സന്താന(പ)ഗോപാലം
**********************
വിപ്രദുഃഖം അണപൊട്ടിയൊഴുകുയായിരുന്നു. പ്രസൂതികാഗൃഹത്തില്‍ നിന്നുയരുന്ന വേദനയുടെ അമര്‍ത്തിയ ഞെരക്കങ്ങള്‍ അടങ്ങിത്തുടങ്ങി, ആഹ്ളാദം പകരാന്‍ കുഞ്ഞിന്റെ കരച്ചില്‍ ഇത്തവണയുമില്ല. ജനിയ്ക്കുന്നതെല്ലാം ചാപിള്ളകള്‍! നിസ്സഹായനായാണ് അദ്ദേഹം ഗാണ്ഡീവധാരിയായ സവ്യസാചിയെ സഹായമഭ്യര്‍ത്ഥിച്ച് സമീപിച്ചത്. പാര്‍ത്ഥനാണെങ്കില്‍ സ്വയം വിജയനാകാനുള്ള അവസരമായിക്കണ്ട് വേണ്ട കരുതലോടെ കാവലേകിക്കൊണ്ടാണ് വിപ്രനെ ആശ്വസിപ്പിച്ചത്. പക്ഷേ അടുത്ത പ്രസവത്തില്‍ കുഞ്ഞിന്റെ മൃതദേഹം പോലും കാണാനുണ്ടായില്ല എന്നു കഥ. ആത്മവീര്യഹാനി മൂലം അര്‍ജുനന്‍ തളര്‍ന്നില്ലാതാവുന്ന മുഹൂര്‍ത്തത്തിലാണ് ചക്രധാരിയായ ഭഗവാന്‍ കൃഷ്ണനെത്തി കുഞ്ഞുങ്ങളെ വീണ്ടെടുത്തു കൊടുത്ത് വിപ്രദുഃഖം ശമിപ്പിച്ചതെന്ന് സന്താനഗോപാലം കഥയുടെ രത്നച്ചുരുക്കം. അങ്ങ് ദ്വാപരയുഗം തൊട്ടിങ്ങോളം ഓരോ അമ്മയും മനസ്സില്‍ നമിയ്ക്കുന്നു ഈ സന്താനഗോപാലരൂപത്തെ.

കാലമിത് കലിയുഗമത്രേ! സൂതികാഗൃഹത്തില്‍ വേദന കടിച്ചമര്‍ത്തി നവജാതശിശുവിന്റെ കരച്ചിലില്‍ നോവു മറന്നു തളര്‍ന്നുറങ്ങുന്ന അമ്മ ഉണരുന്നത് കുഞ്ഞിനെയാരോ തട്ടിക്കൊണ്ടു പോയെന്നറിയാന്‍! പാല്‍വിങ്ങുന്ന മാറിടമമര്‍ത്തിക്കരയുമ്പോള്‍ ഇതിലും വലിയ വേദനയില്ലെന്നറിയുന്നു. കൈവളരുന്നോ, കാല്‍വളരുന്നോ എന്നു നോക്കി നോക്കി, മാമ്പൂ വിരിഞ്ഞുണ്ണിയാകുമെന്ന് വിശ്വസിച്ചിരിയ്ക്കെ മഴക്കാറേറ്റ് കരിഞ്ഞുപോകുന്ന ഉണ്ണിപ്പൂക്കളെ നോക്കി അന്തിച്ചുനില്‍ക്കുന്ന അമ്മ! വിജയശ്രീലാളിതനായി വരാന്‍ അനുഗ്രഹിച്ചയച്ച മകന്റെ ചോരവാര്‍ന്ന മൃതദേഹമേറ്റു വാങ്ങാന്‍ വിധിയ്ക്കപ്പെട്ട അച്ഛനമ്മമാര്‍! ഒരു ദലം മാത്രം വിരിഞ്ഞ പെണ്‍പൂവിന്റെ കശക്കിയെറിഞ്ഞ ഉറുമ്പരിച്ച ദേഹം കണ്ട് വാവിട്ടു കരയുന്നവര്‍! പ്രാര്‍ത്ഥനായലത്തില്‍ നിന്നുപോലും പീഡനമേറ്റു വാങ്ങിയെരിഞ്ഞു തീരുന്ന കുഞ്ഞുങ്ങള്‍! അമ്മമാരുരുവിടുന്ന സന്താനഗോപാലമന്ത്രം പിഴയ്ക്കുന്നുവോ? അര്‍ജുനന്റെ വൈക്ലബ്യം മറ്റൊരു വിഷാദയോഗമോതുന്നുവോ? വിപ്രദുഃഖത്തിന് മറ്റൊരാവര്‍ത്തനമോ! അമ്മമനസ്സിന്റെ തേങ്ങലുകളിലേയ്ക്ക്, അച്ഛനുറങ്ങാത്ത പൂമുഖഹൃദയങ്ങളിലേയ്ക്ക്, അല്ലയോചക്രപാണേ! ഒരു സ്വപ്നമായെങ്കിലും മണ്‍മറഞ്ഞ ഉണ്ണികളെ തിരികെയെത്തിച്ചാലും!
കുറിപ്പ്: അകാലത്തില്‍ പൊലിഞ്ഞ കുഞ്ഞുങ്ങള്‍ക്കു നീതി കിട്ടാനുഴറിയലയുന്നവര്‍ക്കായി പ്രതിബദ്ധതയോടെ, പ്രാര്‍ത്ഥനാപൂര്‍വ്വം
രാധാസുകുമാരന്‍
15.3.2017
15.3.2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക