Slider

സ്ത്രീകൾക്ക് ഒരു സന്തത സഹചാരി

0

ഇന്ന് സ്ത്രീകൾ പണ്ടത്തേക്കാൾ സ്വതന്ത്രരാണ്. അവർക്ക് പലപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ചിലപ്പോൾ തിരിച്ചെത്തുമ്പോൾ നേരം വൈ കാറുമുണ്ട്. ജോലിയുടെ ഭാഗമായാലും സ്വന്തം നിലയിലും സഞ്ചരിക്കുമ്പോൾ എല്ലായ്പ്പോഴും പുരുഷ സഹായം തേടുന്നത് പ്രായോഗികമല്ല. അപ്പോൾ സ്വയരക്ഷ സ്വയം നേടുകയേ മാർഗ്ഗമുള്ളു. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ.
സ്ത്രീകൾക്ക് ഒരു സന്തത സഹചാരിയുണ്ട്. അവളുടെ സ്വകാര്യ സ്വത്ത്. പണ്ട് പൊങ്ങച്ച സഞ്ചി എന്നു കളിയാക്കി വിളിച്ചിരുന്ന വാനിറ്റി ബാഗ് അഥവാ ഹാൻഡ് ബാഗ്. അവളുടെ സ്വയരക്ഷയും അതിൽ തന്നെയാകട്ടെ. അതിൽ കരുതേണ്ട ചില വസ്തുക്കളെ പറ്റിയാണ് പറഞ്ഞു വരുന്നത്. ഇതിലെ എല്ലാം ബാഗിൽ വേണമെന്നല്ല. പക്ഷെ ഒന്നുമില്ലാത്തതിലും നല്ലതല്ലേ എന്തെങ്കിലുമുള്ളത്.
👜 തിരിച്ചറിയൽ കാർഡ് . പറ്റുമെങ്കിൽ തിരിച്ചറിയാവുന്ന ഫോട്ടോയുള്ളത്.
👜 എമർജൻസി കോൺടാക്ട് നമ്പറുകൾ. മൊബൈൽ നമ്പറാണ് നല്ലത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നിങ്ങൾക്ക് വേണ്ടപ്പെട്ടവരെ അറിയിക്കാനാണിത്. ഒരു ദു:ഖവാർത്ത കേട്ടാൽ ഉടനെ തലകറങ്ങി വീഴുന്നവരുടേയും സ്വന്തം അമ്മയുടേയും നമ്പറുകൾ ഒഴിവാക്കുക.
👜 അൽപം മൂർച്ചയുള്ളവ. സേഫ്റ്റി പിൻ, റേസർ ബ്ലേഡ്, പേന കത്തി. എല്ലാവരുടെ കയ്യിലും കാണും സേഫ്റ്റി പിൻ. പക്ഷെ അതുകൊണ്ടൊന്ന് കുത്തിയാലും അധികം വേദനിക്കില്ല. കുത്ത് കിട്ടിയവൻ പൂർവ്വാധികം വാശിയോടെ തിരിച്ചു വരികയും ചെയ്യും.
പക്ഷെ ബ്ലേഡ് കൊണ്ട് വരഞ്ഞാൽ കഥ മാറി. മുറിവുമായി ബസിലും തിയേറ്ററുകളിലും തോണ്ടാൻ വരുന്നവൻ പിന്മാറിക്കോളും. അത് കണ്ട നാട്ടുകാർ അയാളെ കൈ വയ്ക്കാനും സാധ്യത കൂടുതലാണ്.
പേനക്കത്തി അതുമിരിക്കട്ടെ, സ്വയരക്ഷക്കു വേണ്ടി.
ഇതെല്ലാം പ്രത്യേകം ഒരു പോക്കറ്റിൽ സൂക്ഷിക്കുന്നതാണ് നല്ലത്. സ്വന്തം കൈ മുറിയാതെ നോക്കണേ.
👜 ഇനി അല്പം എരിവുള്ളത്. മുളകുപൊടി, കുരുമുളകുപൊടി പെപ്പർ സ്പ്രേ.
ഒരു ചെറിയ പൊതിയിലോ എളുപ്പം തുറക്കാവുന്ന ചെറിയ ചെപ്പുകളിലോ മുളകുപൊടി സൂക്ഷിക്കുകയാണ് നല്ലത്. പിസ പാർലറിലും ഫാസ്റ്റ്ഫുഡ് കടകളിലും കിട്ടുന്ന ചെറിയ പാക്കറ്റുകൾ കരുതുന്നതും നല്ലതാണ്.
പെപ്പർ സ്പ്രേ അല്പം വില കൂടുതലാണ്. കടകളിലും കിട്ടാൻ ബുദ്ധിമുട്ടാണ്. വേണമെങ്കിൽ ഓൺലൈനിൽ ഓർഡർ ചെയ്തോ വിദേശത്തുള്ള ബന്ധുക്കളോ സുഹൃത്തുക്കളോ വഴി സംഘടിപ്പിക്കാവുന്നതാണ്.
👜 അല്പം ചാർജുള്ള സെൽഫോൺ. ബസിലോ ട്രെയിനിലോ കയറിയാലുടഡ് നെ ഹെഡ്ഫോണും വച്ച് പാട്ടുകേട്ടുറങ്ങുന്നത് ശീലമാക്കിയവർ ധാരാളമുണ്ട്. പിന്നീട് ഒരത്യാവശ്യം വരുമ്പോൾ ഫോൺ ഓഫ്. പിന്നെ ഉപദ്രവിക്കാൻ വരുന്നവരെ അതുവെച്ചെറിയാനെ ഉപകരിക്കൂ. പാട്ട് കേൾക്കുകയോ ചാറ്റ് ചെയ്യുകയോ ആവാം. പക്ഷെ ചാർജിനെ കുറിച്ച് ബോധവതികളാവണം.
📱ഫോണിലെ സ്പീഡ് ഡയലിൽ വനിത ഹെൽപ്പ് ലൈൻ നമ്പറും (1091) പിങ്ക് പെട്രോൾ നമ്പറും (1515) സേവ് ചെയ്തിടുക . ഇതിന് സ്മാർട്ട് ഫോൺ വേണമെന്നില്ല. ബട്ടൻ ഫോണിലും ഫ്ലിപ് ഫോണിലുമെല്ലാം സ്പീഡ് ഡയൽ സൗകര്യം ലഭ്യമാണ്.
📱പാട്ടുകളും റിംഗ്ടോണുകളും ഡൗൺലോഡ് ചെയ്യുന്നതിനോടൊപ്പം പോലീസ് സൈറന്റെ വോയ്സ് ക്ലിപ് കൂടി ഡൗൺലോഡ് ചെയ്ത് ഹോം സ്ക്രീനിൽ സേവ് ചെയ്തിടണം. ചില നേരം കൗശലവും സ്വയരക്ഷയ്ക്കെത്തും .
ഇതോടൊപ്പം തന്നെ അത്യാവശ്യമായി വേണ്ട രണ്ടു കാര്യങ്ങൾ കൂടെയുണ്ട്.
1. ആക്രമിക്കപ്പെടുകയാണെങ്കിൽ സ്വരക്ഷാമാർഗ്ഗങ്ങൾ സ്വീകരിക്കാനുള്ള മനസാന്നിദ്ധ്യം.
2. സുഹൃത്തിനേയും ശത്രുവിനേയും വിവേചിച്ചറിയാനുളള സാമാന്യബോധം. അസമയത്ത് ഒറ്റക്കു കണ്ട നാട്ടുകാരിയെ വീട്ടിൽ കൊണ്ടുചെന്നാക്കുവാൻ വരുന്ന നല്ല അയൽക്കാരന്റെ നേരേ പേനക്കത്തിയും പെപ്പർ സ്പ്രേയുമായി എടുത്തു ചാടരുതേ എന്ന്.
ഇതൊക്കെ എല്ലാവർക്കുമറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. എങ്കിലും അറിയുന്നവർക്കായി ഒരോർമ്മപ്പെടുത്തൽ. അറിയാത്തവർക്ക് പുതിയൊരറിവും.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo