടെ ആത്മഹത്യ എന്ന ചിന്തയും അവസാനിപ്പിച്ചു.ഇപ്പോൾ കർത്താവിനോടു മനസുരുകി പ്രാർത്ഥിക്കുമ്പോൾ അവനിൽ ആശ്രയം കണ്ടെത്തുമ്പോൾ എനിക്കെൻ്റെ വേദനകൾ മറക്കാനാകുന്നുണ്ടച്ചോ.."
"അതുകൊണ്ടാണോ കുഞ്ഞ് മഠത്തിൽ ചേരാൻ തീരുമാനിച്ചത്?"
"അതുമാത്രമല്ലച്ചോ..വീട്ടിലിപ്പോൾ അപ്പച്ചനും അച്ചായൻമാരുമൊക്കെ മറ്റൊരു വിവാഹത്തിനു നിർബ്ബന്ധിക്കുവാ.എനിക്കെൻ്റെ ജോസച്ചായൻ്റെ സ്ഥാനത്ത് മറ്റൊരാളെ കാണാനൊക്കില്ലച്ചോ...പക്ഷേ അതുപറഞ്ഞാൽ അവർക്കു മനസിലാകില്ല."
"അതുകൊണ്ട് കർത്താവിനെ പറ്റിക്കാമെന്നാണോ?" അദ്ദേഹം തൻ്റെ കുസൃതിച്ചിരിയോടെ ചോദിച്ചു.
"അതെന്താ ഫാദർ അങ്ങനെ പറഞ്ഞത്? "ആനി ഞെട്ടലോടെ ചോദിച്ചു.
"കുഞ്ഞല്ലെ ഇപ്പോൾ പറഞ്ഞത് ജോസിൻ്റെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെന്ന്,പിന്നെ നിനക്കെങ്ങനെ കർത്താവിനെ പ്രണയിക്കാൻ കഴിയും?"ഫാദർ അവളുടെ കണ്ണുകളിലേക്ക് നോക്കി ശാന്തമായി ചോദിച്ചു.
"അത്.....അത്....ഫാദർ പ്രാർത്ഥിക്കുമ്പോൾ എൻ്റെ മനസിന് വല്ലാത്ത ആശ്വാസം കിട്ടുന്നുണ്ട്...അതാ ഞാൻ......"
"പ്രാർത്ഥിക്കാൻ വേണ്ടിയാണോ നീ മഠത്തിൽ ചേരുന്നതു കുഞ്ഞേ.അതിനാണെങ്കിൽ നിനക്ക് ധ്യാനകേന്ദ്രത്തിൽപൊയി ധ്യാനം കൂടിയാൽ പോരേ.
കന്യാസ്ത്രീ എന്നാൽ കർത്താവിൻ്റെ മണവാട്ടി എന്നാ...മനസുകൊണ്ടും ശരീരം കൊണ്ടും അവൾ കർത്താവിനെ മാത്രമേ പ്രണയിക്കാൻ പാടുള്ളൂ.അവളുടെ ഓരോ പ്രാർത്ഥനയും അവനുവേണ്ടിയുള്ളതാവണം.അവളുടെ ആ പ്രണയം ആത്മാവിൽ നിന്നും ഉണ്ടാവേണ്ടതാണ്.അതല്ലാതെ പ്രണയ നെെരാശ്യത്തിൻ്റെ പേരിലോ വീട്ടുകാരുടെ നേർച്ചയ്ക്കുവേണ്ടിയോ കെട്ടിക്കാൻ നിവൃത്തിയില്ലാതെ വരുമ്പോളോ ഒക്കെ വെറുതെ എടുത്തണിയാനുള്ളതല്ല ഈ തിരുവസ്ത്രം.അതിനൊരു പവിത്രതയുണ്ട്....ആത്മീയതയുണ്ട്...അതൊരു നിയോഗമാണു കുഞ്ഞേ".ഫാദർ പറഞ്ഞു നിർത്തിയപ്പോളേക്കും ആനി ഫാദറിനു മുൻപിൽ മുട്ടുകുത്തിയിരുന്നു കെെകൾകൂപ്പിത്തൊഴുതുകൊണ്ടു തേങ്ങിക്കരയാൻ തുടങ്ങി.
"പിന്നെ ഞാനെന്താ അച്ചോ ചെയ്യേണ്ടത്?മറ്റൊരാളെ എൻ്റെ ജോസച്ചായൻ്റെ സ്ഥാനത്തുകാണാൻ എനിക്കാവില്ല അച്ചോ".
"നിൻ്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തീരുമാനിക്കേണ്ടതു നീയാണുകുഞ്ഞേ,അല്ലാതെ മറ്റുള്ളവരല്ല.മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ ജീവിതത്തിൽ നിന്നും ഒളിച്ചോടാനോ എടുത്തണിയേണ്ട വെറുമൊരു ഉടുപ്പല്ല തിരുവസ്ത്രം,നാളെയൊരുകാലത്ത് നിനക്കുവേണ്ടെന്നുതോന്നിയാൽ എളുപ്പം ഊരിയെറിയാൻ പറ്റിയ ഒന്നല്ല അത്.അതൊരുതരം ആത്മസമർപ്പണമാണ്.അതിനു നിനക്കാകില്ല കുഞ്ഞേ.....നിൻ്റെ ജീവിതത്തിൽ ഇനിയും വർണ്ണങ്ങൾ നിറയണം.കൂട്ടിനൊരാണുണ്ടെങ്കിലേ പെണ്ണിൻ്റെ ജീവിതം സഫലമാകൂ എന്നൊന്നുമില്ല കുഞ്ഞേ.നിനക്കു ജോസിനെ മറക്കാനാകുന്നില്ലെങ്കിൽ ഇനിയുള്ള ജീവിതം നീ അവൻ്റെ ഓർമ്മകളിൽ ജീവിച്ചോളൂ, പക്ഷേ അതിനായി നീ തിരുവസ്ത്രത്തിൻ്റെ മറ തിരഞ്ഞെടുക്കരുത് ഒരിക്കലും,അത് നീ നിന്നോടുമാത്രമല്ല കർത്താവിനോടും ജോസിൻ്റെ ആത്മാവിനോടും ചെയ്യുന്ന പാപമായിത്തീരും."
"അപ്പോൾ ഞാനെന്തു ചെയ്യണമെന്നാണ് ഫാദർ പറയുന്നത്".ആനി അവസാനത്തെ ആശ്രയമെന്നോണം ഫാദറിനെ ദയനീയമായി നോക്കി.
"നീ ചെയ്യേണ്ടതെന്തെന്ന് നീയാണ് കണ്ടെത്തേണ്ടതു കുഞ്ഞേ.ജീവിതത്തിൽ നിന്നൊളിച്ചോടാൻ സന്ന്യാസം തേടുന്നതിനുമപ്പുറം നിനക്കുചെയ്യാൻ ഈ ലോകത്ത് ഒത്തിരിക്കാര്യങ്ങളുണ്ട്.ചുറ്റുമൊന്നു കണ്ണുതുറന്നുനോക്കിയാൽ നിൻ്റെ നന്മയ്ക്കായ്.. കരുണയ്ക്കായ്... സ്നേഹത്തിനായ്...കരുതലിനായ്... കാത്തിരിക്കുന്ന ഒത്തിരി മുഖങ്ങൾ നിനക്കു കാണാനാകും.അവർക്കായി എന്തെങ്കിലുമൊക്കെ ചെയ്യാനായാൽ, അവർക്കായി ജീവിക്കാനായാൽ നിനക്കു നിൻ്റെ ജീവിതത്തിൽ അർത്ഥങ്ങൾ കണ്ടെത്താനാകും. യാതൊരു ഓളിച്ചോട്ടവും കൂടാതെ തന്നെ നിനക്കു നിൻ്റെ ജീവിതം അർത്ഥപൂർണമാക്കാനാകും.മറ്റുള്ളവർക്ക് നന്മചെയ്യാൻ തിരുവസ്ത്രം കൂടീയേ തീരൂ എന്നൊന്നുമില്ല കുഞ്ഞേ.നന്നായി ചിന്തിച്ച് നന്നായി പ്രാർത്ഥിച്ച് നല്ലൊരു തീരുമാനമെടുക്കാൻ നിനക്കാകട്ടേയെന്ന് ഞാൻ കർത്താവിനോടു പ്രാർത്ഥിക്കാം കുഞ്ഞേ." ഇത്രയും പറഞ്ഞ് ഫാദർ അവളുടെ നിറുകയിൽ കെെവച്ച് അനുഗ്രഹിച്ച് തിരിഞ്ഞു നടന്നു.
ഫാദർ ഇഗ്നേഷ്യസിൻ്റെ വീടിൻ്റെ കുന്നിറങ്ങുമ്പോൾ അസ്തമയ സൂര്യൻ്റെ സ്വർണ്ണ രശ്മികൾ ആനിയുടെ ചുറ്റും പ്രഭാവലയം തീർക്കുന്നുണ്ടായിരുന്നു.ആ അരുണാഭയിൽ അവളുടെ മനസിലും പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പൊൻവെളിച്ചം തെളിയുകയായിരുന്നു.
വിജിത വിജയകുമാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo